നിശ്ചിത നിബന്ധനകളനുസരിച്ച് ബലി പെരുന്നാളിനോടനുബന്ധിച്ച് ബലികർമ്മം നടത്തപ്പെടുന്ന മൃഗത്തിനാണ് ഉളുഹിയ്യത്ത് എന്ന് പറയുന്നത്. വിശ്വാസികളുടെ ബലികർമ്മങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉളുഹിയ്യത്ത്. ബലിപെരുന്നാളിലെ ഏറ്റവും മുഖ്യമായ പുണ്യകർമ്മവുമാണത്. വിശുദ്ധ ഖുർആൻ, തിരു സുന്നത്ത്, ഇജ്മാഅ് എന്നീ പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടതും ഇസ്ലാമിന്റെ ശിആറുകളിൽ ഏറെ പ്രാധാന്യമുള്ളതുമായ ആചാരവുമാണത്. ഉള്ഹിയ്യത്ത് കർമ്മത്തിന്റെ പ്രതിഫലവും പ്രാധാന്യവും വ്യക്തമാക്കുന്ന നിരവധി ഹദീസുകളുണ്ട്. ആയിഷ (റ ) നിവേദനം : റസൂലുല്ലാഹി (സ) പറഞ്ഞു : ബലിപെരുന്നാൾ ദിനത്തിൽ ഉള്ഹിയ്യത്ത് അറവിനേക്കാൾ പ്രതിഫലാർഹമായ കർമ്മം മനുഷ്യന് ചെയ്യാനില്ല. ബലിമൃഗം അതിന്റെ കൊമ്പുകളും, കുളമ്പുകളും, രോമങ്ങളുമടക്കം അന്ത്യനാളിൽ വരുന്നതാണ്. രക്തം ഭൂമിയിൽ വീഴും മുമ്പ് അല്ലാഹുവിങ്കൽ അത് വലിയ സ്ഥാനത്ത് സംഭവിക്കും. അതിനാൽ നല്ല മനസ്സോടെ ഉള്ഹിയ്യത്ത് നിർവഹിക്കുവീൻ. (തുർമുദി) ഹുസൈൻ (റ) റിപ്പോർട്ട് ചെയ്യുന്നു: നബി (സ) പറഞ്ഞു : നല്ല മനസ്സോടെയും പ്രതീക്ഷയോടെയും ആരെങ്കിലും ഉള്ഹിയ്യത്ത് നിർവ്വഹിച്ചാൽ അത് അവന് നരകത്തെ തൊട്ട് മറയാകുന്നതാണ്. (ത്വബ്റാനി).
ബലിപെരുന്നാൾ രാവും പകലും തന്റെയും ആശ്രിതരുടെയും ചെലവുകൾ കഴിച്ച് ഉള്ഹിയ്യത്ത് നിർവഹിക്കാൻ ആവശ്യമായ ധനമുള്ള, ബുദ്ധിയും പ്രായപൂർത്തിയും വിവേകവുമുള്ള, സ്വതന്ത്രരായ എല്ലാ മുസ്‌ലിമിനും ഉള്ഹിയ്യത്ത് അറവ് നടത്തൽ ശക്തമായ സുന്നത്താകുന്നു. ഉള്ഹിയ്യത്ത് അറവ് നടത്താൻ നേർച്ചയാക്കിയാൽ ആ അറവ് നിർബന്ധമായിത്തീരുന്നതാണ്. ഉള്ഹിയ്യത്ത് നിർബന്ധമാണെന്ന് ഇമാം അബൂ ഹനീഫ (റ) അടക്കമുള്ള പല പണ്ഡിതർക്കും അഭിപ്രായമുള്ളതിനാൽ ഉള്ഹിയ്യത്ത് അറവ് ഒഴിവാക്കൽ കറാഹത്താകുന്നു. ജീവിതത്തിലൊരിക്കൽ മാത്രമല്ല ഉള്ഹിയ്യത്ത് സുന്നത്തുള്ളത്. ഓരോ വർഷവും ബലി പെരുന്നാളിനോടനുബന്ധിച്ച് മേൽപ്പറഞ്ഞ വിധം സാമ്പത്തിക ശേഷിയുള്ളവർക്ക് ഉളുഹിയ്യത്ത് അറവ് നടത്തൽ സുന്നത്ത് തന്നെയാണ്. ഉളുഹിയ്യത്ത് സുന്നത്ത് എന്ന് പറഞ്ഞത് നമുക്കാണ്. എന്നാൽ നബി (സ) തങ്ങൾക്ക് അത് നിർബന്ധമായിരുന്നു. "ബലി അറവ് എനിക്ക് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ നിങ്ങൾക്ക് അത് നിർബന്ധമില്ല" എന്ന് ദാറഖുത്വനിയുടെ റിപ്പോർട്ടിൽ കാണാം. കുട്ടിക്ക് വേണ്ടി പിതാവ്, പിതാമഹൻ എന്നിവർ അവരുടെ ധനമുപയോഗിച്ച് അവരുടെ രക്ഷാധികാരത്തിലുള്ള കുട്ടിക്ക് വേണ്ടി ഉള്ഹിയ്യത്ത് അറുക്കൽ അനുവദനീയമാണ്. കുട്ടിയുടെ ധനമുപയോഗിച്ച് പറ്റില്ല. സ്വന്തം ധനം ഉപയോഗിച്ച് കുട്ടിക്ക് വേണ്ടി ഉള്ഹിയ്യത്ത് അറുക്കാനുള്ള അനുവാദം തന്നെ കുട്ടിയുടെ പിതാവിനും പിതാമഹനും മാത്രമാണ്. മറ്റു രക്ഷിതാക്കൾക്ക് ഈ അനുവാദമില്ല. ഇമാം ഇബ്നു ഹജർ(റ) എഴുതുന്നു. പിതാവ് പിതാമഹൻ തന്റെ ധനത്തിൽ നിന്ന് തന്റെ രക്ഷാധികാരത്തിലുള്ള കുട്ടിക്ക് വേണ്ടി ഉള്ഹിയ്യത്ത് നിർവ്വഹിക്കൽ അനുവദനീയമാണ്.മറ്റു രക്ഷിതാക്കൾക്ക് ഇത് അനുവദനീയമല്ല. കുട്ടിക്ക് വല്ലതും സ്വന്തമായി ഉടമപ്പെടുത്തിക്കൊടുക്കാനുള്ള സ്വാതന്ത്ര്യം പിതാ വിനും പിതാമഹനും മാത്രമേയുള്ളൂ. മറ്റാർക്കുമില്ല. അതിനാൽ മറ്റുള്ളവരുടെ രക്ഷാധികാരത്തിന് ഇവിടെ ദൗർബല്യമുണ്ട്. (തുഹ്ഫ 9-367) മരിച്ചവർക്ക് വേണ്ടി മരിച്ച വ്യക്തിക്ക് വേണ്ടി അവന്റെ വസ്വിയ്യത്ത് ഇല്ലാതെ ഉള്ഹിയ്യത്ത് നിർവ്വഹിക്കൽ അനുവദനീയമല്ല. അത് ശരിയാവു കയുമില്ല. മരണത്തിനു മുമ്പ് അദ്ദേഹം വസ്വിയ്യത്ത് ചെയ്തിട്ടു ണ്ടെങ്കിൽ അദ്ദേഹത്തിനു വേണ്ടി ഉള്ഹിയ്യത്ത് നടത്തൽ സ്വഹീ ഹാകുന്നതാണ്. മയ്യിത്തിന് വേണ്ടി -വസ്വിയ്യത്ത് പ്രകാരം ഉള്ഹിയ്യത്ത് നടത്തിയവൻ ആ ഉള്ഹിയ്യത്ത് മുഴുവനും സ്വദഖ ചെയ്യൽ നിർ ബന്ധമാണ്. സ്വന്തത്തിനു വേണ്ടിയോ അവൻ ചെലവ് കൊടു ക്കൽ നിർബന്ധമുള്ളവർക്ക് വേണ്ടിയോ അതിൽ നിന്നെടുക്കാ ൻ പറ്റില്ല. മയ്യിത്തിന്റെ അനന്തരാവകാശിയാണെങ്കിലും അല്ലെ ങ്കിലും വസ്വിയ്യത്തിലൂടെ ഏൽപ്പിക്കപ്പെട്ടവനാണ് അത് കെ കാര്യം ചെയ്യേണ്ടത്. മറ്റു അവകാശികൾക്ക് അതിൽ പങ്കില്ല. വസ്വിയ്യത്ത് ഏൽപ്പിക്കപ്പെട്ടവനല്ലാത്ത മറ്റു അവകാശികൾക്ക് അതിൽ നിന്ന് ഭക്ഷിപ്പിക്കാവുന്നതാണ്. (തുഹ്ഫ 9-368) മരിച്ച വ്യക്തിക്ക് വേണ്ടി വസ്വിയ്യത്ത് പ്രകാരം ഉള്ഹിയ്യ ത്ത് നടത്തിയവൻ അതിൽ നിന്ന് ഭക്ഷിക്കൽ അനുവദനീയമല്ല. ധനികർക്ക് അതിൽ നിന്ന് നൽകാനും പറ്റില്ല. (മുഗ് നി 4-134).
സുന്നത്തായ സ്വദഖയെക്കുറിച്ച് പറഞ്ഞിട്ടുള്ളതു പോലെ തന്റെയും ആശ്രിതരുടെയും ചെലവുകൾ കഴിഞ്ഞതിനു ശേഷം ധനം മിച്ചമുള്ളവർക്കാണ് ഉള്ഹിയ്യത്ത് സുന്നത്തുള്ളത് എന്നാണ് കർമ്മശാസ്ത്ര ഇമാമുകൾ പറഞ്ഞിട്ടുള്ളത്. ചെലവ് നൽകൽ നിർബന്ധമുള്ളവരുടെ ഇന്നത്തെ ചെലവുകൾക്ക് ആവശ്യമായത് സ്വദഖ ചെയ്യൽ ഹറാമാണെന്നുണ്ട്. സുന്നത്തിനു വേണ്ടി നിർബന്ധമായത് ഒഴിവാക്കാൻ പറ്റില്ല എന്നതാണ് കാരണം. ഇപ്രകാരം തന്നെ കടംവീട്ടാൻ ആവശ്യമായ ധനം സ്വദഖ ചെയ്യലും ഹറാമാണ്. കടം വീട്ടാൻ ആവശ്യമായ സമയത്ത് അതിനുള്ള ധനം സാധാരണ മാർഗത്തിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയില്ലെങ്കിലാണ് ഈ ഹറാം വരുന്നത് ആവശ്യമായ സമയത്ത് കടം വീട്ടാനുള്ള ധനം സാധാരണ വഴിയിലൂടെ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ കൈവശമുള്ളത് സ്വദഖ ചെയ്യുന്നതിനു തടസ്സമില്ല. ഇക്കാര്യങ്ങളെല്ലാം ഇമാം ഇബ്നുഹജർ (റ) (തുഹ്ഫ 7-180) ൽ വിശദീകരിച്ചിട്ടുണ്ട്. കടബാധ്യതയുള്ളവർക്ക് ഉള്ഹിയ്യത്ത് സുന്നത്തില്ലെന്ന് നിരുപാധികം പറഞ്ഞുകൂടാ എന്ന് വ്യക്തമാണ്. കടം വീട്ടാൻ ആവശ്യമായതിലപ്പുറമുള്ള ധനം നിലവിൽ തന്നെയുണ്ടെങ്കിൽ ഉള്ഹിയ്യത്ത് സുന്നത്ത് തന്നെയാണ്. കടം വീട്ടൽ നിർബന്ധമായ സമയത്ത് അതിനാവശ്യമായ ധനം മറ്റു വഴിയിലൂടെ പ്രതീക്ഷി ക്കുന്നവനും നിലവിലുള്ള ധനമുപയോഗിച്ച് ഉള്ഹിയ്യത്ത് നിർവ ഹിക്കുന്നത് തെറ്റല്ല. അതേസമയം കടം വീട്ടാൻ ആവശ്യമായ ധനം മറ്റു വഴിയിലൂടെ പ്രതീക്ഷിക്കുന്നില്ലെങ്കിൽ അതിനാവശ്യമുള്ളത് ഉള്ഹി യ്യത്തിനുപയോഗിച്ച് കടം നീട്ടിവെക്കുന്നത് തെറ്റ് തന്നെയാണ്. കടബാധ്യത തീർക്കൽ ഏറെ ഗൗരവത്തിൽ ശ്രദ്ധിക്കേണ്ടതും മുൻഗണന നൽകേണ്ടതുമായ കാര്യമാണ്.
