ആരെങ്കിലും മരണപ്പെട്ടാൽ മയ്യിത്ത് കുളിപ്പിക്കാൻ വേണ്ടി വെള്ളം ചൂടാക്കുന്നതായി കാണുന്നു.തണുത്ത വെള്ളമല്ലേ കുളിപ്പിക്കാൻ ഉത്തമം?
മയ്യിത്ത് കുളിപ്പിക്കാൻ തണുത്ത വെള്ളമാണ് ഉത്തമം. പ്രകൃതി പരമായി ഉപ്പു രുചിയുള്ള വെള്ളമായിരിക്കലും പ്രത്യേകം സുന്നത്തുണ്ട്. സഹിക്കാനാവാത്ത തണുപ്പുള്ള സമയത്തും ചൂടു വെള്ളം കൊണ്ടല്ലാതെ നീങ്ങാത്ത വിധം മയ്യിത്തിന്റെ ശരീരത്തിൽ അഴുക്കുള്ള സാഹചര്യത്തിലും ചൂടു വെള്ളത്തിൽ കുളിപ്പിക്കലാണ് നല്ലത്. മറ്റു സാഹചര്യങ്ങളിലെല്ലാം തണുത്ത വെള്ളത്തിൽ കുളിപ്പിക്കലാണ് ഉത്തമമെന്ന് ഇമാമുകൾ വ്യക്തമാക്കിയതാണ്.
മരണം സംഭവിച്ച ഉടനെ ചെയ്യേണ്ടതായ കാര്യങ്ങൾ എന്തൊക്കെയാണ്?
1. “ബിസ്മില്ലാഹി വ അലാ മില്ലത്തി റസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം” എന്ന് ചൊല്ലിക്കൊണ്ട് കണ്ണുകൾ അടച്ചു കൊടുക്കുക. അബൂസലമ (റ) യുടെ തുറന്നു കിടന്നിരുന്ന കണ്ണുകൾ നബി (സ) അടച്ചതായി ഇമാം മുസ്ലിം (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.
2. താട കെട്ടുകയാണ് അടുത്തത്. താട മുഴുവനും ഉൾകൊള്ളാവുന്ന വീതിയുള്ള ഒരു തുണി (നാട) കൊണ്ട് വായ അടയുന്ന വിധം തലയി ലേക്ക് കെട്ടുക.
3. സന്ധികൾ മയപ്പെടുത്തി കൊടുക്കുക. വിരലുകളും കൈ കാലുകളുമെല്ലാം സാവധാനം പല പ്രാവശ്യം മടക്കി നിവർത്തി കൊണ്ടാണ് ഇത് ചെയ്യേണ്ടത്.
4. മരണ നേരം ശരീരത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചരടുകൾ എല്ലാം അഴിച്ചു മാറ്റുക.
5. അധികം ഘനമില്ലാത്ത, നിഴൽ കാണാത്ത തുണി കൊണ്ട് ശരീരം മുഴുവൻ മറക്കുക. തുണിയുടെ ഒരറ്റം തലയുടെ അടിയിലേക്കും മറ്റേ അറ്റം കാലിന്റെ ചുവടിലേക്കുമായി മടക്കി വെക്കണം.
6. വിരിപ്പ്, പായ തുടങ്ങിയവയൊന്നുമില്ലാതെ തല കിഴക്കും കാല് പടിഞ്ഞാറുമായി ഖിബ് ലക്ക് നേരെയായി കട്ടിലിൽ കിടത്തുക. തലയുടെ ചുവടിൽ വല്ലതും വെച്ച് തല അൽപം ഉയർത്തണം.വിരിപ്പ്, പായ തുടങ്ങിയവയൊന്നുമില്ലാതെ തല കിഴക്കും കാല് പടിഞ്ഞാറുമായി ഖിബ് ലക്ക് നേരെയായി കട്ടിലിൽ കിടത്തുക. തലയുടെ ചുവടിൽ വല്ലതും വെച്ച് തല അൽപം ഉയർത്തണം.
