കുറിക്ക് സകാതുണ്ടോ?
ഒരു വർഷത്തിലധികം ദൈർഘ്യമുള്ള കുറികളിൽ സകാത് നിർബന്ധമാകുന്ന സാഹചര്യം ഉണ്ടായേക്കാം. ഇത്തരം കുറികളിൽ ചേർന്നവരും അവ സംഘടിപ്പിക്കുന്നവരും നന്നായി മനസ്സിലാക്കിയിരിക്കേണ്ട ഒരു വസ്തുതയാണിത്. ഒരു ഉദാഹരണം നോക്കാം: അൻവർ എന്ന വ്യക്തി 20 മാസങ്ങൾ നീണ്ടു നിൽക്കുന്ന ഓരോ മാസവും 10,000 രൂപ വീതം അടക്കേണ്ട രണ്ടു ലക്ഷത്തിന്റെ കുറിയിൽ ചേരുന്നു. സകാത് നൽകേണ്ട മൂല്യമായ 595 ഗ്രാം വെള്ളിക്ക് 40,000 രൂപ വിലവരുമെന്ന് കരുതുക. നാലു മാസം 10,000 രൂപ അടക്കുന്നതോടെ അൻവർ 40,000 രൂപയുടെ ഉടമസ്ഥനായിത്തീരുന്നു. ഈ വർഷം മുഹറം 15 നാണ് അവൻ നാലാം തവണ തുക അടച്ച് അതിന്റെ ഉടമയായത് എന്നും കരുതുക. ആ ദിവസം മുതല്‍ ഒരു വര്‍ഷം തികയുന്ന അടുത്ത വർഷം മുഹറം 15 ന് അൻവറിന് കുറി ലഭിച്ചിട്ടില്ലെങ്കില്‍ അയാള്‍ ആ തുകയുടെ സകാത്ത് നൽകണം. സകാത് നര്‍ബന്ധമാവുന്ന കണക്കായ 595ഗ്രാം വെള്ളിയുടെ മൂല്യം എത്തിയ ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറി ലഭിയ്ക്കാതെയുള്ള എല്ലാവര്‍ക്കും ഇത് ബാധകമാകും. അവധിയിറങ്ങുമ്പോഴാണ് കിട്ടാനുള്ള കടത്തിന്റെ സകാത് വീട്ടൽ നിർബന്ധമാവുന്നത്. സകാത് നിർബന്ധമാവുന്ന സമയവും വീട്ടൽ നിർബന്ധമാവുന്ന സമയവും വ്യത്യാസപ്പെടുമെന്നർത്ഥം. അതിനാൽ കുറി തുക ലഭിച്ച ശേഷം സകാത് കണക്ക് കൂട്ടി വീട്ടിയാൽ മതി. തുടർന്ന് ഓരോ മാസവും ഒരു മാസ അടവിന്റെ 2.5% കൊടുക്കണം. സകാത് മുൻകൂട്ടി നൽകാനും പറ്റും. കുറി ലഭിയ്ക്കുകയും വര്‍ഷം പൂര്‍ത്തിയാവും മുമ്പേ അത് ചെലവഴിക്കുകയും ചെയ്താല്‍ അവിടെ സകാത്ത് വരില്ല. അത് കൊണ്ട് തന്നെ ആദ്യ മാസങ്ങളിൽ കുറി ലഭിക്കുന്നവർ ആ തുക സൂക്ഷിച്ച് വെക്കാത്ത പക്ഷം ഈയിനത്തിൽ സകാത് വരാനിടയില്ല.
തോട്, പുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കളഞ്ഞു കിട്ടുന്ന വസ്തുക്കൾ ഉപയോഗിക്കാമോ?
സാധാരണ ഗതിയിൽ മൂല്യം കുറവായി ഗണിക്കപ്പെടുന്ന വസ്തുക്കൾ ഉടമാവകാശം ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നും കളഞ്ഞു കിട്ടിയാൽ പെട്ടെന്ന് തന്നെ അവഗണിക്കപ്പെടുന്ന സ്വഭാവം ഉള്ളതിനാൽ അന്വേഷിക്കാൻ സാധ്യതയുള്ളത്ര ചെറിയകാലം അത് പരസ്യപ്പെടുത്തണമെന്നാണ് നിയമം. ഇനി ഉടമസ്ഥൻ അതിനെ തൊട്ട് ശ്രദ്ധ തിരിക്കുകയും ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു എന്നു ഭാവിക്കപ്പെടുന്ന പക്ഷം കിട്ടിയ ആൾക്ക് ആ വസ്തു സ്വന്തമാക്കാവുന്നതാണ്. വില കൂടിയ വസ്തുവാണെങ്കിൽ ഉടമസ്ഥനെ അന്വേഷിച്ച് ഇസ്ലാമിക കർമശാസ്ത്രത്തിൽ പറഞ്ഞ രീതിയിൽ ഒരു വർഷം പരസ്യപ്പെടുത്തിയതിനുശേഷം ഉടമസ്ഥനെ കിട്ടിയില്ലെങ്കിൽ അവന് അത് ഉപയോഗിക്കാവുന്നതാണ്. എന്നാൽ മൂല്യം കൽപിക്കപ്പെടാത്ത നിസ്സാര വസ്തുക്കൾ കളഞ്ഞു കിട്ടിയാൽ അത് ലഭിക്കുന്നയാൾക്ക് അപ്പോൾ തന്നെ സ്വന്തമാക്കാവുന്നതാണ്. ഉടമസ്ഥതർ അവഗണിച്ചു വിട്ട് കളഞ്ഞിരിക്കുന്നുവെന്നതാണ് കാരണം.
