ലോക ചരിത്രത്തിൽ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷിയായ ദിവസമാണ് മുഹറം 10. ഈ ദിനം ആശൂറാ ദിനം എന്ന് അറിയപ്പെടുന്നു. നോമ്പ്, തസ്ബീഹ് നിസ്‌കാരം, ദാനധര്‍മം, കുടുംബങ്ങള്‍ക്ക് വിശാലത ചെയ്യുക, കുളി, പണ്ഡിതന്മാരെ സന്ദര്‍ശിക്കുക, രോഗിയെ സന്ദര്‍ശിക്കുക, യതീമിന്റെ തല തടവല്‍, സുറുമ ഇടുക, നഖം മുറിക്കുക, സൂറത്തുല്‍ ഇഖ്‌ലാസ് ആയിരം തവണ ഓതുക, കുടുംബ ബന്ധം ചേര്‍ക്കുക തുടങ്ങിയ സൽകർമ്മങ്ങൾ ചെയ്ത് ഈ ദിവസം ധന്യമാക്കം.
റമസാന്‍ കഴിഞ്ഞാല്‍ നബി (സ) നോമ്പ് നോക്കുന്നതിൽ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് മുഹര്‍റത്തെയായിന്നുവെന്ന് ഹദീസുകളിൽ കാണാം.
നബി(സ)യോട് ഒരാള്‍ ചോദിച്ചു: സുന്നത്തു നോമ്പിനു വേണ്ടി തങ്ങള്‍ എനിക്ക് നിര്‍ദേശിക്കുന്ന മാസം ഏതാണു നബിയേ? അപ്പോള്‍ നബി (സ) മറുപടി പറഞ്ഞു: “മുഹര്‍റം മാസം നോമ്പെടുക്കൂ. അത് അല്ലാഹുവിന്റെ മാസമാണ്. ഒരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു കഴിഞ്ഞതും മറ്റൊരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കാനുള്ളതുമായ ഒരു ദിവസം ആ മാസത്തിലുണ്ട്”. ആ ദിവസം ആശൂറാഅ് ആണ്.
നബി (സ) പറഞ്ഞു: “ആശൂറാഅ് ദിവസം (മുഹര്‍റം പത്ത്) നോമ്പ് നോല്‍ക്കുന്നതിന് വലിയ പ്രതിഫലമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ അതുവഴി അല്ലാഹു പൊറുത്തു തരും” (മുസ്‌ലിം). മുഹര്‍റം ഒമ്പതിന് നോമ്പെടുക്കാനും നബി (സ) നിര്‍ദേശിച്ചിട്ടുണ്ട്. അബ്ബാസ് (റ) പറഞ്ഞതായി ഇമാം തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്നു: മുഹര്‍റം ഒമ്പതിനും പത്തിനും ഞങ്ങള്‍ നോമ്പെടുക്കാറുണ്ടായിരുന്നു. ജൂതരില്‍ നിന്നും വ്യത്യസ്തത പാലിക്കുന്നതിനു വേണ്ടിയാണ് രണ്ടു ദിവസം നോമ്പെടുത്തിരുന്നത്. (തിര്‍മിദി).
ആശൂറാ നോമ്പിനെ സംബന്ധിച്ച് ഒരിക്കല്‍ റസൂല്‍(സ)യോട് ചോദിച്ചു. അവിടുന്ന് മറുപടി പറഞ്ഞു: കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അത് പൊറുപ്പിക്കും. (മുസ്‌ലിം). ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: അടുത്ത വര്‍ഷം വരെ ഞാന്‍ ജീവിച്ചിരിക്കുന്നപക്ഷം (മുഹര്‍റത്തിലെ) ഒമ്പതാമത്തെ നോമ്പും ഞാന്‍ നോല്‍ക്കുന്നതാണ്. (മുസ്‌ലിം)
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ) മദീനയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് നോമ്പ് നോല്‍ക്കുന്നതായി കണ്ടു. അവിടുന്ന് ചോദിച്ചു: ഇതെന്താണ്? അവര്‍ പറഞ്ഞു: ഇത് നല്ലൊരു ദിവസമാണ്. മൂസാനബിയെയും ഇസ്‌റാഈല്യരെയും അല്ലാഹു ശത്രുക്കളില്‍ നിന്ന് രക്ഷിച്ച ദിനമാണിത്. അങ്ങനെ, മൂസാ നബി(അ) അന്ന് നോമ്പെടുക്കുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു: മൂസായോട് നിങ്ങളെക്കാള്‍ ബന്ധമുള്ളവന്‍ ഞാനാണ്. തുടര്‍ന്ന് നബി തിരുമേനി ആ ദിവസത്തില്‍ നോമ്പെടുക്കുകയും നോമ്പെടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു.”” (ബുഖാരി)