Questions

ഒരു സ്ത്രീയുടെ ഹൈള് രക്തം നിലച്ചത് അസ്വറിന്‍റെ സമയത്ത് ആണെങ്കിൽ അവൾ അന്നത്തെ അസ്വര്‍ നിസ്കാരം മാത്രം നിർവ്വഹിച്ചാൽ പോരാ. ളുഹ്റും നിസ്കരിക്കണമെന്ന് വായിക്കാനിടയായി. ഇത് ശരിയാണോ?


ശരിയാണ്. അവൾ അന്നത്തെ ളുഹ്റ് കൂടി നിർബന്ധമായും നിസ്കരിക്കണം. അസ്വറിൻ്റെ സമയം കഴിയാൻ കുറഞ്ഞ സമയം മാത്രം ( ഒരു തക്ബീറതുൽ ഇഹ്റാം പറയാനുള്ള സമയം) ബാക്കിയുള്ള സമയത്താണ് ഹൈള് മുറിയുന്നത് എങ്കിലും ളുഹ്റും നിസ്കരിക്കണം. നിര്‍ബന്ധമാണത്. കാരണം, യാത്ര പോലുള്ള കാരണങ്ങളാൽ നിസ്കാരങ്ങൾ ജംഉം ഖസ്റുമായി നിസ്കരിക്കാൻ ഇളവ് ലഭിക്കുന്ന അവസരങ്ങളിൽ (ഒഴിവുകഴിവ്) അസ്വറിന്‍റെയും ളുഹ്റിന്‍റെയും സമയം ഒന്നാണ്. അത് പോലെ ഇത്തരം ഘട്ടങ്ങളിലും ഈ രണ്ട് നിസ്കാരങ്ങളുടെ സമയം ഒന്നായിട്ടാണ് പരിഗണിക്കാറുള്ളത്. ഈ പറഞ്ഞതിൽ നിന്ന് മറ്റൊരു കാര്യം കൂടി മനസ്സിലാക്കാം. ഒരു പെണ്ണിൻറെ ഹൈള് മുറിയുന്നത് ഇശാഅ് നിസ്കാരത്തിൻറെ സമയം അവസാനിക്കാറായ നേരത്താണെങ്കിൽ അവൾ ഇഷാ നിസ്കാരത്തോടൊപ്പം തൊട്ടുമുമ്പുള്ള മഗരിബ് നിസ്കാരം കൂടി നിർബന്ധമായും നിർവഹിക്കണം. കാരണം നിസ്കാരം ജംആക്കി നിർവഹിക്കുന്ന സമയത്ത് മഗ്‌രിബിന്റെയും ഇശാഇന്റെയും സമയം ഒന്നുതന്നെയാണല്ലോ.

എന്റെ കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. പറ്റുന്ന അവയവങ്ങളിലെല്ലാം വെള്ളം എത്തിച്ച് വുളൂഅ് ചെയ്യുകയും തയമ്മും നിർവ്വഹിക്കുകയും ചെയ്ത് ഒരു ഫർള് നിസ്കാരം നടത്തി. ഇനി ഒരു ഫർള് കൂടി നിസ്കരിക്കണമെങ്കിൽ എന്റെ വുളൂഅ് മുറിഞ്ഞിട്ടില്ലെങ്കിൽ തയമ്മും മാത്രം ചെയ്താൽ മതിയാവൂലേ? വുളൂഅ് കൂടി മടക്കണമെന്നുണ്ടോ?


കാലിൽ പ്ലാസ്റ്ററിട്ട വ്യക്തി വുളൂഅ് ചെയ്യുമ്പോൾ വെള്ളം നനക്കാവുന്ന വുളൂഇന്റെ അവയവങ്ങളെല്ലാം കഴുകണം. കാലിൽ കഴുകാൻ പറ്റുന്ന സ്ഥലവും കഴുകണം. വുളുഇൽ കാൽ കഴുകേണ്ട സമയത്ത് ത യമ്മും ചെയ്യുകയും വേണം. ഇങ്ങനെ തയമ്മും ചെയ്ത് ഒരു ഫർള് നിസ്കരിച്ചതിനു ശേഷം രണ്ടാം ഫർള് നിസ്കാരം ഉദ്ദേശിക്കുമ്പോൾ നേരത്തെ ചെയ്ത വുളൂഅ് മുറിഞ്ഞിട്ടില്ലെങ്കിൽ വീണ്ടും വുളൂഅ് ചെയ്യേണ്ടതില്ല. തയമ്മും മാത്രം മതി. അവന്റെ ശുദ്ധി നീങ്ങിയിട്ടില്ല എന്നതാണ് കാരണം. ഒരു തയമ്മും കൊണ്ട് ഒരു ഫർളേ നിസ്കരിക്കാവൂ എന്നതിന്റെ പേരിലാണ് വീണ്ടും തയമ്മും ചെയ്യേണ്ടിവരുന്നത്. ആദ്യ തയമ്മുമിന് ശേഷം വുളൂഅ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ വുളൂഉം തയമ്മുമും (രണ്ടും) ആവർത്തിക്കൽ നിർബന്ധമാണ്. (തുഹ്ഫ 1-350),

ചിലർ അത്തഹിയ്യാത് ഓതി കൊണ്ടിരിക്കെ വലതു കയ്യിന്റെ ചൂണ്ടുവിരൽ ഉയത്തിയ ശേഷം ആ വിരൽ ചലിപ്പിച്ചുകൊണ്ടിരിക്കുന്നത് കാണാറുണ്ട്. അങ്ങനെ ചെയ്താൽ നിസ്കാരം ബാത്വിലാവില്ലേ?


കൈപത്തി ചലിക്കാതെ വിരൽ മാത്രം ചലിപ്പിച്ചതുകൊണ്ട് നിസ്കാരം ബാത്വിലാവുകയില്ല. അത്തഹിയ്യാതിനിടെ ഉയർത്തിയ വിരൽ ചലിപ്പിക്കൽ കറാഹത്താണ്. ഇമാം ഇബ്നു ഹജർ(റ) പറയുന്നത് കാണുക: വിരൽ ചലിപ്പിക്കൽ നിസ്കാരം ബാത്വിലാക്കുന്ന ഹറാം ആണെന്നൊരു അഭിപ്രായമുണ്ട്. അതി നാൽ അത് കറാഹത്താണെന്നാണ് നാം പറയുന്നത്. (തുഹ് 2/80).

ഖളാഅ് ആയ നോമ്പിന്റെ മുദ്ദുകൾ കൊടുക്കാൻ ഉദ്ദേശിക്കുന്നു. ഇത് യതീം ഖാനക്കോ അറബി കോളേജ്കൾക്കോ കൊടുക്കാൻ പറ്റുമോ?


പറ്റില്ല. ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗത്തിൽ പെട്ട വ്യക്തികൾക്ക് തന്നെ പ്രത്യേകം ഏൽപിക്കുകയാണ് വേണ്ടത്. മുദ്ദ് പാചകം ചെയ്യാതെ ഭക്ഷ്യധാന്യമായി തന്നെ നൽകണം. ഒരു മുദ്ദ് മുഴുവനായും ഒരാള്‍ക്ക് തന്നെ നൽകുകയും വേണം. (وَمَصْرِفُ الْفِدْيَةِ الْفُقَرَاءُ وَالْمَسَاكِينُ) دُونَ بَقِيَّةِ الْأَصْنَافِ لِقَوْلِهِ تَعَالَى {طَعَامُ مِسْكِينٍ} [البقرة: 184] وَهُوَ شَامِلٌ لِلْفَقِيرِ أَوْ الْفَقِيرُ أَسْوَأُ حَالًا مِنْهُ فَيَكُونُ أَوْلَى (وَلَهُ صَرْفُ أَمْدَادٍ إلَى شَخْصٍ وَاحِدٍ) بِخِلَافِ مُدٍّ وَاحِدٍ لِشَخْصَيْنِ وَمُدٍّ وَبَعْضِ مُدٍّ آخَرَ لِوَاحِدٍ فَلَا يَجُوزُ؛ لِأَنَّ كُلَّ مُدٍّ فِدْيَةٌ تَامَّةٌ وَقَدْ أَوْجَبَ تَعَالَى صَرْفَ الْفِدْيَةِ لِوَاحِدٍ فَلَا يَنْقُصُ عَنْهَا [ابن حجر الهيتمي، تحفة المحتاج في شرح المنهاج ٤٤٦/٣]

ഏത് വിരലിലാണ് മോതിരം ധരിക്കേണ്ടത്? മോതിരം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുമോ?


പുരുഷന് വെള്ളിമോതിരം ധരിക്കൽ സുന്നത്താണ്. വലതുകൈയുടെ ചെറുവിരലിൽ ധരിക്കലാണ് കൂടുതൽ നല്ലത് . ഇടതുകൈയുടെ ചെറുവിരലിൽ ധരിച്ചാലും സുന്നത്ത് ലഭിക്കും.മോതിരക്കല്ല് ഉള്ളൻ കൈയുടെ ഭാഗ ത്തായി വരലാണ് സുന്നത്ത് . ചെറുവിരലിലല്ലാതെ മറ്റേതെങ്കിലും വിരലുകളിൽ മോതിരം ധരിക്കൽ പുരുഷനു കറാഹതും സ്ത്രീകൾക്ക് അനുവദനീയവുമാണ് . പുരുഷന്മാർ കാൽവിരലിൽ വെള്ളിമോതിരം ധരിക്കാൻ പാടില്ല . മോതിരത്തിൽ കൊത്തുപണികൾ നടത്താവുന്നതാണ് . അല്ലാഹുവിന്റെ പേർ ആലേഖനം ചെയ്ത മോതിരം ശൗച്യം ചെയ്യുമ്പോഴും മറ്റും നജസുമായി കണ്ടു മുട്ടുന്നത് നിഷിദ്ധമാണ് . സ്വന്തം പേരോ എന്തെങ്കിലും അർത്ഥ വാക്യങ്ങളോ അല്ലാ ഹുവിന്റെയും റസൂലിന്റെയും നാമങ്ങളോ മോതിരത്തിൽ കൊത്തൽ കറാഹത്തില്ല. ഇരുമ്പ് , ചെമ്പ് , ഇയ്യം, പോലെയുള്ള ലോഹങ്ങൾ കൊണ്ട് നിർമ്മിതമായ മോതിരം ധരിക്കൽ കറാഹത്തില്ല . ഒന്നിൽ കൂടുതൽ മോതിരം ധരിക്കുന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ വീക്ഷണാന്തരമുണ്ട് . അനുവദനീയം , കറാഹത്ത് , ഹറാം , എന്നിങ്ങനെ മൂന്നു വീക്ഷണങ്ങൾ ഈ വിഷയത്തിൽ നിലവിലുണ്ട്. കറാഹത്ത് എന്ന വീക്ഷണമാണു പ്രബലം . ( തുഹ്ഫത്തുൽ മുഹതാജ് : ശർവാനി : 3 / 275-277 )

ഖളാആയ നിസ്കാരങ്ങൾക്ക് ബാങ്കും ഇഖാമതും നിർവ്വഹിക്കേണ്ടതുണ്ടോ?


അഞ്ച് വഖ്ത് ഫർള് നിസ്കാരങ്ങൾക്ക് വാങ്കും ഇഖാമതും സുന്നതാണ്. നിസ്കാരം ഖളാ വീട്ടുകയാണെങ്കിലും സുന്നത്തു തന്നെ. മയ്യിത്തു നിസ്ക്കാരം, നേർച്ചയാക്കിയ നിസ്കാരം, സുന്നത്തു നിസ്കാരം എന്നിവയിൽ വാങ്ക് സുന്നത്തില്ല. സമയക്കുറവ് കാരണമായോ മറ്റോ ഒന്നിൽ മാത്രം ചുരുക്കുകയാണെങ്കിൽ വാങ്ക് മാത്രം വിളി ക്കലാണ് സുന്നത്. നഷ്ടമായ നിസ്കാരങ്ങൾ ഖളാആക്കി നിർവഹിക്കുക, ജംആക്കി നിസ്കരിക്കുക, ആസന്നമായതും നഷ്ടമായതും കൂടി നിർവഹിക്കുക തുടങ്ങിയ ഒന്നിലേറെ നിസ്കാരങ്ങൾ തുടരെ നിർവഹിക്കുന്ന ഘട്ടങ്ങളിൽ വാങ്കും ഇഖാമത്തും ഒന്നാമത്തേതിന് മാത്രവും ബാക്കിയുള്ളതിനെല്ലാം ഇഖാമത്ത് മാത്രവും നിർവ്വഹിക്കലാണ് സുന്നത്ത്. (يسن) على الكفاية. ويحصل بفعل البعض (أذان وإقامة) لخبر الصحيحين: إذا حضرت الصلاة فليؤذن لكم أحدكم. (لذكر ولو) صبيا، و (منفردا وإن سمع أذانا) من غيره على المعتمد، خلافا لما في شرح مسلم. نعم، إن سمع أذان الجماعة وأراد الصلاة معهم لم يسن له على الاوجه (لمكتوبة) ولو فائتة دون غيرها، كالسنن وصلاة الجنازة والمنذورة. و) سن (أن يؤذن للاولى) فقط (من صلوات توالت) كفوائت وصلاتي جمع وفائتة، وحاضرة دخل وقتها قبل شروعه في الاذان. (ويقيم لكل) منها للاتباع. فتح المعين

സകാത് മുൻകൂറായി നൽകാമോ?


വർഷം പൂർത്തിയാകുന്നതിന് മുമ്പെ സകാത്ത് കൊടുക്കാൻ ഉടമക്ക് അനുവാദമുണ്ട്. പക്ഷേ, വലിയ്യിന് പറ്റില്ല. കച്ചവടച്ചരക്കല്ലാത്തതിൽ നിശ്ചിത കണക്ക് പൂർത്തിയാകും മുമ്പ് സകാത് നൽകാൻ പറ്റില്ല. കച്ചവടത്തിന്റെ സകാത്ത് മുൻകൂർ നൽകാം. കൊല്ലം മാത്രമല്ല, നിശ്ചിത കണക്കും തികയണമെന്നില്ല.രണ്ടു വർഷത്തേക്ക് മുൻകൂർ നൽകാൻ പറ്റില്ലെന്നാണ് പ്രബലാഭിപ്രായം. ഫിത്ർ സകാത് റമളാനിന്റെ തുടക്കം മുതൽ നൽകാം. ഇത് ഞാൻ മുൻകൂർ നൽകുന്ന സകാതാണ് എന്നതുപോലെയുള്ള നിയ്യത്ത് മുൻകൂറായി നൽകുമ്പോൾ കരുതണം. (ഫത്ഹുൽ മുഈൻ) وجاز للمالك دون الولي تعجيلها أي الزكاة قبل تمام حول لا قبل تمام نصاب في غير التجارة. ولا تعجيلها لعامين في الأصح. وله تعجيل الفطرة من أول رمضان. أما في مال التجارة فيجزئ التعجيل وإن لم يملك نصابا وينوي عند التعجيل كهذه زكاتي المعجلة.

ആഭരണമായി ഉപയോഗിക്കുന്ന സ്വർണ്ണത്തിന് സക്കാത് നൽകേണ്ടതില്ല എന്നാണ് കേട്ടിട്ടുള്ളത്. വിവാഹ ദിവസം എനിക്ക് കിട്ടിയ സ്വരണാഭരണങ്ങൾ ഞാൻ അണിയാറില്ല. ഉപയോഗിക്കാതെ വെച്ചിട്ടുള്ള ആ ആഭരണങ്ങൾക്ക് ഞാൻ സകാത് നൽകണോ?


അനുവദനീയമായ ആഭരണത്തിന് സകാത്തില്ല എന്നത് ശരിയാണ്. അമിതമോ ആഭാസമോ ആവാത്തവിധം ഭംഗിയായി പരിഗണിക്കപ്പെടുന്ന ആഭരണം ധരിക്കൽ സ്ത്രീകൾക്ക് അനുവദനീയമാണ്. സ്ത്രീകളുടെ ഉപയോഗത്തിന് വേണ്ടി ഉണ്ടാക്കപ്പെട്ട ഇത്തരം ആഭരണങ്ങൾ ആവശ്യമായി വരുമ്പോൾ ഉപയോഗിക്കാം എന്ന നിലയിൽ മാറ്റി വെച്ചതാണെങ്കിൽ വർഷങ്ങളോളം ഉപയോഗിച്ചില്ലെങ്കിലും സകാത് നിർബന്ധമാവില്ല.

നിസ്കരിച്ചു കൊണ്ടിരിക്കെ കൈ ഉണങ്ങിയ ഉറച്ച നജസിൽ തൊടുകയും ഉടൻ കൈ ഉയർത്തുകയും ചെയ്തു. എങ്കിൽ എന്റെ നിസ്കാരം സ്വഹീഹാകുമോ?


നിസ്കാരം സാധുവാകും. ദേഹത്തിൽ വീണ നജസ് ഉടനെ നീക്കം ചെയ്യുകയോ, കാറ്റു കാരണം വസ്ത്രം നീങ്ങി ഔറത്ത് വെളിവായപ്പോൾ ഉടനെ മറക്കുകയോ ചെയ്താൽ നിസ്കാരം ബാത്വിലാവാത്തത് പോലെയാണിത് എന്ന് ശൈഖ് മുഹമ്മദ് ഖതീബ് ശർബീനി അൽ അജ് വി ബതുൽ അജീബയിൽ (ചോദ്യം: 49)പറഞ്ഞിട്ടുണ്ട്.

വിവാഹത്തിന് പ്രത്യേകം നിസ്കാരം സുന്നത്തുണ്ടോ? ആരാണ് അത് നിർവഹിക്കേണ്ടത്? ഭാര്യക്കും സുന്നതാണോ?


നികാഹ് എന്ന ഇടപാടിനു മുമ്പ് നികാഹ് സദസ്സിൽ നികാഹ് നടത്തും മുമ്പ് രണ്ട് റക്അത്ത് നിസ്കാരം സുന്നതുണ്ട്. ഭർത്താവിനും ര ക്ഷിതാവിനുമാണ് അത് സുന്നതുള്ളത്. ഭർത്താവും രക്ഷിതാവുമാണ് നികാഹ് ഇടപാടുമായി ബന്ധപ്പെടുന്നത് എന്ന കാരണത്താൽ ഭാര്യക്ക് സുന്നത്തില്ല. (ശർവാനി 2/238). تسن ركعتان قبل عقد النكاح، في مجلس العقد قبل تعاطيه، وينبغي أن يكون ذلك للزوج والولي لتعاطيهما للعقد دون الزوجة راجع الشروانی (۲۳۸/۲

കുറിക്ക് സകാതുണ്ടോ?


ഒരു വർഷത്തിലധികം ദൈർഘ്യമുള്ള കുറികളിൽ സകാത് നിർബന്ധമാകുന്ന സാഹചര്യം ഉണ്ടായേക്കാം. ഇത്തരം കുറികളിൽ ചേർന്നവരും അവ സംഘടിപ്പിക്കുന്നവരും നന്നായി മനസ്സിലാക്കിയിരിക്കേണ്ട ഒരു വസ്തുതയാണിത്. ഒരു ഉദാഹരണം നോക്കാം: അൻവർ എന്ന വ്യക്തി 20 മാസങ്ങൾ നീണ്ടു നിൽക്കുന്ന ഓരോ മാസവും 10,000 രൂപ വീതം അടക്കേണ്ട രണ്ടു ലക്ഷത്തിന്റെ കുറിയിൽ ചേരുന്നു. സകാത് നൽകേണ്ട മൂല്യമായ 595 ഗ്രാം വെള്ളിക്ക് 40,000 രൂപ വിലവരുമെന്ന് കരുതുക. നാലു മാസം 10,000 രൂപ അടക്കുന്നതോടെ അൻവർ 40,000 രൂപയുടെ ഉടമസ്ഥനായിത്തീരുന്നു. ഈ വർഷം മുഹറം 15 നാണ് അവൻ നാലാം തവണ തുക അടച്ച് അതിന്റെ ഉടമയായത് എന്നും കരുതുക. ആ ദിവസം മുതല്‍ ഒരു വര്‍ഷം തികയുന്ന അടുത്ത വർഷം മുഹറം 15 ന് അൻവറിന് കുറി ലഭിച്ചിട്ടില്ലെങ്കില്‍ അയാള്‍ ആ തുകയുടെ സകാത്ത് നൽകണം. സകാത് നര്‍ബന്ധമാവുന്ന കണക്കായ 595ഗ്രാം വെള്ളിയുടെ മൂല്യം എത്തിയ ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറി ലഭിയ്ക്കാതെയുള്ള എല്ലാവര്‍ക്കും ഇത് ബാധകമാകും. അവധിയിറങ്ങുമ്പോഴാണ് കിട്ടാനുള്ള കടത്തിന്റെ സകാത് വീട്ടൽ നിർബന്ധമാവുന്നത്. സകാത് നിർബന്ധമാവുന്ന സമയവും വീട്ടൽ നിർബന്ധമാവുന്ന സമയവും വ്യത്യാസപ്പെടുമെന്നർത്ഥം. അതിനാൽ കുറി തുക ലഭിച്ച ശേഷം സകാത് കണക്ക് കൂട്ടി വീട്ടിയാൽ മതി. തുടർന്ന് ഓരോ മാസവും ഒരു മാസ അടവിന്റെ 2.5% കൊടുക്കണം. സകാത് മുൻകൂട്ടി നൽകാനും പറ്റും. കുറി ലഭിയ്ക്കുകയും വര്‍ഷം പൂര്‍ത്തിയാവും മുമ്പേ അത് ചെലവഴിക്കുകയും ചെയ്താല്‍ അവിടെ സകാത്ത് വരില്ല. അത് കൊണ്ട് തന്നെ ആദ്യ മാസങ്ങളിൽ കുറി ലഭിക്കുന്നവർ ആ തുക സൂക്ഷിച്ച് വെക്കാത്ത പക്ഷം ഈയിനത്തിൽ സകാത് വരാനിടയില്ല.

നെയ്യിൽ എലി പോലോത്ത ജീവികൾ വീണു ചത്താൽ നെയ്യ് നജസാകുമോ ? അപ്പോൾ എന്താണ് ചെയ്യേണ്ടത്?


നെയ്യ് ഉറച്ച ഭക്ഷ്യവസ്തുക്കളിൽ പെട്ട വസ്തുവാണ്. നെയ്യ് പോലെ ഉറച്ച ഭക്ഷ്യവസ്തുക്കളിൽ എലി പോലോത്തവ വീണ് ചത്താൽ അവയെയും (എലിയേയും) അതുമായി തട്ടിചേർന്നു നിൽക്കുന്ന പരിസരത്തുള്ള വസ്തുവിനെയും ഒഴിവാക്കണം. തട്ടി നിൽക്കാത്ത ബാക്കിയുള്ള നെയ്യ് ശുദ്ധിയുള്ളതായി പരിഗണിക്കപ്പെടും. അവ ഉറച്ചതാണോ അല്ലേ എന്ന് തീരുമാനിക്കുന്നത്, അതിൽ നിന്നും അൽപം മുക്കി എടുത്താൽ ചുറ്റു ഭാഗത്തുനിന്നും പെട്ടെന്ന് ഒലിച്ചു വരുന്നുണ്ടോ എന്ന് നോക്കിയാണ്. വരുന്നില്ലെങ്കിൽ ഉറച്ചത് എന്ന് വിധി പറയാനാവും.

ആരെങ്കിലും മരണപ്പെട്ടാൽ മയ്യിത്ത് കുളിപ്പിക്കാൻ വേണ്ടി വെള്ളം ചൂടാക്കുന്നതായി കാണുന്നു.തണുത്ത വെള്ളമല്ലേ കുളിപ്പിക്കാൻ ഉത്തമം?


മയ്യിത്ത് കുളിപ്പിക്കാൻ തണുത്ത വെള്ളമാണ് ഉത്തമം. പ്രകൃതി പരമായി ഉപ്പു രുചിയുള്ള വെള്ളമായിരിക്കലും പ്രത്യേകം സുന്നത്തുണ്ട്. സഹിക്കാനാവാത്ത തണുപ്പുള്ള സമയത്തും ചൂടു വെള്ളം കൊണ്ടല്ലാതെ നീങ്ങാത്ത വിധം മയ്യിത്തിന്റെ ശരീരത്തിൽ അഴുക്കുള്ള സാഹചര്യത്തിലും ചൂടു വെള്ളത്തിൽ കുളിപ്പിക്കലാണ് നല്ലത്. മറ്റു സാഹചര്യങ്ങളിലെല്ലാം തണുത്ത വെള്ളത്തിൽ കുളിപ്പിക്കലാണ് ഉത്തമമെന്ന് ഇമാമുകൾ വ്യക്തമാക്കിയതാണ്.

വിവാഹത്തിന് മുമ്പായി പെണ്ണ് കാണുകയും ഉറപ്പിക്കുകയും നികാഹിന് മുമ്പ് സ്വർണ്ണ മാല സമ്മാനം നൽകുകയും ചെയ്തു. പിന്നീട് ആ ബന്ധം ഒഴിവാക്കിയാൽ കൊടുത്ത വസ്തു തിരിച്ചു വാങ്ങാമോ?


താൻ വിവാഹാലോചന നടത്തിയവൾക്കോ അവളുടെ വക്കീലിനോ രക്ഷിതാവിനോ വിവാഹം ചെയ്യാനുദ്ദേശിച്ചുകൊണ്ട് ഒരാൾ ഭക്ഷണ സാധനമോ മറ്റോ നൽകുകയും പിന്നീട് വിവാഹത്തിനു മുമ്പ് തന്നെ ആ ആലോചന ഒഴിവാക്കുകയും ചെയ്താൽ നൽകിയ ആളിൽ നിന്ന് അത് അയാൾക്ക് തിരിച്ചു വാങ്ങാവുന്നതാണ്. ഒരു വ്യക്തിക്ക് ഹദിയ കൊടുത്തയക്കുകയും അത് കൈപറ്റും മുമ്പ് അയാൾ മരണപ്പെടുകയും ചെയ്താൽ ആ ഹദ്‌യ കൊടുത്തയച്ചവന്റെ അധികാരത്തിൽ തന്നെ ബാക്കിയാവുന്നതാണ്. ഹദ്‌യ നൽകുന്നവനാണ് മരിച്ചതെങ്കിൽ നൽകപ്പെടുന്ന വ്യക്തിക്ക് എത്തി ച്ചുകൊടുക്കൽ കൊണ്ടുപോകുന്നവന് അനുവദനീയമല്ല(അവകാശികളുടെ അനുവാദമുണ്ടെങ്കിലേ കൊണ്ടുപോകാവൂ). (ഫത്ഹുൽ മുഈൻ)

മരണം സംഭവിച്ച ഉടനെ ചെയ്യേണ്ടതായ കാര്യങ്ങൾ എന്തൊക്കെയാണ്?


1. “ബിസ്മില്ലാഹി വ അലാ മില്ലത്തി റസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം” എന്ന് ചൊല്ലിക്കൊണ്ട് കണ്ണുകൾ അടച്ചു കൊടുക്കുക. അബൂസലമ (റ) യുടെ തുറന്നു കിടന്നിരുന്ന കണ്ണുകൾ നബി (സ) അടച്ചതായി ഇമാം മുസ്ലിം (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.

2. താട കെട്ടുകയാണ് അടുത്തത്. താട മുഴുവനും ഉൾകൊള്ളാവുന്ന വീതിയുള്ള ഒരു തുണി (നാട) കൊണ്ട് വായ അടയുന്ന വിധം തലയി ലേക്ക് കെട്ടുക.

3. സന്ധികൾ മയപ്പെടുത്തി കൊടുക്കുക. വിരലുകളും കൈ കാലുകളുമെല്ലാം സാവധാനം പല പ്രാവശ്യം മടക്കി നിവർത്തി കൊണ്ടാണ് ഇത് ചെയ്യേണ്ടത്.

4. മരണ നേരം ശരീരത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചരടുകൾ എല്ലാം അഴിച്ചു മാറ്റുക.

5. അധികം ഘനമില്ലാത്ത, നിഴൽ കാണാത്ത തുണി കൊണ്ട് ശരീരം മുഴുവൻ മറക്കുക. തുണിയുടെ ഒരറ്റം തലയുടെ അടിയിലേക്കും മറ്റേ അറ്റം കാലിന്റെ ചുവടിലേക്കുമായി മടക്കി വെക്കണം.

6. വിരിപ്പ്, പായ തുടങ്ങിയവയൊന്നുമില്ലാതെ തല കിഴക്കും കാല് പടിഞ്ഞാറുമായി ഖിബ് ലക്ക് നേരെയായി കട്ടിലിൽ കിടത്തുക. തലയുടെ ചുവടിൽ വല്ലതും വെച്ച് തല അൽപം ഉയർത്തണം.വിരിപ്പ്, പായ തുടങ്ങിയവയൊന്നുമില്ലാതെ തല കിഴക്കും കാല് പടിഞ്ഞാറുമായി ഖിബ് ലക്ക് നേരെയായി കട്ടിലിൽ കിടത്തുക. തലയുടെ ചുവടിൽ വല്ലതും വെച്ച് തല അൽപം ഉയർത്തണം.

7. വയറിന്മേൽ ഘനം വെക്കുക. ഇരുമ്പിന്റെ വസ്തുക്കളാണ് ഉത്തമം. നനഞ്ഞ മണ്ണ്, മണൽ തുടങ്ങിയവ തുണിയിൽ പൊതിഞ്ഞ് വെക്കാവുന്നതാണ്. മയ്യിത്ത് മൂടിയ തുണിയുടെ ഉള്ളി ലായി വയറിന്മേൽ വെക്കാവുന്നതാണെങ്കിലും തുണിയുടെ മുകളിൽ വെക്കലാണ് ഉത്തമം. ഏകദേശം അറുപതോളം ഗ്രാമാണ് തൂക്കം വേണ്ടത്. ജീവനുള്ള സമയത്ത് അദ്ദേഹത്തിന്റെ വയറിനു മുകളിൽ വെച്ചാൽ പ്രയാസം അനുഭവപ്പെടും വിധം ഘനം കൂടരുത്. മയ്യിത്ത് സ്ത്രീയാണെങ്കിൽ അന്യ പുരുഷന്മാരും പുരുഷ നാണെങ്കിൽ അന്യ സ്ത്രീകളും ഈ കാര്യങ്ങൾ ചെയ്യരുത്. ആണിന് ആണും പെണ്ണിന് പെണ്ണും ചെയ്തു കൊടുക്കലാണ് ഉത്തമം.ബന്ധുക്കളിൽ ഏറ്റവും ദയയുള്ളവർ നിർവ്വഹിക്കലാണ് നല്ലത്. പുരുഷൻ മരിച്ചാൽ മഹ്റമായ (വിവാഹം നിഷിദ്ധമായ) സ്ത്രീയും സ്ത്രീ മരിച്ചാൽ മഹ്റമായ പുരുഷനും ചെയ്തു കൊടുക്കുന്നത് അനുവദനീയമാണ്. പ്രത്യേകം ശ്രദ്ധിക്കുക: ഇവയൊക്കെ ചെയ്യുമ്പോൾ മയ്യിത്തിന്റെ ശരീര ഭാഗങ്ങൾ പ്രത്യേകിച്ചും ഔറത്ത് ഭാഗം വെളിയിൽ കാണാത്ത വിധം ശ്രദ്ധിക്കേണ്ടതാണ്.

ആർത്തവ കാലങ്ങളിൽ ഹദ്ദാദ് ചൊല്ലൽ അനുവദനീയമാണോ? അല്ലെങ്കിൽ ഹദ്ദാദിലെ ദിക്റുകൾ മാത്രം പറഞ്ഞ് അതിലെ ഖുർആൻ ആയത്തുകൾ ഒഴിവാക്കുകയാണോ വേണ്ടത് ? മറുപടി പ്രതീക്ഷിക്കുന്നു.


ആർത്തവ കാലങ്ങളിൽ ഖുർആൻ പാരായണം എന്ന ഉദ്ദേശത്തിൽ അല്ലാതെ ഖുർആനിലെ വചനങ്ങൾ ഉച്ചരിക്കുന്നതുകൊണ്ട് വിരോധമില്ല. ആർത്തവ കാലങ്ങളിലും ഹദ്ദാദ് ചൊല്ലുമ്പോൾ ഹദ്ദാദ് എന്ന ദിക്റിന്റെ ഭാഗമായി അതിലുള്ള ഖുർആൻ വചനങ്ങൾ ചൊല്ലാവുന്നതാണെന്ന് മനസ്സിലാക്കാം. അതുകൊണ്ട് ഈ കാലത്ത് ഹദ്ദാദ് പൂർണ്ണമായും ചൊല്ലാവുന്നതാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ പറഞ്ഞ സലാം മടക്കേണ്ടതുണ്ടോ? മുകളിൽ സലാം പറഞ്ഞവർക്കെല്ലാം വഅലൈക്കുമുസ്സലാം എന്ന് പറഞ്ഞു സലാം മടക്കുന്നവരുണ്ട്. ഇങ്ങനെ വേണോ?


ഒരു സംഘമാളുകളോട് സലാം പറഞ്ഞാൽ കൂട്ടത്തിൽ ഒരാളെങ്കിലും മടക്കൽ നിർബന്ധമാണ്. വാട്സാപ്പ് ഗ്രൂപ്പുകളിൽ വോയ്സായും ടെസ്റ്റ് മെസ്സേജായും പറയുന്ന സലാമുകൾ ഗ്രൂപ്പ് അംഗങ്ങൾ മടക്കൽ നിർബന്ധമാണ്. കൂട്ടത്തിൽ ഒരാൾ മടക്കിയാൽ തന്നെ സലാം മടക്കുന്ന ബാധ്യത വീടുന്നതാണ്. എല്ലാവരും മടക്കൽ നിർബന്ധമില്ല. സലാം മടക്കുമ്പോൾ മുകളിൽ സലാം പറഞ്ഞവർക്കെല്ലാം എന്നു പറഞ്ഞു കൊണ്ട് മടക്കേണ്ടതില്ല. ഒന്നിലധികം പേർ സലാം പറഞ്ഞിട്ടുണ്ടെങ്കിൽ ഒരു സലാം മടക്കൽ തന്നെ മതിയാകും.എല്ലാവരെയും ഉദ്ദേശിച്ചു കൊണ്ടോ പ്രത്യേകമായി ആരെയും ഉദ്ദേശിക്കാതെയോ ഒരു മറുപടി നൽകിയാൽ തന്നെ എല്ലാവർക്കും മതിയാകുന്നതാണ്. മുകളിൽ സലാം പറഞ്ഞവർക്കെല്ലാം എന്ന് പ്രത്യേകം പറയേണ്ടതില്ല.

ആയിരം സുന്നത്തുകൾ


ആയിരം സുന്നത്തുകൾ Click and Download

https://drive.google.com/file/d/15dC9xsfYuwFM2AKAFAFfZ0CYHgf1ceNr/view?usp=drivesdk

തറയിൽ നിന്നും മൂത്രം വൃത്തിയാക്കുന്നത് എങ്ങനെ?


ടൈൽസ് , മാർബിൾ തുടങ്ങിയ പ്രതലങ്ങളിൽ കുട്ടികൾ മൂത്രമൊഴിച്ചാൽ മൂത്രം താഴോട്ട് ആഴ്ന്നിറങ്ങാതെ മുകളിൽ തന്നെ കെട്ടിനിൽക്കാൻ സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ ഒരു ഉണങ്ങിയ തുണിക്കഷ്ണം കൊണ്ട് നിറം മണം രുചി തുടങ്ങിയ അടയാളങ്ങൾ മാറുന്നത് വരെ മൂത്രം തുടച്ചെടുക്കുക. അതോടെ അവിടെയുണ്ടായിരുന്ന മൂത്രം നീങ്ങി സ്ഥലം ഉണങ്ങിക്കിട്ടും(അപ്പോൾ അവിടെ ഉണ്ടായേക്കാൻ സാധ്യതയുള്ള വളരെ ചെറിയ നനവ് കാര്യമാക്കേണ്ടതില്ല).ഇനി അതിന്റെ മുകളിൽ ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുത്താൽ മാത്രം മതിയാകും. അതോടു കൂടി ആ സ്ഥലം ശുദ്ധിയാകുന്നതാണ്. അപ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നേരത്തെ നജസ് ഒപ്പിയെടുത്ത തുണിക്കഷണം കൊണ്ട് തന്നെ ഇനി അവിടെയുള്ള വെള്ളം ഒപ്പിയെടുക്കരുത് എന്നതാണത്. അങ്ങിനെയെങ്കിൽ ആ സ്ഥലം വീണ്ടും അശുദ്ധിയായി തീരും. പ്രതലത്തിലുള്ള മൂത്രം നേരത്തേ തന്നെ ഉണങ്ങിയിട്ടുണ്ടെങ്കിൽ ആ സ്ഥലത്ത് മികക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് വൃത്തിയാക്കിയാൽ മതിയാകും.

മുസ്ലിമീങ്ങൾക്ക് ഓണം ആഘോഷിക്കാമോ?


ഓണവുമായി ബന്ധപ്പെട്ട പ്രധാന ഐതിഹ്യം മഹാബലിയുമായി ബന്ധപ്പെട്ടതാണ്. വിഷ്ണുഭക്‌തനായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്ന ഭരണം കാഴ്ച വെച്ച മഹാബലിയുടെ(മാവേലിയുടെ) ഭരണം കാരണം ദേവന്മാർ വിഷ്ണുവിനെ കണ്ടു. മഹാബലി യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത വിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ കൊണ്ട് മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. വർഷത്തിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് മഹാബലിക്കു വാമനൻ അനുവാദം നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ സന്ദർശിക്കാൻ വരുന്നു എന്നാണ് ഹൈന്ദവ വിശ്വാസികൾ കരുതുന്നത്. മേൽ വിവരണങ്ങളിൽ നിന്നും ഓണാഘോഷം ഹിന്ദുമതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു ആചാരമാണെന്ന് മനസ്സിലാക്കാം. മറ്റു മതസ്ഥരുടെ ആരാധ്യ വസ്തുക്കളെയും ആചാരങ്ങളെയും പരിഹസിക്കൽ നമുക്ക് അനുവദനീയമല്ല. അല്ലാഹുവിലും അവന്റെ മതത്തിന്റെ അടിസ്ഥാന ശിലകളിലും വിശ്വസിക്കുന്ന ഒരു മുസ്ലിമിന് അന്യ മതസ്ഥരുടെ ആരാധന കർമ്മങ്ങളെയും ആചാരങ്ങളെയും പിന്തുടരാനും അനുവാദമില്ല. അത് കൊണ്ട് തന്നെ ഓണാഘോഷം മുസ്ലിമിന് യോജിച്ചതല്ല. ഇത്തരം ആഘോഷങ്ങളിൽ സംബന്ധിക്കുന്നത് അവരുടെ മതത്തിൻ്റെ ആചാരങ്ങളിൽ യോജിക്കുക എന്ന നിലക്കാണെങ്കിൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന പ്രവൃത്തിയാണ്. അവരുടെ മതാചാരത്തോട് യോജിക്കുക എന്ന ഉദ്ദേശ്യമില്ലാതെ അവർ ചെയ്യുന്ന പ്രവർത്തികളോട് യോജിക്കലാണെങ്കിൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകില്ലെങ്കിലും അത് കുറ്റകരമാണ്. ഇനി അവരുമായോ അവരുടെ ആഘോഷവുമായോ ഒരു നിലക്കും സഹകരണമോ സാദൃശ്യമോ ഇല്ലെങ്കിൽ അത് പ്രശ്നമല്ല എന്ന് മനസ്സിലാക്കാം.

ഇദ്ധയെക്കുറിച്ച് വിശദീകരിക്കുമോ?


ത്വലാഖ് കൊണ്ടോ മരണം കൊണ്ടോ ഭർത്താവ് വിട്ടുപിരിഞ്ഞാൽ ഭാര്യ നിശ്ചിത കാലം ഇദ്ധ: ഇരിക്കണം. വിവിധ ഇദ്ധ:കൾ. 1. ഭർത്താവ് മരണപ്പെട്ടതിന്റെ കാരണത്താലുള്ള ഇദ്ധ:

ഗർഭിണിയല്ലാത്ത സ്വതന്ത്ര സ്ത്രീകളുടെ ഇദ്ദഃ ഭർത്താവിന്റെ മരണം മുതൽ നാല് മാസവും പത്ത് ദിവസവുമാകുന്നു. ഏത് പ്രായത്തിലുള്ളവളാണെങ്കിലും (ആർത്തവം ആരംഭിച്ചിട്ടില്ലാത്തവളോ ആർത്തവാവസ്ഥയിലുള്ളവളോ ആർത്തവവിരാമം സംഭവിച്ചളോ ആരായാലും) ഗർഭിണിയല്ലെങ്കിൽ നാല് മാസവും പത്ത് ദിവ സവുമാണ് ഭർത്താവിന്റെ മരണം മൂലമുള്ള ഇദ്ദയുടെ കാലഘട്ടം. ഭർത്താവിന്റെ മരണസമയം ഭാര്യ ഗർഭിണിയാണെങ്കിൽ പ്രസവം വരേയാണ് ഇദ്ദയുടെ കാലാവധി. ഭർത്താവ് മരിച്ച ഉടനെ പ്ര സവിച്ചാൽ അപ്പോൾ തന്നെ ഇദ്ദ അവസാനിക്കുന്നതാണ്. മാസങ്ങൾക്കു ശേഷമാണ് പ്രസവമെങ്കിൽ അപ്പോഴേ ഇദ്ദ അവസാനിക്കുക യുള്ളൂ. ശരിഅത്ത് നിയമമനുസരിച്ച് ആ ഭർത്താവിലേക്ക് പിതൃത്വം ചേർക്കപ്പെടുന്ന ഗർഭമായിരിക്കണമെന്ന നിബന്ധനയുണ്ട്. 2. ത്വലാഖിന്റെ ഇദ്ധ:

ലൈംഗിക ബന്ധത്തിന് മുമ്പ് ഭർതാവ് ത്വലാഖ് ചൊല്ലിയാൽ അവൾക്ക് ഇദ്ദഃ നിർബന്ധമില്ല. ത്വലാഖ് കാരണമായുള്ള ഇദ്ദ ലൈംഗിക ബന്ധമുണ്ടായിട്ടുണ്ടെങ്കിലേ നിർബന്ധമാവുകയുള്ളൂ. എന്നാൽ മരണം കാരണമായുള്ള ഇദ്ധ: ലൈംഗിക ബന്ധമുണ്ടായിട്ടില്ലെങ്കിലും നിർബന്ധമാണ്. അതുകൊണ്ട് ഭർത്താവ് മരിച്ചാൽ ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെങ്കിലും ഭാര്യ ഇദ്ധ: ഇരിക്കണം. ഗർഭിണിയല്ലാത്തവൾക്ക് ത്വലാഖിന്റെ ഇദ്ദ മൂന്ന് ശുദ്ധികൾ കഴിയുന്നത് വരേയാണ്. രണ്ടു ആർത്തവങ്ങൾക്കിടയിലോ ആർത്തവത്തിനും പ്രസവരക്തത്തിനും ഇടയിലോ ഉണ്ടാകുന്ന ഇടവേളകളെയാണ് ഇവിടെ ശുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശുദ്ധി സമയത്താണ് ത്വലാഖ് ചൊല്ലിയതെങ്കിൽ ആ ശുദ്ധിയിൽ ബാക്കിയുള്ള സമയം ഒന്നാം ശുദ്ധിയായി പരിഗണിക്കും. അതിനാൽ ത്വലാഖിനു ശേഷം മൂന്നാം ആർത്തവം ആരംഭിക്കു ന്നതോടെ ഇദ്ദ: അവസാനിക്കുന്നതാണ്. ആർത്തവ സമയത്താണ് ത്വലാഖ് എങ്കിൽ ത്വലാഖിന് ശേഷം മൂന്നാം ശുദ്ധി അവസാനിക്കുമ്പോഴേ ഇദ്ദഃ അവസാനിക്കുകയുള്ളൂ. ആർത്തവ വിരാമം സംഭവിച്ചവളുടെ ത്വലാഖിന്റെ ഇദ്ദഃ മൂന്ന് മാസക്കാലമാണ്. ഗർഭിണിയുടെ ത്വലാഖ് കാരണമായുള്ള ഇദ്ധ:യും പ്രസവം വരെയാണ്. ഇദ്ദകാലം ഇരുട്ടുമുറിയിൽ ശരീരം അനങ്ങാതെ അടച്ചിരിക്കണമെന്നില്ല. ഇദ്ദയുടെ സമയം വീട്ടു ജോലി ചെയ്യലും ഭക്ഷണം പാചകം ചെയ്യലും കുട്ടികളെ പരിചരിക്കലുമെല്ലാം അനുവദനീയമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വാ ങ്ങാനും മറ്റും പുറത്തു പോകാനും അനുവാദമുണ്ട്. ഇദ്ദ ആചരിച്ചാൽ മക്കളുടെ കാര്യം ശ്രദ്ധിക്കാൻ കഴിയില്ലെന്ന ധാരണ ശരിയല്ല.

ബാറ്റ് ഉപയോഗിച്ച് കൊതുകുകളെ കൊല്ലുന്നതിന്റെ വിധി?


പേൻ, കൊതുക് തുടങ്ങിയ ഉപദ്രവകാരികളായ ജീവി കളെ കൊല്ലാവുന്നതാണ്. പക്ഷേ തീ കൊണ്ട് കരിച്ചു കൊല്ലൽ അനുവദനീയമല്ല. ജീവികൾ ചെറുതാണെങ്കിൽ പോലും തീ കൊണ്ട് ക രിച്ചുകളയൽ നിഷിദ്ധമാണ്. ബാറ്റുകൾ ഉപയോഗിച്ച് കരിച്ചു കളയുന്നതാണെങ്കിൽ അവ ഉപയോഗിച്ച് കൊതുകുകളെ കരിച്ചു കൊല്ലാൻ പാടില്ലെന്ന് മേൽ പറഞ്ഞതിൽ നിന്ന് വ്യക്തമാണല്ലോ. എന്നാൽ പ്രാണികളുടെ ശല്യം അധികരിക്കുമ്പോൾ കരിച്ചു കളയലല്ലാതെ മറ്റു മാർഗമില്ലാതെ വന്നാൽ കരിക്കൽ അനുവദനീയമാണെന്ന് ഇമാം ഇബ്നു ഹജർ(റ)ൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (അവലംബം: തുഹ്ഫ 7/176, ബിഗ് 259).

ജമാഅത് നിസ്കാരത്തിൽ ഇമാം മറന്നുകൊണ്ട് അധിക റക്അത്തിലേക്ക് എഴുന്നേൽക്കുകയോ റകഅത്ത് എണ്ണം കുറച്ചുകൊണ്ട് അത്തഹിയ്യാത്തിന് ഇരിക്കുകയോ ചെയ്താൽ (ഉദാ : മഗ്രിബ് നാലാം റക്അത്തിലേക്ക് എഴുന്നേൽക്കുക, ഇശാഅ് മൂന്നാം റക്അത്തിൽ അത്തഹിയ്യാത്തിന് വേണ്ടി ഇരിക്കുക ) മഅമൂം എന്തു ചെയ്യണം?


ഇമാം മറന്നുകൊണ്ട് അധിക റക്അത്തിലേക്ക് എഴുന്നേറ്റാൽ മഅമൂം ഇമാമിനെ വേർപിരിയുന്നതായി കരുതി ബാക്കിയുള്ള ഭാഗങ്ങൾ സ്വന്തമായി ചെയ്ത് സലാം വീട്ടുകയോ ഇമാമിനെ പിരിയാതെ ഇമാം അത്തഹിയ്യാത്തിന്റെ ഇരുത്തത്തിലേക്ക് എത്തുന്നത് വരെ ഇമാമിനെ കാത്തിരിക്കുകയോ ചെയ്യാവുന്നതാണ്. വേർപിരിയലാണ് ഉത്തമം. ഇമാം റക്അത്ത് പൂർണമാകുന്നതിന് മുമ്പ് മറന്നു കൊണ്ട് അത്തഹിയ്യാത്തിന് ഇരുന്നാൽ (ഉദാ : ഇശാഇന്റെ മൂന്നാം റകഅത്തിൽ അത്തഹിയ്യാത്തിന് ഇരിക്കുക)മഅമൂം ഇമാമി നെ വേർപിരിയുന്നതായി കരുതി ബാക്കിയുള്ള റക്അത് നിർവ്വഹിക്കണം. ഇമാം നിജസ്ഥിതി മനസ്സിലാക്കി നാലാം റക്അത്തിലേക്ക് എഴുന്നേൽക്കാൻ സാധ്യതയുള്ളതിനാൽ ഇമാമിനെ പിരിയാതെ നാലാം റക്അത്തിലേക്ക് എഴുന്നേറ്റതിന് ശേഷം ഇമാമിനെ പ്രതിക്ഷിച്ച് നിൽക്കലും അനുവദനീയമാണെന്ന് ഇബ്നു ഖാസിം(റ) വ്യ ക്തമാക്കിയിട്ടുണ്ട്. (തഹ്ഫ -ശർവാനി സഹിതം. 2 -194).

നമ്മുടെ നാടുകളിൽ ഖബറടക്കുമ്പോഴാണ് തസ്ബീത് പറയാറുള്ളത്. മയ്യിത്തിനെ ഖബറടക്കിയതിനു ശേഷമാണ് തസ്ബീതിന്റെ സമയം എന്ന് ചിലർ പറയുന്നു. ഏതാണ് ശരി?വിശദീകരണം പ്രതീക്ഷിക്കുന്നു.


തസ്ബീതും തൽഖീനും സുന്നത്താണ്. ഖബറടക്കിയതിനു ശേഷമാണ് രണ്ടും ചൊല്ലേണ്ടത്. ഖബർ മൂടൽ പൂർണ്ണമായതിനു ശേഷമാണ് ഏറ്റവും നല്ലത്. മണ്ണിട്ട് മൂടൽ പൂർണ്ണമാകുന്നതിനു മുമ്പായാലും അടിസ്ഥാന സുന്നത്ത് ലഭിക്കുന്നതാണ്. തസ്ബീത്തിനെ കുറിച്ച് ഖബറടക്കിയതിനു ശേഷം" എന്ന് ഇമാം നവവി(റ) എഴുതിയതിനെ വിശദീകരിച്ചുകൊണ്ട് അല്ലാമാ ഖൽയൂബി(റ) എഴുതുന്നു: മണ്ണിട്ട് മൂടിയതിനു ശേഷമാണ് ഏറ്റവും നല്ലത്. തൽഖീനും ഇപ്രകാരമാകുന്നു. (ഹാശിയത്തുൽ ഖൽയൂബി 1-353) ഖബറടക്കം പൂർണ്ണമായതിനു ശേഷം തൽഖീൻ ചൊല്ലിക്കൊടുക്കലാണ് പൂർണ്ണമായ രൂപമെന്നും അതിനു മുമ്പായാലും അടിസ്ഥാന സുന്നത്ത് ലഭിക്കുമെന്നും ഇമാം ഇബ്നു ഹജർ(റ) ഫത് വ നൽകിയിട്ടുണ്ട്. (അൽ അജ് വിബത്തുൽ അജീബ 46). ആദ്യം തഖിനും പിന്നീട് തസ് ബീത്തും എന്നിങ്ങനെയാണ് അവയുടെ യഥാർത്ഥ ക്രമം. മയ്യിത്തിന്റെ മുഖത്തിനു നേരെ ഒരാൾ ഇരുന്നുകൊണ്ട് തൽഖീൻ ചൊല്ലിക്കൊടുക്കുകയാണ് വേണ്ടത്. മൂന്നു പ്രാവശ്യം ആവർത്തിച്ചു ചൊല്ലിക്കൊടുക്കൽ സുന്നത്താണ്. (ഫത്ഹുൽ മു ഈൻ). ഖബറിലെ ചോദ്യ വേളയിൽ സ്ഥിരത ലഭിക്കാനും പാപ മോചനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയാണ് തസ്ബീത്. ഈ പ്രാർത്ഥനക്ക് പ്രത്യേകം എണ്ണം നിശ്ചയിക്കപ്പെട്ടിട്ടില്ല. ആയിരത്തി ഇരുന്നൂറ് തസ്ബീഹ് ചൊല്ലുന്ന സമയമാണ് തസ്ബീത്തിന് വേണ്ടി ഖബറിന്റെ സമീപം നിൽകേണ്ടതെന്ന് ബിഗ് യ പേജ് 96ൽ ഉദ്ധരിച്ചിട്ടുണ്ട്. അതിൽ കുറഞ്ഞാൽ യാതൊരു ഫലവുമില്ലെന്നോ കൂടാൻ പാടില്ലെന്നോ അതിനർത്ഥമില്ല.

നമ്മുടെ നാടുകളിൽ മുഹർറം പത്തിനു മുമ്പ് നികാഹ്, കല്യാണം പോലുള്ള ചടങ്ങുകൾ കഴി ക്കുന്നത് നിരുത്സാഹപ്പെടുത്തുന്നത് കാണുന്നു. ഇത് ശരിയാണോ?


മുഹർറം പത്തിനു മുമ്പ് നികാഹ്, കല്യാണം പോലുള്ള ചടങ്ങുകൾ കഴി ക്കുന്നതിൽ തെറ്റില്ല. എന്നാൽ, ആ ദിവസങ്ങൾ നോമ്പ് സുന്നത്തുള്ള ദവസങ്ങളാണ്. അന്ന് കല്യാണവും സൽകാരവും നടത്തുന്നത് നോമ്പുള്ളവർക്ക് അസൗകര്യമുണ്ടാക്കിയേക്കും. ആ ദിവസങ്ങളിൽ നികാഹും മറ്റുകാര്യങ്ങളും പറ്റില്ലെന്നും ആ ദിവസങ്ങൾക്ക് കുഴപ്പമുണ്ടെന്നുമുള്ള ധാരണ ശരിയല്ല. നോമ്പിനും മറ്റു സൽക്കർ മങ്ങൾക്കും മുൻഗണന നൽകുന്നതിനാലാണ് ആ ദിവസങ്ങളിൽ കല്യാണവും മറ്റും വേണ്ടെന്ന് വെക്കുന്നത്.

