വൈവാഹികം, കുടുംബം

വിവാഹത്തിന് പ്രത്യേകം നിസ്കാരം സുന്നത്തുണ്ടോ? ആരാണ് അത് നിർവഹിക്കേണ്ടത്? ഭാര്യക്കും സുന്നതാണോ?


നികാഹ് എന്ന ഇടപാടിനു മുമ്പ് നികാഹ് സദസ്സിൽ നികാഹ് നടത്തും മുമ്പ് രണ്ട് റക്അത്ത് നിസ്കാരം സുന്നതുണ്ട്. ഭർത്താവിനും ര ക്ഷിതാവിനുമാണ് അത് സുന്നതുള്ളത്. ഭർത്താവും രക്ഷിതാവുമാണ് നികാഹ് ഇടപാടുമായി ബന്ധപ്പെടുന്നത് എന്ന കാരണത്താൽ ഭാര്യക്ക് സുന്നത്തില്ല. (ശർവാനി 2/238). تسن ركعتان قبل عقد النكاح، في مجلس العقد قبل تعاطيه، وينبغي أن يكون ذلك للزوج والولي لتعاطيهما للعقد دون الزوجة راجع الشروانی (۲۳۸/۲

വിവാഹത്തിന് മുമ്പായി പെണ്ണ് കാണുകയും ഉറപ്പിക്കുകയും നികാഹിന് മുമ്പ് സ്വർണ്ണ മാല സമ്മാനം നൽകുകയും ചെയ്തു. പിന്നീട് ആ ബന്ധം ഒഴിവാക്കിയാൽ കൊടുത്ത വസ്തു തിരിച്ചു വാങ്ങാമോ?


താൻ വിവാഹാലോചന നടത്തിയവൾക്കോ അവളുടെ വക്കീലിനോ രക്ഷിതാവിനോ വിവാഹം ചെയ്യാനുദ്ദേശിച്ചുകൊണ്ട് ഒരാൾ ഭക്ഷണ സാധനമോ മറ്റോ നൽകുകയും പിന്നീട് വിവാഹത്തിനു മുമ്പ് തന്നെ ആ ആലോചന ഒഴിവാക്കുകയും ചെയ്താൽ നൽകിയ ആളിൽ നിന്ന് അത് അയാൾക്ക് തിരിച്ചു വാങ്ങാവുന്നതാണ്. ഒരു വ്യക്തിക്ക് ഹദിയ കൊടുത്തയക്കുകയും അത് കൈപറ്റും മുമ്പ് അയാൾ മരണപ്പെടുകയും ചെയ്താൽ ആ ഹദ്‌യ കൊടുത്തയച്ചവന്റെ അധികാരത്തിൽ തന്നെ ബാക്കിയാവുന്നതാണ്. ഹദ്‌യ നൽകുന്നവനാണ് മരിച്ചതെങ്കിൽ നൽകപ്പെടുന്ന വ്യക്തിക്ക് എത്തി ച്ചുകൊടുക്കൽ കൊണ്ടുപോകുന്നവന് അനുവദനീയമല്ല(അവകാശികളുടെ അനുവാദമുണ്ടെങ്കിലേ കൊണ്ടുപോകാവൂ). (ഫത്ഹുൽ മുഈൻ)

ഇദ്ധയെക്കുറിച്ച് വിശദീകരിക്കുമോ?


ത്വലാഖ് കൊണ്ടോ മരണം കൊണ്ടോ ഭർത്താവ് വിട്ടുപിരിഞ്ഞാൽ ഭാര്യ നിശ്ചിത കാലം ഇദ്ധ: ഇരിക്കണം. വിവിധ ഇദ്ധ:കൾ. 1. ഭർത്താവ് മരണപ്പെട്ടതിന്റെ കാരണത്താലുള്ള ഇദ്ധ:

