തയ്യമ്മും

എൻ്റെ കയ്യിൽ മുറിവുണ്ടായതിനാൽ വുളൂഇനോടൊപ്പം ത യമ്മും ചെയ്ത് ഒരു ഫർള് നിസ്കരിച്ചു. ഇനി മറ്റൊരു ഫർള് നിസ്കരിക്കാൻ ആ സമയത്ത് വുളൂഅ് ഉണ്ടെങ്കിൽ രണ്ടാമത് തയമ്മും മാത്രം ചെയ്താൽ മതിയാകുമോ? അതോ രണ്ടാം ഫർളിന് വേണ്ടി വീണ്ടും വുളൂഉം തയമ്മുമും രണ്ടും ചെയ്യേണ്ടതുണ്ടോ?


ആദ്യ ഫർള് നിസ്കരിക്കുന്ന സമയത്ത് നിർവ്വഹിച്ച വുളൂഹ് നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ രണ്ടാം ഫർള് നിസ്കാരത്തിന് വേണ്ടി വീണ്ടും വുളൂഹ് ചെയ്യേണ്ടതില്ല. തയമ്മും മാത്രം ചെയ്താൽ മതിയാകുന്നതാണ്. അവന്റെ വുളൂഅ് ബാത്വിലായിട്ടില്ല എന്നതാണ് കാരണം. ഒരു തയമ്മും കൊണ്ട് ഒരു ഫർള് നിസ്കാരം മാത്രമേ നിർവ്വഹിക്കാവൂ എന്ന് നിയമമുള്ളതിനാൽ രണ്ടാമത് തയമ്മും ചെയ്തേ മതിയാവൂ. സുന്നത്ത് നിസ്കാരം നിർവ്വഹിക്കാൻ രണ്ടാമത് തയമ്മും ആവശ്യമില്ല. ولا يصلي بتيمم غير فرض، ويتنفل ما شاء، والنذر كفرض في الأظهر [ المنهاج للنووي] فإذا تيمم لفرض ثان ولم يحدث لم يعد الجنب غسلا، ويعيد المحدث ما بعد عليله، وقيل: يستأنفان وقيل المحدث كجنب، قلت: هذا الثالث أصح، والله أعلم [ المنهاج للنووي ]

അപകടത്തിൽ പരിക്കേറ്റ് കയ്യിലും കാലിലും ബാൻഡേജ് വെച്ച് രണ്ട് മാസം കഴിഞ്ഞു. ബാൻഡേജ് അഴിച്ചടുക്കാനോ വെള്ളം തട്ടുവാനോ പാടില്ല എന്ന് ഡോക്ടർ പറഞ്ഞിരുന്നു. എങ്കിൽ ജനാബത് കുളി വന്നാൽ എങ്ങനെയാണ് കുളിക്കേണ്ടതും നിസ്കരിക്കേണ്ടതും?


കുളി നിർബന്ധമായവൻ മുറിവില്ലാത്ത ഭാഗം കഴുകി വെള്ളം ചേരാത്ത സ്ഥലത്തിന് വേണ്ടി തയമ്മും ചെയ്യണം. രണ്ടാമത് മറ്റൊരു ഫർള് നിസ്കരിക്കുമ്പോൾ കുളി മടക്കേണ്ടതില്ല. എങ്കിലും തയമ്മും മടക്കണം. അശുദ്ധിയിൽ നിന്ന് ശുദ്ധി വരുത്താത്ത നിലക്കാണ് പ്ലാസ്റ്റർ ഇട്ടതെങ്കിൽ ശേഷമുള്ള നിസ്കാരങ്ങൾ മടക്കൽ നിർബന്ധമാവും. ബാൻഡേജ് തയമ്മുമിന്റെ അവയവത്തിലുമുള്ളതിനാൽ ഇവിടെ വുളൂഉം പകരമുള്ള തയമ്മുമും അപൂർണ്ണമാണ്. അതിനാൽ നിസ്കാരങ്ങൾ പിന്നീട് മടക്കണം എന്നതാണ് പ്രബലം.

രോഗിയായ ഒരാളോട് ഡോക്ടർ കുളിക്കരുത് എന്ന് നിർദ്ദേശിച്ചിട്ടുണ്ട്, അയാൾക്ക് കുളി നിർബന്ധമായാൽ എന്ത് ചെയ്യണം?


തയമ്മും ചെയ്യണം.

കുളി നിർബന്ധമായ ഒരാൾ മുറിവില്ലാത്ത ഭാഗം കഴുകുകയും ബാക്കി സ്ഥലത്തേക്ക് വേണ്ടി തയമ്മും നിർവഹിക്കുകയും ചെയ്തു. രണ്ടാമത് ഫർള് നിസ്കരിക്കുമ്പോൾ കുളി മടക്കേണ്ടതുണ്ടോ?


കുളി മടക്കേണ്ടതില്ല. തയമ്മും മടക്കിയാൽ മതി.

വുളൂഅ് ചെയ്യാൻ മതിയായ വെള്ളമില്ല, എങ്കിൽ ഉള്ള വെള്ളം ഉപയോഗിക്കാതെ തയമ്മും ചെയ്താൽ മതിയാകുമോ?


മതിയാവുകയില്ല. ഉള്ള വെള്ളം ഉപയോഗിച്ച് ബാക്കിയുള്ള അവയവങ്ങൾക്ക് വേണ്ടി തയമ്മും ചെയ്യണം.

ശക്തമായ തണുപ്പുണ്ടാകുമ്പോൾ തയമ്മും ചെയ്ത് നിസ്കരിക്കാൻ പറ്റുമോ?


വെള്ളം ഇല്ലാതിരിക്കുമ്പോഴോ ഉപയോഗിക്കാൻ പറ്റാതെ വരുമ്പോഴോ ആണ് തയമ്മും ചെയ്യേണ്ടത്. വെള്ളം ഉപയോഗിച്ചാൽ രോഗം ഉണ്ടാകുമെന്നോ, ഉള്ള രോഗം അധികരിക്കുമെന്നൊ, ദേഹ നഷ്ടമോ അംഗ നഷ്ടമോ സംഭവിക്കുമെന്നോ, ബാഹ്യാവയവങ്ങളിൽ വൈരൂപ്യമുണ്ടാക്കുന്ന കലകൾ ഉണ്ടാകുമെന്നോ പേടിച്ചാൽ തയമ്മും ചെയ്യൽ അനുവദനീയമാണ്. ഇപ്രകാരം സംഭവിക്കുമെന്ന് തന്റെ അറിവും യോഗ്യനായ ഒരു ഡോക്ടറുടെ അഭിപ്രായവും പരിഗണനക്കെടുക്കാം.

വുളൂഅ് ചെയ്ത് നിസ്കരിക്കുന്നവന് തയമ്മും ചെയ്ത് നിസ്കരിക്കുന്നവനെ തുടരാൻ പറ്റുമോ?


തുടരാം. പക്ഷെ തയ്യമ്മും ചെയ്ത് നിസ്കരിക്കുന്നവന് ആ നിസ്കാരം മടക്കൽ നിർബന്ധമാണെങ്കിൽ പറ്റില്ല.