വുളൂഅ്

ജനാബതുണ്ടായതിന് വേണ്ടി ബക്കറ്റിൽ നിന്ന് കോരി കുളിക്കുമ്പോൾ ശരീരത്തിൽ നിന്ന് ബക്കറ്റിലെ വെള്ളത്തിലേക്ക് വെള്ളം തെറിച്ചാൽ കുളി സ്വഹീകാകുമോ?


നിർബന്ധമായ കുളി, വുളൂഇൽ ഫർളായ അവയവങ്ങൾ കഴുകൽ തുടങ്ങിയ ശറഇയ്യായ നിര്‍ബന്ധ ശുദ്ധീകരണത്തില്‍ ഒരു തവണ ഉപയോഗിച്ച വെള്ളം മുസ്തഅ്മിലായ വെള്ളം എന്നാണ് അറിയപ്പെടുക. നജസ് കലര്‍ന്നിട്ടില്ലെങ്കിൽ മുസ്തഅ്മിലായ വെള്ളം ഥാഹിറാണ്. അഥവാ സ്വയം ശുദ്ധിയുള്ളതാണ്. പക്ഷെ സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ പറ്റുന്നതുമായ ഥഹൂര്‍ അല്ല. ജനാബതു കുളിക്കുന്ന നേരം ദേഹത്ത് നിന്നു വേര്‍പെട്ട വെള്ളം രണ്ടു കുല്ലത്തില്‍ കുറവാണെങ്കില്‍ മുസ്തഅ്മിലാണ്. അത് കൊണ്ട് തന്നെ ആ വെള്ളം ഥാഹിറാണ്, ഥഹൂറല്ല. അത് നജസോ മുതനജ്ജിസോ അല്ലെങ്കിൽ പോലും ആ വെള്ളം ഉപയോഗിച്ച് ശുദ്ധിയാക്കാനാവില്ല എന്നർത്ഥം. ഇനി നിങ്ങൾ ചോദിച്ച ചോദ്യത്തിന്റെ പ്രത്യക്ഷമായ ഉത്തരത്തിലേക്ക് കടക്കാം. ഒരു ബക്കറ്റിൽ രണ്ടു ഖുല്ലത്തിൽ കുറഞ്ഞ വെള്ളമുണ്ടെന്ന് കരുതുക. ആ ബക്കറ്റു വെള്ളത്തിൽ ഒരു നിശ്ചിത അളവിലുളള സോപ്പ് പോലെ പകർച്ചയാകാൻ സാധ്യതയുള്ള ഒരു വസ്തു കലർന്നാൽ വെള്ളത്തിന് നിറം, മണം, രുചി എന്നിവയിലൊന്നിനെങ്കിലും പകർച്ച സംഭവിക്കുമെന്ന് ഉറപ്പാണല്ലോ? അപ്പോൾ ഏകദേശം എത്ര അളവ് വസ്തു രണ്ടു ഖുല്ലത്തിൽ താഴെയുള്ള എത്ര അളവ് വെള്ളത്തിൽ ചേർന്നാലാണ് അവിടെ വെള്ളം പകർച്ചയാകുന്നതെന്ന് കണക്കാക്കുക. ഏകദേശം ആ വസ്തുവിന്റെ അളവിലുള്ള മുസ്തഅമിലായ വെള്ളം രണ്ട് ഖുല്ലത്തിൽ താഴെയുള്ള ഏതാണ്ട് നേരത്തെ പറഞ്ഞ അളവിലുള്ള വെള്ളത്തിൽ വീണാൽ ( പകർച്ച വരാൻ സാധ്യതയുള്ള അളവ് ഉള്ളതിനാൽ) ആ ബക്കറ്റിലെ വെള്ളം ത്വാഹിർ മാത്രമാണ്. ത്വഹൂറല്ല. ശുദ്ധീകരണത്തിന് പറ്റുകയില്ല. അഥവാ ചെറിയ അളവിൽ അൽപ്പം തുള്ളി വെള്ളം ബകറ്റിൽ തെറിച്ചാൽ അത് പ്രശ്നമല്ല. ആ വെള്ളത്തിന്റെ ശുദ്ധീകരണ യോഗ്യതയെ ബാധിക്കുകയില്ല. കൂടുതല്‍ തെറിച്ചിട്ടുണ്ടെങ്കില്‍ അത് പകര്‍ച്ചയുള്ളതായി കണക്കാക്കപ്പെടുന്നതാണ്.പകര്‍ച്ചയായോ ഇല്ലയോ എന്നു സംശയിച്ചാല്‍ പകര്‍ച്ചയായിട്ടില്ലെന്ന് കണക്കാക്കാം.

