മറ്റുള്ളവ

നഖം മുറിക്കുന്നതിൽ ഏറ്റവും ഉത്തമമായ രൂപം ഏതാണ്?


കാലുകൾക്ക് മുമ്പ് കൈകൾ കൊണ്ട് തുടങ്ങുക. ആദ്യം വലതു കയ്യിന്റെ ചൂണ്ടുവിരൽ രണ്ടാമതായ് നടുവിരൽ മൂന്നാമതായ് അണിവിരലും ചെറുവിരൽ നാലാമതായും പെരുവിരൽ അഞ്ചാമതായും മുറിക്കണം. ശേഷം ഇടതു കൈയ്യിലേക്ക് നീങ്ങണം. ഇടതു കയ്യിൽ ചെറുവിരൽ പിന്നീട് അണി വിരൽ, ശേഷം നടുവിരൽ, അതിനും ശേഷം ചൂണ്ടുവിരൽ, ഒടുവിൽ പെരുവിരൽ എന്ന ക്രമത്തിലാണ് മുറിക്കേണ്ടത്. അനന്തരം വലതു കാലിന്റെ ചെറുവിരൽ കൊണ്ടു തുടങ്ങി ഇടതു കാലിന്റെ ചെറുവിരൽ കൊണ്ട് അവസാനിപ്പിക്കണം. (മിർഖാത്ത് 8/289).

ശഅബാൻ മാസം തുടങ്ങിയ ശേഷമുള്ള പ്രാർഥനകളിൽ അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ വ ശഅബാൻ എന്ന് ദുആ ചെയ്യുമ്പോൾ റജബിനെ കൂടി ഉൾപെടുത്തുകയാണോ ഒഴിവാക്കുകയാണോ വേണ്ടത്?


ചോദ്യത്തിൽ പരാമർശിച്ച പ്രാർത്ഥന നബി (സ) ദുആ ചെയ്തതായി ഉദ്ധരിക്കപ്പെട്ട പ്രാർത്ഥനാ വചനമാണ്. അത്തരം ഉദ്ധരണികളിൽ റജബിനെ ഒഴിവാക്കിയതായി കാണുന്നില്ല. പൂർവസൂരികളായ പണ്ഡിതന്മാർ റജബിനെ ഒഴിവാക്കാതെ തന്നെയാണ് ശഅ്ബാൻ മാസത്തിലും ദുആ ചെയ്തത്. എന്ന് മാത്രമല്ല റജബ് മാസത്തിൽ ബർക്കത് ചെയ്യണേ എന്ന് മാസം കഴിഞ്ഞതിനു ശേഷം ദുആ ചെയ്യുന്നതും പുണ്യം തന്നെയാണ്. അതുകൊണ്ട് തന്നെ ശഅബാൻ മാസം തുടങ്ങിയ ശേഷമുള്ള പ്രാർഥനകളിൽ അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ വ ശഅബാൻ എന്ന് ദുആ ചെയ്യുമ്പോൾ റജബിനെ കൂടി ഉൾപെടുത്തുകയാണ് അഭികാമ്യം എന്ന് മനസ്സിലാക്കാം.

اللَّهُمَّ بَارِكْ لَنَا فِي رَجَب وَشَعْبَانَ وَبلغنا رَمَضَانَ എന്ന ദുആഇൽ ഫീ റജബിൻ എന്നാണോ ഫീ റജബ എന്നാണോ ഉച്ചരിക്കേണ്ടത്?


അറബി ഭാഷയിലെ വ്യാകരണ ശാസ്ത്രത്തിൽ റജബ് എന്ന നാമം മുൻസ്വരിഫാണോ ഗയ്റ് മുൻസ്വരിഫാണോ എന്ന ചർച്ചയുണ്ട്. മുൻസ്വരിഫാണ് എന്ന അഭിപ്രായമനുസരിച്ച് ഫീ റജബിൻ എന്നാണ് ഉച്ചരിക്കേണ്ടത്. ഗയ്റ് മുൻസ്വരിഫാണ് എന്ന് പരിഗണിക്കുകയാ ണെങ്കിൽ ഫീ റജബ എന്നും പറയാം. പ്രസ്തുത പ്രാർത്ഥന ഉദ്ധരിക്കപ്പെട്ട ഹദീസിന്റെ ചില ശറഹുകളിൽ റജബ് എന്ന പദം തൻവീനോടുകൂടിയാണ് വായിക്കേണ്ടത് എന്ന് ചില ശാരിഹുകൾ വ്യക്തമാക്കിയതായി കാണാം. കൂടാതെ മുൻകാല പണ്ഡിതന്മാർ ഈ രൂപത്തിൽ തന്നെയാണ് ഉപയോഗിച്ചതായ് കാണുന്നതും. തൻവീനോട് കൂടി ഫീ റജബിൻ എന്ന് ഉപയോഗിക്കലാണ് അഭികാമ്യം. 1369 - (وعن أنس قال: كان رسول الله صلى الله عليه وسلم إذا دخل رجب) منون وقيل غير منصرف (قال: " اللهم بارك لنا ") ، أي: في طاعتنا وعبادتنا (" في رجب وشعبان، وبلغنا رمضان ") [الملا على القاري ,مرقاة المفاتيح شرح مشكاة المصابيح ,3/1022]

