ജനനം, അനുബന്ധങ്ങൾ

ഒരു മനുഷ്യന്റെ പ്രധാന ഐഡന്റിറ്റിയാണല്ലോ അവന്റെ പേര്. അപ്പോൾ , ഇസ്ലാം മതത്തിനു മത പരമായി പേരുകൾ ഉണ്ടോ ? ഉമർ (റ) വിന് ഇസ്ലാമിൽ വരുന്നതിന് മുമ്പും അതേ പേര് തന്നെയല്ലേ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ സഹോദരിയുടെ പേര് ഫാത്തിമ എന്നായിരുന്നല്ലോ? അങ്ങനെ ഒരുപാട് സഹാബികൾ ഇസ്ലാമിലേക്ക് വന്നപ്പോൾ പേര് മാറ്റിയില്ല. ഇന്നാണെങ്കിൽ അങ്ങനെയല്ല, വിശദികരിക്കാമോ?


പേരുകൾ ഐഡന്റിറ്റിയായതു കൊണ്ടു തന്നെ ഒരു മുസ്ലിമിന്റെ നാമം മുസ്ലിമേതരനെ തോന്നിപ്പിക്കുന്നതാകാതിരിക്കലോട് കൂടെ നല്ലതും ഔചിത്യമുള്ളതുമാവൽ സുന്നത്തുണ്ട്. നിങ്ങൾ നല്ല പേരുകൾ സ്വീകരിക്കുക എന്ന് ഹദീസിലുണ്ട്. മോശമായ പേരുകൾ കറാഹതാണ്. മലിക്കുൽ മുലൂക് , ഹാകിമുൽ ഹുക്കാം പോലോത്ത നിഷിദ്ധമാക്കപ്പെട്ട (ഹറാം) പേരുകളുമുണ്ട്. അബ്ദുല്ലാഹ്, അബ്ദുറഹ്മാൻ എന്നിവ ഏറ്റവും നല്ല പേരുകളാണ്. മുഹമ്മദ് എന്ന് പേരിടുന്നതിനും ധാരാളം പോരിശയുണ്ട്. എന്നതിൽ കവിഞ്ഞ് പേരിടുന്നതുമായി ബന്ധപ്പെട്ട് മറ്റു നിർബന്ധങ്ങളില്ല. നല്ല പേരുള്ള ഒരാൾ മതം മാറി ഇസ്ലാമിലേക്ക് വന്നാൽ പേരുമാറ്റണമെന്നില്ല.