വുളൂഅ്, കുളി ,തയമ്മും

എന്റെ കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. പറ്റുന്ന അവയവങ്ങളിലെല്ലാം വെള്ളം എത്തിച്ച് വുളൂഅ് ചെയ്യുകയും തയമ്മും നിർവ്വഹിക്കുകയും ചെയ്ത് ഒരു ഫർള് നിസ്കാരം നടത്തി. ഇനി ഒരു ഫർള് കൂടി നിസ്കരിക്കണമെങ്കിൽ എന്റെ വുളൂഅ് മുറിഞ്ഞിട്ടില്ലെങ്കിൽ തയമ്മും മാത്രം ചെയ്താൽ മതിയാവൂലേ? വുളൂഅ് കൂടി മടക്കണമെന്നുണ്ടോ?


കാലിൽ പ്ലാസ്റ്ററിട്ട വ്യക്തി വുളൂഅ് ചെയ്യുമ്പോൾ വെള്ളം നനക്കാവുന്ന വുളൂഇന്റെ അവയവങ്ങളെല്ലാം കഴുകണം. കാലിൽ കഴുകാൻ പറ്റുന്ന സ്ഥലവും കഴുകണം. വുളുഇൽ കാൽ കഴുകേണ്ട സമയത്ത് ത യമ്മും ചെയ്യുകയും വേണം. ഇങ്ങനെ തയമ്മും ചെയ്ത് ഒരു ഫർള് നിസ്കരിച്ചതിനു ശേഷം രണ്ടാം ഫർള് നിസ്കാരം ഉദ്ദേശിക്കുമ്പോൾ നേരത്തെ ചെയ്ത വുളൂഅ് മുറിഞ്ഞിട്ടില്ലെങ്കിൽ വീണ്ടും വുളൂഅ് ചെയ്യേണ്ടതില്ല. തയമ്മും മാത്രം മതി. അവന്റെ ശുദ്ധി നീങ്ങിയിട്ടില്ല എന്നതാണ് കാരണം. ഒരു തയമ്മും കൊണ്ട് ഒരു ഫർളേ നിസ്കരിക്കാവൂ എന്നതിന്റെ പേരിലാണ് വീണ്ടും തയമ്മും ചെയ്യേണ്ടിവരുന്നത്. ആദ്യ തയമ്മുമിന് ശേഷം വുളൂഅ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ വുളൂഉം തയമ്മുമും (രണ്ടും) ആവർത്തിക്കൽ നിർബന്ധമാണ്. (തുഹ്ഫ 1-350),

ജനാബതുണ്ടായതിന് വേണ്ടി ബക്കറ്റിൽ നിന്ന് കോരി കുളിക്കുമ്പോൾ ശരീരത്തിൽ നിന്ന് ബക്കറ്റിലെ വെള്ളത്തിലേക്ക് വെള്ളം തെറിച്ചാൽ കുളി സ്വഹീകാകുമോ?


നിർബന്ധമായ കുളി, വുളൂഇൽ ഫർളായ അവയവങ്ങൾ കഴുകൽ തുടങ്ങിയ ശറഇയ്യായ നിര്‍ബന്ധ ശുദ്ധീകരണത്തില്‍ ഒരു തവണ ഉപയോഗിച്ച വെള്ളം മുസ്തഅ്മിലായ വെള്ളം എന്നാണ് അറിയപ്പെടുക. നജസ് കലര്‍ന്നിട്ടില്ലെങ്കിൽ മുസ്തഅ്മിലായ വെള്ളം ഥാഹിറാണ്. അഥവാ സ്വയം ശുദ്ധിയുള്ളതാണ്. പക്ഷെ സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ പറ്റുന്നതുമായ ഥഹൂര്‍ അല്ല. ജനാബതു കുളിക്കുന്ന നേരം ദേഹത്ത് നിന്നു വേര്‍പെട്ട വെള്ളം രണ്ടു കുല്ലത്തില്‍ കുറവാണെങ്കില്‍ മുസ്തഅ്മിലാണ്. അത് കൊണ്ട് തന്നെ ആ വെള്ളം ഥാഹിറാണ്, ഥഹൂറല്ല. അത് നജസോ മുതനജ്ജിസോ അല്ലെങ്കിൽ പോലും ആ വെള്ളം ഉപയോഗിച്ച് ശുദ്ധിയാക്കാനാവില്ല എന്നർത്ഥം. ഇനി നിങ്ങൾ ചോദിച്ച ചോദ്യത്തിന്റെ പ്രത്യക്ഷമായ ഉത്തരത്തിലേക്ക് കടക്കാം. ഒരു ബക്കറ്റിൽ രണ്ടു ഖുല്ലത്തിൽ കുറഞ്ഞ വെള്ളമുണ്ടെന്ന് കരുതുക. ആ ബക്കറ്റു വെള്ളത്തിൽ ഒരു നിശ്ചിത അളവിലുളള സോപ്പ് പോലെ പകർച്ചയാകാൻ സാധ്യതയുള്ള ഒരു വസ്തു കലർന്നാൽ വെള്ളത്തിന് നിറം, മണം, രുചി എന്നിവയിലൊന്നിനെങ്കിലും പകർച്ച സംഭവിക്കുമെന്ന് ഉറപ്പാണല്ലോ? അപ്പോൾ ഏകദേശം എത്ര അളവ് വസ്തു രണ്ടു ഖുല്ലത്തിൽ താഴെയുള്ള എത്ര അളവ് വെള്ളത്തിൽ ചേർന്നാലാണ് അവിടെ വെള്ളം പകർച്ചയാകുന്നതെന്ന് കണക്കാക്കുക. ഏകദേശം ആ വസ്തുവിന്റെ അളവിലുള്ള മുസ്തഅമിലായ വെള്ളം രണ്ട് ഖുല്ലത്തിൽ താഴെയുള്ള ഏതാണ്ട് നേരത്തെ പറഞ്ഞ അളവിലുള്ള വെള്ളത്തിൽ വീണാൽ ( പകർച്ച വരാൻ സാധ്യതയുള്ള അളവ് ഉള്ളതിനാൽ) ആ ബക്കറ്റിലെ വെള്ളം ത്വാഹിർ മാത്രമാണ്. ത്വഹൂറല്ല. ശുദ്ധീകരണത്തിന് പറ്റുകയില്ല. അഥവാ ചെറിയ അളവിൽ അൽപ്പം തുള്ളി വെള്ളം ബകറ്റിൽ തെറിച്ചാൽ അത് പ്രശ്നമല്ല. ആ വെള്ളത്തിന്റെ ശുദ്ധീകരണ യോഗ്യതയെ ബാധിക്കുകയില്ല. കൂടുതല്‍ തെറിച്ചിട്ടുണ്ടെങ്കില്‍ അത് പകര്‍ച്ചയുള്ളതായി കണക്കാക്കപ്പെടുന്നതാണ്.പകര്‍ച്ചയായോ ഇല്ലയോ എന്നു സംശയിച്ചാല്‍ പകര്‍ച്ചയായിട്ടില്ലെന്ന് കണക്കാക്കാം.

