വിശ്വാസികളും അവിശ്വാസികളും പലപ്പോഴും വിഭിന്ന വിശ്വാസക്കാർക്കിടയിലുള്ള ഐക്യത്തെ കുറിച്ച് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് മത സൗഹാർദ്ദം. അന്യ മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ പങ്ക് കൊണ്ട് പലരും ഇത് പ്രാവർത്തികമാക്കാറുമുണ്ട്.സൗഹാർദ്ദമെന്നാൽ സ്വകാര്യതകളിൽ ഇടം നൽകലല്ല എന്ന ബോധ്യം ഇല്ലാതെ പോയതാണ് കാരണം. മത സൗഹാർദ്ദം എന്ന പ്രയോഗം തന്നെ അതിന്റെ അക്ഷരാർത്ഥത്തിലെടുത്താൽ അർത്ഥ ശൂന്യമാണ്.അതിനു രണ്ടാണ് കാരണം. ഒന്ന്: മതം എന്നാൽ മലയാളത്തിൽ അഭിപ്രായം എന്നർത്ഥം.ദൈവ വിശ്വാസത്തെ കുറിച്ചുള്ള മനുഷ്യരുടെ അഭിപ്രായങ്ങളെയാണ് മതങ്ങൾ എന്ന് സാങ്കേതികമായി വിശേഷിപ്പിക്കുന്നത് എന്നു വന്നാൽ പോലും (യഥാർത്ഥത്തിൽ നമ്മുടെ ദീൻ മനുഷ്യ നിർമ്മിതമല്ല.ദൈവികമാണ്),ഏക ദൈവ വിശ്വാസം, ബഹു ദൈവ സങ്കൽപ്പം, അദ്വൈത വാദം, ത്രിയേകത്വം എന്നിങ്ങനെ പരസ്പര വിരുദ്ധ ധ്രുവങ്ങളിലുള്ള അഭിപ്രായങ്ങൾ എങ്ങനെ സൗഹാർദ്ദത്തിലാവും?! രണ്ട്: മത വിശ്വാസികൾ എന്ന വാക്ക് വ്യാവഹാരിക മായി നിരീശ്വരവിശ്വാസികളെ ഉൾക്കൊള്ളുന്നില്ല.എന്നാൽ ഇസ്ലാം മതവിശ്വാസികളോട് നിഷ്കർഷിക്കുന്ന സോപാധിക മാനുഷിക പരിഗണനകൾക്ക് നിർമ്മത വാദികളും അർഹരാണ്. എന്ന് വരുമ്പോൾ ഇത്തരത്തിലുള്ള മത സൗഹാർദ്ദം സത്യത്തിൽ വലിയ കാപട്യവും വഞ്ചനയും അനീതിയുമാണ്. തന്റെ വിശ്വാസം ഹൃദയത്തിൽ രൂഢമൂലമാക്കി കർമ്മങ്ങൾ അതിനനുസരിച്ച് പാകപ്പെടുത്തുന്നതോടു കൂടെ മതമുള്ളവനോടും ഇല്ലാത്തവനോടും ഇസ്ലാം നിഷ്കർഷിച്ചതു പോലെ മാനവ സൗഹാർദ്ദം പുലർത്തുന്നവനാണ് യഥാർത്ഥ വിശ്വാസി. ചുരുക്കത്തിൽ നമുക്ക് വേണ്ടത് മത സൗഹാർദ്ദമല്ല മാനവ സൗഹാർദ്ദമാണ്. മത സൗഹാർദ്ദം പറഞ്ഞ് പറഞ്ഞ് സർവ്വ മത സത്യവാദത്തിലേക്കും അതിലൂടെ മതപരിത്യാഗത്തിലേക്കും പോവുകയാണോ ചിലർ എന്ന് ആശങ്കിക്കുന്ന വേളയിൽ അനിവാര്യമാണ് ഈ ചിന്തയും തിരുത്തും.