ഉസ്താദേ, മദ്രസ്സ 10 വരെ പഠിച്ചു. പത്തിലും ഫസ്റ്റ് വാങ്ങിച്ചു. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ ഉമ്മയുമായി. അൽഹംദുലില്ലാഹ്. സ്നേഹമുള്ള നല്ലൊരു ഭർത്താവിനെയും കിട്ടി. ഒരൊറ്റ കാര്യത്തിൽ ഞാനും എന്റെ ഭർത്താവും വളരെ ദുഃഖത്തിലാണ്. ഞങ്ങൾ കൃത്യമായി നിസ്കരിക്കാറില്ല. സുബഹി പോലും. എല്ലാ അറിവും ഞങ്ങൾക്കുണ്ട്. പക്ഷേ, അതിന് മാത്രം സാധിക്കുന്നില്ല.പൂർണമായും 5വഖ്ത് നിസ്കരിക്കുന്ന ഒരു ഭാര്യയും ഭർത്താവും ആകാൻ എന്താണ് ചെയ്യേണ്ടത്. വുളു എടുത്താൽ ചിലപ്പോൾ തോന്നും പിന്നീട് നിസ്കരിക്കാമെന്ന്? പിന്നീട് ചെയ്യുകയുമില്ല! നിസ്കാരവും ഖുർആൻ പാരായണവും കൃത്യമായി നിർവഹിക്കാൻ എന്താണ് ചെയ്യുക. സ്വാലിഹായ ഒരു വ്യക്തിയാവണം നബിയുടെ ചര്യ പിന്തുടരണം. സന്തോഷകരമായ ജീവിതമാകണം. ഒരു പരിഹാരം?


ശാരീരിക ആരാധനകളിൽ ഏറ്റവും പുണ്യമുള്ള കർമ്മമാണ് നിസ്കാരം. അഞ്ചു നേരത്തെ നിസ്കാരങ്ങൾ മനുഷ്യനെ തെറ്റുകുറ്റങ്ങളിൽ നിന്ന് തടയുകയും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണങ്ങൾ നിലനിർത്തുകയും ചെയ്യും. ഇത് നൽകുന്ന ആനന്ദം ചെറുതല്ല. പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള മുസ്ലിമിന് അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാണ്. ഒഴിവാക്കൽ ഗുരുതരമായ പാപമാണ്. അവ ഒഴിവാക്കാൻ ഒരു വഴിയുമില്ല. നഷ്ടപ്പെട്ട നിസ്കാരങ്ങൾ ഖളാഅ് വീട്ടലും നിർബന്ധം തന്നെ. അല്ലാഹു തെറ്റു ചെയ്തവർക്ക് പൊറുത്ത് കൊടുക്കുന്നവനാണല്ലോ. അടിമയുടെ തൗബ അവൻ സ്വീകരിക്കുമെന്നതിൽ സംശയമില്ല. നഷ്ടപ്പെട്ട നിസ്കാരങ്ങൾ ഖളാഅ് വീട്ടി തൗബ ചെയ്ത് മടങ്ങുക.

പുതിയ സാഹചര്യത്തിൽ സ്ത്രീയുടെ വിവാഹാനന്തര താമസം ചർച്ച ചെയ്യപ്പെടുകയാണല്ലോ? ഇസ്ലാമിക അധ്യാപനം അനുസരിച്ച് കല്യാണത്തിന് ശേഷം പെണ്ണ് സ്വന്തം വീട്ടിലാണോ താമസിക്കേണ്ടത് അതോ ഭർതൃ വീട്ടിലാണോ ?


