കുളി

ജനാബതുണ്ടായതിന് വേണ്ടി ബക്കറ്റിൽ നിന്ന് കോരി കുളിക്കുമ്പോൾ ശരീരത്തിൽ നിന്ന് ബക്കറ്റിലെ വെള്ളത്തിലേക്ക് വെള്ളം തെറിച്ചാൽ കുളി സ്വഹീകാകുമോ?


നിർബന്ധമായ കുളി, വുളൂഇൽ ഫർളായ അവയവങ്ങൾ കഴുകൽ തുടങ്ങിയ ശറഇയ്യായ നിര്‍ബന്ധ ശുദ്ധീകരണത്തില്‍ ഒരു തവണ ഉപയോഗിച്ച വെള്ളം മുസ്തഅ്മിലായ വെള്ളം എന്നാണ് അറിയപ്പെടുക. നജസ് കലര്‍ന്നിട്ടില്ലെങ്കിൽ മുസ്തഅ്മിലായ വെള്ളം ഥാഹിറാണ്. അഥവാ സ്വയം ശുദ്ധിയുള്ളതാണ്. പക്ഷെ സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ പറ്റുന്നതുമായ ഥഹൂര്‍ അല്ല. ജനാബതു കുളിക്കുന്ന നേരം ദേഹത്ത് നിന്നു വേര്‍പെട്ട വെള്ളം രണ്ടു കുല്ലത്തില്‍ കുറവാണെങ്കില്‍ മുസ്തഅ്മിലാണ്. അത് കൊണ്ട് തന്നെ ആ വെള്ളം ഥാഹിറാണ്, ഥഹൂറല്ല. അത് നജസോ മുതനജ്ജിസോ അല്ലെങ്കിൽ പോലും ആ വെള്ളം ഉപയോഗിച്ച് ശുദ്ധിയാക്കാനാവില്ല എന്നർത്ഥം. ഇനി നിങ്ങൾ ചോദിച്ച ചോദ്യത്തിന്റെ പ്രത്യക്ഷമായ ഉത്തരത്തിലേക്ക് കടക്കാം. ഒരു ബക്കറ്റിൽ രണ്ടു ഖുല്ലത്തിൽ കുറഞ്ഞ വെള്ളമുണ്ടെന്ന് കരുതുക. ആ ബക്കറ്റു വെള്ളത്തിൽ ഒരു നിശ്ചിത അളവിലുളള സോപ്പ് പോലെ പകർച്ചയാകാൻ സാധ്യതയുള്ള ഒരു വസ്തു കലർന്നാൽ വെള്ളത്തിന് നിറം, മണം, രുചി എന്നിവയിലൊന്നിനെങ്കിലും പകർച്ച സംഭവിക്കുമെന്ന് ഉറപ്പാണല്ലോ? അപ്പോൾ ഏകദേശം എത്ര അളവ് വസ്തു രണ്ടു ഖുല്ലത്തിൽ താഴെയുള്ള എത്ര അളവ് വെള്ളത്തിൽ ചേർന്നാലാണ് അവിടെ വെള്ളം പകർച്ചയാകുന്നതെന്ന് കണക്കാക്കുക. ഏകദേശം ആ വസ്തുവിന്റെ അളവിലുള്ള മുസ്തഅമിലായ വെള്ളം രണ്ട് ഖുല്ലത്തിൽ താഴെയുള്ള ഏതാണ്ട് നേരത്തെ പറഞ്ഞ അളവിലുള്ള വെള്ളത്തിൽ വീണാൽ ( പകർച്ച വരാൻ സാധ്യതയുള്ള അളവ് ഉള്ളതിനാൽ) ആ ബക്കറ്റിലെ വെള്ളം ത്വാഹിർ മാത്രമാണ്. ത്വഹൂറല്ല. ശുദ്ധീകരണത്തിന് പറ്റുകയില്ല. അഥവാ ചെറിയ അളവിൽ അൽപ്പം തുള്ളി വെള്ളം ബകറ്റിൽ തെറിച്ചാൽ അത് പ്രശ്നമല്ല. ആ വെള്ളത്തിന്റെ ശുദ്ധീകരണ യോഗ്യതയെ ബാധിക്കുകയില്ല. കൂടുതല്‍ തെറിച്ചിട്ടുണ്ടെങ്കില്‍ അത് പകര്‍ച്ചയുള്ളതായി കണക്കാക്കപ്പെടുന്നതാണ്.പകര്‍ച്ചയായോ ഇല്ലയോ എന്നു സംശയിച്ചാല്‍ പകര്‍ച്ചയായിട്ടില്ലെന്ന് കണക്കാക്കാം.

