ജമാഅത് നിസ്കാരത്തിൽ ഇമാം മറന്നുകൊണ്ട് അധിക റക്അത്തിലേക്ക് എഴുന്നേൽക്കുകയോ റകഅത്ത് എണ്ണം കുറച്ചുകൊണ്ട് അത്തഹിയ്യാത്തിന് ഇരിക്കുകയോ ചെയ്താൽ (ഉദാ : മഗ്രിബ് നാലാം റക്അത്തിലേക്ക് എഴുന്നേൽക്കുക, ഇശാഅ് മൂന്നാം റക്അത്തിൽ അത്തഹിയ്യാത്തിന് വേണ്ടി ഇരിക്കുക ) മഅമൂം എന്തു ചെയ്യണം?
ഇമാം മറന്നുകൊണ്ട് അധിക റക്അത്തിലേക്ക് എഴുന്നേറ്റാൽ മഅമൂം ഇമാമിനെ വേർപിരിയുന്നതായി കരുതി ബാക്കിയുള്ള ഭാഗങ്ങൾ സ്വന്തമായി ചെയ്ത് സലാം വീട്ടുകയോ ഇമാമിനെ പിരിയാതെ ഇമാം അത്തഹിയ്യാത്തിന്റെ ഇരുത്തത്തിലേക്ക് എത്തുന്നത് വരെ ഇമാമിനെ കാത്തിരിക്കുകയോ ചെയ്യാവുന്നതാണ്. വേർപിരിയലാണ് ഉത്തമം. ഇമാം റക്അത്ത് പൂർണമാകുന്നതിന് മുമ്പ് മറന്നു കൊണ്ട് അത്തഹിയ്യാത്തിന് ഇരുന്നാൽ (ഉദാ : ഇശാഇന്റെ മൂന്നാം റകഅത്തിൽ അത്തഹിയ്യാത്തിന് ഇരിക്കുക)മഅമൂം ഇമാമി നെ വേർപിരിയുന്നതായി കരുതി ബാക്കിയുള്ള റക്അത് നിർവ്വഹിക്കണം. ഇമാം നിജസ്ഥിതി മനസ്സിലാക്കി നാലാം റക്അത്തിലേക്ക് എഴുന്നേൽക്കാൻ സാധ്യതയുള്ളതിനാൽ ഇമാമിനെ പിരിയാതെ നാലാം റക്അത്തിലേക്ക് എഴുന്നേറ്റതിന് ശേഷം ഇമാമിനെ പ്രതിക്ഷിച്ച് നിൽക്കലും അനുവദനീയമാണെന്ന് ഇബ്നു ഖാസിം(റ) വ്യ ക്തമാക്കിയിട്ടുണ്ട്. (തഹ്ഫ -ശർവാനി സഹിതം. 2 -194).
വെള്ളിയാഴ്ച ദിവസം യാത്ര ചെയ്യുന്നതിന്റെ വിധി?
ജുമുഅ നഷ്ടപ്പെടുമെന്നു ബോധ്യപ്പെട്ടാൽ ജുമുഅ നിർബ ന്ധമായ വ്യക്തിക്ക്, വെള്ളിയാഴ്ച യാത്ര പ്രഭാത ശേഷം ഹറാമാണ്. രാത്രി സമയത്ത് കറാഹത്തുമാണ്. യാത്ര പോകാതിരിക്കുന്നതു മൂലം സഹയാത്രികർ നഷ്ടപ്പെടുന്നത് പോലെ വല്ല വിഷമവും നേരിടുമെന്ന് ആശങ്കയുണ്ടെങ്കിൽ പ്രഭാത ശേഷം ഹറാമോ രാത്രി സമയത്തു കറാഹത്തോ ഇല്ല. (ഫത്ഹുൽ മുഈൻ പേ: 149)
ഇമാമിനെ ഇഅ്തിദാലിൽ വെച്ച് തുടരുന്ന മസ്ബൂഖ് ഇഅ്തിദാലിലേക്ക് പോകുന്നതിന് തക്ബീർ പറയേണ്ടതുണ്ടോ?