അറിയാതെ ചാണകം ചവിട്ടിയാൽ വുളൂഹ് മുറിയുമോ?


ഇല്ല.ചാണകം പോലുള്ള നജസിനെ ചവിട്ടുകയോ സ്പർശിക്കുകയോ ചെയ്താൽ ,മന:പൂർവ്വമാണെങ്കിൽ പോലും, വുളൂ മുറിയുകയില്ല. വുളൂ മുറിയുന്ന കാര്യങ്ങളില്‍ അത്തരം ഒരു കാര്യം പരാമർശിക്കുന്നില്ല എന്നതു തന്നെ കാരണം.

തോട്ടിലോ പുഴയിലോ ഒക്കെയായി മുങ്ങി കുളിക്കുന്ന സമയത്ത് വുളൂഇനെ കൂടി കരുതിയാൽ വുളൂ ലഭിക്കുമോ?


മുങ്ങി കുളിക്കുമ്പോൾ വുളൂഇന്റെ നിയ്യതിനെ കരുതിയാൽ വുളുഹ് ലഭിക്കുന്നതാണ്. വെള്ളം ശരീരത്തിലേക്ക് ഒഴിച്ചു കുളിക്കുകയാണെങ്കിൽ നിയ്യത്തോടൊപ്പം വുളൂഇന്റെ ക്രമം(തർതീബ്) പാലിച്ചാൽ വുളൂ ലഭിക്കും.

വുളുഇൽ വായിൽ വെള്ളം കോപ്ലിച്ച ശേഷം നാവിൽ നിലനിൽക്കുന്ന അസർ ഉള്ള ഉമിനീർ ഇറക്കിയാൽ നോമ്പ് ബാഥ്വിൽ ആവുമോ?


ഇല്ല,അതിനെത്തൊട്ട് സൂക്ഷിക്കൽ പ്രയാസമായതിനാൽ അത് വിഴുങ്ങിയാൽ പ്രശ്നമില്ല.

നോമ്പുകാരൻ മുങ്ങിക്കുളിക്കുന്നതിന്റെ വിധിയെന്താണ് ?


മുങ്ങി കുളിക്കൽ കൊണ്ട് സാധാരണ ഗതിയിൽ വെള്ളം ഉള്ളിലേക്ക് കേറുന്നവനാണെങ്കിൽ ഹറാമും അല്ലെങ്കിൽ കറാഹത്തുമാണ്. രണ്ടായാലും തുറക്കപ്പെട്ട ദ്വാരത്തിലൂടെ വെള്ളം ഉള്ളിലേക്ക് കടന്നാൽ നോമ്പ് ബാഥ്വിലാവുന്നതാണ്.

വലിയ അശുദ്ധിയെത്തൊട്ട് ശുദ്ധിയാവാനായി കുളിക്കുമ്പോൾ വെള്ളം ഉള്ളിൽ പ്രവേശിച്ചാൽ നോമ്പ് ബാത്വിലാകുമോ?


മുങ്ങിക്കുളിയല്ലെങ്കിൽ വെള്ളം മനപ്പൂർവ്വമല്ലാതെ അകത്തേക്ക് കടന്നാൽ നോമ്പ് മുറിയുകയില്ല.

ഒരു സ്ത്രീ ആദ്യം നികാഹ് ചെയ്ത ഭർതാവ് മരണപ്പെട്ടു. പിന്നീട് അവൾ മറ്റൊരു നികാഹ് ചെയ്തു. അവൾ ആദ്യ ഭർത്താവിന്റെ വാപ്പയെ തൊട്ടാൽ വുളൂഅ് മുറിയുമോ ?


വുളൂഅ് മുറിയുന്നതല്ല.വിവാഹ ബന്ധത്തിലൂടെ സ്ഥിരപ്പെട്ട മാതൃ-പിതൃ ബന്ധങ്ങൾ വിവാഹ ബന്ധം വേർപിരിഞ്ഞാലും മുറിയുന്നതല്ല .

ഔറത് മറക്കാതെ വുളൂഹ് ചെയ്താൽ വുളൂഹ് ശരിയാകുമോ?


വുളൂഹ് ശരിയാകണമെങ്കിൽ ഔറത് മറച്ചിരിക്കണമെന്ന നിബന്ധനയില്ല. അതേ സമയം വുളൂഉമായി ബന്ധമില്ലെങ്കിലും ഔറത് മറക്കൽ നിർബന്ധമാണ്.

യോനിയിൽ പുരുഷ ലിംഗം പ്രവേശിച്ചാൽ തന്നെ (സ്ഘലനം സംഭവിചില്ലെങ്കിലും ) കുളി നിർബന്ധമാകുമോ?


നിർബന്ധമാകും.

ഞാൻ മറ്റൊരു ഉമ്മയിൽ നിന്ന് മുലപ്പാൽ കുടിച്ചിട്ടുണ്ട്. എങ്കിൽ ആ ഉമ്മയുടെ മകളെ സ്പർശിച്ചാൽ വുളൂഅ് മുറിയുമോ?