തോട്ടിലോ പുഴയിലോ ഒക്കെയായി മുങ്ങി കുളിക്കുന്ന സമയത്ത് വുളൂഇനെ കൂടി കരുതിയാൽ വുളൂ ലഭിക്കുമോ?


മുങ്ങി കുളിക്കുമ്പോൾ വുളൂഇന്റെ നിയ്യതിനെ കരുതിയാൽ വുളുഹ് ലഭിക്കുന്നതാണ്. വെള്ളം ശരീരത്തിലേക്ക് ഒഴിച്ചു കുളിക്കുകയാണെങ്കിൽ നിയ്യത്തോടൊപ്പം വുളൂഇന്റെ ക്രമം(തർതീബ്) പാലിച്ചാൽ വുളൂ ലഭിക്കും.

എൻ്റെ കയ്യിൽ മുറിവുണ്ടായതിനാൽ വുളൂഇനോടൊപ്പം ത യമ്മും ചെയ്ത് ഒരു ഫർള് നിസ്കരിച്ചു. ഇനി മറ്റൊരു ഫർള് നിസ്കരിക്കാൻ ആ സമയത്ത് വുളൂഅ് ഉണ്ടെങ്കിൽ രണ്ടാമത് തയമ്മും മാത്രം ചെയ്താൽ മതിയാകുമോ? അതോ രണ്ടാം ഫർളിന് വേണ്ടി വീണ്ടും വുളൂഉം തയമ്മുമും രണ്ടും ചെയ്യേണ്ടതുണ്ടോ?


ആദ്യ ഫർള് നിസ്കരിക്കുന്ന സമയത്ത് നിർവ്വഹിച്ച വുളൂഹ് നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ രണ്ടാം ഫർള് നിസ്കാരത്തിന് വേണ്ടി വീണ്ടും വുളൂഹ് ചെയ്യേണ്ടതില്ല. തയമ്മും മാത്രം ചെയ്താൽ മതിയാകുന്നതാണ്. അവന്റെ വുളൂഅ് ബാത്വിലായിട്ടില്ല എന്നതാണ് കാരണം. ഒരു തയമ്മും കൊണ്ട് ഒരു ഫർള് നിസ്കാരം മാത്രമേ നിർവ്വഹിക്കാവൂ എന്ന് നിയമമുള്ളതിനാൽ രണ്ടാമത് തയമ്മും ചെയ്തേ മതിയാവൂ. സുന്നത്ത് നിസ്കാരം നിർവ്വഹിക്കാൻ രണ്ടാമത് തയമ്മും ആവശ്യമില്ല. ولا يصلي بتيمم غير فرض، ويتنفل ما شاء، والنذر كفرض في الأظهر [ المنهاج للنووي] فإذا تيمم لفرض ثان ولم يحدث لم يعد الجنب غسلا، ويعيد المحدث ما بعد عليله، وقيل: يستأنفان وقيل المحدث كجنب، قلت: هذا الثالث أصح، والله أعلم [ المنهاج للنووي ]

വുളൂഅ് ചെയ്യാൻ മതിയായ വെള്ളമില്ല, എങ്കിൽ ഉള്ള വെള്ളം ഉപയോഗിക്കാതെ തയമ്മും ചെയ്താൽ മതിയാകുമോ?


മതിയാവുകയില്ല. ഉള്ള വെള്ളം ഉപയോഗിച്ച് ബാക്കിയുള്ള അവയവങ്ങൾക്ക് വേണ്ടി തയമ്മും ചെയ്യണം.

വുളൂഅ് ചെയ്ത് നിസ്കരിക്കുന്നവന് തയമ്മും ചെയ്ത് നിസ്കരിക്കുന്നവനെ തുടരാൻ പറ്റുമോ?


തുടരാം. പക്ഷെ തയ്യമ്മും ചെയ്ത് നിസ്കരിക്കുന്നവന് ആ നിസ്കാരം മടക്കൽ നിർബന്ധമാണെങ്കിൽ പറ്റില്ല.

മൂത്രതടസ്സം ഉണ്ടായതിന് വേണ്ടി മൂത്രം പുറത്തെടുക്കാൻ ട്യൂബ് ഫിറ്റ് ചെയ്യപ്പെട്ട ഒരാൾക്ക് നിസ്കരിക്കാൻ വേണ്ടി നിത്യ അശുദ്ധിക്കാരന്റെ നിബന്ധനകൾ അനുസരിക്കാൻ പറ്റുമോ?