സ്ത്രീകൾക്ക് ഹജ്ജും ഉംറയും നിർബന്ധമാകുന്നതിന് പ്രത്യേകമായ വല്ല ഉപാധികളുമുണ്ടോ?


അവളുടെ കൂടെ ഭർത്താവോ, മഹ്റമോ, അല്ലെങ്കിൽ വിശ്വാസയോഗ്യരായ സ്ത്രീകളോ പുറപ്പെടണം. അതാണ് പ്രത്യേക ഉപാധി. വിവാഹ ബന്ധം ഹറാമായ പുരുഷനാണ് മഹ്റം. വിശ്വാസ യോഗ്യരായ സ്ത്രീകളുടെ കൂടെ അവരിലാരുടെയെങ്കിലും മഹ്റം ഉണ്ടാകണമെന്ന നിബന്ധനയില്ലയെന്നതാണ് പ്രബലമായ അഭിപ്രായം (മിൻഹാജ് പേ: 46). അപ്പോൾ ഭർത്താവോ, മഹ്റമോ, വിശ്വസ്തകളായ വനിതകളോ മുഖേന സ്വശരീരത്തിന്റെ കാര്യത്തിൽ നിർഭയത്വമുണ്ടെങ്കിലേ സ്ത്രീക്ക് ഹജ്ജും ഉംറയും നിർബന്ധമാവുകയുള്ളൂ.

വ്യക്തിപരമായി ഹജ്ജ് നിർബന്ധമാകുന്നത് ആർക്കാണ്?


ഹജ്ജിന് കഴിവുള്ള പ്രായപൂർത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രനായ ഓരോ മുസ്ലിമിനും ഹജ്ജ് വ്യക്തിപരമായി നിർബന്ധമാ കും. അപ്പോൾ കുട്ടികൾക്കും അടിമകൾക്കും ഭ്രാന്തന്മാർക്കും ഹജ്ജ് നിർബന്ധമില്ല. അവരുടെ പക്കൽ നിന്നുണ്ടാകുന്ന ഹജ്ജ് സുന്നത്തായിട്ടാണ് സംഭവിക്കുന്നത്. പക്ഷേ, അറഫയിൽ നിൽക്കവെ, കുട്ടി പ്രായപൂർത്തി പ്രാപിക്കുകയോ, അടിമ മോചിതനാവുകയോ, ഭ്രാന്തനു സ്വബോധം വരികയോ ചെയ്യുകയും അറഫാ നിർത്തം കൈവരിക്കുകയും ചെയ്തു, അല്ലെങ്കിൽ അറഫയ്ക്കു ശേഷം മേൽപറഞ്ഞ വിധം യോഗ്യത പ്രാപിക്കുകയും അറഫയിൽ നിന്ന് പുറപ്പെട്ട ശേഷം അങ്ങോട്ടു തിരിച്ചുവന്ന് യഥാ സമയത്ത് അറഫാ നിർത്തം നിർവ്വഹിക്കുകയും ചെയ്തുവെങ്കിൽ ആ ഹജ്ജ് കൊണ്ട് ഇസ്ലാമിലെ നിർബന്ധമായ ഹജ്ജു വീടുന്നതാണ്. (ഫത്ഹുൽ മുഈൻ & ഇആനത്ത് 2/281)

മരണ വീടുകളിൽ മയ്യിത്തിന് മുന്നിൽ ഇരുന്ന് ഖുർആൻ പാരായണം ചെയ്യുന്ന പതിവുണ്ട്. എന്നാൽ മയ്യിത്ത് കുളിപ്പിക്കാൻ എടുക്കുന്നതോടെ ഖുർആൻ പാരായണം നിറുത്തുന്നതായ് കാണാറുണ്ട്. അത് ശരിയായ രീതിയാണോ?കുളിപ്പിക്കാൻ വെച്ചതിനു ശേഷം ഖുർആൻ പാരായണം തുടരുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? വിശദീകരിക്കുക


മയ്യിത്ത് കുളിപ്പിക്കാൻ എടുത്തതിന് ശേഷം ഖുർആൻ പാരായണം തുടരുന്നതിൽ തെറ്റൊന്നുമില്ല. അതിനാൽ മയ്യിത്ത് കുളിപ്പിക്കാൻ എടുക്കുന്നതോടെ ഖുർആൻ പാരായണം അവസാനിപ്പിക്കേണ്ടതില്ല. എന്നാൽ വേഗത്തിൽ ഖബറടക്കണമെന്ന സുന്നത്തിന് വിരുദ്ധമായതിനാൽ ഖുർആൻ പാരായണത്തിന് വേണ്ടി മയ്യിത്ത് കുളിപ്പിക്കുക, ഖബറടക്കം ചെയ്യുക തുടങ്ങിയവയൊന്നും താമസിപ്പിക്കരുത്. ഇമാം റംലി (റ) എഴുതുന്നു: ഖബറടക്കത്തിന് മുമ്പ് ഖുർആൻ പാരായണം ചെയ്തു കൊണ്ട് ഖബറടക്കം പിന്തിക്കരുത്. മരിച്ച ഉടനെ മയ്യിത്ത് പരിപാലന കർമ്മങ്ങൾ ചെയ്യുകയാണ് വേണ്ടത് (നിഹായ 2 - 438) ഇതിന്റെ വിശദീകരണത്തിൽ അല്ലാമ അലിയ്യുശ്ശബ്റാമല്ലസി (റ) എഴുതുന്നു. മയ്യിത്ത് കുളിപ്പിക്കുന്നതിലും മറ്റും ഏർപ്പെട്ടിട്ടില്ലാത്തവർ അപ്പോഴും ഖുർആൻ പാരായണം ചെയ്യണമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. (ഹാശിയത്തു നിഹായ 2 - 438)

വെള്ളിയാഴ്ച ദിവസം യാത്ര ചെയ്യുന്നതിന്റെ വിധി?


ജുമുഅ നഷ്ടപ്പെടുമെന്നു ബോധ്യപ്പെട്ടാൽ ജുമുഅ നിർബ ന്ധമായ വ്യക്തിക്ക്, വെള്ളിയാഴ്ച യാത്ര പ്രഭാത ശേഷം ഹറാമാണ്. രാത്രി സമയത്ത് കറാഹത്തുമാണ്. യാത്ര പോകാതിരിക്കുന്നതു മൂലം സഹയാത്രികർ നഷ്ടപ്പെടുന്നത് പോലെ വല്ല വിഷമവും നേരിടുമെന്ന് ആശങ്കയുണ്ടെങ്കിൽ പ്രഭാത ശേഷം ഹറാമോ രാത്രി സമയത്തു കറാഹത്തോ ഇല്ല. (ഫത്ഹുൽ മുഈൻ പേ: 149)

വീട്ടിൽ നിന്നിറങ്ങുമ്പോൾ ആദ്യം ഇടതു കാൽ വച്ചാണ് പുറത്തിറങ്ങേണ്ടത് എന്ന് പറയുന്നത് കേട്ടു. ഇത് ശരിയാണോ? ശരിയാണെങ്കിൽ, ഹജ്ജ് പോലുള്ള പുണ്യ യാത്രകൾക്ക് പുറപ്പെടുമ്പോൾ ആദ്യം ഏത് കാൽ വെച്ചാണ് പുറത്തിറങ്ങേണ്ടത്?


ഏത് യാത്രയാണെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആദ്യം ഇടതുകാൽ പുറത്തു വെച്ചാണ് ഇറങ്ങേണ്ടത്. ഹജ്ജ് യാത്രയാണെങ്കിലും അങ്ങനെതന്നെ.

കന്നിമൂലയെക്കുറിച്ചുള്ള ഇസ്ലാമിന്റെ വീക്ഷണമെന്താണ്? കക്കൂസ്, അടുപ്പ്, അടുക്കള തുടങ്ങിയവ പ്രത്യേക ഭാഗത്ത് വരണമെന്നോ വരരുതെന്നോ മറ്റോ നിയമങ്ങളുണ്ടോ?


വീടിന്റെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്ത് കക്കൂസ്, അടുക്കള തുടങ്ങിയവയുടെ നിർമാണം ഹറാമാണെന്നോ കറാഹത്താണെന്നോ ഉള്ള വിധി അടിസ്ഥാനപരമായി ഇസ്ലാമിലില്ല. അഥവാ ഏതെങ്കിലും മൂലയിൽ അവ നിർമിച്ചാൽ പരലോകത്ത് ശിക്ഷിക്കപ്പെടുമെന്നോ അതുപേക്ഷിച്ചാൽ പ്രതിഫലം ലഭിക്കുമെന്നോ ഇസ്ലാം പറ യുന്നില്ല. താമസിക്കുന്നവരുടെ സൗകര്യത്തിനനുസരിച്ച് ഏതു ഭാഗത്തും നിർമിക്കാവുന്നതാണ്. അ നുവദനീയമാണത്. ഏതെങ്കിലും ഒരു നിശ്ചിത ഭാഗത്ത് നിർബന്ധം അല്ലെങ്കിൽ നിഷിദ്ധം എന്ന പ്രശ്നം ഇതിലില്ല. അടുക്കളയും അടുപ്പും നിർമിക്കുന്നതിലെ കാര്യവും ഇപ്രകാരം തന്നെയാണ്. ഭൂമിയുടെ സ്ഥിതി, കാറ്റിന്റെ ഗതി എന്നിവയൊക്കെ പരിഗണിച്ച് സൗകര്യത്തി നനുസരിച്ച് ഏതു ഭാഗത്തും നിർമിക്കാവുന്നതാണ്. തൊഴുത്ത് നിർമിക്കുമ്പോൾ ദുർഗന്ധം കൊണ്ടോ മറ്റോ വീട്ടുകാർക്കും അതിഥി കൾക്കും ശല്യമാകുന്ന വിധം വീടിന്റെ മുൻഭാഗത്തോ തൊട്ടടുത്തോ ഉള്ള നിർമാണം ഒഴിവാക്കൽ നല്ലതാണ്. എന്നല്ലാതെ ഇന്ന ഭാഗത്ത് കാലിതൊഴുത്ത് നിർമാണം നിഷിദ്ധം എന്ന പ്രശ്നം ഇവിടെയുമില്ല. സൗകര്യത്തിനനുസരിച്ച് ചെയ്യാവുന്ന അനുവദനീയ കാര്യങ്ങളാണിവയെല്ലാം. ഇതാണ് വിഷയത്തിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന നിയമം. എന്നാൽ കന്നിമൂലയിൽ കക്കൂസ് നിർമിക്കുക പോലെയുള്ളതി നാൽ രോഗങ്ങളും പ്രയാസങ്ങളും സംഭവിക്കുന്നതായും അവ മാറ്റി സ്ഥാപിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതായും അ നുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആരെങ്കിലും പറയുന്നുവെങ്കിൽ ആ നിലയിൽ അത് സ്വീകരിക്കുന്നത് കൊണ്ട് പ്രശ്നമില്ല. അത് മൂലം പ്രയാസം സംഭവിക്കുമെന്നത് പതിവു നടപ്പനുസരിച്ച് മികച്ച ധാരണയുണ്ടെങ്കിൽ ആ നിർമാണം ഒഴിവാക്കലാണ് നല്ലത്. അപ്രകാരം തന്നെ കന്നി മൂലയിൽ കക്കൂസ് നിർമാണം പോലെയുള്ളതിനാൽ ദുരിതങ്ങൾ സംഭവിക്കുമെന്ന ധാരണ തിരുത്താൻ കഴിയാത്ത വിധം മനസ്സിലുറച്ചിട്ടുണ്ടെങ്കിലും അത്തരം നിർ മാണങ്ങൾ ഒഴിവാക്കലാണ് നല്ലത്. അതൊരു ലക്ഷണക്കേടാണ ന്ന ധാരണ മനസ്സിലുള്ളതിനാൽ ആ നിർമ്മാണം മനസ്സിൽ അസ്വസ്ഥതയുണ്ടാക്കാൻ കാരണമായേക്കും. എപ്പോഴെങ്കിലും എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിനെ ഈ വിഷയവുമായി ബന്ധപ്പെടുത്താനിടയാവുകയും ചെയ്യും.

പെരുന്നാൾ രാവിന്റെ മഗ്‌രിബിന്റെ സമയത്ത് എവി ടെയാണോ ഉള്ളത് അവിടെ തന്നെ ഫിത്വർ സകാത്ത് നൽകണമെന്നാണല്ലോ വിധി. ആ സമയം യാത്രയിലാണെങ്കിൽ എന്താണ് ചെയ്യേണ്ടത്?


വിശുദ്ധ റമളാനിലെ അവസാന ദിവസം സൂര്യാസ്തമയ സമയത്താണ് ഫിത്വർ സകാത് നിർബന്ധമാകുന്നത്. ആ സമയം വ്യക്തി എവിടെയാണോ ഉള്ളത് അവിടെയാണ് അദ്ദേഹത്തിന്റെ ഫിത്വർ സകാത് നൽകേണ്ടത്. അദ്ദേഹമുള്ളിടത്തോ സാധാരണ ഗതിയിൽ അതിന്റെ കൂടെ ഒറ്റ നാടായി കണക്കാക്കപ്പെടുന്ന സ്ഥലത്തോ നൽകണം. അവിടെ അവകാശികളുണ്ടെങ്കിൽ മറ്റു നാടുകളിലേക്ക് നൽകാൻ പാടില്ല. മറ്റു നാടുകളിൽ നൽകിയാൽ പ്രബലാഭിപ്രായം സകാത് വീടുന്നതല്ല. ആ നാട്ടിൽ അവകാശികളില്ലെങ്കിൽ അവകാശികളുള്ള ഏറ്റവും അടുത്ത നാട്ടിൽ നൽകുകയാണ് വേണ്ടത്. യാത്രക്കാരൻ പ്രസ്തുത സമയം ഏത് നാട്ടിലാണോ അവിടെയാണ് അദ്ദേഹത്തിന്റെ ഫിത്വർ സകാത്ത് നൽകേണ്ടത്. അവിടെ അവകാശികളില്ലെങ്കിൽ അവകാശികളുള്ള അടുത്ത നാട്ടിൽ നൽകണം. അവകാശികൾക്ക് നൽകുകയോ അവർക്ക് നൽകാൻ മറ്റൊരാളെ ഏൽപിക്കുകയോ ചെയ്യാവുന്നതാണ്. വ്യക്തിയുള്ള നാട്ടിൽ തന്നെ നൽകേണ്ടതില്ല. ഏത് നാട്ടിൽ നൽകിയാലും സകാത്ത് വീടുന്നതാണ് എന്ന് മദ്ഹബിൽ ഒരു രണ്ടാം അഭിപ്രായമുണ്ട്. ഇതനുസിരിച്ച് അമൽ ചെയ്യാവുന്നതാണെന്ന് കർമ്മശാസ്ത്ര ഇമാമുകൾ പറഞ്ഞിട്ടുണ്ട്.

ഫിത്റ് സകാത് ആരാണ് നൽകേണ്ടത്? ആർക്ക് നൽകണം ? എപ്പോൾ?


തനിക്കും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവർക്കും പെരുന്നാൾ രാത്രിയും പകലും ആവശ്യമായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയും കടവും കഴിച്ചു ബാക്കിയുള്ളവർക്ക് ഫിത്റ് സകാത്ത് നിർബന്ധമാണ്. ഭാര്യ, മക്കൾ, മാതാപിതാക്കൾ തുടങ്ങിയവരാണ് ചെലവ് കൊടുക്കൽ നിർബന്ധമായവർ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പ്രായപൂർത്തിയായ മക്കളുടെ ഫിത്റ് സകാത് പിതാവ് കൊടുക്കേണ്ടതില്ല. അവർക്ക് സമ്മതമുണ്ടെങ്കിൽ കൊടുത്താൽ സ്വീകാര്യമാവും. അതുപോലെ സാമ്പത്തിക ശേഷിയുള്ള ചെറിയ കുട്ടികളുടെ ഫിത്റ് സകാത് പിതാവു നൽകലും നിർബന്ധമില്ല. ഭാര്യ എത്ര സമ്പന്നയാണെങ്കിലും അവരുടെ ഫിത്റ് സകാത്ത് ഭർത്താവാണു കൊടുക്കേണ്ടത്. എന്നാൽ അത്തരം ഭാര്യമാരുടെ ഭർത്താക്കൾക്ക് കഴിവില്ലെങ്കിൽ അവളുടെ സകാത്ത് കൊടുക്കൽ അവൾക്ക് സുന്നത്താണ്. ശവ്വാൽ മാസപ്പിറവി ദൃശ്യമാകുന്നതോടെ, റമളാൻ വ്രതം അവസാനിക്കുന്നതോടെ ഫിത്റ് സകാത് നിർബന്ധമാവുന്നു. പെരുന്നാൾ ദിവസം വൈകുന്നേരം വരെ കൊടുക്കാം. എന്നാൽ പെരുന്നാൾ നിസ്കാരത്തിനു മുമ്പ് കൊടുക്കലാണ് ഉത്തമം. സക്കാത് കൊടുക്കുന്ന വ്യക്തി എവിടെയാണോ താമസം അവിടെ തന്നെ സകാത് കൊടുക്കണം. ഗൾഫുകാരൻ ഗൾഫിലും അവന്റെ ബന്ധപ്പെട്ടവർ നാട്ടിലാണെങ്കിൽ അവരുടേത് നാട്ടിലുമാണ് കൊടുക്കേണ്ടത്. ഖുർആനിൽ സകാത്തിന്റെ അവകാശികളായി എണ്ണിയ എട്ടു വിഭാഗം തന്നെയാണ് ഫിത് സകാത്തിന്റെയും അവകാശികൾ. ഫഖീർ, മിസ്കീൻ, മുസ്ലിം ഭരണമുള്ള നാട്ടിൽ സകാത്ത് പിരിക്കുന്ന ഉദ്യോഗസ്ഥന്മാർ (നമ്മുടെ ചില നാടുകളിൽ കാണുന്ന സക്കാത്ത് കമ്മിറ്റികൾക്കിതു ബാധകമല്ല. അവരുടെ പക്കൽ സക്കാത്ത് ഏൽപ്പിച്ചാൽ ബാധ്യത വീടുകയില്ല) നവമുസ്ലിം, മോചനപത്രം എഴുതപ്പെട്ട അടിമ, കടംകൊണ്ട് ഗതിമുട്ടിയ ആളുകൾ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവർ, യാത്രക്കാർ എന്നിവരാണ് ആ എട്ട് വിഭാഗം. റമളാൻ ആദ്യം മുതൽക്കേ ഫിത്റ് സകാത് കൊടുക്കാമെങ്കിലും പെരുന്നാൾ ദിവസമാകുമ്പോഴേ കൊടുത്തവനും വാങ്ങിയവനും അതിന് അർഹരായിത്തീരുന്നുള്ളൂ. ഉദാഹരണം: ഒരാൾ റമളാൻ ആദ്യത്തിൽ ഫിത്റ് കൊടുത്തു. ശവ്വാൽ മാസപ്പിറവി സമയത്ത് അയാൾ പൂർണ്ണമായും പാപ്പരാണ്. എങ്കിൽ നേരത്തെ കൊടുത്തത് ഫിത്റ് സകാത്തായി പരിഗണിക്കില്ല. ഇനി വാങ്ങിയ ആൾ അന്ന് സകാതിനർഹനായിരുന്നുവെങ്കിലും പിന്നീട് സമ്പന്നനായി. എങ്കിൽ നേരത്തെ കൊടുത്ത ആളുടെ സകാത്ത് വീടുകയുമില്ല. മാസപ്പിറവിയുടെ അൽപസമയം മുമ്പു പിറന്ന കുഞ്ഞിനും മാസം കണ്ട ഉടനെ മരിച്ച വ്യക്തിക്കും സകാത്ത് ബാധകമാണ്. ഭാര്യ പിണങ്ങിപ്പോയാൽ അവൾക്കു ചെലവിന് കൊടുക്കേണ്ടതില്ല. അതുകൊണ്ട് ഫിത്റും വേണ്ട. തിരിച്ചെടുക്കാവുന്ന വിധം ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയ പെണ്ണിന്റെ സകാത്ത് ഇദ്ധ കാലത്ത് ഭർത്താവ് കൊടുക്കണം.

ഫിത്‌റ് സകാത് എപ്പോഴാണ് കൊടുക്കേണ്ടത്?


റമളാൻ അവസാനദിനം സൂര്യാസ്തമയത്തോടെയാണ് ഫിത്ർ സകാത് നിർബന്ധമാവുന്നത്. റമളാനിന്റെ അവസാനഭാഗവും ശവ്വാലിന്റെ ആദ്യഭാഗവും സംഗമിക്കുന്ന വേളയാണിത്. അതിനാൽ അസ്തമയം കഴിഞ്ഞ ശേഷം ഉണ്ടായ കുഞ്ഞ്, ഭാര്യ, സാമ്പത്തിക ശേഷി, മുസ്ലിമാവൽ എന്നിവയൊന്നും സകാത് നിർബന്ധമാക്കില്ല. അസ്തമയ ശേഷമുണ്ടാവുന്ന മരണം, വിവാഹമോചനം, ഉടമസ്ഥതാ മാറ്റം എന്നിവകൊണ്ട് സകാത്ത് ഒഴിവാകുകയുമില്ല. നിർബന്ധമാവുന്ന സമയം മുതൽ ഈദുൽ ഫിത്ർ ദിനത്തിലെ സൂര്യൻ അസ്തമിക്കുന്നത് വരെയാണ് സകാത് നൽകാനുള്ള സമയം. അതിനാൽ പെരുന്നാൾ ദിനത്തിലെ സൂര്യൻ അസ്തമിക്കും മുമ്പേ തന്റെയും തന്റെ ആശ്രിതരായ ഭാര്യ, ബന്ധു എന്നിവരുടെയും സകാത് നൽകൽ നിർബന്ധമാണ്. ത്വലാഖ് ചൊല്ലിയ ഭാര്യ മടക്കിയെടുക്കാവുന്ന ഘട്ടത്തിലാണെങ്കിൽ, അല്ലെങ്കിൽ പൂർണ മോചിതയാണെങ്കിലും ഗർഭിണിയാണെങ്കിൽ അവരുടെ സകാത് കൂടി ഇവൻ നൽകണം. പിണങ്ങിക്കഴിയുന്ന ഭാര്യക്ക് ചെലവു നൽകൽ നിർബന്ധമില്ലാത്തത് പോലെ അവളുടെ സകാത് നൽകലും നിർബന്ധമില്ല. അവൾക്ക് കഴിവുണ്ടെങ്കിൽ അതു നൽകൽ അവളുടെ ബാധ്യതയാണ്. ഫിത്ർ സകാത് പെരുന്നാൾ പകൽ കഴിയുന്നത് വരെ പിന്തിക്കൽ ഹറാമാണ്. എന്നാൽ തന്റെ സമ്പത്തോ വാങ്ങാൻ അർഹതയുള്ള വ്യക്തിയോ സ്ഥലത്തില്ലാതിരിക്കുക പോലുള്ള കാരണങ്ങളുണ്ടെങ്കിൽ പിന്തിക്കാം. കാരണം കൂടാതെ പിന്തിച്ചാൽ അവൻ തെറ്റുകാരനാകുമെന്നതിനാൽ എത്രയും പെട്ടെന്ന് ഖളാഅ് വീട്ടൽ നിർബന്ധമാണ്. പെരുന്നാൾ നിസ്കാരത്തിനപ്പുറം പിന്തിക്കാതിരിക്കൽ സുന്നത്തും പിന്തിക്കൽ കറാഹത്തുമാണ്. എന്നാൽ ബന്ധുക്കളെയോ അയൽക്കാരെയോ പ്രതീക്ഷിച്ച് അസ്തമയത്തിന് മുമ്പുവരെ പിന്തിക്കൽ സുന്നത്തുണ്ട്. ഭക്ഷ്യധാന്യത്തിന് പകരം അതിന്റെ വിലകൊടുത്താൽ മതിയാവൂല.

ഗൾഫിലുള്ളവരുടെ ഫിത്റ് സകാത് ഇവിടെ നൽകിയാൽ മതിയാകുമോ?


വിദേശത്തുള്ളവരുടെ ഫിത്വർ സകാത്ത് അവരുള്ള നാട്ടിൽ തന്നെ നൽകണം. അവിടെ അവകാശികളില്ലെങ്കിൽ അവകാശികളുള്ള ഏറ്റവും അടുത്ത നാട്ടിൽ നൽകണം. മദ്ഹബിലെ രണ്ടാം അഭിപ്രായ മനുസരിച്ച് ഇവിടെ നൽകിയാലും സകാത്ത് വീടുന്നതാണ്.

ഫിത്വർ സകാത്ത് പെരുന്നാൾ ദിവസം കഴിഞ്ഞതിന് ശേഷം നൽകാൻ ഓപ്ഷനുണ്ടോ? ഉത്തമ സമയം ഏതാണ്?


ഫിത്ർ സകാത് ചെറിയ പെരുന്നാൾ ദിവസം പെരുന്നാൾ നിസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് തന്നെ നൽകലാണ് ഏറ്റവും ഉത്തമം. പെരുന്നാൾ നിസ്കാര ശേഷത്തേക്ക് പിന്തിച്ചു വെക്കൽ കറാഹത്താണ്. എന്നാൽ ബന്ധുവിനെയോ അയൽവാസിയെയോ പ്രതീക്ഷിക്കുന്നതിന് വേണ്ടി പിന്തിക്കുന്നതിൽ കറാഹത്തില്ല. ഇക്കാരണത്താൽ നിസ്കാരശേഷത്തേക്ക് പിന്തിക്കൽ സുന്നത്താണ്. അതേ സമയം ഫിത്വർ സകാത്ത് പെരുന്നാൾ ദിവസം തന്നെ നൽകൽ നിർബന്ധമാണ്. അഥവാ മഗ്രിബിന് മുമ്പ് തന്നെ അവകാശികൾക്ക് നൽകണം. പെരുന്നാൾ ദിവസത്തിലെ സൂര്യാസ്തമയത്തിന് അപ്പുറത്തേക്ക് പിന്തിക്കൽ നിഷിദ്ധമാണ്. ബന്ധുവിനേയോ അയൽവാസിയേയോ പ്രതീക്ഷിച്ചു കൊണ്ടാണെങ്കിൽ പോലും സൂര്യാസ്തമയത്തിനപ്പുറം പിന്തിക്കാൻ പാടില്ല. മഗ്‌രിബ് വരെ ഒരാൾ കൊടുത്തിട്ടില്ലെങ്കിൽ അത് വരെ പിന്തിച്ചത് കുറ്റകരമാണെങ്കിലും അതിന് ശേഷം സകാത്ത് നൽകുന്നത് കൊണ്ടും സകാത്ത് വീടുന്നതാണ്. അവൻ എത്രയും വേഗം തന്നെ കൊടുത്ത് വീട്ടേണ്ടതാണ്. എന്നാൽ സകാത്തിന്റെ അവകാശി നാട്ടിലെത്തിയിട്ടില്ലാത്തതിനാലോ കൊടുക്കാനുള്ള ധനം കയ്യിലില്ലാത്തതിനാലോ മഗ്‌രിബിനപ്പുറത്തേക്ക് പിന്തിക്കുന്നത് നിഷിദ്ധമല്ല. (തുഹ്ഫ: 3-308).

നിസ്കാരത്തിൽ ഇരിക്കുന്നവർ ഇരുത്തം ശരിയാക്കാൻ വേണ്ടി കാൽ മുട്ടുകളുടെ മുന്നിലേക്ക് നെറ്റി നേരിടുന്ന വിധം കുനിഞ്ഞാൽ നിസ്കാരം ബാത്വിലാകുമെന്ന് ഫത്ഹുൽ മുഈനിൽ പറഞ്ഞിട്ടുണ്ടല്ലോ. അതനുസരിച്ച് സുജൂദിൽ നിന്നും അത്തഹിയ്യാത്തിൽ നിന്നും നിറുത്തത്തിലേക്ക് ഉയരുമ്പോൾ രണ്ടു കൈകൾ നിലത്ത് കുത്തി എഴുന്നേറ്റാൽ നിസ്കാരം ബാത്വിലാകുമോ? കാൽ മുട്ടുകൾക്ക് മുന്നിലേക്ക്, നെറ്റി നേരിടുന്ന പ്രശ്നം ഇവിടെയുമില്ലേ?


ഇരിക്കുന്നവൻ കാൽ മുട്ടുകൾക്ക് മുന്നിലുള്ള സ്ഥലത്തേക്ക് നെറ്റി നേരിടുന്ന വിധം കുനിഞ്ഞാൽ നിസ്കാരം ബാത്വിലാകുമെന്ന് ഫത്ഹുൽ മുഈനിൽ പറഞ്ഞിട്ടുണ്ട്. ശൈഖ് മഖ്ദൂം(റ) എ ഴുതുന്നു. ഫിഅലിയ്യായ (പ്രവർത്തിക്കേണ്ടതായ ) ഫർളിനെ ഇമാമിനോടുള്ള തുടർച്ചക്കു വേണ്ടിയല്ലാതെ ബോധപൂർവ്വം വർദ്ധി പ്പിക്കൽ കൊണ്ട് നിസ്കാരം ബാത്വിലാകുന്നതാണ്. റുകൂഇനേയോ സുജൂദിനേയോ വർദ്ധിപ്പിക്കുന്നത് ഇതിനുദാഹരണമാണ്. ശൈഖുന പറഞ്ഞതു പോലെ ഇരിക്കുന്നവൻ കാൽ മുട്ടുകളുടെ മുന്നിലുള്ള സ്ഥലത്തേക്ക് നെറ്റി നേരിടുന്ന വിധം കുനിയൽ ഇതിൽ പെട്ടതാണ്. ഇഫ്തിറാഷ്, തവർറുക് എന്നീ സുന്നത്തുകൾ ലഭ്യമാകുന്ന തിന് വേണ്ടിയാണെങ്കിലും ഇങ്ങനെ കുനിഞ്ഞാൽ നിസ്കാരം ബാത്വിലാകുന്നതാണ്. സുന്നത്ത് ലഭിക്കാൻ വേണ്ടി ബാത്വിലാകുന്ന കാര്യം പറ്റില്ലെന്നതാണ് കാരണം. (ഫത്ഹുൽ മുഈൻ) മേൽ പറഞ്ഞ വിധം കുനിയുന്നത് ഇരുന്ന് നിസ്കരിക്കുന്നവന്റെ റുകൂഅ് ആണല്ലോ. അതിനാൽ അത് റുകൂഅ് വർദ്ധിപ്പിക്കുന്ന വകുപ്പിൽ ഉൾപ്പെടുന്നു. ഇപ്രകാരം കുനിയുന്നത് കാരണം നിസ്കാരം ബാത്വിലാകുമെന്ന് ഇമാം ഇബ്നു ഹജർ(റ) തുഹ്ഫ 2-150 ൽ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം റുകൂഅ് വർദ്ധിപ്പിക്കു കയാണെന്ന ഉദ്ദേശ്യത്തിലായാലേ മേൽ പറഞ്ഞ വിധം കുനിയു ന്നതുകൊണ്ട് നിസ്കാരം ബാത്വിലാവുകയുള്ളൂവെന്നും റുകൂഇന്റെ ഉദ്ദേശ്യമില്ലെങ്കിൽ അതുകൊണ്ട് നിസ്കാരം ബാത്വിലാവുകയില്ലെ ന്നുമാണ് ഇമാം ജമാലു റംലി(റ)ന്റെ ഫത്വയിലുള്ളത്. തവർറുക് , ഇഫ്തിറാഷ് എന്നിവക്ക് വേണ്ടി റുകൂഇന്റെ രൂപം സംഭവിക്കുന്നത് കൊണ്ട് പ്രശ്നമില്ലെന്നാണ് അല്ലാമാ ഖൽയൂബി(റ) പറഞ്ഞിട്ടുള്ളത്. (ഹാശിയത്തു ശർവാനി 2-150) ഇമാം ഇബ്നു ഹജർ(റ), ശൈഖ് മഖ്ദൂം(റ) എന്നിവർ ഖപ്പെടുത്തിയിട്ടുള്ളത് മേൽ പറഞ്ഞവിധം കുനിയുന്നതു കൊണ്ട് നിസ്കാരം ബാത്വിലാകുമെന്ന് തന്നെയാണ്. എന്നാൽ സുജൂദിൽ നിന്നും അത്തഹിയ്യാത്തിന്റെ ഇരുത്തത്തിൽ നിന്നും നിറുത്തത്തിലേക്ക് ഉയരുമ്പോൾ തറയിൽ കൈകൾ കുത്തി എഴുന്നേൽകുന്നത് ഇതിൽ ഉൾപ്പെടുകയില്ല. നിറുത്തത്തിലേക്കുയരുമ്പോൾ തറയിൽ കൈകൾ കുത്തി ഉയരുക എന്നത് തന്നെ നിസ്കാരത്തിന്റെ സുന്ന ത്താണ്. നിസ്കാരത്തിൽ നിർദ്ദേശിക്കപ്പെട്ട കാര്യമായതിനാൽ അതുകൊണ്ട് നിസ്കാരം ബാത്വിലാവുകയില്ലെന്നത് വ്യക്തമാണ്. ഇമാം ഇബ്നു ഹജർ(റ) എഴുതി. സുജൂദിൽ നിന്നും ഇരുത്തത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ കൈപത്തികളുടെയും വിരലുകളുടെയും ഉൾഭാഗം തറയിൽ വെച്ച് അവയുടെ മേൽ ഊന്നൽ നൽകി ഉയരൽ സുന്നത്താണ്. എഴുന്നേൽക്കാൻ കൂടുതൽ സഹായവും താഴ്മക്ക് അനിയോജ്യവും നബി(സ)യിൽ നിന്ന് സ്ഥിരപ്പെട്ടതുമാണിത്. (തുഹ്ഫ 2-103) ഫത്ഹുൽ മുഈൻ പേജ് 70ലും ഇ ക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ശൈഖ് സഈദ് ബാഹസൻ(റ) എഴുതുന്നു. സുജൂദിൽ നിന്നും ഇരുത്തത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ രണ്ട് കൈപത്തികൾ തറയിൽ നിവർത്തി വെച്ച് കൈവെള്ളകളിൽ താങ്ങ് കൊടുത്ത് ഉയരൽ സുന്നത്താണ്. എളുപ്പമുള്ളതും നബി(സ) യിൽ നിന്ന് സ്ഥിരപ്പെട്ടതുമാണിത്. അശക്തനായ വ്യക്തി എഴുന്നേൽക്കുന്നത് പോലെയായിരുന്നു നബി(സ) എഴുന്നേറ്റിരുന്നത്. തല രണ്ടു കാൽ മുട്ടുകൾക്ക് മുന്നിലേക്ക് കൊണ്ടുവന്ന് കൊണ്ടാണിത് ചെയ്യുന്നത്. ഇബ്നു ഹജർ(റ)ന്റെ അഭിപ്രായമനുസരിച്ച് നിസ്കാരത്തെ ബാത്വിലാക്കുന്ന ഇരുന്നു നിസ്കരിക്കുന്നവന്റെ റുകൂഅ് വർദ്ധിപ്പിക്കലാ ണിതെന്ന് പറയപ്പെട്ടത് തള്ളപ്പെടുന്നതാണ്. കാരണം അത് സമ്മതിക്കപ്പെട്ടാൽ തന്നെ ഇവിടെ അത് പ്രശ്നമല്ല. നബി(സ)യിൽ നി ന്ന് സ്ഥിരപ്പെട്ടതും ഇമാമുകൾ വ്യക്തമാക്കിയിട്ടുള്ളതുമാണിത്. (ബുശ്റൽ കരീം 1-82). കടപ്പാട് : ഫതാവ, ചെറുശ്ശോല ഉസ്താദ്

കണ്ണിൽ മരുന്നുറ്റിക്കുക, സുറുമയിടുക, എണ്ണ തേക്കുക, വിക്സ് മണക്കുക തുടങ്ങിയ കാര്യങ്ങൾ കൊണ്ട് നോമ്പ് മുറിയുമോ?


കണ്ണിൽ മരുന്നുറ്റിക്കുന്നതുകൊണ്ടോ സുറുമയിടുന്നത് കൊണ്ടോ നോമ്പ് മുറിയുകയില്ല. കണ്ണിൽ നിന്ന് തൊണ്ടയിലേക്ക് തുറന്ന ദ്വാരമില്ല എന്ന കാരണത്താൽ രുചി തൊണ്ടയിൽ അ നുഭവപ്പെട്ടാൽ പോലും അതുകൊണ്ട് നോമ്പ് മുറിയുന്നതല്ല. എണ്ണ തേക്കുന്നതുകൊണ്ടും നോമ്പ് മുറിയുകയില്ല. രോമക്കുത്തുകൾ എണ്ണ വലിച്ചെടുക്കുന്നത് പ്രശ്നമല്ല. അപ്രകാരം തന്നെ കേവലം വിക്സ് മണത്തു നോക്കൽ കൊണ്ട് നോമ്പ് മുറിയുന്നതല്ല.

ചെവിയിലും മൂക്കിലും മരുന്നുറ്റിച്ചാൽ നോമ്പ് മുറിയുമോ ?


ചെവിയിലും മൂക്കിലും മരുന്നുറ്റിച്ചാൽ നോമ്പ് മുറിയുന്നതാണ്.

ഇഞ്ചക്ഷൻ കൊണ്ട് നോമ്പ് മുറിയുമോ?


ശരീരത്തിന്റെ മാംസപേശികളിലേക്ക് ഇഞ്ചക്ഷൻ, ഇൻസുലിൻ നൽകുന്നതുകൊണ്ട് നോമ്പ് മുറിയുകയില്ല. എന്നാൽ ഞരമ്പിലേക്ക് ഇഞ്ചക്ഷൻ ചെയ്താൽ നോമ്പ് മുറിയുമോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. ഞരമ്പിന്റെ ഉൾഭാഗം നോമ്പ് മുറിയുന്ന കാര്യങ്ങളിൽ ഇമാമുകൾ പറഞ്ഞ 'ജൗഫ്' എന്നതിൽ ഉൾപെടുമെന്നും അതിനാൽ ഞരമ്പിലേക്ക് ഇഞ്ചക്ഷൻ ചെയ്താൽ നോമ്പ് മുറിയുമെന്നുമാണ് ഒരു അഭിപ്രായം. കേരളീയ പണ്ഡിതരിൽ പലരും ഈ അഭിപ്രായക്കാരാണ്. തുറന്ന ദ്വാരം എന്നാൽ പ്രകൃത്യാ തുറക്കപ്പെട്ടതായിരിക്കണമെന്നില്ലെന്നും അപ്പോൾ ദ്വാരം കുത്തിത്തുറന്നതായാലും നോമ്പ് മുറിയുമെന്നും ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നോമ്പ് മുറിയുന്ന കാര്യങ്ങളിൽ ഇമാമുകൾ പറഞ്ഞ ‘ജൗഫ് എന്നതിൽ ഞരമ്പിന്റെ ഉൾഭാഗം ഉൾപ്പെടുകയില്ലെന്നും അതിനാൽ ഇഞ്ചക്ഷൻ ഞരമ്പിലേക്കായാലും നോമ്പ് മുറിയുകയില്ലെന്നും പറയുന്ന പണ്ഡിതരുമുണ്ട്. അത് കൊണ്ട് തന്നെ നോമ്പുള്ള സമയത്ത് പരമാവധി ഇത്തരം കാര്യങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. ഇനി അത്യാവശ്യമായി വന്നാൽ തന്നെ ആ നോമ്പ് ഖളാഅ് വീട്ടുക എന്നത് സൂക്ഷ്മതക്ക് നല്ലതാണ്.

തറാവീഹ് നിസ്കരിക്കുന്നവനെ തുടർന്ന് ഇശാഅ് നിസ്കരിക്കാമോ?


തറാവീഹ് നിസ്കരിക്കുന്നവനെ തുടർന്ന് ഇശാഅ് നിസ്കരിക്കുമ്പോൾ ഇമാം രണ്ട് റക്അത്ത് നിസ്കരിച്ചു സലാം വീട്ടിയാൽ തുടർച്ച അവസാനിക്കുന്നതാണ്. അതിനാൽ ഇങ്ങനെ തുടർന്നവൻ വൈകി പിന്തുടർന്ന് മസ്ഖിനെപ്പോലെ ബാക്കി റക്അത്തുകൾ നിസ്കരിച്ച് പൂർത്തിയാക്കണം. തറാവീഹ് നിസ്കരിക്കുന്നവൻ വീണ്ടും തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നിസ്കാരത്തിൽ പ്രവേശിച്ചത് കൊണ്ട് അദ്ദേഹത്തിന് തുടർച്ച ലഭിക്കുന്നതല്ല. അതേ സമയം രണ്ടാമതും തുടർച്ചയുടെ നിയ്യത്ത് ചെയ്ത് അദ്ദേഹത്തെ തുടർന്ന് നിസ്കരിക്കൽ അനുവദനീയമാണ്. പക്ഷേ, ഫർള് നിസ്കരിക്കുന്നവൻ സുന്നത്ത് നിസ്കരിക്കുന്നവനെ തുടർന്നു നിസ്കരിക്കുന്നതിലേറെ ഉത്തമം തനിച്ചു നിസ്കരിക്കലാണ്. തുഹ്ഫ: 20/332,333,359

പല സ്ഥലങ്ങളിലും റമളാൻ 17-ാം രാവ് ഹയാത്താക്കുന്ന പതിവുണ്ട്. ഇതിന് വല്ല തെളിവുമുണ്ടോ?


റമളാൻ 17-ാം രാവിനെ പ്രത്യേകമായി കണ്ട് ഹയാത്താക്കുന്ന രീതി പഴയ കാലം മുതൽ തന്നെ നിലവിലുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. സൈദുബ്നു സാബിത്(റ) റമളാൻ 17-ാം രാവ് ഹയാത്താക്കാറുണ്ടായിരുന്നു.രാത്രിയിൽ ഉറക്കൊഴിവാക്കിയ ലക്ഷണം രാവിലെ അവിടുത്തെ മുഖത്ത് പ്രകടമായിരുന്നു. "ഈ രാത്രിയുടെ പ്രഭാതത്തിലാണ് അല്ലാഹു(സു) സത്യവും അസത്യവും വേർതിരിക്കു കയും മുസ്ലിംകൾക്ക് വിജയം നൽകുകയും ചെയ്തതെന്ന് മഹാനവർകൾ അനുസ്മരിക്കുകയും ചെയ്തിരുന്നു. ഇമാം ത്വബരി(റ) താരീഖുൽ ഉമമി വൽമുലൂക് എന്ന ഗ്രന്ഥത്തിലും ഇമാം ഇബ്നു ഇസ്ഹാഖ്(റ) സീറതുന്ന ബവിയിലും ഇതുദ്ധരിച്ചിട്ടുണ്ട്. റമളാൻ പതിനേഴാം രാവ് ലൈലതുൽ ഖദ്റാണെന്ന അഭിപ്രായവും ഉണ്ട്. ഹസനുൽ ബസ്വരി(റ)വിൽ നിന്ന് ഇമാം റാസി(റ) തഫ് സീറുൽ കബീറിൽ ഇതുദ്ധ രിച്ചിട്ടുണ്ട്.

മത ചടങ്ങുകളുടെ ഫ്ളക്സുകളിൽ പണ്ഡിതന്മാരുടെയും മറ്റും ഫോട്ടോകൾ വെക്കാറുണ്ട്. ഇതിന്റെ വിധി എന്താണ്?


മനുഷ്യരടക്കമുള്ള ജീവികളുടെ രൂപമുണ്ടാക്കൽ നിരോധിക്കപ്പെട്ട മഹാ പാപമാണ്. ജീവൻ നില നിൽക്കാൻ അനിവാര്യമായ ബാഹ്യ അവയവങ്ങളെല്ലാം ഉൾകൊള്ളുന്ന വിധത്തിലുള്ള രൂപമുണ്ടാക്കലാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. തലയില്ലാത്ത രൂപമുണ്ടാക്കുന്നത് നിഷിദ്ധമല്ല. തലയില്ലാതെ ജീവിക്കുകയില്ലല്ലോ. ഇമാം ഇബ്നു ഹജർ(റ) എഴുതുന്നു: ജീവിയുടെ രൂപമുണ്ടാക്കൽ ഹറാമാണ്. തറയിലാണെങ്കിലും ഹറാം തന്നെ. ശാപം പോലെ ശക്തമായ താക്കീത് ഇക്കാര്യ ത്തിലുണ്ട്. രൂപമുണ്ടാക്കുന്നവർ അന്ത്യനാളിൽ ഏറ്റവും ശക്തമായ ശിക്ഷ അനുഭവിക്കുന്നവരാണെന്നും ഹദീസിലുണ്ട്. എന്നാൽ തല യില്ലാത്ത രൂപം ഉണ്ടാക്കൽ അനുവദനീയമാണ്. ജീവന് നിർബന്ധമായ ഏതു ഭാഗം ഇല്ലാതെയാകുന്നതും തലയില്ലാത്തതു പോ ലെയാണ്. അനുവദനീയമാണ്. ബാഹ്യ അവയവങ്ങളാണ് പരിഗണ ന. ആന്തരിക അവയവങ്ങളില്ലെന്നതിനാൽ അനുവദനീയമാവുകയില്ല. (തുഹ്ഫ 7-433) താഴെ പകുതി ഇല്ലാതിരിക്കുന്നത് തലയില്ലാതിരിക്കുന്നതു പോലെയാണെന്നും അത് അനുവദനീയമാണെന്നും ഇമാം ഇബ്നു ഖാസിം(റ) സൂചിപ്പിച്ചിട്ടുണ്ട്. (ഹാശിയത്തു തുഹ്ഫ) ജീവികളുടെ രൂപമുണ്ടാക്കുന്നത് നിഷിദ്ധമാണെന്നതുപോലെ ഉണ്ടാക്കപ്പെട്ട രൂപം നില നിറുത്തലും സൂക്ഷിക്കലും നിഷിദ്ധമാണ്. എന്നാൽ അനാദരിക്കപ്പെടുന്ന വിധത്തിലാണെങ്കിൽ നിർമ്മാണം നിഷിദ്ധമാണെങ്കിലും അത് സൂക്ഷിക്കുന്നതും നിലനിറുത്തു ന്നതും നിഷിദ്ധമല്ല. (തുഹ്ഫ 7/433) നീളവും വീതിയും ഘനവുമുള്ള ബൊമ്മ രൂപങ്ങൾ നിരോ ധിക്കപ്പെട്ടതാണെന്നതിൽ അഭിപ്രായ വിത്യാസമില്ല. വരയാണെങ്കിൽ വിവിധ അഭിപ്രായങ്ങളുണ്ട്. ക്യാമറ ഫോട്ടോകൾ നിരോധി ക്കപ്പെട്ട വകുപ്പിൽ ഉൾപ്പെടാനാണ് ഏറെ സാധ്യത. എന്നാൽ ഫോട്ടോഗ്രാഫിലൂടെ എടുക്കപ്പെടുന്ന ഫോട്ടോകളിൽ വരക്കപ്പെട്ട ഫോട്ടോകളിലുള്ള വിത്യസ്ത അഭിപ്രായങ്ങൾ വരാനും കണ്ണാടികളിൽ കാണപ്പെടുന്ന രൂപങ്ങൾ നിലനിറുത്തുന്നതു പോലെയാകയാൽ അനുവദനീയമാകാനും സാധ്യതയുണ്ടെന്നാണ് അല്ലാമാ സയ്യിദ് അലവി അസ്സഖാഫ് തർശീഹിൽ പറഞ്ഞിട്ടുള്ളത്. (തർശീഹ് :324) ഫോട്ടോകളും രൂപങ്ങളും നിഷിദ്ധമായതും അല്ലാത്തവയുമുണ്ടെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ഏതായാലും ഫ്ളക്സുകളിലും നോട്ടീസുകളിലും ഫോട്ടോകൾ പ്രദർശി പ്പിക്കുന്ന രീതി നല്ലതല്ല. പണ്ഡിതരുടെയും നേതാക്കളുടെയും ഫോട്ടോ പ്രദർശനം ഇസ്ലാമിക ദഅവത്തിന്റെ മാർഗമാണെന്ന ധാരണ സൃഷ്ടിക്കപ്പെട്ടുകൂടാ.

കണ്ണില്‍ മരുന്ന് ഉറ്റിക്കൽ കൊണ്ട് നോമ്പ് മുറിയുമോ?


കണ്ണിൽ മരുന്നിറ്റിക്കൽ കൊണ്ട് നോമ്പ് മുറിയുന്നതല്ല. എന്നാൽ ഈ വിഷയത്തിൽ മറ്റു ചില മദ്ഹബുകളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളത് കൊണ്ട് അവ പരിഗണിച്ച് അത്യാവശ്യമില്ലെങ്കിൽ കണ്ണിൽ മരുന്നിറ്റിക്കലിനെ ഒഴിവാക്കൽ നല്ലതാണ്.

നഖം മുറിക്കുന്നതിൽ ഏറ്റവും ഉത്തമമായ രൂപം ഏതാണ്?


കാലുകൾക്ക് മുമ്പ് കൈകൾ കൊണ്ട് തുടങ്ങുക. ആദ്യം വലതു കയ്യിന്റെ ചൂണ്ടുവിരൽ രണ്ടാമതായ് നടുവിരൽ മൂന്നാമതായ് അണിവിരലും ചെറുവിരൽ നാലാമതായും പെരുവിരൽ അഞ്ചാമതായും മുറിക്കണം. ശേഷം ഇടതു കൈയ്യിലേക്ക് നീങ്ങണം. ഇടതു കയ്യിൽ ചെറുവിരൽ പിന്നീട് അണി വിരൽ, ശേഷം നടുവിരൽ, അതിനും ശേഷം ചൂണ്ടുവിരൽ, ഒടുവിൽ പെരുവിരൽ എന്ന ക്രമത്തിലാണ് മുറിക്കേണ്ടത്. അനന്തരം വലതു കാലിന്റെ ചെറുവിരൽ കൊണ്ടു തുടങ്ങി ഇടതു കാലിന്റെ ചെറുവിരൽ കൊണ്ട് അവസാനിപ്പിക്കണം. (മിർഖാത്ത് 8/289).

ശഅബാൻ മാസം തുടങ്ങിയ ശേഷമുള്ള പ്രാർഥനകളിൽ അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ വ ശഅബാൻ എന്ന് ദുആ ചെയ്യുമ്പോൾ റജബിനെ കൂടി ഉൾപെടുത്തുകയാണോ ഒഴിവാക്കുകയാണോ വേണ്ടത്?


ചോദ്യത്തിൽ പരാമർശിച്ച പ്രാർത്ഥന നബി (സ) ദുആ ചെയ്തതായി ഉദ്ധരിക്കപ്പെട്ട പ്രാർത്ഥനാ വചനമാണ്. അത്തരം ഉദ്ധരണികളിൽ റജബിനെ ഒഴിവാക്കിയതായി കാണുന്നില്ല. പൂർവസൂരികളായ പണ്ഡിതന്മാർ റജബിനെ ഒഴിവാക്കാതെ തന്നെയാണ് ശഅ്ബാൻ മാസത്തിലും ദുആ ചെയ്തത്. എന്ന് മാത്രമല്ല റജബ് മാസത്തിൽ ബർക്കത് ചെയ്യണേ എന്ന് മാസം കഴിഞ്ഞതിനു ശേഷം ദുആ ചെയ്യുന്നതും പുണ്യം തന്നെയാണ്. അതുകൊണ്ട് തന്നെ ശഅബാൻ മാസം തുടങ്ങിയ ശേഷമുള്ള പ്രാർഥനകളിൽ അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ വ ശഅബാൻ എന്ന് ദുആ ചെയ്യുമ്പോൾ റജബിനെ കൂടി ഉൾപെടുത്തുകയാണ് അഭികാമ്യം എന്ന് മനസ്സിലാക്കാം.

ളുഹാ നിസ്കാരത്തെക്കുറിച്ച് വിശദീകരിക്കുമോ?


ളുഹാ നിസ്കാരം ചുരുങ്ങിയത് രണ്ടു റക്അത്തും കൂടിയാൽ എട്ട് റക്അതുമാണ്. ഭൂരിപക്ഷ പണ്ഡിതൻമാരും അംഗീകരിച്ച ഈ അഭിപ്രായം അനുസരിച്ച് ളുഹാ എന്ന നിയ്യത്തോടെ എട്ടിൽ കൂടുതൽ നിസ്കരിക്കൽ ഹറാമാണെന്നു വരും. എന്നാൽ 8 റക്അത്ത് എന്നത് ശ്രേഷ്ഠമായ റക്അതിൻ്റെ കണക്കാണ് എന്ന അഭിപ്രായവുമുണ്ട്. ഈ അഭിപ്രായ പ്രകാരം 12 റക്അത് വരെ നിസ്കരിക്കാം. ളുഹാ നിസ്കാരത്തിൽ ഓരോ രണ്ട് റക്അതുകളിലും സലാം വീട്ടൽ സുന്നത്താണ് . സൂര്യനുദിച്ചതിനുശേഷം ഒരു കുന്തത്തിൻ്റെ അളവ് ഉയർന്നതു ( ഏഴു മുഴം ഏകദേശം 20 മിനിറ്റ് ) മുതൽ ളുഹ്റിൻ്റെ സമയം തുടങ്ങുന്നത് വരെയാണ് ളുഹാ നിസ്കാരത്തിൻറെ സമയം. പകൽ കാൽ ഭാഗം ആവുമ്പോൾ നിസ്കരിക്കലാണ് ഏറ്റവും നല്ലത്.والشمس ، والضحى എന്നീ സൂറതുകൾ ളുഹാ നിസ്കാരത്തിൽ ഓതൽ സുന്നതാണ്.