ജ്വല്ലറികളിൽ പണം പല ഘട്ടങ്ങളിലായി കെട്ടി വെച്ച് നിശ്ചിത വർഷങ്ങൾക്ക് ശേഷം സ്വർണം വാങ്ങിക്കുന്ന സമ്പ്രദായം പല നാടുകളിലും കാണാറുണ്ട്. ഇസ്ലാമികമായി ഇതിൽ വല്ല തെറ്റുമുണ്ടോ? അത്തരം കച്ചവട ഇടപാടുകൾ സാധൂകരിക്കപ്പെടുമോ?
പണം നൽകിയതിന് ശേഷം വില വർദ്ധനവുണ്ടായാൽ അത് ബാധകമാകാതെ പണം നൽകിയ ദിവസത്തെ വിലയനുസരിച്ചും വില കുറഞ്ഞാൽ കുറഞ്ഞവില അനുസരിച്ചുമുള്ള സ്വർണ്ണം ലഭിക്കണമെന്ന വ്യവസ്ഥയിൽ ജ്വല്ലറിയിൽ മുൻകൂറായി പണം നൽകി സ്വർണം വാങ്ങുന്ന ഇടപാട് ശരിയല്ല. വസ്തുക്കൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ഇടപാടിൽ വില കൃത്യമായി നിശ്ചയിക്കപ്പെടണമെന്നാണ് ഇസ്ലാമിക നിയമം. ഈ നിയമം പാലിക്കപ്പെടുന്നില്ലെന്നതിന് പുറമേ പല പ്രശ്നങ്ങളും പ്രസ്തുത ഇടപാടിലുണ്ട്. പണം നൽകുന്ന സമയം പണവും സ്വർണവും തമ്മിലുള്ള ഇടപാട് നടത്തുന്നില്ലെന്നും പണം ജ്വല്ലറി ഉടമസ്ഥന് കടമായി നൽകുകയാണെന്നും വെച്ചാലും ശരിയാവുകയില്ല. കാരണം ഒരു സംഖ്യ കടമായി നൽകിയാൽ കടം വാങ്ങിയ വ്യക്തി തിരിച്ചു നൽകേണ്ടത് പ്രസ്തുത സംഖ്യയാണ്. സ്വർണവിലയിൽ വർധനവ് ഉണ്ടായാൽ വർദ്ധനവ് ബാധകമാകാതെ പണം നൽകിയ ദിവസത്തെ വിലയനുസരിച്ചും വില കുറഞ്ഞാൽ കുറഞ്ഞ വിലയനുസരിച്ചുമുള്ള സ്വർണം പകരം നൽകണമെന്ന വ്യവസ്ഥയിൽ പണം കൊടുക്കുന്ന ഇടപാട് അനുവദനീയമല്ല. ഓരോ തവണയും പണം നൽകുമ്പോൾ അതാത് സമയത്തെ സ്വർണ്ണവിലയനുസരിച്ചുള്ള സ്വർണം നമ്മുടെ കണക്കിൽ രേഖപ്പെടുത്തുകയും നിശ്ചിത കാലാവധിക്ക് ശേഷം പ്രസ്തുത സ്വർണം നമുക്ക് ലഭിക്കുകയും ചെയ്യുന്ന രൂപവും അനുവദിക്കപ്പെട്ടതല്ല. ഈ രൂപത്തിൽ സ്വർണ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ പണം നൽകിയവനെ ബാധിക്കുന്നില്ല.പണം നൽകുന്ന സമയത്തെ വില നിലവാരമനുസരിച്ച് നൽകിയ പണത്തിനുള്ള സ്വർണമാണ് കണക്കിൽ രേഖപ്പെടുത്തുന്നതും പിന്നീട് ലഭിക്കുന്നതും. അതിനാൽ വിലയിൽ കൃത്യതയില്ല എന്ന പ്രശ്നം ഇവിടെയില്ല. എങ്കിലും ആധുനിക കറൻസികൾ സ്വർണ്ണം, വെള്ളി എന്നിവ പോലെ കർമശാസ്ത്ര നിയമങ്ങളിലെ 'നഖ്ദ്' എന്ന വകുപ്പിൽ പെട്ടതാണെന്ന് വിശദീകരിക്കുന്നവരാണ് ആധുനിക പണ്ഡിതന്മാരിൽ അധികപേരും. ഈ വിശദീകരണം അനുസരിച്ച് സ്വർണവും വെള്ളിയും തമ്മിൽ ഇടപാട് നടത്തുമ്പോൾ നിർബന്ധമുള്ള അവധി നിശ്ചയിക്കാതിരിക്കുക, സദസ്സ് പിരിയും മുമ്പ് പരസ്പരം കൈമാറ്റം നടത്തുക എന്നീ നിബന്ധനകൾ കറൻസിക്ക് പകരം സ്വർണ്ണം വിൽക്കുമ്പോഴും