രണ്ടു വയസ്സു തികയാത്ത ഒരു കുട്ടി ഹൈളിന്റെ പ്രായമെത്തിയ ഒരു സ്ത്രീയിൽ നിന്ന് അഞ്ചു വ്യത്യസ്ത ഘട്ടങ്ങളിലായി മുലപ്പാല് കുടിച്ചാൽ കുട്ടി മുലകുടി ബന്ധം കൊണ്ട് ആ സ്ത്രീയുടെ മകനായി സ്ഥിരപ്പെടുന്നതാണ്.(ഒരു ഘട്ടത്തിൽ തന്നെ പല തവണകളിലായി കുട്ടി മുലക്കണ്ണിൽ നിന്ന് വായ എടുക്കുകയും വീണ്ടും കുടിക്കുകയും ചെയ്താൽ അത് ഒരു പ്രാവശ്യമായി മാത്രമേ എണ്ണുകയുള്ളൂ. ഒരു ഘട്ടത്തിൽ മുലപ്പാൽ കുടിക്കുന്നതിൽ നിന്ന് കുട്ടി പൂർണ്ണമായും മാറി നിന്ന് മറ്റു പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും അൽപം കഴിഞ്ഞ് വീണ്ടും കുടിക്കുകയും ചെയ്താൽ അതിനെ വ്യത്യസ്ത ഘട്ടങ്ങളായിട്ടാണ് പരിഗണിക്കുക)അതോടെ ഈ കുട്ടിക്ക് ആ സ്ത്രീയുടെ മകൾ സഹോദരിയായി മാറുന്നതും വിവാഹ ബന്ധം ഹറാമാകുന്നതുമാണ്. അതുകൊണ്ട് തന്നെ അവർ പരസ്പരം സ്പർശിച്ചാൽ വുളൂഅ് മുറിയുന്നതല്ല. മേൽ പറഞ്ഞ രീതിയിലാണ് നിങ്ങൾ മറ്റൊരു സ്ത്രീയിൽ നിന്ന് മുലപ്പാൽ കുടിച്ചതെങ്കിൽ ആ സ്ത്രീയുടെ മകളെ തൊട്ടാൽ വുളൂഅ് മുറിയുന്നതല്ല.

വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്ത് നോമ്പിലേക്ക് പ്രവേശിക്കാമോ?


വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നോമ്പിലേക്ക് പ്രവേശിക്കാം. എന്നാൽ സുബ്ഹിക്ക് മുമ്പ് കുളിക്കലാണ് സുന്നത്ത്

സംഭോഗം കഴിഞ്ഞ് കുളിച്ചതിനു ശേഷം യോനിയിൽ നിന്ന് ശുക്ലം പുറത്തു വന്നാൽ അവൾ വീണ്ടും കുളിക്കേണ്ടതുണ്ടോ?


അത് അവളുടെ ശുക്ലമാകാൻ സാധ്യതയുണ്ടെങ്കിൽ കുളി നിർബന്ധമാണ്. ഇല്ലെങ്കിൽ കുളിക്കേണ്ടതില്ല.

ഭാര്യയെ സംയോഗം ചെയ്യുന്നതായി സ്വപ്നം കാണുകയും സ്ഖലനം ഇല്ലാതിരിക്കുകയും ചെയ്താൽ കുളിക്കൽ നിർബന്ധമാണോ?


കുളി നിർബന്ധമില്ല.

നിസ്കാരത്തിൽ രണ്ടാം സലാം വീട്ടുന്നതിനു മുമ്പ് വുളൂഅ് മുറിഞ്ഞാൽ നിസ്കാരം മടക്കേണ്ടതുണ്ടോ?


മടക്കേണ്ടതില്ല. ഒന്നാം സലാമാണ് നിർബന്ധമുള്ളത്. രണ്ടാം സലാം വീട്ടൽ സുന്നത്താണ്. വുളൂഅ് മുറിഞ്ഞവന് രണ്ടാം സലാം വീട്ടിൽ ഹറാമാണ്.

ളുഹറ് നിസ്കാരത്തിന്റെ സമയമായപ്പോൾ തയമ്മുമിന്റെ നിബന്ധനകളനുസരിച്ച് തയമ്മും ചെയ്തു. പക്ഷെ നിസ്കരിച്ചില്ല, ശേഷം അതെ തയമ്മും കൊണ്ട് അസറിന്റെ സമയമായപ്പോൾ അസർ നിസ്കരിക്കുന്നതിന് പ്രശ്നമുണ്ടോ?


പ്രശ്നമില്ല

പ്രസവം കാരണം നിർബന്ധമാകുന്ന കുളി ഒാപ്പറേഷൻ വഴിയുള്ള പ്രസവത്തിന് ബാധകമാണോ? അശുദ്ധമായ രക്തവും മറ്റു മാലിന്യങ്ങളും ഒാപറേഷനിലൂടെ നീക്കം ചെയ്യപ്പെടുന്നതിനാൽ പ്രസവാനന്തരം പുറപ്പെടുന്ന രക്തം നിഫാസായി കണക്കാക്കുമോ?


പ്രസവിക്കലാണ് കുളി നിർബന്ധമാകാനുള്ള കാരണം. അതുകൊണ്ട് ഒാപ്പറേഷനിലൂടെ പ്രസവിച്ചതാണെങ്കിലും കുളി നിർബന്ധമാകും. ഒാപ്പറേഷനിലൂടെ രക്തം നീക്കപ്പെട്ടാലും ശേഷം വരുന്ന രക്തം നിഫാസ് തന്നെയാണ്. ചുരുങ്ങിയാൽ ഒരു സെക്കൻഡും അധികരിച്ചാൽ 60 ദിവസവും സാധാരണഗതിയിൽ 40 ദിവസവുമാണ് നിഫാസായി പരിഗണിക്കുക. നിഫാസുകാരിയുടെ വിധി ആർത്തവകാരിയുടേത് പോലെ തന്നെയാണ്.

മൂത്താപ്പാന്റെ മക്കളെ തൊട്ടാൽ വുളൂഅ് മുറിയുമോ?


മുറിയും. കാരണം അവരെ വിവാഹം ചെയ്യൽ അനുവദനീയമാണ്. വിവാഹം ചെയ്യൽ ഹറാമായവരെ തൊട്ടാൽ വുളൂഅ് മുറിയുകയില്ല.