اللَّهُمَّ بَارِكْ لَنَا فِي رَجَب وَشَعْبَانَ وَبلغنا رَمَضَانَ എന്ന ദുആഇൽ ഫീ റജബിൻ എന്നാണോ ഫീ റജബ എന്നാണോ ഉച്ചരിക്കേണ്ടത്?


അറബി ഭാഷയിലെ വ്യാകരണ ശാസ്ത്രത്തിൽ റജബ് എന്ന നാമം മുൻസ്വരിഫാണോ ഗയ്റ് മുൻസ്വരിഫാണോ എന്ന ചർച്ചയുണ്ട്. മുൻസ്വരിഫാണ് എന്ന അഭിപ്രായമനുസരിച്ച് ഫീ റജബിൻ എന്നാണ് ഉച്ചരിക്കേണ്ടത്. ഗയ്റ് മുൻസ്വരിഫാണ് എന്ന് പരിഗണിക്കുകയാ ണെങ്കിൽ ഫീ റജബ എന്നും പറയാം. പ്രസ്തുത പ്രാർത്ഥന ഉദ്ധരിക്കപ്പെട്ട ഹദീസിന്റെ ചില ശറഹുകളിൽ റജബ് എന്ന പദം തൻവീനോടുകൂടിയാണ് വായിക്കേണ്ടത് എന്ന് ചില ശാരിഹുകൾ വ്യക്തമാക്കിയതായി കാണാം. കൂടാതെ മുൻകാല പണ്ഡിതന്മാർ ഈ രൂപത്തിൽ തന്നെയാണ് ഉപയോഗിച്ചതായ് കാണുന്നതും. തൻവീനോട് കൂടി ഫീ റജബിൻ എന്ന് ഉപയോഗിക്കലാണ് അഭികാമ്യം. 1369 - (وعن أنس قال: كان رسول الله صلى الله عليه وسلم إذا دخل رجب) منون وقيل غير منصرف (قال: " اللهم بارك لنا ") ، أي: في طاعتنا وعبادتنا (" في رجب وشعبان، وبلغنا رمضان ") [الملا على القاري ,مرقاة المفاتيح شرح مشكاة المصابيح ,3/1022]

ഇന്ന് പള്ളികളിൽ പലരും കസേരയിലിരുന്നു കൊണ്ടാണ് നിസ്കരിക്കാറുള്ളത്. സുഖമായി നടന്നു വരുന്നവർ പോലും കസേരയിലിരുന്ന് നിസ്കരിക്കുന്നത് കാണുന്നു. ഇത് അനുവദനീയമാണോ? ഇനി നിൽക്കാൻ കഴിയില്ലെങ്കിൽ തന്നെ തറയിൽ ഇരിക്കുകയല്ലേ വേണ്ടത്? വിശദീകരിച്ച് തരുമോ?


ഇന്ന് സാധാരണഗതിയിൽ കസേരയിലിരുന്ന് നിസ്കരിക്കുന്നവരെ മൂന്ന് വിഭാഗമായി തിരിക്കാം.

1. നിൽക്കാൻ പറ്റുമെങ്കിലും സുജൂദ് ചെയ്യാനും തറയിൽ ഇരിക്കാനും പറ്റാത്തവരാണ് ഒന്നാമത്തെ വിഭാഗം.

ഇവർ നിന്ന് തന്നെ നിസ്കാരം തുടങ്ങണം. റുകൂഅ് ശരിയായ രീതിയിൽ തന്നെ ചെയ്യണം. നിർത്തത്തിൽ നിന്ന് തന്നെ പരമാവധി കുനിഞ്ഞ് സുജൂദ് ചെയ്യാം. അല്ലെങ്കിൽ ഒരു കസേരയിട്ട് ഇരുന്നു കൊണ്ടും സുജൂദ് ചെയ്യാം. ഇവിടെ തൻകീസ് (പിൻ ഭാഗം മുകളിലും തല ഭാഗം താഴെയും വരുന്ന രൂപം) സാധ്യമല്ലാത്തതിനാൽ കഴിയാവുന്നിടത്തോളം കുനിഞ്ഞാൽ മതി. നെറ്റി വെക്കൽ നിർബന്ധമില്ല. എങ്കിലും സുന്നത്തുണ്ട്. പക്ഷേ, പരമാവധി കുനിഞ്ഞ ശേഷം മാത്രമേ നെറ്റി വെക്കാവൂ. ഉയർന്ന സ്റ്റൂൽ വെച്ച് കുനിയുന്നതിന്റെ അളവ് കുറക്കരുത്.

2. നിൽക്കാൻ കഴിയൂല(സഹിക്കാൻ പറ്റാത്ത പ്രയാസമുണ്ട് ). സാധാ (തറയിൽ)ഇരിക്കാനും സുജൂദിനും പറ്റും എന്ന നിലയിലുള്ളവരാണ് രണ്ടാമത്തെ വിഭാഗം.

നെറ്റിത്തടം, കാൽമുട്ട്, കൈകൾ, നിലത്ത് അമർത്തിയതായ നിലക്ക് കാൽവിരലുകൾ എന്നിവ ശരിയായ നിലക്ക് വെച്ച് സുജൂദ് ചെയ്യുന്നതിന് കസേരയിലിരിക്കുന്നത് തടസ്സമാകുന്നുണ്ടെങ്കിൽ ഇവർ കസേരയിൽ ഇരിക്കരുത്. മറിച്ച് തറയിൽ തന്നെ ഇരിക്കണം. അല്ലാത്ത പക്ഷം, സുജൂദ് നേരെ കിട്ടൂലല്ലോ! സുജൂദിന്റെ വേളയിൽ നിബന്ധനകൾ പാലിച്ച് ശരിയായ രീതിയിൽ സുജൂദ് ചെയ്യാൻ കഴിയുമെങ്കിൽ നിസ്കാരത്തിലെ ഇരുത്തത്തിന്റെ വേളയിൽ മാത്രം കസേര ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമില്ല.

3. (ഒരു നിലക്കും)നിൽക്കാനും പറ്റൂല. തറയിലിരിക്കാനും സുജൂദ് നേരെ ചെയ്യാനും പറ്റില്ല. ഇവരാണ് മൂന്നാമത്തെ വിഭാഗം.

മറ്റു വഴിയില്ല എന്നത് കൊണ്ട് ഇവിടെ പൂർണ്ണമായും കസേര ഉപയോഗിക്കാം. നിയമാനുസൃതം നിൽക്കാനും തറയിലിരിക്കാനും സുജൂദ് പൂർണമായി നിർവ്വഹിക്കാനും കഴിയാത്തവർ കസേരയിലിരുന്ന് നിസ്കരിച്ചാൽ നിസ്കാരം സ്വഹീഹാകുന്നതാണ്. നിൽക്കാൻ കഴിവുള്ളവർ ഫർള് നിസ്കാരത്തിൽ നിൽക്കൽ നിർബന്ധമാണ്. അവർ കസേരയിലിരുന്ന് തക്ബീറതുൽ ഇഹ്റാമും ഫാതിഹയും നിർവ്വഹിച്ചു കൊണ്ട് നിസ്കരിച്ചാൽ ഫർള് നിസ്കാരം സ്വ ഹീഹാകുകയില്ല. നിൽക്കാൻ കഴിയില്ല എന്നത് കൊണ്ട് മാത്രം കസേര നിസ്കാരം പറ്റില്ല. കാരണം, കസേര നിസ്കാരത്തിൽ സു ജൂദിന്റെ കൃത്യമായ രൂപം ലഭിക്കുന്നില്ല. നിൽക്കാൻ കഴിയില്ല എന്ന കാരണത്താൽ നേരെ നിർവ്വഹിക്കാൻ പറ്റുന്ന സുജൂദ് നഷ്ടപ്പെടുത്താൻ പറ്റില്ലല്ലോ. അവർ തറയിലിരുന്ന് കൃത്യമായി സുജൂദ് നിർവ്വഹിക്കേണ്ടതാണ്.

കസേര നിസ്കാരം അനുവദനീയവും അല്ലാത്തതുമുണ്ടെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

സ്ത്രീകൾ മുടി കെട്ടിവെച്ചു കൊണ്ട് നിസ്കരിക്കുന്നത് കറാഹത്താണോ? മുടി കെട്ടാതെ നിസ്കരിക്കുമ്പോൾ എത്ര ശ്രദ്ധിച്ചാലും കുറഞ്ഞ മുടികൾ മുഖ മക്കനക്ക് പുറത്താവുന്നുണ്ട്. അപ്പോൾ എന്താണു ചെയ്യേണ്ടത്?


നിസ്കാരത്തിൽ വസ്ത്രവും മുടിയും മടക്കിയും ചുരുട്ടിയുമെല്ലാം വെക്കൽ കറാഹത്താണ്. അങ്ങിനെ ചെയ്യരുതെന്ന് എന്നോട് കൽപിക്കപ്പെട്ടിരിക്കുന്നുവെന്ന് നബി (സ്വ) പറഞ്ഞത് ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട്. അങ്ങനെ വെക്കുന്നത് ഭക്തിക്കും വിനയത്തിനും ചേർന്നതല്ല. എന്നാൽ മുടി ചുരുട്ടി വെക്കൽ കറാഹത്താകുന്നത് പുരുഷന്മാർക്ക് മാത്രമാണെന്നും സ്ത്രീകൾക്ക് കറാഹത്തില്ലെന്നും ഇമാംറംലി(റ) നിഹായയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ മുടി കെട്ടി വെച്ചില്ലെങ്കിൽ നിസ്കാരം ബാത്വിലാകുന്ന അവസ്ഥയാണെങ്കിൽ മുടി ഒതുക്കി കെട്ടിവെക്കൽ നിർബന്ധമായിത്തീരുമെന്ന് ഹാശിയത്തുൽ ഖൽയൂബിയിൽ (1/193) കാണാം.

അവ്വാബീൻ നിസ്കാരത്തെക്കുറിച്ച് വിശദീകരിക്കുമോ?


സ്വലാതുൽ അവ്വാബീൻ ജമാഅത്ത് സുന്നത്തില്ലാത്ത ഇനത്തിൽപെട്ട സുന്നത്ത് നിസ്കാരമാണ്.ഇരുപത് റക്അത്ത് നിസ്കാരമാണിത്. ഇശാഇനും മഗ്‌രിബിനുമിടയിലായാണ് സമയം. ആറ്, നാല്, രണ്ട് എന്നിങ്ങനെയാണ് റക്അത്തുകളെന്ന റിപ്പോർട്ടുമുണ്ട്. ഏറ്റവും ചുരുങ്ങിയത് രണ്ടു റക്അത്താണ്. മുമ്പ് നഷ്ടമായതോ മറ്റോ നിസ്കരിച്ചുകൊണ്ടും ഇത് നിർവഹിക്കാം. എന്നാൽ ശൈഖുനായുടെ അഭിപ്രായം അതു പറ്റില്ലെന്നാണ്. മഗ്‌രിബിന്റെ ദിക്റുകൾ കഴിഞ്ഞ ശേഷം നിസ്കരിക്കലാണ് ഉത്തമം.

നിസ്കാരത്തിന് മുമ്പ് നിർവ്വഹിക്കേണ്ട റവാതിബ് നിസ്കാരങ്ങൾ പിന്തിക്കുന്നതിന്റെ വിധി?


ഫർള് നിസ്കാരങ്ങൾക്ക് മുമ്പുള്ള റവാതിബ് സുന്നത്തുകളെ ഫർളിന് പിന്നിലേക്ക് മാറ്റാവുന്നതാണ്. അപ്പോഴും അത് അദാആയി തന്നെയാണ് പരിഗണിക്കപ്പെടുക. ചിലപ്പോൾ പിന്തിക്കൽ സുന്നതായി വരും. ഉദാഹര ണത്തിന്, ഒരാൾ എത്തിയത് നിസ്കാരം തുടങ്ങിയ ശേഷമാണ്. അല്ലെങ്കിൽ നിസ്കാരം തുടങ്ങാറാവുകയും സുന്നത്തിന് നിന്നാൽ ഇമാമിനോടൊപ്പം തക്ബീറതുൽ ഇഹ്റാമിന്റെ പുണ്യം നഷ്ടമാവുമെന്നും വരിക. ഇത്തരം സാഹചര്യങ്ങളിൽ സുന്നത്ത് തുടങ്ങൽ കറാഹത്താണ്. സമയമായിട്ടില്ല എന്ന കാരണത്താൽ ശേഷമുള്ള റവാതിബുകളെ നിസ്കാരത്തിന് മുമ്പിലേക്ക് മാറ്റാനാവില്ല.

ഇമാമിനെ ഇഅ്തിദാലിൽ വെച്ച് തുടരുന്ന മസ്ബൂഖ് ഇഅ്തിദാലിലേക്ക് പോകുന്നതിന് തക്ബീർ പറയേണ്ടതുണ്ടോ?


ഇമാമിനോടൊപ്പം നീങ്ങുന്ന മസ്ബൂഖ് അവന്റെ നീക്കങ്ങൾക്ക് തക്ബീർ ചൊല്ലണം. തുടരുന്ന നേരം ഇമാം ഇഅ്തിദാലിലാണെങ്കിൽ സുജൂദിലേക്ക് കുനിയുന്നതിനും അതിന് ശേഷമുള്ളവയ്ക്കും തക്ബീർ ചൊല്ലണം. ഓത്തിന്റേതല്ലാത്ത സുജൂദിലാണ് തുടരുന്നതെങ്കിൽ കുനിയുന്നതിന് തക്ബീർ പറയേണ്ടതില്ല. ഇമാമിനോട് ചേരുന്നിടത്തെ ദിക്റുകൾ,തഹ്മീദ്, തസ്ബീഹ്, അത്തഹിയ്യാത്ത്, ദുആഅ് എന്നിവ മഅ്മൂമും ചൊല്ലണം. സുന്നതാണത്. നബികുടുംബത്തിന്റെ മേലുള്ള സ്വലാത് ചൊല്ലൽ, മഅ്മൂമിന് ഒന്നാം അത്തഹിയ്യാത്തിന്റെ സ്ഥാനത്താ ണെങ്കിലും, സുന്നത്തുണ്ട്(ഫത്ഹുൽ മുഈൻ).

ഖുർആൻ ഓതിയ ശേഷം മുസ്ഹഫിന്റെ പേജ് മടക്കി അടയാളം വെക്കുന്നതായി കാണാറുണ്ട്. അക്ഷരങ്ങളില്ലാത്ത വെള്ള ഭാഗമാണ് മടക്കാറുള്ളത്. ഇതിൽ തെറ്റുണ്ടോ?


മുസ്ഹഫിന്റെ ആദരവിന് യോജിക്കാത്ത പ്രവർത്തിയായതിനാൽ മുസ്ഹഫിന്റെ പേജ് മടക്കി അടയാളം വെക്കുന്നത് തെറ്റാണ്.

ഒരു സ്ഥലത്ത് ജമാഅത്തായി മയ്യിത്ത് നിസ്കാരം നടക്കുന്നുണ്ട്. അവിടെ വൈകിയെത്തിയവൻ ഉദാഹരണത്തിന് മൂന്നാമത്തെ തക്ബീറിലാണ് എത്തിയതെങ്കിൽ -എന്താണ് ചെയ്യേണ്ടത്?


മയ്യിത്ത് നിസ്കാരത്തിൽ പിന്തി തുടർന്നവൻ സ്വന്തം ക്രമമാണ് പാലിക്കേണ്ടത് . ഇമാമിനോടൊപ്പം അവന് ലഭിക്കുന്നത് അവന്റെ നിസ്കാരത്തിന്റെ ആദ്യ ഭാഗമായി കണക്കാക്കണം. ഉദാഹരണമായി, മൂന്നാം തക്ബീറിൽ ഇമാമിനെ തുടർന്നവൻ ഫാതിഹ ഓതുകയാണ് വേണ്ടത്. ഫാതിഹ തുടങ്ങുന്നതിന് അല്ലെങ്കിൽ പൂർത്തിയാകുന്നതിന് മുമ്പ് ഇമാം അടുത്ത തക്ബീർ ചൊല്ലിയാൽ അവനും തക്ബീർ ചൊല്ലണം. ഫാതിഹ പൂർത്തിയാക്കേണ്ടതില്ല. ഇമാമിന്റെ നാലാം തക്ബീർ അവന്റെ രണ്ടാം തക്ബീറായതിനാൽ അവൻ സ്വലാത്ത് ചൊല്ലണം. ഇമാമിന്റെ സലാമിന് ശേഷം ബാക്കിയുള്ളവ ക്രമ പ്രകാരം നിസ്കരിക്കണം. (തുഹ്ഫ 3 - 145)

ജനാബതുണ്ടായതിന് വേണ്ടി ബക്കറ്റിൽ നിന്ന് കോരി കുളിക്കുമ്പോൾ ശരീരത്തിൽ നിന്ന് ബക്കറ്റിലെ വെള്ളത്തിലേക്ക് വെള്ളം തെറിച്ചാൽ കുളി സ്വഹീകാകുമോ?


നിർബന്ധമായ കുളി, വുളൂഇൽ ഫർളായ അവയവങ്ങൾ കഴുകൽ തുടങ്ങിയ ശറഇയ്യായ നിര്‍ബന്ധ ശുദ്ധീകരണത്തില്‍ ഒരു തവണ ഉപയോഗിച്ച വെള്ളം മുസ്തഅ്മിലായ വെള്ളം എന്നാണ് അറിയപ്പെടുക. നജസ് കലര്‍ന്നിട്ടില്ലെങ്കിൽ മുസ്തഅ്മിലായ വെള്ളം ഥാഹിറാണ്. അഥവാ സ്വയം ശുദ്ധിയുള്ളതാണ്. പക്ഷെ സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ പറ്റുന്നതുമായ ഥഹൂര്‍ അല്ല. ജനാബതു കുളിക്കുന്ന നേരം ദേഹത്ത് നിന്നു വേര്‍പെട്ട വെള്ളം രണ്ടു കുല്ലത്തില്‍ കുറവാണെങ്കില്‍ മുസ്തഅ്മിലാണ്. അത് കൊണ്ട് തന്നെ ആ വെള്ളം ഥാഹിറാണ്, ഥഹൂറല്ല. അത് നജസോ മുതനജ്ജിസോ അല്ലെങ്കിൽ പോലും ആ വെള്ളം ഉപയോഗിച്ച് ശുദ്ധിയാക്കാനാവില്ല എന്നർത്ഥം. ഇനി നിങ്ങൾ ചോദിച്ച ചോദ്യത്തിന്റെ പ്രത്യക്ഷമായ ഉത്തരത്തിലേക്ക് കടക്കാം. ഒരു ബക്കറ്റിൽ രണ്ടു ഖുല്ലത്തിൽ കുറഞ്ഞ വെള്ളമുണ്ടെന്ന് കരുതുക. ആ ബക്കറ്റു വെള്ളത്തിൽ ഒരു നിശ്ചിത അളവിലുളള സോപ്പ് പോലെ പകർച്ചയാകാൻ സാധ്യതയുള്ള ഒരു വസ്തു കലർന്നാൽ വെള്ളത്തിന് നിറം, മണം, രുചി എന്നിവയിലൊന്നിനെങ്കിലും പകർച്ച സംഭവിക്കുമെന്ന് ഉറപ്പാണല്ലോ? അപ്പോൾ ഏകദേശം എത്ര അളവ് വസ്തു രണ്ടു ഖുല്ലത്തിൽ താഴെയുള്ള എത്ര അളവ് വെള്ളത്തിൽ ചേർന്നാലാണ് അവിടെ വെള്ളം പകർച്ചയാകുന്നതെന്ന് കണക്കാക്കുക. ഏകദേശം ആ വസ്തുവിന്റെ അളവിലുള്ള മുസ്തഅമിലായ വെള്ളം രണ്ട് ഖുല്ലത്തിൽ താഴെയുള്ള ഏതാണ്ട് നേരത്തെ പറഞ്ഞ അളവിലുള്ള വെള്ളത്തിൽ വീണാൽ ( പകർച്ച വരാൻ സാധ്യതയുള്ള അളവ് ഉള്ളതിനാൽ) ആ ബക്കറ്റിലെ വെള്ളം ത്വാഹിർ മാത്രമാണ്. ത്വഹൂറല്ല. ശുദ്ധീകരണത്തിന് പറ്റുകയില്ല. അഥവാ ചെറിയ അളവിൽ അൽപ്പം തുള്ളി വെള്ളം ബകറ്റിൽ തെറിച്ചാൽ അത് പ്രശ്നമല്ല. ആ വെള്ളത്തിന്റെ ശുദ്ധീകരണ യോഗ്യതയെ ബാധിക്കുകയില്ല. കൂടുതല്‍ തെറിച്ചിട്ടുണ്ടെങ്കില്‍ അത് പകര്‍ച്ചയുള്ളതായി കണക്കാക്കപ്പെടുന്നതാണ്.പകര്‍ച്ചയായോ ഇല്ലയോ എന്നു സംശയിച്ചാല്‍ പകര്‍ച്ചയായിട്ടില്ലെന്ന് കണക്കാക്കാം.

അറിയാതെ ചാണകം ചവിട്ടിയാൽ വുളൂഹ് മുറിയുമോ?


ഇല്ല.ചാണകം പോലുള്ള നജസിനെ ചവിട്ടുകയോ സ്പർശിക്കുകയോ ചെയ്താൽ ,മന:പൂർവ്വമാണെങ്കിൽ പോലും, വുളൂ മുറിയുകയില്ല. വുളൂ മുറിയുന്ന കാര്യങ്ങളില്‍ അത്തരം ഒരു കാര്യം പരാമർശിക്കുന്നില്ല എന്നതു തന്നെ കാരണം.

തോട്ടിലോ പുഴയിലോ ഒക്കെയായി മുങ്ങി കുളിക്കുന്ന സമയത്ത് വുളൂഇനെ കൂടി കരുതിയാൽ വുളൂ ലഭിക്കുമോ?


മുങ്ങി കുളിക്കുമ്പോൾ വുളൂഇന്റെ നിയ്യതിനെ കരുതിയാൽ വുളുഹ് ലഭിക്കുന്നതാണ്. വെള്ളം ശരീരത്തിലേക്ക് ഒഴിച്ചു കുളിക്കുകയാണെങ്കിൽ നിയ്യത്തോടൊപ്പം വുളൂഇന്റെ ക്രമം(തർതീബ്) പാലിച്ചാൽ വുളൂ ലഭിക്കും.

ജുമുഅ നിസ്കാരത്തിനിടെ ഇമാം സൂറത് ഓതുമ്പോൾ ആദ്യ ഭാഗം ശബ്ദമില്ലാതെയും അവസാന ഭാഗം ശബ്ദം ഉയർത്തിയും ഓതുന്നതായി പല പള്ളികളിലും കാണാറുണ്ട്. ഇങ്ങനെ ചെയ്യൽ നല്ലതാണോ? ചിലർ ഫാതിഹക്ക് ശേഷം ബിസ്മി മാത്രം ഉറക്കെ ഓതാറുമുണ്ട്. മറ്റു ചിലർ ബിസ്മിയും പതുക്കെ തന്നെയാണ് ഓതാറുള്ളത്. ഇവിടെ നിർവ്വഹിക്കേണ്ട ശരിയായ രൂപം എന്താണ്?


ജുമുഅ നിസ്കാരങ്ങളിൽ വ്യത്യസ്ത നാടുകളിൽ നടക്കുന്ന വിവിധ രൂപങ്ങളെ കുറിച്ചാണ് ചോദ്യത്തിൽ പരാമർശിച്ചത്. ഇമാമിന്റെ ഫാതിഹക്ക് ശേഷം മഅ്മൂമിന് ഫാതിഹക്കാവശ്യമായ സമയം അടങ്ങൽ ഇമാമിന് സുന്നത്താണ്. ഈ സമയം ശബ്ദ മുയർത്താതെ ഇമാം ഖിറാഅത്ത് കൊണ്ടോ ദുആഅ് കൊണ്ടോ ജോലിയാവൽ സുന്നത്താണ്. ഖിറാത്താണ് ഏറ്റവും ഉത്തമം. ജുമുഅയുടെ ഇമാം തന്റെ ഫാതിഹക്ക് ശേഷം മഅ്മൂമുകൾ ഫാതിഹ ഓതാൻ വേണ്ടി ആവശ്യമയ സമയം അടങ്ങുകയും ആ അടക്ക ത്തിൽ ജുമുഅയിൽ പാരായണം ചെയ്യൽ സുന്നത്തുള്ള സൂറത്തിന്റെ ആദ്യ ഭാഗം ശബ്ദമുയർത്താതെ ഓതുകയും അടക്കത്തിന് ശേഷം സൂറത്തിൻറെ ബാക്കിഭാഗം ശബ്ദമുയർത്തി ഓതുകയും ചെയ്യുന്നു. ഇവിടെ ഇമാമിന് രണ്ട് സുന്നത്തുകൾ ലഭിക്കുന്നുണ്ട്. മഅ്മൂമുകൾക്ക് ഫാത്വിഹ ഓതാൻ ആവശ്യമായ സമയം അടങ്ങുക എന്നതും ആ സമയം ഇമാം പതുക്കെ ഖുർആൻ പാരായണം ചെയ്യുക എന്നതുമാണ് ആ രണ്ടു സുന്നത്തുകൾ. അതേസമയം ഫാതിഹ കഴിഞ്ഞ ഉടനെ ശബ്ദമുയർത്തി ബിസ്മി... ഓതിയതിനുശേഷം അടങ്ങിയതു കൊണ്ട് സുന്നത്ത് നഷ്ടപ്പെടും. കാരണം ഇമാമിൻറെ ഫാത്തിഹക്ക് ശേഷം സൂറതിന് മുമ്പാണ് സകത (അടക്കം) സുന്നത്തുള്ളത്. അതിനാൽ ബിസ്മി ഉറക്കെ ചൊല്ലി പിന്നെ ശബ്ദം ഉയർത്താതെ അടങ്ങുന്നതിനേക്കാൾ നല്ലത് ബിസ്മിയും ശബ്ദം ഉയർത്താതെ ചൊല്ലലാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. പക്ഷേ ഈ പറഞ്ഞ രണ്ട് രൂപങ്ങളിലും ജുമുഅയിൽ പ്രത്യേകം നിർദ്ദേശിക്കപ്പെട്ട സൂറതുകൾ പൂർണ്ണമായും ഉറക്കെ പാരായണം ചെയ്യുക എന്നത് നഷ്ടപ്പെടുന്നുണ്ട്. അതിനാൽ ഏറെ ഉത്തമം അടക്കത്തിന് ശേഷം നിശ്ചിത സൂറതുകൾ ആദ്യം മുതൽ തന്നെ ശബ്ദമുയർത്തി പാരായണം ചെയ്യലാണ്. സകത(അടക്കത്തിൻ്റെ) യുടെ സമയം പതുക്കെ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണ്. ഇങ്ങനെ ഖുർആന് പാരായണം ചെയ്യുമ്പോൾ പതുക്കെ പാരായണം ചെയ്യുന്നതും സകതയുടെ ശേഷം ഉറക്കെ പാരായണം ചെയ്യുന്നതും തമ്മിൽ മുസ്ഹഫിലെ ക്രമമവും തുടർച്ചയും ശ്രദ്ധിക്കലും നല്ലതാണ്. ഇതെല്ലാം പരിഗണിക്കുമ്പോൾ ഇവിടെ നാല് രൂപങ്ങളുണ്ട്. 1. ഇമാമിന്റെ ഫാതിഹക്ക് ശേഷം സൂറത്തിലെ ബിസ്മി ചൊല്ലുന്നതിന് മുമ്പ് ഇമാം അടങ്ങുകയും മഅ്മൂമുകൾ ഫാതിഹ ഓതാനാവശ്യമായ അടക്കത്തിന് ശേഷം നിശ്ചിത സൂറത്ത് ബിസ്മി മുതൽ അവസാനം വരെ പൂർണ്ണമായും ഉറക്കെ ഓതുകയും ചെയ്യുക. സകതയുടെ സമയം ശബ്ദമുയർത്താതെ ഖുർആൻ പാരായണമോ പ്രാർത്ഥനയോ നടത്തുക. ഖുർആൻ പാരായണമാണ് ഉത്തമം. സൂറത്തുൽ അഅ്ലാ, സൂറത്തുൽ ഗാശിയ/ സൂറത്തുൽ ജുമുഅ, മുനാഫിഖൂൻ എന്നീ സൂറത്തുകളാണ് ജുമുഅയിൽ പ്രത്യേക മായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഒന്നാം റക്അത്തിൽ സൂറത്തുൽ അഅ്ലാ ഓതുകയാണെങ്കിൽ ഒന്നാം റക്അത്തിലെ സകതയിൽ സൂറത്തുൽ അഅ്ലായുടെ തൊട്ട് മുകളിലുള്ള “അത്ത്വാരിഖിലെ ഭാഗങ്ങൾ പതുക്കെ ഓതുക. സക്തക്ക് ശേഷം സൂറത്തുൽ അഅ്ലാ ആദ്യാവസാനം ഉറക്കെ ഓതുക. രണ്ടാം റക്അത്തിൽ ഫാതിഹക്ക് ശേഷമുള്ള സക്തയിൽ “സൂറതുൽ ഗാശിയ' യിലെ തന്നെ ആദ്യ ഭാഗം പതുക്കെ ഓതുക. ഫാതിഹക്കാവശ്യമായ സകതയുടെ ശേഷം സൂറത്തുൽ ഗാശിയ ആദ്യം മുതൽ തന്നെ ഉറക്കെ ഓതുക. ജുമുഅയും മുനാഫിഖുനയും പാരായണം ചെയ്യുമ്പോഴും ഇത് പോലെ ക്രമം ശ്രദ്ധിക്കുക. ഒന്നാം റക്അതിലെ സക്തയിൽ സബ്ബിഹിസ്മയുടെ / ജുമുഅയുടെ ആദ്യ ഭാഗം തന്നെ പതുക്കെ പാരായണം ചെയ്യുന്നതിനും വിരോധമില്ല. പക്ഷേ സക്തയുടെ ശേഷം സൂറത്ത് ആദ്യാവസാനം ഉറക്കെ പാരായണം ചെയ്യണം. ഈ ഒന്നാം രൂപത്തിൽ സക്ത, സക്തയുടെ സമയം ഖുർആൻ പാരായണം ചെയ്യൽ, നിശ്ചിത സൂറത്തുകൾ ആദ്യാവസാനം ഉറക്കെ പാരായണം ചെയ്യൽ എന്നീ സുന്നത്തുകളെല്ലാം ലഭിക്കുന്നുണ്ട്. അതിനാൽ ഇതാണ് ഏറെ ഉത്തമം. ഈ നിശ്ചിത സൂറത്തുകൾ പ്രത്യേകം നിർദ്ദേശിക്കപ്പെട്ടിട്ടു ള്ളതിനാൽ സമയ ദൈർഘ്യം പ്രശ്നമാക്കേണ്ടതില്ല. 2. ഇമാമിന്റെ ഫാതിഹയുടെ ഉടനെ ഇമാം നിശ്ചിത സൂറത്ത് ആദ്യം മുതൽ ഉറക്കെ ഓതുന്നു. ഇവിടെ നിശ്ചിത സൂറത്ത് പൂർണ്ണമായും ഉറക്കെ ഓതുന്ന പുണ്യം ലഭിക്കുന്നുണ്ടെങ്കിലും സകത: നഷ്ടപ്പെടുന്നു . 3. ഫാതിഹക്ക് ശേഷം നിശ്ചിത സൂറത്തിന്റെ ആദ്യ ഭാഗം പതുക്കെയും ബാക്കി ഭാഗം ഉറക്കെയും ഓതുന്നു. (ഇവിടെ സകത ലഭിക്കുന്നു. നിശ്ചിത സൂറത്ത് പൂർണ്ണമായും ഉറക്കെ ഓതൽ നഷ്ടപ്പെടുന്നു.) 4. ഇമാം ഫാതിഹക്ക് ശേഷം ബിസ്മി ഉറക്കെ ചൊല്ലുന്നു. പിന്നീട് സൂറത്തിന്റെ ആദ്യ ഭാഗം പതുക്കെ ഓതുന്നു. പിന്നീട് ബാക്കിയുള്ളത് ഉറക്കെയും ഓതുന്നു. (ഇവിടെ സകതയും നിശ്ചിത സൂറത്ത് പൂർണ്ണമായി ഉറക്കെ ഓതലും നഷ്ടപ്പെടുന്നു.) ഈ രൂപങ്ങളെല്ലാം അനുവദനീയമാണെന്നതും ഇതൊന്നും ജുമുഅയുടെ സാധുതയെ ബാധിക്കുകയില്ലെന്നതും വ്യക്തമാണ്.

സുന്നത്ത് നോമ്പിന് വൈകുന്നേരത്തിന് മുമ്പ് നിയ്യത്ത് ചെയ്താൽ മതിയാകുമോ?


സുബഹിക്ക് ശേഷം നോമ്പ് മുറിയുന്ന കാര്യങ്ങളെ തൊട്ട് പൂർണമായും വിട്ടു നിന്നയാൾക്ക് ളുഹ്റിന് മുമ്പായി സുന്നത്ത് നോമ്പിന്റെ നിയ്യത് കരുതുന്ന പക്ഷം നോമ്പ് സ്വഹീഹാകുന്നതാണ്. ളുഹ്റിന് ശേഷം നിയ്യത്ത് ചെയ്താൽ പോരാ.

ഉസ്താദേ, മദ്രസ്സ 10 വരെ പഠിച്ചു. പത്തിലും ഫസ്റ്റ് വാങ്ങിച്ചു. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ ഉമ്മയുമായി. അൽഹംദുലില്ലാഹ്. സ്നേഹമുള്ള നല്ലൊരു ഭർത്താവിനെയും കിട്ടി. ഒരൊറ്റ കാര്യത്തിൽ ഞാനും എന്റെ ഭർത്താവും വളരെ ദുഃഖത്തിലാണ്. ഞങ്ങൾ കൃത്യമായി നിസ്കരിക്കാറില്ല. സുബഹി പോലും. എല്ലാ അറിവും ഞങ്ങൾക്കുണ്ട്. പക്ഷേ, അതിന് മാത്രം സാധിക്കുന്നില്ല.പൂർണമായും 5വഖ്ത് നിസ്കരിക്കുന്ന ഒരു ഭാര്യയും ഭർത്താവും ആകാൻ എന്താണ് ചെയ്യേണ്ടത്. വുളു എടുത്താൽ ചിലപ്പോൾ തോന്നും പിന്നീട് നിസ്കരിക്കാമെന്ന്? പിന്നീട് ചെയ്യുകയുമില്ല! നിസ്കാരവും ഖുർആൻ പാരായണവും കൃത്യമായി നിർവഹിക്കാൻ എന്താണ് ചെയ്യുക. സ്വാലിഹായ ഒരു വ്യക്തിയാവണം നബിയുടെ ചര്യ പിന്തുടരണം. സന്തോഷകരമായ ജീവിതമാകണം. ഒരു പരിഹാരം?


ശാരീരിക ആരാധനകളിൽ ഏറ്റവും പുണ്യമുള്ള കർമ്മമാണ് നിസ്കാരം. അഞ്ചു നേരത്തെ നിസ്കാരങ്ങൾ മനുഷ്യനെ തെറ്റുകുറ്റങ്ങളിൽ നിന്ന് തടയുകയും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണങ്ങൾ നിലനിർത്തുകയും ചെയ്യും. ഇത് നൽകുന്ന ആനന്ദം ചെറുതല്ല. പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള മുസ്ലിമിന് അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാണ്. ഒഴിവാക്കൽ ഗുരുതരമായ പാപമാണ്. അവ ഒഴിവാക്കാൻ ഒരു വഴിയുമില്ല. നഷ്ടപ്പെട്ട നിസ്കാരങ്ങൾ ഖളാഅ് വീട്ടലും നിർബന്ധം തന്നെ. അല്ലാഹു തെറ്റു ചെയ്തവർക്ക് പൊറുത്ത് കൊടുക്കുന്നവനാണല്ലോ. അടിമയുടെ തൗബ അവൻ സ്വീകരിക്കുമെന്നതിൽ സംശയമില്ല. നഷ്ടപ്പെട്ട നിസ്കാരങ്ങൾ ഖളാഅ് വീട്ടി തൗബ ചെയ്ത് മടങ്ങുക.

വീടുകളിൽ കുട്ടികൾ മൂത്രം ഒഴിച്ചാൽ ശുദ്ധീകരണം നടത്തേണ്ട രൂപം?


ടൈൽസ് , മാർബിൾ തുടങ്ങിയ പ്രതലങ്ങളിൽ കുട്ടികൾ മൂത്രമൊഴിച്ചാൽ മൂത്രം താഴോട്ട് ആഴ്ന്നിറങ്ങാതെ മുകളിൽ തന്നെ കെട്ടിനിൽക്കാൻ സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ ഒരു ഉണങ്ങിയ തുണിക്കഷ്ണം കൊണ്ട് മൂത്രം തുടച്ചെടുക്കുക. അതോടെ അവിടെയുണ്ടായിരുന്ന മൂത്രം നീങ്ങി സ്ഥലം ഉണങ്ങിക്കിട്ടും(അപ്പോൾ അവിടെ ഉണ്ടായേക്കാൻ സാധ്യതയുള്ള വളരെ ചെറിയ നനവ് കാര്യമാക്കേണ്ടതില്ല).ഇനി അതിന്റെ മുകളിൽ ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുത്താൽ മാത്രം മതിയാകും. അതോടു കൂടി ആ സ്ഥലം ശുദ്ധിയാകുന്നതാണ്. അപ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നേരത്തെ നജസ് ഒപ്പിയെടുത്ത തുണിക്കഷണം കൊണ്ട് തന്നെ ഇനി അവിടെയുള്ള വെള്ളം ഒപ്പിയെടുക്കരുത് എന്നതാണത്. അങ്ങിനെയെങ്കിൽ ആ സ്ഥലം വീണ്ടും അശുദ്ധിയായി തീരും. പ്രതലത്തിലുള്ള മൂത്രം നേരത്തേ തന്നെ ഉണങ്ങിയിട്ടുണ്ടെങ്കിൽ ആ സ്ഥലത്ത് മികക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് വൃത്തിയാക്കിയാൽ മതിയാകും.

ഒലിക്കുന്ന രക്തമില്ലാത്തവയുടെ ശവങ്ങൾ നജസ് അല്ലല്ലോ! എങ്കിൽ, നിസ്കരിച്ച് കഴിഞ്ഞതിന് ശേഷം ശരീരത്തിൽ ചത്ത ഉറുമ്പിനെ കണ്ടാൽ ആ നിസ്കാരം ബാത്വിലാണ് എന്ന് കേട്ടു. ഇത് ശരിയാണോ?


മനുഷ്യൻ, മത്സ്യം , വെട്ടുകിളി എന്നിവയുടേതല്ലാത്ത എല്ലാ ജീവികളുടെയും ശവം നജസാണ്. ഈച്ച പോലുള്ള നിസ്സാര ജീവികളുടെ ശവങ്ങളുടെ വിധിയിലും മാറ്റമില്ല. ഇമാം ഖഫാൽ (റ) അടക്കമുള്ള ശാഫിഈ മദ്ഹബിലെ പ്രമുഖരായ ചില പണ്ഡിതന്മാർ ഒലിക്കുന്ന രക്തം ഇല്ലാത്തതിനാൽ ഇത്തരം ചെറുജീവികളുടെ ശവം നജസല്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈച്ചയുടെ ശല്യമുള്ള സ്ഥലങ്ങളിൽ നിസ്കരിക്കുമ്പോൾ അവയുടെ ശവം ശരീരത്തിലുണ്ടായാലും നിസ്കാരം സ്വഹീഹാകുമെന്ന് അഭിപ്രായമുണ്ട് . ശല്യം വ്യാപകമായ സ്ഥലങ്ങളിൽ ഈ അഭിപ്രായ ഭിന്നത മറ്റുള്ള ചെറു ജീവികളുടെ കാര്യത്തിലും ബാധകമാണ്. അത്കൊണ്ട് നിസ്കാരം കഴിഞ്ഞതിന് ശേഷം ശരീരത്തിൽ ചത്ത ഉറുമ്പിനെ കണ്ടാൽ , അവയെ കൊണ്ട് പ്രയാസം വ്യാപകമാവുകയും സൂക്ഷിക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, നിസ്കാരം ബാത്വിലാവുകയില്ല എന്ന് മനസ്സിലാക്കാം.

പൂച്ച നജസാണോ? പൂച്ച വായയിട്ട പാത്രത്തിന്റെ വിധി എന്താണ് ?


ജീവനുള്ള പൂച്ച നജസല്ല. പൂച്ചയുടെ ശവം നജസായതിനാൽ ജീവനുള്ളപ്പോൾ വേർപെട്ട അവയവങ്ങളും നജസു തന്നെ. ഭക്ഷിക്കൽ നിഷിദ്ധമായ ജീവിയായതിനാൽ ജീവനുള്ള സമയത്ത് പൂച്ചയിൽ നിന്ന് വേർപെട്ട രോമവും നജസാണ്. പൂച്ച നജസല്ലാത്തതിനാൽ പൂച്ച വായയിട്ടു എന്നത് (പൂച്ചയുടെ വായയിൽ നജസ് ഇല്ലാത്ത നേരത്ത്) കൊണ്ട് മാത്രം പാത്രവും വെള്ളവും നജസാവൂല. എന്നാലും, പൂച്ചയുടെ രോമം വെള്ളത്തിൽ വീണാൽ രണ്ട് ഖുല്ലത്തിന് കുറവാണെങ്കിൽ വെള്ളം നജസാകും. പാത്രത്തിലാണ് വായയിട്ടതെങ്കിൽ അവിടെ രോമം വീണാൽ അവ നീക്കേണ്ടതാണ്. രോമം കൂടുതലുണ്ടെങ്കിലാണ് നീക്കം ചെയ്യൽ നിർബന്ധമാകുക. അൽപ്പമാണെങ്കിൽ വിട്ടു വീഴ്ച ചെയ്യപ്പെടുന്നതാണ്.

ബെഡിൽ കുട്ടികൾ മൂത്രമൊഴിച്ചാൽ ശുദ്ധിയാക്കേണ്ടത് എങ്ങനെ?


ബെഡ്, പ്ലാസ്റ്റിക് ഉറയോ മറ്റോ ഉള്ളത് കാരണം നജസ് ഊർന്നിറങ്ങാതെ അതിന്റെ തടി പ്രതലത്തിൽ ബാക്കിയുണ്ടെങ്കിൽ ഉണങ്ങിയ തുണിക്കഷ്ണമോ മറ്റോ ഉപയോഗിച്ച് നജസിന്റെ തടി ആദ്യം അവിടെ നിന്ന് നീക്കം ചെയ്യണം. തടി നീക്കിക്കഴിഞ്ഞതിന് ശേഷം അതിന് മുകളിൽ വെള്ളം ഒഴിച്ചാൽ മാത്രം മതിയാകും. അവിടെ ശുദ്ധിയാകുന്നതാണ്. നജസിന്റെ തടി നീക്കം ചെയ്യാതെ അതിന്റെ മുകളിൽ വെള്ളം ഒഴിച്ചാൽ നജസിന്റെ അംശം അവശേഷിക്കുന്ന പക്ഷം വെള്ളവും ആ വെള്ളം ചേരുന്ന സ്ഥലവും നജസാവുന്നതാണ്. ഇനി ബെഡ് നജസിനെ വലിച്ചെടുത്തിട്ടുണ്ടെങ്കിൽ നജസ് ഉള്ള ഭാഗത്ത് നജസിന്റെ നിറം, വാസന തുടങ്ങിയവ നീങ്ങി എന്ന മികച്ച ധാരണ ഉണ്ടാകുന്നത് വരെ നജസിനേക്കാൾ വ്യാപകമാകുന്ന വിധം വെള്ളം ഒഴിച്ച് കഴുകണം.

ചായയിൽ ചത്ത ഉറുമ്പിനെ കണ്ടാൽ അത് കുടിക്കാമോ?


ചത്ത ഉറുമ്പ് ചായയിൽ വീണത് ആരുടെയെങ്കിലും പ്രവർത്തനം മൂലമല്ലെങ്കിൽ ചായ നജസാവുന്നതല്ല. കാരണം ഒലിക്കുന്ന രക്തമില്ലാത്ത ഇത്തരം ചെറിയ ജീവികളുടെ ശവത്തിനെ തൊട്ട് ദ്രാവക വസ്തുക്കളിൽ മാപ്പു നൽകപ്പെടുന്നതാണ്. ചത്ത ഉറുമ്പിനെ പഞ്ചസാര ഇടുന്നതിനോടൊപ്പമോ മറ്റോ ഇട്ടതാണെങ്കിൽ അത് നജസാകുന്നതാണ്. നജസാകുന്ന പക്ഷം അത് കുടിക്കാൻ പാടില്ല. നജസില്ലെങ്കിൽ തന്നെ വീണ ജീവിയുടെ ശരീരത്തിൽ നിന്ന് പുറത്ത് വന്ന ദ്രവങ്ങൾ കൊണ്ടോ മറ്റോ ശരീരത്തിന് പ്രയാസം സൃഷ്ടിക്കുമെങ്കിൽ കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

നമ്മൾ ചിക്കൻ, ബീഫ് ഒക്കെ കഴുകുമ്പോൾ അതിന്റെ വെള്ളം ശരീരത്തിൽ തെറിക്കാറുണ്ട്. അപ്പോൾ വസ്ത്രം നജസാകുമോ? മാംസത്തിൽ ഉണ്ടാകുന്ന രക്തത്തിന്റെ വിധിയെന്താണ്?


ഭക്ഷ്യയോഗ്യമായ അറുക്കപ്പെട്ട ജീവിയുടെ മാംസം ശുദ്ധിയുള്ളതാണ്. എന്നാൽ അവയിലുളള രക്തം നജസാണ്. സാധിക്കുന്ന വിധം രക്തം കഴുകി വൃത്തിയാക്കേണ്ടതാണ്. ഇങ്ങനെ കഴുകി വൃത്തിയാക്കിയതിന് ശേഷവും മാംസത്തിൽ പറ്റിപ്പിടിച്ച് നിൽക്കുന്ന കുറഞ്ഞ രക്തത്തെ തൊട്ട് ഭക്ഷണത്തിൽ മാപ്പു നൽകപ്പെടുന്നതാണ്. മാംസത്തിലെ രക്തം കഴുകുന്ന സന്ദർഭത്തിൽ ഒലിച്ച് പോകുന്ന വെള്ളം രക്തത്തിന്റെ കാരണത്താലുള്ള നിറത്താലോ മറ്റോ ( മാംസത്തിന്റെ നിറം കാരണം പകർച്ചയായാൽ അല്ല.) പകർച്ചയായിട്ടില്ലെങ്കിലും അതോടൊപ്പം മാംസം കഴുകൽ കൊണ്ട് ശുദ്ധിയായിട്വുകയും ചെയ്താൽ (ആ വെള്ളം) ശുദ്ധിയുള്ളതാണ്, അതിനാൽ അത് തെറിച്ചതു കൊണ്ട് പ്രശ്നം വരുന്നില്ല . വെള്ളം പകർച്ചയായിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ മാംസത്തിൽ രക്തം വ്യക്തമായ രീതിയിൽ ബാക്കിയുണ്ടായാലും കഴുകിയ വെള്ളം നജസുമാണ്.അതിനാൽ അതിൽ നിന്ന് തെറിച്ചത് നജസാണ് കഴുകുമ്പോൾ മാംസത്തിൽ നിന്നും വെള്ളം ഒലിച്ച് പോകാൻ പറ്റുന്ന തരത്തിലുള്ള പാത്രങ്ങൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക, ശുദ്ധീകരണം പെട്ടന്നാവാൻ ഇത് സഹായിക്കും .

മദ്‌യ് വസ്ത്രത്തിലും ശരീരത്തിലും ആയാൽ എങ്ങനെയാണ് ശുദ്ധിയാക്കേണ്ടത് ? നിസ്കരിക്കുന്ന സമയത്ത് എന്ത് ചെയ്യണം?


മദ്‌യ് നജസായതിനാൽ നിസ്കരിക്കുന്ന സമയത്ത് വസ്ത്രത്തിലോ ശരീരത്തിലോ ഉണ്ടെങ്കിൽ അതിനെ നീക്കം ചെയ്ത് ശുദ്ധിയാക്കേണ്ടതാണ്. മറ്റു നജസുകൾ പുരണ്ട വസ്ത്രവും ശരീരവും ശുദ്ധിയാക്കുന്നതുപോലെ നജസിന്റെ അംശം പൂർണ്ണമായും നീങ്ങുന്നത് വരെ വെള്ളം അതിന്റെ മേൽ ഒഴിച്ച് ശുദ്ധിയാക്കാവുന്നതാണ്. രണ്ട് ഖുല്ലത്തിൽ കൂടുതലുളള വെള്ളത്തിൽ വസ്ത്രമിട്ടു ശുദ്ധിയാക്കാനാവും.

വീടിൻ്റെ സിറ്റൗട്ടിൽ ഏതോ ഒരു ജീവിയുടെ കാലടയാളം കണ്ടു. അത് നായയുടെയോ പൂച്ചയുടെയോ ആണെന്നാണ് എൻ്റെ സംശയം. പൂച്ചയുടെ ആയിരിക്കും എന്ന് കരുതി ഒരു വട്ടം കഴുകി വൃത്തിയാക്കി. പിന്നീട് നായയുടേതായിരിക്കുമോ എന്ന് ഒരു സംശയം. ഇനി ഞാൻ 7 പ്രാവശ്യം കഴുകണോ?


വെള്ളമുളള ഒരു പാത്രത്തിൽ നിന്ന് ഒരു നായ തല ഉയർത്തുന്നത് കണ്ടു. അതിൻ്റെ വായയിൽ നനവുണ്ടാകുകയും ചെയ്തു. എങ്കിലും അത് വെള്ളത്തിൽ തൊട്ടിട്ടുണ്ട് എന്ന് ഉറപ്പാവാത്ത കാലത്തോളം നജസല്ല(ഫത്ഹുൽ മുഈൻ) നായയുടെ കാലടയാളം നനവോടെ സ്പർശിച്ചിട്ടുണ്ട് എന്ന് ഉറപ്പില്ലാത്തതിനാൽ ഇവിടെ 7 പ്രാവശ്യം കഴുകേണ്ടതില്ല എന്ന് മേൽ ഉദ്ധരണിയിൽ നിന്നും മനസ്സിലാക്കാം.

40 ൽ കുറഞ്ഞ ആളുകൾക്ക് ജുമുഅ നിസ്കാരം നിർവ്വഹിക്കാമോ?


ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണമനുസരിച്ച് അനുവദനീയമല്ല. 12 പേരെ കൊണ്ട് ജുമുഅ നടത്താമെന്ന വീക്ഷണമാണ് മാലികീ മദ്ഹബിലുള്ളത്. നാലുപേരെ കൊണ്ട് നടത്താമെന്ന വീക്ഷണമാണ് ഹനഫീ മദ്ഹബിലുള്ളത്. ഒരു നാട്ടിൽ 40 പേർ തികയില്ലെങ്കിൽ അവർ ജുമുഅ നിസ്കരിക്കുകയാണോ അല്ല ളുഹ്ർ നിസ്കരിക്കുകയാണോ വേണ്ടത് എന്ന് ഇമാം ബുൽഖീനീ (റ) വിനോട് ഒരിക്കൽ ചോദിക്കപ്പെട്ടു. ശാഫിഈ മദ്ഹബ് അനുസരിച്ച് അവർ ളുഹ്റാണ് നിസ്കരിക്കേണ്ടത് എന്നായിരുന്നു അവരുടെ മറുപടി. എന്നാൽ അവർക്ക് ജുമുഅ നിസ്കരിക്കാമെന്ന് ഒരു കൂട്ടം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശക്തമായ അഭിപ്രായം തന്നെയാണ് ഇത്. അവരെല്ലാവരും ഈ അഭിപ്രായത്തെ തഖ്‌ലീദ് ചെയ്യുകയാണെങ്കിൽ അവർക്ക് ജുമുഅ നിർവഹിക്കാം. എന്നാൽ ആദ്യം ജുമുഅയും പിന്നീട് ളുഹ്റും സൂക്ഷ്മത എന്ന നിലക്ക് നിസ്കരിക്കുകയാണെങ്കിൽ അതാണ് നല്ലത്. وسئل البلقيني عن أهل قرية لا يبلغ عددهم أربعين هل يصلون الجمعة أو الظهر؟ فأجاب رحمه الله: يصلون الظهر على مذهب الشافعي. وقد أجاز جمع من العلماء أن يصلوا الجمعة وهو قوي فإذا قلدوا أي جميعهم من قال هذه المقالة فإنهم يصلون الجمعة وإن احتاطوا فصلوا الجمعة ثم الظهر كان حسنا. [زين الدين المعبري ,فتح المعين بشرح قرة العين بمهمات الدين ]

സ്ത്രീകൾക്ക് വെള്ളിയാഴ്ച ജുമുഅ കുളി സുന്നത്തുണ്ടോ?


വെള്ളിയാഴ്ച ജുമുഅക്ക് പോകാൻ ഉദ്ദേശിക്കുന്നവർക്കാണ് കുളി സുന്നത്തുള്ളത്. സ്ത്രീകൾക്ക് ജുമുഅ നിർദേശിക്കപ്പെടാത്തതിനാൽ വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് ജുമുഅ കുളി സുന്നത്തില്ല.

ഒരാൾ മാത്രമാണ് മഅമൂമായി ഉള്ളതെങ്കിൽ അയാൾ ഇമാമിന്റെ വലതു ഭാഗത്താണല്ലോ നിൽക്കേണ്ടത്. രണ്ടുപേർ ഒരുമിച്ച് വന്നാൽ അവരെവിടെ നിൽക്കണം?


