ആചാരങ്ങൾ, വിനോദം, സംഗീതം

ഏത് വിരലിലാണ് മോതിരം ധരിക്കേണ്ടത്? മോതിരം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുമോ?


പുരുഷന് വെള്ളിമോതിരം ധരിക്കൽ സുന്നത്താണ്. വലതുകൈയുടെ ചെറുവിരലിൽ ധരിക്കലാണ് കൂടുതൽ നല്ലത് . ഇടതുകൈയുടെ ചെറുവിരലിൽ ധരിച്ചാലും സുന്നത്ത് ലഭിക്കും.മോതിരക്കല്ല് ഉള്ളൻ കൈയുടെ ഭാഗ ത്തായി വരലാണ് സുന്നത്ത് . ചെറുവിരലിലല്ലാതെ മറ്റേതെങ്കിലും വിരലുകളിൽ മോതിരം ധരിക്കൽ പുരുഷനു കറാഹതും സ്ത്രീകൾക്ക് അനുവദനീയവുമാണ് . പുരുഷന്മാർ കാൽവിരലിൽ വെള്ളിമോതിരം ധരിക്കാൻ പാടില്ല . മോതിരത്തിൽ കൊത്തുപണികൾ നടത്താവുന്നതാണ് . അല്ലാഹുവിന്റെ പേർ ആലേഖനം ചെയ്ത മോതിരം ശൗച്യം ചെയ്യുമ്പോഴും മറ്റും നജസുമായി കണ്ടു മുട്ടുന്നത് നിഷിദ്ധമാണ് . സ്വന്തം പേരോ എന്തെങ്കിലും അർത്ഥ വാക്യങ്ങളോ അല്ലാ ഹുവിന്റെയും റസൂലിന്റെയും നാമങ്ങളോ മോതിരത്തിൽ കൊത്തൽ കറാഹത്തില്ല. ഇരുമ്പ് , ചെമ്പ് , ഇയ്യം, പോലെയുള്ള ലോഹങ്ങൾ കൊണ്ട് നിർമ്മിതമായ മോതിരം ധരിക്കൽ കറാഹത്തില്ല . ഒന്നിൽ കൂടുതൽ മോതിരം ധരിക്കുന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ വീക്ഷണാന്തരമുണ്ട് . അനുവദനീയം , കറാഹത്ത് , ഹറാം , എന്നിങ്ങനെ മൂന്നു വീക്ഷണങ്ങൾ ഈ വിഷയത്തിൽ നിലവിലുണ്ട്. കറാഹത്ത് എന്ന വീക്ഷണമാണു പ്രബലം . ( തുഹ്ഫത്തുൽ മുഹതാജ് : ശർവാനി : 3 / 275-277 )

മുസ്ലിമീങ്ങൾക്ക് ഓണം ആഘോഷിക്കാമോ?


ഓണവുമായി ബന്ധപ്പെട്ട പ്രധാന ഐതിഹ്യം മഹാബലിയുമായി ബന്ധപ്പെട്ടതാണ്. വിഷ്ണുഭക്‌തനായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്ന ഭരണം കാഴ്ച വെച്ച മഹാബലിയുടെ(മാവേലിയുടെ) ഭരണം കാരണം ദേവന്മാർ വിഷ്ണുവിനെ കണ്ടു. മഹാബലി യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത വിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ കൊണ്ട് മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. വർഷത്തിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന് മഹാബലിക്കു വാമനൻ അനുവാദം നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ സന്ദർശിക്കാൻ വരുന്നു എന്നാണ് ഹൈന്ദവ വിശ്വാസികൾ കരുതുന്നത്. മേൽ വിവരണങ്ങളിൽ നിന്നും ഓണാഘോഷം ഹിന്ദുമതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു ആചാരമാണെന്ന് മനസ്സിലാക്കാം. മറ്റു മതസ്ഥരുടെ ആരാധ്യ വസ്തുക്കളെയും ആചാരങ്ങളെയും പരിഹസിക്കൽ നമുക്ക് അനുവദനീയമല്ല. അല്ലാഹുവിലും അവന്റെ മതത്തിന്റെ അടിസ്ഥാന ശിലകളിലും വിശ്വസിക്കുന്ന ഒരു മുസ്ലിമിന് അന്യ മതസ്ഥരുടെ ആരാധന കർമ്മങ്ങളെയും ആചാരങ്ങളെയും പിന്തുടരാനും അനുവാദമില്ല. അത് കൊണ്ട് തന്നെ ഓണാഘോഷം മുസ്ലിമിന് യോജിച്ചതല്ല. ഇത്തരം ആഘോഷങ്ങളിൽ സംബന്ധിക്കുന്നത് അവരുടെ മതത്തിൻ്റെ ആചാരങ്ങളിൽ യോജിക്കുക എന്ന നിലക്കാണെങ്കിൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന പ്രവൃത്തിയാണ്. അവരുടെ മതാചാരത്തോട് യോജിക്കുക എന്ന ഉദ്ദേശ്യമില്ലാതെ അവർ ചെയ്യുന്ന പ്രവർത്തികളോട് യോജിക്കലാണെങ്കിൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകില്ലെങ്കിലും അത് കുറ്റകരമാണ്. ഇനി അവരുമായോ അവരുടെ ആഘോഷവുമായോ ഒരു നിലക്കും സഹകരണമോ സാദൃശ്യമോ ഇല്ലെങ്കിൽ അത് പ്രശ്നമല്ല എന്ന് മനസ്സിലാക്കാം.

