ദുൽഹിജ്ജ മാസത്തിലെ പ്രധാന കർമ്മങ്ങൾ

ഹാദി ഹിമമി ചെണ്ടത്തോടി  

പുണ്യങ്ങളുടെ വസന്തകാലമാണ് ദുൽഹജ്ജ് മാസം. വിശുദ്ധ ഹജ്ജ് കർമ്മം, അറഫാ നോമ്പ്, ബലിപെരുന്നാൾ, ഉള്ഹിയ്യത്ത് തുടങ്ങിയ നിരവധി പുണ്യങ്ങൾ ഈ മാസത്തിലെ മാത്രം പ്രത്യേകതകളാണ്. യുദ്ധം നിഷിദ്ധമായ മാസങ്ങളിലൊന്നുമാണ് ദുൽഹിജ്ജ.

ദുൽഹിജ്ജ മാസത്തിലെ പ്രധാന കർമ്മങ്ങൾ
ഹജ്ജ് ഉംറ
സാമ്പത്തികവും ശാരീരികവുമായി കഴിവുണ്ടാകുകയും യാത്രാ സൗകര്യങ്ങൾ യോജിച്ചു വരികയും ചെയ്തവർ ജീവിതത്തിൽ ഒരിക്കലെങ്കിലും മക്കയിലെ കഅ്ബയിലെത്തി നിർവഹിക്കേണ്ട പുണ്ണ്യ കർമമാണ് ഹജ്ജ്. കഴിവുള്ള പ്രായപൂർത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രനായ ഓരോ മുസ്ലിമിനും ഹജ്ജ് വ്യക്തിപരമായി നിർബന്ധമാകും.
നോമ്പ്
ദുൽഹജ്ജ് മാസത്തിലെ ആദ്യത്തെ ഒമ്പത് ദിവസവും നോമ്പനുഷ്ഠിക്കൽ പുണ്യമേറിയ സുന്നത്താണ്. അതിൽ തന്നെ ദുൽഹിജ്ജ ഒമ്പത് അറഫാ ദിനത്തിലെ നോമ്പ് പ്രത്യേകം പ്രധാന്യമുള്ളതാണ്. ഹാജിമാരല്ലാത്തവർക്ക് അറഫാദിനത്തിൽ നോമ്പെടുക്കൽ ശക്തമായ സുന്നത്താണ്. കഴിഞ്ഞുപോയ ഒരു വര്‍ഷവും വരാനിരിക്കുന്ന ഒരു വര്‍ഷത്തേയും പാപങ്ങൾ അല്ലാഹു അത് മുഖേന പൊറുത്തു കൊടുക്കുമെന്ന് ഹദീസുകളിൽ കാണാം. നിലാവു കണ്ടത് പ്രകാരം മാസനിർണയമനുസരിച്ച് ഓരോ നാടുകളിലും എന്നാണോ ദുൽഹിജ്ജ ഒമ്പതാകുന്നത് അന്നാണ് അറഫാ നോമ്പെടുക്കേണ്ടത്. ഹാജിമാർ അറഫയിൽ നിൽക്കുന്ന അതേ സമയത്തുതന്നെ നോമ്പു നോൽക്കണമെന്ന് പറയുന്നത് ശരിയല്ല. അറഫയിൽ നിൽക്കുന്നതും നോമ്പെടുക്കുന്നതും ഒരേ സമയത്താവുകയെന്ന ലക്ഷ്യം ഇവിടെയില്ല.
തക്ബീർ
ദുൽഹിജ്ജയോടനുബന്ധിച്ച് മൂന്ന് വിധം തക്ബീറുകളാണ് പ്രത്യേകം സുന്നത്തുള്ളത്. ഒന്ന് :

ദുൽഹിജ്ജ ആയതോടെ ബലിമൃഗങ്ങളെ കണ്ടാലും അവയുടെ ശബ്ദം കേട്ടാലും തക്ബീർ ചൊല്ലൽ സുന്നത്തുണ്ട്. രണ്ട്‌ :

ദുൽ ഹിജ്ജ പത്ത് പെരുന്നാൾ ദിവസം തുടങ്ങിയത് മുതൽ പെരുന്നാൾ നിസ്‌കാരത്തിന്റെ തക്ബീറതുൽ ഇഹ്‌റാം കെട്ടുന്നതു വരെ ഇടതടവില്ലാതെ തക്ബീർ മുഴക്കലും സുന്നത്തുണ്ട്. പള്ളികളിലും, വീടുകളിലും, പൊതുസ്ഥലങ്ങളിലുമെല്ലാം തക്ബീർ മുഴങ്ങണം. സ്ത്രീകൾ അന്യപുരുഷന്മാർ കേൾക്കുന്ന സ്ഥലങ്ങളിൽ പതുക്കെയാണ് തക്ബീർ പറയേണ്ടത്. മൂന്ന്:

