ചിലർ അത്തഹിയ്യാത് ഓതി കൊണ്ടിരിക്കെ വലതു കയ്യിന്റെ ചൂണ്ടുവിരൽ ഉയത്തിയ ശേഷം ആ വിരൽ ചലിപ്പിച്ചുകൊണ്ടിരിക്കുന്നത് കാണാറുണ്ട്. അങ്ങനെ ചെയ്താൽ നിസ്കാരം ബാത്വിലാവില്ലേ?
കൈപത്തി ചലിക്കാതെ വിരൽ മാത്രം ചലിപ്പിച്ചതുകൊണ്ട് നിസ്കാരം ബാത്വിലാവുകയില്ല. അത്തഹിയ്യാതിനിടെ ഉയർത്തിയ വിരൽ ചലിപ്പിക്കൽ കറാഹത്താണ്. ഇമാം ഇബ്നു ഹജർ(റ) പറയുന്നത് കാണുക: വിരൽ ചലിപ്പിക്കൽ നിസ്കാരം ബാത്വിലാക്കുന്ന ഹറാം ആണെന്നൊരു അഭിപ്രായമുണ്ട്. അതി നാൽ അത് കറാഹത്താണെന്നാണ് നാം പറയുന്നത്. (തുഹ് 2/80).
ഖളാആയ നിസ്കാരങ്ങൾക്ക് ബാങ്കും ഇഖാമതും നിർവ്വഹിക്കേണ്ടതുണ്ടോ?
അഞ്ച് വഖ്ത് ഫർള് നിസ്കാരങ്ങൾക്ക് വാങ്കും ഇഖാമതും സുന്നതാണ്. നിസ്കാരം ഖളാ വീട്ടുകയാണെങ്കിലും സുന്നത്തു തന്നെ. മയ്യിത്തു നിസ്ക്കാരം, നേർച്ചയാക്കിയ നിസ്കാരം, സുന്നത്തു നിസ്കാരം എന്നിവയിൽ വാങ്ക് സുന്നത്തില്ല. സമയക്കുറവ് കാരണമായോ മറ്റോ ഒന്നിൽ മാത്രം ചുരുക്കുകയാണെങ്കിൽ വാങ്ക് മാത്രം വിളി ക്കലാണ് സുന്നത്. നഷ്ടമായ നിസ്കാരങ്ങൾ ഖളാആക്കി നിർവഹിക്കുക, ജംആക്കി നിസ്കരിക്കുക, ആസന്നമായതും നഷ്ടമായതും കൂടി നിർവഹിക്കുക തുടങ്ങിയ ഒന്നിലേറെ നിസ്കാരങ്ങൾ തുടരെ നിർവഹിക്കുന്ന ഘട്ടങ്ങളിൽ വാങ്കും ഇഖാമത്തും ഒന്നാമത്തേതിന് മാത്രവും ബാക്കിയുള്ളതിനെല്ലാം ഇഖാമത്ത് മാത്രവും നിർവ്വഹിക്കലാണ് സുന്നത്ത്. (يسن) على الكفاية. ويحصل بفعل البعض (أذان وإقامة) لخبر الصحيحين: إذا حضرت الصلاة فليؤذن لكم أحدكم. (لذكر ولو) صبيا، و (منفردا وإن سمع أذانا) من غيره على المعتمد، خلافا لما في شرح مسلم. نعم، إن سمع أذان الجماعة وأراد الصلاة معهم لم يسن له على الاوجه (لمكتوبة) ولو فائتة دون غيرها، كالسنن وصلاة الجنازة والمنذورة. و) سن (أن يؤذن للاولى) فقط (من صلوات توالت) كفوائت وصلاتي جمع وفائتة، وحاضرة دخل وقتها قبل شروعه في الاذان. (ويقيم لكل) منها للاتباع. فتح المعين
നിസ്കരിച്ചു കൊണ്ടിരിക്കെ കൈ ഉണങ്ങിയ ഉറച്ച നജസിൽ തൊടുകയും ഉടൻ കൈ ഉയർത്തുകയും ചെയ്തു. എങ്കിൽ എന്റെ നിസ്കാരം സ്വഹീഹാകുമോ?