ബാറ്റ് ഉപയോഗിച്ച് കൊതുകുകളെ കൊല്ലുന്നതിന്റെ വിധി?


പേൻ, കൊതുക് തുടങ്ങിയ ഉപദ്രവകാരികളായ ജീവി കളെ കൊല്ലാവുന്നതാണ്. പക്ഷേ തീ കൊണ്ട് കരിച്ചു കൊല്ലൽ അനുവദനീയമല്ല. ജീവികൾ ചെറുതാണെങ്കിൽ പോലും തീ കൊണ്ട് ക രിച്ചുകളയൽ നിഷിദ്ധമാണ്. ബാറ്റുകൾ ഉപയോഗിച്ച് കരിച്ചു കളയുന്നതാണെങ്കിൽ അവ ഉപയോഗിച്ച് കൊതുകുകളെ കരിച്ചു കൊല്ലാൻ പാടില്ലെന്ന് മേൽ പറഞ്ഞതിൽ നിന്ന് വ്യക്തമാണല്ലോ. എന്നാൽ പ്രാണികളുടെ ശല്യം അധികരിക്കുമ്പോൾ കരിച്ചു കളയലല്ലാതെ മറ്റു മാർഗമില്ലാതെ വന്നാൽ കരിക്കൽ അനുവദനീയമാണെന്ന് ഇമാം ഇബ്നു ഹജർ(റ)ൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (അവലംബം: തുഹ്ഫ 7/176, ബിഗ് 259).

നമ്മുടെ നാടുകളിൽ മുഹർറം പത്തിനു മുമ്പ് നികാഹ്, കല്യാണം പോലുള്ള ചടങ്ങുകൾ കഴി ക്കുന്നത് നിരുത്സാഹപ്പെടുത്തുന്നത് കാണുന്നു. ഇത് ശരിയാണോ?


മുഹർറം പത്തിനു മുമ്പ് നികാഹ്, കല്യാണം പോലുള്ള ചടങ്ങുകൾ കഴി ക്കുന്നതിൽ തെറ്റില്ല. എന്നാൽ, ആ ദിവസങ്ങൾ നോമ്പ് സുന്നത്തുള്ള ദവസങ്ങളാണ്. അന്ന് കല്യാണവും സൽകാരവും നടത്തുന്നത് നോമ്പുള്ളവർക്ക് അസൗകര്യമുണ്ടാക്കിയേക്കും. ആ ദിവസങ്ങളിൽ നികാഹും മറ്റുകാര്യങ്ങളും പറ്റില്ലെന്നും ആ ദിവസങ്ങൾക്ക് കുഴപ്പമുണ്ടെന്നുമുള്ള ധാരണ ശരിയല്ല. നോമ്പിനും മറ്റു സൽക്കർ മങ്ങൾക്കും മുൻഗണന നൽകുന്നതിനാലാണ് ആ ദിവസങ്ങളിൽ കല്യാണവും മറ്റും വേണ്ടെന്ന് വെക്കുന്നത്.