ഗർഭിണിയല്ലാത്ത സ്വതന്ത്ര സ്ത്രീകളുടെ ഇദ്ദഃ ഭർത്താവിന്റെ മരണം മുതൽ നാല് മാസവും പത്ത് ദിവസവുമാകുന്നു. ഏത് പ്രായത്തിലുള്ളവളാണെങ്കിലും (ആർത്തവം ആരംഭിച്ചിട്ടില്ലാത്തവളോ ആർത്തവാവസ്ഥയിലുള്ളവളോ ആർത്തവവിരാമം സംഭവിച്ചളോ ആരായാലും) ഗർഭിണിയല്ലെങ്കിൽ നാല് മാസവും പത്ത് ദിവ സവുമാണ് ഭർത്താവിന്റെ മരണം മൂലമുള്ള ഇദ്ദയുടെ കാലഘട്ടം. ഭർത്താവിന്റെ മരണസമയം ഭാര്യ ഗർഭിണിയാണെങ്കിൽ പ്രസവം വരേയാണ് ഇദ്ദയുടെ കാലാവധി. ഭർത്താവ് മരിച്ച ഉടനെ പ്ര സവിച്ചാൽ അപ്പോൾ തന്നെ ഇദ്ദ അവസാനിക്കുന്നതാണ്. മാസങ്ങൾക്കു ശേഷമാണ് പ്രസവമെങ്കിൽ അപ്പോഴേ ഇദ്ദ അവസാനിക്കുക യുള്ളൂ. ശരിഅത്ത് നിയമമനുസരിച്ച് ആ ഭർത്താവിലേക്ക് പിതൃത്വം ചേർക്കപ്പെടുന്ന ഗർഭമായിരിക്കണമെന്ന നിബന്ധനയുണ്ട്. 2. ത്വലാഖിന്റെ ഇദ്ധ:

ലൈംഗിക ബന്ധത്തിന് മുമ്പ് ഭർതാവ് ത്വലാഖ് ചൊല്ലിയാൽ അവൾക്ക് ഇദ്ദഃ നിർബന്ധമില്ല. ത്വലാഖ് കാരണമായുള്ള ഇദ്ദ ലൈംഗിക ബന്ധമുണ്ടായിട്ടുണ്ടെങ്കിലേ നിർബന്ധമാവുകയുള്ളൂ. എന്നാൽ മരണം കാരണമായുള്ള ഇദ്ധ: ലൈംഗിക ബന്ധമുണ്ടായിട്ടില്ലെങ്കിലും നിർബന്ധമാണ്. അതുകൊണ്ട് ഭർത്താവ് മരിച്ചാൽ ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെങ്കിലും ഭാര്യ ഇദ്ധ: ഇരിക്കണം. ഗർഭിണിയല്ലാത്തവൾക്ക് ത്വലാഖിന്റെ ഇദ്ദ മൂന്ന് ശുദ്ധികൾ കഴിയുന്നത് വരേയാണ്. രണ്ടു ആർത്തവങ്ങൾക്കിടയിലോ ആർത്തവത്തിനും പ്രസവരക്തത്തിനും ഇടയിലോ ഉണ്ടാകുന്ന ഇടവേളകളെയാണ് ഇവിടെ ശുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശുദ്ധി സമയത്താണ് ത്വലാഖ് ചൊല്ലിയതെങ്കിൽ ആ ശുദ്ധിയിൽ ബാക്കിയുള്ള സമയം ഒന്നാം ശുദ്ധിയായി പരിഗണിക്കും. അതിനാൽ ത്വലാഖിനു ശേഷം മൂന്നാം ആർത്തവം ആരംഭിക്കു ന്നതോടെ ഇദ്ദ: അവസാനിക്കുന്നതാണ്. ആർത്തവ സമയത്താണ് ത്വലാഖ് എങ്കിൽ ത്വലാഖിന് ശേഷം മൂന്നാം ശുദ്ധി അവസാനിക്കുമ്പോഴേ ഇദ്ദഃ അവസാനിക്കുകയുള്ളൂ. ആർത്തവ വിരാമം സംഭവിച്ചവളുടെ ത്വലാഖിന്റെ ഇദ്ദഃ മൂന്ന് മാസക്കാലമാണ്. ഗർഭിണിയുടെ ത്വലാഖ് കാരണമായുള്ള ഇദ്ധ:യും പ്രസവം വരെയാണ്. ഇദ്ദകാലം ഇരുട്ടുമുറിയിൽ ശരീരം അനങ്ങാതെ അടച്ചിരിക്കണമെന്നില്ല. ഇദ്ദയുടെ സമയം വീട്ടു ജോലി ചെയ്യലും ഭക്ഷണം പാചകം ചെയ്യലും കുട്ടികളെ പരിചരിക്കലുമെല്ലാം അനുവദനീയമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വാ ങ്ങാനും മറ്റും പുറത്തു പോകാനും അനുവാദമുണ്ട്. ഇദ്ദ ആചരിച്ചാൽ മക്കളുടെ കാര്യം ശ്രദ്ധിക്കാൻ കഴിയില്ലെന്ന ധാരണ ശരിയല്ല.