ഭാര്യക്ക് പാർപ്പിടം ഒരുക്കുക എന്നത് ഭർതാവിന്റെ കടമയാണ്. സ്വസ്ഥമായ ജീവിത സാഹചര്യവും സൗകര്യവുമുളള ഒരു വീടാണ് അവൻ അവൾക്ക് ഒരുക്കി കൊടുക്കേണ്ടത്. അല്ലാതെ ഭർതൃ വീട്ടിൽ താമസിപ്പിക്കാനോ ഭാര്യ വീട്ടിൽ താമസിപ്പിക്കാനോ ഉള്ള നിർദ്ധേശമല്ല ഇസ്‌ലാമിലുള്ളത്. പരസ്പര ധാരണയോടെ മേൽ പറഞ്ഞ രണ്ടാലൊരു വീട്ടിലോ മറ്റോ താമസിക്കുന്നതിന് വിരോധമില്ല.

ഹെയർ ട്രാൻസ്പ്ലാന്റിന്റെ ഇസ്ലാമിക വിധി എന്താണ് ?


കഷണ്ടിയെ പ്രതിരോധിക്കുന്നതിനായി തലയിലെ ഒരു ഭാഗത്ത് നിന്ന് ആരോഗ്യമുള്ള രോമകൂപമെടുത്ത് മുടിയില്ലാത്ത ഇടങ്ങളിൽ നട്ടു വളര്‍ത്തുന്ന രീതിയാണല്ലോ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷൻ എന്നത്. മനുഷ്യരുടെ മുടി ശരീരത്തിൽ നിന്നും വേർപിരിഞ്ഞ ശേഷം അവ ഏത് രൂപത്തിലും ഉപയോഗിക്കാവതല്ല. നിഷിദ്ധമാണത്. അതുകൊണ്ട് ഒരു സ്ഥലത്ത് നിന്ന് നീക്കിയെടുത്ത മുടി മറ്റൊരു സ്ഥലത്ത് വെച്ചു പിടിപ്പിക്കൽ ഹറാമാണ്.അത് സ്വന്തം ശരീരത്തിലെ മുടിയാണെങ്കിൽ പോലും വിധിയിൽ മാറ്റമില്ല. وَيَحْرُمُ عَلَى الْمَرْأَةِ وَصْلُ شَعْرِهَا بِشَعْرٍ طَاهِرٍ مِنْ غَيْرِ آدَمِيٍّ، وَلَمْ يَأْذَنْهَا فِيهِ زَوْجٌ أَوْ سَيِّدٌ، وَيَجُوزُ رَبْطُ الشَّعْرِ بِخُيُوطِ الْحَرِيرِ الْمُلَوَّنَةِ وَنَحْوِهَا مِمَّا لَا يُشْبِهُ الشَّعْرَ. [الرملي، شمس الدين ,نهاية المحتاج إلى شرح المنهاج ,2/25] (قَوْلُهُ: وَيَحْرُمُ عَلَى الْمَرْأَةِ) خَرَجَ بِالْمَرْأَةِ غَيْرُهَا مِنْ ذَكَرٍ وَأُنْثَى صَغِيرَيْنِ فَيَجُوزُ حَيْثُ كَانَ مِنْ طَاهِرٍ غَيْرِ آدَمِيٍّ، أَمَّا إذَا كَانَ مِنْ نَجِسٍ أَوْ آدَمِيٍّ فَيَحْرُمُ مُطْلَقًا (قَوْلُهُ: وَصْلُ شَعْرِهَا إلَخْ) ظَاهِرُهُ وَلَوْ كَانَ شَعْرَ نَفْسِهَا الَّذِي انْفَصَلَ مِنْهَا أَوَّلًا، وَلَيْسَ بَعِيدًا؛ لِأَنَّهُ بِانْفِصَالِهِ عَنْهَا صَارَ مُحْتَرَمًا وَيُوَافِقُهُ مَا ذَكَرْنَاهُ عَنْ م ر. [ [ع ش ,2/24] (قَوْلُهُ: مِنْ غَيْرِ آدَمِيٍّ) أَيْ أَمَّا الْآدَمِيُّ فَيَحْرُمُ مُطْلَقًا أَذِنَ أَوْ لَا؛ لِأَنَّهُ يَحْرُمُ الِانْتِفَاعُ بِشَيْءٍ مِنْهُ لِكَرَامَتِهِ، وَنُقِلَ بِالدَّرْسِ عَنْ م ر أَنَّهُ يَحْرُمُ ذَلِكَ عَلَى الْآدَمِيِّ وَلَوْ مِنْ نَفْسِهِ لِنَفْسِهِ. أَقُولُ: وَلَعَلَّ وَجْهَهُ أَنَّهُ صَارَ مُحْتَرَمًا، وَتُطْلَبُ مُوَارَاتُهُ بِانْفِصَالِهِ أَوَّلًا، وَعَلَيْهِ فَلَا يَصِحُّ بَيْعُهُ كَبَقِيَّةِ شُعُورِ الْبَدَنِ لِلْعِلَّةِ الْمَذْكُورَةِ. [ع ش ,2/25]