തോട്ടിലോ പുഴയിലോ ഒക്കെയായി മുങ്ങി കുളിക്കുന്ന സമയത്ത് വുളൂഇനെ കൂടി കരുതിയാൽ വുളൂ ലഭിക്കുമോ?


മുങ്ങി കുളിക്കുമ്പോൾ വുളൂഇന്റെ നിയ്യതിനെ കരുതിയാൽ വുളുഹ് ലഭിക്കുന്നതാണ്. വെള്ളം ശരീരത്തിലേക്ക് ഒഴിച്ചു കുളിക്കുകയാണെങ്കിൽ നിയ്യത്തോടൊപ്പം വുളൂഇന്റെ ക്രമം(തർതീബ്) പാലിച്ചാൽ വുളൂ ലഭിക്കും.

എൻ്റെ കയ്യിൽ മുറിവുണ്ടായതിനാൽ വുളൂഇനോടൊപ്പം ത യമ്മും ചെയ്ത് ഒരു ഫർള് നിസ്കരിച്ചു. ഇനി മറ്റൊരു ഫർള് നിസ്കരിക്കാൻ ആ സമയത്ത് വുളൂഅ് ഉണ്ടെങ്കിൽ രണ്ടാമത് തയമ്മും മാത്രം ചെയ്താൽ മതിയാകുമോ? അതോ രണ്ടാം ഫർളിന് വേണ്ടി വീണ്ടും വുളൂഉം തയമ്മുമും രണ്ടും ചെയ്യേണ്ടതുണ്ടോ?


ആദ്യ ഫർള് നിസ്കരിക്കുന്ന സമയത്ത് നിർവ്വഹിച്ച വുളൂഹ് നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ രണ്ടാം ഫർള് നിസ്കാരത്തിന് വേണ്ടി വീണ്ടും വുളൂഹ് ചെയ്യേണ്ടതില്ല. തയമ്മും മാത്രം ചെയ്താൽ മതിയാകുന്നതാണ്. അവന്റെ വുളൂഅ് ബാത്വിലായിട്ടില്ല എന്നതാണ് കാരണം. ഒരു തയമ്മും കൊണ്ട് ഒരു ഫർള് നിസ്കാരം മാത്രമേ നിർവ്വഹിക്കാവൂ എന്ന് നിയമമുള്ളതിനാൽ രണ്ടാമത് തയമ്മും ചെയ്തേ മതിയാവൂ. സുന്നത്ത് നിസ്കാരം നിർവ്വഹിക്കാൻ രണ്ടാമത് തയമ്മും ആവശ്യമില്ല. ولا يصلي بتيمم غير فرض، ويتنفل ما شاء، والنذر كفرض في الأظهر [ المنهاج للنووي] فإذا تيمم لفرض ثان ولم يحدث لم يعد الجنب غسلا، ويعيد المحدث ما بعد عليله، وقيل: يستأنفان وقيل المحدث كجنب، قلت: هذا الثالث أصح، والله أعلم [ المنهاج للنووي ]

അപകടത്തിൽ പരിക്കേറ്റ് കയ്യിലും കാലിലും ബാൻഡേജ് വെച്ച് രണ്ട് മാസം കഴിഞ്ഞു. ബാൻഡേജ് അഴിച്ചടുക്കാനോ വെള്ളം തട്ടുവാനോ പാടില്ല എന്ന് ഡോക്ടർ പറഞ്ഞിരുന്നു. എങ്കിൽ ജനാബത് കുളി വന്നാൽ എങ്ങനെയാണ് കുളിക്കേണ്ടതും നിസ്കരിക്കേണ്ടതും?