നിർബന്ധമാണെന്ന് വരുന്നതാണ്. അപ്പോൾ പണത്തിനുപകരം സ്വർണ്ണം വാങ്ങുമ്പോൾ അവധി നിശ്ചയിക്കാതിരിക്കുകയും പണവും സ്വർണവും പരസ്പരം കൈമാറ്റം നടത്തുകയും ചെയ്താലേ പ്രസ്തുത ഇടപാട് അനുവദനീയമാവുകയുള്ളൂ. നൽകിയ പണത്തിനനുസരിച്ചുള്ള സ്വർണ്ണം കണക്കിൽ രേഖപ്പെടുത്തുകയും അവധിക്കുശേഷം കൈപ്പറ്റുകയും ചെയ്യുന്ന ഇടപാട് അനുവദനീയമാവുകയില്ല. എങ്കിലും ഈ രൂപത്തിൽ അവധി നിശ്ചയിക്കാതെ ഓരോ പ്രാവശ്യവും നൽകുന്ന സംഖ്യക്കനുസരിച്ചുള്ള സ്വർണം അതാത് സമയങ്ങളിൽ തന്നെ കൈവശം വാങ്ങിയതിന് ശേഷം ജ്വല്ലറിക്കാരനെ തിരിച്ചേൽപ്പിക്കുകയും പിന്നീട് ആവശ്യാനുസരണം വാങ്ങുകയും ചെയ്യുകയാണെങ്കിൽ വിരോധമില്ല. അനുവദനീയമാണ്. അപ്രകാരം തന്നെ ജ്വല്ലറി ഉടമസ്ഥന് ഒന്നിച്ചോ പലതവണകളായോ പണം നൽകുകയും നിശ്ചിത കാലാവധിക്ക് ശേഷം പണം തിരിച്ചു വാങ്ങുന്ന സമയം പ്രസ്തുത പണത്തിന് പകരം രണ്ടുപേരും ഇഷ്ടപ്പെട്ട് തീരുമാനിക്കുന്ന സ്വർണ്ണം തിരിച്ച് നൽകുകയും ചെയ്യുന്നത് അനുവദനീയമാണ്. ഇവിടെ പ്രത്യേക ആനുകൂല്യങ്ങൾ ഒന്നും വ്യവസ്ഥ ചെയ്യാതെ പണം കടമായി നൽകുകയാണ് ചെയ്തത്. ഇത് തെറ്റല്ല.പക്ഷേ, ഇങ്ങനെ കടം നൽകിയാൽ കടം നൽകിയവനു തിരിച്ചു ലഭിക്കാൻ അവകാശപ്പെട്ടത് പ്രസ്തുത സംഖ്യയാണ്. ആ സംഖ്യ തിരിച്ചു നല്കലേ ജ്വല്ലറി ഉടമസ്ഥന് നിർബന്ധമുള്ളൂ. എന്നാൽ പ്രത്യേക ആനുകൂല്യം ഒന്നും വ്യവസ്ഥ ചെയ്യാതെ പണം നൽകിയതിന് ശേഷം കടം വീട്ടുന്ന സമയം രണ്ടുപേരും ഇഷ്ടപ്പെട്ടു കൊണ്ട് പ്രസ്തുത സംഖ്യക്ക് പകരമായി സ്വർണ്ണം നൽകുകയും വാങ്ങുകയും ചെയ്യുകയാണെങ്കിൽ അത് അനുവദനീയമാണ്. രണ്ടുപേരും ഇഷ്ടപ്പെട്ട് അപ്പോൾ നിശ്ചയിക്കുന്ന തൂക്കം സ്വർണ്ണം വാങ്ങാവുന്നതാണ്. ലഭിക്കാനുള്ള അവകാശത്തിനു പകരമായി മറ്റൊന്ന് സ്വീകരിക്കുന്ന 'ഇസ്തിബ്ദാൽ' എന്ന ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ പറയുന്ന ഇടപാടാണിത്. ജ്വല്ലറി ഉടമസ്ഥന് പണം കടമായി നൽകുന്നവർക്ക് നിശ്ചിത അവധിക്ക് ശേഷം പ്രസ്തുത സംഖ്യ തിരിച്ചു നൽകുമെന്നും ആവശ്യമെങ്കിൽ പ്രസ്തുത സംഖ്യക്ക് പകരം രണ്ടുപേരും ഇഷ്ടപ്പെട്ട് തീരുമാനിക്കുന്ന സ്വർണം ലഭ്യമാക്കാൻ സൗകര്യമുണ്ടായിരിക്കുമെന്നും ജ്വല്ലറി ഉടമസ്ഥൻ നേരത്തെ പരസ്യം ചെയ്തു എന്നതുകൊണ്ട് മാത്രം ഇടപാട് നിഷിദ്ധമാവുകയില്ല. അതേസമയം ഇടപാടിൽ തന്നെ കടം നൽകുന്നവന് എന്തെങ്കിലും ആനുകൂല്യം വ്യവസ്ഥ ചെയ്തുകൊണ്ട് കടം നൽകുകയാണെങ്കിൽ അത് നിഷിദ്ധവും പലിശ ഇടപാടുമാണ്.