അവർ ഇമാമിന്റെ പിന്നിൽ സ്വഫായി നിൽക്കണം.

ജമാഅത് നിസ്കാരങ്ങളിൽ ഇമാം പതുക്കെ ഒാതുന്ന സമയത്ത് മഅ്മൂമിന് സൂറത്തുകൾ ഒാതാൻ പറ്റുമോ?


ഇമാം സൂറത് ഒാതുന്നത് കേൾക്കുന്നില്ലെങ്കിൽ മഅ്മൂമിനും സൂറത്ത് ഒാതൽ സുന്നത്താണ്.

പുത്തൻ വാദികളെ തുടർന്ന് നിസ്കരിക്കാമോ?


തുടരൽ കറാഹത്താണ്, ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുകയില്ല. പണ്ഡിത•ാർക്ക് അത്തരക്കാരെ തുടരൽ ഹറാമുമാണ്.

തുടരാൻ പറ്റാത്ത ഇമാമിന്റെ നേതൃത്വത്തിൽ ജമാഅത് നടക്കുമ്പോൾ ഒറ്റക്ക് നിസ്കരിക്കാൻ പറ്റുമോ?


പറ്റും. തുടരാൻ പറ്റിയ ഇമാമിനെ ലഭിക്കാത്തപ്പോൾ ഒറ്റയ്ക്കാണ് നിസ്കരിക്കേണ്ടത്.

ജമാഅത് നിസ്കാരത്തിൽ തക്ബീറതുൽ ഇഹ്റാമിന് ശേഷം ഇമാമിനോട് തുടരുന്നു എന്ന് കരുതിയോ ഇല്ലയോ എന്ന് സംശയിച്ചാൽ എന്തു ചെയ്യണം?


സംശയിച്ചാൽ, അപ്പോൾ തുടരുന്നു എന്ന് കരുതിയാൽ മതിയാകുന്നതാണ്. കാരണം നിസ്കാരത്തിന്റെ ഇടയിൽ തുടർച്ചയെ കരുതാമല്ലോ.

ഒരാൾ ആദ്യത്തെ അത്തഹിയ്യാതിലോ അവസാനത്തെ അത്തഹിയ്യാതിലോ ഇമാമിനെ തുടർന്നാൽ അയാൾ അത്തഹിയാത് പൂർത്തിയാക്കണോ?


പൂർത്തിയാക്കണമെന്നില്ല. ആദ്യത്തെ അത്തഹിയ്യാത്തിലാണെങ്കിൽ ഇമാം മൂന്നാം റക്അത്തിലേക്ക് എഴുന്നേൽക്കുമ്പോൾ ഇമാമിനോടൊപ്പം അവൻ എഴുന്നേൽക്കണം. അവസാനത്തെ അത്തഹിയാത്തിലാണെങ്കിൽ ഇമാം സലാം വീട്ടിയ ഉടനെ അവൻ ബാക്കി നിസ്കരിക്കാൻ വേണ്ടി എഴുന്നേൽക്കണം.

ഖസ്ർ ആക്കി നിസ്കരിക്കുന്നവനോട് പൂർണ്ണമായി നിസ്കരിക്കുന്നവന് തുടരാൻ പറ്റുമോ?


പറ്റും. തുടർന്നാൽ ജമാഅത്തിന്റെ കൂലിയും ലഭിക്കും. ഇമാം സലാം വീട്ടിയ ഉടനെ അവന്റെ നിസ്കാരത്തെ പൂർത്തിയാക്കണം. പക്ഷേ ഖസ്ർ ചെയ്ത് നിസ്കരിക്കുന്നവന് പൂർണമായി നിസ്കരിക്കുന്നവനെ തുടരാൻ പറ്റില്ല ശരിയാവുകയുമില്ല.

ബിസ്മി ഒാതൽ നിർബന്ധമില്ലാത്ത ഹനഫി പോലെയുള്ളവരെ തുടരാൻ നമുക്ക് പറ്റുമോ? തുടർന്നാൽ ജമാഅത്തിന്റെ കൂലി ലഭിക്കുമോ?


അവൻ ബിസ്മി ഒാതുന്നില്ലെന്ന് ഉറപ്പുണ്ടെങ്കിൽ തുടരാൻ പറ്റില്ല. ഉറപ്പില്ലെങ്കിൽ തുടരാം, ഹനഫികൾ സാധാരണ ബിസ്മി ഒാതാറുണ്ട്.

സുന്നത്ത് നിസ്കരിക്കുന്നവനോട് ഫർള് നിസ്കരിക്കുന്നവന് തുടരാൻ പറ്റുമോ?


തുടരാൻ പറ്റും, പക്ഷേ അറിയുന്ന പക്ഷം തുടരുന്നതിനേക്കാൾ നല്ലത് തുടരാതിരിക്കലാണ്.

സലാം വീട്ടിയ ശേഷം അബ്ആളു സുന്നത്ത് ഉപേക്ഷിച്ചതായി ഒാർമ വന്നാൽ ഇമാം സഹ്വിന്റെ സുജൂദ് ചെയ്യാൻ വേണ്ടി നിസ്കാരത്തിലേക്ക് മടങ്ങണോ? അപ്പോൾ മഅ്മൂം എന്ത് ചെയ്യണം? ബാക്കി നിസ്കരിച്ച് കൊണ്ടിരിക്കുന്ന മഅ്മൂം എന്ത് ചെയ്യണം?


സമയം ദീർഘമായിട്ടില്ലെങ്കിൽ സഹ് വിന്റെ സുജൂദ് ചെയ്യാൻ വേണ്ടി ഇമാമിന് നിസ്കാരത്തിലേക്ക് മടങ്ങാവുന്നതാണ്. അപ്പോൾ നിർബന്ധമായും മഅ്മൂമും ബാക്കി നിസ്കരിച്ചു കൊണ്ടിരിക്കുന്ന മസ്ബൂകും ഇമാമിനോടൊപ്പം നിസ്കാരത്തിലേക്ക് മടങ്ങണം.

ഇമാമിന് മുകളിൽ മഅ്മൂം നിൽക്കൽ കറാഹത്താണോ? എങ്കിൽ നമ്മുടെ നാട്ടിൽ പള്ളികളിലൊക്കെ മുകളിലെ നിലയിൽ നിസ്കരിക്കാറുണ്ടല്ലോ?


പള്ളിയിലോ മറ്റോ ഇമാമിനും മഅമൂമിനും സമനിലയിൽ നിൽക്കാൻ സൗകര്യമുണ്ടെങ്കിൽ ഇമാമോ മഅമൂമോ ആരെങ്കിലും മുകളിൽ നിൽക്കൽ കറാഹത്താണ്. സൗകര്യമില്ലെങ്കിൽ നിൽക്കുന്നതിന് പ്രശ്നമില്ല.

ജമാഅത്ത് നിസ്കരിക്കുമ്പോൾ ഇമാമിന് വുളൂ ഉണ്ടായിരുന്നില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടാൽ നിസ്കാരം മാറ്റി നിസ്കരിക്കണോ?


മാറ്റി നിസ്കരിക്കേണ്ടതില്ല. ഇത്തരം നിസ്കാരങ്ങളിൽ ഇമാമിന്റെ നിസ്കാരം നഷ്ടപ്പെട്ടാലും മഅമൂമിന്റെ നിസ്കാരം നഷ്ടപ്പെടുകയില്ല. നിസ്കാരത്തിന്റെ ആദ്യത്തിൽ മഅ്മൂമിന് ഇതിനെ പരിശോധിക്കാൻ പറ്റില്ല. അതുകൊണ്ട് അവനിൽ നിന്നുള്ള വീഴ്ചയായി ഇതിനെ കണക്കാക്കുന്നില്ല.

ഒരാൾ ഒറ്റക്ക് ഫർള് നിസ്കരിച്ചു, പിന്നെ അതേ നിസ്കാരം ജമാഅത്തായി നിസ്കരിക്കുന്നത് കണ്ട് അതിൽ ചേർന്ന് നിസ്കരിച്ചാൽ പ്രതിഫലം ലഭിക്കുമോ?


പ്രതിഫലം ലഭിക്കും. ഒറ്റയ്ക്കോ ജമാഅത്തായോ ഫർള് നിസ്കരിച്ചവന് അതേ നിസ്കാരം ആ വഖ്തിൽ തന്നെ ജമാഅത്തായി വീണ്ടും ഒരുപ്രാവശ്യം കൂടി നിസ്കരിക്കൽ സുന്നത്താണ്.

ടെലിവിഷനിൽ കാണുന്ന ഇമാമിനെ തുടർന്ന് നിസ്കരിക്കാൻ പറ്റുമോ?


പറ്റില്ല. നിസ്കരിച്ചാൽ നിസ്കാരം സാധുവാകുകയില്ല. ഇമാമും മഅമൂമും ഒരു സ്ഥലത്ത് ഒരുമിച്ചു കൂടണം.

ഇമാം റുകൂഅ് ചെയ്തു.മഅ്മൂം തന്റെ റുകൂഇന് മുമ്പ് താൻ ഫാത്തിഹ ഒാതിയിട്ടുണ്ടോ ഇല്ലേ എന്ന് സംശയിച്ചാൽ എന്തുചെയ്യണം?


ഫാത്തിഹ പൂർത്തിയാക്കണം. അതിനുവേണ്ടി ഇഅ്തിദാലും സുജൂദിനിടയിലെ ഇരുത്തവും അല്ലാത്ത 3 റുക്ന് വരെ അവന് പിന്താവുന്നതാണ്.

ഇമാമും മഅ്മൂമും രണ്ടുപേരും റുകൂഅ് ചെയ്തതിന് ശേഷം മഅ്മൂം തന്റെ ഫാതിഹയിൽ സംശയിച്ചാൽ എന്തുചെയ്യണം?


ഇമാമിന്റെ സലാമിന് ശേഷം മഅ്മൂം ഒരു റക്അത് കൂടി നിസ്കരിക്കണം.

ഇമാമിനെ റുകൂഇൽ എത്തിച്ചിട്ടുണ്ടോ എന്ന് സംശയിച്ച മഅ്മൂം എന്ത് ചെയ്യണം?


ഇമാമിന്റെ സലാമിന് ശേഷം ഒരു റക്അത്ത് നിസ്കരിക്കണം

ഭാര്യ ഭർത്താക്ക•ാർക് ജമാഅത്തായി നിസ്കരിക്കാമോ?


നിസ്കരിക്കാം, ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. പക്ഷേ ഇമാമായി നിൽക്കുന്നത് ഭർത്താവായിരിക്കണം.

ഇമാമിന്റെ ശബ്ദം എത്തിച്ചുകൊടുക്കാൻ മുബല്ലിഗിനെ നിശ്ചയിക്കാൻ പറ്റുമോ?പറ്റുമെങ്കിൽ അയാൾ ഇന്ന സ്ഥലത്തു തന്നെ നിൽക്കണമെന്ന് നിബന്ധനയുണ്ടോ?


ഇമാമിന്റെ പോക്കുവരവുകൾ മഅ്മൂം അറിയൽ നിർബന്ധമാണ്. അറിയുന്നില്ലെങ്കിൽ ഒരാൾ ഇമാമിന്റെ തക്ബീറിനെ മറ്റുള്ളവരെ അറിയിക്കൽ സുന്നത്താണ്. അയാൾ നിശ്ചിത സ്ഥലത്തു നിൽക്കണമെന്ന് നിബന്ധനയൊന്നുമില്ല

പള്ളിക്കകത്തു നിസ്കരിക്കുന്ന ഇമാമിനെ പള്ളിയുടെ ചരുവിൽനിന്ന് തുടരുമ്പോൾ ഇമാമിനെയോ സ്വഫിനെയോ കാണൽ നിർബന്ധമുണ്ടോ?


ആ ചരു പള്ളിയിൽ പെട്ടതാണെങ്കിൽ അതിൽ നിന്ന് പള്ളിയിലേക്ക് പ്രവേശിക്കാൻ ഒരു വാതിൽ ഉണ്ടായാൽ മതി. ഇമാമിനെയോ സ്വഫിനെയോ കാണണമെന്നില്ല. എന്നാൽ ഇമാമിന്റെ പോക്കുവരവുകൾ അറിയേണ്ടതുണ്ട്.

ഇമാമിന് ജമാഅത്തിനെ കരുതൽ നിർബന്ധമുണ്ടോ?


ജുമുഅയിൽ മാത്രമാണ് ഇമാമിന് നിർബന്ധമുള്ളത്. മറ്റു നിസ്കാരങ്ങളിൽ സുന്നത്താണ്.

ഇമാമിന്റെയും ആദ്യ സ്വഫിന്റെയും ഇടയിൽ എത്ര അകലം വേണം?


ഇമാമിന്റെയും ആദ്യ സ്വഫിന്റെയും ഇടയിൽ മൂന്ന് മുഴത്തിലധികം അകലം ഉണ്ടാകൽ കറാഹത്താണ്. ഇത് ജമാഅത്തിന്റെ പുണ്യത്തെ നഷ്ടപ്പെടുത്തും.

പോക്കുവരവുകളിൽ ഇമാം തക്ബീർ പറയുമ്പോൾ അത് ദിക്ർ ആണെന്ന് കരുതൽ നിർബന്ധമുണ്ടോ? ഇല്ലെങ്കിൽ നിസ്ക്കാരം ബാത്തിലാകുമോ?


പോക്കുവരവുകളിൽ ഇമാം ഉറക്കെ തക്ബീർ പറയുകയാണെങ്കിൽ ദിക്ർ ആണെന്ന് കരുതൽ നിർബന്ധമാണ്. ഇത് ഒാരോ തക്ബീറിലും ആവശ്യമാണ്. ഇല്ലെങ്കിൽ നിസ്ക്കാരം ബാതിലായി പോകും.

പള്ളിയിൽ എത്തിയപ്പോൾ ഒരു ജമാഅത്ത് അവസാനിക്കാറായിരുന്നു. എങ്കിൽ ആ ജമാഅത്തിനെ തുടരുകയാണോ പുതിയ ജമാഅത് ആരംഭിക്കുകയാണോ ഉത്തമം?


ഒന്നിലധികം പേരുണ്ടെങ്കിൽ ജമാഅത്തിന്റെ മുഴുവൻ പ്രതിഫലവും ലഭിക്കാൻ വേണ്ടി ആ ജമാഅത് കഴിഞ്ഞതിനുശേഷം പുതിയ ജമാഅത് ആരംഭിക്കലാണ് ഉത്തമം.

മൂന്ന് പേർ പള്ളിയിൽ വന്നു, ആദ്യത്തെ രണ്ടു പേർ വുളൂ ചെയ്ത് ജമാഅത് നിസ്കരിക്കാൻ ഒരുങ്ങി. എന്നാൽ അവർ മൂന്നാമനെ കാത്തിരുന്ന് പിന്നിൽ സ്വഫായി നിൽക്കേണ്ടതുണ്ടോ?


നിൽക്കേണ്ടതില്ല. ആദ്യത്തെയാൾ ഇമാമിന്റെ വലതു ഭാഗത്താണ് നിൽക്കേണ്ടത്. അടുത്തയാളും വന്നതിനുശേഷമാണ് അവർ രണ്ടു പേരും പിന്നോട്ട് സ്വഫായി നിൽക്കേണ്ടത്.

ജമാഅത്തായി നിസ്കരിക്കുമ്പോൾ ഇമാമിനോടൊപ്പം സൂറത്ത് ഒാതൽ സുന്നത്തുണ്ടോ?


ഇല്ല. ഇമാം സൂറത്തോതുമ്പോൾ അതിനെ കേൾക്കലാണ് സുന്നത്ത്.

പുതിയ സാഹചര്യത്തിൽ സ്ത്രീയുടെ വിവാഹാനന്തര താമസം ചർച്ച ചെയ്യപ്പെടുകയാണല്ലോ? ഇസ്ലാമിക അധ്യാപനം അനുസരിച്ച് കല്യാണത്തിന് ശേഷം പെണ്ണ് സ്വന്തം വീട്ടിലാണോ താമസിക്കേണ്ടത് അതോ ഭർതൃ വീട്ടിലാണോ ?


ഭാര്യക്ക് പാർപ്പിടം ഒരുക്കുക എന്നത് ഭർതാവിന്റെ കടമയാണ്. സ്വസ്ഥമായ ജീവിത സാഹചര്യവും സൗകര്യവുമുളള ഒരു വീടാണ് അവൻ അവൾക്ക് ഒരുക്കി കൊടുക്കേണ്ടത്. അല്ലാതെ ഭർതൃ വീട്ടിൽ താമസിപ്പിക്കാനോ ഭാര്യ വീട്ടിൽ താമസിപ്പിക്കാനോ ഉള്ള നിർദ്ധേശമല്ല ഇസ്‌ലാമിലുള്ളത്. പരസ്പര ധാരണയോടെ മേൽ പറഞ്ഞ രണ്ടാലൊരു വീട്ടിലോ മറ്റോ താമസിക്കുന്നതിന് വിരോധമില്ല.

ഹെയർ ട്രാൻസ്പ്ലാന്റിന്റെ ഇസ്ലാമിക വിധി എന്താണ് ?


കഷണ്ടിയെ പ്രതിരോധിക്കുന്നതിനായി തലയിലെ ഒരു ഭാഗത്ത് നിന്ന് ആരോഗ്യമുള്ള രോമകൂപമെടുത്ത് മുടിയില്ലാത്ത ഇടങ്ങളിൽ നട്ടു വളര്‍ത്തുന്ന രീതിയാണല്ലോ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷൻ എന്നത്. മനുഷ്യരുടെ മുടി ശരീരത്തിൽ നിന്നും വേർപിരിഞ്ഞ ശേഷം അവ ഏത് രൂപത്തിലും ഉപയോഗിക്കാവതല്ല. നിഷിദ്ധമാണത്. അതുകൊണ്ട് ഒരു സ്ഥലത്ത് നിന്ന് നീക്കിയെടുത്ത മുടി മറ്റൊരു സ്ഥലത്ത് വെച്ചു പിടിപ്പിക്കൽ ഹറാമാണ്.അത് സ്വന്തം ശരീരത്തിലെ മുടിയാണെങ്കിൽ പോലും വിധിയിൽ മാറ്റമില്ല. وَيَحْرُمُ عَلَى الْمَرْأَةِ وَصْلُ شَعْرِهَا بِشَعْرٍ طَاهِرٍ مِنْ غَيْرِ آدَمِيٍّ، وَلَمْ يَأْذَنْهَا فِيهِ زَوْجٌ أَوْ سَيِّدٌ، وَيَجُوزُ رَبْطُ الشَّعْرِ بِخُيُوطِ الْحَرِيرِ الْمُلَوَّنَةِ وَنَحْوِهَا مِمَّا لَا يُشْبِهُ الشَّعْرَ. [الرملي، شمس الدين ,نهاية المحتاج إلى شرح المنهاج ,2/25] (قَوْلُهُ: وَيَحْرُمُ عَلَى الْمَرْأَةِ) خَرَجَ بِالْمَرْأَةِ غَيْرُهَا مِنْ ذَكَرٍ وَأُنْثَى صَغِيرَيْنِ فَيَجُوزُ حَيْثُ كَانَ مِنْ طَاهِرٍ غَيْرِ آدَمِيٍّ، أَمَّا إذَا كَانَ مِنْ نَجِسٍ أَوْ آدَمِيٍّ فَيَحْرُمُ مُطْلَقًا (قَوْلُهُ: وَصْلُ شَعْرِهَا إلَخْ) ظَاهِرُهُ وَلَوْ كَانَ شَعْرَ نَفْسِهَا الَّذِي انْفَصَلَ مِنْهَا أَوَّلًا، وَلَيْسَ بَعِيدًا؛ لِأَنَّهُ بِانْفِصَالِهِ عَنْهَا صَارَ مُحْتَرَمًا وَيُوَافِقُهُ مَا ذَكَرْنَاهُ عَنْ م ر. [ [ع ش ,2/24] (قَوْلُهُ: مِنْ غَيْرِ آدَمِيٍّ) أَيْ أَمَّا الْآدَمِيُّ فَيَحْرُمُ مُطْلَقًا أَذِنَ أَوْ لَا؛ لِأَنَّهُ يَحْرُمُ الِانْتِفَاعُ بِشَيْءٍ مِنْهُ لِكَرَامَتِهِ، وَنُقِلَ بِالدَّرْسِ عَنْ م ر أَنَّهُ يَحْرُمُ ذَلِكَ عَلَى الْآدَمِيِّ وَلَوْ مِنْ نَفْسِهِ لِنَفْسِهِ. أَقُولُ: وَلَعَلَّ وَجْهَهُ أَنَّهُ صَارَ مُحْتَرَمًا، وَتُطْلَبُ مُوَارَاتُهُ بِانْفِصَالِهِ أَوَّلًا، وَعَلَيْهِ فَلَا يَصِحُّ بَيْعُهُ كَبَقِيَّةِ شُعُورِ الْبَدَنِ لِلْعِلَّةِ الْمَذْكُورَةِ. [ع ش ,2/25]

ആൺകുട്ടികൾക്ക് സ്വർണാഭരണം ധരിക്കാമോ?


ആൺകുട്ടികൾക്ക് സ്വർണാഭരണം ധരിക്കൽ അനുവദനീയമാണ്. പ്രായപൂർത്തിയാകുന്നത് വരെ സ്വർണാഭരണം അവർക്ക് ഹറാമല്ല. രക്ഷിതാക്കൾക്ക് അവരെ ധരിപ്പിക്കുന്നതിനും പ്രശ്നമില്ല.

ഭാര്യയും ഭർതാവും തമ്മിൽ ബന്ധപ്പെടുമ്പോൾ ചൊല്ലേണ്ട ദിക്റുകൾ ചൊല്ലാൻ മറന്നു . ഭാര്യ ഗർഭിണി ആയാൽ എന്താണ് ചെയ്യുക? അല്ലെങ്കിൽ ചൊല്ലേണ്ടത് ?


ലൈഗിംക ബന്ധത്തിൽ ഏർപെടുന്നവർക്ക് പ്രത്യേകം സുന്നത്തായ ദിക്റുണ്ട്. പക്ഷേ, അത് നഷ്ടപ്പെട്ടതിന്റെ മേൽ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. എന്നാലും സന്താനങ്ങൾ സ്വാലിഹീങ്ങളാകുനുള്ള ദുആഅ് വർധിപ്പിക്കുന്നത് നല്ലതാണ്.

സയാമീസ് ഇരട്ടകളുടെ നികാഹ് എങ്ങനെ? അവർ രണ്ട് മനുഷ്യരായി പരിഗണിക്കുന്നതിൻ്റെ മാനദണ്ഡം? അവലംബം സഹിതം വിശദീകരിക്കാമോ?


തായ്‌ലൻഡ് എന്ന് പേരുള്ള തെക്കുകിഴക്കൻ രാഷ്ട്രത്തിൻറെ പഴയ പേരാണ് 'സയാം'. 1811 ൽ തായ്ലാന്റിൽ ജനിച്ച് 1874 വരെ ജീവിച്ച ചാംങ് , എംഗ് എന്നീ ഇരട്ട കുട്ടികളുടെ ചരിത്രത്തിൽ നിന്നാണ് ഇരട്ടകൾക്ക് സയാമീസ് ഇരട്ടകൾ എന്ന പേരു വന്നത്. അവർ മരണം വരെ ഒട്ടിപ്പിടിച്ച് ജീവിക്കുകയും സഞ്ചരിക്കുകയും, ഇതേ അവസ്ഥയിൽ വിവാഹം കഴിക്കുകയും സന്താനങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഇസ്ലാമിക കർമശാസ്ത്ര പണ്ഡിതന്മാർ ആരാധനകളെക്കുറിച്ച് ചർച്ച ചെയ്തിടത്ത് അപൂർവ്വ സാധ്യതയുള്ള ഇരട്ടകളെ കുറിച്ചും ഇരട്ട അവയവങ്ങളെക്കുറിച്ചും സവിസ്തരം തന്നെ പരാമർശിച്ചിട്ടുണ്ട്. ബുദ്ധിപരമായും വൈകാരികമായും വെവ്വേറെ അവസ്ഥകളുള്ള പരസ്പരം ഒട്ടിപ്പിടിച്ച രണ്ടു വ്യക്തികളാണ് ഇരട്ടകൾ . ലൈംഗികാവയവും വികാരേച്ഛയും സ്വന്തമായി ഉള്ളതിനാൽ ഇവർക്ക് ഓരോരുത്തർക്കും വിവാഹജീവിതമാകാം . അവരിലൊരാൾ ആണും മറ്റൊരാൾ പെണ്ണുമായാൽ അവർ സഹോദരി സഹോദരന്മാരായതിനാൽ പരസ്പരം വിവാഹം കഴിക്കാനാവില്ല . എന്നാൽ അവർക്ക് പുറമേ നിന്നും വേറെ ഇണകളെ കണ്ടെത്തി വിവാഹമാകാം.തായ്‌ലാന്റിലെ ചാങ്ങിനും എംഗിനും വിവാഹ ജീവിതത്തിലൂടെ കുട്ടികൾ ഉണ്ടായ ചരിത്രം പരാമർശിച്ചുവല്ലോ. ഇരട്ടകളിൽ ഓരോരുത്തരും വിവാഹം കഴിക്കുന്ന സ്ത്രീയുമായി അയാൾക്ക് മാത്രമേ ബന്ധമുണ്ടാകാൻ പാടുള്ളൂ. അപരൻ അവൾക്ക് അന്യപുരുഷനാണ് . വെവ്വേറെ ലൈംഗികാവയവം ഇല്ലാത്ത ഇരട്ടകളാണെങ്കിൽ വൈവാഹിക ജീവിതം പ്രയാസമാകും. വേർപിരിഞ്ഞ് കൊണ്ടോ കൃത്രിമാവയവങ്ങൾ ചികിത്സ മുഖേന ഘടിപ്പിച്ചു കൊണ്ടോ ഈ പ്രശ്നം പരിഹരിക്കാനാകും. വിവാഹാനന്തര വിഷയങ്ങളായ ഗർഭധാരണത്തിലും പ്രസവത്തിലുമെല്ലാം വിധി ഇപ്രകാരം രണ്ടു പേർക്കും വ്യത്യസ്തം തന്നെയാണ്.

കഴുതയെ ഭക്ഷിക്കാമോ?


കാട്ടു കഴുതയെ തിന്നൽ അനുവദനീയമാണ്. നാട്ടു കഴുതയെ തിന്നൽ നിഷിദ്ധമാണ്. തുഹ്ഫ

ഭർത്താവിന് വേണ്ടി പുരികം ഷേപ്പ് ചെയ്യാമോ?


കണ്ണിന്റെ പുരികം ഷേപ്പ് ചെയ്തു ഭംഗിയാക്കൽ ഹറാമാണ്. കല്യാണം കഴിഞ്ഞ സ്ത്രീകൾക്ക് ഭർത്താവിന്റെ സമ്മതമുണ്ടെങ്കിൽ പറ്റുമെന്നതാണ് പ്രബലം.

തുടർച്ചയായി 40 കറാഹത്തുകൾ ചെയ്‌താൽ ഒരു ഹറാം ആവുമോ? എന്താണ് തഹ്രീമിന്റെ കറാഹത്?


തുടർച്ചയായി 40 കറാഹതുകൾ ചെയ്‌താൽ ഒരു ഹറാം ആവില്ല. അല്ലാഹുവിന്റെയും റസൂലിന്റെയും നിർദേശത്തിന്റെയും കൽപനയുടേയും ഭാവവും രൂപവും ശൈലിയും പരിഗണിച്ചാണ് ഹറാം, വുജൂബ് പോലോത്ത ഹുകുമുകൾ ഉണ്ടാകുന്നത്. അല്ലാതെ ഒരു കാര്യം ചെയ്തതിന്റെ എണ്ണം പരിഗണിച്ചല്ല. ഒരു കാര്യം ചെയ്യുന്നതിന് കർശനമായ നിരോധനം ഉണ്ടാവുകയും അക്കാര്യം ചെയ്യൽ കുറ്റകരമാണ് എന്നതിന് (വ്യാഖ്യാനത്തിന് പഴുതില്ലാത്ത വിധം) ഖണ്ഡിതമായ തെളിവുണ്ടാവുകയും ചെയ്താൽ അത് പ്രവർത്തിക്കൽ ഹറാമാണ്. അതേ സമയം,ഒരു കാര്യം ചെയ്യുന്നതിന് കർശന നിരോധനം ഉണ്ടായിരിക്കെ ആ കാര്യം ചെയ്യൽ കുറ്റകരമാണ് എന്നതിന് ഖണ്ഡിതമായ തെളിവില്ലാതെ പകരം വ്യാഖ്യാനത്തിന് പഴുതുണ്ടാകുകയും ചെയ്താൽ അത് തഹ് രീമിന്റെ കറാഹത് എന്ന വകുപ്പിൽ പെടും. കറാഹതുകൾ ആവർത്തിച്ചു ചെയ്യുന്നതിലൂടെ തന്റെ സൂക്ഷ്മത നഷ്ടപ്പെടുകയും തുടർന്ന് അത് ഹറാമിന്റെ ഗൗരവം കൂടി കുറച്ചു കാണുന്നതിലേക്ക് അവനെ നയിക്കുമെന്നും മേലെ പറഞ്ഞ പ്രയോഗത്തിൽ നിന്ന് മനസ്സിലാക്കാം.

പുകവലിക്കുന്നതിന്റെ വിധി വിശദീകരിക്കുമോ?


അല്ലാമാ ബുജൈരിമി (റ) രേഖപ്പെടുത്തുന്നു : ബുദ്ധിക്ക് തകരാർ വരുത്തുന്നതും ശരീരത്തിന് ആരോഗ്യപരമാമായി അസഹനീയമായ പ്രയാസം സ്രഷ്ടിക്കുന്നതുമായ വസ്തുക്കൾ ഉപയോഗിക്കൽ ഹറാമാണ്. ഇതിൽ നിന്നും പുകവലി നിഷിദ്ധമാണന്ന് ഗ്രഹിക്കാവുന്നതാണ്. കാരണം, പുകവലി അന്ധതയുണ്ടാക്കുന്നതിനും ശരീരം ക്ഷീണിക്കാനും രക്ത റൂട്ടുകൾ വിശാലമാകാനും നിമിത്തമാകുമെന്ന് വിശ്വാസ യോഗ്യരിൽ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അലിയ്യുശ്ശബ്റാ മല്ലിസി(റ) അടക്കം മറ്റൊരു വിഭാഗം അത് ഹറാമില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ഉൽപാദകർ തന്നെ ഇത് ഗുണകരമല്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ അത് ഒഴിവാക്കാൻ ശ്രമിക്കുക തന്നെയാണ് വേണ്ടത്.

പൂച്ച, ലവ് ബേർഡ്സ് തുടങ്ങിയ ജീവികളെ വളർത്താമോ?


പ്രാവ്, തത്ത, ലവ് ബേർഡ്സ് തുടങ്ങിയ പക്ഷികളെ വളർത്തൽ അനുവദനീയമാണ്. വളർത്തുമ്പോൾ അവക്ക് ആവശ്യമായ സംരക്ഷണം ഒരുക്കൽ, ആവശ്യമായ ഭക്ഷണങ്ങൾ നൽകൽ എന്നിവ നിർബന്ധവുമാണ്.

പൂച്ച, നായ, ലവ് ബേർഡ്സ് തുടങ്ങിയ ജീവികളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിന്റെ വിധി?


നായ നജസ് ആയതിനാൽ വിൽക്കലും വാങ്ങലും നിഷിദ്ധമാണ്. പൂച്ച, ലവ് ബേർഡ്സ് എന്നിവ വിൽക്കുകയും വാങ്ങുകയും ചെയ്യാം

നിസ്കാര പായയിൽ കാൽ നീട്ടി ഇരിക്കാൻ പറ്റുമോ? ചമ്രം പടിഞ്ഞിരിക്കലോ?


വിരോധമില്ല.അനുവദനീയമാണ്.

വാഹനങ്ങളിൽ 'മാഷാ അല്ലാഹ് ' പോലോത്ത വിശുദ്ധ വചനങ്ങൾ എഴുതി വെക്കുന്ന പതിവ് നമ്മുടെ നാടുകളിലുണ്ടല്ലോ. അതിൻ്റെ മുകളിൽ പക്ഷികളും മറ്റും കാഷ്ടിക്കാൻ സാധ്യത കാണുന്നു. ഇതിന്റെ മതകീയ മാനം എന്താണ് ?


അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങൾ പോലോത്ത ബഹുമാനിക്കപ്പെടേണ്ട പേരുകളും വചനങ്ങളും നിന്ദിക്കപ്പെടും എന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ മനപൂർവ്വം അവ എഴുതി വെക്കലും സ്ഥാപിക്കലും ഹറാമാണ്. നിന്ദിക്കപ്പെടും എന്നതിന് കേവലം സാധ്യതയുണ്ടെങ്കിൽ പോലും അവ ഒഴിവാക്കേണ്ടതാണ്. കറാഹതാണത്.

ബസിൽ യാത്ര ചെയ്യുമ്പോൾ ഒരു പള്ളിയിൽ നിന്ന് ബാങ്ക് കേട്ടു. പക്ഷേ, ബാങ്ക് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ബസ് കുറച്ചധികം സഞ്ചരിച്ചതിനാൽ ബാങ്ക് പകുതിക്ക് ശേഷം കേട്ടില്ല. എങ്കിൽ ബാങ്കിൻ്റെ ജവാബ് പറയേണ്ടത് എങ്ങിനെയാണ്? പൂർണമായും പറയേണ്ടതുണ്ടോ?ഒരുപാട് ബാങ്കുകൾ ഒരുമിച്ച് കേട്ടാലോ?


വാങ്കിന്റെ അക്ഷരങ്ങൾ വേർതിരിച്ചറിയുന്ന രൂപത്തിൽ അൽപഭാഗം മാത്രം കേട്ടാൽ കേട്ടതിനും കേൾക്കാത്തതിനും ഉത്തരം ചെയ്യൽ സുന്നത്താണ്. ഒന്നിനു പിറകെ ഒന്നായി പലയിടത്തു നിന്നും വാങ്ക് കേട്ടുകൊണ്ടിരുന്നാൽ അവയ്ക്കെല്ലാം ജവാബ് പറയൽ സുന്നത്തുണ്ട്. അത് അവൻ്റെ നിസ്കാരം കഴിഞ്ഞ ശേഷമാണെങ്കിൽ പോലും സുന്നത്തു തന്നെ. ആദ്യം കേട്ടതിന് ഉത്തരം പറയാതിരിക്കൽ കറാഹ ത്തുമാണ്. വാങ്കിന് പ്രതികരിക്കാൻ വേണ്ടി ഖിറാഅത്ത്, ദിക്ർ ദുആ എന്നിവ നിർത്തിവെക്കണം.

സ്ത്രീകൾ മയ്യിത്ത് നിസ്കരിക്കുമ്പോൾ ഇമാം നിൽക്കേണ്ടത് പുരുഷനാണോ? സ്ത്രീകൾക്ക് ഇമാം നിൽക്കാമോ ?


ഒരു മുസ്ലിം മരിച്ചാൽ അവന്റെ മേൽ മയ്യിത്ത് നിസ്കരിക്കാനുള്ള ബാധ്യത പുരുഷന്മാർക്കാണുള്ളത്. പുരുഷൻ ഇല്ലെങ്കിൽ മാത്രമേ ഈ ബാധ്യത സ്ത്രീകളുടെ മേൽ വരുന്നുള്ളൂ. നിസ്കാരം നടക്കുന്ന നാടിന്റെ അതിർത്തിക്കുള്ളിലോ അതിനോടടുത്തുള്ള ഭാഗത്ത് നിന്ന് നിസ്കരിക്കുന്ന നാട്ടിലേക്ക് ചേർക്കപ്പെടുന്ന സ്ഥലത്തോ പുരുഷൻ ഉള്ളപ്പോൾ സ്ത്രീകൾ നിസ്കരിക്കാൻ നിർദ്ദേശിക്കപ്പെടുന്നില്ല. ഈ നിലക്ക് പുരുഷൻ ഇല്ലെങ്കിൽ മയ്യിത്ത് നിസ്കാരം സ്ത്രീകളുടെ മേൽ നിർബന്ധമാക്കുന്നതും അവരുടെ നിസ്കാരത്തോടെ ബാധ്യത വീടുന്നതുമാണ് .പുരുഷന്മാർ ഉണ്ടായിരിക്കെ സ്ത്രീകൾക്ക് മയ്യത്ത് നിസ്കാരം നിർബന്ധമായി നിർദ്ദേശിക്കപ്പെടുന്നില്ല എന്നതുപോലെ സുന്നത്തായും നിർദ്ദേശം ഇല്ല. പുരുഷന്മാർ ഉണ്ടായിരിക്കെ പുരുഷന്മാർക്ക് മുമ്പായി സ്ത്രീകൾ മാത്രം നിസ്കരിക്കുന്നത് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായമനുസരിച്ച് ഹറാമാണ്. ഇനി പുരുഷന്മാരുടെ നിസ്കാരത്തിനു ശേഷം സ്ത്രീകൾ മയ്യത്ത് നിസ്കരിക്കുകയാണെങ്കിൽ പുരുഷനോ സ്ത്രീക്കോ ഇമാമായി നിൽക്കാവുന്നതാണ്.

മയ്യിത്ത് നിസ്കാരത്തിൽ പാപമോചന പ്രാർത്ഥന നടത്തുമ്പോൾ സ്ത്രീയുടെ മയ്യിത്താണങ്കിൽ ളമീറിനെ മുഅന്നസാക്കലാണോ അല്ല മുദക്കറായി പറയുന്നതാണോ ഉത്തമം?


മയ്യിത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിൽ മയ്യിത്ത് പുരുഷനാകുമ്പോൾ ളമീറിനെ മുദക്കറായും സ്ത്രീയാകുമ്പോൾ മുഅന്നസായ ളമീറായും ഉപയോഗിക്കലാണ് അഭികാമ്യമായ രീതി. എന്നാൽ മയ്യിത്ത് സ്ത്രീയുടേതാണെങ്കിൽ പോലും മുഅന്നസായ ളമീർ ഉപയോഗിക്കുന്നതിന് പകരം شخص,ميت പോലെയുള്ള മുദക്കാറായ പദങ്ങൾ ഉപയോഗിക്കാൻ പറ്റിയ രീതി പരിഗണിച്ച് ളമീർ മുദക്കർ ആയി ഉപയോഗിക്കാവുന്നതാണ്.

മരണപെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്ത് ഹദിയ ചെയ്യുന്നതിനെ പറ്റി ഒന്ന് വിവരിക്കാമോ? തെളിവുകൾ ?


ഇബ്നു അബീശൈബ, ഇമാം അഹ്മദ്, അബൂദാവൂദ്, നസാഈ, ഹാകിം, ഇബ്നു ഹിബ്ബാൻ(റ.ഹും) തുടങ്ങിയവർ മഅഖലുബ്നു യസാർ (റ) ൽ നിന്ന് നിവേദനം ചെയ്യുന്നു: നബി (സ) തങ്ങൾ പറഞ്ഞു : "നിങ്ങൾ മരിച്ചവരുടെ മേൽ യാസീൻ ഓതുക" (ശറഹുസ്സുദൂർ പേ: 14) ഇബ്നു ഹിബ്ബാൻ ഈ ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്. (മഹല്ലി വാ :1 പേ : 321) ബഹുമാനപ്പെട്ട ഇബ്നു ഹജർ (റ) നോട് ഇങ്ങനെ ചോദിച്ചു : ആത്മാവ് വിട്ടുപിരിഞ്ഞതിനാൽ മയ്യിത്തിന്റെ അരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്യുന്നത് കൊണ്ട് മയ്യിത്തിന് യാതൊരു പ്രതിഫലവും ലഭിക്കുകയില്ലെന്നും അതുകൊണ്ട് ഹദീസിന്റെ ഉദ്ദേശ്യം മരണമാസന്നമായവർ മാത്രമാണെന്നും ചിലർ പറയുന്നു. ഇത് ശരിയാണോ? ഇബ്നു ഹജർ (റ) പറഞ്ഞു: ആത്മാവ് വിട്ടുപിരിഞ്ഞതിനാൽ മയ്യിത്തിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്താൽ യാതൊരു പ്രതിഫലവുമില്ലെന്ന് പറഞ്ഞത് അങ്ങേയറ്റം ബാലിശവും വിനാശകരവുമാകുന്നു. ദുആ , സ്വദഖ പോലുള്ളവയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. അപ്പോൾ ഖുർആൻ പാരായണം നടത്തുന്നതും അതുപോലെ തന്നെയാണ്. ഖുർആൻ പാരായണം കൊണ്ട് മയ്യത്തിന് പ്രതിഫലം ലഭിക്കുകയില്ലെന്ന് മുൻഗാമികളിൽ ചിലർ പറഞ്ഞതിന്റെ ഉദ്ദേശ്യം, ഓതിയ ശേഷം ദുആ ചെയ്യാത്തപ്പോഴാണ് . ദുആ ചെയ്താൽ പ്രതിഫലം ലഭിക്കുമെന്നതിൽ ഭിന്നാഭിപ്രായമില്ല. (അൽ ഫതാവൽ കുബ്റ . വാ 2, പേ: 26,27)

നമ്മുടെ പള്ളികളിൽ വെള്ളിയാഴ്ച മയ്യിത്ത് നിസ്കരിക്കുമ്പോൾ ഗായിബായ മയ്യിത്തുകളുടെ പേരുകൾ മുഴുവനും വായിക്കേണ്ടതുണ്ടോ? കത്തുകൾ കൊടുത്തയച്ചാൽ മയ്യിത്ത് നിസ്കരിക്കൽ ബാധ്യതയാണോ?


പേരുകൾ വായിക്കണമെന്നൊന്നും നിർബന്ധമില്ല. മയ്യിത്തിന്റെ പേര്, നാട്, ത റവാട്, എണ്ണം തുടങ്ങിയവ എടുത്ത് പറഞ്ഞ് നിർണയിക്കലോ അവ അറിയലോ നിർബന്ധമില്ല.നിസ്‌ക്കരിക്കപ്പെടുന്ന മയ്യിത്തുകളെ പറ്റിയുള്ള ഏതെങ്കിലും രീതിയിലുള്ള ചെറിയ ഒരു തിരിച്ചറിവ് (أدنى التمييز) മാത്രം മതിയാകും. ഇന്ന്, ഈ ആഴ്ച, ഈ മാസം മരിച്ച മയ്യിത്ത് നിസ്കാരം സ്വഹീഹാകുന്നവരുടെ മേൽ ഞാൻ നി സ്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്താലും നിസ്കാരം സ്വഹീഹാ കുന്നതാണ്. മഅമൂമിന് ഇമാം നിസ്ക്കരിക്കുന്ന മയിത്തുകളുടെ മേൽ ഞാൻ നിസ്കരിക്കുന്നു എന്ന് കരുതിയാൽ മതിയാവും. കത്തു കൊടുത്തയച്ചതിനാൽ പ്രത്യേക ബാധ്യതയൊന്നുമില്ലെങ്കിലും നിബന്ധനയൊത്ത മറഞ്ഞ മയ്യിത്തുകളുടെ മേൽ നിസ്കാരം സുന്നത്താണ്. ولا يجب تعيين الميت، ولا معرفته، بل الواجب أدنى مميز، فيكفي أصلي الفرض على هذا الميت. [ فتح المعين ,]

ഒരു മുസ്ലിം ആത്മഹത്യ ചെയ്താൽ അവൻ്റെ മേൽ മയ്യിത്ത് നിസ്കാരം നിർവ്വഹിക്കേണ്ടതുണ്ടോ?


ആത്മഹത്യ വൻകുറ്റം തന്നെയാണെങ്കിലും അതുമൂലം അവൻ കാഫിറാവില്ല. അതിനാൽ അനന്തര കർമ്മങ്ങളെല്ലാം സാധാരണ മുസ്ലിമിന് വേണ്ടി നിർവ്വഹിക്കുന്നത് പോലെ തന്നെ ചെയ്യണം. അവൻ്റെ മേൽ മയ്യിത്ത് നിസ്കരിക്കൽ സാമൂഹ്യബാധ്യത തന്നെയാണ്.

പ്രാവിനെ ഭക്ഷിക്കാമോ? ഭക്ഷ്യയോഗ്യമായ ജീവികൾ ഏതെല്ലാമാണ്?


പ്രാവിനെ ഭക്ഷിക്കാവുന്നതാണ്. ആട്, മാട്, ഒട്ടകം, കാട്ടുപോത്ത് ,കാട്ടുകഴുത , മുയൽ, ഉടുമ്പ് തുടങ്ങിയ ജീവികളെ ഭക്ഷിക്കൽ അനുവദനീയമാണ്. മെരു , ഈച്ച , ഉറുമ്പ് , വണ്ട് , ചെറുപ്രാണികൾ , തുടങ്ങിയ നിന്ദ്യ ജീവികളെ ഭക്ഷിക്കാൻ പാടില്ല. തേറ്റകൊണ്ട് ശക്തി പ്രയോഗിക്കുന്ന സിംഹം , പുലി , ചെന്നായ , കുരങ്ങ് , ആന , നഖങ്ങളിലിറുക്കി കൊത്തിത്തിന്നുന്ന കഴുകൻ , പരുന്ത് , കാക്ക മുതലായവ ഭക്ഷിക്കാൻ പാടില്ല. സമുദ്ര ജീവികളിൽനിന്ന് തവളയും മുതലയും ആമയും ഒഴികെയുള്ളവ ഭക്ഷിക്കാവുന്നതാണ്. കടലിലും കരയിലും ജീവിക്കുന്ന ഞണ്ട് ഭക്ഷിക്കാൻ പാടില്ല. ശരീരത്തിന് നാശമുണ്ടാക്കുന്ന വിഷം , മണ്ണ് , കല്ല് , പളുങ്ക് , മൂത്രം മുതലായ നജസുകൾ , മ്ലേച്ഛമായ കഫം , ഇന്ദ്രിയം , തുപ്പുനീർ തുടങ്ങിയവയും നിഷിദ്ധമാണ് . നിഷിദ്ധമായവ ഭക്ഷിക്കേണ്ട നിർബന്ധ സാഹചര്യത്തിൽ ജീവൻ നിലനിൽക്കാൻ ആവശ്യമായത്ര ഭക്ഷിക്കാവുന്നതാണ്. മത്സ്യം , വെട്ടുകിളി എന്നിവയല്ലാത്ത ജീവികളെ അറുക്കാതെ ഭക്ഷിക്കാൻ പാടുള്ളതല്ല.

നോമ്പ് നോക്കാൻ സാധിക്കാത്ത രോഗികൾ, വൃദ്ധ•ാർ മുതലായവർ എന്തു ചെയ്യണം?


വ്രതമനുഷ്ഠിക്കാൻ സാധിക്കാത്ത രോഗികൾക്കും വൃദ്ധൻമാർക്കും ഇളവ് അനുവദിച്ചിരിക്കുന്നു.സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത മാറാരോഗികൾക്കും ഭേദമാകുമെന്ന് പ്രതീക്ഷയുള്ള രോഗികൾക്കും വ്രതം ഉപേക്ഷിക്കാൻ അനുവാദമുണ്ട്. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത മാറാ രോഗികൾ ഉപേക്ഷിക്കുന്ന ഒാരോ ദിവസത്തെ വ്രതത്തിനും പകരമായി ഒാരോ മുദ്ദ് വീതം ദരിദ്രന് ആഹാരം നൽകിയാൽ മതി. എന്നാൽ, രോഗം ഭേദമാകുമെന്ന് പ്രതീക്ഷയുള്ള രോഗികൾ സുഖമായതിനുശേഷം നഷ്ടപ്പെട്ട വ്രതം അനുഷ്ഠിക്കേണ്ടതാണ്. വ്രതമനുഷ്ടിക്കാൻ സാധിക്കാത്ത വൃദ്ധൻമാരും ഒാരോ വ്രതത്തിനും പകരമായി ഒാരോ മുദ്ദ് വീതം ദരിദ്രന് ആഹാരം നൽകണം.

യാത്രയിൽ നോമ്പനുഷ്ഠിക്കുന്ന വ്യക്തി നോമ്പ് തുറക്കേണ്ടത് എപ്പോഴാണ്?


സൂര്യൻ അസ്തമിച്ച ശേഷമാണ് നോമ്പ് തുറക്കേണ്ടത്. വിമാനത്തിൽ യാത്ര ചെയ്യുന്ന വ്യക്തി സൂര്യൻ അസ്തമിച്ചു എന്ന് ബോധ്യപ്പെട്ടാൽ നോമ്പ് തുറക്കേണ്ടതാണ്. കേരളത്തിൽ നിന്ന് വിമാനത്തിൽ യാത്ര ചെയ്യുന്ന ചിലർ സൂര്യാസ്തമയം പരിഗണിക്കാതെ നാട്ടിലെ സമയം നോക്കി വ്രതം തുറക്കാറുണ്ട്.ഇത് പരമാബദ്ധമാണ്.അങ്ങനെ വ്രതം മുറിച്ചവർ പകരം മറ്റൊരു ദിവസം വ്രതമെടുക്കേണ്ടതാണ്.

സൂര്യൻ അസ്തമിച്ചതു മുതലാണല്ലോ ഇസ്ലാമിക വീക്ഷണത്തിൽ ദിവസാരംഭം. എന്നിരിക്കെ, നിയ്യത്തിൽ 'സൗമ ഗദിന്' (നാളത്തെ നോമ്പിനെ) എന്നു കരുതുന്നതിന്റെ കാരണം?


നിയ്യത്തിൽ 'സൗമ ഗദിന്' എന്നതിന്റെ വിവക്ഷ ഇൗ രാത്രിയെ തുടർന്നു വരുന്ന പകൽ എന്നാണെന്ന് ശാഫഇൗ മദ്ഹബിലെ പ്രസിദ്ധപണ്ഡിതൻ അല്ലാമഃ ശർബീനി തങ്ങൾ വിശ്വ പ്രശസ്തഗ്രന്ഥമായ മുഗ്നീ മുഹ്താജിൽ പറഞ്ഞതായി കാണാം.

റമളാൻ നോമ്പിന്റെ കൂടെ തിങ്കളാഴ്ച പോലുള്ള സുന്നത്ത് നോമ്പ് കൂടി കരുതിയാൽ രണ്ടും ലഭിക്കുമോ?


രണ്ടും ലഭിക്കില്ലെന്ന് മാത്രമല്ല ആ നോമ്പ് തന്നെ സ്വീകരിക്കപ്പെടുകയില്ല. കാരണം റമളാനിന്റെ കൂടെ മറ്റൊരു നോമ്പിനേയും സ്വീകരിക്കുകയില്ല.

റമളാൻ ആരംഭിക്കുന്നതിന്റെ അവലംബ മാനദണ്ഡങ്ങൾ എന്തെല്ലാം?


ശഅബാൻ മുപ്പത് പൂർത്തിയാക്കുക. അല്ലെങ്കിൽ ഇരുപത്തി ഒമ്പതിന് മാസം കണ്ടതായി സ്ഥിരപ്പെടുക. (തുഹ്ഫ 3:409)

ഉറക്കത്തിൽ ഇന്ദ്രിയം സ്രവിച്ചാൽ നോമ്പ് മുറിയുമോ?


ഉറക്കത്തിലെ ശുക്ലസ്രാവം കൊണ്ട് നോമ്പു മുറിയില്ല.

നോമ്പ് സ്ഥിരപ്പെടാൻ എത്ര പേർ മാസം കാണണം?


നീതിമാനായ ഒരു വ്യക്തി. (പെരുന്നാൾ സ്ഥിരപ്പെടാൻ രണ്ടാൾ കാണണം)

ഒരാൾക്ക് നോമ്പുകാരനായിരിക്കെ വികാരത്തിന്റെ ശക്തിയിൽ ആലോചനയാൽ ഇന്ദ്രിയ സ്ഖലനമുണ്ടായി. എന്നാൽ അവന്റെ നോമ്പു മുറിയുമോ?


ആലോചനയാൽ ശുക്ലം പുറപ്പെട്ടതു കൊണ്ട് നോമ്പ് മുറിയുകയില്ല. എന്നാൽ സാധാരണയായി ചിന്തകൾ കൊണ്ട് തന്നെ സ്ഖലിക്കുന്നവനെങ്കിൽ മുറിയുമെന്ന് ഇമാം ബുജൈരിമി പറഞ്ഞിട്ടുണ്ട്.

നോമ്പുകാരൻ സുഗന്ധമുപയോഗിക്കൽ കറാഹത്താണല്ലോ,നോമ്പുകാരനായിരിക്കെ അവൻ മരിച്ചാൽ കുളിപ്പിക്കുന്ന വെള്ളത്തിലും കഫൻപുടവയിലും സുഗന്ധമുപയോഗിക്കുന്നതിന്റെ വിധി എന്ത്?


നോമ്പുകാരനായിരിക്കെ ഒരാൾ മരണപ്പെട്ടാൽ അയാളുടെ നോമ്പ് ബാത്വിലാവുമെന്നതാണ് പ്രബലം.അതിനാൽ കഫൻപുടവയിലും,കുളിപ്പിക്കുന്ന വെള്ളത്തിലും സുഗന്ധമുപയോഗിക്കലിൽ കറാഹത്ത് വരില്ല.

റമളാനിന്റെ പകൽ ഇതരമതസ്ഥർക്ക് ഭക്ഷണം നൽകാമോ,വിൽക്കാമോ ?


അവർ അത് പകലിൽ തന്നെ കഴിക്കുമെന്ന ഉറപ്പോ ഭാവനയോ ഉണ്ടെങ്കിൽ പാടില്ല.ഹറാമാണ്.കാരണം അത് തെറ്റിന്റെ മേൽ സഹായിക്കലാണ്.ശ്രദ്ധിക്കേണ്ട മറ്റൊന്ന് ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങൾ നൽകലല്ല മറിച്ച് ഉണ്ടാക്കിയ വിഭവങ്ങൾ നൽകലാണ് ഹറാം.

