ബറാഅത് രാവ് ; മഹത്വവും പ്രമാണവും
അബ്ദുസ്സലാം അഹ്സനി കാമിൽ സഖാഫി ഉസ്താദ് പഴമള്ളൂർ
https://chodikkooparayam.com/Welcome/article/35
ശഅ്ബാൻ പവിത്രമാണ്. വിശുദ്ധ റമളാനിലേക്കുള്ള കവാടമാണ്. വീടും പരിസരവും ശുദ്ധീകരിച്ച് ഈ മാസത്തിൽ പുണ്യറമളാനിനെ ബാഹ്യമായി നാം വരവേൽക്കാറുണ്ട്. എന്നാൽ ആരാധനകളിലൂടെ ആന്തരികവും ആത്മീയവുമായ തയ്യാറെടുപ്പ് കൂടി നടത്തേണ്ടത് അനിവാര്യമാണ്. ശഅ്ബാനാകുന്നതോടെ തിരുനബി (സ) ആരാധനകളിൽ കൂടുതൽ സജീവമായിരുന്നതായി കാണാൻ സാധിക്കും. റമളാൻ മാറ്റി നിർത്തിയാൽ നബി (സ) തങ്ങൾ ഏറ്റവും കൂടുതൽ നോമ്പനുഷ്ഠിച്ചത് ശഅബാനിലായിരുന്നുവെന്നും അൽപ ദിവസങ്ങളൊഴിച്ച് ബാക്കി മുഴുവൻ നോമ്പനുഷ്ഠിക്കാറായിരുന്നുവെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്. (ബുഖാരി, മുസ്ലിം, മിശ്കാത്ത് -178).
റജബിന്റെ പുലരിയോടെ തന്നെ റജബിലും ശഅ്ബാനിലും അനുഗ്രഹവർഷത്തിനും റമളാനിന്റെ ആഗമനത്തിനും അവിടുന്ന് പ്രതീക്ഷാപൂർവം പ്രാർത്ഥിച്ചത് ഹദീസ് ഗ്രന്ഥങ്ങളിൽ സ്ഥിരപ്പെട്ടതും മുസ്ലിം ലോകം അനുവർത്തിച്ച് പോരുന്നതുമാണ്. അളവില്ലാത്ത അനുഗ്രഹങ്ങൾ ചൊരിയുന്ന വിശുദ്ധ റമളാനിന്റെ കവാടമെന്നതിലുപരി മറ്റു പല മഹത്വങ്ങളും ഈമാസം ഉൾക്കൊള്ളുന്നു.
അതിൽ പ്രധാനമാണ് ശഅ്ബാൻ പതിനഞ്ചിന്റെ രാവ്
ബറാഅത് രാവ്
ബറാഅത്ത് രാവ് എന്ന പേരിലറിയപ്പെടുന്ന ശഅ്ബാൻ പതിനഞ്ചിന്റെ രാത്രിക്ക് മഹത്വമുണ്ടെന്നതിൽ പണ്ഡിത ലോകത്ത് തർക്കമില്ല. ഹദീസുകളിലും ഫിഖ്ഹ് -തഫ്സീർ ഗ്രന്ഥങ്ങളിലും ഇതു സംബന്ധമായ ധാരാളം പരാമർശങ്ങൾ കാണാൻ സാധിക്കും. ഇബ്നു ഹജരിനിൽ ഹൈതമി (റ), മുല്ലാ അലിയ്യുനിൽ ഖാരി (റ), നജ്മുൽ ഖൈത്വി (റ) തുടങ്ങി പല പണ്ഡിതരും ഈ രാവിനെ സംബന്ധിച്ചുമാത്രം വിശദീകരിച്ചുകൊണ്ട് ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്.
പ്രാർത്ഥനക്കു ഉത്തരം ലഭിക്കുന്ന രാത്രി എന്നത് ഈ രാവിന്റെ പ്രധാനപ്പെട്ട ഒരു സവിശേഷതയാണ്. ബഹുമാനപ്പെട്ട ഇമാം ശാഫിഈ (റ) പറയുന്നു: അഞ്ചു രാവുകളിലെ ദുആ സ്വീകരിക്കപ്പെടുമെന്ന് നമുക്കെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവ്, രണ്ട് പെരുന്നാൾ രാവ്, റജബ് മാസത്തിന്റെ ആദ്യ രാവ്, ശഅ്ബാൻ പകുതിയുടെ രാവ് എന്നിവയാണത്. (അൽഉമ്മ് 1/204).