നിസ്കാരം സാധുവാകും. ദേഹത്തിൽ വീണ നജസ് ഉടനെ നീക്കം ചെയ്യുകയോ, കാറ്റു കാരണം വസ്ത്രം നീങ്ങി ഔറത്ത് വെളിവായപ്പോൾ ഉടനെ മറക്കുകയോ ചെയ്താൽ നിസ്കാരം ബാത്വിലാവാത്തത് പോലെയാണിത് എന്ന് ശൈഖ് മുഹമ്മദ് ഖതീബ് ശർബീനി അൽ അജ് വി ബതുൽ അജീബയിൽ (ചോദ്യം: 49)പറഞ്ഞിട്ടുണ്ട്.
ജമാഅത് നിസ്കാരത്തിൽ ഇമാം മറന്നുകൊണ്ട് അധിക റക്അത്തിലേക്ക് എഴുന്നേൽക്കുകയോ റകഅത്ത് എണ്ണം കുറച്ചുകൊണ്ട് അത്തഹിയ്യാത്തിന് ഇരിക്കുകയോ ചെയ്താൽ (ഉദാ : മഗ്രിബ് നാലാം റക്അത്തിലേക്ക് എഴുന്നേൽക്കുക, ഇശാഅ് മൂന്നാം റക്അത്തിൽ അത്തഹിയ്യാത്തിന് വേണ്ടി ഇരിക്കുക ) മഅമൂം എന്തു ചെയ്യണം?
ഇമാം മറന്നുകൊണ്ട് അധിക റക്അത്തിലേക്ക് എഴുന്നേറ്റാൽ മഅമൂം ഇമാമിനെ വേർപിരിയുന്നതായി കരുതി ബാക്കിയുള്ള ഭാഗങ്ങൾ സ്വന്തമായി ചെയ്ത് സലാം വീട്ടുകയോ ഇമാമിനെ പിരിയാതെ ഇമാം അത്തഹിയ്യാത്തിന്റെ ഇരുത്തത്തിലേക്ക് എത്തുന്നത് വരെ ഇമാമിനെ കാത്തിരിക്കുകയോ ചെയ്യാവുന്നതാണ്. വേർപിരിയലാണ് ഉത്തമം. ഇമാം റക്അത്ത് പൂർണമാകുന്നതിന് മുമ്പ് മറന്നു കൊണ്ട് അത്തഹിയ്യാത്തിന് ഇരുന്നാൽ (ഉദാ : ഇശാഇന്റെ മൂന്നാം റകഅത്തിൽ അത്തഹിയ്യാത്തിന് ഇരിക്കുക)മഅമൂം ഇമാമി നെ വേർപിരിയുന്നതായി കരുതി ബാക്കിയുള്ള റക്അത് നിർവ്വഹിക്കണം. ഇമാം നിജസ്ഥിതി മനസ്സിലാക്കി നാലാം റക്അത്തിലേക്ക് എഴുന്നേൽക്കാൻ സാധ്യതയുള്ളതിനാൽ ഇമാമിനെ പിരിയാതെ നാലാം റക്അത്തിലേക്ക് എഴുന്നേറ്റതിന് ശേഷം ഇമാമിനെ പ്രതിക്ഷിച്ച് നിൽക്കലും അനുവദനീയമാണെന്ന് ഇബ്നു ഖാസിം(റ) വ്യ ക്തമാക്കിയിട്ടുണ്ട്. (തഹ്ഫ -ശർവാനി സഹിതം. 2 -194).
