മരണത്തിന് സമാനമായ ഉറക്കിൽ നിന്നും എനിക്ക് സജീവത നൽകിയ അല്ലാഹുവിനാണ് സർവ്വസ്തുതിയും. അവനിലേക്കു തന്നെയാണ് മടക്കം
അല്ലാഹുവിന്റെ വിശുദ്ധ നാമത്തിൽ, അല്ലാഹുവേ, ആൺ പിശാചുക്കളിൽ നിന്നും പെൺ പിശാചുക്കളിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു.
അല്ലാഹുവേ, എന്റെ ഹൃദയത്തെ കാപട്യത്തിൽ നിന്നും ശുദ്ധിയാക്കേണമേ, എന്റെ ഗുഹ്യസ്ഥാനത്തെ നീച പ്രവർത്തനങ്ങളിൽ നിന്നും കാത്തുസൂക്ഷിക്കേണമേ!
നിന്നോട് ഞാൻ മാപ്പപേക്ഷിക്കുന്നു, എന്നിൽ നിന്ന് എല്ലാ ബുദ്ധിമുട്ടുകളും അകറ്റി എന്നെ സുഖപ്പെടുത്തിയ അല്ലാഹുവിന്നാണ് സർവ്വസ്തുതിയും.
അല്ലാഹു ഒഴികെ ഒരു ആരാധ്യനില്ലെന്നും മുഹമ്മദ് നബി (സ്വ) അല്ലാഹു വിന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ എന്നെ നീ പാശ്ചാത്തപിക്കുന്നവരിലും പരിശുദ്ധി കൈകൊള്ളുന്നവരിലും നിൻറെ സജ്ജനങ്ങളായ അടിമകളിലും ഉൾപ്പെടുത്തെണമേ! അല്ലാഹുവേ നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു. നീയല്ലാതെ ഒരു ആരാധ്യനില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാൻ പാപമോചനത്തിന് ആപേക്ഷിക്കുകയും നിന്നിലേക്ക് പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.
അല്ലാഹൂവേ നീ കാരണമായി ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിക്കുന്നു. നീ കാരണമായി ഞങ്ങൾ വൈകുന്നേരത്തേക്ക് കടക്കുന്നു. നീ കാരണമായാണ് ഞങ്ങൾ ജീവിക്കുന്നതും മരിക്കുന്നതും. നിന്നിലേക്കാണ് മരണശേഷം ഞങ്ങളുടെ മടക്കവും.
എന്റെ കഴിവോ ശക്തിയോ കൂടാതെ എനിക്ക് വസ്ത്രം നൽകുകയും എന്നെ അത് ധരിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും.
അല്ലാഹുവേ, ഇതിൻറെയും ഇതിനാലുണ്ടാകുന്നതായ നന്മകളെയും ഞാൻ തേടുന്നു. ഇതിനാലുണ്ടാകുന്ന തിന്മകളിൽ നിന്ന് കാവലിനേയും ഞാൻ തേടുന്നു.
അല്ലാഹുവേ, നീ എന്റെ ആകാര ഭംഗി മെച്ചമാക്കിയപോലെ എന്റെ സ്വഭാവവും മികവുറ്റതാക്കണേ ..
അല്ലാഹുവിന്റെ നാമത്തിൽ, അവന്റെ മേൽ ഞാൻ ഭരമേൽപിക്കുന്നു. നന്മ ചെയ്യാനും തിന്മ വർജിക്കാനും അല്ലാഹുവിനെ കൊണ്ടല്ലാതെ സാധ്യമല്ല.
അല്ലാഹുവിന്റെ നാമത്തിൽ നാം (വീട്ടിൽ) പ്രവേശിക്കുകയും അവന്റെ നാമത്തിൽ നാം പുറത്തു പോവുകയും അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിക്കുകയും ചെയ്യുന്നു.
എന്റെ യാതൊരു ശക്തിയും കഴിവും കൂടാതെ എനിക്ക് ഈ ഭക്ഷണം നൽകുകകയും ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതിയും.