വുളൂഅ് എടുത്തവന്റെ ശരീരത്തിൽ നജസായാൽ വിധി എന്താണ്? കഴുകിയാൽ മാത്രം മതിയോ? പുതിയ വുളൂഅ് ചെയ്യേണ്ടതുണ്ടോ?


ശരീരത്തിൽ നജസ് ആകുന്നത് വുളൂഇനെ ബാധിക്കാത്തത് കൊണ്ട് പുതിയ വുളൂഅ് ചെയ്യേണ്ടതില്ല. നിസ്കരിക്കണമെങ്കിൽ ആ ഭാഗം കഴുകി വൃത്തിയാക്കിയാൽ മതി.

പോളിംഗ് ബൂത്തിൽ നിന്ന് ചൂണ്ടുവിരലിൽ പുരട്ടുന്ന മഷി വുളൂഇനെ ബാധിക്കുമോ?


പോളിംഗ് ബൂത്തിലെ മഷി ശരീരത്തിലേക്ക് വെള്ളം ചേരലിനെ തടയാത്തത് കൊണ്ട് വുളൂഇനെ ബാധിക്കില്ല. പെയിന്റ് പോലോത്തതിലുണ്ടാകുന്ന തടി ഇൗ മഷിയിൽ ഇല്ല, ചുരണ്ടിയെടുക്കാവുന്ന തടി ഉണ്ടെങ്കിലാണ് വെള്ളം ചേരാതിരിക്കുന്നത്. ബൂത്തിലെ മഷി മൈലാഞ്ചി പോലെയായതിനാൽ വുളൂവിനെ ബാധിക്കില്ല.

ഭാര്യ മാതാവിനെയോ ഭർത്യപിതാവിനെയോ തൊട്ടാൽ വുളൂഅ് മുറിയുമോ?


മുറിയില്ല. വിവാഹം കഴിക്കൽ ഹറാമായവരെ തൊട്ടാൽ വുളൂ മുറിയുകയില്ല എന്നതാണ് കാരണം.

മകൻ ഉപ്പയുടെ ആദ്യ ഭാര്യയെ തൊട്ടാൽ വുളൂഅ് മുറിയുമോ?


ആദ്യം വിവാഹം കഴിച്ച സ്ത്രീയുമായി വാപ്പ ഇണ ചേർന്നിട്ടുണ്ടെങ്കിൽ മകന് ആ സ്ത്രീയെ വിവാഹം ചെയ്യൽ ഹറാമാണ്. വിവാഹം കഴിക്കൽ ഹറാമായവരെ തൊട്ടാൽ വുളൂഅ് മുറിയില്ല.

അന്യ സ്ത്രീ പുരുഷ•ാർ തൊട്ടാൽ വുളൂഅ് മുറിയുമല്ലോ. എങ്കിൽ മയ്യിത്തിനെ തൊട്ടാൽ ആരുടേയെങ്കിലും വുളൂഅ് മുറിയുമോ? മയ്യിത്തിന് വീണ്ടും വുളൂഅ് ചെയ്തു കൊടുക്കണോ?


മയ്യത്തിനെ തൊട്ടാൽ തൊട്ടയാളുടെ വുളൂഅ് മുറിയും. മയ്യത്തിന്റെ വുളൂഅ് മുറിയുകയില്ല. അതുകൊണ്ട് മയ്യത്തിന് വീണ്ടും വുളൂഅ് ചെയ്ത് കൊടുക്കേണ്ടതില്ല.

നാലോ അഞ്ചോ പ്രായമുള്ള പെൺകുട്ടിയെ തൊട്ടാൽ വുളൂഅ് മുറിയുമോ?


സാധാരണ ഗതിയിൽ കണ്ടാൽ വികാരമുണ്ടാവുന്ന വളർച്ച കുട്ടിക്ക് എത്തിയിട്ടുണ്ടെങ്കിൽ വുളൂഅ് മുറിയും.

വുളൂ മുറിഞ്ഞവന് മുസ്ഹഫിന്റെ കഷ്ണം പേന കൊണ്ട് മറിക്കാമോ?


ആ കഷ്ണത്തിന്റെ അടിഭാഗം മുസ്ഹഫിൽ നിന്ന് വേറിട്ട് പിരിഞ്ഞു നിൽക്കുന്നില്ലെങ്കിൽ പ്രശ്നമില്ല.

ജനാബതുകാരനായിരിക്കുമ്പോൾ മുടി നഖം എന്നിവ മുറിച്ചാൽ കുറ്റക്കാരൻ ആകുമോ ?


വലിയ അശുദ്ധി ഉണ്ടായിരിക്കെ മുടി, നഖം എന്നിവ നീക്കൽ കുറ്റകരമല്ല. എങ്കിലും സുന്നതിന് എതിരാണ്.

എൻ്റെ കയ്യിൽ മുറിവുണ്ടായതിനാൽ വുളൂഇനോടൊപ്പം ത യമ്മും ചെയ്ത് ഒരു ഫർള് നിസ്കരിച്ചു. ഇനി മറ്റൊരു ഫർള് നിസ്കരിക്കാൻ ആ സമയത്ത് വുളൂഅ് ഉണ്ടെങ്കിൽ രണ്ടാമത് തയമ്മും മാത്രം ചെയ്താൽ മതിയാകുമോ? അതോ രണ്ടാം ഫർളിന് വേണ്ടി വീണ്ടും വുളൂഉം തയമ്മുമും രണ്ടും ചെയ്യേണ്ടതുണ്ടോ?