7. വയറിന്മേൽ ഘനം വെക്കുക. ഇരുമ്പിന്റെ വസ്തുക്കളാണ് ഉത്തമം. നനഞ്ഞ മണ്ണ്, മണൽ തുടങ്ങിയവ തുണിയിൽ പൊതിഞ്ഞ് വെക്കാവുന്നതാണ്. മയ്യിത്ത് മൂടിയ തുണിയുടെ ഉള്ളി ലായി വയറിന്മേൽ വെക്കാവുന്നതാണെങ്കിലും തുണിയുടെ മുകളിൽ വെക്കലാണ് ഉത്തമം. ഏകദേശം അറുപതോളം ഗ്രാമാണ് തൂക്കം വേണ്ടത്. ജീവനുള്ള സമയത്ത് അദ്ദേഹത്തിന്റെ വയറിനു മുകളിൽ വെച്ചാൽ പ്രയാസം അനുഭവപ്പെടും വിധം ഘനം കൂടരുത്. മയ്യിത്ത് സ്ത്രീയാണെങ്കിൽ അന്യ പുരുഷന്മാരും പുരുഷ നാണെങ്കിൽ അന്യ സ്ത്രീകളും ഈ കാര്യങ്ങൾ ചെയ്യരുത്. ആണിന് ആണും പെണ്ണിന് പെണ്ണും ചെയ്തു കൊടുക്കലാണ് ഉത്തമം.ബന്ധുക്കളിൽ ഏറ്റവും ദയയുള്ളവർ നിർവ്വഹിക്കലാണ് നല്ലത്. പുരുഷൻ മരിച്ചാൽ മഹ്റമായ (വിവാഹം നിഷിദ്ധമായ) സ്ത്രീയും സ്ത്രീ മരിച്ചാൽ മഹ്റമായ പുരുഷനും ചെയ്തു കൊടുക്കുന്നത് അനുവദനീയമാണ്. പ്രത്യേകം ശ്രദ്ധിക്കുക: ഇവയൊക്കെ ചെയ്യുമ്പോൾ മയ്യിത്തിന്റെ ശരീര ഭാഗങ്ങൾ പ്രത്യേകിച്ചും ഔറത്ത് ഭാഗം വെളിയിൽ കാണാത്ത വിധം ശ്രദ്ധിക്കേണ്ടതാണ്.
നമ്മുടെ നാടുകളിൽ ഖബറടക്കുമ്പോഴാണ് തസ്ബീത് പറയാറുള്ളത്. മയ്യിത്തിനെ ഖബറടക്കിയതിനു ശേഷമാണ് തസ്ബീതിന്റെ സമയം എന്ന് ചിലർ പറയുന്നു. ഏതാണ് ശരി?വിശദീകരണം പ്രതീക്ഷിക്കുന്നു.