ഇമാമിനോടൊപ്പം നീങ്ങുന്ന മസ്ബൂഖ് അവന്റെ നീക്കങ്ങൾക്ക് തക്ബീർ ചൊല്ലണം. തുടരുന്ന നേരം ഇമാം ഇഅ്തിദാലിലാണെങ്കിൽ സുജൂദിലേക്ക് കുനിയുന്നതിനും അതിന് ശേഷമുള്ളവയ്ക്കും തക്ബീർ ചൊല്ലണം. ഓത്തിന്റേതല്ലാത്ത സുജൂദിലാണ് തുടരുന്നതെങ്കിൽ കുനിയുന്നതിന് തക്ബീർ പറയേണ്ടതില്ല. ഇമാമിനോട് ചേരുന്നിടത്തെ ദിക്റുകൾ,തഹ്മീദ്, തസ്ബീഹ്, അത്തഹിയ്യാത്ത്, ദുആഅ് എന്നിവ മഅ്മൂമും ചൊല്ലണം. സുന്നതാണത്. നബികുടുംബത്തിന്റെ മേലുള്ള സ്വലാത് ചൊല്ലൽ, മഅ്മൂമിന് ഒന്നാം അത്തഹിയ്യാത്തിന്റെ സ്ഥാനത്താ ണെങ്കിലും, സുന്നത്തുണ്ട്(ഫത്ഹുൽ മുഈൻ).
ജുമുഅ നിസ്കാരത്തിനിടെ ഇമാം സൂറത് ഓതുമ്പോൾ ആദ്യ ഭാഗം ശബ്ദമില്ലാതെയും അവസാന ഭാഗം ശബ്ദം ഉയർത്തിയും ഓതുന്നതായി പല പള്ളികളിലും കാണാറുണ്ട്. ഇങ്ങനെ ചെയ്യൽ നല്ലതാണോ? ചിലർ ഫാതിഹക്ക് ശേഷം ബിസ്മി മാത്രം ഉറക്കെ ഓതാറുമുണ്ട്. മറ്റു ചിലർ ബിസ്മിയും പതുക്കെ തന്നെയാണ് ഓതാറുള്ളത്. ഇവിടെ നിർവ്വഹിക്കേണ്ട ശരിയായ രൂപം എന്താണ്?
ജുമുഅ നിസ്കാരങ്ങളിൽ വ്യത്യസ്ത നാടുകളിൽ നടക്കുന്ന വിവിധ രൂപങ്ങളെ കുറിച്ചാണ് ചോദ്യത്തിൽ പരാമർശിച്ചത്. ഇമാമിന്റെ ഫാതിഹക്ക് ശേഷം മഅ്മൂമിന് ഫാതിഹക്കാവശ്യമായ സമയം അടങ്ങൽ ഇമാമിന് സുന്നത്താണ്. ഈ സമയം ശബ്ദ മുയർത്താതെ ഇമാം ഖിറാഅത്ത് കൊണ്ടോ ദുആഅ് കൊണ്ടോ ജോലിയാവൽ സുന്നത്താണ്. ഖിറാത്താണ് ഏറ്റവും ഉത്തമം. ജുമുഅയുടെ ഇമാം തന്റെ ഫാതിഹക്ക് ശേഷം മഅ്മൂമുകൾ ഫാതിഹ ഓതാൻ വേണ്ടി ആവശ്യമയ സമയം അടങ്ങുകയും ആ അടക്ക ത്തിൽ ജുമുഅയിൽ പാരായണം ചെയ്യൽ സുന്നത്തുള്ള സൂറത്തിന്റെ ആദ്യ ഭാഗം ശബ്ദമുയർത്താതെ ഓതുകയും അടക്കത്തിന് ശേഷം സൂറത്തിൻറെ ബാക്കിഭാഗം ശബ്ദമുയർത്തി ഓതുകയും ചെയ്യുന്നു. ഇവിടെ ഇമാമിന് രണ്ട് സുന്നത്തുകൾ ലഭിക്കുന്നുണ്ട്. മഅ്മൂമുകൾക്ക് ഫാത്വിഹ ഓതാൻ ആവശ്യമായ സമയം അടങ്ങുക എന്നതും ആ സമയം ഇമാം പതുക്കെ ഖുർആൻ പാരായണം