നിസ്കാരത്തിൽ ഇരിക്കുന്നവർ ഇരുത്തം ശരിയാക്കാൻ വേണ്ടി കാൽ മുട്ടുകളുടെ മുന്നിലേക്ക് നെറ്റി നേരിടുന്ന വിധം കുനിഞ്ഞാൽ നിസ്കാരം ബാത്വിലാകുമെന്ന് ഫത്ഹുൽ മുഈനിൽ പറഞ്ഞിട്ടുണ്ടല്ലോ. അതനുസരിച്ച് സുജൂദിൽ നിന്നും അത്തഹിയ്യാത്തിൽ നിന്നും നിറുത്തത്തിലേക്ക് ഉയരുമ്പോൾ രണ്ടു കൈകൾ നിലത്ത് കുത്തി എഴുന്നേറ്റാൽ നിസ്കാരം ബാത്വിലാകുമോ? കാൽ മുട്ടുകൾക്ക് മുന്നിലേക്ക്, നെറ്റി നേരിടുന്ന പ്രശ്നം ഇവിടെയുമില്ലേ?
ഇരിക്കുന്നവൻ കാൽ മുട്ടുകൾക്ക് മുന്നിലുള്ള സ്ഥലത്തേക്ക് നെറ്റി നേരിടുന്ന വിധം കുനിഞ്ഞാൽ നിസ്കാരം ബാത്വിലാകുമെന്ന് ഫത്ഹുൽ മുഈനിൽ പറഞ്ഞിട്ടുണ്ട്. ശൈഖ് മഖ്ദൂം(റ) എ ഴുതുന്നു. ഫിഅലിയ്യായ (പ്രവർത്തിക്കേണ്ടതായ ) ഫർളിനെ ഇമാമിനോടുള്ള തുടർച്ചക്കു വേണ്ടിയല്ലാതെ ബോധപൂർവ്വം വർദ്ധി പ്പിക്കൽ കൊണ്ട് നിസ്കാരം ബാത്വിലാകുന്നതാണ്. റുകൂഇനേയോ സുജൂദിനേയോ വർദ്ധിപ്പിക്കുന്നത് ഇതിനുദാഹരണമാണ്. ശൈഖുന പറഞ്ഞതു പോലെ ഇരിക്കുന്നവൻ കാൽ മുട്ടുകളുടെ മുന്നിലുള്ള സ്ഥലത്തേക്ക് നെറ്റി നേരിടുന്ന വിധം കുനിയൽ ഇതിൽ പെട്ടതാണ്. ഇഫ്തിറാഷ്, തവർറുക് എന്നീ സുന്നത്തുകൾ ലഭ്യമാകുന്ന തിന് വേണ്ടിയാണെങ്കിലും ഇങ്ങനെ കുനിഞ്ഞാൽ നിസ്കാരം ബാത്വിലാകുന്നതാണ്. സുന്നത്ത് ലഭിക്കാൻ വേണ്ടി ബാത്വിലാകുന്ന കാര്യം പറ്റില്ലെന്നതാണ് കാരണം. (ഫത്ഹുൽ മുഈൻ) മേൽ പറഞ്ഞ വിധം കുനിയുന്നത് ഇരുന്ന് നിസ്കരിക്കുന്നവന്റെ റുകൂഅ് ആണല്ലോ. അതിനാൽ അത് റുകൂഅ് വർദ്ധിപ്പിക്കുന്ന വകുപ്പിൽ ഉൾപ്പെടുന്നു. ഇപ്രകാരം കുനിയുന്നത് കാരണം നിസ്കാരം ബാത്വിലാകുമെന്ന് ഇമാം ഇബ്നു ഹജർ(റ) തുഹ്ഫ 2-150 ൽ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം റുകൂഅ് വർദ്ധിപ്പിക്കു കയാണെന്ന ഉദ്ദേശ്യത്തിലായാലേ മേൽ പറഞ്ഞ വിധം കുനിയു ന്നതുകൊണ്ട് നിസ്കാരം ബാത്വിലാവുകയുള്ളൂവെന്നും റുകൂഇന്റെ ഉദ്ദേശ്യമില്ലെങ്കിൽ അതുകൊണ്ട് നിസ്കാരം ബാത്വിലാവുകയില്ലെ ന്നുമാണ് ഇമാം ജമാലു റംലി(റ)ന്റെ ഫത്വയിലുള്ളത്. തവർറുക് , ഇഫ്തിറാഷ് എന്നിവക്ക് വേണ്ടി റുകൂഇന്റെ രൂപം സംഭവിക്കുന്നത് കൊണ്ട് പ്രശ്നമില്ലെന്നാണ് അല്ലാമാ ഖൽയൂബി(റ) പറഞ്ഞിട്ടുള്ളത്. (ഹാശിയത്തു ശർവാനി 2-150) ഇമാം ഇബ്നു ഹജർ(റ), ശൈഖ് മഖ്ദൂം(റ) എന്നിവർ ഖപ്പെടുത്തിയിട്ടുള്ളത് മേൽ പറഞ്ഞവിധം കുനിയുന്നതു കൊണ്ട് നിസ്കാരം ബാത്വിലാകുമെന്ന് തന്നെയാണ്. എന്നാൽ സുജൂദിൽ നിന്നും അത്തഹിയ്യാത്തിന്റെ ഇരുത്തത്തിൽ നിന്നും നിറുത്തത്തിലേക്ക് ഉയരുമ്പോൾ തറയിൽ കൈകൾ കുത്തി എഴുന്നേൽകുന്നത് ഇതിൽ ഉൾപ്പെടുകയില്ല. നിറുത്തത്തിലേക്കുയരുമ്പോൾ തറയിൽ കൈകൾ കുത്തി ഉയരുക എന്നത് തന്നെ നിസ്കാരത്തിന്റെ സുന്ന ത്താണ്. നിസ്കാരത്തിൽ നിർദ്ദേശിക്കപ്പെട്ട കാര്യമായതിനാൽ അതുകൊണ്ട് നിസ്കാരം ബാത്വിലാവുകയില്ലെന്നത് വ്യക്തമാണ്. ഇമാം ഇബ്നു ഹജർ(റ) എഴുതി. സുജൂദിൽ നിന്നും ഇരുത്തത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ കൈപത്തികളുടെയും വിരലുകളുടെയും ഉൾഭാഗം തറയിൽ വെച്ച് അവയുടെ മേൽ ഊന്നൽ നൽകി ഉയരൽ സുന്നത്താണ്. എഴുന്നേൽക്കാൻ കൂടുതൽ സഹായവും താഴ്മക്ക് അനിയോജ്യവും നബി(സ)യിൽ നിന്ന് സ്ഥിരപ്പെട്ടതുമാണിത്. (തുഹ്ഫ 2-103) ഫത്ഹുൽ മുഈൻ പേജ് 70ലും ഇ ക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ശൈഖ് സഈദ് ബാഹസൻ(റ) എഴുതുന്നു. സുജൂദിൽ നിന്നും ഇരുത്തത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ രണ്ട് കൈപത്തികൾ തറയിൽ നിവർത്തി വെച്ച് കൈവെള്ളകളിൽ താങ്ങ് കൊടുത്ത് ഉയരൽ സുന്നത്താണ്. എളുപ്പമുള്ളതും നബി(സ) യിൽ നിന്ന് സ്ഥിരപ്പെട്ടതുമാണിത്. അശക്തനായ വ്യക്തി എഴുന്നേൽക്കുന്നത് പോലെയായിരുന്നു നബി(സ) എഴുന്നേറ്റിരുന്നത്. തല രണ്ടു കാൽ മുട്ടുകൾക്ക് മുന്നിലേക്ക് കൊണ്ടുവന്ന് കൊണ്ടാണിത് ചെയ്യുന്നത്. ഇബ്നു ഹജർ(റ)ന്റെ അഭിപ്രായമനുസരിച്ച് നിസ്കാരത്തെ ബാത്വിലാക്കുന്ന ഇരുന്നു നിസ്കരിക്കുന്നവന്റെ റുകൂഅ് വർദ്ധിപ്പിക്കലാ ണിതെന്ന് പറയപ്പെട്ടത് തള്ളപ്പെടുന്നതാണ്. കാരണം അത് സമ്മതിക്കപ്പെട്ടാൽ തന്നെ ഇവിടെ അത് പ്രശ്നമല്ല. നബി(സ)യിൽ നി ന്ന് സ്ഥിരപ്പെട്ടതും ഇമാമുകൾ വ്യക്തമാക്കിയിട്ടുള്ളതുമാണിത്. (ബുശ്റൽ കരീം 1-82). കടപ്പാട് : ഫതാവ, ചെറുശ്ശോല ഉസ്താദ്
തറാവീഹ് നിസ്കരിക്കുന്നവനെ തുടർന്ന് ഇശാഅ് നിസ്കരിക്കാമോ?