വീട്ടിൽ നിന്നിറങ്ങുമ്പോൾ ആദ്യം ഇടതു കാൽ വച്ചാണ് പുറത്തിറങ്ങേണ്ടത് എന്ന് പറയുന്നത് കേട്ടു. ഇത് ശരിയാണോ? ശരിയാണെങ്കിൽ, ഹജ്ജ് പോലുള്ള പുണ്യ യാത്രകൾക്ക് പുറപ്പെടുമ്പോൾ ആദ്യം ഏത് കാൽ വെച്ചാണ് പുറത്തിറങ്ങേണ്ടത്?


ഏത് യാത്രയാണെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആദ്യം ഇടതുകാൽ പുറത്തു വെച്ചാണ് ഇറങ്ങേണ്ടത്. ഹജ്ജ് യാത്രയാണെങ്കിലും അങ്ങനെതന്നെ.

കന്നിമൂലയെക്കുറിച്ചുള്ള ഇസ്ലാമിന്റെ വീക്ഷണമെന്താണ്? കക്കൂസ്, അടുപ്പ്, അടുക്കള തുടങ്ങിയവ പ്രത്യേക ഭാഗത്ത് വരണമെന്നോ വരരുതെന്നോ മറ്റോ നിയമങ്ങളുണ്ടോ?


വീടിന്റെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്ത് കക്കൂസ്, അടുക്കള തുടങ്ങിയവയുടെ നിർമാണം ഹറാമാണെന്നോ കറാഹത്താണെന്നോ ഉള്ള വിധി അടിസ്ഥാനപരമായി ഇസ്ലാമിലില്ല. അഥവാ ഏതെങ്കിലും മൂലയിൽ അവ നിർമിച്ചാൽ പരലോകത്ത് ശിക്ഷിക്കപ്പെടുമെന്നോ അതുപേക്ഷിച്ചാൽ പ്രതിഫലം ലഭിക്കുമെന്നോ ഇസ്ലാം പറ യുന്നില്ല. താമസിക്കുന്നവരുടെ സൗകര്യത്തിനനുസരിച്ച് ഏതു ഭാഗത്തും നിർമിക്കാവുന്നതാണ്. അ നുവദനീയമാണത്. ഏതെങ്കിലും ഒരു നിശ്ചിത ഭാഗത്ത് നിർബന്ധം അല്ലെങ്കിൽ നിഷിദ്ധം എന്ന പ്രശ്നം ഇതിലില്ല. അടുക്കളയും അടുപ്പും നിർമിക്കുന്നതിലെ കാര്യവും ഇപ്രകാരം തന്നെയാണ്. ഭൂമിയുടെ സ്ഥിതി, കാറ്റിന്റെ ഗതി എന്നിവയൊക്കെ പരിഗണിച്ച് സൗകര്യത്തി നനുസരിച്ച് ഏതു ഭാഗത്തും നിർമിക്കാവുന്നതാണ്. തൊഴുത്ത് നിർമിക്കുമ്പോൾ ദുർഗന്ധം കൊണ്ടോ മറ്റോ വീട്ടുകാർക്കും അതിഥി കൾക്കും ശല്യമാകുന്ന വിധം വീടിന്റെ മുൻഭാഗത്തോ തൊട്ടടുത്തോ ഉള്ള നിർമാണം ഒഴിവാക്കൽ നല്ലതാണ്. എന്നല്ലാതെ ഇന്ന ഭാഗത്ത് കാലിതൊഴുത്ത് നിർമാണം നിഷിദ്ധം എന്ന പ്രശ്നം ഇവിടെയുമില്ല. സൗകര്യത്തിനനുസരിച്ച് ചെയ്യാവുന്ന അനുവദനീയ കാര്യങ്ങളാണിവയെല്ലാം. ഇതാണ് വിഷയത്തിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന നിയമം. എന്നാൽ കന്നിമൂലയിൽ കക്കൂസ് നിർമിക്കുക പോലെയുള്ളതി നാൽ രോഗങ്ങളും പ്രയാസങ്ങളും സംഭവിക്കുന്നതായും അവ മാറ്റി സ്ഥാപിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതായും അ നുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആരെങ്കിലും പറയുന്നുവെങ്കിൽ ആ നിലയിൽ അത് സ്വീകരിക്കുന്നത് കൊണ്ട് പ്രശ്നമില്ല. അത് മൂലം പ്രയാസം സംഭവിക്കുമെന്നത് പതിവു നടപ്പനുസരിച്ച് മികച്ച ധാരണയുണ്ടെങ്കിൽ ആ നിർമാണം ഒഴിവാക്കലാണ് നല്ലത്. അപ്രകാരം തന്നെ കന്നി മൂലയിൽ കക്കൂസ് നിർമാണം പോലെയുള്ളതിനാൽ ദുരിതങ്ങൾ സംഭവിക്കുമെന്ന ധാരണ തിരുത്താൻ കഴിയാത്ത വിധം മനസ്സിലുറച്ചിട്ടുണ്ടെങ്കിലും അത്തരം നിർ മാണങ്ങൾ ഒഴിവാക്കലാണ് നല്ലത്. അതൊരു ലക്ഷണക്കേടാണ ന്ന ധാരണ മനസ്സിലുള്ളതിനാൽ ആ നിർമ്മാണം മനസ്സിൽ അസ്വസ്ഥതയുണ്ടാക്കാൻ കാരണമായേക്കും. എപ്പോഴെങ്കിലും എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിനെ ഈ വിഷയവുമായി ബന്ധപ്പെടുത്താനിടയാവുകയും ചെയ്യും.