മില്ലിൽ ജോലി ചെയ്യുന്നവന്റെ വായിലേക്കും മുക്കിലേക്കുമെല്ലാം ജോലി ചെയ്യുന്ന സമയത്ത് പൊടി കയറുമല്ലോ; അപ്പോൾ നോമ്പ് മുറിയുകയില്ലേ?ജോലി ഒഴിവാക്കാൻ സാധിക്കാത്ത ആളാണെങ്കിൽ എന്ത് ചെയ്യണം ?


ഇമാം ഇബ്നു ഹജർ (റ) എഴുതുന്നു: ഉള്ളിലേക്ക് ചേരുന്ന വസ്തു തന്റെ ഉദ്ദേശ്യത്തോടെയാകണമെന്ന് പറഞ്ഞതിൽ നിന്നും തന്റെ ഉദ്ദേശ്യമില്ലാതെ ഇൗച്ചയോ, കൊതുകോ, വഴിയിലെ പൊടികളോ, ധാന്യങ്ങളുടെ പൊടികളോ ഉള്ളിലേക്ക് പ്രവേശിച്ചാൽ നോമ്പ് മുറിയുന്നതല്ല; കാരണം അവയെല്ലാം സൂക്ഷിക്കൽ പ്രയാസമായതിനാൽ മാപ്പ് ചെയ്യപ്പെടും. മനപൂർവ്വമല്ലാതെ കൂടുതൽ പ്രവേശിച്ചാലും കുഴപ്പമില്ല.

കൊറോണ ടെസ്റ്റ് കൊണ്ട് നോമ്പ് മുറിയുമോ ?


അതിനുപയോഗിക്കുന്ന സാമഗ്രി തരിമൂക്കും വിട്ട് അപ്പുറത്തേക്ക് കടന്നാൽ മാത്രമേ മുറിയൂ. തരിമൂക്ക് എന്നാൽ മൂക്കിന്റെ അങ്ങേ അറ്റമാണ്.

പുകവലികൊണ്ട് നോമ്പ് മുറിയുമോ?


പുക നിരുപാധികം തടിയുളളതല്ല.അത് ഫത്ഹുൽ മുഇൗനിൽ പറഞ്ഞ നോമ്പ് മുറിയാത്ത രുചി,മണം പോലെ കേവലം അസറുകളിലൊന്നാണ്.അതേസമയം നമ്മുടെ നാടുകളിൽ പ്രസിദ്ധമായ പുകയില ഉത്പന്നങ്ങളിൽ നിന്ന് പുറത്ത് വരുന്ന പുക തടിയുളള ഇനം പുകയാണെന്ന് ഒട്ടനവധി ഫുഖഹാഅ് രേഖപ്പെടുത്തിയതായി കാണാം. ആയതിനാൽ പുകവലി നോമ്പ് മുറിക്കുന്നതാണ്.

വുളുഇൽ വായിൽ വെള്ളം കോപ്ലിച്ച ശേഷം നാവിൽ നിലനിൽക്കുന്ന അസർ ഉള്ള ഉമിനീർ ഇറക്കിയാൽ നോമ്പ് ബാഥ്വിൽ ആവുമോ?


ഇല്ല,അതിനെത്തൊട്ട് സൂക്ഷിക്കൽ പ്രയാസമായതിനാൽ അത് വിഴുങ്ങിയാൽ പ്രശ്നമില്ല.

സുറുമയിട്ടാലും കണ്ണിൽ മരുന്നുറ്റിച്ചാലും നോമ്പ് മുറിയുമോ?


സുറുമയിടൽ ഖിലാഫുൽ ഒൗലാ ആണെന്ന് ഫത്ഹുൽ മുഇൗനിലുണ്ട്. എന്നാൽ സുറുമയിട്ടാൽ ഒരിക്കലും നോമ്പ് മുറിയില്ല.ജാഇസാണ്.അതിന്റെ രുചി തൊണ്ടയിലെത്തിയാൽ പ്പോലും നോമ്പ് മുറിയില്ല.കാരണം കണ്ണ് ജൗഫിൽ പെടില്ല. ഇതേ ഹുക്മ് തന്നെയാണ് മരുന്നുറ്റിക്കലിനും.

നോമ്പുകാരൻ ഉച്ചക്ക് ശേഷം മിസ് വാക് ചെയ്യൽ കറാഹത്ത് ആണല്ലോ.എന്നാൽ വായ്നാറ്റം,വായപ്പകർച്ച പോലോത്ത കാരണമുണ്ടായാലോ?


നോമ്പുകാരന് ഉച്ചക്ക് ശേഷം അസ്തമയം വരെ മിസ് വാക് ചെയ്യൽ കറാഹത്ത് ആണ്(ഉറക്കം കൊണ്ടോ, മറന്ന് വെറുക്കപ്പെട്ട വാസനയുളളത് ഭക്ഷിച്ചത് കോണ്ടോ വായ പകർച്ചയായാലും ശരി).എന്നാൽ ഉറക്കം കൊണ്ടോ മറ്റോ വായ പകർച്ചയായാൽ മിസ് വാക് സുന്നത്താണെന്ന് പ്രബലരായ ഒരു കൂട്ടം പണ്ഡിതർ പറഞ്ഞിട്ടുണ്ട്. (ഫത്ഹുൽ മുഇൗൻ)

നോമ്പുകാരൻ മുങ്ങിക്കുളിക്കുന്നതിന്റെ വിധിയെന്താണ് ?


മുങ്ങി കുളിക്കൽ കൊണ്ട് സാധാരണ ഗതിയിൽ വെള്ളം ഉള്ളിലേക്ക് കേറുന്നവനാണെങ്കിൽ ഹറാമും അല്ലെങ്കിൽ കറാഹത്തുമാണ്. രണ്ടായാലും തുറക്കപ്പെട്ട ദ്വാരത്തിലൂടെ വെള്ളം ഉള്ളിലേക്ക് കടന്നാൽ നോമ്പ് ബാഥ്വിലാവുന്നതാണ്.

മനിയ്യ് പുറപ്പെടീക്കൽ കൊണ്ടോ,മനഃപൂർവ്വം ഭക്ഷിക്കൽ കൊണ്ടോ നോമ്പ് ഫസാദാക്കിയാൽ കഫ്ഫാറത്ത് നൽകേണ്ടതുണ്ടോ?


വേണ്ട ജിമാഅ്(സംയോഗം )കൊണ്ട് നോമ്പ് ഫസാദാക്കിയവർക്കാണത് നിർബന്ധം.

വലിയ അശുദ്ധിയെത്തൊട്ട് ശുദ്ധിയാവാനായി കുളിക്കുമ്പോൾ വെള്ളം ഉള്ളിൽ പ്രവേശിച്ചാൽ നോമ്പ് ബാത്വിലാകുമോ?


മുങ്ങിക്കുളിയല്ലെങ്കിൽ വെള്ളം മനപ്പൂർവ്വമല്ലാതെ അകത്തേക്ക് കടന്നാൽ നോമ്പ് മുറിയുകയില്ല.

തറാവീഹിൽ ഒാരോ രണ്ട് റക്അതുകൾക്ക് ശേഷം സലാം വീട്ടലാണല്ലോ പതിവ്,എന്നാൽ രണ്ടിൽ സലാം വീട്ടാതെ നാലിൽ സലാം വീട്ടുന്ന രീതി(നാല് റക്അത്ത് ഒരുമിച്ച്) അനുവദനീയമാണോ?


തറാവീഹിന്റെ ഒാരോ ഇൗ രണ്ട് റക്അതുകളിലും സലാം വീട്ടൽ നിർബന്ധമാണ്. ഒരു സലാം കൊണ്ട് നാല് റക്അതുകൾ നിസ്കരിച്ചാൽ സ്വഹീഹാവില്ല എന്ന് ഫത്ഹുൽ മുഇൗനിലുണ്ട്.

തറാവീഹിന്റെ തശഹ്ഹുദിൽ സുന്നത്തായഇരുത്തം ഇഫ്തിറാശാണോ തവർറുകാണോ?


സലാം ഉടനെയുള്ള ഇരുത്തമെങ്കിൽ തവർറുക് ആണ് സുന്നത്ത്,അല്ലെങ്കിൽ ഇഫ്തിറാശാണ് സുന്നത്ത്. തറാവീഹിന്റെ ഒാരോ ഇൗരണ്ട് റക്അതിലുള്ള ഇരുത്തത്തിനുടനെയും സലാമുള്ളതിനാൽ തവർറുകാണ് സുന്നത്ത്.

നഷ്ടപ്പെട്ട തറാവീഹ് പകലിൽ ഖളാഅ് വീട്ടാമോ?


വീട്ടാമെന്ന് മാത്രമല്ല, തറാവീഹ് പോലെയുളള സമയം നിശ്ചയിക്കപ്പെട്ട എല്ലാ സുന്നത്ത്നിസ്കാരങ്ങളും ഖളാഅ് വീട്ടൽ സുന്നത്താണ്

നോമ്പ് ഉപേക്ഷിച്ചതിനും നഷ്ടപ്പെടുത്തിയതിനും നൽകേണ്ട മുദ്ദുകൾ മറ്റു നാടുകളിലേക്ക് നഖ്ല് ചെയ്യാമോ,ഒരു വ്യക്തിക്ക് തന്നെ എല്ലാ മുദ്ദുകളും നൽകാമോ ?


അതെ,മുദ്ദുകൾ നഖ്ല് ചെയ്യൽ അനുവദനീയമാണ്.ഒരു വ്യക്തിക്ക് തന്നെ നൽകാവുന്നതുമാണ്. എങ്കിലും ഏറ്റവും നല്ലത് ഒരാളിൽ ചുരുക്കാതെ വ്യത്യസ്ത ആളുകളിലേക്ക് നൽകലാണ്. എന്നാൽ ഒരു മുദ്ധിനെ വ്യത്യസ്ത ആളുകൾക്ക് ഭാഗിച്ച് നൽകൽ അനുവദനീയമല്ല. ഉദാഹരണത്തിന് ഒരാൾ പത്ത് മുദ്ധ് നൽകാനുണ്ടെങ്കിൽ 5 മുദ്ദുകൾ വീതം രണ്ടു പേർക്ക് നൽകാം. പകരം ഒരാൾക്ക് അഞ്ചര മുദ്ദ്, മറ്റൊരാൾക്ക് നാലര മുദ്ധ് എന്ന നിലക്ക് കൊടുക്കാൻ പാടില്ല.

ഇഅ്തികാഫ് ചെയ്യുമ്പോൾ പള്ളിയിൽ കിടന്നുറങ്ങിയാലും കൂലി ലഭിക്കുമോ ?


ലഭിക്കും.എങ്കിലും ആരാധനകളിൽ മുഴുകാനാണ് ശ്രമിക്കേണ്ടത്.

അത്താഴം കഴിച്ചുകൊണ്ടിരിക്കേ സുബ്ഹ് ബാങ്ക് കേട്ടാൽ എന്തുചെയ്യണം ?


വായിലുള്ളത് ഉടനെ തുപ്പിക്കളയണം.

നോമ്പ് നോറ്റ് കൊണ്ട് ഭക്ഷണം പാചകം ചെയ്യുമ്പോൾ ഉപ്പ് ഉണ്ടോ എന്ന് നോക്കിയാൽ നോമ്പ് മുറിയുമോ?


രുചി മനസ്സിലാവുന്നത് നാവിലെ ടേസ്റ്റി ബഡ്സുകൾ ഉപയോഗിച്ചാണ്, അഥവാ, രുചി അറിയുന്നതിന് ആ വസ്തുവിൻറെ ഒരുഭാഗവും അകത്തേക്ക് ആക്കേണ്ട കാര്യമില്ല എന്നർത്ഥം. അത് കൊണ്ട് രുചി നോക്കുന്നത് കൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല. അതേ സമയം, അതിനായി നാവിൽ വെക്കുന്ന വസ്തുവിൻറെ അംശം അൽപം പോലും ശേഷം ഉമിനീരിലൂടെയോ മറ്റോ അകത്തേക്ക് ആവാൻ പാടില്ല. അങ്ങനെ ആവുന്ന പക്ഷം, നോമ്പ് ബാതിലാവുന്നതുമാണ്. അത് കൊണ്ട്, നോമ്പുകാരൻ അത്തരം കാര്യങ്ങൾ ഒഴിവാക്കുന്നതാണ് കൂടുതുൽ നല്ലത്.

നോമ്പു തുറക്കാൻ ഇൗത്തപ്പഴമാണോ കാരക്കയാണോ അഫ്ളൽ, ക്രമം പറയാമോ,പച്ച ഇൗത്തപ്പഴം കൊണ്ട് തുറന്നാൽ സുന്നത്ത് ലഭിക്കുമോ ?


പഴുത്ത ഇൗത്തപ്പഴമാണ് അഫ്ളൽ. പച്ച ഇൗത്തപ്പഴം കൊണ്ടായാൽ സുന്നത്ത് നഷ്ടപ്പെടും. ഇൗത്തപ്പഴം ഇല്ലെങ്കിൽ കാരക്ക അതുമില്ലെങ്കിൽ വെള്ളം എന്നിവയാണ് സുന്നത്തായ ക്രമം.

തറാവീഹ് നിസ്കരിക്കാത്തവനും, തറാവീഹ് ഒറ്റക്ക് നിസ്കരിച്ചവനും റമളാനിലെ വിത്റിൽ ജമാഅത്ത് സുന്നത്തുണ്ടോ ?


തീർച്ചയായും സുന്നത്തുണ്ട്

തറാവീഹിൽ വലിയ സൂറത്തുകളുടെ ഭാഗങ്ങൾ ഒാതലാണോ,ചെറിയ സൂറത്തുകളോതലാണോ ഏറ്റവും നല്ലത് ?


ഖുർആൻ ഖത്തം ഉദ്ധേശിക്കുന്നവർക്ക് ആദ്യം പറഞ്ഞരൂപവും അല്ലാത്തവർക്ക് രണ്ടാം രൂപവുമാണ് ഏറ്റവും അഭികാമ്യം.

ഗർഭിണിയായ പെണ്ണ് തന്റെ വയറ്റിലുള്ള കുട്ടിക്ക് വേണ്ടി പത്ത് നോമ്പ് ഉപേക്ഷിച്ചു. പിന്നീട് ആ നോമ്പ് ഖളാഅ് വീട്ടി. ഇനി മുദ്ധ് കൊടുക്കേണ്ടതുണ്ടോ?


ഗര്‍ഭിണിയും മുലയൂട്ടുന്നവളും അവരുടെ ശരീരത്തിന്റെ കാര്യത്തില്‍ പേടിച്ചാണ് നോമ്പ് ഉപേക്ഷിച്ചതെങ്കിൽ ഖളാഅ് വീട്ടിയാല്‍ മാത്രം മതിയാകും. സ്വന്തം ശരീരത്തിന്റെയും കുട്ടിയുെടെയും കാര്യത്തില്‍ ഭയമുണ്ടായതിനാലാണ് നോമ്പൊഴിവാക്കിയതെങ്കിലും ഖളാഅ് വീട്ടിയാല്‍ മാത്രം മതി. കുട്ടിയുടെ കാര്യത്തിൽ മാത്രം ഭയന്ന് ഒഴിവാക്കിയതാണെങ്കില്‍ നോമ്പ് ഖളാഅ് വീട്ടുകയും ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യ വസ്തു നല്‍കുകയും വേണം. ഇവിടെ ഇനി പത്ത് മുദ്ധ് നൽകണം.

ഒരാൾ ഉച്ചയ്ക്ക് സുന്നതായ നോമ്പ് എടുക്കാൻ ഉദ്ദേശിച്ചു .എന്നാൽ അവന് പ്രഭാതം വെളിപ്പെടുന്ന സമയത്ത് വെള്ളം കുടിച്ചിട്ടിണ്ടോ എന്ന് ഒരു സംശയം.ആ നിലയിൽ നോമ്പ് എടുക്കാമോ?


ആ സംശയം പരിഗണിക്കേണ്ടതില്ല. പക്ഷേ, ളുഹ്റിന് മുമ്പായി സുന്നത്ത് നോമ്പിന്റെ നിയ്യത് കരുതിയിരക്കണം.

നോമ്പിന്റെ ഫിദ് യ കൊടുക്കാൻ കഴിവില്ലാത്തവനാണെങ്കിൽ എന്ത് ചെയ്യണം?


വാർദ്ധക്യം, ശമനം പ്രതീക്ഷിക്കാത്ത രോഗം എന്നീ കാരണങ്ങളാൽ നോമ്പ് ഉപേക്ഷിച്ചവർ ഒരു നോമ്പിന് ഒരു മുദ്ധ് എന്ന തോതിൽ ദാനം ചെയ്യൽ നിർബന്ധമാണ്. ആ നോമ്പിന്റെ ദിവസം സാമ്പത്തിക ശേഷി ഉണ്ടെങ്കിൽ മാത്രമാണ് മുദ്ധ് നൽകൽ നിർബന്ധമുള്ളത്. ഫിത്വർ സക്കാത് നിർബന്ധമാകുന്നതിൽ പരിഗണിക്കുന്ന സാമ്പത്തികശേഷിയാണ് ഇവിടെയും പരിഗണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ നോമ്പിന്റെ സമയം മുദ്ധ് നൽകാൻ സാമ്പത്തികമായി കഴിവില്ലാത്തവരായ വാർദ്ധക്യം, സുഖമാവുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം എന്നീ കാരണങ്ങളാൽ നോമ്പ് ഒഴിവാക്കിയവർക്ക് ആ നോമ്പ് ഖളാഅ് വീട്ടലോ മുദ്ധ് നൽകലോ നിർബന്ധമില്ല. പിന്നീട് സാമ്പത്തിക ശേഷിയുണ്ടായാലും വിധിയിൽ മാറ്റമില്ല.

നോമ്പിന്ന് ഫിദ് യ നിർബന്ധമുള്ളവന്ന് അവന്റെ മുദ്ദ് നാട്ടിൽ തന്നെ കൊടുക്കണോ?


നിർബന്ധമില്ല. മറ്റു നാടുകളിലും കൊടുക്കാവുന്നതാണ്.

നായ വീടിന്റെ അകത്തു പ്രവേശിച്ചാൽ അവിടെ നജസാകുമോ? നജസായാൽ എന്ത് ചെയ്യണം?


വീടിന്റെ അകത്തു കയറിയെന്നതു കൊണ്ട് നജസാവുകയില്ല. നനവുള്ള സ്ഥലത്ത് നായ സ്പർശിക്കുകയോ നായയുടെ നനവുള്ള ഭാഗം ഏതെങ്കിലും ഭാഗത്ത് സ്പർശിക്കുകയോ ചെയ്താൽ അവിടം നജസായി തീരും.

പള്ളി, വീട്, മുറ്റം പോലെയുള്ള സ്ഥലങ്ങൾക്ക് ചാണകം തേക്കാൻ പാടുണ്ടോ?


പാടില്ല. ചാണകം നജസാണല്ലോ.

നായ തൊട്ട പാത്രം കൈ കൊണ്ട് തൊട്ടാൽ കൈ നജസാകുമോ?


നനവോടെ സ്പർശിച്ചാൽ നജസാകും.

ചെറിയ കുട്ടികളുള്ള വീട്ടിൽ മിക്ക സ്ഥലത്തും മൂത്രമുണ്ടാകുമല്ലൊ! ഉണങ്ങിയാൽ എവിടെയാണ് മൂത്രമെന്ന് അറിയുക പ്രയാസം. ഇത്തരം വീടുകളിൽ എങ്ങനെയാണ് നിസ്കരിക്കുക?


മൂത്രം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങൾ കഴുകി ശുദ്ദിയാക്കുക . ഇനി മൂത്രം ഉണങ്ങിയ നിലത്ത് (കശുകിയിട്ടില്ലെങ്കിലും) പായയിട്ട് നിസ്കരിക്കാവുന്നതാണ്.എങ്കിലും കറാഹതാണ്.

മൂത്രം ഒഴിക്കുമ്പോൾ സലാം കേട്ടാൽ മടക്കൽ നിർബന്ധം ഉണ്ടോ?


മൂത്രമൊഴിക്കുന്നവരോട് സലാം ചൊല്ലൽ സുന്നതില്ല. അവർ മടക്കൽ നിർബന്ധവുമില്ല. എന്നല്ല, അവർ സലാം മടക്കൽ കറാഹതുമാണ്.

നജസായ വസ്ത്രം കുറച്ചു വെളളമുള്ള ബക്കറ്റിലിട്ടു കഴുകിയാൽ ശുദ്ധിയാകുമോ?


ബക്കറ്റിലെ വെളളം രണ്ടു ഖുല്ലത്തിൽ കുറവാണെങ്കിൽ ശുദ്ധിയാകുന്നതല്ല.മറിച്ച് വെള്ളം തന്നെ നജസായി തീരും. ബക്കറ്റിലുള്ള വെളളം വസ്ത്രത്തിൻ മേൽ ഒഴിച്ചു കഴുകാവുന്നതാണ്. ( ഫത്ഹുൽ മുഇൗൻ 37)

പാൽ മാത്രം കഴിക്കുന്ന രണ്ടു വയസ്സ് പൂർത്തിയാവാത്ത ആൺകുട്ടികളുടെ മൂത്രം നജസല്ലേ! കുട്ടി അതിനിടയിൽ മരുന്ന് കഴിച്ചിട്ടുണ്ടെങ്കിലോ?


നജസ് തന്നെയാണ്. പക്ഷേ, ലഘുവായ നജസാണെന്ന് മാത്രം. ഇങ്ങനെ നജസായ സ്ഥലം അവിടെ വ്യാപകമാകുന്ന വിധം വെള്ളം കുടയൽ കൊണ്ട് ശുദ്ധിയാക്കാം. മരുന്ന് കഴിച്ചാലും ഇത് തന്നെയാണ് വിധി.

പാൽ പോലെ തന്നെയാണോ പാൽപൊടിയും?


പാൽപൊടി പാൽ പോലെയാണ് ( ഖൽയൂബി).എന്നാൽ പോഷകാഹാരങ്ങൾ ചേർത്ത പാൽപൊടിക്ക് ഇൗ വിധിയില്ല.

നായയെ തൊട്ടാൽ ഏഴ് പ്രാവശ്യം കഴുകണമല്ലോ.അതിൽ എത്ര പ്രാവശ്യമാണ് മണ്ണിട്ടു കഴുകേണ്ടത്. അത് എവിടെയാവലാണ് ഉത്തമം?


ഒരു തവണ ശുദ്ധിയുള്ള മണ്ണു കലക്കിയ വെളളം കൊണ്ടായിരിക്കണം. ആദ്യത്തെ തവണ മണ്ണുകലക്കിയ വെള്ളം കൊണ്ട് കഴുകലാണുത്തമം.

കുറഞ്ഞ വെള്ളത്തിൽ നജസ് ഇട്ടാൽ വെള്ളം നജസാകുമല്ലോ. എന്നൽ നജസായ ഒരു വസ്തുവിനെ ഒരു പാത്രത്തിലിട്ട് അതിലേക്ക് വെള്ളം ഒഴിച്ചാൽ വെള്ളം നജസാകുമോ?നജസാകൂല എന്ന് കേൾക്കുന്നു.ശരിയാണോ?


നജസായ വസ്തുവിൽ നിന്ന് നജസ്സിന്റെ തടിയും നിറവും മണവും രുചിയും നീക്കം ചെയ്യുന്നതിന് മുമ്പ് പാത്രത്തിലിട്ട് അതിന്മേൽ വെള്ളം ഒഴിച്ചാൽ ആ വെള്ളവും അശുദ്ധമാകുന്നതാണ്. മേൽപറഞ്ഞവ നീക്കം ചെയ്ത ശേഷമാണെങ്കിൽ വെള്ളം അശുദ്ധമാവില്ല.

സൂറത്ത് ഒാതികൊണ്ടിരിക്കുന്ന ഇമാമിനെ തുടർന്നവന് വജ്ജഹത്തു ഒാതൽ സുന്നത്തുണ്ടോ?


ഇമാം റുകൂഅ് ചെയ്യുന്നതിന് മുമ്പ് ഫാത്തിഹ പൂർത്തിയാകുമെന്ന് മികച്ച ഭാവനയുള്ളവനാണ് ദുആഉൽ ഇഫ്തിതാഹ് സുന്നത്തുള്ളത്. അതുകൊണ്ട്, ഫാതിഹ പൂർത്തിയാക്കാനാകുമെന്ന് മികച്ച ഭാവന ഇല്ലാത്തപക്ഷം അവൻ ഫാത്തിഹ ഒാതുകയാണ് വേണ്ടത്. ഇമാമിന്റെ നിർത്തത്തിൽ ഫാത്തിഹ ഒാതാൻ വിശാലമായത്ര സമയം ലഭിക്കില്ലെങ്കിൽ മഅ്മും ദുആഉൽ ഇഫ്തിതാഹിലേക്ക് പ്രവേശിക്കരുത്. പ്രവേശിച്ചാൽ തന്നെ , ആ സുന്നതിലായി എത്ര ഹർഫുകളുടെ സമയമാണോ ചെലവഴിച്ചത് , അത്രയും ഹർഫുകളുടെ കണക്കിൽ ഇമാം റുകൂഅ് ചെയ്തതിന് ശേഷം ഫാതിഹയിൽ നിന്ന് ബാക്കി പാരായണം ചെയ്ത ശേഷം മാത്രമേ അവൻ റുകൂഇലേക്ക് പ്രവേശിക്കാവൂ.

ഇമാം സലാം വീട്ടിയതിനു ശേഷം ദിക്റ് ദുആകൾക്ക് വേണ്ടി മഅ്മൂം ഇരുന്ന സ്ഥലത്തുനിന്ന് മാറി ഇരിക്കാറുണ്ട്, ഇതിൽ വല്ല അപാകതകളുമുണ്ടോ?


ഇത് പുണ്യത്തിനെതിരാണ്. നിസ്കരിച്ച അതേ സ്ഥലത്ത് ഇരിക്കുന്നവർക്ക് മലക്കുകൾ ദുആ ചെയ്യും.

സ്ഥലപരിമിതി കാരണം ആദ്യ ജമാഅത്തിൽ പങ്കെടുക്കാൻ പറ്റാത്തവർ പുതിയ ജമാഅത്തിനായി കാത്തിരിക്കുമ്പോൾ ആ ജമാഅത്തിന്റെ ഇമാം ദിക്റ് ദുആഉകളെ ദീർഘിപ്പിക്കാൻ പറ്റുമോ?


ഇത്തരം സന്ദർഭങ്ങളിൽ മറ്റുള്ളവർക്ക് വേഗം നിസ്കരിക്കാൻ ദിക്റ് ദുആകളെ ചുരുക്കലാണ് നല്ലത്.

ജമാഅത്ത് നിസ്കരിക്കാൻ നിൽക്കുമ്പോൾ ആരെങ്കിലും പ്രമുഖർ വന്നാൽ അവർക്കുവേണ്ടി മുന്നിൽ നിൽക്കുന്നയാൾ സ്വയം പി•ാറി കൊടുക്കാൻ പറ്റുമോ?


പറ്റില്ല. മുൻ സ്വഫിൽനിന്ന് പിന്നോട്ട് മാറി നിൽക്കാൻ കറാഹത്തുമാണ്.

ഒരാൾ ജമാഅത്തിൽ പങ്കെടുക്കാൻ വരുന്നുണ്ടെന്ന് അറിഞ്ഞാൽ അത്തഹിയാത്ത് ഒാതിയതിനു ശേഷവും ഇമാം സലാം വീട്ടാതെ അയാളെ പ്രതീക്ഷിച്ചിരിക്കേണ്ടതുണ്ടോ?


ഒരാൾ ജമാഅത്തിൽ പങ്കെടുക്കാൻ വേണ്ടി വന്ന് നിസ്കാര സ്ഥലത്ത് സന്നിഹിതനായെന്ന് ബോധ്യപ്പെട്ടാൽ അയാൾക്കുവേണ്ടി റുകൂഇലോ അത്തഹിയാത്തിലോ കാത്തിരിക്കൽ ഇമാമിന് സുന്നത്താണ്.

ഇമാം സലാം വീട്ടിയതിനു ശേഷം ബാക്കി പൂർത്തിയാക്കുന്നതിന് വേണ്ടി എഴുന്നേറ്റ് നിൽക്കുന്ന മഅ്മൂം തക്ബീർ പറയേണ്ടതുണ്ടോ?


ഇമാമിനോടൊപ്പം അവൻ ഇരുന്നത് അവന്റെ ഒന്നാമത്തെ അത്തഹിയ്യാത്തിലാണെങ്കിൽ എണീക്കുമ്പോൾ തക്ബീർ പറയൽ സുന്നത്താണ്. അല്ലെങ്കിൽ സുന്നത്തില്ല.

ഇമാം സലാം വീട്ടിയതിനു ശേഷം നിസ്കാരം പൂർത്തിയാക്കാനുള്ള മഅ്മൂം ഇമാമിനോടൊപ്പം ഏത് ഇരുത്തമാണ് ഇരിക്കേണ്ടത്?


ഇമാമിന്റെ സലാമിനു ശേഷം നിസ്കാരം പൂർത്തിയാക്കാനുണ്ടെങ്കിൽ മഅ്മൂം ഇമാമിനോടൊപ്പം ഒന്നാമത്തെ അത്തഹിയ്യാത്തിൽ ഇരിക്കുന്നത് പോലെയാണ് ഇരിക്കേണ്ടത്. സലാം വീട്ടുന്ന ഇരുത്തത്തിൽ മാത്രമാണ് അവസാനത്തെ അത്തഹിയ്യാ തിലെ ഇരുത്തം ഇരിക്കേണ്ടത്.

ഇമാം എഴുനേൽക്കുന്നതിന് മുമ്പ് മഅ്മൂം എഴുന്നേൽക്കുന്നതിന്റെ വിധി?


നിസ്കാരത്തിൽ ഇമാമിനേക്കാൾ മുമ്പ് മഅ്മൂം കർമ്മപരമായ ഫർള് തുടങ്ങൽ കറാഹതാണ്.

ഇമാം ഇൻതിഖാലിന്റെ തക്ബീറുകൾ ഉച്ചത്തിൽ പറയുമ്പോൾ ദിക്റാണെന്ന് കരുതിയില്ലെങ്കിൽ നിസ്കാരം ബാത്വിലാണെന്ന് പഠിച്ചതായോർക്കുന്നു. കുറേ കാലം ഇമാമായി ജോലി ചെയ്ത ഞാൻ മറവി കാരണം അങ്ങനെ ചെയ്തിട്ടില്ല. ഇതിന് മാപ്പ് ലഭിക്കുമോ?


ഇമാം ഉച്ചത്തിൽ ദിഖ്‌ർ പറയുമ്പോൾ ദിഖ്‌ർ എന്നോ, അല്ലെങ്കിൽ ദിഖ്‌റിനേയും മഹ്മൂമീങ്ങളെ അറിയിക്കുന്നതിനേയും ഒരുമിച്ചോ കരുതേണ്ടതാണ്. അല്ലെങ്കിൽ നിസ്ക്കാരം ബാത്വിലാകും എന്നാണ് നിയമം. അതേസമയം, ഇൻതിഖാലിന്റെ തക്ബീറിൽ യാതൊന്നും കരുതിയില്ലങ്കിൽ നിസ്ക്കാരം ബാത്വിലാകും എന്നതാണ് പ്രബലമെങ്കിലും ബാത്വിലാവുകയില്ലെന്ന വീക്ഷണവും ഉണ്ട്. (ഇതനുസരിച്ചു പ്രവർത്തിക്കാവുന്നതാണ്) (وبنطق) عمدا ولو بإكراه (بحرفين) إن تواليا كما استظهره شيخنا - من غير قرآن وذكر أو دعاء لم يقصد بها مجرد التفهيم، كقوله لمن استأذنوه في الدخول: * (ادخلوها بسلام آمنين) * فإن قصد القراءة أو الذكر وحده أو مع التنبيه لم تبطل، وكذا إن أطلق. على ما قاله جمع متقدمون. لكن الذي في التحقيق والدقائق البطلان، وهو المعتمد. وتأتي هذه الصور الاربعة في الفتح على الامام بالقرآن أو الذكر، وفي الجهر بتكبير الانتقال من الامام والمبلغ. وتبطل بحرفين، (ولو) ظهرا (في [ فتح المعين، ] (ഫത്ത്ഹുൽ മുഈൻ )

ഒരു യാസീൻ പാരായണം ചെയ്താൽ അത് എത്ര പേർക്ക് ഹദ് യ ചെയ്യാൻ പറ്റും? അതിന് പരിധിയുണ്ടോ?


പരിധിയില്ല. എത്ര ആളുകളുടെ പേരിൽ വേണമെങ്കിലും ഹദ്‌യ ചെയ്യാം. പാരായണം ചെയ്തവർക്ക് ഒട്ടും കുറയാതെ തന്നെ പ്രതിഫലം കിട്ടുന്നതോടൊപ്പം ഹദ്‌യ ചെയ്യപ്പെടുന്നവർക്കും പ്രതിഫലം ലഭിക്കുന്നതാണ്.

കോഴി അറുക്കുമ്പോൾ കത്തി തെന്നിമാറിയിരുന്നെങ്കിൽ അങ്ങിനെ അറുക്കപ്പെട്ടത് തിന്നാമോ?


അറുക്കപ്പെടുന്ന ജീവിയുടെ അന്നനാളവും ശ്വാസനാളവും ഛേദിക്കുക എന്നത് അറവിന്റെ നിബന്ധനയാണ്. അറുക്കുന്ന അവസരത്തിൽ കത്തി തെന്നി നീങ്ങി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ മുറിവേറ്റ് അതു കാരണം ജീവി മരണപ്പെട്ടാൽ ആ ജീവി ഭക്ഷ്യ യോഗ്യമല്ല.

ഏഴുപേർ ചേർന്ന് ഉളുഹിയത് നിർവഹിക്കുകയാണെങ്കിൽ അറുക്കുന്ന സമയം എല്ലാവരും നിയ്യത്ത് ചെയ്യേണ്ടതുണ്ടോ?


ഉള്ഹിയ്യത്തിന് നിയ്യത്ത് നിർബന്ധമാണ്. സുന്നത്തായ ഉള്ഹിയ്യത്ത് അറുക്കുന്നു എന്നാണ് കരുതേണ്ടത്. ഉള്ഹിയ്യത്തറുക്കുന്നു എന്നു മാത്രം കരുതിയാല്‍ അത് നിര്‍ബന്ധമായി തീരും. മൃഗത്തെ നിര്‍ണയിക്കുന്ന സമയത്തോ അറുക്കുന്ന സമയത്തോ നിയ്യത്ത് ചെയ്യാവുന്നതാണ്. ഏഴ് പേരുണ്ടെങ്കിൽ ഒന്നിരിക്കൽ ഏഴ് പേരും നിയ്യത്ത് ചെയ്യുകയോ അല്ലെങ്കിൽ നിയ്യത്ത് ചെയ്യാൻ വേണ്ടി ഒരാളെ ഏൽപിക്കുകയോ ചെയ്യാം. അറവിന് ഏൽപിക്കുന്ന ആളെ തന്നെ നിയ്യത്ത് ചെയ്യാൻ ഏൽപ്പിക്കാവുന്നതാണ്. അപ്പോൾ അറുക്കുന്നയാൾക്ക് അറുക്കുന്ന സമയം അവർക്കുവേണ്ടി നിയ്യത്ത് ചെയ്യാമല്ലോ.

റമളാനിന്റെ പകലിൽ ടൂത്ത് പേസ്റ്റ് കൊണ്ട് ബ്രഷ് ചെയ്യാൻ പാടില്ലെന്ന് കേൾക്കുന്നു.ഇതിന്റെ അടിസ്ഥാനമെന്താണ്?


ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വായ ശുദ്ധിയാക്കുന്നതിൻ തെറ്റില്ല.അതു കൊണ്ട് നോമ്പ് മുറിയുകയുമില്ല.എന്നാൽ പേസ്റ്റ് മാത്രമല്ല ഏതു വസ്തു കൊണ്ടായിരുന്നാലും ഉമിനീർ പകർച്ചയാവുകയും ആ ഉമിനീർ ഇറക്കുകയും ചെയ്താൽ നോമ്പ് മുറിയുന്നതാണ്.അതു കൊണ്ടായിരിക്കാം റമളാനിന്റെ പകലിൽ പാടില്ലെന്ന് പറയുന്നത്.

നിയ്യത്ത് ചെയ്ത ശേഷം അറവിന് ഉദ്ധേശിച്ച മൃഗം ചത്തു പോയാൽ മറ്റൊരു മൃഗത്തെ വാങ്ങി അറുക്കേണ്ടി വരുമോ?


നിയ്യത് എന്നാൽ കരുതുക എന്നാണല്ലോ, ഒരു മൃഗം അറവിന് കരുതി എന്നത് കൊണ്ട് മാത്രം അത് അറവ് നടത്തൽ നിർബന്ധമാകുന്നില്ല.അതിനാൽ അത്തരം മൃഗം നശിച്ചു പോയി എന്നത് കൊണ്ട് പകരം ഒന്നും നിർബന്ധമാകുന്നില്ലെന്നത് സുവ്യക്തമാണ്. എന്നാൽ നേർച്ചയുടെ വാചകത്തിലൂടെ നിശ്ചിത മൃഗം നേർച്ചയാക്കുകയും അവന്റെ വീഴ്ച മൂലമല്ലാതെ അത് നശിക്കുകയും ചെയ്‌താൽ പകരം ഒന്നും നിർബന്ധമാകുന്നില്ല. മൃഗം നശിച്ചത് അവന്റെ വീഴ്ച മൂലമാണെങ്കിൽ പകരം ആ മൃഗത്തിനോട് തുല്ല്യമായ മറ്റൊരു മൃഗം അറവ് നടത്തി വിതരണം ചെയ്യൽ നിർബന്ധമാണ്.

പുരുഷന്മാർ മഞ്ഞ വസ്ത്രം ധരിക്കുന്നതിന്റെ വിധി ?


മാന്യമായതും വൃത്തിയുള്ളതുമായ വസ്ത്രം ധരിക്കണമെന്ന് ഇസ്ലാം കൽപിക്കുന്നുണ്ട്. പല സന്ദർഭങ്ങളിലും വെള്ള വസ്ത്രം ധരിക്കുന്നതിന് പ്രത്യേക ശ്രേഷ്ഠതയുമുണ്ട്.കുങ്കുമം കൊണ്ട് ചായം പൂശപ്പെട്ട വസ്ത്രം ധരിക്കൽ ഹറാമും ഉസ്ഫർ എന്ന മഞ്ഞപ്പൂവുള്ള ചെടി കൊണ്ട് ചായം പൂശപ്പെട്ട വസ്ത്രം ധരിക്കൽ കറാഹതുമാണ് എന്നതിൽ കവിഞ്ഞ് ഏതെങ്കിലും പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിന് വിരോധമില്ല.

അനുജത്തിയുടെ നികാഹിൽ ജ്യേഷഠത്തിയുടെ പേര് പറഞ്ഞ് നികാഹ് നടത്തി കൊടുത്താൽ ആ നികാഹ് ശരിയാകുമോ? ജ്യേഷ്ഠ സഹോദരി വിവാഹിതയാണ്.


പെണ്ണിന്റെ പിതാവും വരനും ഒരു നിശ്ചിത പെണ്ണിനെ ഉദ്ദേശിച്ച് കൊണ്ട് നികാഹ് നടത്തുന്ന വേളയിൽ രണ്ടു പേരും പറഞ്ഞ പേര് മാറി എന്നത് കൊണ്ട് പ്രശ്നമില്ല. നികാഹ് സ്വഹീഹാകുന്നതാണ്.

തോട്, പുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കളഞ്ഞു കിട്ടുന്ന വസ്തുക്കൾ ഉപയോഗിക്കാമോ?


സാധാരണ ഗതിയിൽ മൂല്യം കുറവായി ഗണിക്കപ്പെടുന്ന വസ്തുക്കൾ ഉടമാവകാശം ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നും കളഞ്ഞു കിട്ടിയാൽ പെട്ടെന്ന് തന്നെ അവഗണിക്കപ്പെടുന്ന സ്വഭാവം ഉള്ളതിനാൽ അന്വേഷിക്കാൻ സാധ്യതയുള്ളത്ര ചെറിയകാലം അത് പരസ്യപ്പെടുത്തണമെന്നാണ് നിയമം. ഇനി ഉടമസ്ഥൻ അതിനെ തൊട്ട് ശ്രദ്ധ തിരിക്കുകയും ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു എന്നു ഭാവിക്കപ്പെടുന്ന പക്ഷം കിട്ടിയ ആൾക്ക് ആ വസ്തു സ്വന്തമാക്കാവുന്നതാണ്. വില കൂടിയ വസ്തുവാണെങ്കിൽ ഉടമസ്ഥനെ അന്വേഷിച്ച് ഇസ്ലാമിക കർമശാസ്ത്രത്തിൽ പറഞ്ഞ രീതിയിൽ ഒരു വർഷം പരസ്യപ്പെടുത്തിയതിനുശേഷം ഉടമസ്ഥനെ കിട്ടിയില്ലെങ്കിൽ അവന് അത് ഉപയോഗിക്കാവുന്നതാണ്. എന്നാൽ മൂല്യം കൽപിക്കപ്പെടാത്ത നിസ്സാര വസ്തുക്കൾ കളഞ്ഞു കിട്ടിയാൽ അത് ലഭിക്കുന്നയാൾക്ക് അപ്പോൾ തന്നെ സ്വന്തമാക്കാവുന്നതാണ്. ഉടമസ്ഥതർ അവഗണിച്ചു വിട്ട് കളഞ്ഞിരിക്കുന്നുവെന്നതാണ് കാരണം.

ഒരു സ്ത്രീ ആദ്യം നികാഹ് ചെയ്ത ഭർതാവ് മരണപ്പെട്ടു. പിന്നീട് അവൾ മറ്റൊരു നികാഹ് ചെയ്തു. അവൾ ആദ്യ ഭർത്താവിന്റെ വാപ്പയെ തൊട്ടാൽ വുളൂഅ് മുറിയുമോ ?


വുളൂഅ് മുറിയുന്നതല്ല.വിവാഹ ബന്ധത്തിലൂടെ സ്ഥിരപ്പെട്ട മാതൃ-പിതൃ ബന്ധങ്ങൾ വിവാഹ ബന്ധം വേർപിരിഞ്ഞാലും മുറിയുന്നതല്ല .

ഔറത് മറക്കാതെ വുളൂഹ് ചെയ്താൽ വുളൂഹ് ശരിയാകുമോ?


വുളൂഹ് ശരിയാകണമെങ്കിൽ ഔറത് മറച്ചിരിക്കണമെന്ന നിബന്ധനയില്ല. അതേ സമയം വുളൂഉമായി ബന്ധമില്ലെങ്കിലും ഔറത് മറക്കൽ നിർബന്ധമാണ്.

യോനിയിൽ പുരുഷ ലിംഗം പ്രവേശിച്ചാൽ തന്നെ (സ്ഘലനം സംഭവിചില്ലെങ്കിലും ) കുളി നിർബന്ധമാകുമോ?


നിർബന്ധമാകും.

ഞാൻ മറ്റൊരു ഉമ്മയിൽ നിന്ന് മുലപ്പാൽ കുടിച്ചിട്ടുണ്ട്. എങ്കിൽ ആ ഉമ്മയുടെ മകളെ സ്പർശിച്ചാൽ വുളൂഅ് മുറിയുമോ?


രണ്ടു വയസ്സു തികയാത്ത ഒരു കുട്ടി ഹൈളിന്റെ പ്രായമെത്തിയ ഒരു സ്ത്രീയിൽ നിന്ന് അഞ്ചു വ്യത്യസ്ത ഘട്ടങ്ങളിലായി മുലപ്പാല് കുടിച്ചാൽ കുട്ടി മുലകുടി ബന്ധം കൊണ്ട് ആ സ്ത്രീയുടെ മകനായി സ്ഥിരപ്പെടുന്നതാണ്.(ഒരു ഘട്ടത്തിൽ തന്നെ പല തവണകളിലായി കുട്ടി മുലക്കണ്ണിൽ നിന്ന് വായ എടുക്കുകയും വീണ്ടും കുടിക്കുകയും ചെയ്താൽ അത് ഒരു പ്രാവശ്യമായി മാത്രമേ എണ്ണുകയുള്ളൂ. ഒരു ഘട്ടത്തിൽ മുലപ്പാൽ കുടിക്കുന്നതിൽ നിന്ന് കുട്ടി പൂർണ്ണമായും മാറി നിന്ന് മറ്റു പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും അൽപം കഴിഞ്ഞ് വീണ്ടും കുടിക്കുകയും ചെയ്താൽ അതിനെ വ്യത്യസ്ത ഘട്ടങ്ങളായിട്ടാണ് പരിഗണിക്കുക)അതോടെ ഈ കുട്ടിക്ക് ആ സ്ത്രീയുടെ മകൾ സഹോദരിയായി മാറുന്നതും വിവാഹ ബന്ധം ഹറാമാകുന്നതുമാണ്. അതുകൊണ്ട് തന്നെ അവർ പരസ്പരം സ്പർശിച്ചാൽ വുളൂഅ് മുറിയുന്നതല്ല. മേൽ പറഞ്ഞ രീതിയിലാണ് നിങ്ങൾ മറ്റൊരു സ്ത്രീയിൽ നിന്ന് മുലപ്പാൽ കുടിച്ചതെങ്കിൽ ആ സ്ത്രീയുടെ മകളെ തൊട്ടാൽ വുളൂഅ് മുറിയുന്നതല്ല.

വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്ത് നോമ്പിലേക്ക് പ്രവേശിക്കാമോ?


വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നോമ്പിലേക്ക് പ്രവേശിക്കാം. എന്നാൽ സുബ്ഹിക്ക് മുമ്പ് കുളിക്കലാണ് സുന്നത്ത്

സംഭോഗം കഴിഞ്ഞ് കുളിച്ചതിനു ശേഷം യോനിയിൽ നിന്ന് ശുക്ലം പുറത്തു വന്നാൽ അവൾ വീണ്ടും കുളിക്കേണ്ടതുണ്ടോ?


അത് അവളുടെ ശുക്ലമാകാൻ സാധ്യതയുണ്ടെങ്കിൽ കുളി നിർബന്ധമാണ്. ഇല്ലെങ്കിൽ കുളിക്കേണ്ടതില്ല.

ഭാര്യയെ സംയോഗം ചെയ്യുന്നതായി സ്വപ്നം കാണുകയും സ്ഖലനം ഇല്ലാതിരിക്കുകയും ചെയ്താൽ കുളിക്കൽ നിർബന്ധമാണോ?


കുളി നിർബന്ധമില്ല.

നിസ്കാരത്തിൽ രണ്ടാം സലാം വീട്ടുന്നതിനു മുമ്പ് വുളൂഅ് മുറിഞ്ഞാൽ നിസ്കാരം മടക്കേണ്ടതുണ്ടോ?


മടക്കേണ്ടതില്ല. ഒന്നാം സലാമാണ് നിർബന്ധമുള്ളത്. രണ്ടാം സലാം വീട്ടൽ സുന്നത്താണ്. വുളൂഅ് മുറിഞ്ഞവന് രണ്ടാം സലാം വീട്ടിൽ ഹറാമാണ്.

ളുഹറ് നിസ്കാരത്തിന്റെ സമയമായപ്പോൾ തയമ്മുമിന്റെ നിബന്ധനകളനുസരിച്ച് തയമ്മും ചെയ്തു. പക്ഷെ നിസ്കരിച്ചില്ല, ശേഷം അതെ തയമ്മും കൊണ്ട് അസറിന്റെ സമയമായപ്പോൾ അസർ നിസ്കരിക്കുന്നതിന് പ്രശ്നമുണ്ടോ?


പ്രശ്നമില്ല

പ്രസവം കാരണം നിർബന്ധമാകുന്ന കുളി ഒാപ്പറേഷൻ വഴിയുള്ള പ്രസവത്തിന് ബാധകമാണോ? അശുദ്ധമായ രക്തവും മറ്റു മാലിന്യങ്ങളും ഒാപറേഷനിലൂടെ നീക്കം ചെയ്യപ്പെടുന്നതിനാൽ പ്രസവാനന്തരം പുറപ്പെടുന്ന രക്തം നിഫാസായി കണക്കാക്കുമോ?


പ്രസവിക്കലാണ് കുളി നിർബന്ധമാകാനുള്ള കാരണം. അതുകൊണ്ട് ഒാപ്പറേഷനിലൂടെ പ്രസവിച്ചതാണെങ്കിലും കുളി നിർബന്ധമാകും. ഒാപ്പറേഷനിലൂടെ രക്തം നീക്കപ്പെട്ടാലും ശേഷം വരുന്ന രക്തം നിഫാസ് തന്നെയാണ്. ചുരുങ്ങിയാൽ ഒരു സെക്കൻഡും അധികരിച്ചാൽ 60 ദിവസവും സാധാരണഗതിയിൽ 40 ദിവസവുമാണ് നിഫാസായി പരിഗണിക്കുക. നിഫാസുകാരിയുടെ വിധി ആർത്തവകാരിയുടേത് പോലെ തന്നെയാണ്.

എത്ര പവൻ സ്വർണത്തിന് മുകളിൽ ഉണ്ടെങ്കിലാണ് സകാത് നിർബന്ധമാവുന്നത് ?


84 ഗ്രാമും 764 മില്ലിഗ്രാമും അഥവാ ഏകദേശം പത്തര പവൻ സ്വർണം ( 20 മിസ്ഖാൽ) ഒരു വർഷം തന്റെ പക്കലുണ്ടായാൽ അതിന്റെ രണ്ടര ശതമാനം ( നാൽപതിലൊന്ന് ഭാഗം ) സകാത് കൊടുക്കണം. അത് ആഭരണമായി ധരിക്കാൻ വേണ്ടി ഉണ്ടാക്കപ്പെട്ടതാണെങ്കിൽ സകാത് നൽകേണ്ടതില്ല. ഹലാലായ ഉപയോഗത്തിന്‌ വേണ്ടി സൂക്ഷിച്ച്‌ വെച്ച ഹലാലായ ആഭരണങ്ങള്‍ക്ക് സകാത്ത്‌ വേണ്ട.സാധാരണ ഗതിയില്‍ ധരിക്കുന്നതിനേക്കാള്‍ അമിതമായാല് അവിടെ സകാത്ത്‌ നല്‍കണം.ഇസ്‌റാഫിന്റെ (അമിതത്വം) പരിധിയെത്തിയാൽ സകാത് നൽകണമെന്ന് സാരം. പുരുഷന്‍മാർക്ക് സ്വർണ്ണം ധരിക്കല്‍ ഹറാമായതിനാൽ അവർ സ്വർണത്തെ ആഭരണമായി ഉപയോഗിക്കുന്ന പക്ഷം നിസാബെത്തിയാല്‍ (ഏകദേശം 85 ഗ്രാം) സകാത്ത്‌ നല്‍കല്‍ നിര്‍ബന്ധമാണ്‌. അവിടെ മിതം, അമിതം എന്നീ വ്യത്യാസങ്ങളില്ല.

വജ്ജഹ്തു ഒാതിക്കൊണ്ടിരിക്കുന്ന മഅ്മൂം ഇമാമിന്റെ ഫാത്തിഹക്ക് വേണ്ടി ആമീൻ പറയാൻ പറ്റുമോ?


പറ്റും. സുന്നത്താണ്

മൂത്താപ്പാന്റെ മക്കളെ തൊട്ടാൽ വുളൂഅ് മുറിയുമോ?


മുറിയും. കാരണം അവരെ വിവാഹം ചെയ്യൽ അനുവദനീയമാണ്. വിവാഹം ചെയ്യൽ ഹറാമായവരെ തൊട്ടാൽ വുളൂഅ് മുറിയുകയില്ല.

വുളൂഅ് എടുത്തവന്റെ ശരീരത്തിൽ നജസായാൽ വിധി എന്താണ്? കഴുകിയാൽ മാത്രം മതിയോ? പുതിയ വുളൂഅ് ചെയ്യേണ്ടതുണ്ടോ?


ശരീരത്തിൽ നജസ് ആകുന്നത് വുളൂഇനെ ബാധിക്കാത്തത് കൊണ്ട് പുതിയ വുളൂഅ് ചെയ്യേണ്ടതില്ല. നിസ്കരിക്കണമെങ്കിൽ ആ ഭാഗം കഴുകി വൃത്തിയാക്കിയാൽ മതി.

പോളിംഗ് ബൂത്തിൽ നിന്ന് ചൂണ്ടുവിരലിൽ പുരട്ടുന്ന മഷി വുളൂഇനെ ബാധിക്കുമോ?


പോളിംഗ് ബൂത്തിലെ മഷി ശരീരത്തിലേക്ക് വെള്ളം ചേരലിനെ തടയാത്തത് കൊണ്ട് വുളൂഇനെ ബാധിക്കില്ല. പെയിന്റ് പോലോത്തതിലുണ്ടാകുന്ന തടി ഇൗ മഷിയിൽ ഇല്ല, ചുരണ്ടിയെടുക്കാവുന്ന തടി ഉണ്ടെങ്കിലാണ് വെള്ളം ചേരാതിരിക്കുന്നത്. ബൂത്തിലെ മഷി മൈലാഞ്ചി പോലെയായതിനാൽ വുളൂവിനെ ബാധിക്കില്ല.

ഭാര്യ മാതാവിനെയോ ഭർത്യപിതാവിനെയോ തൊട്ടാൽ വുളൂഅ് മുറിയുമോ?


മുറിയില്ല. വിവാഹം കഴിക്കൽ ഹറാമായവരെ തൊട്ടാൽ വുളൂ മുറിയുകയില്ല എന്നതാണ് കാരണം.