ഭാര്യ ഭർത്താക്ക•ാർക് ജമാഅത്തായി നിസ്കരിക്കാമോ?


നിസ്കരിക്കാം, ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. പക്ഷേ ഇമാമായി നിൽക്കുന്നത് ഭർത്താവായിരിക്കണം.

പുതിയ സാഹചര്യത്തിൽ സ്ത്രീയുടെ വിവാഹാനന്തര താമസം ചർച്ച ചെയ്യപ്പെടുകയാണല്ലോ? ഇസ്ലാമിക അധ്യാപനം അനുസരിച്ച് കല്യാണത്തിന് ശേഷം പെണ്ണ് സ്വന്തം വീട്ടിലാണോ താമസിക്കേണ്ടത് അതോ ഭർതൃ വീട്ടിലാണോ ?


ഭാര്യക്ക് പാർപ്പിടം ഒരുക്കുക എന്നത് ഭർതാവിന്റെ കടമയാണ്. സ്വസ്ഥമായ ജീവിത സാഹചര്യവും സൗകര്യവുമുളള ഒരു വീടാണ് അവൻ അവൾക്ക് ഒരുക്കി കൊടുക്കേണ്ടത്. അല്ലാതെ ഭർതൃ വീട്ടിൽ താമസിപ്പിക്കാനോ ഭാര്യ വീട്ടിൽ താമസിപ്പിക്കാനോ ഉള്ള നിർദ്ധേശമല്ല ഇസ്‌ലാമിലുള്ളത്. പരസ്പര ധാരണയോടെ മേൽ പറഞ്ഞ രണ്ടാലൊരു വീട്ടിലോ മറ്റോ താമസിക്കുന്നതിന് വിരോധമില്ല.

ഭാര്യയും ഭർതാവും തമ്മിൽ ബന്ധപ്പെടുമ്പോൾ ചൊല്ലേണ്ട ദിക്റുകൾ ചൊല്ലാൻ മറന്നു . ഭാര്യ ഗർഭിണി ആയാൽ എന്താണ് ചെയ്യുക? അല്ലെങ്കിൽ ചൊല്ലേണ്ടത് ?


ലൈഗിംക ബന്ധത്തിൽ ഏർപെടുന്നവർക്ക് പ്രത്യേകം സുന്നത്തായ ദിക്റുണ്ട്. പക്ഷേ, അത് നഷ്ടപ്പെട്ടതിന്റെ മേൽ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. എന്നാലും സന്താനങ്ങൾ സ്വാലിഹീങ്ങളാകുനുള്ള ദുആഅ് വർധിപ്പിക്കുന്നത് നല്ലതാണ്.

സയാമീസ് ഇരട്ടകളുടെ നികാഹ് എങ്ങനെ? അവർ രണ്ട് മനുഷ്യരായി പരിഗണിക്കുന്നതിൻ്റെ മാനദണ്ഡം? അവലംബം സഹിതം വിശദീകരിക്കാമോ?