ആദ്യ ഫർള് നിസ്കരിക്കുന്ന സമയത്ത് നിർവ്വഹിച്ച വുളൂഹ് നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ രണ്ടാം ഫർള് നിസ്കാരത്തിന് വേണ്ടി വീണ്ടും വുളൂഹ് ചെയ്യേണ്ടതില്ല. തയമ്മും മാത്രം ചെയ്താൽ മതിയാകുന്നതാണ്. അവന്റെ വുളൂഅ് ബാത്വിലായിട്ടില്ല എന്നതാണ് കാരണം. ഒരു തയമ്മും കൊണ്ട് ഒരു ഫർള് നിസ്കാരം മാത്രമേ നിർവ്വഹിക്കാവൂ എന്ന് നിയമമുള്ളതിനാൽ രണ്ടാമത് തയമ്മും ചെയ്തേ മതിയാവൂ. സുന്നത്ത് നിസ്കാരം നിർവ്വഹിക്കാൻ രണ്ടാമത് തയമ്മും ആവശ്യമില്ല. ولا يصلي بتيمم غير فرض، ويتنفل ما شاء، والنذر كفرض في الأظهر [ المنهاج للنووي] فإذا تيمم لفرض ثان ولم يحدث لم يعد الجنب غسلا، ويعيد المحدث ما بعد عليله، وقيل: يستأنفان وقيل المحدث كجنب، قلت: هذا الثالث أصح، والله أعلم [ المنهاج للنووي ]

അപകടത്തിൽ പരിക്കേറ്റ് കയ്യിലും കാലിലും ബാൻഡേജ് വെച്ച് രണ്ട് മാസം കഴിഞ്ഞു. ബാൻഡേജ് അഴിച്ചടുക്കാനോ വെള്ളം തട്ടുവാനോ പാടില്ല എന്ന് ഡോക്ടർ പറഞ്ഞിരുന്നു. എങ്കിൽ ജനാബത് കുളി വന്നാൽ എങ്ങനെയാണ് കുളിക്കേണ്ടതും നിസ്കരിക്കേണ്ടതും?


കുളി നിർബന്ധമായവൻ മുറിവില്ലാത്ത ഭാഗം കഴുകി വെള്ളം ചേരാത്ത സ്ഥലത്തിന് വേണ്ടി തയമ്മും ചെയ്യണം. രണ്ടാമത് മറ്റൊരു ഫർള് നിസ്കരിക്കുമ്പോൾ കുളി മടക്കേണ്ടതില്ല. എങ്കിലും തയമ്മും മടക്കണം. അശുദ്ധിയിൽ നിന്ന് ശുദ്ധി വരുത്താത്ത നിലക്കാണ് പ്ലാസ്റ്റർ ഇട്ടതെങ്കിൽ ശേഷമുള്ള നിസ്കാരങ്ങൾ മടക്കൽ നിർബന്ധമാവും. ബാൻഡേജ് തയമ്മുമിന്റെ അവയവത്തിലുമുള്ളതിനാൽ ഇവിടെ വുളൂഉം പകരമുള്ള തയമ്മുമും അപൂർണ്ണമാണ്. അതിനാൽ നിസ്കാരങ്ങൾ പിന്നീട് മടക്കണം എന്നതാണ് പ്രബലം.

ജനാബതുളളവർ കുളിക്കുന്നതിന് മുമ്പ് മുടി, നഖം എന്നിവ നീക്കം ചെയ്യുന്നതിന്റെ വിധി ?


സുന്നത്തിന് എതിരാണ്

ഫർള് കുളിക്ക് ശേഷം നിയ്യത്തിൽ സംശയിച്ചാൽ വീണ്ടും കുളിക്കേണ്ടതുണ്ടോ?


വുളൂഅ് ,കുളി ഇവയിൽ നിന്ന് വിരമിച്ച ശേഷം ഏതെങ്കിലും അംഗം കഴുകിയതിനെ കുറിച്ചോ നിയ്യത്തിൽ തന്നെയുമോ സംശയിച്ചാൽ ആ സംശയത്തിന് സ്ഥാനമില്ല. അത്കൊണ്ട് രണ്ടാമത് കുളിക്കേണ്ടതില്ല.

കുളി നിർബന്ധമായവന് കുളിക്കുന്നതിനു മുമ്പായി ഭക്ഷിക്കാനും ദിക്റ് സ്വലാത്തുകൾ ചൊല്ലാനും പറ്റുമോ?


ഇവകൾ കുളി നിർബന്ധമായവന് ഹറാമാകുന്ന കാര്യങ്ങളല്ല. പക്ഷേ ഭക്ഷിക്കാനും ദിക്ർ സ്വലാത്തുകൾ ചെല്ലാനും ഉറങ്ങാനും ജനാബത്തുകാരന് വുളൂഅ് ചെയ്യൽ സുന്നത്താണ്, വുളൂഅ് ഇല്ലാതെ അത്തരം കാര്യങ്ങൾ ചെയ്യൽ കറാഹത്തുമാണ്.

കുളി നിർബന്ധമായ ഒരാളെ നായ തൊട്ടാൽ എങ്ങനെ കുളിക്കണം?


നായ തൊട്ട സ്ഥലം ഏഴു പ്രാവശ്യം കഴുകുകയും അതിൽ ഒരു പ്രാവശ്യം മണ്ണു കലർത്തിയ വെള്ളം കൊണ്ടായിരിക്കുകയും വേണം. ജനാബത്തിനു വേണ്ടി പ്രത്യേകം കുളിക്കുകയും വേണം.

രോഗിയായ ഒരാളോട് ഡോക്ടർ കുളിക്കരുത് എന്ന് നിർദ്ദേശിച്ചിട്ടുണ്ട്, അയാൾക്ക് കുളി നിർബന്ധമായാൽ എന്ത് ചെയ്യണം?


തയമ്മും ചെയ്യണം.

ജനാബത്തുകാരന് കുളിക്കുന്നതിന് മുമ്പ് നഖം മുറിക്കാനും മുടി വെട്ടാനും പറ്റുമോ?


പറ്റും. പക്ഷേ സുന്നത്ത് ലഭിക്കില്ല. കുളിക്കുന്നതിനു മുമ്പ് മുടിയും നഖവും വെട്ടാതിരിക്കൽ സുന്നത്താണ്.

കുളി നിർബന്ധമാകുന്ന കാര്യങ്ങൾ എന്തെല്ലാം?