അത്തരം രോഗികൾ അശുദ്ധിയിൽ നിന്ന് മോചിതനാകാത്തത് കൊണ്ട് നിത്യ അശുദ്ധിക്കാരന്റെ നിബന്ധനകൾ അനുസരിച്ച് അവർക്ക് നിസ്കരിക്കാൻ പറ്റുന്നതാണ്. ട്യൂബ് ഘടിപ്പിക്കപ്പെട്ടവൻ സുഖപ്പെടും വരെ ഇൗ നില തുടരണമെന്ന് നീതിമാനായ ഒരു ഡോക്ടർ നിർദ്ദേശിച്ചാൽ ട്യൂബ് നിലനിർത്തിക്കൊണ്ട് നിസ്കരിക്കൽ നിർബന്ധമാണ്.

കയ്യിൽ ആറു വിരലുള്ള ഒരാൾ ആറാം വിരൽ കൊണ്ടോ, രണ്ട് കൈപ്പത്തിയുള്ളയാൾ രണ്ടാം കൈപ്പത്തികൊണ്ടോ ഗുഹ്യസ്ഥാനം തൊട്ടാൽ വുളു മുറിയുമോ?


ആറാം വിരൽ മറ്റു വിരലുകളോട് സമമായി നിൽക്കുന്നുണ്ടെങ്കിൽ അതുകൊണ്ട് തൊട്ടാൽ വുളൂഅ് മുറിയും. രണ്ടാം കൈപ്പത്തി പ്രവർത്തനക്ഷമമല്ലങ്കിൽ അതുകൊണ്ട് തൊട്ടാൽ വുളൂഅ് മുറിയില്ല. രണ്ടും പ്രവർത്തനക്ഷമമാണെങ്കിൽ വുളൂഅ് മുറിയുന്നതായിരിക്കും

പ്ലാസ്റ്റിക് സർജറിയിലൂടെ വെക്കപ്പെട്ട കൈ കൊണ്ട് അന്യ സ്ത്രീ പുരുഷ•ാർ സ്പർശിച്ചാൽ വുളൂഅ് മുറിയുമോ?


മറകൂടാതെ അന്യ സ്ത്രീ പുരുഷൻമാർ സ്പർശിക്കൽ കൊണ്ട് വുളൂഅ് മുറിയും. പ്ലാസ്റ്റിക് സർജറിയിലൂടെ വെക്കപ്പെട്ട കൈ യഥാർത്ഥത്തിൽ മറ്റൊരാളുടെ കൈ ആണെങ്കിലും തന്റെ ശരീരത്തിലേക്ക് ബന്ധിക്കപ്പെടുകയും രക്തം ഒാടുകയും ചെയ്താൽ അത് അവന്റെ കൈയായി മാറുകയാണ്. അതുകൊണ്ട് വുളൂഅ് മുറിയും.

ഭർത്യപിതാവിനെ തൊട്ടാൽ വുളൂ മുറിയില്ലല്ലോ. വിവാഹബന്ധം വേർപ്പെട്ടതിന് ശേഷമാണെങ്കിൽ എന്താണ് വിധി?


വിവാഹ ബന്ധം ഹറാമായവരെ തൊട്ടാൽ വുളൂഅ് മുറിയില്ല. ഭർതൃ പിതാവിനെ ഒരിക്കലും വിവാഹം കഴിക്കാൻ പറ്റില്ല. അതു കൊണ്ട് വുളൂഅ് മുറിയില്ലെന്നാണ് വിധി.

എളാമ്മയുടെയോ മൂത്തമ്മയുടെയോ മക്കളെ തൊട്ടാൽ വുളൂഅ് മുറിയുമോ?


അവരെ വിവാഹം കഴിക്കൽ അനുവദനീയമാണ്. അതുകൊണ്ട് വുളൂഅ് മുറിയും.

വുളൂഅ് ചെയ്ത പുരുഷന്റെ ഗുഹ്യസ്ഥാനം മറ്റൊരു പുരുഷൻ തൊട്ടാൽ രണ്ടുപേരുടെയും വുളൂ മുറിയുമോ?


തൊട്ട ആളുടെ വുളൂഅ് മാത്രമാണ് മുറിയുക. രണ്ടുപേരും ഒരേ വർഗ്ഗം ആയതിനാൽ മറ്റവന്റെ വുളൂവിന് പ്രശ്നമില്ല.

പുതുമുസ്ലിം അവന്റെ അമുസ്ലിമായ ഉമ്മയെ തൊട്ടാൽ വുളു മുറിയുമോ?


മുറിയില്ല. അമുസ്ലിമാണെങ്കിലും അത് അവന്റെ ഉമ്മ തന്നെയാണല്ലോ.