ഹാഫിള് അബ്ദുർറസാഖ് (റ) ഇബ്നു ഉമർ (റ) നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു. അഞ്ചു രാവുകളിലെ ദുആ തള്ളപ്പെടുകയില്ല. വെള്ളിയാഴ്ച രാവ്, റജബ് മാസ ത്തിലെ ആദ്യ രാവ്, ശഅ്ബാൻ പകുതിയുടെ രാവ്, രണ്ട് പെരുന്നാൾ രാവ് എന്നിവയാണവ (മുസ്വന്നഫു അബ്ദിർ റസാഖ് 4/316).
അല്ലാമാ ഇബ്നു ഹജരിനിൽ ഹൈതമി (റ) പറയുന്നു: ചുരുക്കത്തിൽ ഈ രാവിന് ശ്രേഷ്ഠതയുണ്ട്. ഇതിൽ പ്രത്യേകമായ ദോഷം പൊറുക്കലും പ്രാർത്ഥന സ്വീകരിക്കലും നടക്കുന്നു. ഇതുകൊണ്ടുതന്നെയാണ് ഈ രാവിലെ ദുആ സ്വീകരിക്കപ്പെടുമെന്ന് ഇമാം ശാഫിഈ (റ) പ്രസ്താവിച്ചത് (ഫതാവൽ കുബ്റ 2/80).
“അനുഗ്രഹീത രാവിൽ നാം ഖുർആൻ ഇറക്കി. യുക്തിപൂർണമായ എല്ലാ കാര്യങ്ങളും ആ രാവിൽ വേർ തിരിച്ചു വിവരിക്കപ്പെടും' എന്ന സൂറതുദ്ദുഖാനിലെ ഈ സൂക്തത്തിൽ പരാമർശിച്ച ലൈലത്തുൻ മുബാറക (അനുഗ്രഹീത രാവ്) ഏതാണെന്നതിൽ പണ്ഡിതർക്കിടയിൽ വീക്ഷണ വ്യത്യാസമുണ്ട്. താബിഈ പണ്ഡിതരിൽ പ്രമു ഖനായ ഇക്രിമ (റ) അടക്കം ഒരു വിഭാഗം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത് അത് ബറാഅത്ത് രാവെന്നാണ്. വിശുദ്ധ ഖുർആൻ വ്യാഖ്യാതാവായ ആലൂസി തന്റെ തഫ്സീറിൽ എഴുതുന്നു: ഇക്രിമ (റ) വും ഒരു വിഭാഗം പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. അത് ശഅ്ബാൻ പതിനഞ്ചിന്റെ രാത്രിയാണ്. ഇതിന് ബറാഅത്ത് രാവ് എന്നും പേരുണ്ട് (റൂഹുൽ മആനി 13/110). തഫ്സീറു ത്വബരി, തഫ്സീറുർറാസി, തഫ്സീറുൽ ജലാലൈനി, ബൈളാവി, റൂഹുൽ ബയാൻ, അബുസ്സുഊദ്, മദാരി കുത്തൻസീൽ, കശ്ശാഫ്, ഖുർതുബി തുടങ്ങി നിരവധി തഫ്സീർ ഗ്രന്ഥങ്ങളിൽ ഈ അഭിപ്രായം രേഖപ്പെടുത്തി യിട്ടുണ്ട്. ഇതനുസരിച്ച് രണ്ടു കാര്യങ്ങൾ ബറാഅത്ത് രാവിന്റെ മഹത്വമായി വിശുദ്ധ ഖുർആൻ തന്നെ വ്യക്തമാ ക്കുന്നു. ഒന്ന് : ആ രാവിലാണ് ഖുർആൻ ഇറക്കിയത്. രണ്ട് : ആ രാവിലാണ് എല്ലാ കാര്യങ്ങളും വേർതിരിച്ചു വിവ രിച്ചെഴുതപ്പെടുന്നത്. മുല്ലാ അലിയ്യുനിൽ ഖാരി (റ) പറയുന്നു: ഹദീസിൽ വ്യക്തമായി വന്നപോലെ ശഅ്ബാൻ പതിനഞ്ചാം രാവിൽ കാര്യങ്ങൾ വേർതിരിച്ച് വിവരിക്കൽ നടക്കുമെന്നതിൽ തർക്കമില്ല. ഈ ആയത്തിൽ ഏതു രാവാണ് ഉദ്ദേശി ക്കപ്പെടുന്നത് എന്നതിൽ മാത്രമാണ് അഭിപ്രായഭിന്നതയുള്ളത്.(മിർഖാത് 3/385) .