ആൺകുട്ടികൾക്ക് സ്വർണാഭരണം ധരിക്കാമോ?


ആൺകുട്ടികൾക്ക് സ്വർണാഭരണം ധരിക്കൽ അനുവദനീയമാണ്. പ്രായപൂർത്തിയാകുന്നത് വരെ സ്വർണാഭരണം അവർക്ക് ഹറാമല്ല. രക്ഷിതാക്കൾക്ക് അവരെ ധരിപ്പിക്കുന്നതിനും പ്രശ്നമില്ല.

സയാമീസ് ഇരട്ടകളുടെ നികാഹ് എങ്ങനെ? അവർ രണ്ട് മനുഷ്യരായി പരിഗണിക്കുന്നതിൻ്റെ മാനദണ്ഡം? അവലംബം സഹിതം വിശദീകരിക്കാമോ?


തായ്‌ലൻഡ് എന്ന് പേരുള്ള തെക്കുകിഴക്കൻ രാഷ്ട്രത്തിൻറെ പഴയ പേരാണ് 'സയാം'. 1811 ൽ തായ്ലാന്റിൽ ജനിച്ച് 1874 വരെ ജീവിച്ച ചാംങ് , എംഗ് എന്നീ ഇരട്ട കുട്ടികളുടെ ചരിത്രത്തിൽ നിന്നാണ് ഇരട്ടകൾക്ക് സയാമീസ് ഇരട്ടകൾ എന്ന പേരു വന്നത്. അവർ മരണം വരെ ഒട്ടിപ്പിടിച്ച് ജീവിക്കുകയും സഞ്ചരിക്കുകയും, ഇതേ അവസ്ഥയിൽ വിവാഹം കഴിക്കുകയും സന്താനങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഇസ്ലാമിക കർമശാസ്ത്ര പണ്ഡിതന്മാർ ആരാധനകളെക്കുറിച്ച് ചർച്ച ചെയ്തിടത്ത് അപൂർവ്വ സാധ്യതയുള്ള ഇരട്ടകളെ കുറിച്ചും ഇരട്ട അവയവങ്ങളെക്കുറിച്ചും സവിസ്തരം തന്നെ പരാമർശിച്ചിട്ടുണ്ട്. ബുദ്ധിപരമായും വൈകാരികമായും വെവ്വേറെ അവസ്ഥകളുള്ള പരസ്പരം ഒട്ടിപ്പിടിച്ച രണ്ടു വ്യക്തികളാണ് ഇരട്ടകൾ . ലൈംഗികാവയവും വികാരേച്ഛയും സ്വന്തമായി ഉള്ളതിനാൽ ഇവർക്ക് ഓരോരുത്തർക്കും വിവാഹജീവിതമാകാം . അവരിലൊരാൾ ആണും മറ്റൊരാൾ പെണ്ണുമായാൽ അവർ സഹോദരി സഹോദരന്മാരായതിനാൽ പരസ്പരം വിവാഹം കഴിക്കാനാവില്ല . എന്നാൽ അവർക്ക് പുറമേ നിന്നും വേറെ ഇണകളെ കണ്ടെത്തി വിവാഹമാകാം.തായ്‌ലാന്റിലെ ചാങ്ങിനും എംഗിനും വിവാഹ ജീവിതത്തിലൂടെ കുട്ടികൾ ഉണ്ടായ ചരിത്രം പരാമർശിച്ചുവല്ലോ. ഇരട്ടകളിൽ ഓരോരുത്തരും വിവാഹം കഴിക്കുന്ന സ്ത്രീയുമായി അയാൾക്ക് മാത്രമേ ബന്ധമുണ്ടാകാൻ പാടുള്ളൂ. അപരൻ അവൾക്ക് അന്യപുരുഷനാണ് . വെവ്വേറെ ലൈംഗികാവയവം ഇല്ലാത്ത ഇരട്ടകളാണെങ്കിൽ വൈവാഹിക ജീവിതം പ്രയാസമാകും. വേർപിരിഞ്ഞ് കൊണ്ടോ കൃത്രിമാവയവങ്ങൾ ചികിത്സ മുഖേന ഘടിപ്പിച്ചു കൊണ്ടോ ഈ പ്രശ്നം പരിഹരിക്കാനാകും. വിവാഹാനന്തര വിഷയങ്ങളായ ഗർഭധാരണത്തിലും പ്രസവത്തിലുമെല്ലാം വിധി ഇപ്രകാരം രണ്ടു പേർക്കും വ്യത്യസ്തം തന്നെയാണ്.