കുളി നിർബന്ധമായവൻ മുറിവില്ലാത്ത ഭാഗം കഴുകി വെള്ളം ചേരാത്ത സ്ഥലത്തിന് വേണ്ടി തയമ്മും ചെയ്യണം. രണ്ടാമത് മറ്റൊരു ഫർള് നിസ്കരിക്കുമ്പോൾ കുളി മടക്കേണ്ടതില്ല. എങ്കിലും തയമ്മും മടക്കണം. അശുദ്ധിയിൽ നിന്ന് ശുദ്ധി വരുത്താത്ത നിലക്കാണ് പ്ലാസ്റ്റർ ഇട്ടതെങ്കിൽ ശേഷമുള്ള നിസ്കാരങ്ങൾ മടക്കൽ നിർബന്ധമാവും. ബാൻഡേജ് തയമ്മുമിന്റെ അവയവത്തിലുമുള്ളതിനാൽ ഇവിടെ വുളൂഉം പകരമുള്ള തയമ്മുമും അപൂർണ്ണമാണ്. അതിനാൽ നിസ്കാരങ്ങൾ പിന്നീട് മടക്കണം എന്നതാണ് പ്രബലം.

ജനാബതുളളവർ കുളിക്കുന്നതിന് മുമ്പ് മുടി, നഖം എന്നിവ നീക്കം ചെയ്യുന്നതിന്റെ വിധി ?


സുന്നത്തിന് എതിരാണ്

ഫർള് കുളിക്ക് ശേഷം നിയ്യത്തിൽ സംശയിച്ചാൽ വീണ്ടും കുളിക്കേണ്ടതുണ്ടോ?


വുളൂഅ് ,കുളി ഇവയിൽ നിന്ന് വിരമിച്ച ശേഷം ഏതെങ്കിലും അംഗം കഴുകിയതിനെ കുറിച്ചോ നിയ്യത്തിൽ തന്നെയുമോ സംശയിച്ചാൽ ആ സംശയത്തിന് സ്ഥാനമില്ല. അത്കൊണ്ട് രണ്ടാമത് കുളിക്കേണ്ടതില്ല.

കുളി നിർബന്ധമായവന് കുളിക്കുന്നതിനു മുമ്പായി ഭക്ഷിക്കാനും ദിക്റ് സ്വലാത്തുകൾ ചൊല്ലാനും പറ്റുമോ?


ഇവകൾ കുളി നിർബന്ധമായവന് ഹറാമാകുന്ന കാര്യങ്ങളല്ല. പക്ഷേ ഭക്ഷിക്കാനും ദിക്ർ സ്വലാത്തുകൾ ചെല്ലാനും ഉറങ്ങാനും ജനാബത്തുകാരന് വുളൂഅ് ചെയ്യൽ സുന്നത്താണ്, വുളൂഅ് ഇല്ലാതെ അത്തരം കാര്യങ്ങൾ ചെയ്യൽ കറാഹത്തുമാണ്.

കുളി നിർബന്ധമായ ഒരാളെ നായ തൊട്ടാൽ എങ്ങനെ കുളിക്കണം?


നായ തൊട്ട സ്ഥലം ഏഴു പ്രാവശ്യം കഴുകുകയും അതിൽ ഒരു പ്രാവശ്യം മണ്ണു കലർത്തിയ വെള്ളം കൊണ്ടായിരിക്കുകയും വേണം. ജനാബത്തിനു വേണ്ടി പ്രത്യേകം കുളിക്കുകയും വേണം.

രോഗിയായ ഒരാളോട് ഡോക്ടർ കുളിക്കരുത് എന്ന് നിർദ്ദേശിച്ചിട്ടുണ്ട്, അയാൾക്ക് കുളി നിർബന്ധമായാൽ എന്ത് ചെയ്യണം?


തയമ്മും ചെയ്യണം.

ജനാബത്തുകാരന് കുളിക്കുന്നതിന് മുമ്പ് നഖം മുറിക്കാനും മുടി വെട്ടാനും പറ്റുമോ?