മത ചടങ്ങുകളുടെ ഫ്ളക്സുകളിൽ പണ്ഡിതന്മാരുടെയും മറ്റും ഫോട്ടോകൾ വെക്കാറുണ്ട്. ഇതിന്റെ വിധി എന്താണ്?


മനുഷ്യരടക്കമുള്ള ജീവികളുടെ രൂപമുണ്ടാക്കൽ നിരോധിക്കപ്പെട്ട മഹാ പാപമാണ്. ജീവൻ നില നിൽക്കാൻ അനിവാര്യമായ ബാഹ്യ അവയവങ്ങളെല്ലാം ഉൾകൊള്ളുന്ന വിധത്തിലുള്ള രൂപമുണ്ടാക്കലാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. തലയില്ലാത്ത രൂപമുണ്ടാക്കുന്നത് നിഷിദ്ധമല്ല. തലയില്ലാതെ ജീവിക്കുകയില്ലല്ലോ. ഇമാം ഇബ്നു ഹജർ(റ) എഴുതുന്നു: ജീവിയുടെ രൂപമുണ്ടാക്കൽ ഹറാമാണ്. തറയിലാണെങ്കിലും ഹറാം തന്നെ. ശാപം പോലെ ശക്തമായ താക്കീത് ഇക്കാര്യ ത്തിലുണ്ട്. രൂപമുണ്ടാക്കുന്നവർ അന്ത്യനാളിൽ ഏറ്റവും ശക്തമായ ശിക്ഷ അനുഭവിക്കുന്നവരാണെന്നും ഹദീസിലുണ്ട്. എന്നാൽ തല യില്ലാത്ത രൂപം ഉണ്ടാക്കൽ അനുവദനീയമാണ്. ജീവന് നിർബന്ധമായ ഏതു ഭാഗം ഇല്ലാതെയാകുന്നതും തലയില്ലാത്തതു പോ ലെയാണ്. അനുവദനീയമാണ്. ബാഹ്യ അവയവങ്ങളാണ് പരിഗണ ന. ആന്തരിക അവയവങ്ങളില്ലെന്നതിനാൽ അനുവദനീയമാവുകയില്ല. (തുഹ്ഫ 7-433) താഴെ പകുതി ഇല്ലാതിരിക്കുന്നത് തലയില്ലാതിരിക്കുന്നതു പോലെയാണെന്നും അത് അനുവദനീയമാണെന്നും ഇമാം ഇബ്നു ഖാസിം(റ) സൂചിപ്പിച്ചിട്ടുണ്ട്. (ഹാശിയത്തു തുഹ്ഫ) ജീവികളുടെ രൂപമുണ്ടാക്കുന്നത് നിഷിദ്ധമാണെന്നതുപോലെ ഉണ്ടാക്കപ്പെട്ട രൂപം നില നിറുത്തലും സൂക്ഷിക്കലും നിഷിദ്ധമാണ്. എന്നാൽ അനാദരിക്കപ്പെടുന്ന വിധത്തിലാണെങ്കിൽ നിർമ്മാണം നിഷിദ്ധമാണെങ്കിലും അത് സൂക്ഷിക്കുന്നതും നിലനിറുത്തു ന്നതും നിഷിദ്ധമല്ല. (തുഹ്ഫ 7/433) നീളവും വീതിയും ഘനവുമുള്ള ബൊമ്മ രൂപങ്ങൾ നിരോ ധിക്കപ്പെട്ടതാണെന്നതിൽ അഭിപ്രായ വിത്യാസമില്ല. വരയാണെങ്കിൽ വിവിധ അഭിപ്രായങ്ങളുണ്ട്. ക്യാമറ ഫോട്ടോകൾ നിരോധി ക്കപ്പെട്ട വകുപ്പിൽ ഉൾപ്പെടാനാണ് ഏറെ സാധ്യത. എന്നാൽ ഫോട്ടോഗ്രാഫിലൂടെ എടുക്കപ്പെടുന്ന ഫോട്ടോകളിൽ വരക്കപ്പെട്ട ഫോട്ടോകളിലുള്ള വിത്യസ്ത അഭിപ്രായങ്ങൾ വരാനും കണ്ണാടികളിൽ കാണപ്പെടുന്ന രൂപങ്ങൾ നിലനിറുത്തുന്നതു പോലെയാകയാൽ അനുവദനീയമാകാനും സാധ്യതയുണ്ടെന്നാണ് അല്ലാമാ സയ്യിദ് അലവി അസ്സഖാഫ് തർശീഹിൽ പറഞ്ഞിട്ടുള്ളത്. (തർശീഹ് :324) ഫോട്ടോകളും രൂപങ്ങളും നിഷിദ്ധമായതും അല്ലാത്തവയുമുണ്ടെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ഏതായാലും ഫ്ളക്സുകളിലും നോട്ടീസുകളിലും ഫോട്ടോകൾ പ്രദർശി പ്പിക്കുന്ന രീതി നല്ലതല്ല. പണ്ഡിതരുടെയും നേതാക്കളുടെയും ഫോട്ടോ പ്രദർശനം ഇസ്ലാമിക ദഅവത്തിന്റെ മാർഗമാണെന്ന ധാരണ സൃഷ്ടിക്കപ്പെട്ടുകൂടാ.

