ശാഫിഈ ഇമാമിന്റെ മൗനവും വീക്ഷണങ്ങൾക്ക് നിദാനം

സുലൈമാൻ ശാമിൽ ഇർഫാനി  

ഒരു നാട്ടിൽ ജുമുഅ ഒന്നിലധികമാവാമോ എന്ന വിഷയത്തിൽ ശാഫിഈ ഇമാമിന്റെ അനുചരർക്കിടയിൽ നാലഭിപ്രായങ്ങൾ കാണാം. 1.നാട്ടിലുള്ളവർക്ക് ഒരു സ്ഥലത്ത് ഒരുമിച്ച് കൂടൽ പ്രയാസമായാൽ ഒന്നിലധികമാവാം. 2. ഒരിക്കലും ഒന്നിലധികമാവരുത്. 3.ആ നാടിന്റെ ഇരു ഭാഗങ്ങൾക്കിടയിൽ ഒരു നദി മറയായിട്ടുണ്ടെങ്കിൽ അത് രണ്ട് നാട് പോലെ ഗണിക്കാം. അപ്പോൾ ഒന്നിലധികമാവാം. 4.ആ നാട് പല ഗ്രാമങ്ങളാൽ കൂടിച്ചേർന്നതാണെങ്കിൽ ഗ്രാമങ്ങളുടെ എണ്ണങ്ങൾക്കനുസൃതമായി ജുമുഅയുടെ എണ്ണവും വർദ്ധിക്കാം. ഇതിൽ പ്രബലം പ്രഥമാഭിപ്രായമാണ് (മിൻഹാജ്) ഇമാം മഹല്ലി പറയുന്നു.ഈ അഭിപ്രായാന്തരത്തിന്റെ ഉത്ഭവം ഇമാം ശാഫിഈ (റ)ന്റെ മൗനമാകുന്നു. ഇമാം ബഗ്ദാദിലെത്തിയപ്പോൾ അവിടെ ഒന്നിലധികം ജുമുഅ നടക്കുന്നുണ്ട്. പക്ഷെ ഇമാം അതിനെ കുറിച്ചൊന്നും പറഞ്ഞില്ല. ആ മൗനത്തെ നാല് രൂപത്തിൽ വ്യാഖ്യാനിക്കപെട്ടു. ഒന്നാം അഭിപ്രായക്കാർ: ഒരു സ്ഥലത്ത് ഒരുമിച്ച് കൂടൽ പ്രയാസമായതിനാലാണ് ഇമാം മൗനമവലംഭിച്ചത്. രണ്ടാം വാദക്കാർ: അബൂഹനീഫ ഇമാം ജുമുഅ ഒന്നിലധികമാവാമെന്ന് പറഞ്ഞിരിക്കെ ഒരു മുജ്തഹിദ് മറ്റൊരു മുജ്തഹിദിനെ എതിർക്കുന്നത് ക്ഷന്തവ്യമല്ല.അത് കൊണ്ടാണ് ഇമാം മൗനിയായത്.ഇമാമിന്റെ വീക്ഷണം നിരുപാധികം പറ്റില്ല എന്നത് തന്നെയാണ്. മുന്നാം വീക്ഷണക്കാർ: അവിടെ നദി കുറുകെ ഒഴുകുന്നതിനാൽ അത് രണ്ട് നാടായി ഗണിക്കപ്പെടും. അത് കൊണ്ട് ഇമാം മൗനം ദീക്ഷിച്ചു. നാലാം നീരീക്ഷണക്കാർ: അത് വിവിധ ഗ്രാമങ്ങളാൽ കൂടിച്ചേർന്ന നാടായതിനാലാണ് ഇമാം മിണ്ടാതിരുന്നത്. (ശർഹുൽ മഹല്ലി ) മൗനം കൊണ്ടും മനനത്തിന്ന് വിതാനം തുറന്ന മഹാഗുരു ഇമാമുനാ ശാഫിഈ റഹിമഹുല്ലാഹ്.അവിടുത്തെ ദറജ അല്ലാഹു ഉയർത്തട്ടെ.ആമീൻ.