ഉള്ഹിയത് ഉദ്ദേശിച്ച വ്യക്തി തന്റെ ശരീരത്തിൽനിന്ന് രോമങ്ങളും മറ്റും നീക്കം ചെയ്യുന്നതിന് നിരോധനമുണ്ട്. ദുൽഹജ്ജ് മാസം ആരംഭിച്ചത് മുതലാണ് ഈ നിരോധനം. അതിനു മുമ്പില്ല. റസൂൽകരീം(സ്വ) പറയുന്നു. അറവ് ഉള്ളവൻ ദുൽ ഹജ്ജ് മാസമായാൽ പിന്നെ ഉള്ഹിയ്യത്ത് അറുക്കുന്നത് വരെ അവന്റെ നഖവും മുടിയും ഒന്നും നീക്കം ചെയ്യരുത്. (മുസ്ലിം) ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവൻ ദുൽഹജ്ജ് മാസമായാൽ അറവു കഴിയുന്നതിനു മുമ്പായി ആവശ്യമില്ലാതെ നഖം, മുടി,തുടങ്ങിയവ നീക്കം ചെയ്യാതിരിക്കൽ സുന്നത്തും നീക്കം ചെയ്യൽ കറാഹത്തുമാണ്. ഹറാമാണെന്ന അഭിപ്രായവുമുണ്ട്. തലമുടി, താടി, മീശ, കക്ഷരോമം, തുടങ്ങിയവക്കെല്ലാം ഈ വിധി ബാധകമാണ്. രക്തത്തിനും ഈ വിധി ബാധക മാണെന്നും അതിനാൽ രക്തമെടുക്കുന്നതും കറാഹത്താണ ന്നും പറഞ്ഞ കർമശാസ്ത്ര ഇമാമുകളുണ്ട്. ഉള്ഹിയ്യത്ത് അറവ് വരെയാണ് ഈ കറാഹത്തുള്ളത്. അറവ് കഴിഞ്ഞാൽ ഈ കറാഹത്ത് ഒഴിവാകുന്നതാണ്. ദുൽഹ ജ്ജ് പതിമൂന്നിന്റെ മിബ് വരെ ഉള്ഹിയ്യത്തിന് സമയമുണ്ട ല്ലോ, പതിമൂന്നിനാണ് അറവ് എങ്കിൽ ആ അറവ് വരെ കറാഹത്ത് തുടരുന്നതും പത്തിന് തന്നെ അറവ് നടത്തിയാൽ അതോടെ കറാഹത്ത് ഒഴിവാകുന്നതുമാണ്. ഒന്നിലധികം മൃഗങ്ങളെ ഉള്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശി ച്ചവനാണെങ്കിൽ ഒന്നാമത്തെ അറവ് കൊണ്ട് തന്നെ കറാഹത്ത് നീങ്ങുന്നതാണ് അതിനു ശേഷം മുടിയും മറ്റും നീക്കം ചെയ്യൽ കറാഹത്തില്ല. എന്നാലും തന്റെ ഉള്ഹിയ്യത്ത് മൃഗങ്ങളെ മുഴുവനും അറുക്കുന്നത് വരെ മുടിയും നഖവും നീക്കം ചെയ്യാതിരിക്കൽ തന്നെയാണ് ഉത്തമം. ഉള്ഹിയ്യത്ത് നേർച്ചയാക്കിയവന് ഉള്ഹിയ്യത്ത് നിർബന്ധ മാണെങ്കിലും അവൻ ഉള്ഹിയ്യത്ത് ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ മാത്രമേ മേൽപ്പറഞ്ഞ കറാഹത്ത് അവന് ബാധകമാവുകയുള്ളൂ. നേർച്ചയാക്കി എന്നതുകൊണ്ട് മാത്രം മേൽപ്പറഞ്ഞ കറാഹത്ത് വരില്ല. ചിലപ്പോൾ നിർബന്ധമായ കാര്യം അവൻ നിർവ്വഹിക്കാതിരു ന്നേക്കുമല്ലോ. ഉള്ഹിയ്യത്ത് നേർച്ചയാക്കുകയും അത് ഉദ്ദേശിക്കുകയും ചെയ്തവൻ ദുൽഹജ്ജ് പതിമൂന്നിന്റെ മിഗ്രിബിന് മുമ്പ് തന്നെ അറവ് നടത്തൽ നിർബന്ധമാണ്. അതിനു മുമ്പ് അറുത്തില്ലെങ്കിൽ പതിമൂന്നിന്റെ മിഗ്രിബിന് ശേഷമാണെങ്കിലും എത്രയും വേഗത്തിൽ അറവ് നിർബന്ധമാണ്. ഈ രൂപത്തിൽ പതിമൂന്നിന് ശേഷവും അറവ് വരെ കറാഹത്ത് തുടരുന്നതാണ്. ഉള്ഹിയ്യത്ത് മുഖേന ലഭിക്കുന്ന പാപമോചനവും നരക മോചനവും ശരീരത്തെ പൂർണ്ണമായും ഉൾപ്പെടുത്തുക എന്നതാണ് നഖവും മുടിയും മറ്റും നീക്കംചെയ്യൽ കറാഹത്തായതിന്റെ യുക്തി. ജുമുഅക്ക് വേണ്ടി നഖവും മറ്റും നീക്കം ചെയ്യൽ പൊതുവേ സുന്നത്താണെങ്കിലും ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവന് ഉള്ഹിയ്യത്ത് അറവിന് മുമ്പായി ദുൽഹജ്ജ് മാസത്തിൽ വെള്ളി യാഴ്ചയിലാണെങ്കിലും അവ നീക്കം ചെയ്യൽ സുന്നത്തല്ല. കറാഹത്താണ്. നീക്കം ചെയ്യേണ്ടതായ പ്രത്യേക ആവശ്യമില്ലാതെ നീക്കം ചെയ്യലാണ് കറാഹത്ത്. ആവശ്യമുണ്ടെങ്കിൽ ഹറാമും കറാഹത്തുമില്ല. വേദനയുള്ള പല്ല് പറിച്ചൊഴിവാക്കുന്നതിന് വിരോധമില്ല. (തുഹ്ഫ 9-347)
ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങൾ മാത്രമേ ഉള്ഹിയ്യത്ത് നിർവ്വഹിക്കാൻ പറ്റുകയുള്ളൂ. പോത്തും മൂരിയും കാളയും പശുവും എരുമയുമെല്ലാം മാട് വർഗ്ഗത്തിൽ പെട്ടവയാകുന്നു. അവയെല്ലാം ഉള്ഹിയ്യത്തിന് സ്വീകാര്യമാണ്. എന്നാൽ കാട്ടു പോത്തും കാട്ടു പശുവും ഉള്ഹിയ്യത്തിന് പറ്റില്ല. ഉള്ഹിയ്യത്ത് മൃഗങ്ങളിൽ പെട്ട വ്യത്യസ്ത വർഗ്ഗങ്ങൾ ഇണചേർന്നുണ്ടായത് ഉള്ഹിയ്യത്തിന് സ്വീകാര്യമാണ്. എന്നാൽ ഉള്ഹിയ്യത്ത് മൃഗങ്ങളിൽ പെട്ടതും പെടാത്തതും തമ്മിൽ ഇണചേർന്നുണ്ടായത് പറ്റില്ല. ഉദാഹരണത്തിന് ഒട്ടകവും മാടും ഇണചേർന്നുണ്ടായത് സ്വീകാര്യവും ആടും മാനും ഇണ ചേർന്നുണ്ടായത് അസ്വീകാര്യവുമാണ്.
ഉള്ഹിയ്യത്ത് മൃഗത്തിന് നിശ്ചിത വയസ്സ് നിബന്ധനയുണ്ട്. പ്രസ്തുത പ്രായമെത്തിയിട്ടില്ലാത്ത മൃഗത്തെ അറവു നടത്തിയാൽ ഉള്ഹിയ്യത്ത് ലഭിക്കുകയില്ല. ഒട്ടകം അഞ്ച് വയസ്സ് പൂർത്തിയായതായിരിക്കണം. അഥവാ ആറാം വയസ്സിൽ പ്രവേശിക്കണം. മാട് മൂന്നാം വയസ്സിലേക്ക് പ്രവേശിക്കണം. കോലാടും മൂന്നാം വയസ്സിലേക്ക് പ്രവേ ശിക്കണം. നെയ്യാടിന് ഒരു വയസ്സ് പൂർത്തിയാവുകയോ അതിനു മുമ്പ് പല്ല് പറിയുകയോ വേണം. ഇമാം ഇബ്നുഹജർ (റ) വിശദീകരിക്കുന്നു. ഒട്ടകത്തിന്റെ നിബന്ധന ആറാം വയസ്സിൽ പ്രവേശിക്കലാകുന്നു, മാടിന്റെയും കോലാടിന്റെയും നിബന്ധന മൂന്നാം വയസ്സിൽ പ്രവേശി കലാണ്. നെയ്യാടാണെങ്കിൽ രണ്ടാം വയസ്സിൽ പ്രവേശിച്ചി രിക്കണം. അതിനുമുമ്പ് പല്ല് പറിഞ്ഞിട്ടില്ലെങ്കിലാണിത്. പല്ല പറിഞ്ഞിട്ടുണ്ടെങ്കിൽ അത് മതിയാകുന്നതാണ്. (തുഹ്ഫ 9-348) നെയ്യാടിന് ഒരു വയസ്സ് പൂർത്തിയാകുന്നത് മനുഷ്യന് പതിനഞ്ച് വയസ്സായി പ്രായപൂർത്തിയാകുന്നതിനും പല്ല് പറിയുന്നത് സ്ഖലനം മുഖേന പ്രായപൂർത്തിയാകുന്നതിനും തുല്യമാണെന്നും എന്നാൽ പല്ല് പറിയുന്നത് സാധാരണ പല്ല് പറിയാറുള്ള പ്രായത്തിലായിരിക്കണമെന്നും അത് ആറു മാസമാണന്നും കർമ്മശാസ്ത്ര ഇമാമുകളിൽ പലരും വ്യക്തമാക്കിയിരിക്കുന്നു. (ഹാശിയത്തുൽ ജമൽ5-250/ ഹാശിയത്തുൽ ബുജൈരിമി 4-295 കാണുക) ഉള്ഹിയ്യത്ത് മൃഗങ്ങളിൽ വ്യത്യസ്ത വർഗ്ഗങ്ങൾ ഇണ ചേർന്നുണ്ടായതിനെ ഉള്ഹിയ്യത്ത് അറുക്കുമ്പോൾ കൂടുതൽ വയസ്സ് എതിനാണോ വേണ്ടത് അതിന്റെ വയസ്സാണ് പരിഗണിക്കേണ്ടത്. ഉദാഹരണത്തിന് ഒട്ടകവും മാടും ചേർന്നുണ്ടായതിന് അഞ്ച് വയസ്സും കോലാടും നെയ്യാടും ഇണചേർന്നുണ്ടായതിന് രണ്ടു വയസ്സും പൂർത്തിയായിരിക്കണം. ഉള്ഹിയ്യത്ത് മൃഗത്തിന്റെ വയസ്സറിയുന്നതിനുള്ള മാനദണ്ഡം അത്തരം മൃഗങ്ങളെക്കുറിച്ച് അറിവും പരിചയവുമുള്ളവരുടെ നിഗമനങ്ങളാണ്. അവരുടെ നിഗമനം ആവശ്യമായ വയസ്സ് പൂർത്തിയായിട്ടുണ്ടെന്നാണെങ്കിൽ അത് അവലംബിച്ചു കൊണ്ട് ആ മൃഗത്തെ ഉള്ഹിയത്ത് അറവ് നടത്താവുന്നതാണ്. മൃഗത്തെ വിശ്വസ്തനായ ഒരാളിൽ നിന്ന് വാങ്ങുമ്പോൾ ആ മൃഗം അദ്ദേഹത്തിന്റെ കൈവശം പ്രസവിക്കപ്പെട്ടതാണെങ്കിൽ അദ്ദേഹത്തിന്റെ വാക്ക് സ്വീകരിക്കാവുന്നതാണ്.
ഒരു വ്യക്തിക്ക് ഉള്ഹിയ്യത്ത് ലഭിക്കാൻ ഏറ്റവും ചുരുങ്ങിയത് ഒരാടോ, ഒട്ടകം, മാട് എന്നിവയുടെ എഴിലൊന്നോ വേണം. അഥവാ ഉള്ഹിയ്യത്തിന്റെ മിനിമം ഒരാട്, അല്ലെങ്കിൽ ഒട്ടകത്തിന്റെയോ മാടിന്റെയോ ഏഴിലൊന്ന് ആകുന്നു. അതിൽ കുറഞ്ഞത്. കൊണ്ട് ഉള്ഹിയ്യത്ത് ലഭിക്കുകയില്ല. എന്നാൽ കൂടിയ ഉള്ഹിയ്യത്തിന് നിശ്ചിത പരിധിയില്ല. എത്രയുമാകാവുന്നതാണ്. അഥവാ ഉള്ഹിയ്യത്തിന്റെ നിയ്യത്തോടെ എത്ര മൃഗങ്ങളെ അറവ് നടത്തിയാലും അതെല്ലാം ഉള്ഹിയ്യത്തായി പരിഗണിക്കപ്പെടുന്നതാണ്. ഇമാം ഇബ്നു ഖാസിം(റ) എഴുതുന്നു: ഏഴാടുകളിലേറെയോ ഒരു ഒട്ടകത്തിലേറെയോ മൃഗങ്ങളെ ഉള്ഹിയ്യത്തറു ത്താൽ എല്ലാം ഉള്ഹിയത്തായി സംഭവിക്കുമോ? ചിന്തിക്കേണ്ടതുണ്ട്. എല്ലാം ഉള്ഹിയ്യത്തായി സംഭവിക്കുമെന്നും ഏറ്റവും കൂടിയ ഉള്ഹിയ്യത്തിന് പരിധിയില്ലെന്നും തന്നെയാണ് മനസ്സി ലാകുന്നത്. ഇതിനെതിരിൽ വ്യക്തമായ ഉദ്ധരണി എത്തിക്കപ്പെട്ടില്ലെങ്കിൽ ഇതുതന്നെയാണ് പ്രബലം. ഈ പ്രസ്താവന ഉദ്ധരിച്ചതിനുശേഷം അല്ലാമ അബ്ദുൽ ഹമീദു ശ്ശർവാനി(റ) പറയുന്നു. നബി (സ്വ) നൂറ് ഒട്ടകങ്ങളെ അറുത്തു എന്നത് ഇതിന് രേഖയാകുന്നു. (ഹാശിയതു തുഹ്ഫ 9-350) ഏഴു പേർക്ക് ഒരു മൃഗം ഉള്ഹിയ്യത്തിന്റെ മിനിമം ഒരു ആട് അല്ലെങ്കിൽ ഒട്ടകത്തി ന്റെയോ മാടിന്റെയോ ഏഴിലൊന്ന് ആണല്ലോ. അതിനാൽ ഒരു ഒട്ടകം അല്ലെങ്കിൽ ഒരു മാട് ഏഴ് പേരുടെ ഉള്ഹിയ്യത്തിന് മതിയാകുന്നതാണ്. ഒട്ടകം, കാള, പോത്ത്, മൂരി, പശു, എരുമ, എന്നി വയിലെല്ലാം ഏഴുപേർ പങ്കാളികളാകാവുന്നതാണ്. ഏഴിൽ കൂടാൻ പറ്റില്ല, കുറയാവുന്നതാണ്. ചുരുങ്ങിയത് മൃഗത്തിന്റെ “ഏഴിലൊന്ന് ഓരോരുത്തർക്കും അവകാശമുണ്ടായിരിക്കണം. ഒരു മൃഗത്തിൽ എട്ടു പേർ പങ്കു ചേർന്നാൽ ഓരോരുത്തർക്കും എട്ടിലൊന്നാണല്ലോ അവ കാശം. ഏഴിലൊന്നല്ല. അതിനാൽ അവരിലാർക്കും ഉള്ഹിയ്യത്ത് ലഭിക്കുകയില്ല. ആട് ഒരാൾക്കേ പറ്റൂ. ആടിൽ ഷെയർ പറ്റില്ല. ആടിൽ ഷെയറായാൽ ആർക്കും ഉള്ഹിയ്യത്ത് ലഭിക്കുന്നതല്ല. ഇമാം ഇബ്നുഹജർ(റ) എഴുതുന്നു : ഒട്ടകവും മാടും ഏഴ് പേർക്ക് മതിയാകുന്നതാണ്. ഏഴ് എന്നതുകൊണ്ട് എട്ട് പുറത്ത് പോയിരിക്കുന്നു. ഏഴ് പേരെ ഉള്ളൂ എന്ന ധാരണയിൽ എട്ടുപേർ ഷെയറായി ഒരു മൃഗത്തെ അറവ് നടത്തിയാൽ അവരിൽ ഒരാൾക്കും ഉള്ഹിയ്യത്ത് ലഭിക്കുകയില്ല. ആട് ഒരാൾക്ക് മാത്രമേ പറ്റൂ. ഒന്നിലധികം പേർക്ക് പറ്റില്ല. ( തുഹ്ഫ 9 ) അല്ലാമഃഖൽയൂബി(റ) എഴുതുന്നു: ഒട്ടകത്തിലും മാടിലും ഏഴ് പേരോ അതിൽ കുറഞ്ഞവരോ പങ്കുചേരൽ അനുവദനീ യമാണ്. (ഖൽയൂബി 4/256)