തസ്ബീതും തൽഖീനും സുന്നത്താണ്. ഖബറടക്കിയതിനു ശേഷമാണ് രണ്ടും ചൊല്ലേണ്ടത്. ഖബർ മൂടൽ പൂർണ്ണമായതിനു ശേഷമാണ് ഏറ്റവും നല്ലത്. മണ്ണിട്ട് മൂടൽ പൂർണ്ണമാകുന്നതിനു മുമ്പായാലും അടിസ്ഥാന സുന്നത്ത് ലഭിക്കുന്നതാണ്. തസ്ബീത്തിനെ കുറിച്ച് ഖബറടക്കിയതിനു ശേഷം" എന്ന് ഇമാം നവവി(റ) എഴുതിയതിനെ വിശദീകരിച്ചുകൊണ്ട് അല്ലാമാ ഖൽയൂബി(റ) എഴുതുന്നു: മണ്ണിട്ട് മൂടിയതിനു ശേഷമാണ് ഏറ്റവും നല്ലത്. തൽഖീനും ഇപ്രകാരമാകുന്നു. (ഹാശിയത്തുൽ ഖൽയൂബി 1-353) ഖബറടക്കം പൂർണ്ണമായതിനു ശേഷം തൽഖീൻ ചൊല്ലിക്കൊടുക്കലാണ് പൂർണ്ണമായ രൂപമെന്നും അതിനു മുമ്പായാലും അടിസ്ഥാന സുന്നത്ത് ലഭിക്കുമെന്നും ഇമാം ഇബ്നു ഹജർ(റ) ഫത് വ നൽകിയിട്ടുണ്ട്. (അൽ അജ് വിബത്തുൽ അജീബ 46). ആദ്യം തഖിനും പിന്നീട് തസ് ബീത്തും എന്നിങ്ങനെയാണ് അവയുടെ യഥാർത്ഥ ക്രമം. മയ്യിത്തിന്റെ മുഖത്തിനു നേരെ ഒരാൾ ഇരുന്നുകൊണ്ട് തൽഖീൻ ചൊല്ലിക്കൊടുക്കുകയാണ് വേണ്ടത്. മൂന്നു പ്രാവശ്യം ആവർത്തിച്ചു ചൊല്ലിക്കൊടുക്കൽ സുന്നത്താണ്. (ഫത്ഹുൽ മു ഈൻ). ഖബറിലെ ചോദ്യ വേളയിൽ സ്ഥിരത ലഭിക്കാനും പാപ മോചനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയാണ് തസ്ബീത്. ഈ പ്രാർത്ഥനക്ക് പ്രത്യേകം എണ്ണം നിശ്ചയിക്കപ്പെട്ടിട്ടില്ല. ആയിരത്തി ഇരുന്നൂറ് തസ്ബീഹ് ചൊല്ലുന്ന സമയമാണ് തസ്ബീത്തിന് വേണ്ടി ഖബറിന്റെ സമീപം നിൽകേണ്ടതെന്ന് ബിഗ് യ പേജ് 96ൽ ഉദ്ധരിച്ചിട്ടുണ്ട്. അതിൽ കുറഞ്ഞാൽ യാതൊരു ഫലവുമില്ലെന്നോ കൂടാൻ പാടില്ലെന്നോ അതിനർത്ഥമില്ല.
മരണ വീടുകളിൽ മയ്യിത്തിന് മുന്നിൽ ഇരുന്ന് ഖുർആൻ പാരായണം ചെയ്യുന്ന പതിവുണ്ട്. എന്നാൽ മയ്യിത്ത് കുളിപ്പിക്കാൻ എടുക്കുന്നതോടെ ഖുർആൻ പാരായണം നിറുത്തുന്നതായ് കാണാറുണ്ട്. അത് ശരിയായ രീതിയാണോ?കുളിപ്പിക്കാൻ വെച്ചതിനു ശേഷം ഖുർആൻ പാരായണം തുടരുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? വിശദീകരിക്കുക