പുകവലിക്കുന്നതിന്റെ വിധി വിശദീകരിക്കുമോ?


അല്ലാമാ ബുജൈരിമി (റ) രേഖപ്പെടുത്തുന്നു : ബുദ്ധിക്ക് തകരാർ വരുത്തുന്നതും ശരീരത്തിന് ആരോഗ്യപരമാമായി അസഹനീയമായ പ്രയാസം സ്രഷ്ടിക്കുന്നതുമായ വസ്തുക്കൾ ഉപയോഗിക്കൽ ഹറാമാണ്. ഇതിൽ നിന്നും പുകവലി നിഷിദ്ധമാണന്ന് ഗ്രഹിക്കാവുന്നതാണ്. കാരണം, പുകവലി അന്ധതയുണ്ടാക്കുന്നതിനും ശരീരം ക്ഷീണിക്കാനും രക്ത റൂട്ടുകൾ വിശാലമാകാനും നിമിത്തമാകുമെന്ന് വിശ്വാസ യോഗ്യരിൽ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അലിയ്യുശ്ശബ്റാ മല്ലിസി(റ) അടക്കം മറ്റൊരു വിഭാഗം അത് ഹറാമില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ഉൽപാദകർ തന്നെ ഇത് ഗുണകരമല്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ അത് ഒഴിവാക്കാൻ ശ്രമിക്കുക തന്നെയാണ് വേണ്ടത്.

പൂച്ച, ലവ് ബേർഡ്സ് തുടങ്ങിയ ജീവികളെ വളർത്താമോ?


പ്രാവ്, തത്ത, ലവ് ബേർഡ്സ് തുടങ്ങിയ പക്ഷികളെ വളർത്തൽ അനുവദനീയമാണ്. വളർത്തുമ്പോൾ അവക്ക് ആവശ്യമായ സംരക്ഷണം ഒരുക്കൽ, ആവശ്യമായ ഭക്ഷണങ്ങൾ നൽകൽ എന്നിവ നിർബന്ധവുമാണ്.