തറാവീഹ് നിസ്കരിക്കുന്നവനെ തുടർന്ന് ഇശാഅ് നിസ്കരിക്കുമ്പോൾ ഇമാം രണ്ട് റക്അത്ത് നിസ്കരിച്ചു സലാം വീട്ടിയാൽ തുടർച്ച അവസാനിക്കുന്നതാണ്. അതിനാൽ ഇങ്ങനെ തുടർന്നവൻ വൈകി പിന്തുടർന്ന് മസ്ഖിനെപ്പോലെ ബാക്കി റക്അത്തുകൾ നിസ്കരിച്ച് പൂർത്തിയാക്കണം. തറാവീഹ് നിസ്കരിക്കുന്നവൻ വീണ്ടും തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നിസ്കാരത്തിൽ പ്രവേശിച്ചത് കൊണ്ട് അദ്ദേഹത്തിന് തുടർച്ച ലഭിക്കുന്നതല്ല. അതേ സമയം രണ്ടാമതും തുടർച്ചയുടെ നിയ്യത്ത് ചെയ്ത് അദ്ദേഹത്തെ തുടർന്ന് നിസ്കരിക്കൽ അനുവദനീയമാണ്. പക്ഷേ, ഫർള് നിസ്കരിക്കുന്നവൻ സുന്നത്ത് നിസ്കരിക്കുന്നവനെ തുടർന്നു നിസ്കരിക്കുന്നതിലേറെ ഉത്തമം തനിച്ചു നിസ്കരിക്കലാണ്. തുഹ്ഫ: 20/332,333,359
ളുഹാ നിസ്കാരത്തെക്കുറിച്ച് വിശദീകരിക്കുമോ?
ളുഹാ നിസ്കാരം ചുരുങ്ങിയത് രണ്ടു റക്അത്തും കൂടിയാൽ എട്ട് റക്അതുമാണ്. ഭൂരിപക്ഷ പണ്ഡിതൻമാരും അംഗീകരിച്ച ഈ അഭിപ്രായം അനുസരിച്ച് ളുഹാ എന്ന നിയ്യത്തോടെ എട്ടിൽ കൂടുതൽ നിസ്കരിക്കൽ ഹറാമാണെന്നു വരും. എന്നാൽ 8 റക്അത്ത് എന്നത് ശ്രേഷ്ഠമായ റക്അതിൻ്റെ കണക്കാണ് എന്ന അഭിപ്രായവുമുണ്ട്. ഈ അഭിപ്രായ പ്രകാരം 12 റക്അത് വരെ നിസ്കരിക്കാം. ളുഹാ നിസ്കാരത്തിൽ ഓരോ രണ്ട് റക്അതുകളിലും സലാം വീട്ടൽ സുന്നത്താണ് . സൂര്യനുദിച്ചതിനുശേഷം ഒരു കുന്തത്തിൻ്റെ അളവ് ഉയർന്നതു ( ഏഴു മുഴം ഏകദേശം 20 മിനിറ്റ് ) മുതൽ ളുഹ്റിൻ്റെ സമയം തുടങ്ങുന്നത് വരെയാണ് ളുഹാ നിസ്കാരത്തിൻറെ സമയം. പകൽ കാൽ ഭാഗം ആവുമ്പോൾ നിസ്കരിക്കലാണ് ഏറ്റവും നല്ലത്.والشمس ، والضحى എന്നീ സൂറതുകൾ ളുഹാ നിസ്കാരത്തിൽ ഓതൽ സുന്നതാണ്.