ഇന്ദ്രിയം പുറപ്പെടുക, ലിംഗാഗ്രം ഗുഹ്യസ്ഥാനത്തിൽ പ്രവേശിക്കുക ഇക്കാരണങ്ങളാൽ പുരുഷന് കുളി നിർബന്ധമാകും. അത് സ്ത്രീയുടെയോ പുരുഷന്റെയോ മൃഗത്തിന്റെയോ ഗുഹ്യസ്ഥാനത്തിൽ ആയാലും കുളി നിർബന്ധമാകും. ആർത്തവം, പ്രസവം, ഇന്ദ്രിയം പുറപ്പെടൽ, മുൻദ്വാരത്തിലോ പിൻദ്വാരത്തിലോ ലിംഗം പ്രവേശിക്കൽ, ഇക്കാരണം കൊണ്ട് സ്ത്രീകൾക്ക് കുളി നിർബന്ധമാണ്.

കുളി നിർബന്ധമായ ഒരാൾ മുറിവില്ലാത്ത ഭാഗം കഴുകുകയും ബാക്കി സ്ഥലത്തേക്ക് വേണ്ടി തയമ്മും നിർവഹിക്കുകയും ചെയ്തു. രണ്ടാമത് ഫർള് നിസ്കരിക്കുമ്പോൾ കുളി മടക്കേണ്ടതുണ്ടോ?


കുളി മടക്കേണ്ടതില്ല. തയമ്മും മടക്കിയാൽ മതി.

വുളൂഅ് ചെയ്യാൻ മതിയായ വെള്ളമില്ല, എങ്കിൽ ഉള്ള വെള്ളം ഉപയോഗിക്കാതെ തയമ്മും ചെയ്താൽ മതിയാകുമോ?


മതിയാവുകയില്ല. ഉള്ള വെള്ളം ഉപയോഗിച്ച് ബാക്കിയുള്ള അവയവങ്ങൾക്ക് വേണ്ടി തയമ്മും ചെയ്യണം.

ശക്തമായ തണുപ്പുണ്ടാകുമ്പോൾ തയമ്മും ചെയ്ത് നിസ്കരിക്കാൻ പറ്റുമോ?


വെള്ളം ഇല്ലാതിരിക്കുമ്പോഴോ ഉപയോഗിക്കാൻ പറ്റാതെ വരുമ്പോഴോ ആണ് തയമ്മും ചെയ്യേണ്ടത്. വെള്ളം ഉപയോഗിച്ചാൽ രോഗം ഉണ്ടാകുമെന്നോ, ഉള്ള രോഗം അധികരിക്കുമെന്നൊ, ദേഹ നഷ്ടമോ അംഗ നഷ്ടമോ സംഭവിക്കുമെന്നോ, ബാഹ്യാവയവങ്ങളിൽ വൈരൂപ്യമുണ്ടാക്കുന്ന കലകൾ ഉണ്ടാകുമെന്നോ പേടിച്ചാൽ തയമ്മും ചെയ്യൽ അനുവദനീയമാണ്. ഇപ്രകാരം സംഭവിക്കുമെന്ന് തന്റെ അറിവും യോഗ്യനായ ഒരു ഡോക്ടറുടെ അഭിപ്രായവും പരിഗണനക്കെടുക്കാം.

വുളൂഅ് ചെയ്ത് നിസ്കരിക്കുന്നവന് തയമ്മും ചെയ്ത് നിസ്കരിക്കുന്നവനെ തുടരാൻ പറ്റുമോ?


തുടരാം. പക്ഷെ തയ്യമ്മും ചെയ്ത് നിസ്കരിക്കുന്നവന് ആ നിസ്കാരം മടക്കൽ നിർബന്ധമാണെങ്കിൽ പറ്റില്ല.

വലിയ അശുദ്ധിയുള്ളവർക്ക് ഖുർആൻ ഒാതാൻ പറ്റുമോ?


ഖുർആൻ ഒാതൽ ഹറാമാണ്. ദിക്ർ എന്ന നിലക്ക് ഒാതുന്നതിന് പ്രശ്നമില്ല.

മൂത്രതടസ്സം ഉണ്ടായതിന് വേണ്ടി മൂത്രം പുറത്തെടുക്കാൻ ട്യൂബ് ഫിറ്റ് ചെയ്യപ്പെട്ട ഒരാൾക്ക് നിസ്കരിക്കാൻ വേണ്ടി നിത്യ അശുദ്ധിക്കാരന്റെ നിബന്ധനകൾ അനുസരിക്കാൻ പറ്റുമോ?


അത്തരം രോഗികൾ അശുദ്ധിയിൽ നിന്ന് മോചിതനാകാത്തത് കൊണ്ട് നിത്യ അശുദ്ധിക്കാരന്റെ നിബന്ധനകൾ അനുസരിച്ച് അവർക്ക് നിസ്കരിക്കാൻ പറ്റുന്നതാണ്. ട്യൂബ് ഘടിപ്പിക്കപ്പെട്ടവൻ സുഖപ്പെടും വരെ ഇൗ നില തുടരണമെന്ന് നീതിമാനായ ഒരു ഡോക്ടർ നിർദ്ദേശിച്ചാൽ ട്യൂബ് നിലനിർത്തിക്കൊണ്ട് നിസ്കരിക്കൽ നിർബന്ധമാണ്.

കയ്യിൽ ആറു വിരലുള്ള ഒരാൾ ആറാം വിരൽ കൊണ്ടോ, രണ്ട് കൈപ്പത്തിയുള്ളയാൾ രണ്ടാം കൈപ്പത്തികൊണ്ടോ ഗുഹ്യസ്ഥാനം തൊട്ടാൽ വുളു മുറിയുമോ?


ആറാം വിരൽ മറ്റു വിരലുകളോട് സമമായി നിൽക്കുന്നുണ്ടെങ്കിൽ അതുകൊണ്ട് തൊട്ടാൽ വുളൂഅ് മുറിയും. രണ്ടാം കൈപ്പത്തി പ്രവർത്തനക്ഷമമല്ലങ്കിൽ അതുകൊണ്ട് തൊട്ടാൽ വുളൂഅ് മുറിയില്ല. രണ്ടും പ്രവർത്തനക്ഷമമാണെങ്കിൽ വുളൂഅ് മുറിയുന്നതായിരിക്കും

പ്ലാസ്റ്റിക് സർജറിയിലൂടെ വെക്കപ്പെട്ട കൈ കൊണ്ട് അന്യ സ്ത്രീ പുരുഷ•ാർ സ്പർശിച്ചാൽ വുളൂഅ് മുറിയുമോ?