പൂച്ച, നായ, ലവ് ബേർഡ്സ് തുടങ്ങിയ ജീവികളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിന്റെ വിധി?


നായ നജസ് ആയതിനാൽ വിൽക്കലും വാങ്ങലും നിഷിദ്ധമാണ്. പൂച്ച, ലവ് ബേർഡ്സ് എന്നിവ വിൽക്കുകയും വാങ്ങുകയും ചെയ്യാം

വിവാഹം കഴിഞ്ഞവർക്കും അല്ലാത്തവർക്കും മൈലാഞ്ചി ഇടുന്നതിന്റെ വിധി? ഷോപ്പിൽ നിന്ന് വാങ്ങാൻ കിട്ടുന്ന മൈലാഞ്ചിയാണ് ഉദ്ദേശിച്ചത്?


ഇഹ്‌റാം ചെയ്തിരിക്കെ സ്ത്രീകൾക്ക് മൈലാഞ്ചിയിടൽ സുന്നത്തില്ല. ഭർത്താവിന്റെ വിയോഗം കാരണം ഇദ്ധയിലാണെങ്കിൽ ഹറാമാണ്. 3 ത്വലാഖ്, ഫസ്ഖ്, പ്രതിഫലത്തിനു പകരമായ ത്വലാഖ് (ഖുൽഅ) ഇവ കാരണം ഇദ്ധ ഇരിക്കുന്നവർ മൈലാഞ്ചി ഉപേക്ഷിക്കൽ സുന്നത്താണ് . ഈ വിധത്തിൽ ഒന്നും പെടാത്തവർ ഭർത്താവിന്റെ അധീനതയിൽ ഉള്ളവരാണെങ്കിൽ സുന്നത്തും അല്ലെങ്കിൽ കറാഹത്തുമാണ്. മൈലാഞ്ചിയിടൽ വുളൂഅ്, കുളി എന്നിവ സ്വഹീഹാകുന്നതിന് തടസ്സമാകുമോ എന്ന് നിരുപാധികം പറയാനാവില്ല. അവയവത്തിൽ വെള്ളം ചേരുന്നതിന് തടസ്സമാവാത്ത ചർമത്തിൽ നിറമല്ലാതെ മറ്റൊന്നും ബാക്കിയാവാത്ത വിധമുള്ള മൈലാഞ്ചി കുളി, വുളൂ എന്നിവയെ ബാധിക്കില്ല. അതേ സമയം, വെള്ളം ചേരുന്നതിനെ തടയുന്ന ഏതെങ്കിലും വസ്തു ചർമത്തിൽ പറ്റിപ്പിടിച്ചു നിൽക്കുമെങ്കിൽ അവ വുളൂഇന്റെയും കുളിയുടേയും സ്വീകാര്യതക്ക് തടസ്സമാകും. ചർമ്മത്തിൽ മാന്തിയെടുക്കാനോ പൊളിച്ചെടുക്കാനോ പറ്റുന്ന വിധത്തിലുള്ള ഒന്നും ഉണ്ടാവരുത്. ആധുനിക മൈലാഞ്ചി ട്യൂബുകൾ ഉപയോഗിക്കുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

മ്യൂസിക് ഹറാം ആണെന്നതിന് ഇസ്ലാമിൽ ശക്തമായ തെളിവുകൾ ഉണ്ടല്ലോ.എന്നാൽ ദഫ് അനുവദനീയമാണെന്ന് പറയുന്നു. ഇതുപോലെ ഏതൊക്കെ ഉപകാരണങ്ങളാണ് അനുവദനീയമായിയിട്ടുള്ളത്? ഈ കാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കംപ്യൂട്ടർ എഫക്റ്റ് മ്യൂസികുകളെക്കുറിച്ച് എന്ത് പറയുന്നു ?