ചെയ്യുക എന്നതുമാണ് ആ രണ്ടു സുന്നത്തുകൾ. അതേസമയം ഫാതിഹ കഴിഞ്ഞ ഉടനെ ശബ്ദമുയർത്തി ബിസ്മി... ഓതിയതിനുശേഷം അടങ്ങിയതു കൊണ്ട് സുന്നത്ത് നഷ്ടപ്പെടും. കാരണം ഇമാമിൻറെ ഫാത്തിഹക്ക് ശേഷം സൂറതിന് മുമ്പാണ് സകത (അടക്കം) സുന്നത്തുള്ളത്. അതിനാൽ ബിസ്മി ഉറക്കെ ചൊല്ലി പിന്നെ ശബ്ദം ഉയർത്താതെ അടങ്ങുന്നതിനേക്കാൾ നല്ലത് ബിസ്മിയും ശബ്ദം ഉയർത്താതെ ചൊല്ലലാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. പക്ഷേ ഈ പറഞ്ഞ രണ്ട് രൂപങ്ങളിലും ജുമുഅയിൽ പ്രത്യേകം നിർദ്ദേശിക്കപ്പെട്ട സൂറതുകൾ പൂർണ്ണമായും ഉറക്കെ പാരായണം ചെയ്യുക എന്നത് നഷ്ടപ്പെടുന്നുണ്ട്. അതിനാൽ ഏറെ ഉത്തമം അടക്കത്തിന് ശേഷം നിശ്ചിത സൂറതുകൾ ആദ്യം മുതൽ തന്നെ ശബ്ദമുയർത്തി പാരായണം ചെയ്യലാണ്. സകത(അടക്കത്തിൻ്റെ) യുടെ സമയം പതുക്കെ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണ്. ഇങ്ങനെ ഖുർആന് പാരായണം ചെയ്യുമ്പോൾ പതുക്കെ പാരായണം ചെയ്യുന്നതും സകതയുടെ ശേഷം ഉറക്കെ പാരായണം ചെയ്യുന്നതും തമ്മിൽ മുസ്ഹഫിലെ ക്രമമവും തുടർച്ചയും ശ്രദ്ധിക്കലും നല്ലതാണ്. ഇതെല്ലാം പരിഗണിക്കുമ്പോൾ ഇവിടെ നാല് രൂപങ്ങളുണ്ട്. 1. ഇമാമിന്റെ ഫാതിഹക്ക് ശേഷം സൂറത്തിലെ ബിസ്മി ചൊല്ലുന്നതിന് മുമ്പ് ഇമാം അടങ്ങുകയും മഅ്മൂമുകൾ ഫാതിഹ ഓതാനാവശ്യമായ അടക്കത്തിന് ശേഷം നിശ്ചിത സൂറത്ത് ബിസ്മി മുതൽ അവസാനം വരെ പൂർണ്ണമായും ഉറക്കെ ഓതുകയും ചെയ്യുക. സകതയുടെ സമയം ശബ്ദമുയർത്താതെ ഖുർആൻ പാരായണമോ പ്രാർത്ഥനയോ നടത്തുക. ഖുർആൻ പാരായണമാണ് ഉത്തമം. സൂറത്തുൽ അഅ്ലാ, സൂറത്തുൽ ഗാശിയ/ സൂറത്തുൽ ജുമുഅ, മുനാഫിഖൂൻ എന്നീ സൂറത്തുകളാണ് ജുമുഅയിൽ പ്രത്യേക മായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഒന്നാം റക്അത്തിൽ സൂറത്തുൽ അഅ്ലാ ഓതുകയാണെങ്കിൽ ഒന്നാം റക്അത്തിലെ സകതയിൽ സൂറത്തുൽ അഅ്ലായുടെ തൊട്ട് മുകളിലുള്ള “അത്ത്വാരിഖിലെ ഭാഗങ്ങൾ പതുക്കെ ഓതുക. സക്തക്ക് ശേഷം സൂറത്തുൽ അഅ്ലാ ആദ്യാവസാനം ഉറക്കെ ഓതുക. രണ്ടാം റക്അത്തിൽ ഫാതിഹക്ക് ശേഷമുള്ള സക്തയിൽ “സൂറതുൽ ഗാശിയ' യിലെ തന്നെ ആദ്യ ഭാഗം പതുക്കെ ഓതുക. ഫാതിഹക്കാവശ്യമായ സകതയുടെ ശേഷം സൂറത്തുൽ ഗാശിയ ആദ്യം മുതൽ തന്നെ ഉറക്കെ ഓതുക. ജുമുഅയും മുനാഫിഖുനയും പാരായണം ചെയ്യുമ്പോഴും ഇത് പോലെ ക്രമം ശ്രദ്ധിക്കുക. ഒന്നാം റക്അതിലെ സക്തയിൽ സബ്ബിഹിസ്മയുടെ / ജുമുഅയുടെ ആദ്യ ഭാഗം തന്നെ പതുക്കെ പാരായണം ചെയ്യുന്നതിനും വിരോധമില്ല. പക്ഷേ സക്തയുടെ ശേഷം സൂറത്ത് ആദ്യാവസാനം ഉറക്കെ പാരായണം ചെയ്യണം. ഈ ഒന്നാം രൂപത്തിൽ സക്ത, സക്തയുടെ സമയം ഖുർആൻ പാരായണം ചെയ്യൽ, നിശ്ചിത സൂറത്തുകൾ ആദ്യാവസാനം ഉറക്കെ പാരായണം ചെയ്യൽ എന്നീ സുന്നത്തുകളെല്ലാം ലഭിക്കുന്നുണ്ട്. അതിനാൽ ഇതാണ് ഏറെ ഉത്തമം. ഈ നിശ്ചിത സൂറത്തുകൾ പ്രത്യേകം നിർദ്ദേശിക്കപ്പെട്ടിട്ടു ള്ളതിനാൽ സമയ ദൈർഘ്യം പ്രശ്നമാക്കേണ്ടതില്ല. 2. ഇമാമിന്റെ ഫാതിഹയുടെ ഉടനെ ഇമാം നിശ്ചിത സൂറത്ത് ആദ്യം മുതൽ ഉറക്കെ ഓതുന്നു. ഇവിടെ നിശ്ചിത സൂറത്ത് പൂർണ്ണമായും ഉറക്കെ ഓതുന്ന പുണ്യം ലഭിക്കുന്നുണ്ടെങ്കിലും സകത: നഷ്ടപ്പെടുന്നു . 3. ഫാതിഹക്ക് ശേഷം നിശ്ചിത സൂറത്തിന്റെ ആദ്യ ഭാഗം പതുക്കെയും ബാക്കി ഭാഗം ഉറക്കെയും ഓതുന്നു. (ഇവിടെ സകത ലഭിക്കുന്നു. നിശ്ചിത സൂറത്ത് പൂർണ്ണമായും ഉറക്കെ ഓതൽ നഷ്ടപ്പെടുന്നു.) 4. ഇമാം ഫാതിഹക്ക് ശേഷം ബിസ്മി ഉറക്കെ ചൊല്ലുന്നു. പിന്നീട് സൂറത്തിന്റെ ആദ്യ ഭാഗം പതുക്കെ ഓതുന്നു. പിന്നീട് ബാക്കിയുള്ളത് ഉറക്കെയും ഓതുന്നു. (ഇവിടെ സകതയും നിശ്ചിത സൂറത്ത് പൂർണ്ണമായി ഉറക്കെ ഓതലും നഷ്ടപ്പെടുന്നു.) ഈ രൂപങ്ങളെല്ലാം അനുവദനീയമാണെന്നതും ഇതൊന്നും ജുമുഅയുടെ സാധുതയെ ബാധിക്കുകയില്ലെന്നതും വ്യക്തമാണ്.
40 ൽ കുറഞ്ഞ ആളുകൾക്ക് ജുമുഅ നിസ്കാരം നിർവ്വഹിക്കാമോ?
ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണമനുസരിച്ച് അനുവദനീയമല്ല. 12 പേരെ കൊണ്ട് ജുമുഅ നടത്താമെന്ന വീക്ഷണമാണ് മാലികീ മദ്ഹബിലുള്ളത്. നാലുപേരെ കൊണ്ട് നടത്താമെന്ന വീക്ഷണമാണ് ഹനഫീ മദ്ഹബിലുള്ളത്. ഒരു നാട്ടിൽ 40 പേർ തികയില്ലെങ്കിൽ അവർ ജുമുഅ നിസ്കരിക്കുകയാണോ അല്ല ളുഹ്ർ നിസ്കരിക്കുകയാണോ വേണ്ടത് എന്ന് ഇമാം ബുൽഖീനീ (റ) വിനോട് ഒരിക്കൽ ചോദിക്കപ്പെട്ടു. ശാഫിഈ മദ്ഹബ് അനുസരിച്ച് അവർ ളുഹ്റാണ് നിസ്കരിക്കേണ്ടത് എന്നായിരുന്നു അവരുടെ മറുപടി. എന്നാൽ അവർക്ക് ജുമുഅ നിസ്കരിക്കാമെന്ന് ഒരു കൂട്ടം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശക്തമായ അഭിപ്രായം തന്നെയാണ് ഇത്. അവരെല്ലാവരും ഈ അഭിപ്രായത്തെ തഖ്‌ലീദ് ചെയ്യുകയാണെങ്കിൽ അവർക്ക് ജുമുഅ നിർവഹിക്കാം. എന്നാൽ ആദ്യം ജുമുഅയും പിന്നീട് ളുഹ്റും സൂക്ഷ്മത എന്ന നിലക്ക് നിസ്കരിക്കുകയാണെങ്കിൽ അതാണ് നല്ലത്. وسئل البلقيني عن أهل قرية لا يبلغ عددهم أربعين هل يصلون الجمعة أو الظهر؟ فأجاب رحمه الله: يصلون الظهر على مذهب الشافعي. وقد أجاز جمع من العلماء أن يصلوا الجمعة وهو قوي فإذا قلدوا أي جميعهم من قال هذه المقالة فإنهم يصلون الجمعة وإن احتاطوا فصلوا الجمعة ثم الظهر كان حسنا. [زين الدين المعبري ,فتح المعين بشرح قرة العين بمهمات الدين ]
ഒരാൾ ആദ്യത്തെ അത്തഹിയ്യാതിലോ അവസാനത്തെ അത്തഹിയ്യാതിലോ ഇമാമിനെ തുടർന്നാൽ അയാൾ അത്തഹിയാത് പൂർത്തിയാക്കണോ?
പൂർത്തിയാക്കണമെന്നില്ല. ആദ്യത്തെ അത്തഹിയ്യാത്തിലാണെങ്കിൽ ഇമാം മൂന്നാം റക്അത്തിലേക്ക് എഴുന്നേൽക്കുമ്പോൾ ഇമാമിനോടൊപ്പം അവൻ എഴുന്നേൽക്കണം. അവസാനത്തെ അത്തഹിയാത്തിലാണെങ്കിൽ ഇമാം സലാം വീട്ടിയ ഉടനെ അവൻ ബാക്കി നിസ്കരിക്കാൻ വേണ്ടി എഴുന്നേൽക്കണം.
സലാം വീട്ടിയ ശേഷം അബ്ആളു സുന്നത്ത് ഉപേക്ഷിച്ചതായി ഒാർമ വന്നാൽ ഇമാം സഹ്വിന്റെ സുജൂദ് ചെയ്യാൻ വേണ്ടി നിസ്കാരത്തിലേക്ക് മടങ്ങണോ? അപ്പോൾ മഅ്മൂം എന്ത് ചെയ്യണം? ബാക്കി നിസ്കരിച്ച് കൊണ്ടിരിക്കുന്ന മഅ്മൂം എന്ത് ചെയ്യണം?
സമയം ദീർഘമായിട്ടില്ലെങ്കിൽ സഹ് വിന്റെ സുജൂദ് ചെയ്യാൻ വേണ്ടി ഇമാമിന് നിസ്കാരത്തിലേക്ക് മടങ്ങാവുന്നതാണ്. അപ്പോൾ നിർബന്ധമായും മഅ്മൂമും ബാക്കി നിസ്കരിച്ചു കൊണ്ടിരിക്കുന്ന മസ്ബൂകും ഇമാമിനോടൊപ്പം നിസ്കാരത്തിലേക്ക് മടങ്ങണം.