അറഫാ ദിവസം സുബ്ഹി മുതൽ അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിനം (ദുൽഹിജ്ജ പതിമൂന്ന്) അസ്വറുവരെയുള്ള എല്ലാ നിസ്‌കാരങ്ങൾക്ക് ശേഷവും തക്ബീർ മുഴക്കൽ സുന്നത്തുണ്ട്. ഈ സമയം നിർവ്വഹിക്കുന്ന മയ്യിത്ത് നിസ്കാരമായാലും സുന്നത്ത് നിസ്‌കാരമായാലും മറ്റുള്ള നിസ്‌കാരങ്ങൾക്ക് ശേഷവുമെല്ലാം ഈ തക്ബീർ പുണ്യകരം തന്നെ. നിസ്‌കാരം കഴിഞ്ഞ് മറ്റുള്ള ദിക്‌റുകളിലേക്ക് കടക്കുന്നതിനു മുമ്പാണ് ഈ തക്ബീർ ചൊല്ലേണ്ടത്.
ഉള്ഹിയത്ത്
വളരെ ശ്രേഷ്ഠമായ കര്‍മമാണ് ഉള്ഹിയ്യത്ത്. തനിക്കും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആളുകള്‍ക്കും പെരുന്നാള്‍ ദിവസത്തില്‍ ചെലവിന്നാവശ്യമായ സമ്പത്ത് കഴിച്ച് ഉള്ഹിയ്യത്ത് നിര്‍വഹിക്കാന്‍ ശേഷിയുള്ളവന് ഇത് സുന്നത്താണ്. ഒഴിവാക്കല്‍ കറാഹത്തുമാണ്.
സൂറത്തുൽ ഫജ്ർ പാരായണം ചെയ്യൽ
വിശുദ്ധ ഖുർആനിലെ 89-ാം സൂറതായ സൂറത്തുൽ ഫജ്ർ ദുൽഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളിലും പാരായണം ചെയ്യൽ പ്രത്യേകം സുന്നത്താണ്.
പെരുന്നാൾ കുളി
വലിയ പെരുന്നാളിന്റെ സുന്നത്തായ കുളിയെ ഞാൻ കരുതി എന്ന് നിയ്യത്ത് ചെയ്ത് പെരുന്നാൾ ദിവസത്തിൽ കുളിക്കൽ പ്രത്യേകം സുന്നത്താണ്.
പെരുന്നാൾ നിസ്കാരം
നിസ്‌കാര ശേഷം ഉള്ഹിയ്യത്ത് അറുക്കാനുള്ളത് കൊണ്ട് ബലിപെരുന്നാൾ നിസ്‌കാരം സൂര്യനുദിച്ചു കഴിഞ്ഞാൽ കൂടുതൽ വൈകാതെ നിർവഹിക്കലാണ് ഉത്തമം. ഭക്ഷണം നിസ്‌കാരത്തിന് ശേഷം കഴിക്കുന്നതാണ് ബലിപെരുന്നാളിന് ഉത്തമം. എന്നാൽ ചെറിയ പെരുന്നാൾ ദിവസം നിസ്‌കാരത്തിന് മുമ്പ് അൽപമെങ്കിലും ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. നിസ്‌കാരത്തിനു പുരുഷൻമാർ പള്ളിയിലേക്ക് പോവുക, കാൽ നടയായി പോവുക, പോക്കുവരവ് വ്യത്യസ്ത വഴികളിലൂടെയാവുക എന്നിവയും പരിഗണിക്കുക. സ്ത്രീകൾക്കും പെരുന്നാൾ നിസ്‌കാരം സുന്നത്തു തന്നെ. അവർ വീട്ടിൽവെച്ച് ജമാഅത്തായി തന്നെ നിസ്‌കരിക്കാൻ ശ്രദ്ധിക്കുക. ആദ്യ റക്അത്തിൽ വജ്ജഹ്തുവിനു ശേഷം ഏഴും രണ്ടാം റക്അത്തിൽ ഫാത്തിഹക്ക് മുമ്പായി അഞ്ചും തക്ബീറുകൾ ചൊല്ലണം. ഈ തക്ബീറുകൾ പെരുന്നാളിന്റെ ശിആറ് (ചിഹ്നം) ആയതിനാൽ മഅ്മൂമുകളും ഒറ്റക്ക് നിസ്‌കരിക്കുന്നവനുമടക്കം അവ അൽപം ഉറക്കെയാക്കൽ സുന്നത്താണ്. ഈ തക്ബീറുകൾക്കിടയിലുള്ള ദിക്ർ പതുക്കെ ചൊല്ലലാണ് സുന്നത്ത്. നിസ്‌കാര ശേഷം പുരുഷന്മാർക്ക് രണ്ട് ഖുതുബ ഓതൽ കൂടി സുന്നത്തുണ്ട്. സ്ത്രീകൾക്ക് ഇത് സുന്നത്തില്ല. പുതുവസ്ത്രം ധരിക്കലും, സുഗന്ധം പൂശലും, പെരുന്നാൾ ആശംസ കൈമാറലുമെല്ലാം പ്രത്യേകം സുന്നതായ കാര്യങ്ങളാണ്. കൂടുതലായി ദുആ ചെയ്യുക, പാപമോചനം തേടുക, കുടുംബ ബന്ധം ചേര്ക്കുക, ദാന ധർമ്മങ്ങൾ നിർവ്വഹിക്കുക , ഖബ്റ് സിയാറത് നടത്തുക തുടങ്ങിയ പുണ്യ കർമ്മങ്ങളിൽ വ്യാപൃതരായി അല്ലാഹുവിന്റെ തൃപ്തി നേടാൻ ശ്രമിക്കുക. അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ - ആമീൻ.