എന്നാൽ ഇത്തരം വിധിനിർണയങ്ങൽ നടക്കുന്നത് റമളാനിലെ ലൈലതുൽ ഖദ്റിലാണ് എന്നതുമായി ഇതിനെ പണ്ഡിതർ സംയോജി പ്പിച്ചിട്ടുണ്ട്. അഥവാ നടക്കാനിരിക്കുന്ന കാര്യങ്ങളുടെ വിവരണങ്ങൾ ലൗഹുൽ മഹ്ഫൂളിൽ നിന്ന് പകർത്തി എഴുതുന്നതിന്റെ ആരംഭമാണ് ബറാഅത്ത് രാവിൽ നടക്കുന്നത്. അത് അവസാനിക്കലും നിശ്ചിത കാര്യങ്ങളുടെ ഉത്തരവാദിത്വമുള്ള മലക്കുകളിലേക്ക് ഏൽപിക്കലുമാണ് ലൈലതുൽ ഖദ്റിൽ നടക്കുന്നത് (ഖുർതുബി 16/94) , സ്വാവി 4/341).
അപ്രകാരം മേൽ അഭിപ്രായമനുസരിച്ച് ബറാഅത്ത് രാവിൽ ഖുർആൻ അവതരിപ്പിക്കപ്പെട്ടു എന്നത് ലൈലതുൽ ഖദ്റിലാണ് അതിനെ അവതരിപ്പിച്ചത് എന്നതിനോട് എതിരാവുകയില്ല എന്നതിനും മറുപടി പറയപ്പെട്ടിട്ടുണ്ട്. അഥവാ അനുഗ്രഹീത രാവിൽ ഖുർ ആൻ അവതരിപ്പിച്ചു (സൂറതു ദുഖാൻ) എന്നതിന്റെ വിവക്ഷ ലൗഹുൽ മഹ്ഫൂളിൽ നിന്ന് ഒന്നാം ആകാശ ത്തേക്ക് അവതരിപ്പിച്ചു എന്നും ലൈലതുൽ ഖദ്റിൽ ഖുർ ആൻ അവതരിപ്പിച്ചു (സൂറതുൽ ഖദ്ർ) എന്നതിന്റെ ഉദ്ദേശ്യം ആ പുണ്യ രാത്രിയിൽ ഭൂമിയിലേക്ക് അതിന്റെ അവതരണം ആരംഭിച്ചുവെന്നുമാണ്.
ഖുർആൻ അവതരിപ്പിക്കപ്പെട്ടു എന്നും വിധി വിവരണം നടക്കുന്നു എന്നും പറയപ്പെട്ട മേൽ സൂക്തത്തിലെ ലൈലത്തുൻ മുബാറക: ബറാഅത്ത് രാവാണെന്ന് ചില പണ്ഡിതന്മാരുടെ അഭിപ്രായപ്രകടനം തന്നെ ഈ രാവിന് മഹത്വമുണ്ടെന്നതിന് വ്യക്തമായ രേഖയാണ്. എന്നാൽ ആയതിൽ പരാമർശിച്ചത് റമളാനിലെ ലൈലതുൽ ഖദ്ർ ആണെന്ന് പറയുന്ന പണ്ഡിതർ ബറാഅത്ത് രാവിന്റെ മഹത്വം നിഷേധിക്കുന്നവരോ പുണ്യമില്ലെന്ന് പറയുന്നവരോ അല്ല. പ്രത്യുത ആയത്തിൽ അതിനെയല്ല ഉദ്ദേശിച്ചി ട്ടുള്ളത് എന്ന് മാത്രമാണ് പറയുന്നത്. ഇബ്നുൽ ഹാജ് (റ) പറയുന്നു: ശഅ്ബാൻ പകുതിയുടെ രാവ് പുണ്യമു ള്ളതാണെന്നതിൽ സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് അതിന്റെ സ്ഥാനം വലുതാണ്. അല്ലാഹു പറയുന്നു: ആ രാവിലാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നത്. ഖുർആനിൽ പറഞ്ഞ ഈ രാവിനെ സംബന്ധിച്ച് പണ്ഡിതന്മാർ രണ്ടു പക്ഷക്കാരാണ്. ഒരഭിപ്രായം ശഅ്ബാൻ പകുതിയുടെ രാവ് തന്നെയാണിതെന്നാണ്. പ്രസിദ്ധമായ അഭിപ്രായം അത് ലൈലതുൽ ഖദ്ർ ആണെന്നാണ്. ചുരുക്ക ത്തിൽ ശഅ്ബാൻ പകുതിയുടെ രാവ് ലൈലതുൽ ഖദ്റിന്റെ രാവ് അല്ലെങ്കിലും അതിന് വലിയ ശ്രേഷ്ഠതയും മഹത്വവുമുണ്ട്. സച്ചരിതരായ പൂർവികർ ആ രാവിനെ ആദരിക്കുകയും അത് ആഗതമാകുന്നതിനു മു മ്പു തന്നെ അതിനെ വരവേൽക്കാനും സൽക്കർമ്മങ്ങൾ ചെയ്യാൻ ഒരുങ്ങുകയും ചെയ്തിരുന്നു (അൽ മദ്ഖൽ 1/299).