മകൻ ഉപ്പയുടെ ആദ്യ ഭാര്യയെ തൊട്ടാൽ വുളൂഅ് മുറിയുമോ?


ആദ്യം വിവാഹം കഴിച്ച സ്ത്രീയുമായി വാപ്പ ഇണ ചേർന്നിട്ടുണ്ടെങ്കിൽ മകന് ആ സ്ത്രീയെ വിവാഹം ചെയ്യൽ ഹറാമാണ്. വിവാഹം കഴിക്കൽ ഹറാമായവരെ തൊട്ടാൽ വുളൂഅ് മുറിയില്ല.

അന്യ സ്ത്രീ പുരുഷ•ാർ തൊട്ടാൽ വുളൂഅ് മുറിയുമല്ലോ. എങ്കിൽ മയ്യിത്തിനെ തൊട്ടാൽ ആരുടേയെങ്കിലും വുളൂഅ് മുറിയുമോ? മയ്യിത്തിന് വീണ്ടും വുളൂഅ് ചെയ്തു കൊടുക്കണോ?


മയ്യത്തിനെ തൊട്ടാൽ തൊട്ടയാളുടെ വുളൂഅ് മുറിയും. മയ്യത്തിന്റെ വുളൂഅ് മുറിയുകയില്ല. അതുകൊണ്ട് മയ്യത്തിന് വീണ്ടും വുളൂഅ് ചെയ്ത് കൊടുക്കേണ്ടതില്ല.

നാലോ അഞ്ചോ പ്രായമുള്ള പെൺകുട്ടിയെ തൊട്ടാൽ വുളൂഅ് മുറിയുമോ?


സാധാരണ ഗതിയിൽ കണ്ടാൽ വികാരമുണ്ടാവുന്ന വളർച്ച കുട്ടിക്ക് എത്തിയിട്ടുണ്ടെങ്കിൽ വുളൂഅ് മുറിയും.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ആത്മീയ മജ്ലിസിൽ അന്യ പുരുഷന്മാരായ ഉസ്താദുമാരെ സ്ത്രീകൾ ഫോണിലൂടെ കാണുന്നുണ്ടല്ലോ? ഇത് അനുവദനീയമാണോ?


അന്യ സ്ത്രീ പുരുഷന്മാർ തമ്മിൽ പരസ്പരം കാണുന്നതും ഇടപഴകുന്നതും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. കണ്ണാടി പോലോത്ത പ്രതലങ്ങളിലൂടെ കാണുന്നതിൽ വൈകാരികമായ ആനന്ദം കണ്ടെത്തുകയോ ഫിത്ന ഭയപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ വിധിയിൽ വ്യത്യാസമില്ല. അല്ലാത്ത പക്ഷം, കണ്ണാടി പോലോത്ത പ്രതലങ്ങളിലൂടെ ഉസ്താദുമാരുടെ പ്രഭാഷണങ്ങളും മറ്റും കേൾക്കുന്നതിന് തടസ്സമില്ല.

നോമ്പ് നോറ്റ് കൊണ്ട് ഭക്ഷണം പാചകം ചെയ്യുമ്പോൾ ഉപ്പ് ഉണ്ടോ എന്ന്! നോക്കിയാൽ നോമ്പ് മുറിയുമോ?


രുചി മനസ്സിലാവുന്നത് നാവിലെ ടേസ്റ്റി ബഡ്സുകൾ ഉപയോഗിച്ചാണ്, അഥവാ, രുചി അറിയുന്നതിന് ആ വസ്തുവിൻറെ ഒരുഭാഗവും അകത്തേക്ക് ആക്കേണ്ട കാര്യമില്ല എന്നർത്ഥം. അത് കൊണ്ട് രുചി നോക്കുന്നത് കൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല. അതേ സമയം, അതിനായി നാവിൽ വെക്കുന്ന വസ്തുവിൻറെ അംശം അൽപം പോലും ശേഷം ഉമിനീരിലൂടെയോ മറ്റോ അകത്തേക്ക് ആവാൻ പാടില്ല. അങ്ങനെ ആവുന്ന പക്ഷം, നോമ്പ് ബാതിലാവുന്നതുമാണ്. അത് കൊണ്ട്, നോമ്പുകാരൻ അത്തരം കാര്യങ്ങൾ ഒഴിവാക്കുന്നതാണ് കൂടുതുൽ നല്ലത്.

നോമ്പു തുറക്കാൻ ഇൗത്തപ്പഴമാണോ കാരക്കയാണോ അഫ്ളൽ, ക്രമം പറയാമോ,പച്ച ഇൗത്തപ്പഴം കൊണ്ട് തുറന്നാൽ സുന്നത്ത് ലഭിക്കുമോ ?


പഴുത്ത ഇൗത്തപ്പഴമാണ് അഫ്ളൽ. പച്ച ഇൗത്തപ്പഴം കൊണ്ടായാൽ സുന്നത്ത് നഷ്ടപ്പെടും. ഇൗത്തപ്പഴം ഇല്ലെങ്കിൽ കാരക്ക അതുമില്ലെങ്കിൽ വെള്ളം എന്നിവയാണ് സുന്നത്തായ ക്രമം.

തറാവീഹ് നിസ്കരിക്കാത്തവനും, തറാവീഹ് ഒറ്റക്ക് നിസ്കരിച്ചവനും റമളാനിലെ വിത്റിൽ ജമാഅത്ത് സുന്നത്തുണ്ടോ ?


തീർച്ചയായും സുന്നത്തുണ്ട്

തറാവീഹിൽ വലിയ സൂറത്തുകളുടെ ഭാഗങ്ങൾ ഒാതലാണോ,ചെറിയ സൂറത്തുകളോതലാണോ ഏറ്റവും നല്ലത് ?


ഖുർആൻ ഖത്തം ഉദ്ധേശിക്കുന്നവർക്ക് ആദ്യം പറഞ്ഞരൂപവും അല്ലാത്തവർക്ക് രണ്ടാം രൂപവുമാണ് ഏറ്റവും അഭികാമ്യം.

തറാവീഹിലെ വിത്ർ നിസ്കാരത്തിൽ ഖുനൂത്ത് ഓതാതെ സുജൂദിൽ പോയാൽ നിറുത്തത്തിലേക് തിരിച്ചു വരേണ്ടതുണ്ടോ ? അല്ല സുജൂദ് ചെയ്‌താൽ മതിയോ? മറന്നതിന് സഹവിന്റെ സുജൂദ് ചെയ്യണോ?


ഒറ്റക്ക് നിസ്കരിക്കുന്നവനും ഇമാമും നിറുത്തത്തിലേക്ക് തിരിച്ചു വരരുത്. മടങ്ങിയാൽ നിസ്കാരം ബാത്വിലാണ്. പിന്നീട് സഹവിന്റെ സുജൂദ് ചെയ്ത് പരിഹരിക്കാം. മഅമൂമിന് മാത്രമാണ് മറവി സംഭവിച്ചതെങ്കിൽ, ഇമാമിനെ വിട്ടുപിരിയുന്ന നിയ്യത്ത് കരുതി വേർപിരിയാത്ത പക്ഷം ഇമാമിനെ തുടരുന്നതിന് വേണ്ടി ഖുനൂതിലേക്ക് മടങ്ങൽ നിർബന്ധമാണ്.

ഗർഭിണിയായ പെണ്ണ് തന്റെ വയറ്റിലുള്ള കുട്ടിക്ക് വേണ്ടി പത്ത് നോമ്പ് ഉപേക്ഷിച്ചു. പിന്നീട് ആ നോമ്പ് ഖളാഅ് വീട്ടി. ഇനി മുദ്ധ് കൊടുക്കേണ്ടതുണ്ടോ?


ഗര്‍ഭിണിയും മുലയൂട്ടുന്നവളും അവരുടെ ശരീരത്തിന്റെ കാര്യത്തില്‍ പേടിച്ചാണ് നോമ്പ് ഉപേക്ഷിച്ചതെങ്കിൽ ഖളാഅ് വീട്ടിയാല്‍ മാത്രം മതിയാകും. സ്വന്തം ശരീരത്തിന്റെയും കുട്ടിയുെടെയും കാര്യത്തില്‍ ഭയമുണ്ടായതിനാലാണ് നോമ്പൊഴിവാക്കിയതെങ്കിലും ഖളാഅ് വീട്ടിയാല്‍ മാത്രം മതി. കുട്ടിയുടെ കാര്യത്തിൽ മാത്രം ഭയന്ന് ഒഴിവാക്കിയതാണെങ്കില്‍ നോമ്പ് ഖളാഅ് വീട്ടുകയും ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യ വസ്തു നല്‍കുകയും വേണം. ഇവിടെ ഇനി പത്ത് മുദ്ധ് നൽകണം.

ഒരാൾ ഉച്ചയ്ക്ക് സുന്നതായ നോമ്പ് എടുക്കാൻ ഉദ്ദേശിച്ചു .എന്നാൽ അവന് പ്രഭാതം വെളിപ്പെടുന്ന സമയത്ത് വെള്ളം കുടിച്ചിട്ടിണ്ടോ എന്ന് ഒരു സംശയം.ആ നിലയിൽ നോമ്പ് എടുക്കാമോ?


ആ സംശയം പരിഗണിക്കേണ്ടതില്ല. പക്ഷേ, ളുഹ്റിന് മുമ്പായി സുന്നത്ത് നോമ്പിന്റെ നിയ്യത് കരുതിയിരക്കണം.

നോമ്പിന്ന് ഫിദ് യ നിർബന്ധമുള്ളവന്ന് അവന്റെ മുദ്ദ് നാട്ടിൽ തന്നെ കൊടുക്കണോ?


നിർബന്ധമില്ല. മറ്റു നാടുകളിലും കൊടുക്കാവുന്നതാണ്.

നോമ്പിന്റെ ഫിദ് യ കൊടുക്കാൻ കഴിവില്ലാത്തവനാണെങ്കിൽ എന്ത് ചെയ്യണം?


വാർദ്ധക്യം, ശമനം പ്രതീക്ഷിക്കാത്ത രോഗം എന്നീ കാരണങ്ങളാൽ നോമ്പ് ഉപേക്ഷിച്ചവർ ഒരു നോമ്പിന് ഒരു മുദ്ധ് എന്ന തോതിൽ ദാനം ചെയ്യൽ നിർബന്ധമാണ്. ആ നോമ്പിന്റെ ദിവസം സാമ്പത്തിക ശേഷി ഉണ്ടെങ്കിൽ മാത്രമാണ് മുദ്ധ് നൽകൽ നിർബന്ധമുള്ളത്. ഫിത്വർ സക്കാത് നിർബന്ധമാകുന്നതിൽ പരിഗണിക്കുന്ന സാമ്പത്തികശേഷിയാണ് ഇവിടെയും പരിഗണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ നോമ്പിന്റെ സമയം മുദ്ധ് നൽകാൻ സാമ്പത്തികമായി കഴിവില്ലാത്തവരായ വാർദ്ധക്യം, സുഖമാവുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം എന്നീ കാരണങ്ങളാൽ നോമ്പ് ഒഴിവാക്കിയവർക്ക് ആ നോമ്പ് ഖളാഅ് വീട്ടലോ മുദ്ധ് നൽകലോ നിർബന്ധമില്ല. പിന്നീട് സാമ്പത്തിക ശേഷിയുണ്ടായാലും വിധിയിൽ മാറ്റമില്ല.

സുന്നത്ത് നോമ്പിന് വൈകുന്നേരത്തിന് മുമ്പ് നിയ്യത്ത് ചെയ്താൽ മതിയാകുമോ?


സുബഹിക്ക് ശേഷം നോമ്പ് മുറിയുന്ന കാര്യങ്ങളെ തൊട്ട് പൂർണമായും വിട്ടു നിന്നയാൾക്ക് ളുഹ്റിന് മുമ്പായി സുന്നത്ത് നോമ്പിന്റെ നിയ്യത് കരുതുന്ന പക്ഷം നോമ്പ് സ്വഹീഹാകുന്നതാണ്. ളുഹ്റിന് ശേഷം നിയ്യത്ത് ചെയ്താൽ പോരാ.

ജ്വല്ലറികളിൽ പണം പല ഘട്ടങ്ങളിലായി കെട്ടി വെച്ച് നിശ്ചിത വർഷങ്ങൾക്ക് ശേഷം സ്വർണം വാങ്ങിക്കുന്ന സമ്പ്രദായം പല നാടുകളിലും കാണാറുണ്ട്. ഇസ്ലാമികമായി ഇതിൽ വല്ല തെറ്റുമുണ്ടോ? അത്തരം കച്ചവട ഇടപാടുകൾ സാധൂകരിക്കപ്പെടുമോ?


പണം നൽകിയതിന് ശേഷം വില വർദ്ധനവുണ്ടായാൽ അത് ബാധകമാകാതെ പണം നൽകിയ ദിവസത്തെ വിലയനുസരിച്ചും വില കുറഞ്ഞാൽ കുറഞ്ഞവില അനുസരിച്ചുമുള്ള സ്വർണ്ണം ലഭിക്കണമെന്ന വ്യവസ്ഥയിൽ ജ്വല്ലറിയിൽ മുൻകൂറായി പണം നൽകി സ്വർണം വാങ്ങുന്ന ഇടപാട് ശരിയല്ല. വസ്തുക്കൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ഇടപാടിൽ വില കൃത്യമായി നിശ്ചയിക്കപ്പെടണമെന്നാണ് ഇസ്ലാമിക നിയമം. ഈ നിയമം പാലിക്കപ്പെടുന്നില്ലെന്നതിന് പുറമേ പല പ്രശ്നങ്ങളും പ്രസ്തുത ഇടപാടിലുണ്ട്. പണം നൽകുന്ന സമയം പണവും സ്വർണവും തമ്മിലുള്ള ഇടപാട് നടത്തുന്നില്ലെന്നും പണം ജ്വല്ലറി ഉടമസ്ഥന് കടമായി നൽകുകയാണെന്നും വെച്ചാലും ശരിയാവുകയില്ല. കാരണം ഒരു സംഖ്യ കടമായി നൽകിയാൽ കടം വാങ്ങിയ വ്യക്തി തിരിച്ചു നൽകേണ്ടത് പ്രസ്തുത സംഖ്യയാണ്. സ്വർണവിലയിൽ വർധനവ് ഉണ്ടായാൽ വർദ്ധനവ് ബാധകമാകാതെ പണം നൽകിയ ദിവസത്തെ വിലയനുസരിച്ചും വില കുറഞ്ഞാൽ കുറഞ്ഞ വിലയനുസരിച്ചുമുള്ള സ്വർണം പകരം നൽകണമെന്ന വ്യവസ്ഥയിൽ പണം കൊടുക്കുന്ന ഇടപാട് അനുവദനീയമല്ല. ഓരോ തവണയും പണം നൽകുമ്പോൾ അതാത് സമയത്തെ സ്വർണ്ണവിലയനുസരിച്ചുള്ള സ്വർണം നമ്മുടെ കണക്കിൽ രേഖപ്പെടുത്തുകയും നിശ്ചിത കാലാവധിക്ക് ശേഷം പ്രസ്തുത സ്വർണം നമുക്ക് ലഭിക്കുകയും ചെയ്യുന്ന രൂപവും അനുവദിക്കപ്പെട്ടതല്ല. ഈ രൂപത്തിൽ സ്വർണ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ പണം നൽകിയവനെ ബാധിക്കുന്നില്ല.പണം നൽകുന്ന സമയത്തെ വില നിലവാരമനുസരിച്ച് നൽകിയ പണത്തിനുള്ള സ്വർണമാണ് കണക്കിൽ രേഖപ്പെടുത്തുന്നതും പിന്നീട് ലഭിക്കുന്നതും. അതിനാൽ വിലയിൽ കൃത്യതയില്ല എന്ന പ്രശ്നം ഇവിടെയില്ല. എങ്കിലും ആധുനിക കറൻസികൾ സ്വർണ്ണം, വെള്ളി എന്നിവ പോലെ കർമശാസ്ത്ര നിയമങ്ങളിലെ 'നഖ്ദ്' എന്ന വകുപ്പിൽ പെട്ടതാണെന്ന് വിശദീകരിക്കുന്നവരാണ് ആധുനിക പണ്ഡിതന്മാരിൽ അധികപേരും. ഈ വിശദീകരണം അനുസരിച്ച് സ്വർണവും വെള്ളിയും തമ്മിൽ ഇടപാട് നടത്തുമ്പോൾ നിർബന്ധമുള്ള അവധി നിശ്ചയിക്കാതിരിക്കുക, സദസ്സ് പിരിയും മുമ്പ് പരസ്പരം കൈമാറ്റം നടത്തുക എന്നീ നിബന്ധനകൾ കറൻസിക്ക് പകരം സ്വർണ്ണം വിൽക്കുമ്പോഴും നിർബന്ധമാണെന്ന് വരുന്നതാണ്. അപ്പോൾ പണത്തിനുപകരം സ്വർണ്ണം വാങ്ങുമ്പോൾ അവധി നിശ്ചയിക്കാതിരിക്കുകയും പണവും സ്വർണവും പരസ്പരം കൈമാറ്റം നടത്തുകയും ചെയ്താലേ പ്രസ്തുത ഇടപാട് അനുവദനീയമാവുകയുള്ളൂ. നൽകിയ പണത്തിനനുസരിച്ചുള്ള സ്വർണ്ണം കണക്കിൽ രേഖപ്പെടുത്തുകയും അവധിക്കുശേഷം കൈപ്പറ്റുകയും ചെയ്യുന്ന ഇടപാട് അനുവദനീയമാവുകയില്ല. എങ്കിലും ഈ രൂപത്തിൽ അവധി നിശ്ചയിക്കാതെ ഓരോ പ്രാവശ്യവും നൽകുന്ന സംഖ്യക്കനുസരിച്ചുള്ള സ്വർണം അതാത് സമയങ്ങളിൽ തന്നെ കൈവശം വാങ്ങിയതിന് ശേഷം ജ്വല്ലറിക്കാരനെ തിരിച്ചേൽപ്പിക്കുകയും പിന്നീട് ആവശ്യാനുസരണം വാങ്ങുകയും ചെയ്യുകയാണെങ്കിൽ വിരോധമില്ല. അനുവദനീയമാണ്. അപ്രകാരം തന്നെ ജ്വല്ലറി ഉടമസ്ഥന് ഒന്നിച്ചോ പലതവണകളായോ പണം നൽകുകയും നിശ്ചിത കാലാവധിക്ക് ശേഷം പണം തിരിച്ചു വാങ്ങുന്ന സമയം പ്രസ്തുത പണത്തിന് പകരം രണ്ടുപേരും ഇഷ്ടപ്പെട്ട് തീരുമാനിക്കുന്ന സ്വർണ്ണം തിരിച്ച് നൽകുകയും ചെയ്യുന്നത് അനുവദനീയമാണ്. ഇവിടെ പ്രത്യേക ആനുകൂല്യങ്ങൾ ഒന്നും വ്യവസ്ഥ ചെയ്യാതെ പണം കടമായി നൽകുകയാണ് ചെയ്തത്. ഇത് തെറ്റല്ല.പക്ഷേ, ഇങ്ങനെ കടം നൽകിയാൽ കടം നൽകിയവനു തിരിച്ചു ലഭിക്കാൻ അവകാശപ്പെട്ടത് പ്രസ്തുത സംഖ്യയാണ്. ആ സംഖ്യ തിരിച്ചു നല്കലേ ജ്വല്ലറി ഉടമസ്ഥന് നിർബന്ധമുള്ളൂ. എന്നാൽ പ്രത്യേക ആനുകൂല്യം ഒന്നും വ്യവസ്ഥ ചെയ്യാതെ പണം നൽകിയതിന് ശേഷം കടം വീട്ടുന്ന സമയം രണ്ടുപേരും ഇഷ്ടപ്പെട്ടു കൊണ്ട് പ്രസ്തുത സംഖ്യക്ക് പകരമായി സ്വർണ്ണം നൽകുകയും വാങ്ങുകയും ചെയ്യുകയാണെങ്കിൽ അത് അനുവദനീയമാണ്. രണ്ടുപേരും ഇഷ്ടപ്പെട്ട് അപ്പോൾ നിശ്ചയിക്കുന്ന തൂക്കം സ്വർണ്ണം വാങ്ങാവുന്നതാണ്. ലഭിക്കാനുള്ള അവകാശത്തിനു പകരമായി മറ്റൊന്ന് സ്വീകരിക്കുന്ന 'ഇസ്തിബ്ദാൽ' എന്ന ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ പറയുന്ന ഇടപാടാണിത്. ജ്വല്ലറി ഉടമസ്ഥന് പണം കടമായി നൽകുന്നവർക്ക് നിശ്ചിത അവധിക്ക് ശേഷം പ്രസ്തുത സംഖ്യ തിരിച്ചു നൽകുമെന്നും ആവശ്യമെങ്കിൽ പ്രസ്തുത സംഖ്യക്ക് പകരം രണ്ടുപേരും ഇഷ്ടപ്പെട്ട് തീരുമാനിക്കുന്ന സ്വർണം ലഭ്യമാക്കാൻ സൗകര്യമുണ്ടായിരിക്കുമെന്നും ജ്വല്ലറി ഉടമസ്ഥൻ നേരത്തെ പരസ്യം ചെയ്തു എന്നതുകൊണ്ട് മാത്രം ഇടപാട് നിഷിദ്ധമാവുകയില്ല. അതേസമയം ഇടപാടിൽ തന്നെ കടം നൽകുന്നവന് എന്തെങ്കിലും ആനുകൂല്യം വ്യവസ്ഥ ചെയ്തുകൊണ്ട് കടം നൽകുകയാണെങ്കിൽ അത് നിഷിദ്ധവും പലിശ ഇടപാടുമാണ്.

ഞാൻ B.Sc അഗ്രികൾച്ചറിന് പഠിക്കുകയാണ്. SSLC യിലും പ്ലസ് ടു വിലും നല്ല മാർക്കുണ്ടായിരുന്നു. പക്ഷേ, ഫീസടക്കാൻ പറ്റാത്തതിനാൽ പഠനം മുടങ്ങി. ഇപ്പോൾ 2 സെമസ്റ്റർ കഴിഞ്ഞു. ഇതുവരെ ഫീസടച്ചില്ല. ഈ സാഹചര്യത്തിൽ എജ്യുക്കേഷൻ ലോൺ എടുക്കാമോ?


വായ്പയെടുക്കുന്നതിൽ ഇസ്‌ലാമികമായി പ്രശ്നങ്ങളില്ല. പക്ഷേ, തിരിച്ചടക്കുമ്പോൾ കൂടുതൽ അടക്കണമെന്ന നിബന്ധന ഇടപാടു സമയത്ത് വരുമ്പോൾ ആ ഇടപാടിൽ പലിശ വരുന്നു. അതോടെ ആ ഇടപാട് ഹറാമാകും. പലിശയില്ലാതെ വായ്പ നൽകുന്ന സംവിധാനങ്ങൾ ഇന്ന് ലഭ്യമാണല്ലോ. പണം കടം ലഭിക്കാൻ ഇസ്ലാം അനുവദിച്ച മാർഗ്ഗങ്ങളുമുണ്ട്.അത്തരം സംവിധാനങ്ങളെ ആശ്രയിക്കുകയാണ് വേണ്ടത്. പ്രയാസങ്ങൾ അല്ലാഹുവിന്റെ പരീക്ഷണങ്ങളാണെന്ന് വിശ്വാസി മനസ്സിലാക്കണം. ഏതു ഘട്ടത്തിലും അല്ലാഹുവിന്റെ വിധി വിലക്കുകൾ സൂക്ഷിക്കാൻ നമുക്ക് കഴിയണം.

പലചരക്ക് കച്ചവടം നടത്തുന്നയാൾ തന്റെ സാധനങ്ങൾ കടയിൽ വരുന്ന ആളുകളുടെ സാമ്പത്തിക സ്ഥിതി നോക്കി വ്യത്യസ്ത വിലയ്ക്ക് വിൽക്കുന്നത് അനുവദനീയമാണോ? അതായത് , ഒരേ സാധനം വ്യത്യസ്ത വിലയ്ക്ക് വിൽക്കുന്നതിന്റെ വിധി എന്താണ് ?


അനുവദനീയമാണ്. തന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ വില നിർണ്ണയിക്കാനുള്ള അധികാരം ഇസ്ലാമികമായി വിൽപ്പനക്കാരന്റെ അവകാശമാണ്. പക്ഷേ,വസ്തുവിന് ഇല്ലാത്ത ഗുണങ്ങൾ പറഞ്ഞ് വഞ്ചിക്കരുത് , നിലവാര വിലയെ കുറിച്ച് കളവ് പറയരുത്, വസ്തുവിലുള്ളതും നമുക്ക് അറിയാവുന്നതുമായ ന്യൂനതകൾ മറച്ചു വെക്കരുത് തുടങ്ങിയ മര്യാദകൾ ഇവിടെ പാലിച്ചിരിക്കണം. ഇമാം (ഭരണാധികാരി) കച്ചവട വസ്തുക്കൾക്ക് വില നിശ്ചയിക്കൽ നിഷിദ്ധമാണ്. എങ്കിലും ഭരണാധികാരി അങ്ങനെ നിശ്ചയിച്ചാൽ പരസ്യമായി അത് ലംഘിക്കൽ വ്യാപാരികൾക്ക് നിഷിദ്ധമാണ്.

മാസ ഗഡുക്കളായി പണം അടച്ച് വാങ്ങിക്കാൻ പറ്റുന്ന ഏ.സി, ഫ്രിഡ്ജ്, ഇൻവേർട്ടർ തുടങ്ങിയ വസ്തുക്കൾ അടവിന് വാങ്ങൾ ഹറാം ആണെന്ന് ഒരു ഉസ്താദിന്റെ പ്രഭാഷണത്തിൽ കേൾക്കാനിടയായി. ഇവ റെഡി കാശ് കൊടുത്ത് വാങ്ങുമ്പോഴുള്ള വിലയേക്കാൾ കൂടുതൽ വില അടവിന് വാങ്ങുമ്പോൾ നൽകേണ്ടി വരുന്നതിനാൽ പലിശ വരും എന്നാണ് പറയുന്നത്. ഇത് ശരിയാണോ?


നിശ്ചിത സംഖ്യ വിലയായി നിശ്ചയിച്ച് വസ്തു വാങ്ങുകയും ആ സംഖ്യ നിശ്ചയിക്കപ്പെട്ട അവധിക്കുള്ളിലായി ഒരുമിച്ചോ പലതവണകളായോ അടച്ചു തീർക്കണമെന്ന് വ്യവസ്ഥ വെക്കുകയും ചെയ്യുന്നതിന് തടസ്സമില്ല. കാരണം ഇത്, അവധി നിശ്ചയിക്കപ്പെട്ട വിലക്കു പകരം വസ്തു വാങ്ങലാണ്. വിലയുടെ നിശ്ചിത ഭാഗം റൊക്കമായും ബാക്കി പല ഘട്ടങ്ങളായും നൽകണമെന്ന് തീരുമാനിക്കുന്നതിനും വിരോധമില്ല. ഓരോ മാസവും അടയ്ക്കേണ്ട തുക കൃത്യമായി നിശ്ചയിക്കുന്നതിലും തെറ്റില്ല. വില കൃത്യമായി നിശ്ചയിച്ചുകൊണ്ട് ഇടപാടു നടത്തുകയും ആ വില നിശ്ചിത അവധിക്കുള്ളിൽ പല ഘട്ടങ്ങളായി അടക്കണമെന്ന് കരാർ ചെയ്യലും അനുവദനീയമാണ് എന്നാണ് ഇതുവരെ പറഞ്ഞതിന്റെ ചുരുക്കം. ഇങ്ങനെ കൃത്യമായ വില നിശ്ചയിച്ചുകൊണ്ട് വാങ്ങുമ്പോൾ വിൽക്കുന്നവനും വാങ്ങുന്നവനും തൃപ്തിപ്പെട്ട വില സാധാരണ വിലയേക്കാൾ അധികമായി എന്നതുകൊണ്ട് പ്രശ്നമില്ല. അത് പലിശയാകുന്നില്ല. അതേസമയം, വില കൃത്യമായി നിശ്ചയിക്കപ്പെടാതെ അവധി കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് വിലയിലും വ്യത്യാസം സംഭവിക്കുമെന്ന രീതിയിലാണ് ഇടപാടെങ്കിൽ അത് വിരോധിക്കപ്പെട്ടതാണ്. ഉദാഹരണത്തിന്, ആറു മാസം കൊണ്ട് അടച്ചു തീർക്കുകയാണെങ്കിൽ 5,000 രൂപയും, ഒരുവർഷം കൊണ്ടാണെങ്കിൽ 10,000 രൂപയും നൽകണമെന്ന വ്യവസ്ഥയോടെ ഇടപാട് നടത്താൻ പാടില്ല. ഒരു വസ്തുവിന് 10000 രൂപ വിലയായി നിശ്ചയിക്കുകയും ആ വില ഉടമസ്ഥന് റൊക്കമായി നൽകുന്നതിനുവേണ്ടി കടം വാങ്ങുകയും ചെയ്യുമ്പോൾ വാങ്ങിയതിലേറെ തുക തിരിച്ചടക്കണമെന്ന നിബന്ധനയോടെ കടം വാങ്ങുന്നത് പലിശ ഇടപാടാണ്. ഇവിടെ രണ്ട് ഇടപാടുകളുണ്ട് .ഒന്ന് കൃത്യമായ വില നിശ്ചയിച്ചുകൊണ്ട് അവധിക്ക് വസ്തു വാങ്ങൽ. രണ്ട്: ആ വില നൽകുന്നതിനുവേണ്ടി വാങ്ങിയതിനേക്കാളേറെ തിരിച്ചടക്കണം എന്ന വ്യവസ്ഥയിൽ കടം വാങ്ങൽ. ഇവിടെ പറഞ്ഞ രണ്ടാമത്തെ ഇടപാട് വൻ ദോഷങ്ങളിൽ പെട്ട കട പലിശയാണ്. പലരും അടവിനു വാങ്ങുമ്പോൾ ഇങ്ങനെ രണ്ട് ഇടപാടു നടത്താറുണ്ട്.വസ്തുവിന്റെ ഉടമസ്ഥന് വില നൽകാൻ വേണ്ടി പലിശ സ്ഥാപനത്തിൽ നിന്ന് പലിശ നൽകാമെന്ന നിബന്ധനയോടെ കടം വാങ്ങുകയാണ്. വിശുദ്ധ ഖുർആനും സുന്നത്തും നിഷിദ്ധമാക്കിയ പലിശ ഇടപാട് നമ്മുടെ ഇടപാടുകളിൽ കടന്നു വരുന്നതിനെ കുറിച്ച് ജാഗ്രത വേണം. അടവിന് വസ്തുക്കൾ വാങ്ങുമ്പോൾ അനുവദനീയമായതും നിഷിദ്ധമായതുമായ വിവിധ രൂപങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ഇത്രയും വിശദീകരിച്ചത്.

ലോണെടുത്ത്‌ വാഹനങ്ങൾ വാങ്ങൽ അനുവദനീയമാണോ?


ഒരു വാഹനം വാങ്ങുമ്പോൾ ലോണെടുക്കുകയും ഓരോ മാസങ്ങളിലും നിശ്ചിത തുക അടക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് വ്യാപകമായി നടക്കാറുണ്ട്. അത്തരം ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അൽപം വിശദമായി തന്നെ പറയാം : വിലക്ക് അവധി നിശ്ചയിക്കാതെയും വിലക്ക് അവധി നിശ്ചയിച്ചുകൊണ്ടും വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യാറുണ്ട്. ഈ രണ്ടു രൂപങ്ങളും ഇസ്ലാമിൽ അനുവദിക്കപ്പെട്ടതാണ്. വിലക്ക് അവധി നിശ്ചയിച്ചുകൊണ്ട് വിൽക്കുമ്പോഴുള്ള വില സാധാരണ അവധി നിശ്ചയിക്കാതെ വിൽക്കുമ്പോഴുള്ള വിലയേക്കാൾ കൂടുതലായി എന്നതുകൊണ്ട് മാത്രം ആ ഇടപാട് നിഷിദ്ധമോ ഇസ്ലാം നിരോധിച്ച പലിശ ഇടപാടോ ആവുകയില്ല. വിലക്ക് അവധി നിശ്ചയിച്ചുകൊണ്ട് വിൽപ്പന നടത്തുമ്പോൾ റൊക്കമായി വിൽക്കാറുള്ള സാധാരണ വിലയേക്കാൾ വില കൂടിയാൽ തന്നെ ആ ഇടപാട് പലിശ ഇടപാടാകുമെന്ന ചിലരുടെ ധാരണ ശരിയല്ല. വിൽക്കുന്നവനും വാങ്ങുന്നവനും കൃത്യമായി തീരുമാനിച്ചുറപ്പിച്ചതായിരിക്കണം എന്നതാണ് വിൽപന ഇടപാടിലെ വിലയെ കുറിച്ചുള്ള ഇസ്ലാമിക നിയമം.നിലവാരവില, ഇടപാട് വില എന്നിങ്ങനെ രണ്ടിനം വിലകൾ ഉണ്ട് . ഓരോ കാലത്തും ഓരോ പ്രദേശത്തും വസ്തുവിനനുസൃതമായി ഒരു വസ്തുവിന് സാധാരണ ലഭിക്കാറുള്ള വിലയാണ് ആ വസ്തുവിന്റെ നിലവാര വില. ഈ വിലയെക്കുറിച്ച് ഖീമത് , സമന് മിസ് ല് എന്നൊക്കെയാണ് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ പറയാറുള്ളത്. ഒരു വസ്തു വിൽക്കുമ്പോൾ വിൽക്കുന്നവനും വാങ്ങുന്നവനും പരസ്പരം തൃപ്തിപ്പെട്ടു നിശ്ചയിക്കുന്ന വിലയാണ് ആ ഇടപാടിലെ യഥാർത്ഥ വില. ഇതിനെ സമന് എന്ന് പറയും. ഇടപാട് വില നിലവാര വിലയോട് തുല്യമോ അതിൽ കൂടുതലോ കുറവോ ആയേക്കാം. ഈ മൂന്ന് രൂപങ്ങളും ഇസ്ലാം അനുവദിച്ചതാണ്. അപ്രകാരം തന്നെ ഒരു വസ്തു വിലക്ക് അവധി നിശ്ചയിച്ചുകൊണ്ട് വിൽക്കുമ്പോഴുള്ള വില ആ വസ്തു റൊക്ക വിലക്ക് വിൽക്കുമ്പോഴുള്ള വില യോട് തുല്യമായിരിക്കണമെന്നില്ല.അവധി നിശ്ചയിച്ചുകൊണ്ടുള്ള വിൽപ്പനയിലെ വില ആ വസ്തു അവധിയില്ലാതെ വിൽക്കുമ്പോഴുള്ള വിലയേക്കാൾ കൂടുന്നതിന് വിരോധമില്ല. ഉദാഹരണമായി അവധി ഇല്ലാതെ ഒരു ലക്ഷത്തിന് വിൽക്കാറുള്ള വസ്തു, ഒരുവർഷത്തെ അവധിക്ക് വിൽക്കുന്നവനും വാങ്ങുന്നവനും സമ്മതിച്ചുകൊണ്ട് ഒന്നര ലക്ഷത്തിനു വിറ്റാൽ പ്രസ്തുത ഇടപാട് നിഷിദ്ധമോ പലിശ ഇടപാടോ അല്ല. മറിച്ച് അനുവദനീയമായ ഇടപാടാണ്. അവധിയായി വിൽക്കുമ്പോൾ മൊത്ത വിലക്ക് ഒറ്റ അവധിയാ യും വിലയിലെ നിശ്ചിത സംഖ്യകൾക്ക് വ്യത്യസ്തമായ നിശ്ചിത അവധികളായും വിൽക്കാവുന്നതാണ്. അപ്രകാരം തന്നെ വിലയുടെ നിശ്ചിത ഭാഗം റൊക്കമായും നിശ്ചിത ഭാഗം അവധിയായും വിൽക്കാവുന്നതാണ്. അവധി നിശ്ചയിച്ചുകൊണ്ട് വിൽക്കുമ്പോഴുള്ള വിലയും റൊക്കമായി വിൽക്കുമ്പോഴുള്ള വിലയും തുല്യമാവണമെന്നില്ലെന്നും അവധിയുടെ കാരണമായി വില വർധിപ്പിക്കുന്നതിന് വിരോധമില്ലെന്നുമുള്ള കാര്യം കർമ്മശാസ്ത്രത്തിൽ സ്ഥിരപ്പെട്ടതും പൊതുവേ അറിയപ്പെട്ടതും ആണ് .എന്നാൽ വിലക്ക് അവധി നിശ്ചയിച്ചുകൊണ്ട് വിൽപ്പന നടത്തുമ്പോൾ വിലയും അവധിയും കൃത്യമായി നിശ്ചയിക്കപ്പെടുകയും അറിയപ്പെടുകയും വേണമെന്ന നിർബന്ധമുണ്ട്.ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയാൽ വസ്തു അടവിന് വാങ്ങുന്നതിന്റെ വിവിധ രൂപങ്ങളും അവയുടെ വിധികളും മനസ്സിലാക്കാൻ പ്രയാസമുണ്ടാവുകയില്ല. ഉദാഹരണമായി മൂന്ന് രൂപങ്ങൾ പറയാം. ഒന്ന്: ഒരു വസ്തു ഒന്നാമൻ രണ്ടാമന് വിൽക്കുന്നു. വില്പനയിൽ വിലയും അവധിയും കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്.പക്ഷേ സാധാരണ റൊക്കമായി വിൽക്കുന്ന വിലയേക്കാൾ കൂടുതൽ സംഖ്യക്ക് പകരമാണ് വില്പന. ഉദാഹരണത്തിന് സാധാരണ ഒരു ലക്ഷത്തിന് വിൽകാറുള്ള വസ്തു 20 മാസത്തെ അവധിക്ക് 2 ലക്ഷത്തിന് വിൽക്കുന്നു. ഇവിടെ 20 മാസം എന്ന കൃത്യമായ അവധിയും രണ്ടു ലക്ഷം എന്ന വിലയും നിർണയിച്ചിരിക്കുന്നു. ഈ ഇടപാട് അനുവദനീയമാണ്. രണ്ട് : വസ്തുവിന്റെ നിലവാര വില ഒരു ലക്ഷമാണെങ്കിലും ഒരു വർഷം കൊണ്ട് അടച്ചു തീർക്കുകയാണെങ്കിൽ രണ്ടു ലക്ഷം, ഒന്നരവർഷം കൊണ്ടാണെങ്കിൽ രണ്ടര ലക്ഷം എന്നിങ്ങനെ അടച്ചുതീർക്കാൻ എടുക്കുന്ന സമയത്തിന്റെ ഏറ്റക്കുറവിന് അനുസരിച്ച് നൽകേണ്ട സംഖ്യയിൽ മാറ്റം വരുമെന്ന വ്യവസ്ഥയിൽ ഒരാൾ മറ്റൊരാൾക്ക് വിൽക്കുന്നു. ഈ ഇടപാട് ബാത്വിലായ വിൽപനയാണ്. അതിനാൽ തന്നെ തെറ്റുമാണ്. വിലയും അവധിയും രണ്ടുപേർക്കും അറിയപ്പെടുന്ന വിധം കൃത്യമായി നിശ്ചയിക്കണം എന്ന നിബന്ധന പാലിച്ചില്ല എന്നതാണ് അസാധുവാകാനുള്ള കാരണം. ഈ ഇടപാടും ഇസ്ലാം നിരോധിച്ച പലിശയുടെ പരിധിയിൽ വരുന്നതല്ല. എങ്കിലും 'ഫാസിദായ ബൈഅ' എന്ന നിലയിൽ കുറ്റകരമാണ്. പലിശ മാത്രമല്ലല്ലോ കുറ്റകരം. മൂന്ന്: അവധിയും വിലയും കൃത്യമായി നിശ്ചയിച്ചുകൊണ്ട് തന്നെ വസ്തു ഒരാൾ മറ്റൊരാൾക്ക് വിൽക്കുന്നു. പക്ഷേ, ഒന്നാമന് പണം നൽകാൻ വേണ്ടി രണ്ടാമൻ കടമായി നൽകുന്നതിലേറെ തിരിച്ചടക്കണം എന്ന വ്യവസ്ഥയിൽ മൂന്നാമ നിൽ നിന്ന് പണം കടം വാങ്ങുന്നു. ഒന്നും രണ്ടും രൂപങ്ങളിൽ രണ്ടു കക്ഷികൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവിടെ മൂന്നാം കക്ഷിയുണ്ട് . അതുപോലെ ഒന്നും രണ്ടും രൂപങ്ങളിൽ വിൽപ്പന എന്ന ഒരു ഇടപാട് മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇവിടെ ഒന്നാമനും രണ്ടാമനും തമ്മിൽ വില്പന ഇടപാടും രണ്ടാമനും മൂന്നാമനും തമ്മിൽ 'ഖർള്' എന്ന കടം വാങ്ങുന്ന ഇടപാടും ഉണ്ട്. കടമായി വാങ്ങുന്ന സംഖ്യയേക്കാളേറെ തിരിച്ചടക്കണം എന്ന നിബന്ധനയോടെ കടം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ഇടപാട് പലിശ ഇടപാടാണല്ലോ. അതിനാൽ ഈ മൂന്നാം രൂപത്തിൽ രണ്ടാമനും മൂന്നാമനും തമ്മിൽ നടക്കുന്ന ഇടപാട് നിഷിദ്ധമാണ്. പലിശ ഇടപാടിലൂടെ അല്ലാതെ അനുവദനീയമായ വഴികളിലൂടെ തന്നെ ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

ഉള്ള ജോലി ജീവിത ചെലവിന് മതിയാകുന്നുവെങ്കിലും സ്വന്തമായി ഒരു വീടില്ല. വീട് നിർമ്മാണം ഇപ്പോഴുള്ള വരുമാനം കൊണ്ട് സാധിക്കുന്നുമില്ല. അവനെ സകാതിന്റെ അവകാശികളായ ഫഖീർ, മിസ്കീൻ ഗണത്തിൽ പെടുത്താനാകുമോ?


ജീവിതാവശ്യങ്ങളിൽ പെട്ടതാണ് വീട് . നിത്യ ചെലവിന് മതിയാകുന്ന വരുമാനം ഉണ്ടെങ്കിലും തനിക്ക് യോജിച്ച വിധത്തിലുളള താമസ സൗകര്യത്തിന് ആ വരുമാനം മതിയാകുന്നില്ലെങ്കിൽ അവൻ ഫഖീർ മിസ്കീനിൽ പെടുന്നതാണ്.

കറൻസി സക്കാത്തിന്റെ കണക്ക് വിശദീകരിച്ചു തരുമോ?


595 ഗ്രാം വെള്ളിയുടെയോ 85 ഗ്രാം സ്വര്‍ണത്തിന്റെയോ വിലയ്ക്ക് തുല്യമോ അതില്‍ കൂടുതലോ ആയ തുക, ഒരു വര്‍ഷം പൂര്‍ണമായും ഒരാളുടെ ഉടമസ്ഥതയിലുണ്ടായാൽ കറൻസിയുടെ സകാത് നിര്‍ബന്ധമാവും. ഇന്ന് സ്വര്‍ണത്തിന്റെ വില വെള്ളിയുടെ വിലയേക്കാള്‍ വളരെ കൂടുതലാണല്ലോ. അപ്പോൾ വെള്ളിയുടെ കണക്കനുസരിച്ചാണ് ആദ്യം നാണയത്തിന്റെ നിസ്വാബ് എത്തുക. അതുകൊണ്ട്, ആദ്യം ആ വർഷത്തിലെ മാർക്കറ്റിലെ ഒരു ഗ്രാം വെള്ളിയുടെ ഏറ്റവും കൂടിയ വില കണ്ടെത്തുക. ഒരു ഗ്രാം വെള്ളിക്ക് മാര്‍ക്കറ്റ് ശരാശരി 50 രൂപയാണ് എന്ന് സങ്കൽപിക്കുക. എങ്കിൽ അതനുസരിച്ച് 29,750 (595 x 50 = 29, 750 ) രൂപയോ അതില്‍ കൂടുതലോ ആയ തുക ഒരു വര്‍ഷം മുഴുവനായും ഉടസ്ഥതയിലുണ്ടായാൽ ആ പണത്തിന് സകാത് നിര്‍ബന്ധമാവും. ആ തുകയുടെ 2.5 ശതമാനം അഥവാ അതിന്റെ 40 ൽ 1 തുക സകാത് കൊടുക്കണം. ഇവിടെ പറഞ്ഞ ഉദാഹരണത്തിൽ 29,750 ന്റെ രണ്ടര ശതമാനമായ 743 രൂപ 75 പൈസ (744 രൂപ) കൊടുക്കണം. കറൻസിയുടെ സകാത് സാധാരണയായി നമ്മൾ കൊടുത്ത കടം ,കുറി , പ്രൊവിഡന്റ് ഫണ്ട് , അഡ്വാൻസ് തുടങ്ങിയ ഇടപാടുകളിലും വരാൻ സാധ്യതയുണ്ട്.

കറന്സിയുടെ സക്കാത്തിൽ വെള്ളിയുടെ നിസാബാണ് പരിഗണിക്കേണ്ടത് എന്നത് നിബന്ധനയാണോ,അതോ സൂക്ഷമതയാണോ?


കറൻസികൾ 'നഖ്ദ്' വർഗ്ഗത്തിൽ പെട്ടതാണ് എന്നാണ് ആധുനിക പണ്ഡിതരിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. സ്വർണ്ണം, വെള്ളി എന്നിവ സാർവത്രിക വിലയായതിനാലാണ് അവ 'നഖ്ദാ' യി പരിഗണിക്കപ്പെട്ടിട്ടുഉള്ളത്. സാർവത്രിക വിലയാവുക എന്ന വിശേഷണം ആധുനിക കറൻസികൾക്കുമുണ്ട്. അതിനാൽ കറൻസികളും നഖ്ദാണ് . സാർവത്രിക വില എന്ന വിശേഷണം മുൻകാലങ്ങളിൽ സ്വർണ്ണത്തിനും വെള്ളിക്കും മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിൽക്കാലത്ത് ആ വിശേഷണം കറൻസികൾ ക്കും ബാധകമായിരിക്കുന്നു എന്നാണ് വിശദീകരണം. ഇല്ലത്ത് ഖാസ്വിറ (അടിസ്ഥാന വസ്തുവിൽ പരിമിതമായ കാരണം) മറ്റൊന്നിലില്ലാത്തതിനാൽ അത് മുഖേന താരതമ്യം നടക്കുകയില്ല എന്നും എന്നാൽ പിൽക്കാലത്ത് പ്രസ്തുത കാരണത്തിൽ അടിസ്ഥാന വസ്തുവിനോട് പങ്കാകുന്ന മറ്റൊരു വസ്തു ഉണ്ടായേക്കാമെന്നും അപ്പോൾ അടിസ്ഥാന വസ്തുവിന്റെ വിധി അതിനും ബാധകമാകുമെന്നും കർമശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ഹാവി 5 - 92 ശറഹുൽ മുഅദ്ദബ് 9 -394 കാണുക) മേൽ വിശദീകരണ പ്രകാരം കറൻസി സ്വർണ്ണത്തിന്റെയോ വെള്ളിയുടെയോ സ്ഥാനത്തല്ല. മൂന്നാമതൊരിനം നഖ്ദാണ്. സ്വർണ്ണവും വെള്ളിയും കറൻസിയും നഖ്ദിൽ ഉൾപ്പെടുന്ന മൂന്നു വസ്തുക്കളണ്. എന്നാൽ നിസ്വാബ് ( സകാത്ത് നിർബന്ധമാകുന്ന മിനിമം സംഖ്യ ) ഖണ്ഡിതമായി സ്ഥിരപ്പെട്ടത് വെള്ളിയിലായതിനാൽ 200 ദിർഹം വെള്ളിയോട് തുല്യമായ സംഖ്യയാണ് കറൻസിയിൽ നിസ്വാബായി കണക്കാക്കപ്പെടുന്നത്. അതോടൊപ്പം രണ്ടു സാധ്യതകൾ ഉണ്ടാകുമ്പോൾ സാധുക്കൾക്ക് ഏറ്റവും ഉപകാരമുള്ളതാണ് പരിഗണിക്കേണ്ടത് എന്നാണ് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുള്ളത്. നോട്ടിന്റെ മൂല്യം വെള്ളിയായ് പരിഗണിക്കലാണ് ഉത്തമമെന്ന് ഇമാം തർമസി തന്റെ മൗഹിബത്തിൽ പറഞ്ഞിട്ടുമുണ്ട്.

വുളൂ മുറിഞ്ഞവന് മുസ്ഹഫിന്റെ കഷ്ണം പേന കൊണ്ട് മറിക്കാമോ?


ആ കഷ്ണത്തിന്റെ അടിഭാഗം മുസ്ഹഫിൽ നിന്ന് വേറിട്ട് പിരിഞ്ഞു നിൽക്കുന്നില്ലെങ്കിൽ പ്രശ്നമില്ല.

വിവാഹം കഴിഞ്ഞവർക്കും അല്ലാത്തവർക്കും മൈലാഞ്ചി ഇടുന്നതിന്റെ വിധി? ഷോപ്പിൽ നിന്ന് വാങ്ങാൻ കിട്ടുന്ന മൈലാഞ്ചിയാണ് ഉദ്ദേശിച്ചത്?


ഇഹ്‌റാം ചെയ്തിരിക്കെ സ്ത്രീകൾക്ക് മൈലാഞ്ചിയിടൽ സുന്നത്തില്ല. ഭർത്താവിന്റെ വിയോഗം കാരണം ഇദ്ധയിലാണെങ്കിൽ ഹറാമാണ്. 3 ത്വലാഖ്, ഫസ്ഖ്, പ്രതിഫലത്തിനു പകരമായ ത്വലാഖ് (ഖുൽഅ) ഇവ കാരണം ഇദ്ധ ഇരിക്കുന്നവർ മൈലാഞ്ചി ഉപേക്ഷിക്കൽ സുന്നത്താണ് . ഈ വിധത്തിൽ ഒന്നും പെടാത്തവർ ഭർത്താവിന്റെ അധീനതയിൽ ഉള്ളവരാണെങ്കിൽ സുന്നത്തും അല്ലെങ്കിൽ കറാഹത്തുമാണ്. മൈലാഞ്ചിയിടൽ വുളൂഅ്, കുളി എന്നിവ സ്വഹീഹാകുന്നതിന് തടസ്സമാകുമോ എന്ന് നിരുപാധികം പറയാനാവില്ല. അവയവത്തിൽ വെള്ളം ചേരുന്നതിന് തടസ്സമാവാത്ത ചർമത്തിൽ നിറമല്ലാതെ മറ്റൊന്നും ബാക്കിയാവാത്ത വിധമുള്ള മൈലാഞ്ചി കുളി, വുളൂ എന്നിവയെ ബാധിക്കില്ല. അതേ സമയം, വെള്ളം ചേരുന്നതിനെ തടയുന്ന ഏതെങ്കിലും വസ്തു ചർമത്തിൽ പറ്റിപ്പിടിച്ചു നിൽക്കുമെങ്കിൽ അവ വുളൂഇന്റെയും കുളിയുടേയും സ്വീകാര്യതക്ക് തടസ്സമാകും. ചർമ്മത്തിൽ മാന്തിയെടുക്കാനോ പൊളിച്ചെടുക്കാനോ പറ്റുന്ന വിധത്തിലുള്ള ഒന്നും ഉണ്ടാവരുത്. ആധുനിക മൈലാഞ്ചി ട്യൂബുകൾ ഉപയോഗിക്കുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

സൂറത്ത് മെല്ലെ ഓതേണ്ടുന്ന നിസ്കാരത്തിൽ ഇമാമിന് തിലാവത്തിന്റെ സുജൂദ് സുന്നത്തുണ്ടോ?ഉണ്ടെങ്കിൽ മഅ്മൂമുകൾക്ക് അത് പ്രയാസമാകൂലേ?


ഫാതിഹയും സൂറത്തും ശബ്ദമുയർത്താതെ ചൊല്ലുന്ന നിസ്കാരത്തിലും തിലാവത്തിന്റെ സുജൂദ് സുന്നത്തുണ്ട്. പക്ഷെ, മഅമൂമുകളെ ആശയക്കുഴപ്പത്തിലാക്കാതിരിക്കാൻ ആ സുജൂദ് നിസ്കാരത്തിൽ നിന്ന് വിരമിക്കുന്നതുവരെ പിന്തിക്കൽ ഇമാമിന് സുന്നത്താണ്. تسن سجدة التلاوة لقارئ وسامع جميع آية سجدة، ويسجد مصل لقراءته، إلا مأموما فيسجد هو لسجدة إمامه ..........ويسن للامام في السرية تأخير السجود إلى فراغه. بل بحث ندب تأخيره في الجهرية أيضا في الجوامع العظام، لانه يخلط على المأمومين. [ فتح المعين ]

സ്ത്രീകൾ മുടി ചുരുട്ടിവച്ച് നിസ്കരിക്കുന്നതിന്റെ വിധി എന്ത്? പുരുഷന്മാർക്കോ?


