ഭക്ഷണം, ഭക്ഷ്യയോഗ്യം, അറവ്

ചായയിൽ ചത്ത ഉറുമ്പിനെ കണ്ടാൽ അത് കുടിക്കാമോ?


ചത്ത ഉറുമ്പ് ചായയിൽ വീണത് ആരുടെയെങ്കിലും പ്രവർത്തനം മൂലമല്ലെങ്കിൽ ചായ നജസാവുന്നതല്ല. കാരണം ഒലിക്കുന്ന രക്തമില്ലാത്ത ഇത്തരം ചെറിയ ജീവികളുടെ ശവത്തിനെ തൊട്ട് ദ്രാവക വസ്തുക്കളിൽ മാപ്പു നൽകപ്പെടുന്നതാണ്. ചത്ത ഉറുമ്പിനെ പഞ്ചസാര ഇടുന്നതിനോടൊപ്പമോ മറ്റോ ഇട്ടതാണെങ്കിൽ അത് നജസാകുന്നതാണ്. നജസാകുന്ന പക്ഷം അത് കുടിക്കാൻ പാടില്ല. നജസില്ലെങ്കിൽ തന്നെ വീണ ജീവിയുടെ ശരീരത്തിൽ നിന്ന് പുറത്ത് വന്ന ദ്രവങ്ങൾ കൊണ്ടോ മറ്റോ ശരീരത്തിന് പ്രയാസം സൃഷ്ടിക്കുമെങ്കിൽ കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

കഴുതയെ ഭക്ഷിക്കാമോ?


കാട്ടു കഴുതയെ തിന്നൽ അനുവദനീയമാണ്. നാട്ടു കഴുതയെ തിന്നൽ നിഷിദ്ധമാണ്. തുഹ്ഫ

പ്രാവിനെ ഭക്ഷിക്കാമോ? ഭക്ഷ്യയോഗ്യമായ ജീവികൾ ഏതെല്ലാമാണ്?


പ്രാവിനെ ഭക്ഷിക്കാവുന്നതാണ്. ആട്, മാട്, ഒട്ടകം, കാട്ടുപോത്ത് ,കാട്ടുകഴുത , മുയൽ, ഉടുമ്പ് തുടങ്ങിയ ജീവികളെ ഭക്ഷിക്കൽ അനുവദനീയമാണ്. മെരു , ഈച്ച , ഉറുമ്പ് , വണ്ട് , ചെറുപ്രാണികൾ , തുടങ്ങിയ നിന്ദ്യ ജീവികളെ ഭക്ഷിക്കാൻ പാടില്ല. തേറ്റകൊണ്ട് ശക്തി പ്രയോഗിക്കുന്ന സിംഹം , പുലി , ചെന്നായ , കുരങ്ങ് , ആന , നഖങ്ങളിലിറുക്കി കൊത്തിത്തിന്നുന്ന കഴുകൻ , പരുന്ത് , കാക്ക മുതലായവ ഭക്ഷിക്കാൻ പാടില്ല. സമുദ്ര ജീവികളിൽനിന്ന് തവളയും മുതലയും ആമയും ഒഴികെയുള്ളവ ഭക്ഷിക്കാവുന്നതാണ്. കടലിലും കരയിലും ജീവിക്കുന്ന ഞണ്ട് ഭക്ഷിക്കാൻ പാടില്ല. ശരീരത്തിന് നാശമുണ്ടാക്കുന്ന വിഷം , മണ്ണ് , കല്ല് , പളുങ്ക് , മൂത്രം മുതലായ നജസുകൾ , മ്ലേച്ഛമായ കഫം , ഇന്ദ്രിയം , തുപ്പുനീർ തുടങ്ങിയവയും നിഷിദ്ധമാണ് . നിഷിദ്ധമായവ ഭക്ഷിക്കേണ്ട നിർബന്ധ സാഹചര്യത്തിൽ ജീവൻ നിലനിൽക്കാൻ ആവശ്യമായത്ര ഭക്ഷിക്കാവുന്നതാണ്. മത്സ്യം , വെട്ടുകിളി എന്നിവയല്ലാത്ത ജീവികളെ അറുക്കാതെ ഭക്ഷിക്കാൻ പാടുള്ളതല്ല.

കോഴി അറുക്കുമ്പോൾ കത്തി തെന്നിമാറിയിരുന്നെങ്കിൽ അങ്ങിനെ അറുക്കപ്പെട്ടത് തിന്നാമോ?


അറുക്കപ്പെടുന്ന ജീവിയുടെ അന്നനാളവും ശ്വാസനാളവും ഛേദിക്കുക എന്നത് അറവിന്റെ നിബന്ധനയാണ്. അറുക്കുന്ന അവസരത്തിൽ കത്തി തെന്നി നീങ്ങി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ മുറിവേറ്റ് അതു കാരണം ജീവി മരണപ്പെട്ടാൽ ആ ജീവി ഭക്ഷ്യ യോഗ്യമല്ല.

ഞണ്ടിനെ ഭക്ഷിക്കാമോ?


വെള്ളത്തിൽ മാത്രം ജീവിക്കുന്ന ഞണ്ടുകൾ ഭക്ഷ്യ യോഗ്യമാണ്. എന്നാൽ വെള്ളത്തിലും കരയിലും ജീവിക്കുന്നവ ഹറാമാണ്.