ഞാൻ B.Sc അഗ്രികൾച്ചറിന് പഠിക്കുകയാണ്. SSLC യിലും പ്ലസ് ടു വിലും നല്ല മാർക്കുണ്ടായിരുന്നു. പക്ഷേ, ഫീസടക്കാൻ പറ്റാത്തതിനാൽ പഠനം മുടങ്ങി. ഇപ്പോൾ 2 സെമസ്റ്റർ കഴിഞ്ഞു. ഇതുവരെ ഫീസടച്ചില്ല. ഈ സാഹചര്യത്തിൽ എജ്യുക്കേഷൻ ലോൺ എടുക്കാമോ?
വായ്പയെടുക്കുന്നതിൽ ഇസ്‌ലാമികമായി പ്രശ്നങ്ങളില്ല. പക്ഷേ, തിരിച്ചടക്കുമ്പോൾ കൂടുതൽ അടക്കണമെന്ന നിബന്ധന ഇടപാടു സമയത്ത് വരുമ്പോൾ ആ ഇടപാടിൽ പലിശ വരുന്നു. അതോടെ ആ ഇടപാട് ഹറാമാകും. പലിശയില്ലാതെ വായ്പ നൽകുന്ന സംവിധാനങ്ങൾ ഇന്ന് ലഭ്യമാണല്ലോ. പണം കടം ലഭിക്കാൻ ഇസ്ലാം അനുവദിച്ച മാർഗ്ഗങ്ങളുമുണ്ട്.അത്തരം സംവിധാനങ്ങളെ ആശ്രയിക്കുകയാണ് വേണ്ടത്. പ്രയാസങ്ങൾ അല്ലാഹുവിന്റെ പരീക്ഷണങ്ങളാണെന്ന് വിശ്വാസി മനസ്സിലാക്കണം. ഏതു ഘട്ടത്തിലും അല്ലാഹുവിന്റെ വിധി വിലക്കുകൾ സൂക്ഷിക്കാൻ നമുക്ക് കഴിയണം.
പലചരക്ക് കച്ചവടം നടത്തുന്നയാൾ തന്റെ സാധനങ്ങൾ കടയിൽ വരുന്ന ആളുകളുടെ സാമ്പത്തിക സ്ഥിതി നോക്കി വ്യത്യസ്ത വിലയ്ക്ക് വിൽക്കുന്നത് അനുവദനീയമാണോ? അതായത് , ഒരേ സാധനം വ്യത്യസ്ത വിലയ്ക്ക് വിൽക്കുന്നതിന്റെ വിധി എന്താണ് ?
അനുവദനീയമാണ്. തന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ വില നിർണ്ണയിക്കാനുള്ള അധികാരം ഇസ്ലാമികമായി വിൽപ്പനക്കാരന്റെ അവകാശമാണ്. പക്ഷേ,വസ്തുവിന് ഇല്ലാത്ത ഗുണങ്ങൾ പറഞ്ഞ് വഞ്ചിക്കരുത് , നിലവാര വിലയെ കുറിച്ച് കളവ് പറയരുത്, വസ്തുവിലുള്ളതും നമുക്ക് അറിയാവുന്നതുമായ ന്യൂനതകൾ മറച്ചു വെക്കരുത് തുടങ്ങിയ മര്യാദകൾ ഇവിടെ പാലിച്ചിരിക്കണം. ഇമാം (ഭരണാധികാരി) കച്ചവട വസ്തുക്കൾക്ക് വില നിശ്ചയിക്കൽ നിഷിദ്ധമാണ്. എങ്കിലും ഭരണാധികാരി അങ്ങനെ നിശ്ചയിച്ചാൽ പരസ്യമായി അത് ലംഘിക്കൽ വ്യാപാരികൾക്ക് നിഷിദ്ധമാണ്.
മാസ ഗഡുക്കളായി പണം അടച്ച് വാങ്ങിക്കാൻ പറ്റുന്ന ഏ.സി, ഫ്രിഡ്ജ്, ഇൻവേർട്ടർ തുടങ്ങിയ വസ്തുക്കൾ അടവിന് വാങ്ങൾ ഹറാം ആണെന്ന് ഒരു ഉസ്താദിന്റെ പ്രഭാഷണത്തിൽ കേൾക്കാനിടയായി. ഇവ റെഡി കാശ് കൊടുത്ത് വാങ്ങുമ്പോഴുള്ള വിലയേക്കാൾ കൂടുതൽ വില അടവിന് വാങ്ങുമ്പോൾ നൽകേണ്ടി വരുന്നതിനാൽ പലിശ വരും എന്നാണ് പറയുന്നത്. ഇത് ശരിയാണോ?
നിശ്ചിത സംഖ്യ വിലയായി നിശ്ചയിച്ച് വസ്തു വാങ്ങുകയും ആ സംഖ്യ നിശ്ചയിക്കപ്പെട്ട അവധിക്കുള്ളിലായി ഒരുമിച്ചോ പലതവണകളായോ അടച്ചു തീർക്കണമെന്ന് വ്യവസ്ഥ വെക്കുകയും ചെയ്യുന്നതിന് തടസ്സമില്ല. കാരണം ഇത്, അവധി നിശ്ചയിക്കപ്പെട്ട വിലക്കു പകരം വസ്തു വാങ്ങലാണ്. വിലയുടെ നിശ്ചിത ഭാഗം റൊക്കമായും ബാക്കി പല ഘട്ടങ്ങളായും നൽകണമെന്ന് തീരുമാനിക്കുന്നതിനും വിരോധമില്ല. ഓരോ മാസവും അടയ്ക്കേണ്ട തുക കൃത്യമായി നിശ്ചയിക്കുന്നതിലും തെറ്റില്ല. വില കൃത്യമായി നിശ്ചയിച്ചുകൊണ്ട് ഇടപാടു നടത്തുകയും ആ വില നിശ്ചിത അവധിക്കുള്ളിൽ പല ഘട്ടങ്ങളായി അടക്കണമെന്ന് കരാർ ചെയ്യലും അനുവദനീയമാണ് എന്നാണ് ഇതുവരെ പറഞ്ഞതിന്റെ ചുരുക്കം. ഇങ്ങനെ കൃത്യമായ വില നിശ്ചയിച്ചുകൊണ്ട് വാങ്ങുമ്പോൾ വിൽക്കുന്നവനും വാങ്ങുന്നവനും തൃപ്തിപ്പെട്ട വില സാധാരണ വിലയേക്കാൾ അധികമായി എന്നതുകൊണ്ട് പ്രശ്നമില്ല. അത് പലിശയാകുന്നില്ല. അതേസമയം, വില കൃത്യമായി നിശ്ചയിക്കപ്പെടാതെ അവധി കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് വിലയിലും വ്യത്യാസം സംഭവിക്കുമെന്ന രീതിയിലാണ് ഇടപാടെങ്കിൽ അത് വിരോധിക്കപ്പെട്ടതാണ്. ഉദാഹരണത്തിന്, ആറു മാസം കൊണ്ട് അടച്ചു തീർക്കുകയാണെങ്കിൽ 5,000 രൂപയും, ഒരുവർഷം കൊണ്ടാണെങ്കിൽ 10,000 രൂപയും നൽകണമെന്ന വ്യവസ്ഥയോടെ ഇടപാട് നടത്താൻ പാടില്ല. ഒരു വസ്തുവിന് 10000 രൂപ വിലയായി നിശ്ചയിക്കുകയും ആ വില ഉടമസ്ഥന് റൊക്കമായി നൽകുന്നതിനുവേണ്ടി കടം വാങ്ങുകയും ചെയ്യുമ്പോൾ വാങ്ങിയതിലേറെ തുക തിരിച്ചടക്കണമെന്ന നിബന്ധനയോടെ കടം വാങ്ങുന്നത് പലിശ ഇടപാടാണ്. ഇവിടെ രണ്ട് ഇടപാടുകളുണ്ട് .ഒന്ന് കൃത്യമായ വില നിശ്ചയിച്ചുകൊണ്ട് അവധിക്ക് വസ്തു വാങ്ങൽ. രണ്ട്: ആ വില നൽകുന്നതിനുവേണ്ടി വാങ്ങിയതിനേക്കാളേറെ തിരിച്ചടക്കണം എന്ന വ്യവസ്ഥയിൽ കടം വാങ്ങൽ. ഇവിടെ പറഞ്ഞ രണ്ടാമത്തെ ഇടപാട് വൻ ദോഷങ്ങളിൽ പെട്ട കട പലിശയാണ്. പലരും അടവിനു വാങ്ങുമ്പോൾ ഇങ്ങനെ രണ്ട് ഇടപാടു നടത്താറുണ്ട്.വസ്തുവിന്റെ ഉടമസ്ഥന് വില നൽകാൻ വേണ്ടി പലിശ സ്ഥാപനത്തിൽ നിന്ന് പലിശ നൽകാമെന്ന നിബന്ധനയോടെ കടം വാങ്ങുകയാണ്. വിശുദ്ധ ഖുർആനും സുന്നത്തും നിഷിദ്ധമാക്കിയ പലിശ ഇടപാട് നമ്മുടെ ഇടപാടുകളിൽ കടന്നു വരുന്നതിനെ കുറിച്ച് ജാഗ്രത വേണം. അടവിന് വസ്തുക്കൾ വാങ്ങുമ്പോൾ അനുവദനീയമായതും നിഷിദ്ധമായതുമായ വിവിധ രൂപങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ഇത്രയും വിശദീകരിച്ചത്.
ലോണെടുത്ത് വാഹനങ്ങൾ വാങ്ങൽ അനുവദനീയമാണോ?