പുരുഷന്മാർക്ക് നിസ്കാരത്തിനിടക്ക് മുടിയും വസ്ത്രവും ചുരുട്ടി വെക്കൽ കറാഹത്താണ് . സ്ത്രീകൾക്ക് മുടി കെട്ടി വെക്കൽ കറാഹതില്ല. എന്നല്ല സ്ത്രീകളുടെ മുടി ഔറതായതിനാലും മറക്കൽ നിർബന്ധമായതിനാലും അവ കെട്ടി വെച്ചാൽ മാത്രമേ ഔറത് മറക്കാൻ പറ്റൂ എന്ന അവസ്ഥയാണുള്ളത് എങ്കിൽ കെട്ടിവെക്കൽ നിർബന്ധമാണ് എന്ന് ഇമാം ഖൽയൂബി (റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. (وَ) يُكْرَهُ (كَفُّ شَعْرِهِ أَوْ ثَوْبِهِ) لِخَبَرِ «أُمِرْت أَنْ لَا أَكْفِتَ الشَّعْرَ أَوْ الثِّيَابَ» وَالْكَفْتُ بِمُثَنَّاةٍ فِي آخِرِهِ هُوَ الْجَمْعُ قَالَ تَعَالَى {أَلَمْ نَجْعَلِ الأَرْضَ كِفَاتًا} [المرسلات: 25] {أَحْيَاءً وَأَمْوَاتًا} [المرسلات: 26] أَيْ جَامِعَةً لَهُمْ، وَمِنْهُ كَمَا فِي الْمَجْمُوعِ أَنْ يُصَلِّيَ وَشَعْرُهُ مَعْقُوصٌ أَوْ مَرْدُودٌ تَحْتَ عِمَامَتِهِ أَوْ ثَوْبُهُ أَوْ كُمُّهُ مُشَمَّرٌ، وَمِنْهُ شَدُّ الْوَسَطِ وَغَرْزُ الْعَذَبَةِ، وَالْمَعْنَى فِي النَّهْيِ عَنْ كَفِّ ذَلِكَ أَنَّهُ يَسْجُدُ مَعَهُ: أَيْ غَالِبًا، وَلِهَذَا نَصَّ الشَّافِعِيُّ عَلَى كَرَاهَةِ الصَّلَاةِ وَفِي إبْهَامِهِ الْجِلْدَةُ الَّتِي يَجُرُّ بِهَا الْقَوْسَ، قَالَ: لِأَنِّي آمُرُهُ أَنْ يُفْضِيَ بُطُونَ كَفَّيْهِ إلَى الْأَرْضِ، وَالظَّاهِرُ أَنَّ ذَلِكَ جَارٍ فِي صَلَاةِ الْجِنَازَةِ، وَإِنْ اقْتَضَى تَعْلِيلُهُمْ خِلَافَهُ، وَيَنْبَغِي كَمَا قَالَ الزَّرْكَشِيُّ تَخْصِيصُهُ فِي الشَّعْرِ بِالرَّجُلِ، أَمَّا الْمَرْأَةُ فَفِي الْأَمْرِ بِنَقْضِهَا الضَّفَائِرَ مَشَقَّةٌ وَتَغْيِيرٌ لِهَيْئَتِهَا الْمُنَافِيَةِ لِلتَّجَمُّلِ، وَبِذَلِكَ صَرَّحَ فِي الْإِحْيَاءِ، وَيَنْبَغِي إلْحَاقُ الْخُنْثَى بِهَا، [الرملي، شمس الدين، نهاية المحتاج إلى شرح المنهاج، ٥٨/٢] نَعَمْ يَجِبُ كَفُّ شَعْرِ امْرَأَةٍ، وَخُنْثَى تَوَقَّفَتْ صِحَّةُ الصَّلَاةِ عَلَيْهِ، وَلَا يُكْرَهُ بَقَاؤُهُ مَكْفُوفًا بِالضَّفْرِ فِيهِمَا [القليوبي، ، ٢٢٠/١]

മൂത്രവാർച്ച ഉള്ളവർ എങ്ങനെയാണ് നിസ്‌കരിക്കേണ്ടത് ?


നിസ്കാരത്തിന് സമയമായാൽ ലിംഗം കഴുകി വൃത്തിയാക്കി ഭദ്രമായി കെട്ടിയശേഷം വുളൂഅ് ചെയ്ത് വൈകിക്കാതെ നിസ്കരിക്കണം. എന്നാൽ മൂത്ര വാർച്ചക്കാരനെ പോലെ നിത്യ അശുദ്ധിക്കാരനായ ഒരു വ്യക്തിക്ക് അദ്ധേഹത്തിന്റെ പതിവനുസരിച്ച് നിസ്കാരത്തിന്റെ സമയത്തിനിടയിലെ ഒരു നിശ്ചിത സമയം മൂത്രമോ മറ്റോ വരില്ല എന്ന് ഉറപ്പുണ്ടാവുകയും ആ സമയം വുളൂഅ് ചെയ്യാനും നിസ്കരിക്കാനും മാത്രം വിശാലമായ സമയമാവുകയും ചെയ്താൽ നിസ്കാരം ആ നിശ്ചിത സമയത്ത് തന്നെ നിർവഹിക്കൽ നിർബന്ധമാണ്.

പ്രായം കൂടുതലുള്ള , അടുത്ത് മുസ്‌ലിമായ ഒരു വ്യക്തിക്ക് വാർധക്യ സഹജമായ രോഗ കാരണങ്ങളാൽ ചേലാകർമ്മം ചെയ്യാൻ സാധിക്കുന്നില്ല. അദ്ധേഹത്തിന്റെ നിസ്ക്കാരം ശരിയാവുമോ? എന്ത് ചെയ്യണം?


ലിംഗാഗ്രചർമ്മത്തിനടിയിലേക്ക് വെള്ളം ചേരുന്നതിന് തടസമല്ലെങ്കിൽ അയാളുടെ നിർബന്ധ കുളികൾ ശരിയാവുന്നതുകൊണ്ട് നിസ്കാരത്തിന് പ്രശ്നമില്ല. എന്നാൽ വെള്ളം ചേരുന്നതിന് അത് തടസമാണെങ്കിൽ ലിംഗാഗ്രത്തെ തൊട്ട് ചർമത്തെ മുകളിലേക്ക് നീക്കി അവിടെ വെള്ളമെത്തിക്കേണ്ടതാണ്. അതിന് പറ്റില്ലെങ്കിൽ വലിയ അശുദ്ധി നീങ്ങാൻ കുളിക്കു പുറമെ ആ ഭാഗത്തിന് വേണ്ടി തയമ്മും കൂടി ചെയ്യേണ്ടതാണ്

പല്ലു പറിച്ച ശേഷം രക്തം നിൽക്കുന്നില്ലെങ്കിൽ അതോടെ നിസ്കരിച്ചാൽ നിസ്കാരം ശരിയാകുമോ?


സ്വന്തം ശരീരത്തിൽ നിന്നുള്ള രക്തത്തിന് നിസ്കാരത്തിൽ മാപ്പു നൽകപ്പെടുമെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കാണാം. അത് കൊണ്ട് , തോണ്ടുക, നാവ് കൊണ്ട് ഇളക്കി രക്തം പുറപ്പെടീക്കുക പോലോത്ത സ്വന്തം പ്രവർത്തനം കൊണ്ട് ആവാതിരിക്കണം , വായയിൽ സ്വാഭാവികമായും പടരാൻ സാധ്യതയുള്ള സ്ഥലമല്ലാത്ത ഇടങ്ങളിലേക്ക് രക്തം എത്തരുത്, ധരിക്കുന്ന വസ്ത്രത്തിൽ ആവാതിരിക്കണം എന്നീ നിബന്ധനകളോടെ, പല്ല് പറിച്ചെടുത്താലുണ്ടാകുന്ന മുറിവിൽ നിന്നും വരുന്ന രക്തത്തിനും മാപ്പു നൽകപ്പെടുന്നതാണ്. രക്തം നിലക്കാതെ ഒലിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അവിടെ ശുദ്ധിയാക്കിയ ശേഷം തുണിക്കഷ്ണം, പരുത്തി പോലോത്ത വല്ല വസ്തുവും വച്ച് നിസ്കരിക്കേണ്ടതാണ്. ശേഷം വരുന്ന രക്തം നിസ്ക്കാരത്തിൽ മാപ്പ് നൽകപ്പെടുന്നതാ

സഹ് വിന്റെ സുജൂദ് ചെയ്യാൻ മറന്നാൽ എന്തു ചെയ്യണം? പായയിൽ നിന്ന് എഴുന്നേറ്റതിന് ശേഷമാണ് ഓർമ്മ വന്നതെങ്കിൽ ?


ഒരാൾ സഹ് വിന്റെ സുജൂദ് മറന്ന് സലാം വീട്ടിയാൽ , സലാം വീട്ടി അധികസമയമാകും മുമ്പ് മറന്നത് ഓർമ്മ വന്നാൽ സഹ് വിന്റെ സുജൂദ് ചെയ്യൽ സുന്നത്തുണ്ട്. സഹ് വിന്റെ സുജൂദ് ചെയ്യൽ കൊണ്ട് നിസ്കാരത്തിലേക്ക് തന്നെ മടങ്ങുന്നതിനാൽ സുജൂദിന് ശേഷം നിസ്കാരത്തിന്റെ സലാം വീട്ടണം. സമയം ദീർഘിച്ച ശേഷമാണ് ഓർമ്മവന്ന തെങ്കിൽ സഹ് വിന്റെ സുജൂദിന്റെ സമയം നഷ്ടപ്പെട്ടു പോകുന്നതാണ്.

ധാരാളം ഫർള് നിസ്കാരങ്ങൾ ഖളാഅ് വീട്ടാനുണ്ട്. അവയുടെ എണ്ണം എത്രയാണെന്ന് അറിയുകയുമില്ല. എന്താണ് ചെയ്യേണ്ടത്?


നിസ്കരിച്ചു എന്ന് ഉറപ്പില്ലാത്ത മുഴുവൻ നിസ്കാരങ്ങളും അദ്ദേഹത്തിന് ഖളാഅ് വീട്ടൽ നിർബന്ധമാണ്. അതിനാൽ ഒരുപാട് നിസ്കാരങ്ങൾ ഖളാഅ് വീട്ടാനുള്ള വ്യക്തി സ്വന്തം തന്നെ ഒരു കണക്കെടുപ്പിന് തയ്യാറാവണം. തനിക്ക് പ്രായപൂർത്തിയായതു മുതൽ ഈ സമയം വരേ എത്ര വർഷം കഴിഞ്ഞുവെന്ന കണക്കെടുപ്പാണ് ആദ്യം വേണ്ടത്. ഇനി കിട്ടിയ വർഷങ്ങളെ ഒരു വർഷത്തിലെ ആകെ ദിവസങ്ങളുമായി ഗുണിച്ച് താൻ നിസ്കാരം ഖളാആക്കിയ ദിവസങ്ങളുടെ എണ്ണം കണ്ടെത്തുക. (ഉദാഹരണത്തിന് പ്രായപൂർത്തിയായതിന് ശേഷം 3 വർഷം കഴിഞ്ഞയാൾക്ക് (3 x 365 = 1095 ദിവസങ്ങൾ) 1095 ദിവസങ്ങൾ കിട്ടും. അപ്പോൾ 1095 സുബ്ഹ് , 1095 ളുഹ്റ്, 1095 അസ്റ്, 1095 മഗ്രിബ്, 1095 ഇശാഅ് എന്നിങ്ങനെയുളള നിസ്കാരക്കണക്കു കിട്ടും. ശേഷം ഇതുവരെയുള്ള തന്റെ പതിവനുസരിച്ച് താൻ നിസ്കരിച്ചു എന്ന് ഉറപ്പുള്ള നിസ്കാരങ്ങളുടെ കണക്കാണ് തയ്യാറാക്കേണ്ടത്. താൻ നിസ്കരിച്ചു എന്ന് ഉറപ്പുള്ള നിസ്കാരങ്ങളെ മേൽപ്പറഞ്ഞ കണക്കിൽ നിന്ന് ഒഴിവാക്കി ബാക്കിയുള്ള മുഴുവൻ നിസ്കാരങ്ങളും വളരെ വേഗം തന്നെ ഖളാഅ് വീട്ടണം.

റമളാൻ അല്ലാത്തപ്പോൾ വിതർ നിസ്കാരത്തിൽ ഖുനൂത്ത് ഓതുന്നതിന്റെ വിധി?


കറാഹത്.

നിസ്കാരം ബാത്വിലാകുന്ന കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു തരുമോ ?


നിസ്കാരത്തെ ബാത്വിലാക്കുന്ന കാര്യങ്ങളെ പണ്ഡിതന്മാർ മൂന്നായി തരംതിരിച്ചിരിക്കുന്നു ഒന്ന് :- മനപ്പൂർവ്വം ചെയ്താലും മറന്നു ചെയ്താലും നിസ്കാരത്തെ അസാധുവാക്കുന്ന കാര്യങ്ങൾ. അവകൾ ഇനി പറയുന്നവയാണ് 1) നിസ്കാരം മുറിക്കുന്നു എന്ന് കരുതുകയോ നിസ്കാരം പൂർത്തിയാക്കണോ മതിയാക്കണോ എന്ന് സംശയിക്കുകയോ ചെയ്യുക. ബുദ്ധിപരമായി അസംഭവ്യം അല്ലാത്ത ഏതെങ്കിലും കാര്യത്തോട് നിസ്കാരം മുറിക്കുന്നതിനെ ബന്ധിപ്പിച്ചാലും നിസ്കാരം അസാധുവാകുന്നതാണ്. പൈശാചിക ചിന്തയാലോ മറ്റോ അവിചാരിതമായി ഇത്തരം ചിന്തകൾ വരുന്നത് പ്രശ്നമാകില്ല എന്നോർക്കുക. 2) ചാട്ടം, ശക്തിയായ അടി പോലുള്ള അമിതമായ പ്രവർത്തനം . 3) നിസ്കാരത്തിൽ പെട്ടതല്ലാത്ത മൂന്നോ അതിൽ കൂടുതലോ പ്രവർത്തനങ്ങൾ തുടർച്ചയായുണ്ടാവുക. വിരൽ, കൺപോള, ചുണ്ട്, നാവ് തുടങ്ങിയ ലഘുവായ അവയവങ്ങൾ കൊണ്ട് വർദ്ധിച്ച പ്രവർത്തനം ഉണ്ടായാൽ ബാത്വിൽ ആവുകയില്ല.രോഗം കാരണം നിർബന്ധിതനായത് കൊണ്ടുണ്ടാകുന്ന വർധിച്ച ചലനത്തിനും വിരോധമില്ല. രണ്ട് : മനപ്പൂർവ്വം ചെയ്താൽ മാത്രം നിസ്കാരത്തെ അസാധുവാക്കുന്നവ. 1) റുകൂഅ്, സുജൂദ് തുടങ്ങിയ നിസ്കാരത്തിലെ പ്രവർത്തി അകാരണമായി വർദ്ധിപ്പിക്കുക. അത്തഹിയ്യാത്തിലോ മറ്റോ ഇരിക്കുന്നവൻ നെറ്റിത്തടം കാൽമുട്ടിന് മുൻ ഭാഗത്തോട് നേരിടും വിധം കുനിഞ്ഞാൽ നിസ്കാരം ബാതിലാകുന്നതാണ്. കാരണം ഇരുന്ന് നിസ്കരിക്കുന്നവന്റെ റുകൂഅ് അതായതിനാൽ അങ്ങിനെ ചെയ്തവൻ ഒരു റുകൂഅ് വർദ്ധിപ്പിച്ച വനായി. ഇരുത്തം ശരിയാക്കാനായി പലരും അപ്രകാരം ചെയ്യുന്നതായി കാണാം. സലാം, നിസ്കാരം തുടങ്ങുന്നു എന്ന ഉദ്ദേശത്തോടുകൂടി ഉള്ള തക്ബീറോ വർദ്ധിപ്പിച്ചാൽ നിസ്കാരം ബാത്വിലാകുന്നതാണ്. മൂന്ന്‌ :- വിശദീകരണം ഉള്ളവ അവയെ പലതായി തിരിക്കാം. 1) നിസ്കാരത്തിലെ ഏതെങ്കിലും ഫർള് ഒഴിവാക്കുക.ഒഴിവാക്കിയത് നിയ്യത്തോ തക്ബീറത്തുൽ ഇഹ്റാമോ ആണെങ്കിൽ ഒഴിവാക്കിയത് മനപൂർവ്വം ആയാലും മറന്നുകൊണ്ടായാലും നിസ്കാരം ബാത്വിലാകും. മറ്റു വല്ല ഫർളുമാണെങ്കിൽ മനഃപ്പൂർവ്വം ഒഴിവാക്കിയാൽ നിസ്കാരം ബാത്വിലാകുന്നതും മറന്നുകൊണ്ട് ആണെങ്കിൽ അത് വീണ്ടെടുത്തില്ലെങ്കിൽ നിസ്കാരം ബാത്വിലാകുന്നതുമാണ്. 2)നിസ്കാരത്തിന്റെ ഏതെങ്കിലും നിബന്ധന പാലിക്കപ്പെടാതിരിക്കുക. നിസ്കാരത്തിനിടയിൽ അംഗശുദ്ധി നഷ്ടപ്പെടുകയോ ദേഹത്തോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ വിട്ടുവീഴ്ചയില്ലാത്ത നജസ് വീഴുകയോ കാറ്റടിച്ചോ മറ്റോ ഔറത്ത് വെളിവാകുകയോ ഖിബ് ലയുടെ ഭാഗത്തുനിന്ന് തെറ്റുകയോ ചെയ്താൽ നിസ്കാരം ബാത്വിലാകുന്നതാണ്.എന്നാൽ ഉണങ്ങിയ നജസ് വീണയുടനെ സ്പർശിക്കുകയോ വഹിക്കുകയോ ചെയ്യാതെ നീക്കം ചെയ്യുന്നപക്ഷം നിസ്കാരം ബാത്വിലാവുകയില്ല. ഈർപ്പമുള്ള നജസ് ദേഹത്ത് വീണാൽ നിസ്കാരം ബാത്വിലാകുന്നതാണ്. വസ്ത്രത്തിലാണ് വീണതെങ്കിൽ സ്പർശിക്കുകയോ വഹിക്കുകയോ ചെയ്യാതെ തുടർച്ചയായ മൂന്നനക്കം കൂടാതെ ഉടനെ അഴിച്ചുമാറ്റിയാൽ വിരോധമില്ല. മാറ്റാൻ വൈകിയാൽ ബാത്വിലാകും. കാറ്റടിച്ചോ മറ്റോ വെളിവായ ഔറത്ത് ഉടൻ മറച്ചാൽ നിസ്ക്കാരം ബാത്വിലാവുകയില്ല. 3) എന്തെങ്കിലും സാധനം ശരീരത്തിനുള്ളിൽ എത്തുക ഭക്ഷണാവശിഷ്ടം, കഫം തുടങ്ങിയ ഏതെങ്കിലും തടിയുള്ള സാധനം ഉള്ളിലെത്തിയാൽ നിസ്കാരം ബാത്വിലാകും. 4) നിയ്യത്ത് ചെയ്തോ ഇല്ലയോ എന്നോ തക്ബീറത്തുൽ ഇഹ്റാം ചൊല്ലിയോ ഇല്ലയോ എന്ന് സംശയിക്കുക.

നിസ്കാരത്തിൽ അറബി പദങ്ങൾ ഉച്ചരിക്കുന്നതിന്റെ വിധിയെന്താണ് ? ഇത് കൊണ്ട് നിസ്കാരം ബാത്വിലാകുമോ?


നിസ്കാരത്തിൽ അർത്ഥമുള്ള ഒരക്ഷരമോ അർത്ഥമില്ലാത്ത രണ്ടക്ഷരം തുടർച്ചയായോ ഉച്ചരിക്കൽ കൊണ്ട് നിസ്കാരം ബാത്വിലാകും. എന്നാൽ അനുവദനീയമായ ദുആഅ് , ദിക്റ് എന്നിവ അറബിയിൽ പറയൽ കൊണ്ട് നിസ്കാരത്തിന് പ്രശ്നമില്ല. അറബിയല്ലാത്ത ഭാഷയിലാണെങ്കിൽ നിസ്കാരം ബാത്വിലാവും.

തറാവീഹ് ചുരുങ്ങിയത് എത്ര റക്അതാണ് ?


തറാവീഹ് ഇരുപത് റക്അത്താണ്.രണ്ട് രണ്ട് റക്അത്തുകളായി തന്നെ നിസ്കരിക്കൽ നിർബന്ധമാണ്. അപ്രകാരം ഇരുപതിൽ കുറവ് എത്ര റക്അത്ത് നിസ്കരിച്ചാലും [ വെറും രണ്ട് റക് അത്ത് മാത്രമാണെങ്കിലും ] നിസ്കരിച്ച അത്രയും പ്രതിഫലം ലഭിക്കുന്നതാണ്.

ഒരുപാട് നിസ്കാരങ്ങൾ ഖളാഅ് വീട്ടാനുണ്ട്. അതെല്ലാം ഇരുന്ന് നിസ്ക്കരിക്കാമോ?


നിൽക്കാൻ കഴിവുണ്ടായിരിക്കെ ഫർള് നിസ്കാരങ്ങൾ ഇരുന്ന് നിസ്കരിക്കുന്നത് അനുവദനീയമല്ല. നിസ്കാരം സ്വഹീഹാകുന്നതല്ല.

സ്വലാതുൽ ഇഷ്റാകിന്റെ സമയം എപ്പോഴാണ് തുടങ്ങുക ?എപ്പോൾ അവസാനിക്കും?


'ഇഷ്റാക്' നിസ്കാരവും 'ളുഹാ' നിസ്കാരവും ഒന്ന് തന്നെയെന്നാണ് ഷാഫിഈ മദ്ഹബിലെ പ്രബല ഗ്രന്ഥമായ 'നിഹായ' യിൽ ഇമാം റംലി (റ) വ്യക്തമാക്കിയത്. ഇതേ വീക്ഷണം ഫത്ഹുൽ മുഈനിൽ ഇബ്നു അബ്ബാസ് (റ) പറഞ്ഞുവെന്ന് വിവരിച്ചതായും കാണാം. ഇത് പ്രബലവുമാണ്. ഈ വീക്ഷണമനുസരിച്ച് ളുഹയുടെ സമയം തന്നെയാണ് ഇഷ്റാഖിന്റെയും സമയം. എന്നാൽ ഷാഫിഈ മദ്ഹബിൽ തന്നെ ഇശ്റാഖ് നിസ്കാരം ളുഹാ നിസ്കാരം അല്ല എന്ന വീക്ഷണവുമുണ്ട്. ഈ വീക്ഷണപ്രകാരം സൂര്യനുദിച്ച് കറാഹത്തായ സമയം കഴിയുന്ന അവസരത്തിലാണ് ഇഷ്റാഖിന്റെ സമയം.

റൂമിൽ കള്ള് കുടിക്കുന്നവർ ഉണ്ടായാൽ അവിടെ വച്ച് നിസ്കരിക്കുന്നതും സ്വലാത്ത്, മറ്റു അമലുകൾ ചെയ്യുന്നതും നല്ലതല്ലേ? എന്താണ് വിധി. ഇത് സ്വീകാര്യമാകുമോ.


കള്ള് കുടി, വ്യഭിചാരം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിസ്കരിക്കൽ കറാഹതാണ്. തെറ്റു ചെയ്തവർ അവിടെയുണ്ട് എന്ന കാരണത്താൽ നിസ്കാരം പാടില്ല എന്നൊന്നും ഇതിനർത്ഥമില്ല. റൂമിൽ കള്ള് കുടിക്കുന്നയാൾ ഉണ്ടെന്ന് കരുതി നിർബന്ധമായ നിസ്കാരത്തിന്റെ വിധി മാറുന്നില്ല.നിസ്കാരം, സ്വലാത് പോലോത്ത പുണ്യകർമ്മങ്ങൾ ഒഴിവാക്കേണ്ടതുമില്ല. അവ സ്വീകാര്യയോഗ്യമാണ്.

വാർദ്ധക്യം, ശമനം പ്രതീക്ഷിക്കാത്ത രോഗി എന്നിവർ നോമ്പിന് പകരം മുദ്ദ് നൽകണമല്ലോ?. ആ മുദ്ദ് കൊടുക്കുന്നത് പിന്തിപ്പിക്കാമോ? മുദ്ദ് കൊടുക്കാൻ സാധിക്കാതെ ബാധ്യതയുള്ളവൻ മരിച്ചാൽ അവകാശികൾ കൊടുക്കൽ നിർബന്ധമാണോ?


വാർദ്ധക്യം, മാറാവ്യാധി എന്നീ കാരണത്താൽ നോമ്പ് നോൽക്കാൻ സാധിക്കാത്തവർ ഓരോ ദിവസത്തെ നോമ്പിനും പകരമായി ഓരോ മുദ്ധു വീതം (800 മില്ലി ഗ്രാം) മുഖ്യ ഭക്ഷ്യവസ്തു പാചകം ചെയ്യാതെ നൽകണം. ഇവർ ഓരോ ദിവസത്തിനുമുള്ള മുദ്ധ് അതാതു ദിവസങ്ങളിൽ തന്നെ കൊടുത്തു വീട്ടുകയാണ് വേണ്ടത്. മുൻ കൂട്ടി കൊടുത്താൽ പരിഗണിക്കപ്പെടുന്നതല്ല. ഒരു നോമ്പിന്റെ പേരിലുള്ള മുദ്ധ് ആ നോമ്പിൻറെ തലേദിവസം മഗ്‌രിബ് മുതൽ കൊടുക്കാവുന്നതാണ്. വാർദ്ധക്യവും മാറാവ്യാധിയും കാരണമായി മുദ്ധ് കൊടുക്കൽ നിർബന്ധമായവർ അത് നൽകുന്നത് വർഷങ്ങളോളം നീട്ടിവെച്ചാലും വൈകിയതിന്റെ പേരിൽ അധികം നൽകേണ്ടതില്ല.

നിസ്കാരത്തിൽ തക്ബീറത്തുൽ ഇഹ്റാം ചൊല്ലി കഴിയുന്നത് വരെ ഒരാൾ കൈ ഉയർത്തി കെട്ടിയില്ല.എങ്കിൽ പിന്നെ ഉയർത്തി കെട്ടൽ സുന്നത്തുണ്ടോ? സുന്നത്തില്ലെങ്കിൽ അങ്ങനെ ചെയ്യൽ കൊണ്ട് നിസ്കാരം ബാത്വിലാകുമോ?രണ്ടു കൈകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുമ്പോൾ നാല് അനക്കമുണ്ടാകുമല്ലോ?


തകബീർ ചൊല്ലി കഴിഞ്ഞ ശേഷം രണ്ട് കൈ ചുമലിന് നേരെ ഉയർത്തൽ സുന്നത്തില്ല.അതിനാൽ തക്ബീറിന് ശേഷം രണ്ടു കൈ ഉയർത്തുന്നതും താഴ്ത്തുന്നതും നാല് അനക്കമായി പരിഗണികുന്നതും അത് തുടരെ യാണെങ്കിൽ നിസ്ക്കാരം ബാത്തിലാകുന്നതുമാണ്.

നിസ്കാരത്തിൽ മറന്നോ മനപ്പൂർവ്വമോ ഫാത്തിഹ തുടങ്ങുന്നതിനായി 'അഉൗദു' ചൊല്ലികഴിഞ്ഞാൽ പിന്നെ 'വജ്ജഹ്തു' ഒാതുന്നതിന്റെ വിധിയെന്താണ്?


'അഉൗദു' ഒാതാൻ തുടങ്ങിയാൽ പിന്നെ 'വജ്ജഹ്തു' ഒാതൽ സുന്നത്തില്ല.'അഉൗദു' മറന്ന് ഒാതിയാലും മനപ്പൂർവ്വം ഒാതിയാലും സമമാണ്.

നിസ്ക്കരിക്കുന്നവന്റെ മുമ്പിൽ മറ വേണോ? വിശദീകരിക്കുക.


നിസ്ക്കരിക്കുന്നവന്റെ മുമ്പിൽ മറ വേണം.മുമ്പിലൂടെ ആളുകൾ നടന്നുകൊണ്ടിരുന്നാൽ ഏകാഗ്രത ലഭിക്കില്ല .അതിനാലാണ് നിസ്കരിക്കാൻ നിൽക്കുന്നത് തൂണിന്റെയോ മതിലിന്റെയോ ചുമരിന്റെയോ പിന്നിലായിരിക്കണമെന്ന് കൽപ്പിക്കപ്പെട്ടത്.മുന്നിൽ മതിൽ, തൂൺ ഇവ ഒന്നും ഇല്ലെങ്കിൽ ഒരു വടിയെങ്കിലും കുത്തിനിർത്തണം. അതുമല്ലെങ്കിൽ മുന്നിൽ മുസല്ല വിരിക്കുകയോ പുസ്തകങ്ങളോ മറ്റു സാധനങ്ങളോ വെക്കുകയോ വേണം.അതിനും സാധ്യമല്ലെങ്കിൽ മുമ്പിൽ ഒരു വരയെങ്കിലും വരയ്ക്കണമെന്നാണ് നിയമം.

നിസ്കാരത്തിൽ റുകൂഅ് ചെയ്യാൻ മറന്ന കാര്യം സൂജൂദിൽ പ്രവേശിച്ചതിന് ശേഷം ഒാർമ വന്നു.അപ്പോൾ എന്താണ് ചെയ്യേണ്ടത്?


അയാൾ ഉടനെ തന്നെ എഴുന്നേറ്റ് നിൽക്കുകയും നേരെ നിന്നതിനു ശേഷം റുകൂഅ്, ഇഅതിദാൽ,സുജൂദ് എന്നിങ്ങനെ ക്രമപ്രകാരമായി കർമ്മങ്ങൾ നിർവഹിക്കുകയും വേണം.

സൂര്യോദയം കഴിഞ്ഞു എത്ര മിനിട്ടു കഴിഞ്ഞാൽ ളുഹാ നിസ്കാരത്തിന്റെ സമയമാകും?


സൂര്യൻ ഉദിച്ച് നാലര ഡിഗ്രി പൊങ്ങിയാൽ സമയമാകും.(ഏകദേശം 18 മിനുട്ട് )അതിന്റെ അവസാന സമയം നട്ടുച്ച വരെയാണ്.പകലിന്റെ നാലിലൊരു ഭാഗമാകുമ്പോൾ നിസ്ക്കരിക്കലാണ് ഉത്തമം.

ബാങ്ക് വിളിക്കുന്നത് കേട്ട ശേഷം ഒരാൾ ഉറങ്ങിപ്പോയി. ഉണരുമ്പോൾ അടുത്ത ന2ിസ്കാരത്തിന്റെ സമയമായിരുന്നു.എങ്കിൽ നിസ്ക്കാരം ഖളാഅ് ആയതിൽ അദ്ദേഹം കു2റ്റക്കാരനാണോ?


:നിസ്കാരത്തിനു സമയമായതിന് ശേഷം ഉറങ്ങുകയോ മറക്കുകയോ ചെയ്താൽ അ2യാൾ കുറ്റക്കാരനാകും.അത് കാരണമായി കണക്കാക്കില്ല.

വലത്തേ കയ്യിലെ ചൂണ്ടുവിരൽ ഇല്ലാത്തവർ അത്തഹിയ്യാത്തിൽ ഇടത്തെ കയ്യിലെ ചൂണ്ടു വിരൽ ഉയർത്തിയാൽ മതിയോ?


മതിയാകില്ല.വലത്തേ കൈ മുറിഞ്ഞു പോയാലും ഇടത്തെ കയ്യിലെ ചൂണ്ടുവിരൽ ഉയർത്തൽ കറാഹത്താകും

കണക്കില്ലാത്ത വിധം ഒരാൾക്ക് കുറേ നിസ്ക്കാരം നഷ്ടപ്പെട്ടാൽ അയാൾ എന്ത് ചെയ്യണം?


നിസ്കരിച്ചു എന്ന് ഉറപ്പില്ലാത്ത എല്ലാ നിസ്ക്കാരവും ഖളാഅ് വീട്ടൽ അയാൾക്ക് നിർബന്ധമാണ്.

സഹ്വിന്റെ സുജൂദ് ചെയ്യേണ്ട ഒരാൾ അത് ചെയ്യാതെ മറന്ന് സലാം വീട്ടിയാൽ നിസ്കാരത്തിന് കുഴപ്പമുണ്ടോ?


സഹ്വിന്റെ സുജൂദ് മറന്നു സലാം വീട്ടിയാൽ നിസ്കാരത്തിനു കുഴപ്പമൊന്നുമില്ല.മനഃപൂർവം ഒഴിവാക്കിയാലും കുഴപ്പമില്ല .സഹ്വിന്റെ സുജൂദ് സുന്നത് മാത്രമാണല്ലോ.അപ്പോൾ ആ സുജൂദ് ചെയ്യൽ പുണ്യകർമ്മമാണ്.മറന്നു സലാം വീട്ടിയാൽ സമയം ദീർഘിക്കുന്നതിനു മുൻപ് ഒാർമയായാൽ നിസ്കാരത്തിലേക്ക് മടങ്ങലും സുജൂദ് ചെയ്യലും സുന്നതാണ്.

നിസ്ക്കാരത്തിന്റെ ഇടയിൽ സൂറത്തോ അത്തഹിയ്യാതോ ഒഴിവാക്കുകയോ മറക്കുകയോ ചെയ്താൽ സഹ്വിന്റെ സുജൂദ് ചെയ്യേണ്ടതുണ്ടോ?


ആദ്യത്തെ അത്തഹിയ്യാത് അബ്ആള് സുന്നതുകളിൽ പെട്ടതാണ്. ഒഴിവാക്കിയാൽ സുജൂദ് വേണം. എന്നാൽ സൂറത് ഒാതൽ ഹൈആത്ത് സുന്നത്തിൽ പെട്ടതാണ്. ഹൈആത് സുന്നത് ഒഴിവായതിന്റെ പേരിൽ സഹ്വിന്റെ സുജൂദ് സുന്നത്തില്ല.

ഫർള് നിസ്സ്കാരങ്ങളൊന്നും നിർവഹിക്കാതെ വെള്ളിയാഴ്ച്ച ജുമുഅ മാത്രം നിസ്കാരിച്ചാൽ ആ നിസ്ക്കാരം സ്വീകാര്യമോ?നിസ്ക്കരിക്കുന്നവന്റെ വിധി എന്താണ്?


നിസ്ക്കാരം ഉപേക്ഷിച്ചവൻ കടുത്ത പാപിയാണ്.ഉപേക്ഷിച്ച നിസ്ക്കാരം വേഗത്തിൽ ഖളാഅ് വീട്ടി പശ്ചാതപിച്ച് മടങ്ങുകയാണ് വേണ്ടത്. അതേ സമയം, ഇത് ജുമുഅ നിസ്കാരത്തിന്റെ സാധുതയെ ബാധിക്കുകയില്ല.ജുമുഅ നിസ്കാരം സ്വീകരിക്കപ്പെടുന്നതാണ്.

ഇമാമിനോട് തുടർന്ന് നിസ്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്യാൻ മഅമൂം മറന്നാൽ അയാളുടെ നിസ്കാരത്തിൻറെ വിധി എന്ത്?


ജമാഅത്തിനെ നിയ്യത്ത് ചെയ്യാതെ ഇമാമിനോട് ഏതെങ്കിലും പ്രവർത്തിയിൽ പ്രതീക്ഷിച്ച് നിന്ന് പിന്തുടർന്നാൽ അവന്റെ നിസ്കാരം ബാത്തിലാണ്.

ബാങ്ക് വിളിച്ചതിനു ശേഷം ജമാഅത്ത് ആരംഭിക്കാൻ ജനങ്ങളെ കാത്തിരിക്കണമെന്നുണ്ടോ?


ജനങ്ങൾക്ക് ഒരുമിച്ചു കൂടാനും വുളൂ മുതലായവ ചെയ്യാനുള്ള സമയം ജമാഅത്തിന് കാത്തിരിക്കൽ ഇമാമിന് സുന്നത്താണ്.

സൂര്യനുദിച്ചതിനു ശേഷം സുബ്ഹി നിസ്കരിക്കാൻ പറ്റുമോ?


പറ്റുന്നതാണ്.പക്ഷേ,ഖളാഅ് ആണ്. മനപ്പൂർവ്വം ഖളാആക്കൽ വൻകുറ്റമാണ്.

ഒരാൾ ളുഹർ നിസ്കരിച്ചു കൊണ്ടിരിക്കെ അസറിന്റെ സമയം പ്രവേശിച്ചാൽ ളുഹർ അദാ ആകുമോ?


ളുഹർ നിസ്കാരത്തിൻറെ ഒരു റകഅത്തിന് ശേഷമാണ് അസർ പ്രവേശിച്ചതെങ്കിൽ ളുഹർ നിസ്കാരം അദാ ആയി പരിഗണിക്കപ്പെടും.

നിസ്കാരത്തിൽ ഫാത്തിഹക്ക് മുമ്പ് ആഉൗദു ഒാതുന്നതിന്റെ വിധി?


എല്ലാ റക്അത്തിലും ഫാതിഹക്ക് മുമ്പ് ആഉൗദു ഒാതൽ സുന്നത്താണ്.ഉപേക്ഷിക്കൽ കറാഹത്തുമാണ്.

സുജൂദിൽ കാൽ മുട്ടുകൾക്കിടയിൽ അകലം പാലിക്കേണ്ടതുണ്ടോ?


ഉണ്ട്. സുജൂദിൽ രണ്ടു കാൽമുട്ടുകൾക്കിടയിൽ ഒരു ചാൺ അകലം പാലിക്കണം.

നിസ്കരിക്കുമ്പോൾ അറിയാതെ കഫം വയറ്റിലേക്ക് ഇറങ്ങിപ്പോയാൽ നിസ്ക്കാരം ബാത്തിലാകുമോ?


അറിയാതെയാണെങ്കിൽ ബാത്വിലാവുകയില്ല.

നിസ്കാരത്തിന് കൈ കെട്ടുന്നത് വാച്ചിന്റെ മുകളിലായാൽ പുണ്യം കിട്ടുമോ?


വലത് കൈകൊണ്ട് ഇടത് കൈയ്യിന്റെ മണിബന്ധത്തെ പിടിക്കുന്ന രീതിയിലാണ് കൈ കെട്ടേണ്ടത്.അതിനിടയിൽ വാച്ച് വരുന്നത് പുണ്യത്തിന് തടസ്സമല്ല.

നിസ്കാരത്തിലെ ഇരുത്തത്തിൽ ചന്തി കാലിലോ നിലത്തോ തൊടാതെ പൊക്കി ഇരുന്നാൽ മതിയാകുമോ?


മതിയാകും.അങ്ങനെയുള്ള ഇരുത്തം ഇരുത്തമായി പരിഗണിക്കും.

ളുഹ്റ് നിസ്കാരം ഖളാഅ് ആയാൽ ളുഹ്റ് ആണോ അസർ ആണോ ആദ്യം നിസ്കരിക്കേണ്ടത് ?


ഖളാആയതാണ് ആദ്യം നിസ്കരിക്കേണ്ടത്.എന്നാൽ ഖളാആയത് നിസ്കരിച്ചു കഴിയുമ്പോഴേക്ക് അസർ കൂടി ഖളാആകുമെങ്കിൽ ആദ്യം അസർ നിസ്കരിക്കണം.

ചിത്രമുള്ള പായ,വിരിപ്പ് മുതലായവയിൽ നിസ്കരിച്ചാൽ എന്താണ് ബുദ്ധിമുട്ട് ?


നിസ്കാരത്തിൽ അശ്രദ്ധയുണ്ടാക്കുന്നു എന്ന കാരണത്താൽ ഒഴിവാക്കേണ്ടതാണ്.കറാഹത്താണത്.

നിസ്കരിക്കുമ്പോൾ പള്ളിയിൽ നജസ് കണ്ടു. എന്ത് ചെയ്യണം?


നിസ്കരിച്ചു കഴിഞ്ഞ ഉടനെ എടുത്ത് മാറ്റണം.നിർബന്ധമാണ്

സോക്സ് ധരിച്ച് നിസ്കരിക്കാൻ പറ്റുമോ?


സോക്സ് ശുദ്ധിയുള്ളതാണെങ്കിൽ പ്രശ്നമില്ല.

നാല് റക്അതുള്ള നിസ്കാരം മറന്നുകൊ−് അഞ്ചു റക്അത്ത് നിസ്കരിച്ചു.സലാം വീട്ടുന്നതിനു മുമ്പോ ശേഷമോ ഒാർമ്മയായാൽ എന്ത് ചെയ്യണം?


ഒാർമ്മയായത് സലാം വീട്ടുന്നതിന് മുമ്പാണെങ്കിൽ സഹവിന്റെ സുജൂദ് ചെയ്യണം.ശേഷമാണെങ്കിൽ, സമയം ദീർഘമായിട്ടില്ലെങ്കിൽ നിസ്കാരത്തിലേക്ക് മടങ്ങി സഹ് വിന്റെ സുജൂദ് ചെയ്തു സലാം വീട്ടാം.

ആർത്തവകാലത്ത് ബാങ്കിന് ഉത്തരം പറയുന്നതിൻ്റെ വിധി?


സുന്നത്താണ്. ഖുർആൻ ഓതുന്നത് നിഷിദ്ധമാണെങ്കിലും ദിക്റുകളും സ്വലാത്തുമൊക്കെ ആർത്തവകാരിക്ക് പറയാവുന്നതാണ്. (و) سن (لسامعهما) سماعا يميز الحروف، وإلا لم يعتد بسماعه - كما قال شيخنا -. آخرا (أن يقول ولو غير متوضئ) أو جنبا أو حائضا - خلافا للسبكي فيهما - أو مستنجيا فيما يظهر، (مثل قولهما إن لم يلحنا لحنا يغير المعنى). فيأتي بكل كلمة عقب فراغه منها، حتى في الترجيع وإن لم يسمعه. و [ فتح المعين]

സ്ത്രീകൾക്ക് ഹൈളുകാലത്തുള്ള നിസ്കാരവും നോമ്പും ഖളാ വീട്ടൽ നിർബന്ധമുണ്ടോ?


നിസ്കാരം ഖളാ വീട്ടേണ്ടതില്ല. എന്നല്ല ഖളാ വീട്ടൽ ഹറാമാണ്. എന്നാൽ നോമ്പ് ഖളാ വീട്ടണം. നിർബന്ധമാണ്. ويجب قضاؤه لا الصلاة، بل يحرم قضاؤها على الاوجه [ فتح المعين ]

ആർത്തവ സമയത്ത് ഗ്ലൗസ് ധരിച്ച് ഖുർആൻ തൊടാനും പാരായണം ചെയ്യാനും പഠിക്കാനും പറ്റും എന്ന് പറയുന്നതായി കേട്ടു . ഇതിന്റെ വിധി എന്താണ്?


ആർത്തവ സമയത്ത് ഖുർആൻ(ഖുർആനാണെന്ന ഉദ്ധേശത്തോടെ) പാരായണം ചെയ്യലും സ്പർശിക്കലും ചുമക്കലും നിഷിദ്ധമാണ്. ഗ്ലൗസ് ധരിച്ചത് കൊണ്ട് വിധിയിൽ മാറ്റമില്ല.

ജനാബതുകാരനായിരിക്കുമ്പോൾ മുടി നഖം എന്നിവ മുറിച്ചാൽ കുറ്റക്കാരൻ ആകുമോ ?


വലിയ അശുദ്ധി ഉണ്ടായിരിക്കെ മുടി, നഖം എന്നിവ നീക്കൽ കുറ്റകരമല്ല. എങ്കിലും സുന്നതിന് എതിരാണ്.

മെൻസസ് ഉള്ള സമയം കുട്ടികൾക്ക് ഖുർആൻ ചൊല്ലി കൊടുക്കാൻ പറ്റുമോ?


ആർത്തവ സമയത്ത് ഖുർആൻ പാരായണം ചെയ്യൽ നിഷിദ്ധമാണ്. ഖുർആൻ എന്ന നിയ്യത്തോടെയല്ലെങ്കിൽ അനുവദനീയമാണ്.

ആർത്തവ സമയം ജനസമ്പർക്കം പാടില്ല എന്ന വിശ്വാസം ശരിയാണോ ?


ശരിയല്ല. അത് അന്ധവിശ്വാസമാണ്.

ഇസ്തിഹാളത്ത് ഉള്ളവൾ ഒരു വുളൂഅ് കൊണ്ട് അടുത്ത വ്ഖ്തിലെ നിസ്കാരം നിർവഹിക്കാമോ ?


നിർവ്വഹിക്കാൻ പറ്റില്ല.

ആർത്തവ സമയത്ത് നികാഹ് ചെയ്താൽ സ്വഹീഹാകുമോ?


ആർത്തവ സമയത്തുള്ള നികാഹ് സ്വീകാര്യമാണ്. എന്നാൽ ആർത്തവം നീങ്ങി കുളിച്ചതിനു ശേഷം മാത്രമേ മുട്ടു പൊക്കിളുകൾക്കിടയിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ പാടുള്ളൂ

ആർത്തവകാരി നേർച്ച വസ്തുക്കൾ തൊട്ടു കൂടാ എന്നും പാചകം ചെയ്തുകൂടാ എന്നും കേൾക്കുന്നു, ശരിയാണോ ?


ശരിയല്ല. ആർത്തവം, ജനാബത്ത് എന്നിവയുണ്ടെങ്കിൽ മുസ്ഹഫ് തൊടാൻ പാടില്ല എന്ന് മാത്രമേയുള്ളൂ. മറ്റെന്തും തൊടാം. എന്ത് ഭക്ഷണം പാകം ചെയ്യുന്നതിനും വിരോധമില്ല.

ആർത്തവക്കാരി തന്റെ ആർത്തവത്തിന്റെ തുടക്കത്തിലും അവസാനത്തിലും ചില നിസ്കാരങ്ങൾ ഖളാഅ് വീട്ടണമെന്ന് കേൾക്കുന്നു. എപ്പോഴാണ് അത് ?


ചുരുങ്ങിയ രീതിയിൽ ഫർള് നിർവഹിക്കാനുള്ള സാവകാശം കിട്ടിയിട്ടാണ് ആർത്തവം ആരംഭിച്ചത് എങ്കിൽ ആ നിസ്കാരവും ആർത്തവം അവസാനിച്ചശേഷം ആ വഖ്തിലെ നിസ്കാരത്തിന്റെ ഒരു തക്ബീർ ചൊല്ലാനുള്ള സാവകാശം കിട്ടിയെങ്കിൽ അതും ഖളാഅ് വീട്ടേണ്ടിവരും. അവസാനിക്കുന്നിടത്ത് അത് അസറിന്റ സമയമാണെങ്കിൽ ളുഹ്റും ഇഷാഇന്റെ സമയമാണെങ്കിൽ മഗ്രിബും കൂടി നിർവഹിക്കണം.

ആർത്തവസമയത്ത് ബാങ്കിൻറെ ഉത്തരം ചെയ്യൽ സുന്നത്തുണ്ടോ?


സുന്നത്തുണ്ട്. ദിക്റും സ്വലാത്തുമൊക്കെ ആർത്തവകാരിക്ക് ഉരുവിടാവുന്നതാണ്. ഖുർആൻ ഒാതലാണ് നിഷിദ്ധം

ഗർഭം ധരിച്ച് രണ്ടുമാസത്തിനുശേഷം ബ്ലീഡിങ് ആരംഭിച്ചു. പതിനഞ്ചു ദിവസത്തോളം നീണ്ടു നിന്നു. ഇൗ രക്തം ഏതു വിഭാഗത്തിൽ പെടുന്നതാണ്. നിസ്കാരത്തിന്റെ വിധിയെന്ത് ?


ഗർഭിണിയിൽ നിന്ന് പുറപ്പെടുന്ന രക്തം ആർത്തവമായി ഗണിക്കണം എന്നാണ്. ആ നിലക്ക് പ്രസ്തുത 15 ദിവസത്തെ രക്തം ആർത്തവമായി കണക്കാക്കപ്പെടും. ആർത്തവ സമയത്ത് നിസ്കാരം നിഷിദ്ധമാണ്.

ആർത്തവകാരിക്ക് മൈലാഞ്ചി ഇടാമോ ?


ആർത്തവകാരിക്ക് മൈലാഞ്ചി ഇടാം.

ഭർത്താവുമായി ബന്ധപ്പെട്ടതിനു ശേഷമാണ് സ്ത്രീക്ക് ആർത്തവം തുടങ്ങിയത്. അങ്ങനെയാണെങ്കിൽ ആർത്തവ ശേഷമുള്ള കുളിക്ക് എന്ത് നിയ്യത്താണ് വെക്കേണ്ടത്. രണ്ടു കുളി കുളിക്കേണ്ടതുണ്ടോ?


നിർബന്ധമായ കുളി കുളിക്കുന്നുവെന്നോ വലിയ അശുദ്ധിയെ ഉയർത്തുന്നുവെന്നോ കരുതിയാൽ മതി. ഒരു നിയ്യത്ത് കൊണ്ടുതന്നെ കുളി ശരിയാകുന്നതാണ്. രണ്ടു കുളിയുടെ ആവശ്യമില്ല.

ആർത്തവസമയത്ത് കൊഴിഞ്ഞു പോകുന്ന മുടി, വെട്ടി നീക്കിയ നഖം എന്നിവ എന്താണ് ചെയ്യേണ്ടത് ?


കൊഴിഞ്ഞു പോകുന്നവ ഒന്നും ചെയ്യേണ്ടതില്ല. നീക്കുക ആണെങ്കിൽ കുളിച്ചു ശുദ്ധമായ ശേഷം ആയിരിക്കലാണ് ഉത്തമം. ഏത് സമയത്താണെങ്കിലും മുടി , നഖം എന്നിവ കുഴിച്ചിടലാണ് സുന്നത്ത്. പിന്നെ സ്ത്രീകളുടെ നഖം, മുടി പുരുഷ•ാരുടെ ഒൗറതിന്റെ ഭാഗത്തുള്ള രോമങ്ങൾ എന്നിവ ഒൗറതായത് കൊണ്ട് അന്യർ കാണുന്നതിനെ തൊട്ട് മറക്കൽ നിർബന്ധമാണ്.

ദൂരദേശത്ത് ജോലിയുള്ള ഭർത്താവ് നാട്ടിൽ വരുമ്പോൾ ഗുളിക കഴിച്ച് ആർത്തവം നിയന്ത്രിക്കാറുണ്ട്. അതിൽ കുഴപ്പമുണ്ടോ? ആ സമയത്ത് നിസ്കാരവും മറ്റു കർമങ്ങളും ചെയ്യേണ്ടതുണ്ടോ ?


കൃത്രിമമായ ഇത്തരം കാര്യങ്ങളിലൂടെ ആർത്തവം നിയന്ത്രിക്കുന്നത് ശരീരത്തിന് ഹാനീകരമായി തീരുമെങ്കിൽ അത് ഒഴിവാക്കേണ്ടതാണ്. ഗുളിക കഴിച്ച് ആർത്തവം നിയന്ത്രിച്ചവൾക്ക് ഭർത്താവുമായി ബന്ധപ്പെടുന്നതിൽ കുഴപ്പമില്ല. ഇൗ സമയത്ത് നിസ്കാരം തുടങ്ങി നിഷിദ്ധമായ എല്ലാകാര്യങ്ങളുടെയും തടസ്സം ഉണ്ടാവുന്നതല്ല.

ആർത്തവകാരിക്ക് എന്തെല്ലാം കാര്യമാണ് നിഷിദ്ധമായത് ?


നിസ്കാരം, നോമ്പ് , സുജൂദ് , കഅ്ബ പ്രദക്ഷിണം , ഖുർആൻ പാരായണം , ഖുർആൻ സ്പർശിക്കലും വഹിക്കലും , ലൈംഗികബന്ധം തുടങ്ങിയവ ആർത്തവകാരിക്ക് നിഷിദ്ധമാണ്.

ആർത്തവകാലത്ത് മനപ്പാഠമുള്ള സൂറത്തുകൾ ഒാതാമോ? ദിക്റും സ്വലാത്തും ചൊല്ലാമോ? ഏടുകൾ തൊടുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?


ആർത്തവകാലത്തെ ഖുർആൻ ഒാതലും തൊടലും ചുമക്കലും നിഷിദ്ധമാണ്. ഏടുകൾ ചുമക്കുന്നതിൽ വിരോധമില്ല. ഖുർആനിലെ ആയത്തുകൾ തന്നെ ദിക്ർ മാത്രം ഉദ്ദേശിച്ചു കൊണ്ട് ഉച്ചരിക്കുന്നതിലും കുഴപ്പമില്ല(ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലൽ പോലെ).ദിക്റും സ്വലാത്തും എത്ര വേണമെങ്കിലും ആർത്തവകാരിക്ക് ചൊല്ലാവുന്നതാണ്.

നോമ്പുകാരിയായിരിക്കെ ആർത്തവം ഉണ്ടായാൽ നോമ്പ് മുറിക്കണോ ?


ആർത്തവം ഉണ്ടാകൽ കൊണ്ട് തന്നെ നോമ്പ് മുറിയും. പിന്നെ പ്രത്യേകം മുറിക്കേണ്ടതില്ല. എന്നാൽ റമദാൻ മാസത്തിൽ പരസ്യമായി ഭക്ഷണം കഴിച്ച് റമദാനിന്റെ പവിത്രത നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്

ആർത്തവ സമയത്ത് നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടണമെന്നും നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല എന്നും പറയാനുള്ള കാരണം എന്ത് ?


നോമ്പ് ഖളാഅ് വീട്ടണമെന്നും നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല എന്നും കൽപ്പിച്ചത് അല്ലാഹുവാണ്. കർമാനുഷ്ഠാനങ്ങൾ കല്പിക്കുന്നത് അല്ലാഹുവാണ്. അതിലടങ്ങിയിരിക്കുന്ന രഹസ്യങ്ങൾ എന്തെന്ന് നമുക്ക് കൃത്യമായി മനസ്സിലാകണമെന്നില്ല. വർഷത്തിൽ ഒരു മാസമാണ് നോമ്പ് നിർബന്ധം. നിസ്കാരമാണെങ്കിൽ എല്ലാദിവസവും. സാധാരണ മിക്ക സ്ത്രീകൾക്കും മാസത്തിൽ ഏഴ് ദിവസം ആർത്തവം ഉണ്ടാകും. 11 മാസ കാലത്തിനിടയിൽ 7 നോമ്പ് വീട്ടുക എന്നത് വലിയ പ്രയാസമുള്ള വിഷയമല്ല. എന്നാൽ നിസ്കാരത്തിൻറെ കാര്യം അങ്ങനെയല്ലല്ലോ. അതുകൊണ്ടായിരിക്കാം ആർത്തവ കാലത്തെ നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല എന്ന് പറയാൻ കാരണം.