ഇന്ന് പള്ളികളിൽ പലരും കസേരയിലിരുന്നു കൊണ്ടാണ് നിസ്കരിക്കാറുള്ളത്. സുഖമായി നടന്നു വരുന്നവർ പോലും കസേരയിലിരുന്ന് നിസ്കരിക്കുന്നത് കാണുന്നു. ഇത് അനുവദനീയമാണോ? ഇനി നിൽക്കാൻ കഴിയില്ലെങ്കിൽ തന്നെ തറയിൽ ഇരിക്കുകയല്ലേ വേണ്ടത്? വിശദീകരിച്ച് തരുമോ?
ഇന്ന് സാധാരണഗതിയിൽ കസേരയിലിരുന്ന് നിസ്കരിക്കുന്നവരെ മൂന്ന് വിഭാഗമായി തിരിക്കാം.
1. നിൽക്കാൻ പറ്റുമെങ്കിലും സുജൂദ് ചെയ്യാനും തറയിൽ ഇരിക്കാനും പറ്റാത്തവരാണ് ഒന്നാമത്തെ വിഭാഗം.ഇവർ നിന്ന് തന്നെ നിസ്കാരം തുടങ്ങണം. റുകൂഅ് ശരിയായ രീതിയിൽ തന്നെ ചെയ്യണം. നിർത്തത്തിൽ നിന്ന് തന്നെ പരമാവധി കുനിഞ്ഞ് സുജൂദ് ചെയ്യാം. അല്ലെങ്കിൽ ഒരു കസേരയിട്ട് ഇരുന്നു കൊണ്ടും സുജൂദ് ചെയ്യാം. ഇവിടെ തൻകീസ് (പിൻ ഭാഗം മുകളിലും തല ഭാഗം താഴെയും വരുന്ന രൂപം) സാധ്യമല്ലാത്തതിനാൽ കഴിയാവുന്നിടത്തോളം കുനിഞ്ഞാൽ മതി. നെറ്റി വെക്കൽ നിർബന്ധമില്ല. എങ്കിലും സുന്നത്തുണ്ട്. പക്ഷേ, പരമാവധി കുനിഞ്ഞ ശേഷം മാത്രമേ നെറ്റി വെക്കാവൂ. ഉയർന്ന സ്റ്റൂൽ വെച്ച് കുനിയുന്നതിന്റെ അളവ് കുറക്കരുത്.
2. നിൽക്കാൻ കഴിയൂല(സഹിക്കാൻ പറ്റാത്ത പ്രയാസമുണ്ട് ). സാധാ (തറയിൽ)ഇരിക്കാനും സുജൂദിനും പറ്റും എന്ന നിലയിലുള്ളവരാണ് രണ്ടാമത്തെ വിഭാഗം.നെറ്റിത്തടം, കാൽമുട്ട്, കൈകൾ, നിലത്ത് അമർത്തിയതായ നിലക്ക് കാൽവിരലുകൾ എന്നിവ ശരിയായ നിലക്ക് വെച്ച് സുജൂദ് ചെയ്യുന്നതിന് കസേരയിലിരിക്കുന്നത് തടസ്സമാകുന്നുണ്ടെങ്കിൽ ഇവർ കസേരയിൽ ഇരിക്കരുത്. മറിച്ച് തറയിൽ തന്നെ ഇരിക്കണം. അല്ലാത്ത പക്ഷം, സുജൂദ് നേരെ കിട്ടൂലല്ലോ! സുജൂദിന്റെ വേളയിൽ നിബന്ധനകൾ പാലിച്ച് ശരിയായ രീതിയിൽ സുജൂദ് ചെയ്യാൻ കഴിയുമെങ്കിൽ നിസ്കാരത്തിലെ ഇരുത്തത്തിന്റെ വേളയിൽ മാത്രം കസേര ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമില്ല.