സ്വന്തമായി വുളൂഅ് ചെയ്യാൻ കഴിയാത്ത രൂപത്തിൽ ഒരു സ്ത്രീ രോഗിയായി കിടപ്പിലാണ്. ഭർത്താവ് മാത്രമാണ് സഹായത്തിനുള്ളത്. ഇൗ സമയത്ത് അവൾ എങ്ങനെയാണ് വുളൂഅ് ചെയ്യേണ്ടത്?


ശരീരം സ്പർശിക്കാതിരിക്കാൻ ഉറയോ മറ്റോ ഉപയോഗിച്ച് ഭർത്താവ് വുളൂഅ് എടുത്തു കൊടുക്കണം. വുളൂഅ് ചെയ്യാൻ ഒരുനിലക്കും സാധിക്കുന്നില്ലെങ്കിൽ സമയത്തെ മാനിച്ച് വുളൂഅ് ഇല്ലാതെ നിസ്കരിക്കുകയും പിന്നീട് ഖളാഅ് വീട്ടുകയും വേണം.

ഭാര്യ ഭർത്താക്ക•ാർ പരസ്പരം സ്പർശിച്ചാൽ അവരുടെ വുളൂഅ് മുറിയുമോ?


മുറിയും. കാരണം സ്ത്രീയെ തൊടുമ്പോഴുണ്ടാകുന്ന വൈകാരികാനുഭവമാണ്. ഇനി തൊടുമ്പോൾ വികാരം ഇല്ലെങ്കിലും വുളൂഅ് മുറിയുക തന്നെ ചെയ്യും. ഉമ്മ പെങ്ങമ്മാരെ തൊടുമ്പോൾ വുളൂഅ് മുറിയാതിരിക്കുന്നത് വികാരം ഉണ്ടാവാത്തത് കൊണ്ടാണ്.

വുളൂഅ് ചെയ്ത സ്ത്രീ ഒരു അമുസ്ലിം സ്ത്രീയെ തൊട്ടാൽ വുളൂഅ് മുറിയുമോ?


മുറിയില്ല. സ്ത്രീകൾ പരസ്പരം തൊടുന്നത് വുളൂഇനെ മുറിക്കുകയില്ല.

പല്ല് ഇല്ലാത്തവന് മിസ് വാക് ചെയ്യുന്നതിന്റെ സുന്നത് ലഭിക്കണമെങ്കിൽ എന്ത് ചെയ്യണം?


പല്ല് ഇല്ലാത്തവനും മിസ് വാക് ചെയ്യൽ സുന്നത്തുണ്ട്.

ഒരാൾക്ക് രണ്ടോ അതിലധികമോ മുഖം ഉണ്ടെങ്കിൽ വുളൂ ചെയ്യുമ്പോൾ അത് മുഴുവനും കഴുകണോ?


കഴുകൽ നിർബന്ധമാണ്. എന്നാൽ രണ്ട് തലയുള്ളവൻ ഒന്നിന്റെ അല്പഭാഗം മാത്രം തടവിയാൽ മതി.

കൺമഷി ഇട്ടതിനുശേഷം വുളൂ ചെയ്താൽ ശരിയാകുമോ?


വെള്ളം ചേരലിനെ തടയുന്നുണ്ടെങ്കിൽ കണ്മഷി കഴുകിയതിനു ശേഷമാണ് വുളൂ ചെയ്യേണ്ടത്.

വുളൂ ചെയ്യുമ്പോൾ തലയുടെ അല്പം തടവുന്നതിനു പകരം നെറ്റി തടവിയാൽ മതിയാകുമോ?


മതിയാകില്ല, തലയുടെ പരിധിയിൽപ്പെട്ട മുടിയോ ചർമ്മമോ തന്നെ തടവണം.

നിസ്കരിക്കാൻ വേണ്ടി വുളൂ ചെയ്യുമ്പോൾ നിസ്കാരത്തെ ഹലാലാക്കാൻ വുളൂവിന്റെ ഫർളിനെ വീട്ടുന്നു എന്നാണല്ലോ കരുതാറ്. എന്നാൽ ഉറങ്ങാൻ നേരത്തോ, ഖുർആൻ പാരായണത്തിനോ വേണ്ടി വുളൂ ചെയ്യുമ്പോൾ എങ്ങനെ നീയത്ത് ചെയ്യണം?


എന്തിനു വേണ്ടി വുളൂ ചെയ്യുകയാണെങ്കിലും മേൽപ്പറഞ്ഞ നിയ്യത്ത് മതിയാകുന്നതാണ്.

കൃത്രിമമായി വെച്ച പല്ലുകൾ വുളൂ ചെയ്യുമ്പോൾ അഴിച്ചു വെക്കേണ്ടതുണ്ടോ? ഇല്ലെങ്കിൽ വുളൂ ശരിയാകുമോ?