തുടർച്ചയായി 40 കറാഹത്തുകൾ ചെയ്‌താൽ ഒരു ഹറാം ആവുമോ? എന്താണ് തഹ്രീമിന്റെ കറാഹത്?


തുടർച്ചയായി 40 കറാഹതുകൾ ചെയ്‌താൽ ഒരു ഹറാം ആവില്ല. അല്ലാഹുവിന്റെയും റസൂലിന്റെയും നിർദേശത്തിന്റെയും കൽപനയുടേയും ഭാവവും രൂപവും ശൈലിയും പരിഗണിച്ചാണ് ഹറാം, വുജൂബ് പോലോത്ത ഹുകുമുകൾ ഉണ്ടാകുന്നത്. അല്ലാതെ ഒരു കാര്യം ചെയ്തതിന്റെ എണ്ണം പരിഗണിച്ചല്ല. ഒരു കാര്യം ചെയ്യുന്നതിന് കർശനമായ നിരോധനം ഉണ്ടാവുകയും അക്കാര്യം ചെയ്യൽ കുറ്റകരമാണ് എന്നതിന് (വ്യാഖ്യാനത്തിന് പഴുതില്ലാത്ത വിധം) ഖണ്ഡിതമായ തെളിവുണ്ടാവുകയും ചെയ്താൽ അത് പ്രവർത്തിക്കൽ ഹറാമാണ്. അതേ സമയം,ഒരു കാര്യം ചെയ്യുന്നതിന് കർശന നിരോധനം ഉണ്ടായിരിക്കെ ആ കാര്യം ചെയ്യൽ കുറ്റകരമാണ് എന്നതിന് ഖണ്ഡിതമായ തെളിവില്ലാതെ പകരം വ്യാഖ്യാനത്തിന് പഴുതുണ്ടാകുകയും ചെയ്താൽ അത് തഹ് രീമിന്റെ കറാഹത് എന്ന വകുപ്പിൽ പെടും. കറാഹതുകൾ ആവർത്തിച്ചു ചെയ്യുന്നതിലൂടെ തന്റെ സൂക്ഷ്മത നഷ്ടപ്പെടുകയും തുടർന്ന് അത് ഹറാമിന്റെ ഗൗരവം കൂടി കുറച്ചു കാണുന്നതിലേക്ക് അവനെ നയിക്കുമെന്നും മേലെ പറഞ്ഞ പ്രയോഗത്തിൽ നിന്ന് മനസ്സിലാക്കാം.

പൂച്ച, ലവ് ബേർഡ്സ് തുടങ്ങിയ ജീവികളെ വളർത്താമോ?


പ്രാവ്, തത്ത, ലവ് ബേർഡ്സ് തുടങ്ങിയ പക്ഷികളെ വളർത്തൽ അനുവദനീയമാണ്. വളർത്തുമ്പോൾ അവക്ക് ആവശ്യമായ സംരക്ഷണം ഒരുക്കൽ, ആവശ്യമായ ഭക്ഷണങ്ങൾ നൽകൽ എന്നിവ നിർബന്ധവുമാണ്.

പൂച്ച, നായ, ലവ് ബേർഡ്സ് തുടങ്ങിയ ജീവികളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിന്റെ വിധി?