മയ്യിത്ത് കുളിപ്പിക്കാൻ എടുത്തതിന് ശേഷം ഖുർആൻ പാരായണം തുടരുന്നതിൽ തെറ്റൊന്നുമില്ല. അതിനാൽ മയ്യിത്ത് കുളിപ്പിക്കാൻ എടുക്കുന്നതോടെ ഖുർആൻ പാരായണം അവസാനിപ്പിക്കേണ്ടതില്ല. എന്നാൽ വേഗത്തിൽ ഖബറടക്കണമെന്ന സുന്നത്തിന് വിരുദ്ധമായതിനാൽ ഖുർആൻ പാരായണത്തിന് വേണ്ടി മയ്യിത്ത് കുളിപ്പിക്കുക, ഖബറടക്കം ചെയ്യുക തുടങ്ങിയവയൊന്നും താമസിപ്പിക്കരുത്. ഇമാം റംലി (റ) എഴുതുന്നു: ഖബറടക്കത്തിന് മുമ്പ് ഖുർആൻ പാരായണം ചെയ്തു കൊണ്ട് ഖബറടക്കം പിന്തിക്കരുത്. മരിച്ച ഉടനെ മയ്യിത്ത് പരിപാലന കർമ്മങ്ങൾ ചെയ്യുകയാണ് വേണ്ടത് (നിഹായ 2 - 438) ഇതിന്റെ വിശദീകരണത്തിൽ അല്ലാമ അലിയ്യുശ്ശബ്റാമല്ലസി (റ) എഴുതുന്നു. മയ്യിത്ത് കുളിപ്പിക്കുന്നതിലും മറ്റും ഏർപ്പെട്ടിട്ടില്ലാത്തവർ അപ്പോഴും ഖുർആൻ പാരായണം ചെയ്യണമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. (ഹാശിയത്തു നിഹായ 2 - 438)
ഒരു സ്ഥലത്ത് ജമാഅത്തായി മയ്യിത്ത് നിസ്കാരം നടക്കുന്നുണ്ട്. അവിടെ വൈകിയെത്തിയവൻ ഉദാഹരണത്തിന് മൂന്നാമത്തെ തക്ബീറിലാണ് എത്തിയതെങ്കിൽ -എന്താണ് ചെയ്യേണ്ടത്?
മയ്യിത്ത് നിസ്കാരത്തിൽ പിന്തി തുടർന്നവൻ സ്വന്തം ക്രമമാണ് പാലിക്കേണ്ടത് . ഇമാമിനോടൊപ്പം അവന് ലഭിക്കുന്നത് അവന്റെ നിസ്കാരത്തിന്റെ ആദ്യ ഭാഗമായി കണക്കാക്കണം. ഉദാഹരണമായി, മൂന്നാം തക്ബീറിൽ ഇമാമിനെ തുടർന്നവൻ ഫാതിഹ ഓതുകയാണ് വേണ്ടത്. ഫാതിഹ തുടങ്ങുന്നതിന് അല്ലെങ്കിൽ പൂർത്തിയാകുന്നതിന് മുമ്പ് ഇമാം അടുത്ത തക്ബീർ ചൊല്ലിയാൽ അവനും തക്ബീർ ചൊല്ലണം. ഫാതിഹ പൂർത്തിയാക്കേണ്ടതില്ല. ഇമാമിന്റെ നാലാം തക്ബീർ അവന്റെ രണ്ടാം തക്ബീറായതിനാൽ അവൻ സ്വലാത്ത് ചൊല്ലണം. ഇമാമിന്റെ സലാമിന് ശേഷം ബാക്കിയുള്ളവ ക്രമ പ്രകാരം നിസ്കരിക്കണം. (തുഹ്ഫ 3 - 145)
സ്ത്രീകൾ മയ്യിത്ത് നിസ്കരിക്കുമ്പോൾ ഇമാം നിൽക്കേണ്ടത് പുരുഷനാണോ? സ്ത്രീകൾക്ക് ഇമാം നിൽക്കാമോ ?