വായിൽ വെള്ളം എത്തിക്കൽ നിർബന്ധം ഇല്ലാത്തതിനാൽ കൃത്രിമ പല്ല് അഴിച്ചു വെക്കേണ്ടതില്ല.

വുളൂ ചെയ്യുമ്പോൾ അവയവങ്ങൾ മൂന്നുപ്രാവശ്യം കഴുകൽ നിർബന്ധമുണ്ടോ? മൂന്നിലും അവയവങ്ങൾ മുഴുവനും നനയേണ്ടതുണ്ടോ?


ഒരു പ്രാവശ്യം കഴുകലാണ് വുളൂവിൽ നിർബന്ധമുള്ളത്. രണ്ടും മൂന്നും പ്രാവശ്യം കഴുകൽ സുന്നത്തും. കഴുകൽ നിർബന്ധമുള്ള ഭാഗം മുഴുവനും നനഞ്ഞതിനുശേഷമേ സുന്നത്ത് പരിഗണിക്കുകയുള്ളൂ. സുന്നത്ത് പൂർണമായി ലഭിക്കണമെങ്കിൽ അവയവങ്ങൾ മുഴുവനും മൂന്നുപ്രാവശ്യം നനഞ്ഞു ഒലിക്കേണ്ടതുണ്ട്.

കയ്യിലെ മോതിരം, വള തുടങ്ങിയവ വുളൂഇന്റെ സമയത്ത് ഉൗരി വെക്കേണ്ടതുണ്ടോ?


കഴുകപ്പെടുന്ന അവയവങ്ങളിൽ വെള്ളം ചേരുന്നതിനെ തടയുന്ന ഒന്നും ഇല്ലാതിരിക്കൽ വുളൂഇന്റെ നിബന്ധനയാണ്. വള, മോതിരം ഇതിന് തടസ്സമാകുന്നുണ്ടെങ്കിൽ കഴുകുന്ന സമയത്ത് അതിനെ അനക്കുകയും അവിടെ വെള്ളം ചേർക്കുകയും വേണം (സാധാരണ തടസ്സമാവാറില്ല).

നഖങ്ങളിൽ ക്യൂട്ടക്സ് ഉണ്ടാവൽ വുളൂഇന് തടസ്സമാണോ?


വെള്ളം ചേരുന്നതിനെ തടയുന്നതൊന്നും അവയവങ്ങളിൽ ഇല്ലാതിരിക്കൽ വുളൂവിന്റെ നിബന്ധനകളിൽ പെട്ടതാണ്. നഖങ്ങളിലേക്ക് വെള്ളം ചേരലിനെ ക്യൂട്ടെക്സിന്റെ കട്ടിയുള്ള പോളീഷ്മ മറക്കുമെങ്കിൽ അതു വുളൂവിന് തടസ്സമാണ്. മൈലാഞ്ചി ഇടുമ്പോഴുള്ള നിറംമാറ്റം പ്രശ്നമില്ല.

വുളൂവോ, നിർബന്ധമായ കുളിയോ കഴിഞ്ഞശേഷം ഏതെങ്കിലും അവയവത്തിൽ വെള്ളം എത്തിയിട്ടില്ലെന്ന് അറിഞ്ഞാൽ വുളൂഉം കുളിയും മടക്കേണ്ടതുണ്ടോ?


മടക്കേണ്ടതില്ല. മറിച്ച്, ആ സ്ഥലം കഴുകണം. വുളൂവിലാണെങ്കിൽ അതിനുശേഷമുള്ള അവയവങ്ങൾ മടക്കി കഴുകണം. കുളിയിൽ ആ സ്ഥലം മാത്രം കഴുകിയാൽ മതി

പേനയുടെ മഷി ശരീരത്തിൽ ഉണ്ടായാൽ വുളൂ, കുളി സാധുവാകുമോ?


സാധുവാകും, എന്നാൽ മഷി കാരണം വെള്ളം ശരീരത്തിലേക്ക് ചേരാതിരുന്നാൽ വുളൂഉം കുളിയും ശരിയാവുകയില്ല.

വുളൂഇന്റെ നീയ്യത്ത് വെച്ച് കോരി ഒഴിച്ച് കുളിച്ചാൽ വുളൂ ശെരിയാകുമോ?


ശരിയാകും. ആദ്യം മുഖം, പിന്നെ കൈ, പിന്നെ തല പിന്നെ കാൽ എന്ന രൂപത്തിൽ ക്രമപാലനം ഉണ്ടാവണം.