തായ്‌ലൻഡ് എന്ന് പേരുള്ള തെക്കുകിഴക്കൻ രാഷ്ട്രത്തിൻറെ പഴയ പേരാണ് 'സയാം'. 1811 ൽ തായ്ലാന്റിൽ ജനിച്ച് 1874 വരെ ജീവിച്ച ചാംങ് , എംഗ് എന്നീ ഇരട്ട കുട്ടികളുടെ ചരിത്രത്തിൽ നിന്നാണ് ഇരട്ടകൾക്ക് സയാമീസ് ഇരട്ടകൾ എന്ന പേരു വന്നത്. അവർ മരണം വരെ ഒട്ടിപ്പിടിച്ച് ജീവിക്കുകയും സഞ്ചരിക്കുകയും, ഇതേ അവസ്ഥയിൽ വിവാഹം കഴിക്കുകയും സന്താനങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഇസ്ലാമിക കർമശാസ്ത്ര പണ്ഡിതന്മാർ ആരാധനകളെക്കുറിച്ച് ചർച്ച ചെയ്തിടത്ത് അപൂർവ്വ സാധ്യതയുള്ള ഇരട്ടകളെ കുറിച്ചും ഇരട്ട അവയവങ്ങളെക്കുറിച്ചും സവിസ്തരം തന്നെ പരാമർശിച്ചിട്ടുണ്ട്. ബുദ്ധിപരമായും വൈകാരികമായും വെവ്വേറെ അവസ്ഥകളുള്ള പരസ്പരം ഒട്ടിപ്പിടിച്ച രണ്ടു വ്യക്തികളാണ് ഇരട്ടകൾ . ലൈംഗികാവയവും വികാരേച്ഛയും സ്വന്തമായി ഉള്ളതിനാൽ ഇവർക്ക് ഓരോരുത്തർക്കും വിവാഹജീവിതമാകാം . അവരിലൊരാൾ ആണും മറ്റൊരാൾ പെണ്ണുമായാൽ അവർ സഹോദരി സഹോദരന്മാരായതിനാൽ പരസ്പരം വിവാഹം കഴിക്കാനാവില്ല . എന്നാൽ അവർക്ക് പുറമേ നിന്നും വേറെ ഇണകളെ കണ്ടെത്തി വിവാഹമാകാം.തായ്‌ലാന്റിലെ ചാങ്ങിനും എംഗിനും വിവാഹ ജീവിതത്തിലൂടെ കുട്ടികൾ ഉണ്ടായ ചരിത്രം പരാമർശിച്ചുവല്ലോ. ഇരട്ടകളിൽ ഓരോരുത്തരും വിവാഹം കഴിക്കുന്ന സ്ത്രീയുമായി അയാൾക്ക് മാത്രമേ ബന്ധമുണ്ടാകാൻ പാടുള്ളൂ. അപരൻ അവൾക്ക് അന്യപുരുഷനാണ് . വെവ്വേറെ ലൈംഗികാവയവം ഇല്ലാത്ത ഇരട്ടകളാണെങ്കിൽ വൈവാഹിക ജീവിതം പ്രയാസമാകും. വേർപിരിഞ്ഞ് കൊണ്ടോ കൃത്രിമാവയവങ്ങൾ ചികിത്സ മുഖേന ഘടിപ്പിച്ചു കൊണ്ടോ ഈ പ്രശ്നം പരിഹരിക്കാനാകും. വിവാഹാനന്തര വിഷയങ്ങളായ ഗർഭധാരണത്തിലും പ്രസവത്തിലുമെല്ലാം വിധി ഇപ്രകാരം രണ്ടു പേർക്കും വ്യത്യസ്തം തന്നെയാണ്.

ഭർത്താവിന് വേണ്ടി പുരികം ഷേപ്പ് ചെയ്യാമോ?


കണ്ണിന്റെ പുരികം ഷേപ്പ് ചെയ്തു ഭംഗിയാക്കൽ ഹറാമാണ്. കല്യാണം കഴിഞ്ഞ സ്ത്രീകൾക്ക് ഭർത്താവിന്റെ സമ്മതമുണ്ടെങ്കിൽ പറ്റുമെന്നതാണ് പ്രബലം.

മനിയ്യ് പുറപ്പെടീക്കൽ കൊണ്ടോ,മനഃപൂർവ്വം ഭക്ഷിക്കൽ കൊണ്ടോ നോമ്പ് ഫസാദാക്കിയാൽ കഫ്ഫാറത്ത് നൽകേണ്ടതുണ്ടോ?


വേണ്ട ജിമാഅ്(സംയോഗം )കൊണ്ട് നോമ്പ് ഫസാദാക്കിയവർക്കാണത് നിർബന്ധം.

അനുജത്തിയുടെ നികാഹിൽ ജ്യേഷഠത്തിയുടെ പേര് പറഞ്ഞ് നികാഹ് നടത്തി കൊടുത്താൽ ആ നികാഹ് ശരിയാകുമോ? ജ്യേഷ്ഠ സഹോദരി വിവാഹിതയാണ്.


പെണ്ണിന്റെ പിതാവും വരനും ഒരു നിശ്ചിത പെണ്ണിനെ ഉദ്ദേശിച്ച് കൊണ്ട് നികാഹ് നടത്തുന്ന വേളയിൽ രണ്ടു പേരും പറഞ്ഞ പേര് മാറി എന്നത് കൊണ്ട് പ്രശ്നമില്ല. നികാഹ് സ്വഹീഹാകുന്നതാണ്.