ധാരാളം ഹദീസുകളിലും ബറാഅത്ത് രാവിന്റെ മഹത്വത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അബൂബക്കർ (റ) വിനെ തൊട്ട് ഇമാം ബൈഹഖി (റ), ബസ്സാർ (റ) എന്നിവർ ഉദ്ധരിക്കുന്നു. നബി (സ) പറയുന്നു: "ശഅ്ബാൻ പതിനഞ്ചിന്റെ രാത്രിയിൽ അല്ലാഹു അവന്റെ കാരുണ്യം സൃഷ്ടികളിലേക്ക് കൂടുതലായി വെളിവാക്കും. ശത്രുത പുലർത്തുന്നവനും ബഹുദൈവ വിശ്വാസിയുമ ല്ലാത്തവർക്കെല്ലാം അന്ന് അവൻ പാപമോചനം നൽകും. ഈ ഹദീസിന്റെ സനദിന് യാതൊരു ദോഷവുമില്ലെന്ന് ഹാഫിളുൽ മുൻദിരി (റ) രേഖപ്പെടുത്തുന്നു. (അത്തർഗീബു വത്തർഹീബ് 3/459), ബാബുത്തർഹീബി മിനത്തഹാജുർ). ബസ്സാർ (റ) ഈ ഹദീസ് ഹസനാണെന്ന് പ്രസ്താവിച്ചതായി ഇബ്നു ഹജർ (റ) വ്യക്തമാക്കുന്നു (അസ്സവാജിർ 1/88), അൽ കബീറതുസ്സാലിസ).
ഈ ഹദീസ് മുആദുബ്നു ജബൽ (റ) വിൽ നിന്ന് ത്വബ്റാനി തന്റെ അവ്സത്വിലും ഇബ്നു ഹിബ്ബാൻ തന്റെ സ്വഹീഹിലും ആഇശ (റ), അബൂ സഅലബ (റ), കസീറുബ്നു മുർറ (റ) എന്നിവരിൽ നിന്ന് ബൈഹഖിയും അബ്ദുല്ലാ ഹിബ്നു അംറി(റ)ൽ നിന്ന് അഹ്മദ് (റ) വും അബൂ മൂസൽ അശ്അരിയിൽ നിന്ന് ഇബ്നു മാജയും നിവേദനം ചെയ്തിട്ടുണ്ട്. മറ്റൊരു ഹദീസ് ഇപ്രകാരമാണ്, ആഇശ(റ) പറയുന്നു: ഒരു രാത്രിയിൽ നബി(സ)യെ ശയ്യയിൽ കണ്ടി ല്ല. അപ്പോൾ നബിയെ അന്വേഷിച്ച് ഞാൻ പുറപ്പെട്ടു. മിഴികൾ ആകാശത്തേക്കുയർത്തിതായി ജന്നത്തുൽ ബഖീഇൽ നബി (സ) നിൽക്കുന്നതായി ഞാൻ കണ്ടു. അല്ലാഹുവും അവന്റെ റസൂലും നിന്നോട് അനീതി കാണിക്കുമെന്ന് നീ ഭയപ്പെടുന്നുവോ? നബി (സ) ചോദിച്ചു. ഞാൻ പറഞ്ഞു: മറ്റേതെങ്കിലും ഭാര്യമാരുടെ അടുത്തേക്ക് പോയതായിരിക്കുമെന്ന് ഞാൻ വിചാരിച്ചു. അപ്പോൾ നബി(സ) പറഞ്ഞു: ശഅ്ബാൻ പതിനഞ്ചാം രാവിൽ അല്ലാഹു കൂടുതൽ സാമീപ്യം കാണിക്കും. അങ്ങനെ കൽബ് ഗോത്രക്കാരുടെ ആട്ടിൻപറ്റത്തിന്റെ രോമങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾക്ക് പാപമോചനം നൽകും (തുർമുദി, ഇബ്നു മാജ, മിശ്കാത് -114).