ഉള്ഹിയത്തിന് വേണ്ടിയുള്ള കൂട്ടായ ശ്രമം പുണ്യകർമ്മം നിർവഹിക്കാനുള്ള അവസരം സൃഷ്ടിക്കുന്നു എന്ന നിലയിൽ പ്രശംസനീയമാകുമ്പോൾ തന്നെ സജീവ ശ്രദ്ധയും അറിവുമില്ലാതിരുന്നാൽ ഉള്ഹിയ്യത്ത് നഷ്ടപ്പെടാൻ കാരണമാകും എന്ന് പറയാതെ വയ്യ. അതിനാൽ സംഘമായി ഉള്ഹിയ്യത്ത് നിർവഹിക്കുമ്പോൾ നിയമങ്ങൾ കൃത്യമായി അറിഞ്ഞും പാലിച്ചും തന്നെ ചെയ്യേണ്ടതുണ്ട്. ഏഴിൽ കൂടുതൽ പേർ ചേർന്ന് ഒന്നിലധികം മൃഗങ്ങളെ അറവ് നടത്തുമ്പോൾ ഏഴിൽ കൂടാത്ത ഓരോ ഗ്രൂപ്പിനുമുള്ള മൃഗം ഇന്നതാണെന്ന് കൃത്യമായി നിർണ്ണയിച്ചതിനു ശേഷമായിരിക്കണം അറവ്. അല്ലാതിരുന്നാൽ ഉള്ഹിയ്യത്ത് നഷ്ടപ്പെടും. പതിനാലു പേർ പണം നൽകി മൊത്തമായി രണ്ടു കാളകളെ വാങ്ങിയാൽ ഓരോ കാളയിലും പതിനാലു പേർക്കും അവകാശം ഉണ്ടാകുന്നതാണ്. അങ്ങനെ രണ്ടു മൃഗങ്ങളെ അറവ് നടത്തിയാൽ ഒരാൾക്ക് പോലും ഉള്ഹിയ്യത്ത് സ്വഹീഹാവുകയില്ല. പതിനാലു പേർക്ക് രണ്ടു മൃഗങ്ങൾ മതിയാകുമല്ലോ എന്ന ചിന്ത കൊണ്ടായില്ല. ഇവിടെ ഓരോ മൃഗത്തിലും പതിനാലു പേർക്കും അവകാശമുണ്ട്. അതിനാൽ ഒരാളുടെ ഓഹരി പതിനാലിലൊന്നാണ് ഏഴിലൊന്നല്ല. രണ്ടു മൃഗത്തിൽ നിന്നായി രണ്ടു പതിനാലിലൊന്നുകൾ കൂടിയാൽ ഏഴിലൊന്നാകുമല്ലോ എന്ന ന്യായം സ്വീകാര്യമല്ല . ഒരു മൃഗത്തിൽ നിന്ന് തന്നെ ഏഴിലൊന്ന് വേണമെന്നാണ് നിയമം. എഴുപത് പേരിൽ നിന്ന് പണം സംഘടിപ്പിച്ച് പത്ത് മൃഗങ്ങളെ വാങ്ങി ഇന്നമൃഗം ഇന്നവരുടേത് എന്ന യാഥൊരു നിർണ്ണയവും ഇല്ലാതെ അറവ് നടത്തുകയാണ് പലരും ചെയ്യുന്നത്. ഇങ്ങനെയാകുമ്പോൾ എല്ലാവരുടെയും ഉള്ഹിയ്യത്ത് നഷ്ടപ്പെടുകയാണ്. ഒന്നിലേറെ മൃഗങ്ങളെ അറവ് നടത്താനുദ്ദേശിക്കുമ്പോൾ ഏഴിൽ കൂടുതൽ അംഗങ്ങൾ ഇല്ലാത്ത ഓരോ ഗ്രൂപ്പിനും ഓരോ "ലീഡർ" എന്ന വിധത്തിൽ ക്രമപ്പെടുത്തുകയും ഓരോ ഗ്രൂപ്പുകാരിൽ നിന്ന് അവരുടെ ലീഡർ പണം സ്വീകരിക്കുകയും അവർക്കുള്ള മൃഗം ആ ലീഡർ വാങ്ങുകയും ചെയ്താൽ മേൽ അപകടം ഒഴിവാക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത്, അറവിനു മുമ്പ് ഓരോ മൃഗത്തിലും ഏഴു പേർക്ക് മാത്രം അവകാശം വരുന്ന വിധം ഓരോ വിഭാഗത്തിനുമുള്ള മൃഗത്തെ കൃത്യമായി നിർണ്ണയിക്കേണ്ടതാണ്. അങ്ങനെ നിർണ്ണയിച്ച് മൃഗങ്ങളെ വേർതിരിച്ചതിനു ശേഷമേ അറവ് നടത്താവൂ. ഇമാം ഇബ്നുഹജർ(റ) എഴുതി; രണ്ടുപേർക്ക് അവകാശമുള്ള രണ്ടാടുകളെ അവർ രണ്ടുപേരും അറവ് നടത്തിയാൽ മതിയാകുന്നതല്ല. പൂർണ്ണമായ ഒരു ആടിനെ രണ്ടുപേരും അറവ് നടത്തിയില്ല എന്നതാണ് കാരണം (തുഹ്ഫ 9-349). ഏഴിലധികം വ്യക്തികൾക്ക് കൂട്ടവകാശമുള്ള രണ്ടു ഒട്ടകത്തെയോ പോത്തുകളെയോ അവർ അറവ് നടത്തിയാലും ഇപ്രകാരം തന്നെയാണ്. അവർക്ക് ഉള്ഹിയ്യത്ത് ലഭിക്കുകയില്ല. രണ്ടിൽ ഒരു മൃഗത്തിലും അവർക്കാർക്കും ഏഴിലൊന്ന് അവകാ ശമില്ലെന്നതാണ് കാരണം. (മുഗ്നി 6-17) ഒന്നിലധികം ആളുകൾ ചേർന്ന് ഒരു മൃഗത്തെ ഉള്ഹിയ്യത്ത് നിർവഹിക്കുമ്പോൾ ഓരോരുത്തർക്കും ചുരുങ്ങിയത് ആ മൃഗത്തിന്റെ ഏഴിലൊന്ന് അവകാശം ഉണ്ടായിരിക്കണം. എട്ടു പേർ തുല്യമായി പണമെടുത്തു കൊണ്ട് ഒരു മൃഗത്തെ വാങ്ങി യാൽ ഓരോരുത്തരുടെയും അവകാശം എട്ടിലൊന്നാണല്ലോ അതിനാൽ ആർക്കും ഉള്ഹിയ്യത്ത് ലഭിക്കുന്നതല്ല. ഒരു മൃഗത്തിന്റെ ഒരു ഏഴിലൊന്ന് രണ്ടുപേർ ഷെയറായി എടുത്താൽ അവർക്കും ഉള്ഹിയ്യത്ത് ലഭിക്കുന്നതല്ല. കാരണം ഏഴിലൊന്നിൽ കുറവാണല്ലോ രണ്ടിൽ ഓരോരുത്തരുടെയും അവകാശം. ഒരു ഏഴിലൊന്ന് ഉടമയാക്കിയവർ അതിൽ തന്റെയും മറ്റൊരാളുടെയും ഉള്ഹിയ്യത്ത് ഒന്നിച്ചു നിയ്യത്ത് ചെയ്താലും അവന്റെ ഉള്ഹിയ്യത്ത് അസാധുവാകുന്നതാണ്. ചുരുക്കത്തിൽ ഒരു ഏഴിലൊന്ന് തനിക്ക് സ്വന്തമായി ഉടമാവകാശമുള്ളതും ആ ഏഴിലൊന്ന് കൊണ്ട് ഒരു ഉള്ഹിയ്യത്ത് മാത്രം നിയ്യത്ത് ചെയ്യുകയും വേണം. അതേസമയം തന്റെ ഉള്ഹിയ്യത്തിന്റെ പ്രതിഫലത്തിൽ മറ്റൊരെയെങ്കിലും പങ്ക് ചേർക്കുന്നതിന് വിരോധമില്ല. തന്റെ ഉള്ഹിയ്യത്തിന് തനിക്ക് ലഭിക്കുന്നത് പോലെയുള്ള പ്രതിഫലം തന്റെ പിതാവിനും നൽകണമെന്ന് പ്രാർത്ഥിക്കാവുന്നതാണ്. അത് പിതാവിന് വേണ്ടി ഉള്ഹിയ്യത്ത് നിർവഹിക്കലല്ല. ഒരു മൃഗത്തിന്റെ അല്ലെങ്കിൽ ഒരു ഷെയറിന്റെ ഉടമാവകാശത്തിൽ മറ്റൊരാളെ പങ്കു ചേർക്കുക. മറ്റൊരാൾക്ക് വേണ്ടി ഉള്ഹിയ്യത്ത് നിർവഹിക്കുക. തന്റെ ഉള്ഹിയ്യത്തിന്റെ പ്രതിഫ ലത്തിൽ മറ്റൊരാളെ പങ്ക് ചേർക്കുക ഇവയെല്ലാം വ്യത്യസ്ത കാര്യങ്ങളാണ്. ഒരു ഏഴിലൊന്ന് കൊണ്ട് ഉള്ഹിയ്യത്ത് നിർവഹി ക്കുന്നവൻ ആ ഏഴിലൊന്നിൽ പൂർണ്ണ ഉടമാവകാശമുള്ളവ നായിരിക്കണം. അല്ലാമഃഖൽയൂബി(റ) എഴുതുന്നു, ഏഴുപേരിൽ ഓരോരുത്തരും അവരവരുടെ ഓഹരികളിൽ സ്വതന്ത്ര ഉടമാവകാശമുള്ള വരായിരിക്കണം.(ഖൽയൂബി 4,251 കാണുക).
മഹല്ല് കമ്മറ്റികളുടെ കീഴിലും മറ്റും കൂട്ടമായ ഉള്ഹിയ്യത്ത് സംഘടിപ്പിക്കുമ്പോൾ നിർബന്ധമായ ഉള്ഹിയ്യത്തിന്റെയും സുന്നത്തായ ഉള്ഹിയ്യത്തിന്റെയും മാംസങ്ങൾ ഒന്നിച്ചു വിതരണം ചെയ്യുന്നതിൽ അപകട സാധ്യത ഏറെ ഉണ്ട്. അത് രണ്ടും തമ്മിൽ നിരവധി വ്യത്യാസങ്ങൾ ഉണ്ട്. നിർബന്ധമായ ഉള്ഹി യ്യത്തിന്റെ മാംസം ധനികർക്കും അഹ്ലുബൈത്തിനും നൽകാൻ പറ്റില്ല. ഉള്ഹിയ്യത്ത് നിർവഹിച്ചവർ അതിൽ നിന്നെടുക്കാനും പറ്റില്ല. ഇവയെല്ലാം ശ്രദ്ധിച്ചും സൂക്ഷിച്ചും മാത്രമേ നിർബന്ധ ഉള്ഹിയ്യത്ത് കൈകാര്യം ചെയ്യാൻ പറ്റൂ. സുന്നത്തായ ഉള്ഹിയ്യത്ത് മൃഗങ്ങളുടെ മാംസം ഒന്നിച്ച് കൂട്ടിയിട്ട് വിതരണം ചെയ്യുമ്പോഴും ഓരോന്നിന്റെയും മാംസത്തിൽ നിന്ന് ഫഖീർ, മിസ്കീനുകൾക്ക് അൽപമെങ്കിലും സ്വദഖ ചെയ്യാൻ ശ്രദ്ധിക്കണം. സുന്നത്തിൽ നിന്ന് ഒരു ഫഖീറിനെ ങ്കിലും സ്വദഖ ചെയ്യൽ നിർബന്ധമാണ്. മുഴുവൻ ധനികർക്ക് ആയിപ്പോകരുത്. പൊതുവായി ഉള്ഹിയ്യത്ത് സംഘടിപ്പിക്കുമ്പോൾ നിർബന്ധമായവയും അല്ലാത്തവയും വേർതിരിച്ച് അറവ് നടത്താനും രണ്ടിന്റെയും മാംസം വ്യത്യസ്ത കൂട്ടങ്ങളായി മാറ്റിയിടാനും ശ്രദ്ധിക്കണം. അതിനുശേഷം നിർബന്ധ ഉള്ഹിയ്യത്തുകളുടെ മാംസ കൂമ്പാരം മുഴുവനും ആ നാട്ടിലെ ഫഖീർ, മിസ്കീനുകൾക്ക് നൽകണം. ധനികർക്കും അഹ്ലു ബൈത്തിനും ആ കൂമ്പാരത്തിൽ നിന്ന് നൽകരുത്. ആ ഉള്ഹിയ്യത്തിന്റെ വക്താക്കൾ അതിൽ നിന്ന് എടുക്കുകയും ചെയ്യരുത്. സുന്നത്തായ ഉള്ഹിയ്യത്തുകളെ മാംസമാക്കുമ്പോൾ തന്നെ ഓരോന്നിൽ നിന്നും ഒരു ഫഖീറിന് നൽകാനുള്ള മാംസം മാറ്റിവെച്ചതിനു ശേഷം ശേഷിക്കുന്നത് സുന്നത്ത് കൂമ്പാര ത്തിലേക്ക് നൽകുക. അങ്ങനെ ഓരോന്നിൽ നിന്നും മാറ്റിവെച്ചത് ഫഖീർ മിസ്കീൻ വിഭാഗങ്ങളിൽ പെട്ടവർക്ക് ശ്രദ്ധാപൂർവ്വം നൽകുക. എങ്കിൽ സുന്നത്ത് കുമ്പാരം മൊത്തവിതരണം നട ത്തിയാലും കുഴപ്പമില്ല. ഇതിലേറെ സൗകര്യം സുന്നത്തായ ഉള്ഹിയ്യത്തുകളെ മാംസമാക്കുമ്പോൾ തന്നെ ഓരോന്നിൽ നിന്നും രണ്ട് കിറ്റ് മാംസം മാറ്റിവെക്കലാണ്. ഒന്ന് ഫഖീറിനും മറ്റൊന്ന് ആ ഉള്ഹിയ്യത്തിന്റെ ഉടമസ്ഥനും. ബാക്കിയുള്ളത് സുന്നത്ത് കൂമ്പാരത്തിലേക്ക് നിക്ഷേപിക്കാം. ഫഖീറിന് മാറ്റിവെച്ചത് ഒരു ഫഖീറിന് നൽകുന്നതിലൂടെ നിർബന്ധ സ്വദഖയുടെ ബാധ്യത തീരുന്നതും ഉടമസ്ഥന് മാറ്റിവെച്ചത് അവൻ ഉപയോഗിക്കുന്നതിലൂടെ സ്വന്തം ഉള്ഹിയ്യത്തിൽ നിന്ന് ബറകത്തിന് വേണ്ടി അൽപം ഭക്ഷിക്കുക എന്ന സുന്നത്ത് അവനു ലഭിക്കുന്നതുമാണ്. സുന്നത്ത് കൂമ്പാരം ദരിദ്രൻ, ധനികൻ എന്ന വ്യത്യാസമില്ലാതെ മൊത്ത വിതരണം നടത്തുകയും ചെയ്യാം. നിശ്ചിത മൃഗം എന്ന സ്വഭാവമില്ലാതെ ഉള്ഹിയ്യത്ത് നേർച്ചയാക്കിയവരും സുന്നത്തായ ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവരും ഒരു മൃഗത്തിൽ പങ്കാളിയാകുന്നതിന് തടസ്സമില്ലെന്നാണ് മനസ്സിലാകുന്നത്. അപ്പോൾ ഒരു മൃഗത്തിൽ തന്നെ സുന്നത്തും നിർബന്ധവും ഒന്നിക്കുന്നതാണ്. നിർബന്ധ ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവന്റെ ഏഴിലൊന്ന് വേർതിരിച്ച് നേർച്ചയുടെ നിയമങ്ങൾ പാലിച്ചുകൊണ്ട് വിതരണം ചെയ്യേണ്ടതാണ്. വിതരണത്തിലെന്ന പോലെ വ്യക്തികളിൽനിന്ന് വകാല ത്ത് ഏറ്റെടുക്കുന്നതിലും നിയ്യത്തിന്റെ കാര്യത്തിലും ഉള്ഹിത്ത് മൃഗങ്ങളുടെ തോലുകൾ കൈകാര്യം ചെയ്യുന്നതിലുമെല്ലാം സംഘാടകർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കൂട്ട് ഉള്ഹിയ്യത്ത് സംഘടിപ്പിച്ച് തോലുകൾ മൊത്ത വിൽപന നടത്തി പണം സ്വദഖ ചെയ്യുന്നവരുണ്ട്. ആ പണം പള്ളി മദ്രസകളിലേക്ക് എടുക്കുന്നവരുമുണ്ട്. ഇവ പറ്റില്ല. ഉള്ഹിയ്യത്ത് നടത്തിയവരോ അവരാൽ ഏൽപ്പിക്കപ്പെട്ട സംഘാട കരോ വിൽപന നടത്തൽ നിഷിദ്ധമാണ്. ഫഖീർ, മിസ്കീനുകൾ കൈവശപ്പെടുത്തിയ ശേഷം അവർ വിൽക്കുന്നതിന് വിരോധമില്ല. അവരെയും തോൽ ആവശ്യക്കാരെയും പരസ്പരം ബന്ധപ്പെടുത്തി കൊടുക്കാവുന്നതാണ്. മേൽ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ മഹല്ല് നിവാസികൾക്ക് മാംസത്തിന്റെ മൊത്ത വിതരണം നടത്താനുള്ള പദ്ധതിയല്ല ഉള്ഹിയ്യത്ത്. കൂട്ട ഓട്ടം സംഘടിപ്പിക്കുന്ന ലാഘവത്തിൽ സംഘടിപ്പിക്കാവുന്നതല്ല ഇസ്ലാമിന്റെ പ്രധാന ശിആറുകളിൽ ഒന്നായ ബലികർമ്മം, നിയമങ്ങൾ അറിഞ്ഞും അനുസരിച്ചും കാര്യങ്ങൾ ചെയ്യാൻ താൽപര്യമുള്ളവർ മാത്രമേ ഈ സംഘാടകത്വം ഏറ്റെടുക്കാവൂ. മഹല്ലു കമ്മിറ്റികൾ ഉള്ഹിയ്യത്ത് സംഘടിപ്പിച്ചേ പറ്റൂ എന്നൊന്നുമില്ല. ശരിയായ രൂപത്തിൽ കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ കഴിയില്ല എന്നാണെങ്കിൽ ഉള്ഹിയ്യത്തിനുള്ള പ്രചോദനം നൽകി