വാർദ്ധക്യം, മാറുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം തുടങ്ങിയ നീങ്ങി പോകാൻ സാധ്യതയില്ലാത്ത കാരണങ്ങളാൽ നോമ്പ് ഒഴിവാക്കിയവൻ ആ സമയം കഴിവുണ്ടെങ്കിൽ ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ദാനം ചെയ്യൽ നിർബന്ധമാണ്. പിന്നീട് ആ നോമ്പ് നോറ്റുവീട്ടാൻ കഴിവുണ്ടായാൽ പോലും അത് ഖളാഅ വീട്ടേണ്ടതില്ല. കാരണം ആദ്യത്തിൽ തന്നെ അവൻറെ മേൽ നിർബന്ധമാകുന്നത് മുദ്ദ് കൊടുക്കലാണ്. അല്ലാതെ നോമ്പ് നോക്കൽ അല്ല. (ഫത്തഹുൽ മുഈൻ:196) ഈ മുദ്ദുകൾ നൽകാതെ മരണപ്പെട്ടാൽ മയ്യിത്തിന്റെ അനന്തര സ്വത്തിൽ നിന്ന് അത് ഈടാക്കി കൊടുക്കൽ നിർബന്ധമാണ്. വർഷങ്ങൾ കഴിഞ്ഞാലും ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം മതി. വർഷങ്ങൾ കൂടുന്നതിനനുസരിച്ച് മുദ്ദുകളുടെ എണ്ണം കൂടുന്നതല്ല.