മറകൂടാതെ അന്യ സ്ത്രീ പുരുഷൻമാർ സ്പർശിക്കൽ കൊണ്ട് വുളൂഅ് മുറിയും. പ്ലാസ്റ്റിക് സർജറിയിലൂടെ വെക്കപ്പെട്ട കൈ യഥാർത്ഥത്തിൽ മറ്റൊരാളുടെ കൈ ആണെങ്കിലും തന്റെ ശരീരത്തിലേക്ക് ബന്ധിക്കപ്പെടുകയും രക്തം ഒാടുകയും ചെയ്താൽ അത് അവന്റെ കൈയായി മാറുകയാണ്. അതുകൊണ്ട് വുളൂഅ് മുറിയും.

ഭർത്യപിതാവിനെ തൊട്ടാൽ വുളൂ മുറിയില്ലല്ലോ. വിവാഹബന്ധം വേർപ്പെട്ടതിന് ശേഷമാണെങ്കിൽ എന്താണ് വിധി?


വിവാഹ ബന്ധം ഹറാമായവരെ തൊട്ടാൽ വുളൂഅ് മുറിയില്ല. ഭർതൃ പിതാവിനെ ഒരിക്കലും വിവാഹം കഴിക്കാൻ പറ്റില്ല. അതു കൊണ്ട് വുളൂഅ് മുറിയില്ലെന്നാണ് വിധി.

എളാമ്മയുടെയോ മൂത്തമ്മയുടെയോ മക്കളെ തൊട്ടാൽ വുളൂഅ് മുറിയുമോ?


അവരെ വിവാഹം കഴിക്കൽ അനുവദനീയമാണ്. അതുകൊണ്ട് വുളൂഅ് മുറിയും.

വുളൂഅ് ചെയ്ത പുരുഷന്റെ ഗുഹ്യസ്ഥാനം മറ്റൊരു പുരുഷൻ തൊട്ടാൽ രണ്ടുപേരുടെയും വുളൂ മുറിയുമോ?


തൊട്ട ആളുടെ വുളൂഅ് മാത്രമാണ് മുറിയുക. രണ്ടുപേരും ഒരേ വർഗ്ഗം ആയതിനാൽ മറ്റവന്റെ വുളൂവിന് പ്രശ്നമില്ല.

പുതുമുസ്ലിം അവന്റെ അമുസ്ലിമായ ഉമ്മയെ തൊട്ടാൽ വുളു മുറിയുമോ?


മുറിയില്ല. അമുസ്ലിമാണെങ്കിലും അത് അവന്റെ ഉമ്മ തന്നെയാണല്ലോ.

സ്വന്തമായി വുളൂഅ് ചെയ്യാൻ കഴിയാത്ത രൂപത്തിൽ ഒരു സ്ത്രീ രോഗിയായി കിടപ്പിലാണ്. ഭർത്താവ് മാത്രമാണ് സഹായത്തിനുള്ളത്. ഇൗ സമയത്ത് അവൾ എങ്ങനെയാണ് വുളൂഅ് ചെയ്യേണ്ടത്?


ശരീരം സ്പർശിക്കാതിരിക്കാൻ ഉറയോ മറ്റോ ഉപയോഗിച്ച് ഭർത്താവ് വുളൂഅ് എടുത്തു കൊടുക്കണം. വുളൂഅ് ചെയ്യാൻ ഒരുനിലക്കും സാധിക്കുന്നില്ലെങ്കിൽ സമയത്തെ മാനിച്ച് വുളൂഅ് ഇല്ലാതെ നിസ്കരിക്കുകയും പിന്നീട് ഖളാഅ് വീട്ടുകയും വേണം.

ഭാര്യ ഭർത്താക്ക•ാർ പരസ്പരം സ്പർശിച്ചാൽ അവരുടെ വുളൂഅ് മുറിയുമോ?


മുറിയും. കാരണം സ്ത്രീയെ തൊടുമ്പോഴുണ്ടാകുന്ന വൈകാരികാനുഭവമാണ്. ഇനി തൊടുമ്പോൾ വികാരം ഇല്ലെങ്കിലും വുളൂഅ് മുറിയുക തന്നെ ചെയ്യും. ഉമ്മ പെങ്ങമ്മാരെ തൊടുമ്പോൾ വുളൂഅ് മുറിയാതിരിക്കുന്നത് വികാരം ഉണ്ടാവാത്തത് കൊണ്ടാണ്.

വുളൂഅ് ചെയ്ത സ്ത്രീ ഒരു അമുസ്ലിം സ്ത്രീയെ തൊട്ടാൽ വുളൂഅ് മുറിയുമോ?


മുറിയില്ല. സ്ത്രീകൾ പരസ്പരം തൊടുന്നത് വുളൂഇനെ മുറിക്കുകയില്ല.

പല്ല് ഇല്ലാത്തവന് മിസ് വാക് ചെയ്യുന്നതിന്റെ സുന്നത് ലഭിക്കണമെങ്കിൽ എന്ത് ചെയ്യണം?


പല്ല് ഇല്ലാത്തവനും മിസ് വാക് ചെയ്യൽ സുന്നത്തുണ്ട്.

ഒരാൾക്ക് രണ്ടോ അതിലധികമോ മുഖം ഉണ്ടെങ്കിൽ വുളൂ ചെയ്യുമ്പോൾ അത് മുഴുവനും കഴുകണോ?


കഴുകൽ നിർബന്ധമാണ്. എന്നാൽ രണ്ട് തലയുള്ളവൻ ഒന്നിന്റെ അല്പഭാഗം മാത്രം തടവിയാൽ മതി.

കൺമഷി ഇട്ടതിനുശേഷം വുളൂ ചെയ്താൽ ശരിയാകുമോ?


വെള്ളം ചേരലിനെ തടയുന്നുണ്ടെങ്കിൽ കണ്മഷി കഴുകിയതിനു ശേഷമാണ് വുളൂ ചെയ്യേണ്ടത്.