മാറി നിൽക്കുന്നതാണ് നല്ലത്. താൽപര്യമുള്ളവർ വ്യക്തിപരമായി തനിച്ചോ ഏഴാളുകൾ ചേർന്നോ ഉള്ഹിയ്യത്ത് നിർവഹിച്ചു കൊള്ളും. അപ്രകാരം ഒറ്റയായും ഏഴു പേർ മാത്ര മുള്ള ചെറു സംഘങ്ങളായും നിർവഹിക്കുമ്പോൾ അപകട സാധ്യത താരതമ്യേന കുറവാണ്. മഹല്ല് നിവാസികളുടെ ഉള്ഹിയ്യത്തുകൾ മഹല്ല് സംവിധാനത്തിന്റെ മേൽനോട്ടത്തിൽ ഒരു സ്ഥലത്തു വെച്ചു തന്നെ അറവ് നടത്തി വിതരണം ചെയ്യുന്നതിൽ ചില സൗകര്യങ്ങളുണ്ടെന്നത് നേരാണ്. അതോടൊപ്പം ചില പ്രശ്നങ്ങളും അതിലുണ്ടെന്നും കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും നാം വിശദീകരി ക്കുകയുണ്ടായി. അതേസമയം മഹല്ലു നിവാസികളുടെ ഉള്ഹിയ്യത്തുകൾ മഹല്ലു കമ്മിറ്റികളെ തന്നെ ഏൽപ്പിക്കണമെന്നും സ്വന്തമായി ആരും നടത്തരുതെന്നുമുള്ള തിട്ടൂരമൊന്നും ആരും പുറപ്പെടുവിക്കരുത്. വ്യക്തികളുടെ താൽപര്യത്തിനനുസരിച്ച് ചെയ്യാവുന്ന കാര്യങ്ങളാണിത്. അതിലപ്പുറം മഹല്ലു കമ്മിറ്റികൾക്ക് ഇതിൽ കാര്യമില്ല. ഒരു വ്യക്തിയുടെ ഉള്ഹിയ്യത്ത് അവന്റെ വീടിന്റെ പരിസരത്ത് വെച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ അറവ് നടത്തലാണ് സുന്നത്ത് എന്നുണ്ട്. സഹകരണവും സൗകര്യവും പരിഗണിക്കുന്നത് തെറ്റാണെന്നല്ല പറയുന്നത്. നികഹിലായാലും ഉള്ഹിയ്യത്തിലായാലും മഹല്ല് കമ്മിറ്റികളുടെയും ജമാഅത്തുകളുടെയും അനാവശ്യ ഇടപെടലുകൾ ശരിയല്ല എന്നാണ് ഓർമ്മപ്പെടുത്തുന്നത് . ഇസ്ലാമിക നിയമങ്ങൾ അറിഞ്ഞും അനുസരിച്ചും കാര്യങ്ങൾ നിർവ്വഹിക്കാനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനുമുള്ള ദൗത്യമാണ് ജമാഅത്തുകൾ ഏറ്റെടുക്കേണ്ടത്. എന്തെങ്കിലും ചെയ്യുക എന്നതിനു പകരം ചെയ്യേണ്ടത് ചെയ്യാൻ ശ്രമിക്കുക. ഉള്ഹിയ്യത്ത് സംഘാടകർ ജാഗ്രത പാലിക്കുക.
സ്വന്തമായി ചെയ്യാൻ അർഹതയുള്ളതും തനിക്ക് വേണ്ടി മറ്റൊരാൾ ചെയ്താൽ മതിയാകുന്നതുമായ ഒരു കാര്യം തന്റെ ജീവിതകാലത്ത് ചെയ്യാൻ വേണ്ടി മറ്റൊരാളെ ഏൽപ്പിക്കുന്നതിനാണ് വകാലത്ത് എന്ന് പറയുന്നത്. ഉള്ഹിയ്യത്ത് കർമ്മത്തിന്റെ വിവിധ തലങ്ങളിൽ വകാലത്ത് സ്വീകാര്യമാണ്. അത് സംബന്ധമായ വിവരങ്ങൾ താഴെ കൊടുക്കുന്നു. 1) അറവിന് മാത്രം മറ്റൊരാളെ ഏൽപിക്കൽ സ്വന്തമായി അറുക്കാൻ അറിവും കഴിവുമുള്ള പുരുഷൻ തന്റെ ഉള്ഹിയ്യത്ത് മൃഗത്തെ സ്വന്തമായി തന്നെ അറുക്കലാണ് സുന്നത്ത്. പുണ്യകർമ്മത്തോട് നേരിട്ട് ബന്ധപ്പെടുക എന്ന മഹത്വം അതിലുണ്ട്. റസൂൽ കരീം സ്വല്ലല്ലാഹു അലൈഹിവ സല്ലം ബലിമൃഗത്തെ സ്വന്തം കരം കൊണ്ട് അറുത്തിട്ടുണ്ട്. അറവ് മറ്റൊരാളെ ഏൽപ്പിക്കലും അനുവദനീയമാണ്. എന്നാൽ സ്ത്രീയുടെ ഉള്ഹിയ്യത്ത് അവൾ മറ്റൊരാളെ ഏൽപ്പിക്കലാണ് സുന്നത്തും ഉത്തമവും. എന്തെങ്കിലും കാരണത്താൽ സ്വന്തമായി അറുക്കാൻ പ്രയാസമുള്ള പുരുഷനും അറവ് മറ്റൊരാളെ ഏൽപ്പിക്കലാണ് നല്ലത്. അറുക്കുന്നവൻ ബുദ്ധിയും പ്രായപൂർത്തിയുമുള്ള പുരുഷനായിരിക്കൽ സുന്നത്താണ്. ഉള്ഹിയ്യത്ത് അറവ് മറ്റൊരാളെ ഏൽപ്പിക്കുമ്പോൾ ഉള്ഹിയ്യത്തിന്റെയും അറിവിന്റെയും ഇസ്ലാമിക നിയമങ്ങൾ അറിയുന്ന വ്യക്തിയെ ഏൽപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇമാം റംലി (റ) എഴുതുന്നു. അറവ് അറിയുന്ന പുരുഷൻ സ്വന്തമായി അറുക്കൽ സുന്നത്താണ്. പുണ്യകർമ്മത്തോട് നേരിട്ട് ബന്ധപ്പെടലും നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയോടുള്ള തുടർച്ചയും അതിലുണ്ട്. സ്ത്രീ അറവിന് വകാലത്താക്കലാണ് സുന്നത്ത്. പുരുഷനും അറവ് മറ്റൊരാളെ ഏൽപ്പിക്കൽ അനുവദനീയമാണ്. ഫിഖ്ഹ് അിറയുന്ന മുസ്ലിമിനെ ഏൽപിക്കലാണ് ഏറ്റവും നല്ലത്.(നിഹായ 8/132) ഇമാം ഖത്വീബുശ്ശർബീനി (റ) എഴുതുന്നു. അറവിന് കഴിയുന്ന പുരുഷൻ സ്വന്തമായി അറുക്കലാണ് സുന്നത്ത്. സ്ത്രീ വകാലത്ത് ഏൽപ്പിക്കൽ തന്നെയാണ് സുന്നത്ത്. രോഗം കാരണമായോ മറ്റോ സ്വന്തം അറുക്കാൻ ക്ഷീണമുള്ളവരെല്ലാം അറവ് മറ്റൊരാളെ ഏൽപ്പിക്കൽ സുന്നത്താണെന്ന് ഇമാം അദ്റഈ പറഞ്ഞിട്ടുണ്ട്. അന്ധനും സ്വന്തമായി അറവ് കറാഹത്തുള്ളവരും അറവിന് പകരമാക്കൽ മുഅക്കദായ സുന്നത്താണ്. അറവിന് മറ്റൊരാളെ ഏൽപ്പിക്കൽ അനുവദനീയമാണെന്ന് ഇമാമുകൾ വ്യക്തമാക്കിയതാണ്. നബി സ്വല്ലല്ലാഹു അലൈ ഹിവസല്ലമ നൂറു ഒട്ടകങ്ങളിൽ അറുപത്തി മൂന്നെണ്ണം സ്വന്തം കരങ്ങൾ കൊണ്ട് അറുക്കുകയും ബാക്കിയുള്ളത് അറുക്കാൻ അലി(റ)നെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉള്ഹിയ്യത്തറവിന്റെ നിയമങ്ങൾ അറിയുന്ന മുസ്ലിമിനെ ഏൽപ്പിക്കലാണ് ഉത്തമം. അന്ധനെയും കുട്ടിയെയും അറവ് ഏൽപ്പിക്കൽ കറാഹത്താണ് (മുഗ്നി ) അറവിന് മാത്രം മറ്റൊരാളെ ഏൽപ്പിക്കുമ്പോൾ ഏൽപ്പിക്കുന്നവൻ തന്നെ നിയ്യത്ത് ചെയ്യേണ്ടതുണ്ട്. അറവിന് ഏൽപ്പിക്കപ്പെട്ടവന് മൃഗത്തെ കൈമാറുന്ന സമയത്തോ ഏൽപ്പിക്കപ്പെട്ടവൻ മൃഗത്തെ അറുക്കുന്ന സമയത്തോ നിയ്യത്ത് ചെയ്യാവുന്നതാണ്. നിയ്യത്തിനെ ക്കുറിച്ചുള്ള വിശദീകരണം പിന്നീട് വായിക്കാം. 2) അറവിനും നിയ്യത്തിനും ഏൽപിക്കൽ ഉള്ഹിയ്യത്തിൽ നിയ്യത്ത് ചെയ്യാൻ വകതിരിവായ മുസ്ലിമായ ഒരാളെ ഏൽപ്പിക്കാവുന്നതാണ്. എങ്കിൽ ആ ഏൽപ്പിക്കപ്പെട്ടവൻ നിയ്യത്ത് ചെയ്താൽ മതിയാകുന്നതാണ്. വകതിരിവുള്ള മുസ്ലിമിനെ അറവിന് ഏൽപ്പിക്കുകയാണെങ്കിൽ നിയ്യത്ത് ചെയ്യാനും അവനെ തന്നെ ഏൽപിക്കാവുന്നതാണ്. അറവിന് ഒരാളെയും നിയ്യത്ത് ചെയ്യാൻ മറ്റൊരാ ളെയും ഏൽപിക്കുന്നതിനും വിരോധമില്ല. നിയ്യത്ത് ഏൽപിക്കപ്പെടുന്നവൻ വകതിരിവായ മുസ്ലിമായിരിക്കണമെന്ന് നിബന്ധനയുണ്ട്. അറവിന് ഒരാളെയും നിയ്യത്തിന് മറ്റൊരാളെയും ഏൽപ്പിക്കപ്പെട്ടാൽ അറവിന് ഏൽപിക്കപ്പെട്ടവൻ അറുക്കുമ്പോൾ നിയ്യത്ത് ഏൽപിക്കപ്പെട്ടവൻ നിയ്യത്ത് ചെയ്താൽ മതിയാകുന്നതാണ്. അറവിന്റെ സമയത്തും അതിനു മുമ്പും നിയ്യത്ത് ചെയ്യാമെന്നും അറവിന് ശേഷമുള്ള നിയ്യത്ത് മതിയാവുകയില്ലെന്നുമുള്ള വിശദീകരണങ്ങൾ പിന്നീട് വായിക്കാവുന്നതാണ്. 3) മൃഗത്തെ വേർതിരിക്കാനും നിയ്യത്ത് ചെയ്യാനും ഏൽപിക്കൽ ഉള്ഹിയ്യത്ത് മൃഗത്തെ വേർതിരിക്കാൻ മറ്റൊരാളെ ഏൽപ്പിക്കാവുന്നതാണ്. അങ്ങനെ മൃഗത്തെ വേർതിരിക്കുന്ന സമയം നിയ്യത്ത് ചെയ്യാനും അദ്ദേഹത്തെ ഏൽപ്പിക്കുന്നതിന് വിരോധമില്ല. ഇമാം ഇബ്നുഖാസിം(റ) എഴുതുന്നു. അറവിന് ഏൽപ്പിക്കപ്പെട്ടവൻ അല്ലാത്ത മറ്റൊരാളെ നിയ്യത്ത് ഏൽപിക്കാം എന്നു പറഞ്ഞതിൽ മൃഗത്തെ വേർതിരിക്കാൻ ഏൽപ്പിക്കപ്പെട്ടവനും ഉൾപ്പെടുന്നുണ്ട്. അപ്പോൾ മൃഗത്തെ വേർതിരിക്കാനും തദ്സമയത്ത് നിയ്യത്ത് ചെയ്യാനും ഒരാളെ ഏൽപ്പിക്കാവുന്നതാണെന്ന് അതിൽ നിന്നും മനസ്സിലാക്കാം.(ഹാശിയതു ഇബ്നു ഖാസിം 9,362) 4) മൃഗത്തെ വാങ്ങി ഉള്ഹിയ്യത്തറുക്കാൻ ഏല്പിക്കൽ തനിക്കുവേണ്ടി നിബന്ധനയൊത്ത ഉള്ഹിയ്യത്ത് മൃഗത്തെ വാങ്ങാനും നിയ്യത്ത് സഹിതം അതിനെ ഉള്ഹിയ്യത്തറുക്കാനുമെല്ലാം മറ്റൊരാളെ ഏൽപ്പിക്കാവുന്നതാണ്. ജാവ, നാട്ടിലുള്ളവർ അവർക്ക് വേണ്ടി മക്കയിൽ ഉള്ഹിയ്യത്ത് മൃഗത്തെ വാങ്ങിക്കാനും അറവ് നടത്താനും വകാലത്താക്കുന്ന പതിവുണ്ട്. ഇത് ശരിയാകുമോ എന്ന ചോദ്യത്തിന് മറുപടിയായി ഇമാം കുർദി (റ) പറയുന്നു. അതെ, അത് ശരിയാണ്. ഉള്ഹിയ്യത്ത് മൃഗത്തെ വാങ്ങാനും അറവു നടത്താനുമെല്ലാം മറ്റൊരാളെ ഏൽപ്പിക്കാവുന്നതാണ്. മറ്റൊരു നാട്ടിൽ വെച്ച് മൃഗം വാങ്ങി അറവ് നടത്താൻ ഏൽപ്പിക്കുന്നതിനും വിരോധമില്ല. വകാലതിന്റെയും ഉള്ഹിയ്യത്തിന്റെയും അധ്യായങ്ങളിൽ ഇമാമുകൾ പറഞ്ഞിട്ടുള്ളതിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. (ഫ താവൽ കുർദി 81) ശൈഖ് സൈനീ ദഹലാൻ (റ) സയ്യിദുൽ ബക്രി (റ) തുടങ്ങിയവർ ഇത് ഉദ്ധരിച്ചിട്ടുണ്ട്. (ഇആനതുത്ത്വാലിബീൻ 2/335 കാണുക) ഇന്ന് വിലക്ക് പകരം ഇന്ന വസ്തുവിനെ എനിക്കു വേണ്ടി നീ വാങ്ങണം എന്ന് ഒരാൾ മറ്റൊരാളോട് പറഞ്ഞു. വസ്തുവിന്റെ വിലയായി നൽകാനുള്ള ധനമൊന്നും ഒന്നാമൻ രണ്ടാമന് കൊടുത്തതുമില്ല, എങ്കിൽ രണ്ടാമൻ അപ്രകാരം വസ്തു വാങ്ങിയാൽ ആ വസ്തു ഒന്നാമനുള്ളതാണെന്നും അതിന്റെ വില ഒന്നാമന്റെ മേൽ കടബാധ്യതയായിത്തീരു മന്നും ഫുഖഹാഅ് പറഞ്ഞിട്ടുണ്ട്. ഇതിന്റെ താരതമ്യനുസരിച്ച് നീ എനിക്ക് വേണ്ടി ഉള്ഹിയ്യത്തറുക്കണം എന്ന് ഒരാൾ മറ്റൊരാളോട് പറഞ്ഞാൽ ഉള്ഹിയ്യത്തിൽ മതിയാകുന്ന മിനിമം മൃഗത്തെ ഒന്നാമൻ രണ്ടാമനിൽ നിന്ന് കടം വാങ്ങലിനെയും നിയ്യത്ത് സഹിതം തനിക്ക് വേണ്ടി അതറുക്കാനുള്ള സമ്മതത്തെയും പ്രസ്തുത വാക്ക് ഉൾക്കൊള്ളുമെന്ന് ഇമാം ഇബ്നു ഹജർ(റ) (തുഹ്ഫ 9,368) ൽ എഴുതി യിട്ടുണ്ട്. ജീവിച്ചിരിപ്പുള്ള മറ്റൊരാൾക്കുവേണ്ടി അവന്റെ സമ്മത പ്രകാരം ഉള്ഹിയ്യത്ത് നിർവഹിക്കുമ്പോൾ അതിന്റെ വിതരണത്തിന് അവന്റെ പ്രത്യേക സമ്മതം അനിവാര്യമാണോ അതല്ലെങ്കിൽ ഉള്ഹിയത്ത് നിർവഹിക്കാനുള്ള സമ്മതം വിതരണത്തിനുള്ള സമ്മതമായും പരിഗണിക്കപ്പെടുമോ എന്ന കാര്യം ചിന്തി ക്കേണ്ടതാണെന്നും ഉള്ഹിയത്തിനുള്ള സമ്മതം തന്നെ വിതരണ ത്തിനുള്ള സമ്മതമായി പരിഗണിക്കാമെന്നത് വിദൂരമല്ലെന്നും ഇമാം ഇബ്നുഹജർ (റ) പറഞ്ഞിട്ടുണ്ട്. (ഹാശിയതു ശറഹിൽ ഈളാഹ് 374).