ഒരു വാഹനം വാങ്ങുമ്പോൾ ലോണെടുക്കുകയും ഓരോ മാസങ്ങളിലും നിശ്ചിത തുക അടക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് വ്യാപകമായി നടക്കാറുണ്ട്. അത്തരം ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അൽപം വിശദമായി തന്നെ പറയാം : വിലക്ക് അവധി നിശ്ചയിക്കാതെയും വിലക്ക് അവധി നിശ്ചയിച്ചുകൊണ്ടും വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യാറുണ്ട്. ഈ രണ്ടു രൂപങ്ങളും ഇസ്ലാമിൽ അനുവദിക്കപ്പെട്ടതാണ്. വിലക്ക് അവധി നിശ്ചയിച്ചുകൊണ്ട് വിൽക്കുമ്പോഴുള്ള വില സാധാരണ അവധി നിശ്ചയിക്കാതെ വിൽക്കുമ്പോഴുള്ള വിലയേക്കാൾ കൂടുതലായി എന്നതുകൊണ്ട് മാത്രം ആ ഇടപാട് നിഷിദ്ധമോ ഇസ്ലാം നിരോധിച്ച പലിശ ഇടപാടോ ആവുകയില്ല. വിലക്ക് അവധി നിശ്ചയിച്ചുകൊണ്ട് വിൽപ്പന നടത്തുമ്പോൾ റൊക്കമായി വിൽക്കാറുള്ള സാധാരണ വിലയേക്കാൾ വില കൂടിയാൽ തന്നെ ആ ഇടപാട് പലിശ ഇടപാടാകുമെന്ന ചിലരുടെ ധാരണ ശരിയല്ല. വിൽക്കുന്നവനും വാങ്ങുന്നവനും കൃത്യമായി തീരുമാനിച്ചുറപ്പിച്ചതായിരിക്കണം എന്നതാണ് വിൽപന ഇടപാടിലെ വിലയെ കുറിച്ചുള്ള ഇസ്ലാമിക നിയമം.നിലവാരവില, ഇടപാട് വില എന്നിങ്ങനെ രണ്ടിനം വിലകൾ ഉണ്ട് . ഓരോ കാലത്തും ഓരോ പ്രദേശത്തും വസ്തുവിനനുസൃതമായി ഒരു വസ്തുവിന് സാധാരണ ലഭിക്കാറുള്ള വിലയാണ് ആ വസ്തുവിന്റെ നിലവാര വില. ഈ വിലയെക്കുറിച്ച് ഖീമത് , സമന് മിസ് ല് എന്നൊക്കെയാണ് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ പറയാറുള്ളത്. ഒരു വസ്തു വിൽക്കുമ്പോൾ വിൽക്കുന്നവനും വാങ്ങുന്നവനും പരസ്പരം തൃപ്തിപ്പെട്ടു നിശ്ചയിക്കുന്ന വിലയാണ് ആ ഇടപാടിലെ യഥാർത്ഥ വില. ഇതിനെ സമന് എന്ന് പറയും. ഇടപാട് വില നിലവാര വിലയോട് തുല്യമോ അതിൽ കൂടുതലോ കുറവോ ആയേക്കാം. ഈ മൂന്ന് രൂപങ്ങളും ഇസ്ലാം അനുവദിച്ചതാണ്. അപ്രകാരം തന്നെ ഒരു വസ്തു വിലക്ക് അവധി നിശ്ചയിച്ചുകൊണ്ട് വിൽക്കുമ്പോഴുള്ള വില ആ വസ്തു റൊക്ക വിലക്ക് വിൽക്കുമ്പോഴുള്ള വില യോട് തുല്യമായിരിക്കണമെന്നില്ല.അവധി നിശ്ചയിച്ചുകൊണ്ടുള്ള വിൽപ്പനയിലെ വില ആ വസ്തു അവധിയില്ലാതെ വിൽക്കുമ്പോഴുള്ള വിലയേക്കാൾ കൂടുന്നതിന് വിരോധമില്ല. ഉദാഹരണമായി അവധി ഇല്ലാതെ ഒരു ലക്ഷത്തിന് വിൽക്കാറുള്ള വസ്തു, ഒരുവർഷത്തെ അവധിക്ക് വിൽക്കുന്നവനും വാങ്ങുന്നവനും സമ്മതിച്ചുകൊണ്ട് ഒന്നര ലക്ഷത്തിനു വിറ്റാൽ പ്രസ്തുത ഇടപാട് നിഷിദ്ധമോ പലിശ ഇടപാടോ അല്ല. മറിച്ച് അനുവദനീയമായ ഇടപാടാണ്. അവധിയായി വിൽക്കുമ്പോൾ മൊത്ത വിലക്ക് ഒറ്റ അവധിയാ യും വിലയിലെ നിശ്ചിത സംഖ്യകൾക്ക് വ്യത്യസ്തമായ നിശ്ചിത അവധികളായും വിൽക്കാവുന്നതാണ്. അപ്രകാരം തന്നെ വിലയുടെ നിശ്ചിത ഭാഗം റൊക്കമായും നിശ്ചിത ഭാഗം അവധിയായും വിൽക്കാവുന്നതാണ്. അവധി നിശ്ചയിച്ചുകൊണ്ട് വിൽക്കുമ്പോഴുള്ള വിലയും റൊക്കമായി വിൽക്കുമ്പോഴുള്ള വിലയും തുല്യമാവണമെന്നില്ലെന്നും അവധിയുടെ കാരണമായി വില വർധിപ്പിക്കുന്നതിന് വിരോധമില്ലെന്നുമുള്ള കാര്യം കർമ്മശാസ്ത്രത്തിൽ സ്ഥിരപ്പെട്ടതും പൊതുവേ അറിയപ്പെട്ടതും ആണ് .