ഒരു സ്ത്രീ ആദ്യം നികാഹ് ചെയ്ത ഭർതാവ് മരണപ്പെട്ടു. പിന്നീട് അവൾ മറ്റൊരു നികാഹ് ചെയ്തു. അവൾ ആദ്യ ഭർത്താവിന്റെ വാപ്പയെ തൊട്ടാൽ വുളൂഅ് മുറിയുമോ ?


വുളൂഅ് മുറിയുന്നതല്ല.വിവാഹ ബന്ധത്തിലൂടെ സ്ഥിരപ്പെട്ട മാതൃ-പിതൃ ബന്ധങ്ങൾ വിവാഹ ബന്ധം വേർപിരിഞ്ഞാലും മുറിയുന്നതല്ല .

യോനിയിൽ പുരുഷ ലിംഗം പ്രവേശിച്ചാൽ തന്നെ (സ്ഘലനം സംഭവിചില്ലെങ്കിലും ) കുളി നിർബന്ധമാകുമോ?


നിർബന്ധമാകും.

ഞാൻ മറ്റൊരു ഉമ്മയിൽ നിന്ന് മുലപ്പാൽ കുടിച്ചിട്ടുണ്ട്. എങ്കിൽ ആ ഉമ്മയുടെ മകളെ സ്പർശിച്ചാൽ വുളൂഅ് മുറിയുമോ?


രണ്ടു വയസ്സു തികയാത്ത ഒരു കുട്ടി ഹൈളിന്റെ പ്രായമെത്തിയ ഒരു സ്ത്രീയിൽ നിന്ന് അഞ്ചു വ്യത്യസ്ത ഘട്ടങ്ങളിലായി മുലപ്പാല് കുടിച്ചാൽ കുട്ടി മുലകുടി ബന്ധം കൊണ്ട് ആ സ്ത്രീയുടെ മകനായി സ്ഥിരപ്പെടുന്നതാണ്.(ഒരു ഘട്ടത്തിൽ തന്നെ പല തവണകളിലായി കുട്ടി മുലക്കണ്ണിൽ നിന്ന് വായ എടുക്കുകയും വീണ്ടും കുടിക്കുകയും ചെയ്താൽ അത് ഒരു പ്രാവശ്യമായി മാത്രമേ എണ്ണുകയുള്ളൂ. ഒരു ഘട്ടത്തിൽ മുലപ്പാൽ കുടിക്കുന്നതിൽ നിന്ന് കുട്ടി പൂർണ്ണമായും മാറി നിന്ന് മറ്റു പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും അൽപം കഴിഞ്ഞ് വീണ്ടും കുടിക്കുകയും ചെയ്താൽ അതിനെ വ്യത്യസ്ത ഘട്ടങ്ങളായിട്ടാണ് പരിഗണിക്കുക)അതോടെ ഈ കുട്ടിക്ക് ആ സ്ത്രീയുടെ മകൾ സഹോദരിയായി മാറുന്നതും വിവാഹ ബന്ധം ഹറാമാകുന്നതുമാണ്. അതുകൊണ്ട് തന്നെ അവർ പരസ്പരം സ്പർശിച്ചാൽ വുളൂഅ് മുറിയുന്നതല്ല. മേൽ പറഞ്ഞ രീതിയിലാണ് നിങ്ങൾ മറ്റൊരു സ്ത്രീയിൽ നിന്ന് മുലപ്പാൽ കുടിച്ചതെങ്കിൽ ആ സ്ത്രീയുടെ മകളെ തൊട്ടാൽ വുളൂഅ് മുറിയുന്നതല്ല.

സംഭോഗം കഴിഞ്ഞ് കുളിച്ചതിനു ശേഷം യോനിയിൽ നിന്ന് ശുക്ലം പുറത്തു വന്നാൽ അവൾ വീണ്ടും കുളിക്കേണ്ടതുണ്ടോ?


അത് അവളുടെ ശുക്ലമാകാൻ സാധ്യതയുണ്ടെങ്കിൽ കുളി നിർബന്ധമാണ്. ഇല്ലെങ്കിൽ കുളിക്കേണ്ടതില്ല.

ഭാര്യയെ സംയോഗം ചെയ്യുന്നതായി സ്വപ്നം കാണുകയും സ്ഖലനം ഇല്ലാതിരിക്കുകയും ചെയ്താൽ കുളിക്കൽ നിർബന്ധമാണോ?