നായ നജസ് ആയതിനാൽ വിൽക്കലും വാങ്ങലും നിഷിദ്ധമാണ്. പൂച്ച, ലവ് ബേർഡ്സ് എന്നിവ വിൽക്കുകയും വാങ്ങുകയും ചെയ്യാം

നിസ്കാര പായയിൽ കാൽ നീട്ടി ഇരിക്കാൻ പറ്റുമോ? ചമ്രം പടിഞ്ഞിരിക്കലോ?


വിരോധമില്ല.അനുവദനീയമാണ്.

വാഹനങ്ങളിൽ 'മാഷാ അല്ലാഹ് ' പോലോത്ത വിശുദ്ധ വചനങ്ങൾ എഴുതി വെക്കുന്ന പതിവ് നമ്മുടെ നാടുകളിലുണ്ടല്ലോ. അതിൻ്റെ മുകളിൽ പക്ഷികളും മറ്റും കാഷ്ടിക്കാൻ സാധ്യത കാണുന്നു. ഇതിന്റെ മതകീയ മാനം എന്താണ് ?


അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങൾ പോലോത്ത ബഹുമാനിക്കപ്പെടേണ്ട പേരുകളും വചനങ്ങളും നിന്ദിക്കപ്പെടും എന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ മനപൂർവ്വം അവ എഴുതി വെക്കലും സ്ഥാപിക്കലും ഹറാമാണ്. നിന്ദിക്കപ്പെടും എന്നതിന് കേവലം സാധ്യതയുണ്ടെങ്കിൽ പോലും അവ ഒഴിവാക്കേണ്ടതാണ്. കറാഹതാണത്.

ബസിൽ യാത്ര ചെയ്യുമ്പോൾ ഒരു പള്ളിയിൽ നിന്ന് ബാങ്ക് കേട്ടു. പക്ഷേ, ബാങ്ക് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ബസ് കുറച്ചധികം സഞ്ചരിച്ചതിനാൽ ബാങ്ക് പകുതിക്ക് ശേഷം കേട്ടില്ല. എങ്കിൽ ബാങ്കിൻ്റെ ജവാബ് പറയേണ്ടത് എങ്ങിനെയാണ്? പൂർണമായും പറയേണ്ടതുണ്ടോ?ഒരുപാട് ബാങ്കുകൾ ഒരുമിച്ച് കേട്ടാലോ?


വാങ്കിന്റെ അക്ഷരങ്ങൾ വേർതിരിച്ചറിയുന്ന രൂപത്തിൽ അൽപഭാഗം മാത്രം കേട്ടാൽ കേട്ടതിനും കേൾക്കാത്തതിനും ഉത്തരം ചെയ്യൽ സുന്നത്താണ്. ഒന്നിനു പിറകെ ഒന്നായി പലയിടത്തു നിന്നും വാങ്ക് കേട്ടുകൊണ്ടിരുന്നാൽ അവയ്ക്കെല്ലാം ജവാബ് പറയൽ സുന്നത്തുണ്ട്. അത് അവൻ്റെ നിസ്കാരം കഴിഞ്ഞ ശേഷമാണെങ്കിൽ പോലും സുന്നത്തു തന്നെ. ആദ്യം കേട്ടതിന് ഉത്തരം പറയാതിരിക്കൽ കറാഹ ത്തുമാണ്. വാങ്കിന് പ്രതികരിക്കാൻ വേണ്ടി ഖിറാഅത്ത്, ദിക്ർ ദുആ എന്നിവ നിർത്തിവെക്കണം.

ഇഅ്തികാഫ് ചെയ്യുമ്പോൾ പള്ളിയിൽ കിടന്നുറങ്ങിയാലും കൂലി ലഭിക്കുമോ ?


ലഭിക്കും.എങ്കിലും ആരാധനകളിൽ മുഴുകാനാണ് ശ്രമിക്കേണ്ടത്.

പോളിംഗ് ബൂത്തിൽ നിന്ന് ചൂണ്ടുവിരലിൽ പുരട്ടുന്ന മഷി വുളൂഇനെ ബാധിക്കുമോ?