3. (ഒരു നിലക്കും)നിൽക്കാനും പറ്റൂല. തറയിലിരിക്കാനും സുജൂദ് നേരെ ചെയ്യാനും പറ്റില്ല. ഇവരാണ് മൂന്നാമത്തെ വിഭാഗം.മറ്റു വഴിയില്ല എന്നത് കൊണ്ട് ഇവിടെ പൂർണ്ണമായും കസേര ഉപയോഗിക്കാം. നിയമാനുസൃതം നിൽക്കാനും തറയിലിരിക്കാനും സുജൂദ് പൂർണമായി നിർവ്വഹിക്കാനും കഴിയാത്തവർ കസേരയിലിരുന്ന് നിസ്കരിച്ചാൽ നിസ്കാരം സ്വഹീഹാകുന്നതാണ്. നിൽക്കാൻ കഴിവുള്ളവർ ഫർള് നിസ്കാരത്തിൽ നിൽക്കൽ നിർബന്ധമാണ്. അവർ കസേരയിലിരുന്ന് തക്ബീറതുൽ ഇഹ്റാമും ഫാതിഹയും നിർവ്വഹിച്ചു കൊണ്ട് നിസ്കരിച്ചാൽ ഫർള് നിസ്കാരം സ്വ ഹീഹാകുകയില്ല. നിൽക്കാൻ കഴിയില്ല എന്നത് കൊണ്ട് മാത്രം കസേര നിസ്കാരം പറ്റില്ല. കാരണം, കസേര നിസ്കാരത്തിൽ സു ജൂദിന്റെ കൃത്യമായ രൂപം ലഭിക്കുന്നില്ല. നിൽക്കാൻ കഴിയില്ല എന്ന കാരണത്താൽ നേരെ നിർവ്വഹിക്കാൻ പറ്റുന്ന സുജൂദ് നഷ്ടപ്പെടുത്താൻ പറ്റില്ലല്ലോ. അവർ തറയിലിരുന്ന് കൃത്യമായി സുജൂദ് നിർവ്വഹിക്കേണ്ടതാണ്.
കസേര നിസ്കാരം അനുവദനീയവും അല്ലാത്തതുമുണ്ടെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
സ്ത്രീകൾ മുടി കെട്ടിവെച്ചു കൊണ്ട് നിസ്കരിക്കുന്നത് കറാഹത്താണോ? മുടി കെട്ടാതെ നിസ്കരിക്കുമ്പോൾ എത്ര ശ്രദ്ധിച്ചാലും കുറഞ്ഞ മുടികൾ മുഖ മക്കനക്ക് പുറത്താവുന്നുണ്ട്. അപ്പോൾ എന്താണു ചെയ്യേണ്ടത്?
നിസ്കാരത്തിൽ വസ്ത്രവും മുടിയും മടക്കിയും ചുരുട്ടിയുമെല്ലാം വെക്കൽ കറാഹത്താണ്. അങ്ങിനെ ചെയ്യരുതെന്ന് എന്നോട് കൽപിക്കപ്പെട്ടിരിക്കുന്നുവെന്ന് നബി (സ്വ) പറഞ്ഞത് ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട്. അങ്ങനെ വെക്കുന്നത് ഭക്തിക്കും വിനയത്തിനും ചേർന്നതല്ല. എന്നാൽ മുടി ചുരുട്ടി വെക്കൽ കറാഹത്താകുന്നത് പുരുഷന്മാർക്ക് മാത്രമാണെന്നും സ്ത്രീകൾക്ക് കറാഹത്തില്ലെന്നും ഇമാംറംലി(റ) നിഹായയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ മുടി കെട്ടി വെച്ചില്ലെങ്കിൽ നിസ്കാരം ബാത്വിലാകുന്ന അവസ്ഥയാണെങ്കിൽ മുടി ഒതുക്കി കെട്ടിവെക്കൽ നിർബന്ധമായിത്തീരുമെന്ന് ഹാശിയത്തുൽ ഖൽയൂബിയിൽ (1/193) കാണാം.
അവ്വാബീൻ നിസ്കാരത്തെക്കുറിച്ച് വിശദീകരിക്കുമോ?