കുളി നിർബന്ധമില്ല.

മൂത്താപ്പാന്റെ മക്കളെ തൊട്ടാൽ വുളൂഅ് മുറിയുമോ?


മുറിയും. കാരണം അവരെ വിവാഹം ചെയ്യൽ അനുവദനീയമാണ്. വിവാഹം ചെയ്യൽ ഹറാമായവരെ തൊട്ടാൽ വുളൂഅ് മുറിയുകയില്ല.

ഭാര്യ മാതാവിനെയോ ഭർത്യപിതാവിനെയോ തൊട്ടാൽ വുളൂഅ് മുറിയുമോ?


മുറിയില്ല. വിവാഹം കഴിക്കൽ ഹറാമായവരെ തൊട്ടാൽ വുളൂ മുറിയുകയില്ല എന്നതാണ് കാരണം.

മകൻ ഉപ്പയുടെ ആദ്യ ഭാര്യയെ തൊട്ടാൽ വുളൂഅ് മുറിയുമോ?


ആദ്യം വിവാഹം കഴിച്ച സ്ത്രീയുമായി വാപ്പ ഇണ ചേർന്നിട്ടുണ്ടെങ്കിൽ മകന് ആ സ്ത്രീയെ വിവാഹം ചെയ്യൽ ഹറാമാണ്. വിവാഹം കഴിക്കൽ ഹറാമായവരെ തൊട്ടാൽ വുളൂഅ് മുറിയില്ല.

വിവാഹം കഴിഞ്ഞവർക്കും അല്ലാത്തവർക്കും മൈലാഞ്ചി ഇടുന്നതിന്റെ വിധി? ഷോപ്പിൽ നിന്ന് വാങ്ങാൻ കിട്ടുന്ന മൈലാഞ്ചിയാണ് ഉദ്ദേശിച്ചത്?


ഇഹ്‌റാം ചെയ്തിരിക്കെ സ്ത്രീകൾക്ക് മൈലാഞ്ചിയിടൽ സുന്നത്തില്ല. ഭർത്താവിന്റെ വിയോഗം കാരണം ഇദ്ധയിലാണെങ്കിൽ ഹറാമാണ്. 3 ത്വലാഖ്, ഫസ്ഖ്, പ്രതിഫലത്തിനു പകരമായ ത്വലാഖ് (ഖുൽഅ) ഇവ കാരണം ഇദ്ധ ഇരിക്കുന്നവർ മൈലാഞ്ചി ഉപേക്ഷിക്കൽ സുന്നത്താണ് . ഈ വിധത്തിൽ ഒന്നും പെടാത്തവർ ഭർത്താവിന്റെ അധീനതയിൽ ഉള്ളവരാണെങ്കിൽ സുന്നത്തും അല്ലെങ്കിൽ കറാഹത്തുമാണ്. മൈലാഞ്ചിയിടൽ വുളൂഅ്, കുളി എന്നിവ സ്വഹീഹാകുന്നതിന് തടസ്സമാകുമോ എന്ന് നിരുപാധികം പറയാനാവില്ല. അവയവത്തിൽ വെള്ളം ചേരുന്നതിന് തടസ്സമാവാത്ത ചർമത്തിൽ നിറമല്ലാതെ മറ്റൊന്നും ബാക്കിയാവാത്ത വിധമുള്ള മൈലാഞ്ചി കുളി, വുളൂ എന്നിവയെ ബാധിക്കില്ല. അതേ സമയം, വെള്ളം ചേരുന്നതിനെ തടയുന്ന ഏതെങ്കിലും വസ്തു ചർമത്തിൽ പറ്റിപ്പിടിച്ചു നിൽക്കുമെങ്കിൽ അവ വുളൂഇന്റെയും കുളിയുടേയും സ്വീകാര്യതക്ക് തടസ്സമാകും. ചർമ്മത്തിൽ മാന്തിയെടുക്കാനോ പൊളിച്ചെടുക്കാനോ പറ്റുന്ന വിധത്തിലുള്ള ഒന്നും ഉണ്ടാവരുത്. ആധുനിക മൈലാഞ്ചി ട്യൂബുകൾ ഉപയോഗിക്കുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

ആർത്തവ സമയത്ത് നികാഹ് ചെയ്താൽ സ്വഹീഹാകുമോ?