വുളൂ ചെയ്യുമ്പോൾ തലയുടെ അല്പം തടവുന്നതിനു പകരം നെറ്റി തടവിയാൽ മതിയാകുമോ?


മതിയാകില്ല, തലയുടെ പരിധിയിൽപ്പെട്ട മുടിയോ ചർമ്മമോ തന്നെ തടവണം.

നിസ്കരിക്കാൻ വേണ്ടി വുളൂ ചെയ്യുമ്പോൾ നിസ്കാരത്തെ ഹലാലാക്കാൻ വുളൂവിന്റെ ഫർളിനെ വീട്ടുന്നു എന്നാണല്ലോ കരുതാറ്. എന്നാൽ ഉറങ്ങാൻ നേരത്തോ, ഖുർആൻ പാരായണത്തിനോ വേണ്ടി വുളൂ ചെയ്യുമ്പോൾ എങ്ങനെ നീയത്ത് ചെയ്യണം?


എന്തിനു വേണ്ടി വുളൂ ചെയ്യുകയാണെങ്കിലും മേൽപ്പറഞ്ഞ നിയ്യത്ത് മതിയാകുന്നതാണ്.

കൃത്രിമമായി വെച്ച പല്ലുകൾ വുളൂ ചെയ്യുമ്പോൾ അഴിച്ചു വെക്കേണ്ടതുണ്ടോ? ഇല്ലെങ്കിൽ വുളൂ ശരിയാകുമോ?


വായിൽ വെള്ളം എത്തിക്കൽ നിർബന്ധം ഇല്ലാത്തതിനാൽ കൃത്രിമ പല്ല് അഴിച്ചു വെക്കേണ്ടതില്ല.

വുളൂ ചെയ്യുമ്പോൾ അവയവങ്ങൾ മൂന്നുപ്രാവശ്യം കഴുകൽ നിർബന്ധമുണ്ടോ? മൂന്നിലും അവയവങ്ങൾ മുഴുവനും നനയേണ്ടതുണ്ടോ?


ഒരു പ്രാവശ്യം കഴുകലാണ് വുളൂവിൽ നിർബന്ധമുള്ളത്. രണ്ടും മൂന്നും പ്രാവശ്യം കഴുകൽ സുന്നത്തും. കഴുകൽ നിർബന്ധമുള്ള ഭാഗം മുഴുവനും നനഞ്ഞതിനുശേഷമേ സുന്നത്ത് പരിഗണിക്കുകയുള്ളൂ. സുന്നത്ത് പൂർണമായി ലഭിക്കണമെങ്കിൽ അവയവങ്ങൾ മുഴുവനും മൂന്നുപ്രാവശ്യം നനഞ്ഞു ഒലിക്കേണ്ടതുണ്ട്.

കയ്യിലെ മോതിരം, വള തുടങ്ങിയവ വുളൂഇന്റെ സമയത്ത് ഉൗരി വെക്കേണ്ടതുണ്ടോ?


കഴുകപ്പെടുന്ന അവയവങ്ങളിൽ വെള്ളം ചേരുന്നതിനെ തടയുന്ന ഒന്നും ഇല്ലാതിരിക്കൽ വുളൂഇന്റെ നിബന്ധനയാണ്. വള, മോതിരം ഇതിന് തടസ്സമാകുന്നുണ്ടെങ്കിൽ കഴുകുന്ന സമയത്ത് അതിനെ അനക്കുകയും അവിടെ വെള്ളം ചേർക്കുകയും വേണം (സാധാരണ തടസ്സമാവാറില്ല).

നഖങ്ങളിൽ ക്യൂട്ടക്സ് ഉണ്ടാവൽ വുളൂഇന് തടസ്സമാണോ?


വെള്ളം ചേരുന്നതിനെ തടയുന്നതൊന്നും അവയവങ്ങളിൽ ഇല്ലാതിരിക്കൽ വുളൂവിന്റെ നിബന്ധനകളിൽ പെട്ടതാണ്. നഖങ്ങളിലേക്ക് വെള്ളം ചേരലിനെ ക്യൂട്ടെക്സിന്റെ കട്ടിയുള്ള പോളീഷ്മ മറക്കുമെങ്കിൽ അതു വുളൂവിന് തടസ്സമാണ്. മൈലാഞ്ചി ഇടുമ്പോഴുള്ള നിറംമാറ്റം പ്രശ്നമില്ല.

വുളൂവോ, നിർബന്ധമായ കുളിയോ കഴിഞ്ഞശേഷം ഏതെങ്കിലും അവയവത്തിൽ വെള്ളം എത്തിയിട്ടില്ലെന്ന് അറിഞ്ഞാൽ വുളൂഉം കുളിയും മടക്കേണ്ടതുണ്ടോ?


മടക്കേണ്ടതില്ല. മറിച്ച്, ആ സ്ഥലം കഴുകണം. വുളൂവിലാണെങ്കിൽ അതിനുശേഷമുള്ള അവയവങ്ങൾ മടക്കി കഴുകണം. കുളിയിൽ ആ സ്ഥലം മാത്രം കഴുകിയാൽ മതി

പേനയുടെ മഷി ശരീരത്തിൽ ഉണ്ടായാൽ വുളൂ, കുളി സാധുവാകുമോ?


സാധുവാകും, എന്നാൽ മഷി കാരണം വെള്ളം ശരീരത്തിലേക്ക് ചേരാതിരുന്നാൽ വുളൂഉം കുളിയും ശരിയാവുകയില്ല.

വുളൂഇന്റെ നീയ്യത്ത് വെച്ച് കോരി ഒഴിച്ച് കുളിച്ചാൽ വുളൂ ശെരിയാകുമോ?


ശരിയാകും. ആദ്യം മുഖം, പിന്നെ കൈ, പിന്നെ തല പിന്നെ കാൽ എന്ന രൂപത്തിൽ ക്രമപാലനം ഉണ്ടാവണം.

ജനാബതുളളവർ കുളിക്കുന്നതിന് മുമ്പ് മുടി, നഖം എന്നിവ നീക്കം ചെയ്യുന്നതിന്റെ വിധി ?


സുന്നത്തിന് എതിരാണ്