ദുൽഹജ്ജ് മാസത്തിന്റെ പവിത്രത

മുനീറ ഹാദിയ മരുതടുക്കം  

അള്ളാഹു സൃഷ്‌ടിച്ച ദിനങ്ങളിൽ ചില ദിനങ്ങൾക് പ്രത്യേകം ശ്രേഷ്ഠത നൽകിയിട്ടുണ്ട്. അങ്ങനെ പ്രത്യേകം ശ്രേഷ്ഠത കൽപ്പിക്കപ്പെട്ട ദിനങ്ങളാണ് നമുക്ക് മുമ്പിൽ കടന്നു പോകുന്നത്. ശ്രേഷ്ഠമായ ദിനങ്ങളാണ് ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്ത് ദിനങ്ങൾ. വിശുദ്ധ ഖുർആനിലെ വിവിധ വചനങ്ങൾ ആ ശ്രേഷ്ഠതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. മാത്രമല്ല, ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്ത് ദിനങ്ങളെ കൊണ്ട് സത്യം ചെയ്താണ് സൂറത്തുൽ ഫജ്ർ ആരംഭിക്കുന്നത് തന്നെ. പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കപ്പെടാനായി അല്ലാഹു തിരഞ്ഞെടുത്ത മാസം കൂടിയാണിത്. ഇസ്ലാമിന്റെ രണ്ട് ആഘോഷ ദിവസങ്ങളിലെ ഒന്നായ ബലിപെരുന്നാൾ (عيد الأضحى) ദുൽഹിജ്ജ മാസത്തിലാണ്. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിലെ സൽകർമ്മങ്ങൾ അല്ലാഹുവിന് ഏറെ പ്രിയമുള്ളതാണ്. മുൻ കഴിഞ്ഞതും വരാനിരിക്കുന്നതുമായ വർഷങ്ങളിലെ പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാകുന്ന അറഫാ നോമ്പ് ഈ മാസത്തിലാണ്.അല്ലാഹു അവന്റെ അടിമകൾക്ക് നരകമോചനം നൽകുന്ന ദിനം കൂടിയാണ് അറഫാ ദിനം. ഇമാം അഹ്മദ് (റ) നിവേദനം ചെയ്യുന്നു:-നബി (സ) ദുൽഹിജ്ജയുടെ പത്തുകളിൽ നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നു. അതുപോലെ തന്നെ സുന്നത്തായ സൽകർമ്മങ്ങളിൽ അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്ന കർമ്മമാണ് പെരുന്നാൾ ദിനത്തിൽ ചെയ്യുന്ന ബലി അറുക്കൽ. ആരെങ്കിലും നല്ല മനസ്സോടെ പ്രതിഫലം ആഗ്രഹിച്ച് ഉള്ഹിയ്യത്ത് നിർവഹിച്ചാൽ അത് നരകത്തെ തടയുന്നതാണ്. അറുക്കാൻ ഉദ്ദേശിക്കുന്നവർ ദുൽഹിജ്ജയുടെ മാസപ്പിറവി കാണുകയോ, ദുൽഹിജ്ജ മാസത്തിൽ പ്രവേശിക്കുകയോ ചെയ്താൽ പിന്നെ അയാളുടെ ശരീരത്തിലുള്ള നഖമോ തലമുടിയോ മറ്റേതെങ്കിലും രോമങ്ങളോ തൊലിയിൽ നിന്നും വല്ലതും മുറിക്കാനോ വടിച്ചു നീക്കം ചെയ്യാനോ പാടില്ല. അത് കറാഹത്താണ്. അല്ലാഹു പവിത്രമാക്കിയ മാസങ്ങളിൽ ഒന്നായതിനാൽ തന്നെ സുന്നത്ത് നിസ്കാരങ്ങൾ, കുടുംബബന്ധം ചേർക്കൽ, ദിക്റ് വർധിപ്പിക്കൽ, ഖുർആൻ പാരായണം, ദാനധർമ്മങ്ങൾ പോലുള്ള മറ്റുള്ള സൽകർമ്മങ്ങളിലും നിരതരാകുക.