ഇതുസംബന്ധമായി ഇമാം സുർഖാനി പറയുന്നു. വേറെ മൂന്നു വഴികളിലൂടെയും ഈ ഹദീസ് നിവേദനം ചെയ്തതായി ഹാഫിളുൽ ഇറാഖി (റ) വ്യക്തമാ ക്കിയിട്ടുണ്ട്. അവ ഒന്ന് മറ്റൊന്നിനെ ശക്തിപ്പെടുത്തുന്ന വിധത്തിലാണുതാനും. ആകയാൽ ഈ ഹദീസ് 'ഹസ നുല്ലിഗൈരിഹി' എന്ന സ്ഥാനം കൈവരിച്ചിരിക്കുന്നു. (ഹാശിയതു സ്സുർഖാനി 7/412).
മേൽ ഹദീസുകളിൽ നിന്ന് പ്രത്യേക പാപമോചനം നടക്കുന്ന രാവ് എന്നൊരു സവിശേഷത കൂടി ഈ രാത്രിക്കുള്ളതായി വ്യക്തമാകുന്നു. ഈ രാത്രിയുടെ മഹത്വം വിളംബരപ്പെടുത്തുന്ന ഹദീസുകൾ ഇനിയും ധാരാളമാണ്. "ശഅ്ബാൻ പകുതിയുടെ രാവിന്റെ ശ്രേഷ്ഠതയിൽ വന്ന ഹദീസുകൾ എന്ന ഒരധ്യായം തന്നെ ഹദീസ് ഗ്രന്ഥങ്ങളിൽ ഇടം നേടിയിട്ടുണ്ട്. സച്ചരിതരായ മുൻഗാമികളിൽ നിന്ന് കൈമാറി വന്ന പല വിശ്വാസകർമ്മങ്ങളും തള്ളിമാറ്റി അവർക്കെതിരെ പുറം തിരിഞ്ഞുനിന്ന സാക്ഷാൽ ഇബ്നു തൈമിയ്യ പോലും ബറാഅത്ത് രാവിന്റെ മഹത്വത്തെ അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ശഅ്ബാൻ പകുതിയുടെ രാവിന്റെ ശ്രേഷ്ഠത കുറിക്കുന്ന ധാരാളം ഹദീസുകളും ആസാറുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ രാവിൽ സലഫുസ്വാലിഹുകളിൽ നിന്നൊരു വിഭാഗം നിസ്കരിക്കാറുണ്ടായിരുന്നുവെന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ ഈ രാവിൽ ഒരാൾ നിസ്കരിക്കുന്ന പക്ഷം അവന് മുൻഗാമികളായി ഈ വിഷയത്തിൽ സലഫുസ്സ്വാ ലിഹുകളുണ്ട്. ഇതിൽ അവന് അവർ രേഖയാണ്. അതു കൊണ്ട് ഇതുപോലുള്ളത് വിമർശിക്കപ്പെട്ടുകൂടാ. (മജ്മു അതുൽ ഫതാവാ 23/77).