ജമാഅത്ത് നിസ്കരിക്കുമ്പോൾ ഇമാമിന് വുളൂ ഉണ്ടായിരുന്നില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടാൽ നിസ്കാരം മാറ്റി നിസ്കരിക്കണോ?
മാറ്റി നിസ്കരിക്കേണ്ടതില്ല. ഇത്തരം നിസ്കാരങ്ങളിൽ ഇമാമിന്റെ നിസ്കാരം നഷ്ടപ്പെട്ടാലും മഅമൂമിന്റെ നിസ്കാരം നഷ്ടപ്പെടുകയില്ല. നിസ്കാരത്തിന്റെ ആദ്യത്തിൽ മഅ്മൂമിന് ഇതിനെ പരിശോധിക്കാൻ പറ്റില്ല. അതുകൊണ്ട് അവനിൽ നിന്നുള്ള വീഴ്ചയായി ഇതിനെ കണക്കാക്കുന്നില്ല.
ഇമാമിന്റെ ശബ്ദം എത്തിച്ചുകൊടുക്കാൻ മുബല്ലിഗിനെ നിശ്ചയിക്കാൻ പറ്റുമോ?പറ്റുമെങ്കിൽ അയാൾ ഇന്ന സ്ഥലത്തു തന്നെ നിൽക്കണമെന്ന് നിബന്ധനയുണ്ടോ?
ഇമാമിന്റെ പോക്കുവരവുകൾ മഅ്മൂം അറിയൽ നിർബന്ധമാണ്. അറിയുന്നില്ലെങ്കിൽ ഒരാൾ ഇമാമിന്റെ തക്ബീറിനെ മറ്റുള്ളവരെ അറിയിക്കൽ സുന്നത്താണ്. അയാൾ നിശ്ചിത സ്ഥലത്തു നിൽക്കണമെന്ന് നിബന്ധനയൊന്നുമില്ല
മൂന്ന് പേർ പള്ളിയിൽ വന്നു, ആദ്യത്തെ രണ്ടു പേർ വുളൂ ചെയ്ത് ജമാഅത് നിസ്കരിക്കാൻ ഒരുങ്ങി. എന്നാൽ അവർ മൂന്നാമനെ കാത്തിരുന്ന് പിന്നിൽ സ്വഫായി നിൽക്കേണ്ടതുണ്ടോ?
നിൽക്കേണ്ടതില്ല. ആദ്യത്തെയാൾ ഇമാമിന്റെ വലതു ഭാഗത്താണ് നിൽക്കേണ്ടത്. അടുത്തയാളും വന്നതിനുശേഷമാണ് അവർ രണ്ടു പേരും പിന്നോട്ട് സ്വഫായി നിൽക്കേണ്ടത്.
സ്ത്രീകൾ മയ്യിത്ത് നിസ്കരിക്കുമ്പോൾ ഇമാം നിൽക്കേണ്ടത് പുരുഷനാണോ? സ്ത്രീകൾക്ക് ഇമാം നിൽക്കാമോ ?