ഒരു മുസ്ലിം മരിച്ചാൽ അവന്റെ മേൽ മയ്യിത്ത് നിസ്കരിക്കാനുള്ള ബാധ്യത പുരുഷന്മാർക്കാണുള്ളത്. പുരുഷൻ ഇല്ലെങ്കിൽ മാത്രമേ ഈ ബാധ്യത സ്ത്രീകളുടെ മേൽ വരുന്നുള്ളൂ. നിസ്കാരം നടക്കുന്ന നാടിന്റെ അതിർത്തിക്കുള്ളിലോ അതിനോടടുത്തുള്ള ഭാഗത്ത് നിന്ന് നിസ്കരിക്കുന്ന നാട്ടിലേക്ക് ചേർക്കപ്പെടുന്ന സ്ഥലത്തോ പുരുഷൻ ഉള്ളപ്പോൾ സ്ത്രീകൾ നിസ്കരിക്കാൻ നിർദ്ദേശിക്കപ്പെടുന്നില്ല. ഈ നിലക്ക് പുരുഷൻ ഇല്ലെങ്കിൽ മയ്യിത്ത് നിസ്കാരം സ്ത്രീകളുടെ മേൽ നിർബന്ധമാക്കുന്നതും അവരുടെ നിസ്കാരത്തോടെ ബാധ്യത വീടുന്നതുമാണ് .പുരുഷന്മാർ ഉണ്ടായിരിക്കെ സ്ത്രീകൾക്ക് മയ്യത്ത് നിസ്കാരം നിർബന്ധമായി നിർദ്ദേശിക്കപ്പെടുന്നില്ല എന്നതുപോലെ സുന്നത്തായും നിർദ്ദേശം ഇല്ല. പുരുഷന്മാർ ഉണ്ടായിരിക്കെ പുരുഷന്മാർക്ക് മുമ്പായി സ്ത്രീകൾ മാത്രം നിസ്കരിക്കുന്നത് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായമനുസരിച്ച് ഹറാമാണ്. ഇനി പുരുഷന്മാരുടെ നിസ്കാരത്തിനു ശേഷം സ്ത്രീകൾ മയ്യത്ത് നിസ്കരിക്കുകയാണെങ്കിൽ പുരുഷനോ സ്ത്രീക്കോ ഇമാമായി നിൽക്കാവുന്നതാണ്.
മയ്യിത്ത് നിസ്കാരത്തിൽ പാപമോചന പ്രാർത്ഥന നടത്തുമ്പോൾ സ്ത്രീയുടെ മയ്യിത്താണങ്കിൽ ളമീറിനെ മുഅന്നസാക്കലാണോ അല്ല മുദക്കറായി പറയുന്നതാണോ ഉത്തമം?
മയ്യിത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിൽ മയ്യിത്ത് പുരുഷനാകുമ്പോൾ ളമീറിനെ മുദക്കറായും സ്ത്രീയാകുമ്പോൾ മുഅന്നസായ ളമീറായും ഉപയോഗിക്കലാണ് അഭികാമ്യമായ രീതി. എന്നാൽ മയ്യിത്ത് സ്ത്രീയുടേതാണെങ്കിൽ പോലും മുഅന്നസായ ളമീർ ഉപയോഗിക്കുന്നതിന് പകരം شخص,ميت പോലെയുള്ള മുദക്കാറായ പദങ്ങൾ ഉപയോഗിക്കാൻ പറ്റിയ രീതി പരിഗണിച്ച് ളമീർ മുദക്കർ ആയി ഉപയോഗിക്കാവുന്നതാണ്.
മരണപെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്ത് ഹദിയ ചെയ്യുന്നതിനെ പറ്റി ഒന്ന് വിവരിക്കാമോ? തെളിവുകൾ ?