നബി(സ)ക്ക് മഅ്ശറയിൽ വെച്ച് പരിപൂർണ ശഫാഅത്തിനുള്ള അനുമതി നൽകപ്പെട്ടത് ഈ രാവിലാണെന്നും (റാസി 27/238, റൂഹുൽ ബയാൻ 8/409) നമ്മുടെ കർമ്മങ്ങൾ ഈ രാവിൽ അല്ലാഹുവിനു മുന്നിൽ പ്രത്യേകമായി വെളിവാക്കപ്പെടുമെന്നും (തുഹ്ഫ: 3/453), ഈ രാത്രിയെ ആരാധനകൾ കൊണ്ട് സജീവമാക്കൽ ഒരു വർഷത്തെ പാപം പൊറുപ്പിക്കുമെന്നും (തഫ്സീറു സ്സുബ്കി - ഇത്ഹാഫ് 3/427) തുടങ്ങി ഈ രാത്രിയുടെ മഹത്വ ങ്ങൾ ഇനിയുമേറെയാണ്.
ബറാഅത് നോമ്പ്
ശഅ്ബാൻ പതിനഞ്ചിന്റെ ദിനത്തിൽ നോമ്പ് വലിയ പുണ്യമുള്ള സുന്നത്താകുന്നു. അന്ന് നോമ്പ് സുന്നത്തുണ്ടെന്നതിൽ പണ്ഡിതർക്കിടയിൽ തർക്കമില്ല. അലി (റ) വിനെ തൊട്ട് ഇബ്നു മാജ (റ) ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു: ശഅ്ബാൻ പകുതിയുടെ രാത്രി ആയാൽ നിങ്ങൾ നിസ്കരിക്കുകയും അതിന്റെ പകൽ നിങ്ങൾ നോമ്പനുഷ്ഠിക്കുകയും ചെയ്യുക (മിശ്കാത് 115). ഈ ഹദീസ് സ്വഹീഹാണോ എന്നും അതനുസരിച്ച് ശഅ്ബാൻ പകുതിയുടെ ദിനത്തിൽ നോമ്പനുഷ്ഠിക്കുന്നതി നെക്കുറിച്ചും ചോദിക്കപ്പെട്ടപ്പോൾ ഇമാം റംലി(റ) ഇപ്രകാരം മറുപടി നൽകുന്നു : ശഅ്ബാൻ പകുതിയുടെ പകൽ നോമ്പനുഷ്ഠിക്കൽ സുന്നത്താണ്. എന്നല്ല, ശഅ്ബാൻ പതിമൂന്ന്, പതിനാല്, പതിനഞ്ച് എന്നീ മൂന്നു ദിവസങ്ങളിലും നോമ്പനുഷ്ഠിക്കൽ സുന്നത്താണ്. പ്രസ്തുത ഹദീസ് തെളിവായി സ്വീകരിക്കപ്പെടാവുന്നതാണ്. (ഫതാവാറംലി -2/79).എന്നാൽ മേൽ ചോദ്യത്തിന് ഇമാം ഇബ്നു ഹജർ (റ) ഇപ്രകാരം മറുപടി നൽകുന്നു. ശഅ്ബാൻ പതിനഞ്ചിന്റെ പകൽ നോമ്പനുഷ്ഠിക്കൽ സുന്നത്താണ്. അത് അയ്യാമുൽ ബീളിന്റെ (ചന്ദ്രമാസ ത്തിലെ 13,14,15 പകലുകൾ) നോമ്പുകളിൽ പെട്ടതാണന്നാണ് കാരണം. ശഅ്ബാൻ പകുതിയുടെ പകൽ എന്ന പ്രത്യേക നിലയിലല്ല, പ്രസ്തുത ഹദീസ് ബലഹീനമാണ് (ഫതാവൽ കുബ് 2/80).
എന്നാൽ ബറാഅത്ത് ദിനത്തിൽ പ്രത്യേകം നോമ്പനുഷ്ഠിക്കൽ സുന്നത്താണെന്നുതന്നെ പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പ്രത്യേകം നോമ്പനുഷ്ഠിക്കൽ കറാഹത്താണെന്നും മറ്റൊരു നോമ്പ് അതിലേക്ക് കൂടുമ്പോൾ ആ കറാഹത്ത് നീങ്ങുകയും ചെയ്യുമെന്ന ഇബ്നുഹജർ (റ) വിന്റെ വാക്ക് വിശദീകരിച്ചുകൊണ്ട് ഇബ്നു ഖാസിം (റ) പറയുന്നത് കാണുക: നോമ്പ് പതിവുള്ള ദിവസം വെള്ളിയാഴ്ച ദിവസത്തോട് ഒത്തുവരുന്നതു പോലെ തന്നെയാണ് ശഅ്ബാൻ പകുതിയുടെ പകൽ പോലെ പ്രത്യേകം നോമ്പ് സുന്നത്തുള്ള ദിവസം യോജിച്ചുവരുന്നതും. അപ്പോൾ ഈ ദിവസം വെള്ളിയാഴ്ചയുമായി ഒത്തുവന്നാൽ വെള്ളിയാഴ്ച നോമ്പനുഷ്ഠിക്കുകയെന്ന കറാഹത്ത് ഇല്ലാതെയാവുന്നു എന്ന് മാത്രമല്ല അത് സുന്നത്തുമാണ് (ഹാശിയതു ഇബ്നി ഖാസിം 3/458).മേൽ വിശദീകരണങ്ങളിൽ നിന്ന് ശഅ്ബാൻ പതിനഞ്ചിന്റെ നാളിൽ നോമ്പ് സുന്നത്തുണ്ടെന്നും അതിൽ പണ്ഡിതർക്കിടയിൽ രണ്ടഭി പ്രായമില്ലെന്നും ആ നോമ്പ് അയ്യാമുൽ ബീളിന്റെ നോമ്പ് എന്ന നിലയിൽ മാത്രമാണോ സുന്നത്താകുന്നത്, അതല്ല അതിനുപുറമെ ബറാഅത്ത് രാവിന്റെ പ്രത്യേക നോമ്പ് എന്ന അധിക പുണ്യവും കൂടി അതിനുണ്ടോ എന്നതിൽ മാത്രമാണ് അഭിപ്രായവ്യത്യാസമുള്ള തെന്നും വ്യക്തമായി.അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് ഒരുദിവസം നോമ്പനുഷ്ഠിച്ചാൽ നരകത്തെ തൊട്ട് അവനെ വളരെ വിദൂരമാക്കപ്പെടും (ബുഖാരി, മുസ്ലിം) എന്ന തിരുവാക്യവും കൂടി സ്മരിച്ചുകൊണ്ട് നോമ്പിലൂടെയും മറ്റു സൽപ്രവർത്തനങ്ങളിലൂടെയും ഈ ദിനത്തെ ധന്യമാക്കാ നാണ് നാം ഉത്സാഹിക്കേണ്ടത്.
സൂറതു യാസീനും പ്രാർത്ഥനയും
ഈ രാവ് ധന്യവും മഹത്വമുള്ളതാണെന്നും പുണ്യകർമ്മങ്ങൾ വർധിപ്പിക്കേണ്ട രാത്രിയാ ണെന്നും നാം മനസിലാക്കി. എന്നാൽ ഈ സജീവമാക്കൽ പ്രത്യേകം ശ്രേഷ്ഠതകൾ പറയപ്പെട്ട ആരാധനകൾ കൊണ്ടും പതിവായി ചെയ്യാനും ചൊല്ലാനും കൽപിക്കപ്പെട്ട കർമ്മങ്ങൾ, ദിക്ർ ദുആകൾ എന്നിവ കൊണ്ടുമാകുമ്പോൾ അത് കൂടുതൽ പ്രതിഫലാർഹമായിത്തീരുമെ ന്നത് പറയേണ്ടതില്ലല്ലോ. പല സൂറത്തുകളും ആയത്തുകളും പതിവായി പാരായണം ചെയ്യാൻ ഹദീസുകളിൽ നിർദ്ദേശം വന്നിട്ടുണ്ട്. ബഹുമാനപ്പെട്ട ഇമാം നവവി (റ)പറയുന്നു. ഓരോ ദിനത്തിലും പാരായണം ചെയ്യേണ്ട സൂറത്തുകളുടെ വിഷ യത്തിൽ ധാരാളം ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടു ണ്ട്. യാസീൻ, തബാറക, വാഖിഅ, ദുഖാൻ എന്നിവ അതിൽ പെട്ടതാണ് (അൽ അദ്കാർ 102). എന്നാൽ ഇതിനു പുറമെ വിശുദ്ധ ഖുർആനിന്റെ ഹൃദയഭാഗമെന്നും (തുർമുദി, മിശ്കാത്ത് 187) ആവശ്യങ്ങൾ നിറവേറാനുത കുന്നതെന്നും (ദാരിമി അൽ ഇത്ഖാൻ 2/210) ഹദീസുക ളിൽ വിശേഷിപ്പിക്കപ്പെട്ട സൂറത്തു യാസീൻ ഓതി വിവിധ ലക്ഷ്യങ്ങൾക്ക് ദുആ ചെയ്യുന്ന പതിവ് മഹാന്മാർ ചെയ്തു പോന്നതായി ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സയ്യിദ് മുർതളാ സബീദി (റ) പറയുന്നു: ബറാഅത്ത് രാവിൽ യാസീൻ ഓതുകയും ശേഷം ആ രാവിൽ പ്രത്യേകമായി അറിയപ്പെട്ട ദുആയും ആയുസ്സിൽ ബറക ത്തിനുവേണ്ടിയുള്ള പ്രാർത്ഥനയും ചെയ്തശേഷം രണ്ടാമതും യാസീൻ ഓതി ഭക്ഷണത്തിലും മറ്റും ഐശ്വര്യമുണ്ടാകാൻ ദുആ ചെയ്യുകയും മൂന്നാം പ്രാവശ്യം യാസീൻ പാരായണം ചെയ്ത് അവസാന നന്മക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്ന പതിവ് പൂർവീകരിൽ നിന്ന് പിൻഗാമികൾ അനന്തരമായി സ്വീകരിച്ചു പോന്നതാണ് (ഇത്ഹാഫ് 3/427).
മുഹമ്മദുദ്ദിംയാത്വി (റ) ആരിഫീങ്ങളായ പണ്ഡിതരെ ഉദ്ധരിച്ചു പറയുന്നു. അന്യസംസാരങ്ങൾ ഇടയിൽ വരാത്തവിധം ഇശാ-മഗ്‌രിബിനിടയിൽ പൂർണമായി മൂന്നു യാസീൻ ഈ രാത്രിയിൽ ഓതപ്പെടേണ്ടതാണ്. ഒന്ന് അവനും അവന്റെ പ്രിയം വെക്കുന്നവർക്കും ആയുസ്സിൽ ബറകത്ത് ഉദ്ദേശിച്ചും രണ്ടാമത്തേത് ഭക്ഷണത്തിൽ വിശാലതയും ബറകത്തും ഉദ്ദേശിച്ചും മൂന്ന് അവനെ വിജയികളിൽ ഉൾപ്പെടുത്തലിനെ ഉദ്ദേശിച്ചുമാണ്.
മുല്ലാ അലിയ്യുനിൽ ഖാരി (റ) രേഖപ്പെടുത്തുന്നു. اللهم ان كنت كتبتنا اشقياء فامحه واكتبنا سعداء وان كنت كتبتنا سعداء فأثبتنا فانك تمحوا ماتشاء وتثبت وعندك ام الكتاب എന്ന
ഈ പ്രാർത്ഥന ഉമർ (റ),ഇബ്നു മസ്ഊദ് (റ) തുടങ്ങിയവരെ പോലെയുള്ള ധാരാളം സലഫുകൾ പ്രാർത്ഥിച്ചിരുന്നതായി വന്നിട്ടുണ്ട്. ശഅ്ബാൻ പതിനഞ്ചിന്റെ രാവിൽ ഇത് ഓതുന്നത് സംബന്ധിച്ച് ഒരു ഹദീസിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (മിർഖാത് 3/387).
ശഅ്ബാൻ പതിനഞ്ചിന്റെ രാവ് പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന രാവാണെന്ന് ഇമാം ശാഫിഇ(റ)യും മറ്റും ഉദ്ധരിച്ചത് മുകളിൽ വിവരിച്ചു വല്ലോ. നിഹായ: (2/397), അസ്നൽ മത്വാലിബ് (1/282), മുഗ്‌നി(1/592), ഹവാശിൽ മദനിയ്യ (2/85), ഖൽയൂബി(1/310), ശർവാനി(3/51) തുടങ്ങി മറ്റു നിരവധി ഗ്രന്ഥങ്ങളിലും ഇക്കാര്യം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.