ബലി പെരുന്നാൾ: ത്യാഗങ്ങളുടെ ഓർമ്മ ദിനം.
മുഹമ്മദ് സിനാൻ നെക്രാജെ
https://chodikkooparayam.com/Welcome/article/46
ബലിപെരുന്നാൾ
വലിയ പെരുന്നാൾ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബി (അ)തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽ (അ)നെ അല്ലാഹുവിന്റെ കല്പന മാനിച്ച് അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഇബ്രാഹിം നബി (അ)ൻ്റെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ. ഹജ്ജ് മാസം ദുൽ-ഹിജ്ജ 10 നാണ് ഈ ദിനം. മൃഗത്തെ ബലിയറുക്കുന്ന കർമ്മം നടക്കുന്നത് കൊണ്ടാണ് ബലി പെരുന്നാൾ എന്ന് പറയുന്നത് . ഫലസ്തീൻ, ലബ്നാൻ, മിസ്റ്, ഇറാഖ്, ലിബിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ഈദുൽ അക്ബർ (വലിയ പെരുന്നാൾ) എന്നും പറയാറുണ്ട്. ദുൽഹിജ്ജ 13 വരെ നിസ്കാര ശേഷം തക്ബീർ ചൊല്ലുന്നതിനാൽ മൂന്ന് ദിവസം ആഘോഷം നീണ്ട് നിൽക്കുന്നത് കൊണ്ടാണ് വലിയ പെരുന്നാൾ എന്ന പേര് വന്നത്.
ദുൽ ഹിജ്ജ
റമളാൻ കഴിഞ്ഞാൽ പുണ്യകർമങ്ങളുടെ പെരുമഴക്കാലമാണ് ദുൽഹജ്ജ്. ആഗോള മുസ്‌ലിം സംഗമമായ ഹജ്ജ് കർമവും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള അറഫാ നോമ്പും സ്മരണകളിരമ്പുന്ന ബലിദാനവും ബലിപെരുന്നാൾ നിസ്‌കാരവുമെല്ലാം ഉൾക്കൊള്ളുന്ന, വിശ്വാസികൾക്ക് ആവേശം പകരുന്ന ദിനരാത്രങ്ങളാണ് ഈ മാസം സമ്മാനിക്കുന്നത്. ഒപ്പം യുദ്ധം നിഷിദ്ധമായ പവിത്ര മാസങ്ങളിലൊന്നുമാണ് ദുൽഹിജ്ജ.
ഹജ്ജ്
സാമ്പത്തിക, ശാരീരിക, യാത്രാ സൗകര്യങ്ങൾ ഒത്തുവന്നാൽ ജീവിതത്തിൽ ഒരിക്കലെങ്കിലും മക്കയിലെ കഅ്ബയിലെത്തി നിർവഹിക്കേണ്ട ഒരു കർമമാണ് ഹജ്ജ്. ഓരോ നാട്ടിൽ നിന്നും ആ നാട്ടുകാരുടെ പ്രതിനിധികളായാണ് അല്ലാഹുവിന്റെ അതിഥികൾ കഅ്ബാ മന്ദിരത്തിലേക്കു പ്രവഹിക്കുന്നത്. അവരെ യാത്രയാക്കിയും അവർക്കായി പ്രാർത്ഥിച്ചും അവരോട് ദുആവസ്വിയ്യത്ത് നടത്തിയും വിശ്വാസികളൊന്നടങ്കം ഹജ്ജാജിമാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
ഖുർആനും പ്രവാചകചര്യയും നിർദ്ദേശിച്ച മാതൃകയിൽ മുസ്ലിമീങ്ങൾ മതപരമായ അനുഷ്ഠാനമായി ദുൽഹജ്ജ് മാസം 1 മുതൽ 12 വരെ മക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തേയും,
അതോടനുബന്ധിച്ചുള്ള കർമ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത്. വർഷംതോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണിത്. ഇസ്ലാമിലെ
പഞ്ചസ്തംഭങ്ങളിൽ
അഞ്ചാമത്തെതായാണ് ഹജ്ജ് വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്ലാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും അല്ലാഹുവിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു.
