ഇമാം റുകൂഇൽ ആയിരിക്കെ തുടരുന്നയാൾക്ക് ആ റക്അത് കിട്ടണമെങ്കിൽ രണ്ട് നിബന്ധനകൾ ഉണ്ട്. ശരിയായ തക്ബീറത്തുൽ ഇഹ്റാം, പരിഗണനീയമായ റുക്കൂഹ് എന്നിവ ലഭിക്കുക എന്നതാണത്. അവൻ ആദ്യം തക്ബീറത്തുൽ ഇഹ്റാം പറയണം. പിന്നെ റുകൂഇന്റെ കുനിയലിന് വേണ്ടി മറ്റൊരു തക്ബീറും ചൊല്ലണം. ഒരു തക്ബീർ മാത്രമേ പറയുന്നുള്ളൂ എങ്കിൽ അത് ഇഹ്റാമിനുളളതാവുകയും വേണം. റുകൂഇന്റെ ചുരുങ്ങിയ പരിധിയിലേക്കെത്തും മുമ്പ് തക്ബീർ അവസാനിച്ചിരിക്കണം. ഒരു തക്ബീർ പറയുകയും അത് റുകൂഇനാണെന്ന് കരുതുകയും ചെയ്താൽ നിസ്കാരം ശരിയാവില്ല. ഈ നിസ്കാരത്തിൽ തക്ബീറത്തുൽ ഇഹ്റാം ഉണ്ടായില്ല എന്നതാണ് കാരണം. തക്ബീറത്തുൽ ഇഹ്റാമിനേയും റുകൂഇനേയും ഒരുമിച്ചു കരുതിയാലും മതിയാവൂല. ഫർളും സുന്നത്തും കൂട്ടിക്കലർത്താൻ പറ്റാത്തതുകൊണ്ടാണത്. ഇനി ഒന്നും കരുതാതിരിക്കാനും നിർവാഹമില്ല. കാരണം ഇവ രണ്ടും വിഭിന്ന പശ്ചാത്തലം ഉള്ളതാണല്ലോ. മറിച്ച് കുനിയിലിൻറെ തക്ബീറിൽ നിന്ന് വേർ തിരിയാൻ വേണ്ടി തക്ബീറത്തുൽ ഇഹ്റാമിനെ തന്നെ കരുതൽ നിർബന്ധമാണ്. ഇമാം റുകൂഅ് ചെയ്യും വരെ കൈ കെട്ടാതെ ഇവൻ വീഴ്ച്ച വരുത്തിയിട്ടുണ്ടെങ്കിലും റക്അത് കിട്ടാൻ തക്ബീറത്തുൽ ഇഹ്റാമും റുകൂഉം കിട്ടിയാൽ മതി.