പറ്റും. പക്ഷേ സുന്നത്ത് ലഭിക്കില്ല. കുളിക്കുന്നതിനു മുമ്പ് മുടിയും നഖവും വെട്ടാതിരിക്കൽ സുന്നത്താണ്.

കുളി നിർബന്ധമാകുന്ന കാര്യങ്ങൾ എന്തെല്ലാം?


ഇന്ദ്രിയം പുറപ്പെടുക, ലിംഗാഗ്രം ഗുഹ്യസ്ഥാനത്തിൽ പ്രവേശിക്കുക ഇക്കാരണങ്ങളാൽ പുരുഷന് കുളി നിർബന്ധമാകും. അത് സ്ത്രീയുടെയോ പുരുഷന്റെയോ മൃഗത്തിന്റെയോ ഗുഹ്യസ്ഥാനത്തിൽ ആയാലും കുളി നിർബന്ധമാകും. ആർത്തവം, പ്രസവം, ഇന്ദ്രിയം പുറപ്പെടൽ, മുൻദ്വാരത്തിലോ പിൻദ്വാരത്തിലോ ലിംഗം പ്രവേശിക്കൽ, ഇക്കാരണം കൊണ്ട് സ്ത്രീകൾക്ക് കുളി നിർബന്ധമാണ്.

കുളി നിർബന്ധമായ ഒരാൾ മുറിവില്ലാത്ത ഭാഗം കഴുകുകയും ബാക്കി സ്ഥലത്തേക്ക് വേണ്ടി തയമ്മും നിർവഹിക്കുകയും ചെയ്തു. രണ്ടാമത് ഫർള് നിസ്കരിക്കുമ്പോൾ കുളി മടക്കേണ്ടതുണ്ടോ?


കുളി മടക്കേണ്ടതില്ല. തയമ്മും മടക്കിയാൽ മതി.

വലിയ അശുദ്ധിയുള്ളവർക്ക് ഖുർആൻ ഒാതാൻ പറ്റുമോ?


ഖുർആൻ ഒാതൽ ഹറാമാണ്. ദിക്ർ എന്ന നിലക്ക് ഒാതുന്നതിന് പ്രശ്നമില്ല.

പല്ല് ഇല്ലാത്തവന് മിസ് വാക് ചെയ്യുന്നതിന്റെ സുന്നത് ലഭിക്കണമെങ്കിൽ എന്ത് ചെയ്യണം?


പല്ല് ഇല്ലാത്തവനും മിസ് വാക് ചെയ്യൽ സുന്നത്തുണ്ട്.

വുളൂവോ, നിർബന്ധമായ കുളിയോ കഴിഞ്ഞശേഷം ഏതെങ്കിലും അവയവത്തിൽ വെള്ളം എത്തിയിട്ടില്ലെന്ന് അറിഞ്ഞാൽ വുളൂഉം കുളിയും മടക്കേണ്ടതുണ്ടോ?


മടക്കേണ്ടതില്ല. മറിച്ച്, ആ സ്ഥലം കഴുകണം. വുളൂവിലാണെങ്കിൽ അതിനുശേഷമുള്ള അവയവങ്ങൾ മടക്കി കഴുകണം. കുളിയിൽ ആ സ്ഥലം മാത്രം കഴുകിയാൽ മതി

പേനയുടെ മഷി ശരീരത്തിൽ ഉണ്ടായാൽ വുളൂ, കുളി സാധുവാകുമോ?


സാധുവാകും, എന്നാൽ മഷി കാരണം വെള്ളം ശരീരത്തിലേക്ക് ചേരാതിരുന്നാൽ വുളൂഉം കുളിയും ശരിയാവുകയില്ല.

വുളൂഇന്റെ നീയ്യത്ത് വെച്ച് കോരി ഒഴിച്ച് കുളിച്ചാൽ വുളൂ ശെരിയാകുമോ?


ശരിയാകും. ആദ്യം മുഖം, പിന്നെ കൈ, പിന്നെ തല പിന്നെ കാൽ എന്ന രൂപത്തിൽ ക്രമപാലനം ഉണ്ടാവണം.