ഉളുഹിയ്യത്
വലിയ പെരുന്നാളില്‍ നിര്‍വഹിക്കപ്പെടുന്ന വളരെ ശ്രേഷ്ഠമായ കര്‍മമാണ് ഉള്ഹിയ്യത്ത്. ഈ സത്കര്‍മം പരിശുദ്ധ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നിവകൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. മറ്റു സുന്നത്തായ സ്വദഖകളേക്കാള്‍ ശ്രേഷ്ഠതയുണ്ട് ഉള്ഹിയ്യത്തിന്. തനിക്കും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആളുകള്‍ക്കും പെരുന്നാള്‍ ദിവസത്തില്‍ ചെലവിന്നാവശ്യമായ സമ്പത്ത് കഴിച്ച് ഉള്ഹിയ്യത്ത് നിര്‍വഹിക്കാന്‍ ശേഷിയുള്ളവന് ഇത് സുന്നത്താണ്. ഒഴിവാക്കല്‍ കറാഹത്താണ്. ഹനഫീ മദ്ഹബില്‍ ഈ കര്‍മം നിര്‍ബന്ധവും ഒഴിവാക്കല്‍ കുറ്റകരവുമാണ്.ഉള്ഹിയ്യത്തിന്റെ പുണ്യങ്ങള്‍ വ്യക്തമാക്കുന്ന അനേകം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നല്ല മനസ്സോടെ പ്രതിഫലം കാംക്ഷിച്ച് ആരെങ്കിലും ഉള്ഹിയ്യത്ത് നിര്‍വഹിച്ചാല്‍ അത് നരകത്തെ തടയുന്നതാണ്. നിങ്ങളുടെ ഉള്ഹിയ്യത്ത് മൃഗത്തിനെ നിങ്ങള്‍ നന്നാക്കുവീന്‍. കാരണം അത് നിങ്ങള്‍ക്ക് സ്വിറാത്ത് പാലം കടക്കാനുള്ള വാഹനമാണ് (ഹദീസ്). പെരുന്നാള്‍ ദിനത്തില്‍ മനുഷ്യന്‍ ചെയ്യുന്ന സുന്നത്തായ സത്കര്‍മങ്ങളില്‍ അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്നത് ബലി അറുക്കലാണ്. ബലി മൃഗങ്ങള്‍ അവയുടെ കുളമ്പുകളും രോമങ്ങളും കൊമ്പുകളുമായിപരലോകത്ത് വരും. ബലി മൃഗത്തിന്റെ രക്തം ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് അല്ലാഹുവിന്റെ അരികില്‍ വലിയ സ്ഥാനം പ്രാപിക്കുന്നതാണ്(ഹദീസ്). ബലി മൃഗത്തിന്റെ ആദ്യ രക്തത്തുള്ളി ഭൂമിയില്‍ പതിക്കുന്നതോടെ മുഴുവന്‍ ദോഷങ്ങളും പൊറുക്കപ്പെടും. ബലി മൃഗത്തിന്റെ മാംസവും രക്തവുമെല്ലാം എഴുപത് ഇരട്ടിയായി മീസാന്‍ എന്ന തുലാസില്‍ കൊണ്ടുവരപ്പെടുന്നതാണ്(ഹദീസ്). ബലി മൃഗത്തിന്റെ ഓരോ രോമം കണക്കെ പുണ്യം ലഭിക്കുന്നു(ഹദീസ്). സൗകര്യമുണ്ടായിരിക്കെ ഉള്ഹിയ്യത്ത് നിര്‍വഹിക്കാത്തവര്‍ എന്റെ മുസ്വല്ലയോട് അടുക്കരുതെന്ന് മുഹമ്മദ് നബി(സ) പ്രഖ്യാപിച്ചു. ഇങ്ങനെ അനേകം ഹദീസുകളില്‍ ഉള്ഹിയ്യത്തിന്റെ പുണ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.