ഇബ്നു അബീശൈബ, ഇമാം അഹ്മദ്, അബൂദാവൂദ്, നസാഈ, ഹാകിം, ഇബ്നു ഹിബ്ബാൻ(റ.ഹും) തുടങ്ങിയവർ മഅഖലുബ്നു യസാർ (റ) ൽ നിന്ന് നിവേദനം ചെയ്യുന്നു: നബി (സ) തങ്ങൾ പറഞ്ഞു : "നിങ്ങൾ മരിച്ചവരുടെ മേൽ യാസീൻ ഓതുക" (ശറഹുസ്സുദൂർ പേ: 14) ഇബ്നു ഹിബ്ബാൻ ഈ ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്. (മഹല്ലി വാ :1 പേ : 321) ബഹുമാനപ്പെട്ട ഇബ്നു ഹജർ (റ) നോട് ഇങ്ങനെ ചോദിച്ചു : ആത്മാവ് വിട്ടുപിരിഞ്ഞതിനാൽ മയ്യിത്തിന്റെ അരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്യുന്നത് കൊണ്ട് മയ്യിത്തിന് യാതൊരു പ്രതിഫലവും ലഭിക്കുകയില്ലെന്നും അതുകൊണ്ട് ഹദീസിന്റെ ഉദ്ദേശ്യം മരണമാസന്നമായവർ മാത്രമാണെന്നും ചിലർ പറയുന്നു. ഇത് ശരിയാണോ? ഇബ്നു ഹജർ (റ) പറഞ്ഞു: ആത്മാവ് വിട്ടുപിരിഞ്ഞതിനാൽ മയ്യിത്തിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്താൽ യാതൊരു പ്രതിഫലവുമില്ലെന്ന് പറഞ്ഞത് അങ്ങേയറ്റം ബാലിശവും വിനാശകരവുമാകുന്നു. ദുആ , സ്വദഖ പോലുള്ളവയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. അപ്പോൾ ഖുർആൻ പാരായണം നടത്തുന്നതും അതുപോലെ തന്നെയാണ്. ഖുർആൻ പാരായണം കൊണ്ട് മയ്യത്തിന് പ്രതിഫലം ലഭിക്കുകയില്ലെന്ന് മുൻഗാമികളിൽ ചിലർ പറഞ്ഞതിന്റെ ഉദ്ദേശ്യം, ഓതിയ ശേഷം ദുആ ചെയ്യാത്തപ്പോഴാണ് . ദുആ ചെയ്താൽ പ്രതിഫലം ലഭിക്കുമെന്നതിൽ ഭിന്നാഭിപ്രായമില്ല. (അൽ ഫതാവൽ കുബ്റ . വാ 2, പേ: 26,27)
നമ്മുടെ പള്ളികളിൽ വെള്ളിയാഴ്ച മയ്യിത്ത് നിസ്കരിക്കുമ്പോൾ ഗായിബായ മയ്യിത്തുകളുടെ പേരുകൾ മുഴുവനും വായിക്കേണ്ടതുണ്ടോ? കത്തുകൾ കൊടുത്തയച്ചാൽ മയ്യിത്ത് നിസ്കരിക്കൽ ബാധ്യതയാണോ?
പേരുകൾ വായിക്കണമെന്നൊന്നും നിർബന്ധമില്ല. മയ്യിത്തിന്റെ പേര്, നാട്, ത റവാട്, എണ്ണം തുടങ്ങിയവ എടുത്ത് പറഞ്ഞ് നിർണയിക്കലോ അവ അറിയലോ നിർബന്ധമില്ല.നിസ്‌ക്കരിക്കപ്പെടുന്ന മയ്യിത്തുകളെ പറ്റിയുള്ള ഏതെങ്കിലും രീതിയിലുള്ള ചെറിയ ഒരു തിരിച്ചറിവ് (أدنى التمييز) മാത്രം മതിയാകും. ഇന്ന്, ഈ ആഴ്ച, ഈ മാസം മരിച്ച മയ്യിത്ത് നിസ്കാരം സ്വഹീഹാകുന്നവരുടെ മേൽ ഞാൻ നി സ്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്താലും നിസ്കാരം സ്വഹീഹാ കുന്നതാണ്. മഅമൂമിന് ഇമാം നിസ്ക്കരിക്കുന്ന മയിത്തുകളുടെ മേൽ ഞാൻ നിസ്കരിക്കുന്നു എന്ന് കരുതിയാൽ മതിയാവും. കത്തു കൊടുത്തയച്ചതിനാൽ പ്രത്യേക ബാധ്യതയൊന്നുമില്ലെങ്കിലും നിബന്ധനയൊത്ത മറഞ്ഞ മയ്യിത്തുകളുടെ മേൽ നിസ്കാരം സുന്നത്താണ്. ولا يجب تعيين الميت، ولا معرفته، بل الواجب أدنى مميز، فيكفي أصلي الفرض على هذا الميت. [ فتح المعين ,]
നോമ്പുകാരൻ സുഗന്ധമുപയോഗിക്കൽ കറാഹത്താണല്ലോ,നോമ്പുകാരനായിരിക്കെ അവൻ മരിച്ചാൽ കുളിപ്പിക്കുന്ന വെള്ളത്തിലും കഫൻപുടവയിലും സുഗന്ധമുപയോഗിക്കുന്നതിന്റെ വിധി എന്ത്?