ഗുളിക കഴിച്ച് ആർത്തവം നിലച്ചാൽ അവൾ ശുദ്ധിയാകുമോ? അവളുടെ നിസ്കാരങ്ങളുടെയും മറ്റു കർമ്മങ്ങളുടെയും വിധി എന്ത്?


ഏതു നിലയിലാണെങ്കിലും ആർത്തവ രക്തം നിലച്ചാൽ അവൾ കുളിക്കണം. കുളിച്ചാൽ അവൾ ശുദ്ധിയുള്ളവളായി. ശേഷം നിസ്ക്കാരവും മറ്റു കർമങ്ങളും ചെയ്യൽ നിർബന്ധമാണ്. എന്നാൽ കൃത്രിമമായി രക്തം നിലപ്പിക്കുകയെന്നത് ശരീരത്തിന് ദോഷകരമാണെന്ന് ഒാർക്കുക.

ആർത്തവം നിലച്ച് കുളിക്കുന്നതിനു മുമ്പ് ഭർത്താവുമായി ബന്ധപ്പെടാമോ?


കുളിക്കുന്നതിനു മുമ്പ് ബന്ധപ്പെടൽ നിഷിദ്ധവും വൃത്തികേടുമാണ്.

70000 രൂപ കൊടുത്ത് 7 പേർ കൂടി ഉള്ഹിയ്യത്തിന് വേണ്ടി ഒരു മൃഗം വാങ്ങി. ഏഴു പേരും തുല്യമായി കാശ് എടുക്കണമന്നുണ്ടോ? ഒരാളുടെ കയ്യിൽ അയ്യായിരം രൂപയേയുള്ളു. അയാൾക്ക് ഏഴിൽ ഒന്ന് ഷെയർ കിട്ടുമോ ?


ഏഴു പേരും തുല്യമായ് പണം ചെലവഴിക്കണമെന്ന നിർബന്ധമില്ല. പരസ്പര ധാരണയോടെ ഏറ്റക്കുറവുകളാകാം. പക്ഷേ, പണം എങ്ങനെ ചെലവഴിച്ചാലും ഏഴുപേർക്കും അർഹതപ്പെട്ട ഓഹരികൾ തുല്യമായിരിക്കണം.

എൻ്റെ കയ്യിൽ മുറിവുണ്ടായതിനാൽ വുളൂഇനോടൊപ്പം ത യമ്മും ചെയ്ത് ഒരു ഫർള് നിസ്കരിച്ചു. ഇനി മറ്റൊരു ഫർള് നിസ്കരിക്കാൻ ആ സമയത്ത് വുളൂഅ് ഉണ്ടെങ്കിൽ രണ്ടാമത് തയമ്മും മാത്രം ചെയ്താൽ മതിയാകുമോ? അതോ രണ്ടാം ഫർളിന് വേണ്ടി വീണ്ടും വുളൂഉം തയമ്മുമും രണ്ടും ചെയ്യേണ്ടതുണ്ടോ?


ആദ്യ ഫർള് നിസ്കരിക്കുന്ന സമയത്ത് നിർവ്വഹിച്ച വുളൂഹ് നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ രണ്ടാം ഫർള് നിസ്കാരത്തിന് വേണ്ടി വീണ്ടും വുളൂഹ് ചെയ്യേണ്ടതില്ല. തയമ്മും മാത്രം ചെയ്താൽ മതിയാകുന്നതാണ്. അവന്റെ വുളൂഅ് ബാത്വിലായിട്ടില്ല എന്നതാണ് കാരണം. ഒരു തയമ്മും കൊണ്ട് ഒരു ഫർള് നിസ്കാരം മാത്രമേ നിർവ്വഹിക്കാവൂ എന്ന് നിയമമുള്ളതിനാൽ രണ്ടാമത് തയമ്മും ചെയ്തേ മതിയാവൂ. സുന്നത്ത് നിസ്കാരം നിർവ്വഹിക്കാൻ രണ്ടാമത് തയമ്മും ആവശ്യമില്ല. ولا يصلي بتيمم غير فرض، ويتنفل ما شاء، والنذر كفرض في الأظهر [ المنهاج للنووي] فإذا تيمم لفرض ثان ولم يحدث لم يعد الجنب غسلا، ويعيد المحدث ما بعد عليله، وقيل: يستأنفان وقيل المحدث كجنب، قلت: هذا الثالث أصح، والله أعلم [ المنهاج للنووي ]

അപകടത്തിൽ പരിക്കേറ്റ് കയ്യിലും കാലിലും ബാൻഡേജ് വെച്ച് രണ്ട് മാസം കഴിഞ്ഞു. ബാൻഡേജ് അഴിച്ചടുക്കാനോ വെള്ളം തട്ടുവാനോ പാടില്ല എന്ന് ഡോക്ടർ പറഞ്ഞിരുന്നു. എങ്കിൽ ജനാബത് കുളി വന്നാൽ എങ്ങനെയാണ് കുളിക്കേണ്ടതും നിസ്കരിക്കേണ്ടതും?


കുളി നിർബന്ധമായവൻ മുറിവില്ലാത്ത ഭാഗം കഴുകി വെള്ളം ചേരാത്ത സ്ഥലത്തിന് വേണ്ടി തയമ്മും ചെയ്യണം. രണ്ടാമത് മറ്റൊരു ഫർള് നിസ്കരിക്കുമ്പോൾ കുളി മടക്കേണ്ടതില്ല. എങ്കിലും തയമ്മും മടക്കണം. അശുദ്ധിയിൽ നിന്ന് ശുദ്ധി വരുത്താത്ത നിലക്കാണ് പ്ലാസ്റ്റർ ഇട്ടതെങ്കിൽ ശേഷമുള്ള നിസ്കാരങ്ങൾ മടക്കൽ നിർബന്ധമാവും. ബാൻഡേജ് തയമ്മുമിന്റെ അവയവത്തിലുമുള്ളതിനാൽ ഇവിടെ വുളൂഉം പകരമുള്ള തയമ്മുമും അപൂർണ്ണമാണ്. അതിനാൽ നിസ്കാരങ്ങൾ പിന്നീട് മടക്കണം എന്നതാണ് പ്രബലം.

തറാവീഹിലെ വിത്ർ നിസ്കാരത്തിൽ ഖുനൂത്ത് ഓതാതെ സുജൂദിൽ പോയാൽ നിറുത്തത്തിലേക് തിരിച്ചു വരേണ്ടതുണ്ടോ ? അല്ല സുജൂദ് ചെയ്‌താൽ മതിയോ? മറന്നതിന് സഹവിന്റെ സുജൂദ് ചെയ്യണോ?


ഒറ്റക്ക് നിസ്കരിക്കുന്നവനും ഇമാമും നിറുത്തത്തിലേക്ക് തിരിച്ചു വരരുത്. മടങ്ങിയാൽ നിസ്കാരം ബാത്വിലാണ്. പിന്നീട് സഹവിന്റെ സുജൂദ് ചെയ്ത് പരിഹരിക്കാം. മഅമൂമിന് മാത്രമാണ് മറവി സംഭവിച്ചതെങ്കിൽ, ഇമാമിനെ വിട്ടുപിരിയുന്ന നിയ്യത്ത് കരുതി വേർപിരിയാത്ത പക്ഷം ഇമാമിനെ തുടരുന്നതിന് വേണ്ടി ഖുനൂതിലേക്ക് മടങ്ങൽ നിർബന്ധമാണ്.

ഹൈളുകാരി, രക്തം മുറിഞ്ഞാല് നാളെ ഞാൻ നോമ്പ് നോൽക്കും എന്ന് നിയ്യത് ചെയ്യുകയും സുബ്ഹിക്ക് മുമ്പായി രക്തം മുറിയുകയും ചെയ്തു. നോന്പ് ശരിയാവുമോ?


അവളുടെ ഹൈളിന്റെ സാധാരണ ദിവസങ്ങൾ പൂര്ത്തിയായ ശേഷമാണ് ഇങ്ങനെ നിയ്യത് ചെയ്യുന്നതെങ്കിൽ നിയ്യത് ശരിയാവുന്നതാണ്, നോമ്പ് സാധുവുമാണ്. അല്ലാത്ത പക്ഷം, നിയ്യത് ശരിയാവില്ല.

ഹൈളുകാരിയുടെ രക്തം ഉച്ചക്ക് നിന്നു,രോഗിയുടെ രോഗം ശിഫയായി.ഇവർ ശേഷിച്ച സമയം ഇംസാക്(നോമ്പ് മുറിയുന്ന കാര്യങ്ങളെത്തൊട്ട് പിടിച്ച് നിൽക്കൽ) നിർബന്ധമാണോ ?


നിർബന്ധമില്ല.എങ്കിലും സുന്നത്താണ്.

20 എന്ന വിശ്വാസത്തോടെ എട്ട് റക്അത് തറാവീഹ് നിസ്കരിച്ചാൽ പ്രതിഫലം ലഭിക്കുമോ?


എട്ട് മാത്രമല്ല 20 എന്ന വിശ്വാസത്തിൽ 2,4,6,8,10,12,14,16,18 എന്നീ ഇരട്ട റക്അതുകളിൽ ഏത് നിസ്കരിച്ചാലും തറാവീഹിന്റെ അടിസ്ഥാന സുന്നത്ത് ലഭിക്കും. എങ്കിലുംപ്രതിഫലത്തിൽ ഏറ്റവ്യത്യാസമുണ്ടാവും.

ഫർള് ഖളാഉള്ളവൻ അത്യാവശ്യ കാര്യങ്ങൾക്കുള്ള സമയമൊഴിച്ച് ബാക്കിയെല്ലാ സമയവും സുന്നത്ത് പോലും നിസ്കരിക്കാതെ ഖളാഅ് വീട്ടാൻ വിനിയോഗിക്കണമെന്നല്ലേ.അപ്പോൾ ഖളാഉള്ളവന് തറാവീഹ് നിസ്കരിക്കാമോ?


അതേ, അത് തന്നെയാണ് നമ്മുടെ മദ്ഹബിലെ പ്രബലം. ഖളാഉള്ളവൻ സുന്നത്ത് നിസ്കാരം പോലും മാറ്റി വെച്ച് ആ സമയവും നഷ്ടപ്പെട്ട ഫർള് നിസ്കാരം ഖളാഅ് വീട്ടുന്നതിന് വേണ്ടി ഉപയോഗിക്കുകയാണ് വേണ്ടത്. എന്നാൽ ഫർള് നിസ്കാരം ഖളാ: ഉള്ള വ്യക്തിയെ റമളാനിൽ തറാവീഹ് നിസ്കാരത്തിൽ നിന്ന് വിലക്കിയാൽ അയാൾ ഫർള് നിസ്കാരം ഖളാ: വീട്ടാൻ സന്നദ്ധനാകാതെ ഫർളിന്റെ ഖളാഉം തറാവീഹ് നിസ്കാരവും ഇല്ലാതെയായി പോകുന്നവനാണെങ്കിൽ അയാളെ തറാവീഹിൽ നിന്ന് വിലക്കാതിരിക്കണമെന്നും തറാവീഹ് നിസ്കരിക്കലാണ് അയാൾക്ക് ഉത്തമമെന്നും അതിനു കൂലി ലഭിക്കുമെന്നും ചില പണ്ഡിതർ പറഞ്ഞിട്ടുണ്ട്.

ആർത്തവകാലത്ത് ബാങ്കിന് ഉത്തരം പറയുന്നതിൻ്റെ വിധി?


സുന്നത്താണ്. ഖുർആൻ ഓതുന്നത് നിഷിദ്ധമാണെങ്കിലും ദിക്റുകളും സ്വലാത്തുമൊക്കെ ആർത്തവകാരിക്ക് പറയാവുന്നതാണ്. (و) سن (لسامعهما) سماعا يميز الحروف، وإلا لم يعتد بسماعه - كما قال شيخنا -. آخرا (أن يقول ولو غير متوضئ) أو جنبا أو حائضا - خلافا للسبكي فيهما - أو مستنجيا فيما يظهر، (مثل قولهما إن لم يلحنا لحنا يغير المعنى). فيأتي بكل كلمة عقب فراغه منها، حتى في الترجيع وإن لم يسمعه. و [ فتح المعين]

ഞണ്ടിനെ ഭക്ഷിക്കാമോ?


വെള്ളത്തിൽ മാത്രം ജീവിക്കുന്ന ഞണ്ടുകൾ ഭക്ഷ്യ യോഗ്യമാണ്. എന്നാൽ വെള്ളത്തിലും കരയിലും ജീവിക്കുന്നവ ഹറാമാണ്.

ഒരു അവിശ്വാസി മുസ്ലിമാവുമ്പോൾ ഷഹാദത് കലിമ അറബിയിൽ തന്നെ പറയേണ്ടതുണ്ടോ?


വേണം. രണ്ട് ശഹാദതു കലിമകൾ അർത്ഥം അറിഞ്ഞ് മനസ്സിലുറപ്പിച്ച് ഉച്ചരിക്കാൻ സാധിക്കുന്നവർ നാവുകൊണ്ട് ഉച്ചരിക്കണം

ഒരു മനുഷ്യന്റെ പ്രധാന ഐഡന്റിറ്റിയാണല്ലോ അവന്റെ പേര്. അപ്പോൾ , ഇസ്ലാം മതത്തിനു മത പരമായി പേരുകൾ ഉണ്ടോ ? ഉമർ (റ) വിന് ഇസ്ലാമിൽ വരുന്നതിന് മുമ്പും അതേ പേര് തന്നെയല്ലേ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ സഹോദരിയുടെ പേര് ഫാത്തിമ എന്നായിരുന്നല്ലോ? അങ്ങനെ ഒരുപാട് സഹാബികൾ ഇസ്ലാമിലേക്ക് വന്നപ്പോൾ പേര് മാറ്റിയില്ല. ഇന്നാണെങ്കിൽ അങ്ങനെയല്ല, വിശദികരിക്കാമോ?


പേരുകൾ ഐഡന്റിറ്റിയായതു കൊണ്ടു തന്നെ ഒരു മുസ്ലിമിന്റെ നാമം മുസ്ലിമേതരനെ തോന്നിപ്പിക്കുന്നതാകാതിരിക്കലോട് കൂടെ നല്ലതും ഔചിത്യമുള്ളതുമാവൽ സുന്നത്തുണ്ട്. നിങ്ങൾ നല്ല പേരുകൾ സ്വീകരിക്കുക എന്ന് ഹദീസിലുണ്ട്. മോശമായ പേരുകൾ കറാഹതാണ്. മലിക്കുൽ മുലൂക് , ഹാകിമുൽ ഹുക്കാം പോലോത്ത നിഷിദ്ധമാക്കപ്പെട്ട (ഹറാം) പേരുകളുമുണ്ട്. അബ്ദുല്ലാഹ്, അബ്ദുറഹ്മാൻ എന്നിവ ഏറ്റവും നല്ല പേരുകളാണ്. മുഹമ്മദ് എന്ന് പേരിടുന്നതിനും ധാരാളം പോരിശയുണ്ട്. എന്നതിൽ കവിഞ്ഞ് പേരിടുന്നതുമായി ബന്ധപ്പെട്ട് മറ്റു നിർബന്ധങ്ങളില്ല. നല്ല പേരുള്ള ഒരാൾ മതം മാറി ഇസ്ലാമിലേക്ക് വന്നാൽ പേരുമാറ്റണമെന്നില്ല.

സലാം അറബി ഭാഷയിൽ തന്നെ എഴുതൽ നിർബന്ധമുണ്ടോ?


നിർബന്ധമില്ല.

ദയാ വധം അനുവദനീയമാണോ ? അല്ലെങ്കിൽ അതിനുള്ള കാരണം ? ജീവച്ഛവമായ വ്യക്തിയെ ദയാവധം ചെയ്യലല്ലേ നീതിയും യുക്തിയും. യുക്തിക്കനുയോജ്യമായ മറുപടി പ്രതീക്ഷിക്കുന്നു.


മനുഷ്യ ജീവൻ ആദരിക്കപ്പെടേണ്ടതാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധികളായ മനുഷ്യരോട് ആദരവോടെ സമീപിക്കുകയാണ് വേണ്ടത്. അവർ രോഗികളാണെങ്കിലും ഇതിൽ മാറ്റമില്ല. അത് കൊണ്ട് തന്നെ അകാരണമായി മറ്റുള്ളവരുടെ ജീവൻ അപഹരിക്കുന്ന പ്രവൃത്തി ക്രൂരവും നീതി നിഷേധവുമാണ്. ജീവൻ എന്ന അൽഭുത പ്രതിഭാസം സൃഷ്ടികളുടെ കഴിവിനും സങ്കൽപത്തിനും അപ്പുറമുളള കാര്യമാണ്. അതിന്റെ ഉടമസ്ഥൻ അല്ലാഹുവാണ്. അതിനെ നശിപ്പിക്കാൻ മറ്റാർക്കും അനുമതിയില്ല. ദയാവധം എന്ന ഓമന പേരിലാണെങ്കിൽ പോലും അത് ന്യായീകരിക്കപ്പെടാനാവില്ല. ശാരീരികമായി വളരെയധികം തളർന്നു പോയ അത്തരക്കാരെ സഹായിക്കുന്നതും സഹാനുഭൂതിയോടെ വർത്തിക്കുന്നതും പ്രതിഫലം ലഭിക്കുന്ന കാര്യമായാണ് ഇസ്ലാം പഠിപ്പിക്കുന്നത്. കേവലം ഐഹിക സുഖങ്ങളെ വിലയിരുത്തി കൊണ്ട് മാത്രമല്ല നീതിയും യുക്തിയും തീരുമാനിക്കേണ്ടത്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൗതിക ലോകത്തെ പ്രയാസങ്ങളെല്ലാം പാരത്രിക ലോകത്ത് വലിയ പ്രതിഫലം കിട്ടാനുള്ള കാരണങ്ങളാണ്. ഒട്ടേറെ പ്രയാസങ്ങൾ അനുഭവിച്ച് മരണപ്പെട്ടവർക്ക് ലഭിക്കുന്ന പ്രതിഫലം കാണുമ്പോൾ എനിക്കും ഐഹിക ലോകത്ത് പ്രയാസങ്ങൾ നേരിടേണ്ടി വന്നിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്ന അവസ്ഥ മറ്റുള്ളവർക്കുണ്ടാകും എന്ന് ഹദീസുകളിൽ കാണാം

മ്യൂസിക് ഹറാം ആണെന്നതിന് ഇസ്ലാമിൽ ശക്തമായ തെളിവുകൾ ഉണ്ടല്ലോ.എന്നാൽ ദഫ് അനുവദനീയമാണെന്ന് പറയുന്നു. ഇതുപോലെ ഏതൊക്കെ ഉപകാരണങ്ങളാണ് അനുവദനീയമായിയിട്ടുള്ളത്? ഈ കാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കംപ്യൂട്ടർ എഫക്റ്റ് മ്യൂസികുകളെക്കുറിച്ച് എന്ത് പറയുന്നു ?


സംഗീതോപകരണങ്ങൾ നിർമ്മിക്കുന്നതും ഉപയോഗിക്കുന്നതും അതിൽ വ്യാപാരം നടത്തുന്നതും ഇസ്ലാം വിലക്കിയിട്ടുണ്ട്. അതേസമയം, സന്തോഷാവസരങ്ങളിൽ ദഫ് ഉപയോഗിക്കുന്നതിന് വിരോധമില്ല. ഒരിക്കൽ നബി (സ) തങ്ങൾ ഒരു യുദ്ധത്തിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ഒരാൾ ഇങ്ങനെ പറഞ്ഞു: "അങ്ങയെ അല്ലാഹു ഈ യുദ്ധത്തിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിൽ അങ്ങയുടെ മുന്നിൽ ദഫ് മുട്ടാൻ ഞാൻ നേർച്ചയാക്കിയിരിക്കുന്നു". ഈ നേർച്ച നബി (സ) തങ്ങൾ സമ്മതിക്കുകയും ചെയ്തു. നബി നബി(സ)യുടെ കാലത്ത് ദഫ് അല്ലാത്ത ധാരാളം സംഗീതോപകരണങ്ങളും ഉണ്ടായിരുന്നു. ചരിത്രങ്ങളും ജാഹിലിയാ കവിതകളും അതിന് തെളിവാണ്.അതെല്ലാം ഇസ്ലാം നിരോധിച്ചു.പിന്നീട് ഐഹിക സുഖങ്ങളിൽ മാത്രം ചിന്തിക്കുന്ന കാലഘട്ടം വരുമെന്നും അന്ന് സംഗീതോപകരണങ്ങൾ വർദ്ധിക്കുമെന്നും നബി (സ) നമ്മെ അറിയിച്ചിട്ടുണ്ട്. ദഫും മറ്റ് ഉപകരണങ്ങളും ഒരുപോലെയല്ല എന്ന് വ്യക്തമാണ്. ലഹരിയിൽ മുഴുകി മനുഷ്യന് ആവശ്യമായ കാര്യങ്ങളിൽ അശ്രദ്ധരാകുക എന്ന കാരണം ദഫിൽ വരുന്നില്ല.ദഫ് തന്നെ മനുഷ്യന് ഉപയോഗിക്കാവുന്നതിന്റെ ധാരാളമാണ്. അതിനപ്പുറമുള്ളത് അനുവദിക്കപ്പെട്ടതല്ല. ഹദീസുകളും അതുതന്നെയാണ് വ്യക്തമാക്കുന്നത്. സിനിമയുടെ അവസ്ഥയും സംഗീതം പോലെ തന്നെയാണ്. നല്ല കാര്യങ്ങൾക്ക് വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നതെങ്കിൽ പോലും അനുവദനീയമല്ല.മനുഷ്യന്റെ ധാർമികബോധവും സദാചാര ചിന്തയും പരലോക സ്മരണയും ഇല്ലാതാക്കുന്നതിന് ഇവ കാരണമാകുന്നു എന്നതാണ് കാരണം.അത്തരം കാര്യങ്ങൾ കൊണ്ട് ചുരുക്കം ചില നേട്ടങ്ങൾ ഉണ്ടായേക്കാം. എന്നാൽ അതുകൊണ്ടുള്ള മൊത്തത്തിലുള്ള ഉപയോഗവും കോട്ടങ്ങളും നോക്കിയാണ് മതവിധിയുണ്ടാകുന്നത്. ഉപകരണ സഹിതമുള്ള ഇന്നത്തെ സംഗീതം ഹറാം തന്നെയാണ്.ഇവിടെ വിരോധിക്കപ്പെട്ടത് ഉപകരണങ്ങളുടെ പ്രത്യേകതകൾ നോക്കി മാത്രമല്ല. മറിച്ച് അവിടെയുണ്ടാകുന്ന ശബ്ദത്തിന്റെ അവസ്ഥയും വിലക്കിന് കാരണമാണ്. അതിനാൽ കമ്പ്യൂട്ടർ എഫക്റ്റുകളാൽ സംവിധാനിക്കപ്പെടുന്ന മ്യൂസികുകളും ഒഴിവാക്കപ്പെടേണ്ടതാണ്.നന്മ പ്രവർത്തിക്കാൻ ഹൃദയത്തെ പ്രേരിപ്പിക്കുന്ന ഗാനങ്ങൾ ഗുണകരവും കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നവ കുറ്റകരവുമാണ്.സ്ത്രീയുടെ അംഗരൂപ വർണ്ണനകളുള്ള ഗാനം ആലപിക്കുന്നതും കേൾക്കുന്നതും നിഷിദ്ധം തന്നെ.

വിവാഹ പൂർവ്വ സംസാരങ്ങളും ഇടപെടലുകളും അനുവദനീയമാക്കാനുള്ള പോംവഴി എന്ന നിലക്ക്ഇ പ്പോൾ വ്യാപികമായിക്കൊണ്ടിരിക്കുന്ന ഒന്നാം നികാഹിന്റെയും(രഹസ്യ നികാഹ് )തുടർന്ന് പരസ്യമായി നടക്കുന്ന രണ്ടാം നികാഹിന്റെയും മതപരമായ സാധുത വിശദീകരിക്കാമോ


ഇസ്ലാമിക വീക്ഷണ പ്രകാരം ശരിയായ രീതിയിൽ നടന്ന നികാഹിലൂടെ ഇണ ചേർക്കപ്പെട്ട ഭാര്യയ്ക്കും ഭർത്താവിനും പരസ്പരം കാണലും ഒരുമിച്ചു ജീവിക്കലും അനുവദനീയമാണ്. ആദ്യത്തെ നികാഹ് രഹസ്യമായി നടത്തിയാലും പരസ്യമായി നടത്തിയാലും വിധിയിൽ വ്യത്യാസമില്ല. ഇസ്ലാമിക ദൃഷ്ട്യാ ,പിന്നീട് പരസ്യമായ മറ്റൊരു നികാഹ് നടത്തേണ്ടതിന്റെ ആവശ്യമില്ല. അതേ സമയം, അങ്ങനെയൊരു നികാഹ് സംഘടിപ്പിക്കുന്നതിൽ പ്രത്യേകമായ വിരോധവും വന്നിട്ടില്ല.

ജനാബതുളളവർ കുളിക്കുന്നതിന് മുമ്പ് മുടി, നഖം എന്നിവ നീക്കം ചെയ്യുന്നതിന്റെ വിധി ?


സുന്നത്തിന് എതിരാണ്

ഫർള് കുളിക്ക് ശേഷം നിയ്യത്തിൽ സംശയിച്ചാൽ വീണ്ടും കുളിക്കേണ്ടതുണ്ടോ?


വുളൂഅ് ,കുളി ഇവയിൽ നിന്ന് വിരമിച്ച ശേഷം ഏതെങ്കിലും അംഗം കഴുകിയതിനെ കുറിച്ചോ നിയ്യത്തിൽ തന്നെയുമോ സംശയിച്ചാൽ ആ സംശയത്തിന് സ്ഥാനമില്ല. അത്കൊണ്ട് രണ്ടാമത് കുളിക്കേണ്ടതില്ല.

കുളി നിർബന്ധമായവന് കുളിക്കുന്നതിനു മുമ്പായി ഭക്ഷിക്കാനും ദിക്റ് സ്വലാത്തുകൾ ചൊല്ലാനും പറ്റുമോ?


ഇവകൾ കുളി നിർബന്ധമായവന് ഹറാമാകുന്ന കാര്യങ്ങളല്ല. പക്ഷേ ഭക്ഷിക്കാനും ദിക്ർ സ്വലാത്തുകൾ ചെല്ലാനും ഉറങ്ങാനും ജനാബത്തുകാരന് വുളൂഅ് ചെയ്യൽ സുന്നത്താണ്, വുളൂഅ് ഇല്ലാതെ അത്തരം കാര്യങ്ങൾ ചെയ്യൽ കറാഹത്തുമാണ്.

കുളി നിർബന്ധമായ ഒരാളെ നായ തൊട്ടാൽ എങ്ങനെ കുളിക്കണം?


നായ തൊട്ട സ്ഥലം ഏഴു പ്രാവശ്യം കഴുകുകയും അതിൽ ഒരു പ്രാവശ്യം മണ്ണു കലർത്തിയ വെള്ളം കൊണ്ടായിരിക്കുകയും വേണം. ജനാബത്തിനു വേണ്ടി പ്രത്യേകം കുളിക്കുകയും വേണം.

ആരും കാണാത്ത സ്ഥലത്ത് നഗ്നനായി കുളിക്കാമോ?


കുളിക്കാം, പക്ഷേ മറച്ചു കുളിക്കുകയാണ് ഏറ്റവും നല്ലത്.

രോഗിയായ ഒരാളോട് ഡോക്ടർ കുളിക്കരുത് എന്ന് നിർദ്ദേശിച്ചിട്ടുണ്ട്, അയാൾക്ക് കുളി നിർബന്ധമായാൽ എന്ത് ചെയ്യണം?


തയമ്മും ചെയ്യണം.

ജനാബത്തുകാരന് കുളിക്കുന്നതിന് മുമ്പ് നഖം മുറിക്കാനും മുടി വെട്ടാനും പറ്റുമോ?


പറ്റും. പക്ഷേ സുന്നത്ത് ലഭിക്കില്ല. കുളിക്കുന്നതിനു മുമ്പ് മുടിയും നഖവും വെട്ടാതിരിക്കൽ സുന്നത്താണ്.

കുളി നിർബന്ധമാകുന്ന കാര്യങ്ങൾ എന്തെല്ലാം?


ഇന്ദ്രിയം പുറപ്പെടുക, ലിംഗാഗ്രം ഗുഹ്യസ്ഥാനത്തിൽ പ്രവേശിക്കുക ഇക്കാരണങ്ങളാൽ പുരുഷന് കുളി നിർബന്ധമാകും. അത് സ്ത്രീയുടെയോ പുരുഷന്റെയോ മൃഗത്തിന്റെയോ ഗുഹ്യസ്ഥാനത്തിൽ ആയാലും കുളി നിർബന്ധമാകും. ആർത്തവം, പ്രസവം, ഇന്ദ്രിയം പുറപ്പെടൽ, മുൻദ്വാരത്തിലോ പിൻദ്വാരത്തിലോ ലിംഗം പ്രവേശിക്കൽ, ഇക്കാരണം കൊണ്ട് സ്ത്രീകൾക്ക് കുളി നിർബന്ധമാണ്.

കുളി നിർബന്ധമായ ഒരാൾ മുറിവില്ലാത്ത ഭാഗം കഴുകുകയും ബാക്കി സ്ഥലത്തേക്ക് വേണ്ടി തയമ്മും നിർവഹിക്കുകയും ചെയ്തു. രണ്ടാമത് ഫർള് നിസ്കരിക്കുമ്പോൾ കുളി മടക്കേണ്ടതുണ്ടോ?


കുളി മടക്കേണ്ടതില്ല. തയമ്മും മടക്കിയാൽ മതി.

വുളൂഅ് ചെയ്യാൻ മതിയായ വെള്ളമില്ല, എങ്കിൽ ഉള്ള വെള്ളം ഉപയോഗിക്കാതെ തയമ്മും ചെയ്താൽ മതിയാകുമോ?


മതിയാവുകയില്ല. ഉള്ള വെള്ളം ഉപയോഗിച്ച് ബാക്കിയുള്ള അവയവങ്ങൾക്ക് വേണ്ടി തയമ്മും ചെയ്യണം.

ശക്തമായ തണുപ്പുണ്ടാകുമ്പോൾ തയമ്മും ചെയ്ത് നിസ്കരിക്കാൻ പറ്റുമോ?


വെള്ളം ഇല്ലാതിരിക്കുമ്പോഴോ ഉപയോഗിക്കാൻ പറ്റാതെ വരുമ്പോഴോ ആണ് തയമ്മും ചെയ്യേണ്ടത്. വെള്ളം ഉപയോഗിച്ചാൽ രോഗം ഉണ്ടാകുമെന്നോ, ഉള്ള രോഗം അധികരിക്കുമെന്നൊ, ദേഹ നഷ്ടമോ അംഗ നഷ്ടമോ സംഭവിക്കുമെന്നോ, ബാഹ്യാവയവങ്ങളിൽ വൈരൂപ്യമുണ്ടാക്കുന്ന കലകൾ ഉണ്ടാകുമെന്നോ പേടിച്ചാൽ തയമ്മും ചെയ്യൽ അനുവദനീയമാണ്. ഇപ്രകാരം സംഭവിക്കുമെന്ന് തന്റെ അറിവും യോഗ്യനായ ഒരു ഡോക്ടറുടെ അഭിപ്രായവും പരിഗണനക്കെടുക്കാം.

വുളൂഅ് ചെയ്ത് നിസ്കരിക്കുന്നവന് തയമ്മും ചെയ്ത് നിസ്കരിക്കുന്നവനെ തുടരാൻ പറ്റുമോ?


തുടരാം. പക്ഷെ തയ്യമ്മും ചെയ്ത് നിസ്കരിക്കുന്നവന് ആ നിസ്കാരം മടക്കൽ നിർബന്ധമാണെങ്കിൽ പറ്റില്ല.

വലിയ അശുദ്ധിയുള്ളവർക്ക് ഖുർആൻ ഒാതാൻ പറ്റുമോ?


ഖുർആൻ ഒാതൽ ഹറാമാണ്. ദിക്ർ എന്ന നിലക്ക് ഒാതുന്നതിന് പ്രശ്നമില്ല.

മൂത്രതടസ്സം ഉണ്ടായതിന് വേണ്ടി മൂത്രം പുറത്തെടുക്കാൻ ട്യൂബ് ഫിറ്റ് ചെയ്യപ്പെട്ട ഒരാൾക്ക് നിസ്കരിക്കാൻ വേണ്ടി നിത്യ അശുദ്ധിക്കാരന്റെ നിബന്ധനകൾ അനുസരിക്കാൻ പറ്റുമോ?


അത്തരം രോഗികൾ അശുദ്ധിയിൽ നിന്ന് മോചിതനാകാത്തത് കൊണ്ട് നിത്യ അശുദ്ധിക്കാരന്റെ നിബന്ധനകൾ അനുസരിച്ച് അവർക്ക് നിസ്കരിക്കാൻ പറ്റുന്നതാണ്. ട്യൂബ് ഘടിപ്പിക്കപ്പെട്ടവൻ സുഖപ്പെടും വരെ ഇൗ നില തുടരണമെന്ന് നീതിമാനായ ഒരു ഡോക്ടർ നിർദ്ദേശിച്ചാൽ ട്യൂബ് നിലനിർത്തിക്കൊണ്ട് നിസ്കരിക്കൽ നിർബന്ധമാണ്.

കയ്യിൽ ആറു വിരലുള്ള ഒരാൾ ആറാം വിരൽ കൊണ്ടോ, രണ്ട് കൈപ്പത്തിയുള്ളയാൾ രണ്ടാം കൈപ്പത്തികൊണ്ടോ ഗുഹ്യസ്ഥാനം തൊട്ടാൽ വുളു മുറിയുമോ?


ആറാം വിരൽ മറ്റു വിരലുകളോട് സമമായി നിൽക്കുന്നുണ്ടെങ്കിൽ അതുകൊണ്ട് തൊട്ടാൽ വുളൂഅ് മുറിയും. രണ്ടാം കൈപ്പത്തി പ്രവർത്തനക്ഷമമല്ലങ്കിൽ അതുകൊണ്ട് തൊട്ടാൽ വുളൂഅ് മുറിയില്ല. രണ്ടും പ്രവർത്തനക്ഷമമാണെങ്കിൽ വുളൂഅ് മുറിയുന്നതായിരിക്കും

പ്ലാസ്റ്റിക് സർജറിയിലൂടെ വെക്കപ്പെട്ട കൈ കൊണ്ട് അന്യ സ്ത്രീ പുരുഷ•ാർ സ്പർശിച്ചാൽ വുളൂഅ് മുറിയുമോ?


മറകൂടാതെ അന്യ സ്ത്രീ പുരുഷൻമാർ സ്പർശിക്കൽ കൊണ്ട് വുളൂഅ് മുറിയും. പ്ലാസ്റ്റിക് സർജറിയിലൂടെ വെക്കപ്പെട്ട കൈ യഥാർത്ഥത്തിൽ മറ്റൊരാളുടെ കൈ ആണെങ്കിലും തന്റെ ശരീരത്തിലേക്ക് ബന്ധിക്കപ്പെടുകയും രക്തം ഒാടുകയും ചെയ്താൽ അത് അവന്റെ കൈയായി മാറുകയാണ്. അതുകൊണ്ട് വുളൂഅ് മുറിയും.

ഭർത്യപിതാവിനെ തൊട്ടാൽ വുളൂ മുറിയില്ലല്ലോ. വിവാഹബന്ധം വേർപ്പെട്ടതിന് ശേഷമാണെങ്കിൽ എന്താണ് വിധി?


വിവാഹ ബന്ധം ഹറാമായവരെ തൊട്ടാൽ വുളൂഅ് മുറിയില്ല. ഭർതൃ പിതാവിനെ ഒരിക്കലും വിവാഹം കഴിക്കാൻ പറ്റില്ല. അതു കൊണ്ട് വുളൂഅ് മുറിയില്ലെന്നാണ് വിധി.

എളാമ്മയുടെയോ മൂത്തമ്മയുടെയോ മക്കളെ തൊട്ടാൽ വുളൂഅ് മുറിയുമോ?


അവരെ വിവാഹം കഴിക്കൽ അനുവദനീയമാണ്. അതുകൊണ്ട് വുളൂഅ് മുറിയും.

വുളൂഅ് ചെയ്ത പുരുഷന്റെ ഗുഹ്യസ്ഥാനം മറ്റൊരു പുരുഷൻ തൊട്ടാൽ രണ്ടുപേരുടെയും വുളൂ മുറിയുമോ?


തൊട്ട ആളുടെ വുളൂഅ് മാത്രമാണ് മുറിയുക. രണ്ടുപേരും ഒരേ വർഗ്ഗം ആയതിനാൽ മറ്റവന്റെ വുളൂവിന് പ്രശ്നമില്ല.

പുതുമുസ്ലിം അവന്റെ അമുസ്ലിമായ ഉമ്മയെ തൊട്ടാൽ വുളു മുറിയുമോ?


മുറിയില്ല. അമുസ്ലിമാണെങ്കിലും അത് അവന്റെ ഉമ്മ തന്നെയാണല്ലോ.

സ്വന്തമായി വുളൂഅ് ചെയ്യാൻ കഴിയാത്ത രൂപത്തിൽ ഒരു സ്ത്രീ രോഗിയായി കിടപ്പിലാണ്. ഭർത്താവ് മാത്രമാണ് സഹായത്തിനുള്ളത്. ഇൗ സമയത്ത് അവൾ എങ്ങനെയാണ് വുളൂഅ് ചെയ്യേണ്ടത്?


ശരീരം സ്പർശിക്കാതിരിക്കാൻ ഉറയോ മറ്റോ ഉപയോഗിച്ച് ഭർത്താവ് വുളൂഅ് എടുത്തു കൊടുക്കണം. വുളൂഅ് ചെയ്യാൻ ഒരുനിലക്കും സാധിക്കുന്നില്ലെങ്കിൽ സമയത്തെ മാനിച്ച് വുളൂഅ് ഇല്ലാതെ നിസ്കരിക്കുകയും പിന്നീട് ഖളാഅ് വീട്ടുകയും വേണം.

ഭാര്യ ഭർത്താക്ക•ാർ പരസ്പരം സ്പർശിച്ചാൽ അവരുടെ വുളൂഅ് മുറിയുമോ?


മുറിയും. കാരണം സ്ത്രീയെ തൊടുമ്പോഴുണ്ടാകുന്ന വൈകാരികാനുഭവമാണ്. ഇനി തൊടുമ്പോൾ വികാരം ഇല്ലെങ്കിലും വുളൂഅ് മുറിയുക തന്നെ ചെയ്യും. ഉമ്മ പെങ്ങമ്മാരെ തൊടുമ്പോൾ വുളൂഅ് മുറിയാതിരിക്കുന്നത് വികാരം ഉണ്ടാവാത്തത് കൊണ്ടാണ്.

വുളൂഅ് ചെയ്ത സ്ത്രീ ഒരു അമുസ്ലിം സ്ത്രീയെ തൊട്ടാൽ വുളൂഅ് മുറിയുമോ?


മുറിയില്ല. സ്ത്രീകൾ പരസ്പരം തൊടുന്നത് വുളൂഇനെ മുറിക്കുകയില്ല.

പല്ല് ഇല്ലാത്തവന് മിസ് വാക് ചെയ്യുന്നതിന്റെ സുന്നത് ലഭിക്കണമെങ്കിൽ എന്ത് ചെയ്യണം?


പല്ല് ഇല്ലാത്തവനും മിസ് വാക് ചെയ്യൽ സുന്നത്തുണ്ട്.

ഒരാൾക്ക് രണ്ടോ അതിലധികമോ മുഖം ഉണ്ടെങ്കിൽ വുളൂ ചെയ്യുമ്പോൾ അത് മുഴുവനും കഴുകണോ?


കഴുകൽ നിർബന്ധമാണ്. എന്നാൽ രണ്ട് തലയുള്ളവൻ ഒന്നിന്റെ അല്പഭാഗം മാത്രം തടവിയാൽ മതി.

കൺമഷി ഇട്ടതിനുശേഷം വുളൂ ചെയ്താൽ ശരിയാകുമോ?


വെള്ളം ചേരലിനെ തടയുന്നുണ്ടെങ്കിൽ കണ്മഷി കഴുകിയതിനു ശേഷമാണ് വുളൂ ചെയ്യേണ്ടത്.

വുളൂ ചെയ്യുമ്പോൾ തലയുടെ അല്പം തടവുന്നതിനു പകരം നെറ്റി തടവിയാൽ മതിയാകുമോ?


മതിയാകില്ല, തലയുടെ പരിധിയിൽപ്പെട്ട മുടിയോ ചർമ്മമോ തന്നെ തടവണം.

നിസ്കരിക്കാൻ വേണ്ടി വുളൂ ചെയ്യുമ്പോൾ നിസ്കാരത്തെ ഹലാലാക്കാൻ വുളൂവിന്റെ ഫർളിനെ വീട്ടുന്നു എന്നാണല്ലോ കരുതാറ്. എന്നാൽ ഉറങ്ങാൻ നേരത്തോ, ഖുർആൻ പാരായണത്തിനോ വേണ്ടി വുളൂ ചെയ്യുമ്പോൾ എങ്ങനെ നീയത്ത് ചെയ്യണം?


എന്തിനു വേണ്ടി വുളൂ ചെയ്യുകയാണെങ്കിലും മേൽപ്പറഞ്ഞ നിയ്യത്ത് മതിയാകുന്നതാണ്.

കൃത്രിമമായി വെച്ച പല്ലുകൾ വുളൂ ചെയ്യുമ്പോൾ അഴിച്ചു വെക്കേണ്ടതുണ്ടോ? ഇല്ലെങ്കിൽ വുളൂ ശരിയാകുമോ?


വായിൽ വെള്ളം എത്തിക്കൽ നിർബന്ധം ഇല്ലാത്തതിനാൽ കൃത്രിമ പല്ല് അഴിച്ചു വെക്കേണ്ടതില്ല.

വുളൂ ചെയ്യുമ്പോൾ അവയവങ്ങൾ മൂന്നുപ്രാവശ്യം കഴുകൽ നിർബന്ധമുണ്ടോ? മൂന്നിലും അവയവങ്ങൾ മുഴുവനും നനയേണ്ടതുണ്ടോ?


ഒരു പ്രാവശ്യം കഴുകലാണ് വുളൂവിൽ നിർബന്ധമുള്ളത്. രണ്ടും മൂന്നും പ്രാവശ്യം കഴുകൽ സുന്നത്തും. കഴുകൽ നിർബന്ധമുള്ള ഭാഗം മുഴുവനും നനഞ്ഞതിനുശേഷമേ സുന്നത്ത് പരിഗണിക്കുകയുള്ളൂ. സുന്നത്ത് പൂർണമായി ലഭിക്കണമെങ്കിൽ അവയവങ്ങൾ മുഴുവനും മൂന്നുപ്രാവശ്യം നനഞ്ഞു ഒലിക്കേണ്ടതുണ്ട്.

കയ്യിലെ മോതിരം, വള തുടങ്ങിയവ വുളൂഇന്റെ സമയത്ത് ഉൗരി വെക്കേണ്ടതുണ്ടോ?


കഴുകപ്പെടുന്ന അവയവങ്ങളിൽ വെള്ളം ചേരുന്നതിനെ തടയുന്ന ഒന്നും ഇല്ലാതിരിക്കൽ വുളൂഇന്റെ നിബന്ധനയാണ്. വള, മോതിരം ഇതിന് തടസ്സമാകുന്നുണ്ടെങ്കിൽ കഴുകുന്ന സമയത്ത് അതിനെ അനക്കുകയും അവിടെ വെള്ളം ചേർക്കുകയും വേണം (സാധാരണ തടസ്സമാവാറില്ല).

നഖങ്ങളിൽ ക്യൂട്ടക്സ് ഉണ്ടാവൽ വുളൂഇന് തടസ്സമാണോ?


വെള്ളം ചേരുന്നതിനെ തടയുന്നതൊന്നും അവയവങ്ങളിൽ ഇല്ലാതിരിക്കൽ വുളൂവിന്റെ നിബന്ധനകളിൽ പെട്ടതാണ്. നഖങ്ങളിലേക്ക് വെള്ളം ചേരലിനെ ക്യൂട്ടെക്സിന്റെ കട്ടിയുള്ള പോളീഷ്മ മറക്കുമെങ്കിൽ അതു വുളൂവിന് തടസ്സമാണ്. മൈലാഞ്ചി ഇടുമ്പോഴുള്ള നിറംമാറ്റം പ്രശ്നമില്ല.

വുളൂവോ, നിർബന്ധമായ കുളിയോ കഴിഞ്ഞശേഷം ഏതെങ്കിലും അവയവത്തിൽ വെള്ളം എത്തിയിട്ടില്ലെന്ന് അറിഞ്ഞാൽ വുളൂഉം കുളിയും മടക്കേണ്ടതുണ്ടോ?


മടക്കേണ്ടതില്ല. മറിച്ച്, ആ സ്ഥലം കഴുകണം. വുളൂവിലാണെങ്കിൽ അതിനുശേഷമുള്ള അവയവങ്ങൾ മടക്കി കഴുകണം. കുളിയിൽ ആ സ്ഥലം മാത്രം കഴുകിയാൽ മതി

പേനയുടെ മഷി ശരീരത്തിൽ ഉണ്ടായാൽ വുളൂ, കുളി സാധുവാകുമോ?


സാധുവാകും, എന്നാൽ മഷി കാരണം വെള്ളം ശരീരത്തിലേക്ക് ചേരാതിരുന്നാൽ വുളൂഉം കുളിയും ശരിയാവുകയില്ല.

വുളൂഇന്റെ നീയ്യത്ത് വെച്ച് കോരി ഒഴിച്ച് കുളിച്ചാൽ വുളൂ ശെരിയാകുമോ?


ശരിയാകും. ആദ്യം മുഖം, പിന്നെ കൈ, പിന്നെ തല പിന്നെ കാൽ എന്ന രൂപത്തിൽ ക്രമപാലനം ഉണ്ടാവണം.

കച്ചവടത്തിന്റെ സകാതിനെക്കുറിച്ച് വിശദീകരിക്കുമോ?


കച്ചവടം ആരംഭിച്ച് ഒരു വർഷം തികയുമ്പോൾ കയ്യിലുള്ള ചരക്കും വിറ്റുപിരിഞ്ഞു കിട്ടിയ കച്ചവടത്തിൽ നിന്നും മാറ്റി വയ്ക്കാത്ത പണവും 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യ ഉണ്ടെങ്കിൽ കച്ചവടത്തിന്റെ സകാത്ത് നൽകണം. കച്ചവടം ആരംഭിക്കുന്ന സമയത്തോ, ഒരുവർഷം പൂർത്തിയാവുന്നതിന് ഇടയ്ക്കോ പ്രസ്തുത സംഖ്യയില്ല , എന്നാൽ വർഷാവസാനത്തിൽ അത്രയും സംഖ്യയുണ്ട് താനും , എന്നാലും സകാത്ത് നിർബന്ധമാണ്. സ്റ്റോക്കുള്ള സ്വത്തും കച്ചവടത്തിൽ നിന്നും മാറ്റി വയ്ക്കാത്ത പണവും ഒരുമിച്ചുകൂട്ടി ലഭിക്കുന്ന സംഖ്യയുടെ രണ്ടര ശതമാനമാണ് സകാത്ത് കൊടുക്കേണ്ടത്. പകരം നൽകുന്ന ഇടപാടിലൂടെയും കച്ചവടം ഉദ്ദേശിച്ചുകൊണ്ടും നേടിയ സമ്പത്തിനു മാത്രമാണ് സക്കാത്തുള്ളത്. അപ്പോൾ അനന്തരാവകാശം, പാരിതോഷികം തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ലഭിച്ചതിനും സ്വന്തം ആവശ്യത്തിനുവേണ്ടി വാങ്ങിയതിനും സകാത്തില്ല. കച്ചവടോദ്ദേശ്യപ്രകാരം വാങ്ങിയതിനു സകാത് ഉണ്ടെന്ന് പറയുമ്പോൾ ഇന്നുള്ള മിക്ക വ്യവസായങ്ങൾക്കും സക്കാത് നൽകേണ്ടതുണ്ട് എന്ന് മനസ്സിലാക്കാം. നൂൽ വ്യവസായികൾ പരുത്തി വാങ്ങുന്നത് നൂലാക്കി കച്ചവടം നടത്താൻ വേണ്ടിയാണ്. അപ്പോൾ നൂൽവ്യവസായി തന്റെ സ്ഥാപനം തുടങ്ങിയ തീയതി മുതൽ ഒരു വർഷം പൂർത്തിയാകുമ്പോൾ സ്റ്റോക്കുള്ള നൂലും പരുത്തിയും കച്ചവടത്തിൽ ഉപയോഗിച്ചുകൊണ്ടിരക്കുന്ന പണവും ഉൾപ്പെടെയുള്ള സംഖ്യയുടെ രണ്ടര ശതമാനം സകാത്ത് കൊടുക്കുക തന്നെ വേണം. സക്കാത്ത് നിർബന്ധമാകുന്ന അത്രയും വിഹിതം സ്വർണ്ണം, വെള്ളി അല്ലെങ്കിൽ കറൻസി എന്നിവ നൽകി ഒരാൾ കച്ചവടച്ചരക്ക് വാങ്ങി. അപ്പോൾ മൂലധനം തൻ്റെ കയ്യിൽ വന്ന സമയം മുതൽക്കാണ് വർഷം കണക്കാക്കുന്നത്. ഉദാഹരണത്തിന് റബീഉൽഅവ്വൽ പത്തിന് ഒരു ലക്ഷം രൂപ കൈവശമുള്ളവൻ കച്ചവടം തുടങ്ങുന്നത് റജബ് 15-നാണ് എങ്കിൽ സകാത്ത് വർഷം റബീഉൽ അവ്വൽ 10നാണ് പൂർത്തിയാവുന്നത്. എന്നാൽ സകാത്ത് നിർബന്ധമാവാത്ത സംഖ്യക്ക് ചരക്ക് വാങ്ങിയാൽ കച്ചവട വർഷം കണക്കാക്കുന്നത് ചരക്ക് വിലക്കുവാങ്ങിയ ദിവസം മുതൽക്കാണ്. വർഷാവസാനം വിലകെട്ടുമ്പോൾ സകാത്തിന്റെ തുകയില്ലെങ്കിൽ രണ്ടാംവർഷത്തിലെ അവസാനം വീണ്ടും വിലകെട്ടണം. അപ്പോൾ നിശ്ചിത തുകയുണ്ടെങ്കിൽ ഒരു വർഷത്തെ സകാത്ത് നൽകണം. രണ്ടാം വർഷവും സക്കാത്ത് തുക തികഞ്ഞില്ലെങ്കിൽ സകാത്ത് നൽകേണ്ടതില്ല. വർഷത്തിനിടയിൽ കച്ചവട വസ്തുക്കൾ മുഴുവനും വിൽപ്പന നടത്തി ലാഭം നേടുകയും ആ തുക അവന്റെ കയ്യിൽ തന്നെ കിടക്കുകയും ചെയ്തു. എങ്കിൽ മൂലധനത്തിന് അതിന്റെ വർഷം തികയുമ്പോഴും ലാഭവിഹിതത്തിന് അതിന്റെ വർഷം തികയുമ്പോഴും സക്കാത്ത് നൽകേണ്ടതാണ്. കച്ചവടത്തിൽ ലാഭം കണ്ടതു മുതൽ വർഷം ആരംഭിക്കുന്നില്ല. പ്രത്യുത അത് നാണയമായി കയ്യിൽ വന്നത് മുതൽക്കാണ് വർഷം പരിഗണിക്കുക.

മൊബൈൽ , ടി.വി തുടങ്ങിയവയുടെ റീചാർജുകൾ ഡിജിറ്റൽ ആണല്ലോ? ഇത് ഇസ്‌ലാമിൽ അനുവദിച്ച കച്ചവടത്തിൽ പെടുമോ?


ഇത്തരം റീചാർജുകൾ കച്ചവടത്തിന്റെ ഗണത്തിൽ പെടുന്നില്ല. മറിച്ച് ചില കമ്പനികൾ അവർ നൽകുന്ന സേവനത്തെ ഉപയോഗിക്കുന്നതിന് വേണ്ടി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന ഇജാറത് എന്ന ഇടപാടിൽ ഇതിനെ പെടുത്താനാവും.

ഗർഭിണിയായ പെണ്ണ് തന്റെ വയറ്റിലുള്ള കുട്ടിക്ക് വേണ്ടി പത്ത് നോമ്പ് ഉപേക്ഷിച്ചു. പിന്നീട് ആ നോമ്പ് ഖളാ വീട്ടി. എന്നാൽ മുദ് കൊടുക്കേണ്ടതുണ്ടോ


ഗർഭിണിയായ പെണ്ണ് തന്റെ വയറ്റിലുള്ള കുട്ടിക്ക് വേണ്ടി പത്ത് നോമ്പ് ഉപേക്ഷിച്ചു പിന്നീട് ആ നോമ്പ് ഖളാ വീട്ടി എന്നാൽ മുദ് കൊടുക്കേണ്ടതുണ്ടോ?

ജനാബതുളളവർ കുളിക്കുന്നതിന് മുമ്പ് മുടി, നഖം എന്നിവ നീക്കം ചെയ്യുന്നതിന്റെ വിധി ?


സുന്നത്തിന് എതിരാണ്