സംഗീതോപകരണങ്ങൾ നിർമ്മിക്കുന്നതും ഉപയോഗിക്കുന്നതും അതിൽ വ്യാപാരം നടത്തുന്നതും ഇസ്ലാം വിലക്കിയിട്ടുണ്ട്. അതേസമയം, സന്തോഷാവസരങ്ങളിൽ ദഫ് ഉപയോഗിക്കുന്നതിന് വിരോധമില്ല. ഒരിക്കൽ നബി (സ) തങ്ങൾ ഒരു യുദ്ധത്തിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ഒരാൾ ഇങ്ങനെ പറഞ്ഞു: "അങ്ങയെ അല്ലാഹു ഈ യുദ്ധത്തിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിൽ അങ്ങയുടെ മുന്നിൽ ദഫ് മുട്ടാൻ ഞാൻ നേർച്ചയാക്കിയിരിക്കുന്നു". ഈ നേർച്ച നബി (സ) തങ്ങൾ സമ്മതിക്കുകയും ചെയ്തു. നബി നബി(സ)യുടെ കാലത്ത് ദഫ് അല്ലാത്ത ധാരാളം സംഗീതോപകരണങ്ങളും ഉണ്ടായിരുന്നു. ചരിത്രങ്ങളും ജാഹിലിയാ കവിതകളും അതിന് തെളിവാണ്.അതെല്ലാം ഇസ്ലാം നിരോധിച്ചു.പിന്നീട് ഐഹിക സുഖങ്ങളിൽ മാത്രം ചിന്തിക്കുന്ന കാലഘട്ടം വരുമെന്നും അന്ന് സംഗീതോപകരണങ്ങൾ വർദ്ധിക്കുമെന്നും നബി (സ) നമ്മെ അറിയിച്ചിട്ടുണ്ട്. ദഫും മറ്റ് ഉപകരണങ്ങളും ഒരുപോലെയല്ല എന്ന് വ്യക്തമാണ്. ലഹരിയിൽ മുഴുകി മനുഷ്യന് ആവശ്യമായ കാര്യങ്ങളിൽ അശ്രദ്ധരാകുക എന്ന കാരണം ദഫിൽ വരുന്നില്ല.ദഫ് തന്നെ മനുഷ്യന് ഉപയോഗിക്കാവുന്നതിന്റെ ധാരാളമാണ്. അതിനപ്പുറമുള്ളത് അനുവദിക്കപ്പെട്ടതല്ല. ഹദീസുകളും അതുതന്നെയാണ് വ്യക്തമാക്കുന്നത്. സിനിമയുടെ അവസ്ഥയും സംഗീതം പോലെ തന്നെയാണ്. നല്ല കാര്യങ്ങൾക്ക് വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നതെങ്കിൽ പോലും അനുവദനീയമല്ല.മനുഷ്യന്റെ ധാർമികബോധവും സദാചാര ചിന്തയും പരലോക സ്മരണയും ഇല്ലാതാക്കുന്നതിന് ഇവ കാരണമാകുന്നു എന്നതാണ് കാരണം.അത്തരം കാര്യങ്ങൾ കൊണ്ട് ചുരുക്കം ചില നേട്ടങ്ങൾ ഉണ്ടായേക്കാം. എന്നാൽ അതുകൊണ്ടുള്ള മൊത്തത്തിലുള്ള ഉപയോഗവും കോട്ടങ്ങളും നോക്കിയാണ് മതവിധിയുണ്ടാകുന്നത്. ഉപകരണ സഹിതമുള്ള ഇന്നത്തെ സംഗീതം ഹറാം തന്നെയാണ്.ഇവിടെ വിരോധിക്കപ്പെട്ടത് ഉപകരണങ്ങളുടെ പ്രത്യേകതകൾ നോക്കി മാത്രമല്ല. മറിച്ച് അവിടെയുണ്ടാകുന്ന ശബ്ദത്തിന്റെ അവസ്ഥയും വിലക്കിന് കാരണമാണ്. അതിനാൽ കമ്പ്യൂട്ടർ എഫക്റ്റുകളാൽ സംവിധാനിക്കപ്പെടുന്ന മ്യൂസികുകളും ഒഴിവാക്കപ്പെടേണ്ടതാണ്.നന്മ പ്രവർത്തിക്കാൻ ഹൃദയത്തെ പ്രേരിപ്പിക്കുന്ന ഗാനങ്ങൾ ഗുണകരവും കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നവ കുറ്റകരവുമാണ്.സ്ത്രീയുടെ അംഗരൂപ വർണ്ണനകളുള്ള ഗാനം ആലപിക്കുന്നതും കേൾക്കുന്നതും നിഷിദ്ധം തന്നെ.