നോമ്പുകാരനായിരിക്കെ ഒരാൾ മരണപ്പെട്ടാൽ അയാളുടെ നോമ്പ് ബാത്വിലാവുമെന്നതാണ് പ്രബലം.അതിനാൽ കഫൻപുടവയിലും,കുളിപ്പിക്കുന്ന വെള്ളത്തിലും സുഗന്ധമുപയോഗിക്കലിൽ കറാഹത്ത് വരില്ല.
ദയാ വധം അനുവദനീയമാണോ ? അല്ലെങ്കിൽ അതിനുള്ള കാരണം ? ജീവച്ഛവമായ വ്യക്തിയെ ദയാവധം ചെയ്യലല്ലേ നീതിയും യുക്തിയും. യുക്തിക്കനുയോജ്യമായ മറുപടി പ്രതീക്ഷിക്കുന്നു.
മനുഷ്യ ജീവൻ ആദരിക്കപ്പെടേണ്ടതാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധികളായ മനുഷ്യരോട് ആദരവോടെ സമീപിക്കുകയാണ് വേണ്ടത്. അവർ രോഗികളാണെങ്കിലും ഇതിൽ മാറ്റമില്ല. അത് കൊണ്ട് തന്നെ അകാരണമായി മറ്റുള്ളവരുടെ ജീവൻ അപഹരിക്കുന്ന പ്രവൃത്തി ക്രൂരവും നീതി നിഷേധവുമാണ്. ജീവൻ എന്ന അൽഭുത പ്രതിഭാസം സൃഷ്ടികളുടെ കഴിവിനും സങ്കൽപത്തിനും അപ്പുറമുളള കാര്യമാണ്. അതിന്റെ ഉടമസ്ഥൻ അല്ലാഹുവാണ്. അതിനെ നശിപ്പിക്കാൻ മറ്റാർക്കും അനുമതിയില്ല. ദയാവധം എന്ന ഓമന പേരിലാണെങ്കിൽ പോലും അത് ന്യായീകരിക്കപ്പെടാനാവില്ല. ശാരീരികമായി വളരെയധികം തളർന്നു പോയ അത്തരക്കാരെ സഹായിക്കുന്നതും സഹാനുഭൂതിയോടെ വർത്തിക്കുന്നതും പ്രതിഫലം ലഭിക്കുന്ന കാര്യമായാണ് ഇസ്ലാം പഠിപ്പിക്കുന്നത്. കേവലം ഐഹിക സുഖങ്ങളെ വിലയിരുത്തി കൊണ്ട് മാത്രമല്ല നീതിയും യുക്തിയും തീരുമാനിക്കേണ്ടത്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൗതിക ലോകത്തെ പ്രയാസങ്ങളെല്ലാം പാരത്രിക ലോകത്ത് വലിയ പ്രതിഫലം കിട്ടാനുള്ള കാരണങ്ങളാണ്. ഒട്ടേറെ പ്രയാസങ്ങൾ അനുഭവിച്ച് മരണപ്പെട്ടവർക്ക് ലഭിക്കുന്ന പ്രതിഫലം കാണുമ്പോൾ എനിക്കും ഐഹിക ലോകത്ത് പ്രയാസങ്ങൾ നേരിടേണ്ടി വന്നിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്ന അവസ്ഥ മറ്റുള്ളവർക്കുണ്ടാകും എന്ന് ഹദീസുകളിൽ കാണാം