ഒരു മുസ്ലിം മരിച്ചാൽ അവന്റെ മേൽ മയ്യിത്ത് നിസ്കരിക്കാനുള്ള ബാധ്യത പുരുഷന്മാർക്കാണുള്ളത്. പുരുഷൻ ഇല്ലെങ്കിൽ മാത്രമേ ഈ ബാധ്യത സ്ത്രീകളുടെ മേൽ വരുന്നുള്ളൂ. നിസ്കാരം നടക്കുന്ന നാടിന്റെ അതിർത്തിക്കുള്ളിലോ അതിനോടടുത്തുള്ള ഭാഗത്ത് നിന്ന് നിസ്കരിക്കുന്ന നാട്ടിലേക്ക് ചേർക്കപ്പെടുന്ന സ്ഥലത്തോ പുരുഷൻ ഉള്ളപ്പോൾ സ്ത്രീകൾ നിസ്കരിക്കാൻ നിർദ്ദേശിക്കപ്പെടുന്നില്ല. ഈ നിലക്ക് പുരുഷൻ ഇല്ലെങ്കിൽ മയ്യിത്ത് നിസ്കാരം സ്ത്രീകളുടെ മേൽ നിർബന്ധമാക്കുന്നതും അവരുടെ നിസ്കാരത്തോടെ ബാധ്യത വീടുന്നതുമാണ് .പുരുഷന്മാർ ഉണ്ടായിരിക്കെ സ്ത്രീകൾക്ക് മയ്യത്ത് നിസ്കാരം നിർബന്ധമായി നിർദ്ദേശിക്കപ്പെടുന്നില്ല എന്നതുപോലെ സുന്നത്തായും നിർദ്ദേശം ഇല്ല. പുരുഷന്മാർ ഉണ്ടായിരിക്കെ പുരുഷന്മാർക്ക് മുമ്പായി സ്ത്രീകൾ മാത്രം നിസ്കരിക്കുന്നത് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായമനുസരിച്ച് ഹറാമാണ്. ഇനി പുരുഷന്മാരുടെ നിസ്കാരത്തിനു ശേഷം സ്ത്രീകൾ മയ്യത്ത് നിസ്കരിക്കുകയാണെങ്കിൽ പുരുഷനോ സ്ത്രീക്കോ ഇമാമായി നിൽക്കാവുന്നതാണ്.
സൂറത്ത് ഒാതികൊണ്ടിരിക്കുന്ന ഇമാമിനെ തുടർന്നവന് വജ്ജഹത്തു ഒാതൽ സുന്നത്തുണ്ടോ?
ഇമാം റുകൂഅ് ചെയ്യുന്നതിന് മുമ്പ് ഫാത്തിഹ പൂർത്തിയാകുമെന്ന് മികച്ച ഭാവനയുള്ളവനാണ് ദുആഉൽ ഇഫ്തിതാഹ് സുന്നത്തുള്ളത്. അതുകൊണ്ട്, ഫാതിഹ പൂർത്തിയാക്കാനാകുമെന്ന് മികച്ച ഭാവന ഇല്ലാത്തപക്ഷം അവൻ ഫാത്തിഹ ഒാതുകയാണ് വേണ്ടത്. ഇമാമിന്റെ നിർത്തത്തിൽ ഫാത്തിഹ ഒാതാൻ വിശാലമായത്ര സമയം ലഭിക്കില്ലെങ്കിൽ മഅ്മും ദുആഉൽ ഇഫ്തിതാഹിലേക്ക് പ്രവേശിക്കരുത്. പ്രവേശിച്ചാൽ തന്നെ , ആ സുന്നതിലായി എത്ര ഹർഫുകളുടെ സമയമാണോ ചെലവഴിച്ചത് , അത്രയും ഹർഫുകളുടെ കണക്കിൽ ഇമാം റുകൂഅ് ചെയ്തതിന് ശേഷം ഫാതിഹയിൽ നിന്ന് ബാക്കി പാരായണം ചെയ്ത ശേഷം മാത്രമേ അവൻ റുകൂഇലേക്ക് പ്രവേശിക്കാവൂ.
ഒരാൾ ജമാഅത്തിൽ പങ്കെടുക്കാൻ വരുന്നുണ്ടെന്ന് അറിഞ്ഞാൽ അത്തഹിയാത്ത് ഒാതിയതിനു ശേഷവും ഇമാം സലാം വീട്ടാതെ അയാളെ പ്രതീക്ഷിച്ചിരിക്കേണ്ടതുണ്ടോ?
ഒരാൾ ജമാഅത്തിൽ പങ്കെടുക്കാൻ വേണ്ടി വന്ന് നിസ്കാര സ്ഥലത്ത് സന്നിഹിതനായെന്ന് ബോധ്യപ്പെട്ടാൽ അയാൾക്കുവേണ്ടി റുകൂഇലോ അത്തഹിയാത്തിലോ കാത്തിരിക്കൽ ഇമാമിന് സുന്നത്താണ്.
ഇമാം സലാം വീട്ടിയതിനു ശേഷം നിസ്കാരം പൂർത്തിയാക്കാനുള്ള മഅ്മൂം ഇമാമിനോടൊപ്പം ഏത് ഇരുത്തമാണ് ഇരിക്കേണ്ടത്?
ഇമാമിന്റെ സലാമിനു ശേഷം നിസ്കാരം പൂർത്തിയാക്കാനുണ്ടെങ്കിൽ മഅ്മൂം ഇമാമിനോടൊപ്പം ഒന്നാമത്തെ അത്തഹിയ്യാത്തിൽ ഇരിക്കുന്നത് പോലെയാണ് ഇരിക്കേണ്ടത്. സലാം വീട്ടുന്ന ഇരുത്തത്തിൽ മാത്രമാണ് അവസാനത്തെ അത്തഹിയ്യാ തിലെ ഇരുത്തം ഇരിക്കേണ്ടത്.
ഇമാം ഇൻതിഖാലിന്റെ തക്ബീറുകൾ ഉച്ചത്തിൽ പറയുമ്പോൾ ദിക്റാണെന്ന് കരുതിയില്ലെങ്കിൽ നിസ്കാരം ബാത്വിലാണെന്ന് പഠിച്ചതായോർക്കുന്നു. കുറേ കാലം ഇമാമായി ജോലി ചെയ്ത ഞാൻ മറവി കാരണം അങ്ങനെ ചെയ്തിട്ടില്ല. ഇതിന് മാപ്പ് ലഭിക്കുമോ?
ഇമാം ഉച്ചത്തിൽ ദിഖ്‌ർ പറയുമ്പോൾ ദിഖ്‌ർ എന്നോ, അല്ലെങ്കിൽ ദിഖ്‌റിനേയും മഹ്മൂമീങ്ങളെ അറിയിക്കുന്നതിനേയും ഒരുമിച്ചോ കരുതേണ്ടതാണ്. അല്ലെങ്കിൽ നിസ്ക്കാരം ബാത്വിലാകും എന്നാണ് നിയമം. അതേസമയം, ഇൻതിഖാലിന്റെ തക്ബീറിൽ യാതൊന്നും കരുതിയില്ലങ്കിൽ നിസ്ക്കാരം ബാത്വിലാകും എന്നതാണ് പ്രബലമെങ്കിലും ബാത്വിലാവുകയില്ലെന്ന വീക്ഷണവും ഉണ്ട്. (ഇതനുസരിച്ചു പ്രവർത്തിക്കാവുന്നതാണ്) (وبنطق) عمدا ولو بإكراه (بحرفين) إن تواليا كما استظهره شيخنا - من غير قرآن وذكر أو دعاء لم يقصد بها مجرد التفهيم، كقوله لمن استأذنوه في الدخول: * (ادخلوها بسلام آمنين) * فإن قصد القراءة أو الذكر وحده أو مع التنبيه لم تبطل، وكذا إن أطلق. على ما قاله جمع متقدمون. لكن الذي في التحقيق والدقائق البطلان، وهو المعتمد. وتأتي هذه الصور الاربعة في الفتح على الامام بالقرآن أو الذكر، وفي الجهر بتكبير الانتقال من الامام والمبلغ. وتبطل بحرفين، (ولو) ظهرا (في [ فتح المعين، ] (ഫത്ത്ഹുൽ മുഈൻ )
ഫർള് നിസ്സ്കാരങ്ങളൊന്നും നിർവഹിക്കാതെ വെള്ളിയാഴ്ച്ച ജുമുഅ മാത്രം നിസ്കാരിച്ചാൽ ആ നിസ്ക്കാരം സ്വീകാര്യമോ?നിസ്ക്കരിക്കുന്നവന്റെ വിധി എന്താണ്?
നിസ്ക്കാരം ഉപേക്ഷിച്ചവൻ കടുത്ത പാപിയാണ്.ഉപേക്ഷിച്ച നിസ്ക്കാരം വേഗത്തിൽ ഖളാഅ് വീട്ടി പശ്ചാതപിച്ച് മടങ്ങുകയാണ് വേണ്ടത്. അതേ സമയം, ഇത് ജുമുഅ നിസ്കാരത്തിന്റെ സാധുതയെ ബാധിക്കുകയില്ല.ജുമുഅ നിസ്കാരം സ്വീകരിക്കപ്പെടുന്നതാണ്.