ഈ വാഹനത്തിനെ ഞങ്ങൾക്കു കീഴ്പെടുത്തിതന്ന അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു. ഇതിനെ കീഴ്പെടുത്താനുള്ള ശക്തി ഞങ്ങൾക്കുണ്ടായിരുന്നില്ല. നിശ്ചയം നാം നമ്മുടെ റബ്ബിലേക്ക് തന്നെ മടങ്ങുന്നവരാണ്.
ഇത് അല്ലാഹു ഉദ്ദേശിച്ചതാണ്, അല്ലാഹു നൽകുന്നതിലൂടെ മാത്രമേ ഏതൊരു കഴിവും ലഭിക്കുകയുള്ളൂ.
അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. ആരാധനക്കർഹൻ നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിന്നോട് ഞാൻ പൊറുക്കലിനെ തേടുകയും നിന്നിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു.
സർവ്വസ്തുതിയും അല്ലാഹുവിനാണ്.
നിന്റെ മേൽ അല്ലാഹു കരുണ ചെയ്യട്ടെ ..
അല്ലാഹു നിങ്ങളെ സന്മാർഗത്തിലാക്കുകയും നിങ്ങളുടെ കാര്യം നന്നാക്കുകയം ചെയ്യട്ടെ !
റഹ്മത്തിൽനിന്ന് ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് കാവലിനെ ചോദിക്കുന്നു.
അല്ലാഹുവെ, ശത്രുക്കളുടെ മുന്നിൽ നിന്നെ ഞങ്ങൾ പ്രതിരോധമാക്കുന്നു. അവരുടെ ഉപദ്രവങ്ങളിൽ നിന്ന് നിന്നോട് ഞങ്ങൾ കാവൽ ചോദിക്കുന്നു.
നിശ്ചയമായും നാം അല്ലാഹുവിനുള്ളതും അവനിലേക്ക് തന്നേ മടങ്ങുന്നവരുമാണ്. അല്ലാഹുവേ ഈ വിഷമത്തിൽ എനിക്ക് നീ കൂലി നൽകുകയും ഇതിലേറേ നല്ലത് പകരമായി നൽകുകയും ചെയ്യേണമേ..
അല്ലാഹുവേ, ഈ മഴയെ നീ ഗുണപ്രദവും സുഖകരവുമാക്കേണമേ..
അല്ലാഹൂവേ, നീ കാരണമായി ഞങ്ങൾ പ്രദോശത്തിൽ പ്രവേശിക്കുന്നു. അല്ലാഹൂവേ നീ കാരണമായി ഞങ്ങൾ പ്രഭാതത്തിൽ പ്രവേശിക്കുന്നു. നീ കാരണമായാണ് ജീവിക്കുന്നതും മരിക്കുന്നതും. നിന്നിലേക്കാണ് ഞങ്ങളുടെ മടക്കവും.
എന്റെ നാഥാ.. നിന്റെ നാമത്തിൽ എന്റെ പാർശ്വഭാഗത്തെ ഞാൻ വെച്ചിരിക്കുന്നു(കിടക്കുകയാണ്).നിന്റെ നാമത്തിൽ ഞാൻ അതിനെ ഉയർത്തുകയും ചെയ്യും(എഴുന്നേൽക്കും). എന്റെ ശരീരത്തെ നീ പിടിച്ചുവെക്കുകയാണെങ്കിൽ (മരിപ്പിക്കുകയാണെങ്കിൽ) അതിനോട് നീ കരുണ കാണിക്കണേ.. അതിനെ നീ (മരിപ്പിക്കാതെ) വിടുകയാണെങ്കിൽ നിന്റെ സജ്ജനങ്ങളായ അടിമകളെ സംരക്ഷിക്കുന്ന കാവൽകൊണ്ട് അതിനേയും നീ സംരക്ഷിക്കേണമേ... അല്ലാഹുവേ, നിന്റെ നാമത്തിൽ ഞാൻ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു.