സ്ത്രീകൾക്ക് ഹജ്ജും ഉംറയും നിർബന്ധമാകുന്നതിന് പ്രത്യേകമായ വല്ല ഉപാധികളുമുണ്ടോ?
അവളുടെ കൂടെ ഭർത്താവോ, മഹ്റമോ, അല്ലെങ്കിൽ വിശ്വാസയോഗ്യരായ സ്ത്രീകളോ പുറപ്പെടണം. അതാണ് പ്രത്യേക ഉപാധി. വിവാഹ ബന്ധം ഹറാമായ പുരുഷനാണ് മഹ്റം. വിശ്വാസ യോഗ്യരായ സ്ത്രീകളുടെ കൂടെ അവരിലാരുടെയെങ്കിലും മഹ്റം ഉണ്ടാകണമെന്ന നിബന്ധനയില്ലയെന്നതാണ് പ്രബലമായ അഭിപ്രായം (മിൻഹാജ് പേ: 46). അപ്പോൾ ഭർത്താവോ, മഹ്റമോ, വിശ്വസ്തകളായ വനിതകളോ മുഖേന സ്വശരീരത്തിന്റെ കാര്യത്തിൽ നിർഭയത്വമുണ്ടെങ്കിലേ സ്ത്രീക്ക് ഹജ്ജും ഉംറയും നിർബന്ധമാവുകയുള്ളൂ.
വ്യക്തിപരമായി ഹജ്ജ് നിർബന്ധമാകുന്നത് ആർക്കാണ്?
ഹജ്ജിന് കഴിവുള്ള പ്രായപൂർത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രനായ ഓരോ മുസ്ലിമിനും ഹജ്ജ് വ്യക്തിപരമായി നിർബന്ധമാ കും. അപ്പോൾ കുട്ടികൾക്കും അടിമകൾക്കും ഭ്രാന്തന്മാർക്കും ഹജ്ജ് നിർബന്ധമില്ല. അവരുടെ പക്കൽ നിന്നുണ്ടാകുന്ന ഹജ്ജ് സുന്നത്തായിട്ടാണ് സംഭവിക്കുന്നത്. പക്ഷേ, അറഫയിൽ നിൽക്കവെ, കുട്ടി പ്രായപൂർത്തി പ്രാപിക്കുകയോ, അടിമ മോചിതനാവുകയോ, ഭ്രാന്തനു സ്വബോധം വരികയോ ചെയ്യുകയും അറഫാ നിർത്തം കൈവരിക്കുകയും ചെയ്തു, അല്ലെങ്കിൽ അറഫയ്ക്കു ശേഷം മേൽപറഞ്ഞ വിധം യോഗ്യത പ്രാപിക്കുകയും അറഫയിൽ നിന്ന് പുറപ്പെട്ട ശേഷം അങ്ങോട്ടു തിരിച്ചുവന്ന് യഥാ സമയത്ത് അറഫാ നിർത്തം നിർവ്വഹിക്കുകയും ചെയ്തുവെങ്കിൽ ആ ഹജ്ജ് കൊണ്ട് ഇസ്ലാമിലെ നിർബന്ധമായ ഹജ്ജു വീടുന്നതാണ്. (ഫത്ഹുൽ മുഈൻ & ഇആനത്ത് 2/281)
ഏഴുപേർ ചേർന്ന് ഉളുഹിയത് നിർവഹിക്കുകയാണെങ്കിൽ അറുക്കുന്ന സമയം എല്ലാവരും നിയ്യത്ത് ചെയ്യേണ്ടതുണ്ടോ?
ഉള്ഹിയ്യത്തിന് നിയ്യത്ത് നിർബന്ധമാണ്. സുന്നത്തായ ഉള്ഹിയ്യത്ത് അറുക്കുന്നു എന്നാണ് കരുതേണ്ടത്. ഉള്ഹിയ്യത്തറുക്കുന്നു എന്നു മാത്രം കരുതിയാല്‍ അത് നിര്‍ബന്ധമായി തീരും. മൃഗത്തെ നിര്‍ണയിക്കുന്ന സമയത്തോ അറുക്കുന്ന സമയത്തോ നിയ്യത്ത് ചെയ്യാവുന്നതാണ്. ഏഴ് പേരുണ്ടെങ്കിൽ ഒന്നിരിക്കൽ ഏഴ് പേരും നിയ്യത്ത് ചെയ്യുകയോ അല്ലെങ്കിൽ നിയ്യത്ത് ചെയ്യാൻ വേണ്ടി ഒരാളെ ഏൽപിക്കുകയോ ചെയ്യാം. അറവിന് ഏൽപിക്കുന്ന ആളെ തന്നെ നിയ്യത്ത് ചെയ്യാൻ ഏൽപ്പിക്കാവുന്നതാണ്. അപ്പോൾ അറുക്കുന്നയാൾക്ക് അറുക്കുന്ന സമയം അവർക്കുവേണ്ടി നിയ്യത്ത് ചെയ്യാമല്ലോ.
നിയ്യത്ത് ചെയ്ത ശേഷം അറവിന് ഉദ്ധേശിച്ച മൃഗം ചത്തു പോയാൽ മറ്റൊരു മൃഗത്തെ വാങ്ങി അറുക്കേണ്ടി വരുമോ?
നിയ്യത് എന്നാൽ കരുതുക എന്നാണല്ലോ, ഒരു മൃഗം അറവിന് കരുതി എന്നത് കൊണ്ട് മാത്രം അത് അറവ് നടത്തൽ നിർബന്ധമാകുന്നില്ല.അതിനാൽ അത്തരം മൃഗം നശിച്ചു പോയി എന്നത് കൊണ്ട് പകരം ഒന്നും നിർബന്ധമാകുന്നില്ലെന്നത് സുവ്യക്തമാണ്. എന്നാൽ നേർച്ചയുടെ വാചകത്തിലൂടെ നിശ്ചിത മൃഗം നേർച്ചയാക്കുകയും അവന്റെ വീഴ്ച മൂലമല്ലാതെ അത് നശിക്കുകയും ചെയ്‌താൽ പകരം ഒന്നും നിർബന്ധമാകുന്നില്ല. മൃഗം നശിച്ചത് അവന്റെ വീഴ്ച മൂലമാണെങ്കിൽ പകരം ആ മൃഗത്തിനോട് തുല്ല്യമായ മറ്റൊരു മൃഗം അറവ് നടത്തി വിതരണം ചെയ്യൽ നിർബന്ധമാണ്.
70000 രൂപ കൊടുത്ത് 7 പേർ കൂടി ഉള്ഹിയ്യത്തിന് വേണ്ടി ഒരു മൃഗം വാങ്ങി. ഏഴു പേരും തുല്യമായി കാശ് എടുക്കണമന്നുണ്ടോ? ഒരാളുടെ കയ്യിൽ അയ്യായിരം രൂപയേയുള്ളു. അയാൾക്ക് ഏഴിൽ ഒന്ന് ഷെയർ കിട്ടുമോ ?
ഏഴു പേരും തുല്യമായ് പണം ചെലവഴിക്കണമെന്ന നിർബന്ധമില്ല. പരസ്പര ധാരണയോടെ ഏറ്റക്കുറവുകളാകാം. പക്ഷേ, പണം എങ്ങനെ ചെലവഴിച്ചാലും ഏഴുപേർക്കും അർഹതപ്പെട്ട ഓഹരികൾ തുല്യമായിരിക്കണം.