മാംസത്തെ കുറക്കുന്ന ന്യൂനതയില്ലാത്ത മൃഗമായിരിക്കണം എന്നത് ഉള്ഹിയ്യത്തിന്റെ നിബന്ധനയാണ്. ഇപ്പോൾ മാംസം കുറഞ്ഞിട്ടുണ്ടോ എന്നത് മാത്രമല്ല പരിഗണന, തൽസ മയത്തോ പിന്നീടോ മൃഗത്തിന്റെ ഭോജ്യമായ ഏതെങ്കിലും ഭാഗത്തിന് കുറവ് വരുത്തുന്ന ന്യൂനതകളിൽ നിന്നെല്ലാം സുരക്ഷിതമായിരിക്കണം എന്നതാണ് നിബന്ധന. (തുഹ്ഫ 9,351) ന്യൂനതകൾ മാംസ താല്പര്യക്കാർ ഇഷ്ടപ്പെടാത്ത വിധം മെലിഞ്ഞൊട്ടിയ മൃഗം, പുല്ല് തിന്നാതെ അലഞ്ഞുനടക്കുന്ന ഭ്രാന്തുള്ള മൃഗം, പ്രകടമായ രോഗമോ പ്രത്യക്ഷമായ മുടന്തോ ഉള്ള മൃഗം ഇവയൊന്നും ഉള്ഹിയ്യത്തിന് പറ്റില്ല. ചെവി, വാൽ, അകിട്, നാവ് തുടങ്ങിയവയിൽ നിന്ന് അൽപമെങ്കിലും മുറിച്ചു നീക്കപ്പെട്ട മൃഗവും ഉള്ഹിയ്യത്തിന് സ്വീകാര്യമല്ല. അൽപമെങ്കിലും മുറിച്ച് ഒഴിവാക്കപ്പെട്ടത് പറ്റില്ല എന്ന് പറഞ്ഞത് കൊണ്ട് ചെവി മുഴുവൻ മുറിക്കപ്പെട്ടതും ജന്മനാ ചെവിയില്ലാത്തതും മതിയാവുകയില്ലെന്ന് വ്യക്തമാണ്. അൽപം പോലും നഷ്ടപ്പെടാതെ ചെവിക്ക് കീറലോ വിള്ളലോ ഓട്ടയോ ഉണ്ടാകുന്നത് കൊണ്ട് കുഴപ്പമില്ല. പല്ലുകൾ മുഴുവനും നഷ്ടപ്പെട്ട മൃഗം ഉള്ഹിയ്യത്തിന് സ്വീകാര്യമല്ല. മുഴുവൻ പല്ലുകളും പോയിട്ടില്ല പക്ഷേ ഭൂരിഭാഗം പല്ലുകളും പോയിരിക്കുന്നു എങ്കിൽ അത് തീറ്റയെ ബാധിച്ചിട്ടില്ലെങ്കിൽ കുഴപ്പമില്ല. തീറ്റയെ ബാധിച്ചിട്ടുണ്ടെങ്കിൽ അതും കുഴപ്പം തന്നെയാണ്. ഒരു കണ്ണിനെങ്കിലും പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ട മൃഗം പറ്റില്ല. കാഴ്ച കുറഞ്ഞു അല്ലെങ്കിൽ രാത്രിയിൽ കാഴ്ചയില്ല എന്നത് പ്രശ്നമല്ല അത് ഉള്ഹിയ്യത്തിന് മതിയാകുന്നതാണ്. എല്ല് പൊട്ടൽ ന്യൂനതയാണ്. അറവിന് കിടത്തുമ്പോൾ അത്തരം ന്യൂനത വരാതെ ശ്രദ്ധിക്കണം.അറവിന് കിടത്തുമ്പോൾ സംഭവിച്ചതാണെങ്കിലും കാലൊടിയലും എല്ല് പൊട്ടലുമെല്ലാം ന്യൂനത തന്നെയാണ്. ചെറിയ തോതിലാണെങ്കിലും ചൊറി ബാധിച്ച മൃഗവും വ്രണമുള്ളതും ചെവിക്കോ മറ്റോ തളർവാതം വന്നതും ഉള്ഹിയ്യത്തിന് പറ്റില്ല. ഗർഭമുള്ള മൃഗത്തെ ഉള്ഹിയ്യത്ത് പറ്റില്ലെന്നാണ് പ്രബലം. ഉള്ഹിയ്യത്ത് മൃഗത്തിന്റെ നിബന്ധനകളും.ഉള്ഹിയ്യത്തിന് തടസ്സമായ ന്യൂനതകളുമാണ് മുകളിൽ വിശദീകരിച്ചത്. ന്യൂനത കളില്ലാത്ത നിബന്ധനകൾ പൂർണ്ണമായ മൃഗത്തെയാണ് ഉള്ഹിയ്യ ത്തിന് തെരഞ്ഞെടുക്കേണ്ടതും അറവ് നടത്തേണ്ടതും, എങ്കിലേ ഉള്ഹിയ്യത്ത് ലഭിക്കുകയുള്ളൂ. അതേസമയം നിബന്ധനകൾ പൂർണ്ണമല്ലെങ്കിലും നിശ്ചിത മൃഗത്തെ ഉള്ഹിയ്യത്ത് അറവ് നേർച്ചയാക്കിയാൽ അതിനെ അറവ് നടത്തൽ നിർബന്ധം തന്നയാണ്. അത് സംബന്ധമായ വിശദീകരണം പിന്നീട് വായിക്കാം, ഇൻശാ അല്ലാഹ്.
കൊമ്പില്ലാത്ത മൃഗവും കൊമ്പ് പൊട്ടിയ മൃഗവും ഉള്ഹിയ്യത്തിന് സ്വീകാര്യമാണ്. എങ്കിലും നല്ല കൊമ്പുള്ള മൃഗം തന്നെയാണ് ഉത്തമം. ഇമാം ഇബ്നു ഹജർ(റ) എഴുതുന്നു. കൊമ്പില്ലാ എന്നതും കൊമ്പു പൊട്ടിയെന്നതും കുഴപ്പമല്ല. കൊമ്പിൽ വലിയ കാര്യമൊന്നുമില്ല. എന്നാലും കൊമ്പുള്ളതാണ് ഉത്തമം. ഹദീസിൽ അങ്ങനെയുണ്ട്. പക്ഷെ കൊമ്പ് പൊട്ടിയത് കാരണം തീറ്റയിലും മാംസത്തിലും കുറവ് വന്നിട്ടുണ്ടെങ്കിൽ അത് അയോഗ്യത തന്നെയാണ് അതിനെ ഉള്ഹിയത്ത് അറവിന് പറ്റില്ല. (തുഹ്ഫ 9,353) നല്ല കൊമ്പുള്ള മൃഗമാണ് ഉത്തമം. കൊമ്പില്ലാത്തത് കറാഹത്ത് ആകുന്നു. (ശറഹ് ബാഫള്ൽ, മുഗ്നി)
വൃഷ്ണമുടക്കപ്പെട്ട മൃഗം ഉള്ഹിയ്യത്തിന് മതിയാകുന്നതാണ്. ഇമാം ഇബ്നു ഹജർ (റ) വിശദീകരിക്കുന്നു. ആണും പെണ്ണും ഉടക്കപ്പെട്ടതും ഉള്ഹിയ്യത്തിന് അനുവദനീയമാണ്. ഇതിൽ ഇത്തിബാഅ് ഉണ്ട്. ഉടക്കപ്പെട്ടതിന്റെ മാംസം കൂടുതൽ നല്ലതുമാണ്. വൃഷ്ണങ്ങൾ സാധാരണ ഭോജനത്തിന് ഉദ്ദേശിക്കപ്പെടാറുമില്ല. (തുഹ്ഫ 9,349) ആണും പെണ്ണും ആണും പെണ്ണും നപുംസകവും ഉടക്കപ്പെടാത്തതും ഉടക്കപ്പെട്ടതും എല്ലാം ഉള്ഹിയ്യത്തിന് സ്വീകാര്യമാണ്. കൂടുതൽ ഇണ ചേർന്നിട്ടില്ലാത്ത ആൺ മൃഗമാണ് ഉത്തമം. പ്രസവിച്ചിട്ടില്ലാത്ത പെൺമൃഗമാണ് പിന്നീട് ഉത്തമം, പ്രസവിച്ച പെൺ മൃഗത്തേക്കാൾ നല്ലത് കൂടുതൽ ഇണ ചേർന്നതാ ണെങ്കിലും ആൺ മൃഗം തന്നെയാണ്. ഇണ ചേർന്നിട്ടാല്ലാത്തതും ഉടക്കപ്പെടാത്തതു മായ മൃഗമാണ് ഉടക്കപ്പെട്ടതിലേറെ ഉത്തമം. നപുംസകം ആണാവാൻ സാധ്യതയുള്ളതിനാൽ പെൺ മൃഗത്തേക്കാൾ ശ്രേഷ്ഠമാണ്.
സമയ ബന്ധിതമായ കർമ്മമാണ് ഉള്ഹിയ്യത്ത്, അതിന് നിശ്ചിത സമയം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ബലി പെരുന്നാൾ ദിനം സൂര്യോദയ ശേഷം നിർബന്ധ ഘടകങ്ങൾ മാത്രമുള്ള രണ്ട് റക്അത്തും രണ്ടു ഖുതുബയും നിർവഹിക്കാനാവശ്യമായ സമയം കഴിയുന്നതോടെ ഉള്ഹിയ്യത്ത് അറവിന്റെ സമയം തുടങ്ങുന്നതാണ്. സൂര്യനുദിച്ച് നമ്മുടെ കാഴ്ചയിൽ ഏഴ് മുഴം ഉയർന്നതിനു ശേഷം മേൽപ്പറഞ്ഞ വിധം മിനിമം രൂപത്തിൽ രണ്ട് റക്അത്ത് നിസ്കാരവും രണ്ട് ഖുതുബയും നിർവഹിക്കാനാവശ്യമായ സമയം കഴിഞ്ഞതിനുശേഷം അറവ് നടത്താലാണ് ഉത്തമം. സൂര്യോദയത്തിനു മുമ്പോ സൂര്യോദയത്തിനു ശേഷമാണെങ്കിലും രണ്ട് റക്അത്തിനും രണ്ട് ഖുതുബക്കുമുള്ള സമയം കഴിയുന്നതിനു മുമ്പോ അറവ് നടത്തിയാൽ ഉള്ഹിയ്യത്ത് കർമ്മം ലഭിക്കുകയില്ല. ദുൽഹജ്ജ് പതിമൂന്നിന്റെ സൂര്യാസ്തമയത്തോടെ ഉള്ഹിയ്യത്ത് അറവിന്റെ സമയം അവസാനിക്കുന്നതാണ്. പതിമൂന്നിന്റെ അസ്തമയത്തിനു മുമ്പ് അറവ് നടന്നിരിക്കണം. അസ്തമയ ശേഷം അറുത്താൽ ഉള്ഹിയത്ത് ആവുകയില്ല. മേൽ പറഞ്ഞ സമയത്തിനുള്ളിൽ ഏത് സമയത്തും - പകലിലും രാത്രിയിലുമെല്ലാം അറവ് നടത്താവുന്നതാണ്. എന്നാൽ പ്രത്യേക ആവശ്യവും മസ്ലഹത്തുമില്ലാതെ രാത്രിയിൽ അറവ് കറാഹത്താണെന്നാണ് നിയമം. സാധാരണ അറവുകൾക്കെല്ലാം ഈ കറാഹത്ത് ബാധകമാണെങ്കിലും ഉള്ഹിയ്യത്തിൽ ഈ കറാഹത്ത് ഏറെ ശക്തമാണ്. ഒരാൾ ഒന്നിലേറെ മൃഗങ്ങളെ ഉള്ഹിയ്യത്ത് അറുക്കു കയാണെങ്കിൽ എല്ലാം ആദ്യദിവസം തന്നെ അറവ് നടത്താതെ ഉള്ഹിയ്യത്ത് സമയത്തിനുള്ളിൽ വ്യത്യസ്ത ദിവസങ്ങളിലായി അറവ് നടത്തലാണ് ഉത്തമമെന്നാണ് ഇമാം മാവർദീ (റ) പറഞ്ഞിട്ടുള്ളത്. എന്നാൽ ഇമാം നവവി (റ) ഇതംഗീകരിച്ചിട്ടില്ല. നന്മകൾ നേരത്തെ നിർവഹിക്കുക എന്ന കാരണത്താൽ എല്ലാം ആദ്യ ദിവസം തന്നെ അറുക്കലാണ് ഉത്തമമെന്നും പിന്തിച്ചു വെക്കൽ ഉത്തമ വിരുദ്ധമാണെന്നും ഇമാം നവവി (റ) വ്യക്തമാക്കിയിരിക്കുന്നു. നബി സ്വല്ലല്ലാഹു അലൈഹി വസല്ലം നൂറ് ഒട്ടകങ്ങളെ ഒരുദിവസം തന്നെ അറവ് നടത്തിയിട്ടുണ്ട്. (തുഹ്ഫ 9-350).
ഉള്ഹിയ്യത്ത് കർമ്മത്തിൽ നിയ്യത്ത് നിർബന്ധമാണ്. നിയ്യത്തില്ലാതെ അറവ് നടത്തിയതു കൊണ്ട് ഉള്ഹിയ്യത്ത് ലഭിക്കുകയില്ല. നിർബന്ധമായ ഉള്ഹിയ്യത്തിലും സുന്നത്തായ ഉള്ഹിയ്യത്തിലും എല്ലാം നിയ്യത്ത് നിർബന്ധമാണ്. എന്നാൽ സാക്ഷാൽ നേർച്ചയുടെ നിബന്ധനയൊ വാക്യം മുഖേന നിശ്ചിത മൃഗത്തെ ഉള്ഹിയ്യത്തറുക്കാൻ നേർച്ച യാക്കിയതാണെങ്കിൽ ആ നിർബന്ധ ഉള്ഹിയ്യത്തിൽ അറവിന്റെ സമയത്തോ മറ്റോ നിയ്യത്ത് നിർബന്ധമില്ല.
1. തന്റെ വീടിന്റെ പരിസരത്ത് വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ വെച്ച് അറവ് നടത്തുക. 2. അറവ് മൃദുലമായ സ്ഥലത്തുവെച്ചാവുക. 3. അറവ് പകലിലാവുക 4. പെരുന്നാൾ നിസ്കാരത്തിന് ശേഷമാവുക 5. പരിപൂർണ്ണ രൂപത്തിൽ അറുക്കാനുള്ള അറിവും കഴിവുമുള്ള പുരുഷൻ സ്വന്തമായി അറുക്കുക. അല്ലാത്തവർ അപ്രകാരം അറവ് നടത്തുന്ന ഒരാളെ ഏൽപ്പിക്കുക. 6. അറവിന് മുമ്പ് ആവശ്യമെങ്കിൽ കത്തി മൂർച്ച കൂട്ടുക. മൃഗത്തിന്റെ മുന്നിൽ വച്ച് കത്തി മൂർച്ച കൂട്ടലും മറ്റൊരു മൃഗത്തെ അറവ് നടത്തലും കറാഹത്തുണ്ട്. 7. അറവിന് മുമ്പ് മൃഗത്തിന് വെള്ളം നൽകുക. 8. പോത്ത്, ആട് തുടങ്ങിയവയെ ഇടതു ഭാഗത്തിന്റെ മേൽ ചെരിച്ചു കിടത്തി അറുക്കുക. 9. അറവിന്റെ സമയം മൃഗത്തിന്റെ വലതു കാലല്ലാത്ത മൂന്നും കെട്ടുകയും വലതുകാൽ കെട്ടാതെ ഒഴിച്ചി ടുകയും ചെയ്യുക. 10. മൃഗത്തിന്റെ അറവ് സ്ഥലം ഖിബ്ലയുടെ നേരെയാക്കുക. 11.അറുക്കുന്നവൻ ഖിബ്ലയിലേക്ക് മുന്നിടുക. 12.ബിസ്മി ചൊല്ലുക. 13.നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക. 14. ബിസ്മിയുടെ മുമ്പും പിമ്പും തക്ബീർ ചൊല്ലുക. ഒരുപ്രാവശ്യം തക്ബീർ ചൊല്ലിയാലും അടിസ്ഥാന സുന്നത്ത് ലഭിക്കുമെങ്കിലും മൂന്നു പ്രാവശ്യം ചൊല്ലലാണ് പൂർണ്ണത. ബിസ്മിക്ക് ശേഷം സ്വലാത്തും സലാമും ചൊല്ലിയതിനു ശേഷമാണ് തക്ബീറിന്റെ സ്ഥാനം. 15. ബിസ്മി, സ്വലാത്ത്, സലാം, തക്ബീർ, എന്നിവക്ക് ശേഷം താഴെ പ്രാർത്ഥന ചൊല്ലുക. اللهم هذه منك وإليك فتقبل مني إن صلاتي ونسكي ومحياي ومماتي لله رب العالمين 16.അറവിന് ശേഷം ജീവൻ നഷ്ടപ്പെടുന്നത് വരെ ചലിക്കാനും പിടയാനും മൃഗത്തെ അനുവദിക്കുക.
സുന്നത്തായ ഉള്ഹിയ്യത്തിൽ നിസാരമല്ലാത്ത അൽപമെങ്കിലും മാംസം സകാത്ത് വാങ്ങാൻ അർഹരായ ഫഖീർ, മിസ്കീൻ വിഭാഗത്തിൽപ്പെട്ടവർക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ്. ഒരാൾക്ക് നൽകിയാലും മതിയാകുന്നതാണ്. പാചകം ചെയ്തത് നൽകിയാൽ മതിയാകുന്നതല്ല. വേവിക്കാത്ത മാംസം തന്നെ നൽകണം, കൊമ്പ്, തോൽ തുടങ്ങിയവ നൽകുന്നതുകൊണ്ട് ഈ നിർബന്ധ ബാധ്യത വീടുകയില്ല. മാംസം തന്നെ നൽകേണ്ടതുണ്ട്. നിസ്സാരമല്ലാത്ത അല്പം മാംസം -ഒരാൾക്കെങ്കിലും സ്വദഖ ചെയ്യലേ നിർബന്ധ മുള്ളൂ. ബാക്കിയുള്ളത് സ്വന്തത്തിനു വേണ്ടി എടുക്കുന്നതും ഭക്ഷിക്കുന്നതും നിഷിദ്ധമല്ല. എന്നാൽ ബറക്കത്തിന് വേണ്ടി അല്പം മാത്രം സ്വന്തമായി എടുത്ത് ബാക്കിയെല്ലാം ഫഖീർ,മിസ്കീനുകൾക്ക് സ്വദഖ ചെയ്യലാണ് ഏറ്റവും ഉത്തമം. തന്റെ ഉള്ഹിയ്യത്തിൽ നിന്ന് അല്പം ഭക്ഷിക്കൽ സുന്നത്താണ്. അത് ബറക്കത്താണ്. ഉള്ഹിയ്യത്തിന്റെ കരളിൽ നിന്ന് എടുത്ത് ഭക്ഷിക്കലാണ് ഏറെ ഉത്തരം. മാംസം മൂന്നായി ഓഹരി ചെയ്ത് മൂന്നിലൊന്ന് സ്വന്തത്തിനു വേണ്ടി എടുക്കുകയും മൂന്നിലൊന്ന് ഫഖീർ മിസ്കീനുകൾക്ക് സ്വദഖ ചെയ്യുകയും മൂന്നിലൊന്ന് ധനികർക്ക് നൽകുകയും ചെയ്യുന്ന സമ്പ്രദായം ചില നാടുകളിലുണ്ട്. അതനുവദനീയമാണ്. ഇമാം ഇബ്നുഹജർ (റ) എഴുതുന്നു: ബറക്കത്തിനു വേണ്ടി അല്പം മാത്രം എടുത്ത് ബാക്കിയെല്ലാം ഫഖീർ- മിസ് കീനുകൾക്ക് സ്വദഖ ചെയ്യലാണ് ഏറ്റവും ഉത്തമം. മൂന്നിലൊന്ന് സ്വന്തത്തിനു വേണ്ടി എടുത്ത് മൂന്നിൽ രണ്ട് ഭാഗം ഫഖീർ മിസ്കീനുകൾക്ക് സ്വദഖ ചെയ്യലാണ് രണ്ടാം സ്ഥാനം. മൂന്നിലൊന്ന് ഭക്ഷിക്കുക. മൂന്നിലൊന്ന് സ്വദഖ ചെയ്യുക, മൂന്നിലൊന്ന് ധനികർക്ക് നൽകുക എന്നതിനാണ് മൂന്നാം സ്ഥാനം. (തുഹ്ഫ 9-364) സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് അല്പം പോലും സ്വദഖ ചെയ്യാതെ മുഴുവൻ മാംസവും സ്വന്തമായി ഉപയോഗിക്കൽ നിഷിദ്ധമാണ്. ഫഖീർ-മിസ്കീനുകൾക്ക് അല്പം പോലും നൽകാതെ മുഴുവനും സമ്പന്നർക്ക് നൽകാനും പറ്റില്ല. ഇങ്ങനെ ചെയ്താൽ രണ്ട് രൂപത്തിലും സ്വദഖ ചെയ്യൽ നിർബന്ധമായ അളവ് മാംസത്തിന്റെ വിലക്ക് അദ്ദേഹം കടക്കാരനാകുന്നതാണ്. നിസാരമല്ലാത്ത അളവ് മാംസം വാങ്ങി ഫഖീർ മിസ്കീൻ വിഭാഗത്തിൽപ്പെട്ടവർക്ക് നൽകിയാൽ ബാധ്യത തീരുമെന്ന് ഇമാം ഖത്വീബുശ്ശിർബീനി (റ) വ്യക്തമാക്കിയിരിക്കുന്നു. സുന്നത്തായ ഉള്ഹിയ്യത്തിനെ കുറിച്ചാണ് ഇത്രയും പറഞ്ഞത്. നിർബന്ധമായ ഉള്ഹിയ്യത്താണെങ്കിൽ മുഴുവനും സകാത്തിനവകാശികളായ ഫഖീർ മിസ്കീനുകൾക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ്. സ്വന്തത്തിനു വേണ്ടിയോ താൻ ചെലവ് നൽകൽ നിർബന്ധമുള്ളവർക്ക് വേണ്ടിയോ അതിൽ നിന്നെടുക്കാൻ പാടില്ല. അതിൽ നിന്ന് സമ്പന്നർക്ക് നൽകാനും പറ്റില്ല. എടുത്താൽ ഫഖീർ-മിസ്കീൻ വിഭാഗത്തിൽ പെട്ടവർക്ക് അവൻ പകരം നൽകൽ നിർബന്ധമായിത്തീരുന്നതാണ്. സ്വന്തമായി എടുത്ത മാംസത്തിന്റെ വില കൊണ്ട് ഒരു ഉള്ഹി യ്യത്തിന്റെ ഷെയർ എടുക്കുകയോ ആ വിലക്ക് മാംസം വാങ്ങി സ്വദഖ ചെയ്യുകയോ വേണം.
നിർബന്ധമായ ഉള്ഹിയ്യത്തിന്റെ തോൽ ഫഖീർ മിസ്കീൻ വിഭാഗത്തിൽപ്പെട്ടവർക്ക് സ്വദഖ ചെയ്യൽ നിർബ ന്ധമാണ്. സുന്നത്തായ ഉള്ഹിയ്യത്തിന്റെ തോൽ സ്വദഖ ചെയ്യൽ നിർബന്ധമില്ല. ഉള്ഹിയ്യത്ത് നിർവഹിച്ചവൻ ഉപയോഗപ്പെടുത്തലും അനുവദനീയമാണ്. ഖുഫ്ഫ, ചെരിപ്പ് പോലെയുള്ളവ നിർമ്മിച്ച് ഉപയോഗിക്കാവുന്നതാണ്. സ്വദഖ ചെയ്യൽ തന്നെ യാണ് ഉത്തമം. നിർബന്ധമായാലും സുന്നത്തായാലും ഉള്ഹിയ്യത്തിന്റെ തോൽ, കൊമ്പ് തുടങ്ങിയ യാതൊരു ഭാഗവും വിൽക്കാൻ പാടില്ല. ഉള്ഹിയ്യത്ത് നടത്തിയവൻ വിൽക്കുന്നതും വിൽക്കാൻ വേണ്ടി അവൻ മറ്റൊരാളെ ഏൽപ്പിക്കുന്നതും ശരിയല്ല. പ്രസ്തുത വിൽപ്പന ബാഥിലും ഹറാമുമാണ്. അതുമുഖേന ഉള്ഹിയ്യത്തിന്റെ പ്രതിഫലം നഷ്ടപ്പെടുകയും ചെയ്യും. തോലോ മറ്റു ഭാഗങ്ങളോ അറവ് ജോലിക്കാർക്ക് കൂലിയായി നൽകാനും പറ്റില്ല. അതും ഹറാമാണ്. അതേ സമയം ഫഖീർ മിസ്കീൻ വിഭാഗത്തിൽപ്പെട്ട വർക്ക് നൽകിയാൽ അതിൽ അവർക്ക് ഉടമാവകാശം ലഭിക്കുന്നതും വിൽപ്പനയടക്കം എല്ലാം അനുവദനീയവുമാണ്. ഉള്ഹിയ്യ ത്തിന്റെ തോൽ വിൽക്കാൻ പാടില്ലെന്നതിന്റെ ഉദ്ദേശം ഉള്ഹിയ്യത്ത് നടത്തിയവനോ അവനാൽ ഏൽപ്പിക്കപ്പെട്ടവനോ അത് ലഭിച്ച ധനികനോ വിൽക്കാൻ പറ്റില്ലെന്നാണ്. അത് നൽകപ്പെട്ട ഫഖീർ-മിസ്കീൻ വിൽക്കുന്നതിന് വിരോധമില്ല. ഫഖീർ മിസ്കീ നുകൾക്ക് നൽകപ്പെടുന്നതിൽ മാംസവും തോലും ഏതിലും -അവർക്ക് ഉടമാവകാശം ലഭിക്കുമെന്നും വിൽപ്പന ഉൾപ്പെടെ എല്ലാ ഇടപാടുകളും അവർക്ക് അനുവദനീയമാണ്.
ഉള്ഹിയ്യത്ത് മാംസം മറ്റൊരു നാട്ടിലേക്ക് ഉള്ഹിയ്യത്ത് 'നഖൽ" ചെയ്യൽ ഹറാമാണ്. അഥവാ അതറവ് നടത്തിയ നാട്ടിൽനിന്ന് മറ്റൊരു നാട്ടിലേക്ക് കൊണ്ടു പോകാൻ പറ്റില്ല. സുന്നത്തായ ഉള്ഹിയ്യത്താണെങ്കിൽ നിസാരമല്ലാത്ത അൽപമെങ്കിലും മാംസം അറവ് നടന്ന നാട്ടിലെ ഫഖീർ മിസ് കീനുകൾക്ക് നൽകൽ നിർബന്ധമാണ്. അല്പം പോലും ആ നാട്ടിലെ ഫഖീർ മിസ്കീനുകൾക്ക് നൽകാതെ പൂർണ്ണമായും മറ്റൊരു നാട്ടിലേക്ക് കൊണ്ടു പോകൽ ഹറാമാണ്. സുന്നത്തായ ഉള്ഹിയ്യത്തിൽ നഖ്ൽ ഹറാമാണെന്നതിന്റെ വിവക്ഷയാണിത്. അതേസമയം സുന്നത്തായ ഉള്ഹിയ്യത്തിൽ അൽപമെങ്കിലും മാംസം അറവ് നടത്തിയ നാട്ടിലെ ഫഖീർ മിസ്കീനുകൾക്ക് നൽകി ബാക്കിയുള്ളത് മറ്റു നാടുകളിലേക്ക് കൊണ്ടു പോകൽ ഹറാമില്ല. എന്നാൽ നിർബന്ധമായ ഉള്ഹിയ്യത്ത് മുഴുവനും അതറവ് നടത്തിയ നാട്ടിലെ ഫഖീർ-മിസ്കീനുകൾക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ്. അതിൽ നിന്ന് അല്പം പോലും മറ്റേതെങ്കിലും നാട്ടിലേക്ക് കൊണ്ടുപോകാൻ പാടില്ല. സകാത്ത് നഖ്ൽ ചെയ്യൽ പോലെയാണ് ഉള്ഹിയ്യത്ത് "നഖ്ൽ ചെയ്യലുമെന്ന് കർമശാസ്ത്ര ഇമാമുകൾ വ്യക്തമാക്കി യിട്ടുണ്ട്. അപ്പോൾ സകാത്ത് നഖ്ൽ ചെയ്യുന്നതിന്റെ പരിധി തന്നെയാണ് ഉള്ഹിയ്യത്ത് നഖ്ൽ ചെയ്യുന്നതിന്റെയും പരിധി. സാധാരണ സമ്പ്രദായമനുസരിച്ച് ആ നാടിന്റെ ഭാഗമായി എണ്ണപ്പെടാത്ത സ്ഥലത്തേക്ക് കൊണ്ടു പോകാൻ പാടില്ലെന്നും നാടിന്റെ കൂടെ ഒരു നാടായി എണ്ണപ്പെടുന്ന പ്രദേശത്തേക്ക് കൊണ്ടുപോകുന്നതിന് വിരോധമില്ലെന്നുമാണ് സകാത്ത് വിതരണത്തെ കുറിച്ച് ഇമാം ഇബ്നുഹജർ (റ) തുഹ്ഫ 7-172 ൽ പറഞ്ഞിട്ടുള്ളത്. അറവ് നടന്ന നാടിന്റെ ഭാഗമായി കണക്കാക്കപ്പെടാത്ത സ്ഥലങ്ങളിലേക്ക് കൊണ്ടു പോകലാണ് ഹറാമായ നഖ്ൽ എന്നും ഒരു നാടായി കണക്കാക്കപ്പെടുന്ന വിവിധ ഏരിയകളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകുന്നതിന് വിരോധമില്ലെന്നും ഇതിൽ നിന്ന് വ്യക്തമാണ്. മറ്റൊരു നാട്ടിൽ അറവ് നടത്താൻ ഏൽപ്പിക്കൽ ഒരു വ്യക്തിയുടെ ഉള്ഹിയ്യത്ത് അദ്ദേഹം സ്വന്തമായി അറവ് നടത്തലും അറവിന് മറ്റൊരാളെ ഏൽപ്പിക്കുകയാണങ്കിൽ അറവിന് അദ്ദേഹം ഹാജറാകലും സുന്നത്താണ്. എന്നാൽ തനിക്ക് വേണ്ടി മറ്റൊരു നാട്ടിൽ വെച്ച് ഉള്ഹിയ്യത്ത് അറവ് നടത്താൻ വകാലത്ത് ഏൽപ്പിക്കാവുന്നതാണ്. അത് നിരോധിക്കപ്പെട്ട നി"ൽ ഉൾപ്പെടുന്നില്ല. വിദേശ രാജ്യങ്ങളിലുള്ളവരുടെ വകാലത്തനുസരിച്ച് അവരുടെ ഉള്ഹിയ്യത്തുകൾ ഇവിടെ അറവ് നടത്തി മാംസം വിതരണം ചെയ്യാവുന്നതാണ്. "ജാവാ' നാട്ടിലുള്ളവർ അവർ ജാവയിൽ തന്നെയായിരിക്കെ അവർക്കുവേണ്ടി മക്കയിൽ വെച്ച് മൃഗത്തെ വാങ്ങിച്ചു ഉള്ഹിയ്യത്തറുക്കാൻ വകാലത്താക്കുന്ന പതിവുണ്ടായിരുന്നു; ഇത് ശരിയാണോ എന്ന് ഇമാം കുർദി(റ)നോട് ചോദിക്കപ്പെട്ടതിന് അത് സ്വഹീഹാണെന്നും ഉള്ഹിയ്യത്ത് നടത്തുന്ന വ്യക്തി അറവിന് ഹാജറാവൽ നിർബന്ധമില്ല. സുന്നത്താണ്. അതിനാൽ തനിക്ക് വേണ്ടി മറ്റൊരു നാട്ടിൽ ഉള്ഹിയ്യത്തറുക്കാൻ വകാലത്താക്കുന്നതിന് വിരോധമില്ലെന്നും അവർ മറുപടി നൽകിയിട്ടുണ്ട്. (ഫതാവൽ കുർദി -81) മറ്റൊരു നാട്ടിൽ വെച്ച് ഉള്ഹിയ്യത്ത് നടത്താൻ പണം കൊടുത്തേല്പിക്കുന്നതിന് വിരോധമില്ലെന്നും അത് നിരോധിക്കപ്പെട്ട നക്ലിൽ ഉൾപ്പെടുകയില്ലെന്നും സയ്യിദുൽ ബകരി (റ) (ഇആനത്തു ത്വാലിബീൻ 2-335) ൽ വിശദീകരിച്ചിട്ടുണ്ട്.
അടിസ്ഥാനപരമായി ഉള്ഹിയ്യത്ത് സുന്നത്താണ്. നേർച്ചയിലൂടെ അത് നിർബന്ധമായിത്തീരുന്നതാണ്. 'ഫർള് അയ്ൻ' (അടിസ്ഥാനപരമായി തന്നെ ഒരു വ്യക്തിക്ക് നിർബന്ധമുള്ള കർമ്മം) അല്ലാത്ത ഒരു പുണ്യകർമം നിർവഹിക്കുമെന്ന് തീർച്ച പ്പെടുത്തലാണ് നേർച്ച. നിയമപരമായി നേർച്ചയാക്കുന്നതിലൂടെ ഫർള് കിഫായയോ സുന്നത്തോ ആയ ഏത് കാര്യവും നിർബ ന്ധമായിത്തീരുന്നതാണ്. നിർബന്ധമായ ഉള്ഹിയ്യത്തും സുന്നത്തായ ഉള്ഹിയ്യ ത്തും തമ്മിൽ വിതരണത്തിലും മറ്റു പലതിലും നിരവധി വ്യത്യാ സങ്ങളുണ്ട്. ഉള്ഹിയ്യത്ത് നിർവഹിക്കുന്നവർ ഇക്കാര്യങ്ങൾ കൃത്യമായി അറിയേണ്ടതുണ്ട്. നിർബന്ധമായ ഉള്ഹിയ്യത്തിന്റെ വിധികൾ ഇവിടെ ഏതാനും തലക്കെട്ടുകളിലായി വിശദീകരിക്കുകയാണ്. ഉള്ഹിയത്ത് നേർച്ചയാക്കിയാൽ നേർച്ചക്ക് ശേഷമുള്ള ആദ്യബലി പെരുന്നാളിനോടനുബന്ധിച്ച് തന്നെ ഉള്ഹിയ്യത്ത് നിർവഹിക്കൽ നിർബന്ധമാണ്. പിന്തിച്ചു വെക്കാനോ മറ്റൊരു വർഷത്തേക്ക് നീട്ടി വെക്കാനോ പറ്റില്ല, നേർച്ചകളിലും കഫ്ഫാറത്തുകളിലും അടിസ്ഥാനപരമായി പെട്ടെന്ന് നിർവഹിക്കണം. താമസിപ്പിക്കരുത് എന്ന നിയമമില്ലെങ്കിലും ഉള്ഹിയ്യത്തിന്റെ നേർച്ചയിൽ അതുണ്ടെന്ന് കർമ്മശാസ്ത്ര ഇമാമുകൾ വിശ ദീകരിച്ചിരിക്കുന്നു (തുഹ്ഫ 9-345)
ഉള്ഹിയ്യത്ത് അറുക്കണമെന്ന് മനസ്സിൽ കരുതിയത് കൊണ്ട് മാത്രം അറവു നിർബന്ധമാവുകയില്ല. ആവശ്യമായ വാക്യം ഉച്ചരിക്കുകയോ നിയ്യത്തോടെ എഴുതുകയോ വേണം. എങ്കിലേ നിർബന്ധമാവുകയുള്ളൂ. ഊമയുടെ വ്യക്തമായ ആഗ്യം മുഖേനയും നിർബന്ധമാകും. ഇമാം ഇബ്നുഹജർ (റ) എഴുതി: പറഞ്ഞു എന്നതു കൊണ്ട് നിയ്യത്ത് പുറത്തായിരിക്കുന്നു. നിയ്യത്ത് നിരർത്ഥകമാണ്. അതുകൊണ്ട് ഉള്ഹിയ്യത്ത് നിർബന്ധമാവുകയില്ല. (തുഹ്ഫ 9-355) ഇമാം നവവി (റ) പറയുന്നു. ഉള്ഹിയ്യത്തിന് യോഗ്യമായ ഒരു മൃഗത്തെ വാങ്ങുമ്പോൾ അതിനെ ഉള്ഹിയ്യത്തറുക്കണമെന്ന് മനസ്സിൽ കരുതിയത് കൊണ്ട് മാത്രം ആ മൃഗം ഉള്ഹിയ്യത്താവുകയില്ല. (റൗള 3-192) നിയ്യത്ത് കൊണ്ട് മാത്രം നിർബന്ധമാകുന്നില്ലെങ്കിലും ഒരു സൽകർമ്മം ചെയ്യണമെന്ന് കരുതിയതിനുശേഷം അത് ചെയ്യാതിരിക്കുന്നതിനെക്കുറിച്ച് ശക്തമായ ആക്ഷേപമുള്ളതിനാൽ നിയ്യത്തിലൂടെ അക്കാര്യം കൂടുതൽ ശക്തമായിത്തീർന്നിരിക്കുന്നു. അതിനാൽ ഉള്ഹിയ്യത്തറുക്കാൻ നിയ്യത്ത് മാത്രമേ ഉണ്ടായിട്ടുള്ളുവെങ്കിലും അറവ് നടത്തുക തന്നെയാണ് വേണ്ടത്. അത് ശക്തിയേറിയ പുണ്യമാണ്. എന്നാൽ ആ ഉള്ഹിയ്യത്തിന് നിർബന്ധ ഉള്ഹിയ്യത്തിന്റെ വിധികൾ ബാധകമല്ല.
വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ ഉള്ഹിയ്യത്ത് അറവ് നിർബന്ധമായിത്തീരുന്നതാണ്. സാക്ഷാൽ നേർച്ചയുടെ നിബന്ധനയൊത്ത വാചകം മുഖേന ഉള്ഹിയ്യത്ത് നിർബന്ധമാകും. അതിനുപുറമേ സാക്ഷാൽ നേർച്ചയുടെ വാചകമല്ലാത്ത ചില വാചകങ്ങളിലൂടെയും ഉള്ഹിയ്യത്ത് നിർബന്ധമായിത്തീരു ന്നതാണ്. الله علي أن أضحي بهذه ( ഈ മൃഗത്തെ അല്ലാഹുവിനുവേണ്ടി ഉള്ഹിയ്യത്ത് അറുക്കുവാൻ ഞാൻ ബാധ്യതയേറ്റു.) تذرت أن أضحي بهذه الشاة (ഈ ആടിനെ ഉള്ഹിയ്യത്ത് അറുക്കാൻ ഞാൻ നേർച്ചയാക്കി) علي أضحية (ഉള്ഹിയ്യത്ത് ഞാൻ ബാധ്യതയേറ്റു.) نذرت الأضحية (ഉള്ഹിയ്യത്ത് ഞാൻ നേർച്ചയാക്കി ) തുടങ്ങിയ വാക്യങ്ങളിലൂടെ ഉള്ഹിയ്യത്ത് അറവ് നിർബമായിത്തീരുന്നതാണ്. ഇവ ഒന്നാം ഗ്രൂപ്പിൽ പെട്ട വാക്യങ്ങളാണ്. ഇതിൽ തന്നെ ഒന്നും രണ്ടും വാക്യങ്ങൾ നിശ്ചിത ഉളഹിയ്യത്തറുക്കാൻ ബാധ്യതയേറ്റടുക്കലാണ്. ഇപ്രകാരം നേർച്ചയാക്കിയാൽ ആ നിശ്ചിത മൃഗത്തെ തന്നെ അവൽ നടത്തൽ നിർബന്ധമാണ്. പകരം മറ്റേതെങ്കിലും മൃഗത്തെ അറുത്താൽ മതിയാകുന്നതല്ല. ഇങ്ങനെ നിശ്ചിത രൂപത്തിൽ നേർച്ചയാക്കുന്നതോടെ ആ നിശ്ചിത മൃഗത്തിൽ നിന്ന് അവന്റെ ഉടമാവകാശം ഒഴിവാകുന്നതാണ്. ഇനി ആ മൃഗത്തിൽ അവന് ഉടമാവകാശമില്ല. ഇപ്രകാരം നേർച്ചയാക്കിയ മൃഗത്തെ അറുക്കുന്നതിന് നിയ്യത്ത് നിർബന്ധമില്ല. സുന്നത്താണ്. നിയ്യത്ത് ഇല്ലാതെ അറവ് നടത്തിയാലും മതിയാകുന്നതാണ്. മൂന്നും നാലും വാക്യങ്ങൾ നിശ്ചിത മൃഗം എന്ന ഭാവമില്ലാതെ ഉള്ഹിയ്യത്തറവിനെ നേർച്ചയാക്കലാണ്. ഉള്ഹിയ്യത്തിന്റെ നിബന്ധനങ്ങൾ പൂർണ്ണമായ ഏതെങ്കിലും മൃഗത്തെ അറവു നടത്തിയാൽ മതിയാകുന്നതാണ്. എന്നാൽ ഇങ്ങനെ അനിശ്ചിത രീതിയിൽ ഉള്ഹിയ്യത്ത് നേർച്ചയാക്കുകയും പിന്നീട് മൃഗത്തെ നിർണ്ണയിക്കുകയും ചെയ്യാവുന്നതാണ്. അപ്പോഴും നിർബന്ധ ബാധ്യത ഏറ്റെടുക്കുന്നുവെന്ന് കൃത്യമായി അറിയിക്കുന്ന നേർച്ചയുടെ വാക്യത്തിലൂടെയാണ് മൃഗത്തെ നിർണ്ണയി ച്ചതെങ്കിൽ ആ മൃഗത്തിലും നിയ്യത്ത് നിർബന്ധമില്ല. ഉദാഹരണമായി ഞാൻ ഉള്ഹിയ്യത്ത് നേർച്ചയാക്കി എന്നിങ്ങനെ മൃഗത്തെ നിർണ്ണയിക്കാതെ നേർച്ചയാക്കിയ വ്യക്തി പിന്നീട് ആ ബാധ്യത തീർക്കാൻ ഈ ആടിനെ ഉള്ഹിയ്യത്ത് അറുക്കാൻ ഞാൻ ബാധ്യതയേറ്റു എന്നിങ്ങനെ മൃഗത്തെ നിർണ്ണയിച്ചാൽ ആ ആടിനെ തന്നെ അറവ് നടത്തൽ നിർബന്ധമാണ്. അതിൽ നിയ്യത്ത് നിർബന്ധമില്ല. സുന്നത്തുണ്ട്. പക്ഷേ ഇത്തരം നേർച്ചകളിൽ പിന്നീട് നിർണയിക്കുന്നത് ഉള്ഹിയ്യത്തിന്റെ നിബന്ധനകൾ പൂർണ്ണമായ മൃഗത്തെയായിരിക്കണമെന്നുണ്ട്. ഒരു നിശ്ചിത മൃഗത്തെ കുറിച്ച് هذه أضحية/جعلت هذه أضحية (ഇത് ഉള്ഹിയ്യത്താകുന്നു /ഇതിനെ ഞാൻ ഉള്ഹിയ്യത്താക്കി ) എന്നുപറഞ്ഞാൽ ആ മൃഗത്തെ ഉള്ഹിയ്യത്തറുക്കൽ നിർബന്ധമായിത്തീരുന്നതാണ്. ഇവ സാക്ഷാൽ നേർച്ചയുടെ വാക്യങ്ങളെല്ലെങ്കിലും നേർച്ചയുടെ വിധിയിൽ തന്നെയാണ്. ഇവിടെയും ആ നിശ്ചിത മൃഗത്തെ ഉള്ഹിയ്യത്തറുക്കൽ നിർബന്ധമാണ്. പ്രസ്തുത വാചകം മുഖേന ആ മൃഗം അവന്റെ ഉടമാവകാശത്തിൽ നിന്ന് ഒഴിവാകുന്നതുമാണ്. പക്ഷേ ഇവിടെ നിയ്യത്ത് നിർബന്ധമാണ്. നിയ്യത്തിനെ കുറിച്ചുള്ള വിശദീകരണത്തിൽ പറഞ്ഞിട്ടുള്ളതുപോലെ അറവിന്റെ സമയമോ മൃഗത്തെ നിർണ്ണയിക്കുന്ന സമയമോ അവ രണ്ടിനുമിടയിലോ നിയ്യത്തുണ്ടാവണം. മേൽ പറഞ്ഞ വാക്യങ്ങൾ ഉള്ഹിയ്യത്ത് നിർബന്ധമാ ക്കുന്നതിനുള്ള വ്യക്തമായ വാക്യങ്ങളാണ്, അതിനാൽ ഉള്ഹിയ്യത്ത് നിർബന്ധമാക്കുന്നു നേർച്ചയാക്കുന്നു എന്നിങ്ങനെയുള്ള ഉദ്ദേശ്യമൊന്നുമില്ലാതെയാണെങ്കിലും മേൽ വാക്യങ്ങൾ പറഞ്ഞാൽ ഉള്ഹിയ്യത്ത് നിർബന്ധമായിത്തീരുന്നതും നിർബന്ധ ഉള്ഹിയ്യത്തിന്റെ എല്ലാ വിധികളും ബാധകമാകുന്നതുമാണ്. സാധാരണക്കാരായ പലരും സുന്നത്തായ ഉള്ഹിയ്യത്ത് നിർവഹിക്കണമെന്ന ഉദ്ദേശത്തിൽ മൃഗത്തെ വാങ്ങുകയും പിന്നീട് ആ മൃഗത്തെ കുറിച്ച് അന്വേഷിക്കുന്നവരോട് "ഇത് ഉള്ഹിയ്യത്താകുന്നു" എന്ന് പറയുകയും ചെയ്യാറുണ്ട്. അപ്രകാരം പറയുന്നതിലൂടെ അത് നിർബന്ധമായ ഉള്ഹിയ്യത്തായിത്തീ രുകയും അതിൽ നിന്ന് അവൻ ഭക്ഷിക്കൽ നിഷിദ്ധമാവുകയും നിർബന്ധ ഉള്ഹിയ്യത്തിന്റെ വിധികൾ അതിനു ബാധകമാവു കയും ചെയ്യുമെന്നാണ് ഇമാം ഇബ്നു ഹജർ (റ) തുഹ്ഫയിലും ഇമാം റംലി (റ) നിഹായയിലും രേഖപ്പെടുത്തിയിട്ടുള്ള പ്രബല വിധി. അപ്രകാരം പറയുന്നത് മുഖേന അത് നിർബന്ധമാ യിത്തീരുമെന്ന നിയമം അറിയാതെ പറഞ്ഞാലും പ്രസ്തുത വാക്യം മുഖേന അത് നിർബന്ധമായിപ്പോകുന്നതാണ്. സുന്നത്തായ ഉള്ഹിയ്യത്തിനുള്ളതാണ് എന്ന ഉദ്ദേശത്തിലാണെങ്കിലും നിർബന്ധമാകുമെന്ന് തന്നെയാണ് പ്രബലം. കാരണം ആ വാക്യം ഉള്ഹിയ്യത്ത് നിർബന്ധമാക്കുന്നതിനുള്ള വ്യക്തമായ വാക്യമാണ്. അതിനാൽ മറിച്ചുള്ള ഉദ്ദേശ്യം സ്വീകാര്യമല്ല. എന്നാൽ സുന്നത്തായ ഉള്ഹിയ്യത്തിനുള്ളതാണ് എന്ന ഉദ്ദേശ്യത്തിലാണ് പറഞ്ഞതെങ്കിൽ അത് മുഖേന നിർബന്ധ മാവുകയില്ലെന്ന് സയ്യിദ് ഉമറുൽ ബസ്വരി (റ) യും മറ്റു ചിലരും ഫത്വ നൽകിയിട്ടുണ്ട്. هذه أضحية (ഇത് ഉള്ഹിയ്യത്ത് ആകുന്നു) പോലെയുള്ള വാക്യങ്ങൾ പറയാതെ സൂക്ഷിക്കണമെന്നും പറഞ്ഞാൽ അത് നിർബന്ധമായിത്തീരുമെന്നും ഹാശിയതുൽ ജമലിൽ സുലൈമാനുൽ ജമൽ (റ) രേഖപ്പെടുത്തിയിരിക്കുന്നു.
ഉള്ഹിയ്യത്ത് സുന്നത്തായതും നിർബന്ധമായതുമുണ്ടെന്ന് മനസ്സിലാക്കിയല്ലോ. രണ്ടും തമ്മിൽ പലതിലും വ്യത്യാസമുണ്ട്. നിർബന്ധമായ ഉള്ഹിയ്യത്തും സുന്നത്തായ ഉള്ഹിയ്യത്തും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളുടെ ചുരുക്ക വിവരം താഴെ പറയുന്നു. സുന്നത്തായ ഉള്ഹിയ്യത്ത് : മുഴുവനും സ്വദഖ ചെയ്യൽ നിർബന്ധമില്ല. നിസാരമല്ലാത്ത അല്പം മാംസം സ്വദഖ ചെയ്യലേ നിർബന്ധമുള്ളൂ. ഉള്ഹിയ്യത്ത് നിർവഹിച്ചവൻ അതിൽ നിന്നെടുത്ത് ഭക്ഷിക്കൽ അനുവദനീയമാണ്. സമ്പന്നർക്കും അഹ്ലുബൈത്തിനും അതിൽ നിന്ന് നൽകൽ അനുവദനീയമാണ്. അറവു നടത്തിയ നാട്ടിലെ ഫഖീർ മിസ്കീനുകൾക്ക് സ്വദഖ ചെയ്യൽ നിർബന്ധമായ മാംസം കഴിഞ്ഞ് ബാക്കിയുള്ളത് മറ്റു നാടുകളിലേക്ക് കൊണ്ടുപോകുന്നതിനും കൊടുത്തയക്കുന്നതിനും വിരോധമില്ല. തോലും കൊമ്പുമെല്ലാം സ്വദഖ ചെയ്യലാണ് ഉത്തമമെങ്കിലും ഉള്ഹിയ്യത്ത് നടത്തിയവൻ അവ ഉപയോഗിക്കലും അനുവദനീയമാണ്. നിർബന്ധമായ ഉള്ഹിയ്യത്ത് മുഴുവനും അറവ് നടന്ന നാട്ടിലെ ഫഖീർ-മിസ്കീനു കൾക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ്. ഉള്ഹിയ്യത്ത് നിർവഹി ച്ചവനും അവൻ ചെലവ് നൽകൽ നിർബന്ധമുള്ളവരും അതിൽ നിന്നെടുത്ത് ഭക്ഷിക്കൽ അനുവദനീയമല്ല. സമ്പന്നർക്കും അഹ്ലുബൈത്തിനും അതിൽ നിന്ന് നൽകാൻ പറ്റില്ല. അറവു നടന്ന നാട്ടിലെ ഫഖീർ-മിസ്കീനുകൾക്ക് തന്നെ മുഴുവനും സ്വദഖ ചെയ്യൽ നിർബന്ധമായതിനാൽ അതിൽ നിന്ന് അല്പം പോലും മറ്റു നാടുകളിലേക്ക് നൽകാൻ പറ്റില്ല. തോലും കൊമ്പുമൊന്നും സ്വന്തമായി ഉപയോഗിക്കാൻ പാടില്ല. ഫഖീർ മിസ്കീനുകൾക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ്. മൃഗത്തെ നിർണ്ണയിക്കാതെ നേർച്ചയാക്കിയാൽ മൃഗത്തെ കൃത്യമായി നിർണ്ണയിക്കാതെ ഉള്ഹിയ്യത്ത് നേർച്ചയാക്കി - ഉദാഹരണമായി ഞാൻ ഉള്ഹിയ്യത്ത് അറുക്കാൻ നേർച്ചയാക്കി ഞാൻ ഉള്ഹിയ്യത്ത് ബാധ്യതയായി ഏറ്റെടുത്തു എന്ന് ഒരാൾ പറഞ്ഞു. എങ്കിൽ ഉള്ഹിയ്യത്തിന്റെ നിബന്ധനകൾ പൂർണ്ണമായ മൃഗത്തെ അറവ് നടത്തൽ നിർബന്ധമാണ്. ന്യൂനതയുള്ളതും വയസ്സ് തികയാത്തതും പറ്റില്ല. മേൽ പറഞ്ഞ വിധം മൃഗത്തെ കൃത്യമായി നിർണ്ണയിക്കാതെ നേർച്ചയാക്കിയ വ്യക്തി ആ നേർച്ചക്ക് പകരം ഒരു നിശ്ചിത മൃഗത്തെ നിർണ്ണയിക്കാവുന്നതാണ്. പക്ഷേ ഇങ്ങനെ നിർണ്ണയിക്കുന്നുവെങ്കിൽ നിബന്ധനകൾ പൂർണ്ണമായ മൃഗത്തെ തന്നെ നിർണ്ണയിക്കൽ നിർബന്ധമാണ്. അപ്രകാരം നിർണ്ണയിക്കുന്നതോടെ ആ നിർണ്ണയിക്കപ്പെട്ട മൃഗത്തിൽ നിന്ന് അവന്റെ ഉടമാവകാശം ഒഴിവാകുന്നതും ഉള്ഹിയ്യത്ത് സമയത്ത് അതിനെ അറവ് നടത്തൽ നിർബന്ധവുമാണ്. മേൽപ്പറഞ്ഞ വിധം നേർച്ചയാക്കിയ ഒരാൾ എന്റെ ആ നേർച്ചക്ക് ഈ ആടിനെ ഞാൻ നിർണയിച്ചു എന്ന് പറഞ്ഞു. എങ്കിൽ ആ ആടിനെ തന്നെ അറുക്കൽ നിർബന്ധമായിരിക്കുന്നു. അങ്ങനെ നിശ്ചയിക്കപ്പെട്ട മൃഗം ഉള്ഹിയ്യത്തിന് യോഗ്യമായ നിലയിൽ ഉണ്ടായിരിക്കെ മറ്റൊരു മൃഗത്തെ അറുത്താൽ മതിയാകുന്നതല്ല. അതിനെ തന്നെ അറവ് നിർബന്ധമാണ്. എന്നാൽ ആ നിശ്ചിത മൃഗം നശിക്കുകയോ നഷ്ടപ്പെടു കയോ ന്യൂനതയുള്ളതായി മാറുകയോ ചെയ്താൽ അതിനെ അറുത്താൽ മതിയാകുന്നതല്ല. അതിനെ അറുക്കേണ്ടതില്ല. അത് അവന്റെ ഉടമാവകാശത്തിലേക്ക് തന്നെ തിരിച്ചു വരുന്നതാണ്. അതിനെ അവൻ ഉപയോഗിക്കുകയോ വിൽക്കുകയോ എല്ലാം ചെയ്യാവുന്നതാണ്. നിബന്ധനകൾ പൂർണ്ണമായ മറ്റൊരു മൃഗത്തെ അറവ് നടത്തൽ അവന് നിർബന്ധമാണ്. നിശ്ചയിക്കപ്പെട്ട മൃഗം നശിച്ചത് ഉള്ഹിയ്യത്തിന്റെ സമയം പ്രവേശിക്കുന്നതിനു മുമ്പും അവന്റെ വീഴ്ചയില്ലാതയുമാണ ങ്കിൽ പോലും ന്യൂനതയില്ലാത്തതും വയസ്സ് തികഞ്ഞതുമായ മറ്റൊരു മൃഗത്തിന്റെ അറവ് അവനു നിർബന്ധമാണ്. ആദ്യ നേർച്ചയുടെ ബാധ്യത അവന്റെ മേൽ അവശേഷിക്കുന്നുണ്ട് എന്നതാണ് കാരണം. നിർണ്ണയിക്കപ്പെട്ട മൃഗത്തിന്റെ നാശം കൊണ്ട് ആ ബാധ്യത ഒഴിവാകുന്നതല്ല. അതേസമയം ആദ്യം മൃഗത്തെ കൃത്യമായി നിർണ്ണയിക്കാതെ ന്യൂനതയുള്ള ഒരു മൃഗത്തെ ഉള്ഹിയ്യത്തറുക്കാൻ നേർച്ചയാക്കി. ഉദാഹരണത്തിന് കാഴ്ചയില്ലാത്ത ഒരു മൃഗത്തെ ഉള്ഹിയ്യത്തറുക്കാൻ ഞാൻ ബാധ്യതയേറ്റു എന്ന് ഒരാൾ പറഞ്ഞു. പിന്നീട് ആ നേർച്ചക്ക് വേണ്ടി ന്യൂനതയുള്ള ഒരു മൃഗത്തെ നിർണ്ണയിക്കുകയും ചെയ്തു. എങ്കിൽ നിർണ്ണയിക്കപ്പെട്ട ന്യൂനതയുള്ള ആ മൃഗത്തെ തന്നെ അറവ് നിർബന്ധമില്ല. അതുണ്ടായിരിക്കെ തന്നെ ന്യൂനതയില്ലാത്ത മറ്റൊരു മൃഗത്തെ അറുക്കൽ അനുവദനീയമാണ്. അതാണ് കൂടുതൽ ഉത്തമവും. നിശ്ചയിക്കപ്പെട്ട ന്യൂനതയുള്ള ആ മൃഗത്തെ അറുത്താലും മതിയാകുന്നതാണ്. നേർച്ച വീടുന്നതാണ്. കാരണം ന്യൂനതയുള്ള മൃഗത്തെയാണല്ലോ ആദ്യം തന്നെ നേർച്ചയാക്കിയിട്ടുള്ളത്. ഈ പറഞ്ഞതെല്ലാം ആദ്യം മൃഗത്തെ കൃത്യമായി നിർണയിക്കാതെ നേർച്ചയാക്കിയതിനെക്കുറിച്ചാണ്. ആദ്യം തന്നെ മൃഗത്തെ കൃത്യമായി നിർണയിച്ചു കൊണ്ടുള്ള നേർച്ചയെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട്. ഇമാം ഇബ്നുഹജർ (റ) തുഹ്ഫയിലും ഇമാം റംലി (റ) നിഹായയിലും ഈ കാര്യങ്ങളെല്ലാം വിശദീകരിച്ചിരിക്കുന്നു.