പോളിംഗ് ബൂത്തിലെ മഷി ശരീരത്തിലേക്ക് വെള്ളം ചേരലിനെ തടയാത്തത് കൊണ്ട് വുളൂഇനെ ബാധിക്കില്ല. പെയിന്റ് പോലോത്തതിലുണ്ടാകുന്ന തടി ഇൗ മഷിയിൽ ഇല്ല, ചുരണ്ടിയെടുക്കാവുന്ന തടി ഉണ്ടെങ്കിലാണ് വെള്ളം ചേരാതിരിക്കുന്നത്. ബൂത്തിലെ മഷി മൈലാഞ്ചി പോലെയായതിനാൽ വുളൂവിനെ ബാധിക്കില്ല.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ആത്മീയ മജ്ലിസിൽ അന്യ പുരുഷന്മാരായ ഉസ്താദുമാരെ സ്ത്രീകൾ ഫോണിലൂടെ കാണുന്നുണ്ടല്ലോ? ഇത് അനുവദനീയമാണോ?


അന്യ സ്ത്രീ പുരുഷന്മാർ തമ്മിൽ പരസ്പരം കാണുന്നതും ഇടപഴകുന്നതും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. കണ്ണാടി പോലോത്ത പ്രതലങ്ങളിലൂടെ കാണുന്നതിൽ വൈകാരികമായ ആനന്ദം കണ്ടെത്തുകയോ ഫിത്ന ഭയപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ വിധിയിൽ വ്യത്യാസമില്ല. അല്ലാത്ത പക്ഷം, കണ്ണാടി പോലോത്ത പ്രതലങ്ങളിലൂടെ ഉസ്താദുമാരുടെ പ്രഭാഷണങ്ങളും മറ്റും കേൾക്കുന്നതിന് തടസ്സമില്ല.

വിവാഹം കഴിഞ്ഞവർക്കും അല്ലാത്തവർക്കും മൈലാഞ്ചി ഇടുന്നതിന്റെ വിധി? ഷോപ്പിൽ നിന്ന് വാങ്ങാൻ കിട്ടുന്ന മൈലാഞ്ചിയാണ് ഉദ്ദേശിച്ചത്?


ഇഹ്‌റാം ചെയ്തിരിക്കെ സ്ത്രീകൾക്ക് മൈലാഞ്ചിയിടൽ സുന്നത്തില്ല. ഭർത്താവിന്റെ വിയോഗം കാരണം ഇദ്ധയിലാണെങ്കിൽ ഹറാമാണ്. 3 ത്വലാഖ്, ഫസ്ഖ്, പ്രതിഫലത്തിനു പകരമായ ത്വലാഖ് (ഖുൽഅ) ഇവ കാരണം ഇദ്ധ ഇരിക്കുന്നവർ മൈലാഞ്ചി ഉപേക്ഷിക്കൽ സുന്നത്താണ് . ഈ വിധത്തിൽ ഒന്നും പെടാത്തവർ ഭർത്താവിന്റെ അധീനതയിൽ ഉള്ളവരാണെങ്കിൽ സുന്നത്തും അല്ലെങ്കിൽ കറാഹത്തുമാണ്. മൈലാഞ്ചിയിടൽ വുളൂഅ്, കുളി എന്നിവ സ്വഹീഹാകുന്നതിന് തടസ്സമാകുമോ എന്ന് നിരുപാധികം പറയാനാവില്ല. അവയവത്തിൽ വെള്ളം ചേരുന്നതിന് തടസ്സമാവാത്ത ചർമത്തിൽ നിറമല്ലാതെ മറ്റൊന്നും ബാക്കിയാവാത്ത വിധമുള്ള മൈലാഞ്ചി കുളി, വുളൂ എന്നിവയെ ബാധിക്കില്ല. അതേ സമയം, വെള്ളം ചേരുന്നതിനെ തടയുന്ന ഏതെങ്കിലും വസ്തു ചർമത്തിൽ പറ്റിപ്പിടിച്ചു നിൽക്കുമെങ്കിൽ അവ വുളൂഇന്റെയും കുളിയുടേയും സ്വീകാര്യതക്ക് തടസ്സമാകും. ചർമ്മത്തിൽ മാന്തിയെടുക്കാനോ പൊളിച്ചെടുക്കാനോ പറ്റുന്ന വിധത്തിലുള്ള ഒന്നും ഉണ്ടാവരുത്. ആധുനിക മൈലാഞ്ചി ട്യൂബുകൾ ഉപയോഗിക്കുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

പ്രായം കൂടുതലുള്ള , അടുത്ത് മുസ്‌ലിമായ ഒരു വ്യക്തിക്ക് വാർധക്യ സഹജമായ രോഗ കാരണങ്ങളാൽ ചേലാകർമ്മം ചെയ്യാൻ സാധിക്കുന്നില്ല. അദ്ധേഹത്തിന്റെ നിസ്ക്കാരം ശരിയാവുമോ? എന്ത് ചെയ്യണം?