ആർത്തവ സമയത്തുള്ള നികാഹ് സ്വീകാര്യമാണ്. എന്നാൽ ആർത്തവം നീങ്ങി കുളിച്ചതിനു ശേഷം മാത്രമേ മുട്ടു പൊക്കിളുകൾക്കിടയിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ പാടുള്ളൂ

ഭർത്താവുമായി ബന്ധപ്പെട്ടതിനു ശേഷമാണ് സ്ത്രീക്ക് ആർത്തവം തുടങ്ങിയത്. അങ്ങനെയാണെങ്കിൽ ആർത്തവ ശേഷമുള്ള കുളിക്ക് എന്ത് നിയ്യത്താണ് വെക്കേണ്ടത്. രണ്ടു കുളി കുളിക്കേണ്ടതുണ്ടോ?


നിർബന്ധമായ കുളി കുളിക്കുന്നുവെന്നോ വലിയ അശുദ്ധിയെ ഉയർത്തുന്നുവെന്നോ കരുതിയാൽ മതി. ഒരു നിയ്യത്ത് കൊണ്ടുതന്നെ കുളി ശരിയാകുന്നതാണ്. രണ്ടു കുളിയുടെ ആവശ്യമില്ല.

ദൂരദേശത്ത് ജോലിയുള്ള ഭർത്താവ് നാട്ടിൽ വരുമ്പോൾ ഗുളിക കഴിച്ച് ആർത്തവം നിയന്ത്രിക്കാറുണ്ട്. അതിൽ കുഴപ്പമുണ്ടോ? ആ സമയത്ത് നിസ്കാരവും മറ്റു കർമങ്ങളും ചെയ്യേണ്ടതുണ്ടോ ?


കൃത്രിമമായ ഇത്തരം കാര്യങ്ങളിലൂടെ ആർത്തവം നിയന്ത്രിക്കുന്നത് ശരീരത്തിന് ഹാനീകരമായി തീരുമെങ്കിൽ അത് ഒഴിവാക്കേണ്ടതാണ്. ഗുളിക കഴിച്ച് ആർത്തവം നിയന്ത്രിച്ചവൾക്ക് ഭർത്താവുമായി ബന്ധപ്പെടുന്നതിൽ കുഴപ്പമില്ല. ഇൗ സമയത്ത് നിസ്കാരം തുടങ്ങി നിഷിദ്ധമായ എല്ലാകാര്യങ്ങളുടെയും തടസ്സം ഉണ്ടാവുന്നതല്ല.

ആർത്തവം നിലച്ച് കുളിക്കുന്നതിനു മുമ്പ് ഭർത്താവുമായി ബന്ധപ്പെടാമോ?


കുളിക്കുന്നതിനു മുമ്പ് ബന്ധപ്പെടൽ നിഷിദ്ധവും വൃത്തികേടുമാണ്.

വിവാഹ പൂർവ്വ സംസാരങ്ങളും ഇടപെടലുകളും അനുവദനീയമാക്കാനുള്ള പോംവഴി എന്ന നിലക്ക്ഇ പ്പോൾ വ്യാപികമായിക്കൊണ്ടിരിക്കുന്ന ഒന്നാം നികാഹിന്റെയും(രഹസ്യ നികാഹ് )തുടർന്ന് പരസ്യമായി നടക്കുന്ന രണ്ടാം നികാഹിന്റെയും മതപരമായ സാധുത വിശദീകരിക്കാമോ


ഇസ്ലാമിക വീക്ഷണ പ്രകാരം ശരിയായ രീതിയിൽ നടന്ന നികാഹിലൂടെ ഇണ ചേർക്കപ്പെട്ട ഭാര്യയ്ക്കും ഭർത്താവിനും പരസ്പരം കാണലും ഒരുമിച്ചു ജീവിക്കലും അനുവദനീയമാണ്. ആദ്യത്തെ നികാഹ് രഹസ്യമായി നടത്തിയാലും പരസ്യമായി നടത്തിയാലും വിധിയിൽ വ്യത്യാസമില്ല. ഇസ്ലാമിക ദൃഷ്ട്യാ ,പിന്നീട് പരസ്യമായ മറ്റൊരു നികാഹ് നടത്തേണ്ടതിന്റെ ആവശ്യമില്ല. അതേ സമയം, അങ്ങനെയൊരു നികാഹ് സംഘടിപ്പിക്കുന്നതിൽ പ്രത്യേകമായ വിരോധവും വന്നിട്ടില്ല.