എന്നാൽ വിലക്ക് അവധി നിശ്ചയിച്ചുകൊണ്ട് വിൽപ്പന നടത്തുമ്പോൾ വിലയും അവധിയും കൃത്യമായി നിശ്ചയിക്കപ്പെടുകയും അറിയപ്പെടുകയും വേണമെന്ന നിർബന്ധമുണ്ട്.ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയാൽ വസ്തു അടവിന് വാങ്ങുന്നതിന്റെ വിവിധ രൂപങ്ങളും അവയുടെ വിധികളും മനസ്സിലാക്കാൻ പ്രയാസമുണ്ടാവുകയില്ല. ഉദാഹരണമായി മൂന്ന് രൂപങ്ങൾ പറയാം. ഒന്ന്: ഒരു വസ്തു ഒന്നാമൻ രണ്ടാമന് വിൽക്കുന്നു. വില്പനയിൽ വിലയും അവധിയും കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്.പക്ഷേ സാധാരണ റൊക്കമായി വിൽക്കുന്ന വിലയേക്കാൾ കൂടുതൽ സംഖ്യക്ക് പകരമാണ് വില്പന. ഉദാഹരണത്തിന് സാധാരണ ഒരു ലക്ഷത്തിന് വിൽകാറുള്ള വസ്തു 20 മാസത്തെ അവധിക്ക് 2 ലക്ഷത്തിന് വിൽക്കുന്നു. ഇവിടെ 20 മാസം എന്ന കൃത്യമായ അവധിയും രണ്ടു ലക്ഷം എന്ന വിലയും നിർണയിച്ചിരിക്കുന്നു. ഈ ഇടപാട് അനുവദനീയമാണ്. രണ്ട് : വസ്തുവിന്റെ നിലവാര വില ഒരു ലക്ഷമാണെങ്കിലും ഒരു വർഷം കൊണ്ട് അടച്ചു തീർക്കുകയാണെങ്കിൽ രണ്ടു ലക്ഷം, ഒന്നരവർഷം കൊണ്ടാണെങ്കിൽ രണ്ടര ലക്ഷം എന്നിങ്ങനെ അടച്ചുതീർക്കാൻ എടുക്കുന്ന സമയത്തിന്റെ ഏറ്റക്കുറവിന് അനുസരിച്ച് നൽകേണ്ട സംഖ്യയിൽ മാറ്റം വരുമെന്ന വ്യവസ്ഥയിൽ ഒരാൾ മറ്റൊരാൾക്ക് വിൽക്കുന്നു. ഈ ഇടപാട് ബാത്വിലായ വിൽപനയാണ്. അതിനാൽ തന്നെ തെറ്റുമാണ്. വിലയും അവധിയും രണ്ടുപേർക്കും അറിയപ്പെടുന്ന വിധം കൃത്യമായി നിശ്ചയിക്കണം എന്ന നിബന്ധന പാലിച്ചില്ല എന്നതാണ് അസാധുവാകാനുള്ള കാരണം. ഈ ഇടപാടും ഇസ്ലാം നിരോധിച്ച പലിശയുടെ പരിധിയിൽ വരുന്നതല്ല. എങ്കിലും 'ഫാസിദായ ബൈഅ' എന്ന നിലയിൽ കുറ്റകരമാണ്. പലിശ മാത്രമല്ലല്ലോ കുറ്റകരം. മൂന്ന്: അവധിയും വിലയും കൃത്യമായി നിശ്ചയിച്ചുകൊണ്ട് തന്നെ വസ്തു ഒരാൾ മറ്റൊരാൾക്ക് വിൽക്കുന്നു. പക്ഷേ, ഒന്നാമന് പണം നൽകാൻ വേണ്ടി രണ്ടാമൻ കടമായി നൽകുന്നതിലേറെ തിരിച്ചടക്കണം എന്ന വ്യവസ്ഥയിൽ മൂന്നാമ നിൽ നിന്ന് പണം കടം വാങ്ങുന്നു. ഒന്നും രണ്ടും രൂപങ്ങളിൽ രണ്ടു കക്ഷികൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവിടെ മൂന്നാം കക്ഷിയുണ്ട് . അതുപോലെ ഒന്നും രണ്ടും രൂപങ്ങളിൽ വിൽപ്പന എന്ന ഒരു ഇടപാട് മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇവിടെ ഒന്നാമനും രണ്ടാമനും തമ്മിൽ വില്പന ഇടപാടും രണ്ടാമനും മൂന്നാമനും തമ്മിൽ 'ഖർള്' എന്ന കടം വാങ്ങുന്ന ഇടപാടും ഉണ്ട്. കടമായി വാങ്ങുന്ന സംഖ്യയേക്കാളേറെ തിരിച്ചടക്കണം എന്ന നിബന്ധനയോടെ കടം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ഇടപാട് പലിശ ഇടപാടാണല്ലോ. അതിനാൽ ഈ മൂന്നാം രൂപത്തിൽ രണ്ടാമനും മൂന്നാമനും തമ്മിൽ നടക്കുന്ന ഇടപാട് നിഷിദ്ധമാണ്. പലിശ ഇടപാടിലൂടെ അല്ലാതെ അനുവദനീയമായ വഴികളിലൂടെ തന്നെ ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
ഉള്ള ജോലി ജീവിത ചെലവിന് മതിയാകുന്നുവെങ്കിലും സ്വന്തമായി ഒരു വീടില്ല. വീട് നിർമ്മാണം ഇപ്പോഴുള്ള വരുമാനം കൊണ്ട് സാധിക്കുന്നുമില്ല. അവനെ സകാതിന്റെ അവകാശികളായ ഫഖീർ, മിസ്കീൻ ഗണത്തിൽ പെടുത്താനാകുമോ?