ലിംഗാഗ്രചർമ്മത്തിനടിയിലേക്ക് വെള്ളം ചേരുന്നതിന് തടസമല്ലെങ്കിൽ അയാളുടെ നിർബന്ധ കുളികൾ ശരിയാവുന്നതുകൊണ്ട് നിസ്കാരത്തിന് പ്രശ്നമില്ല. എന്നാൽ വെള്ളം ചേരുന്നതിന് അത് തടസമാണെങ്കിൽ ലിംഗാഗ്രത്തെ തൊട്ട് ചർമത്തെ മുകളിലേക്ക് നീക്കി അവിടെ വെള്ളമെത്തിക്കേണ്ടതാണ്. അതിന് പറ്റില്ലെങ്കിൽ വലിയ അശുദ്ധി നീങ്ങാൻ കുളിക്കു പുറമെ ആ ഭാഗത്തിന് വേണ്ടി തയമ്മും കൂടി ചെയ്യേണ്ടതാണ്

റൂമിൽ കള്ള് കുടിക്കുന്നവർ ഉണ്ടായാൽ അവിടെ വച്ച് നിസ്കരിക്കുന്നതും സ്വലാത്ത്, മറ്റു അമലുകൾ ചെയ്യുന്നതും നല്ലതല്ലേ? എന്താണ് വിധി. ഇത് സ്വീകാര്യമാകുമോ.


കള്ള് കുടി, വ്യഭിചാരം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിസ്കരിക്കൽ കറാഹതാണ്. തെറ്റു ചെയ്തവർ അവിടെയുണ്ട് എന്ന കാരണത്താൽ നിസ്കാരം പാടില്ല എന്നൊന്നും ഇതിനർത്ഥമില്ല. റൂമിൽ കള്ള് കുടിക്കുന്നയാൾ ഉണ്ടെന്ന് കരുതി നിർബന്ധമായ നിസ്കാരത്തിന്റെ വിധി മാറുന്നില്ല.നിസ്കാരം, സ്വലാത് പോലോത്ത പുണ്യകർമ്മങ്ങൾ ഒഴിവാക്കേണ്ടതുമില്ല. അവ സ്വീകാര്യയോഗ്യമാണ്.

ആർത്തവകാലത്ത് ബാങ്കിന് ഉത്തരം പറയുന്നതിൻ്റെ വിധി?


സുന്നത്താണ്. ഖുർആൻ ഓതുന്നത് നിഷിദ്ധമാണെങ്കിലും ദിക്റുകളും സ്വലാത്തുമൊക്കെ ആർത്തവകാരിക്ക് പറയാവുന്നതാണ്. (و) سن (لسامعهما) سماعا يميز الحروف، وإلا لم يعتد بسماعه - كما قال شيخنا -. آخرا (أن يقول ولو غير متوضئ) أو جنبا أو حائضا - خلافا للسبكي فيهما - أو مستنجيا فيما يظهر، (مثل قولهما إن لم يلحنا لحنا يغير المعنى). فيأتي بكل كلمة عقب فراغه منها، حتى في الترجيع وإن لم يسمعه. و [ فتح المعين]

ആർത്തവസമയത്ത് ബാങ്കിൻറെ ഉത്തരം ചെയ്യൽ സുന്നത്തുണ്ടോ?


സുന്നത്തുണ്ട്. ദിക്റും സ്വലാത്തുമൊക്കെ ആർത്തവകാരിക്ക് ഉരുവിടാവുന്നതാണ്. ഖുർആൻ ഒാതലാണ് നിഷിദ്ധം

ആർത്തവകാരിക്ക് മൈലാഞ്ചി ഇടാമോ ?


ആർത്തവകാരിക്ക് മൈലാഞ്ചി ഇടാം.

ഒരു അവിശ്വാസി മുസ്ലിമാവുമ്പോൾ ഷഹാദത് കലിമ അറബിയിൽ തന്നെ പറയേണ്ടതുണ്ടോ?


വേണം. രണ്ട് ശഹാദതു കലിമകൾ അർത്ഥം അറിഞ്ഞ് മനസ്സിലുറപ്പിച്ച് ഉച്ചരിക്കാൻ സാധിക്കുന്നവർ നാവുകൊണ്ട് ഉച്ചരിക്കണം