ജീവിതാവശ്യങ്ങളിൽ പെട്ടതാണ് വീട് . നിത്യ ചെലവിന് മതിയാകുന്ന വരുമാനം ഉണ്ടെങ്കിലും തനിക്ക് യോജിച്ച വിധത്തിലുളള താമസ സൗകര്യത്തിന് ആ വരുമാനം മതിയാകുന്നില്ലെങ്കിൽ അവൻ ഫഖീർ മിസ്കീനിൽ പെടുന്നതാണ്.
കറന്സിയുടെ സക്കാത്തിൽ വെള്ളിയുടെ നിസാബാണ് പരിഗണിക്കേണ്ടത് എന്നത് നിബന്ധനയാണോ,അതോ സൂക്ഷമതയാണോ?
കറൻസികൾ 'നഖ്ദ്' വർഗ്ഗത്തിൽ പെട്ടതാണ് എന്നാണ് ആധുനിക പണ്ഡിതരിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. സ്വർണ്ണം, വെള്ളി എന്നിവ സാർവത്രിക വിലയായതിനാലാണ് അവ 'നഖ്ദാ' യി പരിഗണിക്കപ്പെട്ടിട്ടുഉള്ളത്. സാർവത്രിക വിലയാവുക എന്ന വിശേഷണം ആധുനിക കറൻസികൾക്കുമുണ്ട്. അതിനാൽ കറൻസികളും നഖ്ദാണ് . സാർവത്രിക വില എന്ന വിശേഷണം മുൻകാലങ്ങളിൽ സ്വർണ്ണത്തിനും വെള്ളിക്കും മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിൽക്കാലത്ത് ആ വിശേഷണം കറൻസികൾ ക്കും ബാധകമായിരിക്കുന്നു എന്നാണ് വിശദീകരണം. ഇല്ലത്ത് ഖാസ്വിറ (അടിസ്ഥാന വസ്തുവിൽ പരിമിതമായ കാരണം) മറ്റൊന്നിലില്ലാത്തതിനാൽ അത് മുഖേന താരതമ്യം നടക്കുകയില്ല എന്നും എന്നാൽ പിൽക്കാലത്ത് പ്രസ്തുത കാരണത്തിൽ അടിസ്ഥാന വസ്തുവിനോട് പങ്കാകുന്ന മറ്റൊരു വസ്തു ഉണ്ടായേക്കാമെന്നും അപ്പോൾ അടിസ്ഥാന വസ്തുവിന്റെ വിധി അതിനും ബാധകമാകുമെന്നും കർമശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ഹാവി 5 - 92 ശറഹുൽ മുഅദ്ദബ് 9 -394 കാണുക) മേൽ വിശദീകരണ പ്രകാരം കറൻസി സ്വർണ്ണത്തിന്റെയോ വെള്ളിയുടെയോ സ്ഥാനത്തല്ല. മൂന്നാമതൊരിനം നഖ്ദാണ്. സ്വർണ്ണവും വെള്ളിയും കറൻസിയും നഖ്ദിൽ ഉൾപ്പെടുന്ന മൂന്നു വസ്തുക്കളണ്. എന്നാൽ നിസ്വാബ് ( സകാത്ത് നിർബന്ധമാകുന്ന മിനിമം സംഖ്യ ) ഖണ്ഡിതമായി സ്ഥിരപ്പെട്ടത് വെള്ളിയിലായതിനാൽ 200 ദിർഹം വെള്ളിയോട് തുല്യമായ സംഖ്യയാണ് കറൻസിയിൽ നിസ്വാബായി കണക്കാക്കപ്പെടുന്നത്. അതോടൊപ്പം രണ്ടു സാധ്യതകൾ ഉണ്ടാകുമ്പോൾ സാധുക്കൾക്ക് ഏറ്റവും ഉപകാരമുള്ളതാണ് പരിഗണിക്കേണ്ടത് എന്നാണ് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുള്ളത്. നോട്ടിന്റെ മൂല്യം വെള്ളിയായ് പരിഗണിക്കലാണ് ഉത്തമമെന്ന് ഇമാം തർമസി തന്റെ മൗഹിബത്തിൽ പറഞ്ഞിട്ടുമുണ്ട്.