സ്വലാതുൽ അവ്വാബീൻ ജമാഅത്ത് സുന്നത്തില്ലാത്ത ഇനത്തിൽപെട്ട സുന്നത്ത് നിസ്കാരമാണ്.ഇരുപത് റക്അത്ത് നിസ്കാരമാണിത്. ഇശാഇനും മഗ്‌രിബിനുമിടയിലായാണ് സമയം. ആറ്, നാല്, രണ്ട് എന്നിങ്ങനെയാണ് റക്അത്തുകളെന്ന റിപ്പോർട്ടുമുണ്ട്. ഏറ്റവും ചുരുങ്ങിയത് രണ്ടു റക്അത്താണ്. മുമ്പ് നഷ്ടമായതോ മറ്റോ നിസ്കരിച്ചുകൊണ്ടും ഇത് നിർവഹിക്കാം. എന്നാൽ ശൈഖുനായുടെ അഭിപ്രായം അതു പറ്റില്ലെന്നാണ്. മഗ്‌രിബിന്റെ ദിക്റുകൾ കഴിഞ്ഞ ശേഷം നിസ്കരിക്കലാണ് ഉത്തമം.
നിസ്കാരത്തിന് മുമ്പ് നിർവ്വഹിക്കേണ്ട റവാതിബ് നിസ്കാരങ്ങൾ പിന്തിക്കുന്നതിന്റെ വിധി?
ഫർള് നിസ്കാരങ്ങൾക്ക് മുമ്പുള്ള റവാതിബ് സുന്നത്തുകളെ ഫർളിന് പിന്നിലേക്ക് മാറ്റാവുന്നതാണ്. അപ്പോഴും അത് അദാആയി തന്നെയാണ് പരിഗണിക്കപ്പെടുക. ചിലപ്പോൾ പിന്തിക്കൽ സുന്നതായി വരും. ഉദാഹര ണത്തിന്, ഒരാൾ എത്തിയത് നിസ്കാരം തുടങ്ങിയ ശേഷമാണ്. അല്ലെങ്കിൽ നിസ്കാരം തുടങ്ങാറാവുകയും സുന്നത്തിന് നിന്നാൽ ഇമാമിനോടൊപ്പം തക്ബീറതുൽ ഇഹ്റാമിന്റെ പുണ്യം നഷ്ടമാവുമെന്നും വരിക. ഇത്തരം സാഹചര്യങ്ങളിൽ സുന്നത്ത് തുടങ്ങൽ കറാഹത്താണ്. സമയമായിട്ടില്ല എന്ന കാരണത്താൽ ശേഷമുള്ള റവാതിബുകളെ നിസ്കാരത്തിന് മുമ്പിലേക്ക് മാറ്റാനാവില്ല.
ഇമാമിനെ ഇഅ്തിദാലിൽ വെച്ച് തുടരുന്ന മസ്ബൂഖ് ഇഅ്തിദാലിലേക്ക് പോകുന്നതിന് തക്ബീർ പറയേണ്ടതുണ്ടോ?
ഇമാമിനോടൊപ്പം നീങ്ങുന്ന മസ്ബൂഖ് അവന്റെ നീക്കങ്ങൾക്ക് തക്ബീർ ചൊല്ലണം. തുടരുന്ന നേരം ഇമാം ഇഅ്തിദാലിലാണെങ്കിൽ സുജൂദിലേക്ക് കുനിയുന്നതിനും അതിന് ശേഷമുള്ളവയ്ക്കും തക്ബീർ ചൊല്ലണം. ഓത്തിന്റേതല്ലാത്ത സുജൂദിലാണ് തുടരുന്നതെങ്കിൽ കുനിയുന്നതിന് തക്ബീർ പറയേണ്ടതില്ല. ഇമാമിനോട് ചേരുന്നിടത്തെ ദിക്റുകൾ,തഹ്മീദ്, തസ്ബീഹ്, അത്തഹിയ്യാത്ത്, ദുആഅ് എന്നിവ മഅ്മൂമും ചൊല്ലണം. സുന്നതാണത്. നബികുടുംബത്തിന്റെ മേലുള്ള സ്വലാത് ചൊല്ലൽ, മഅ്മൂമിന് ഒന്നാം അത്തഹിയ്യാത്തിന്റെ സ്ഥാനത്താ ണെങ്കിലും, സുന്നത്തുണ്ട്(ഫത്ഹുൽ മുഈൻ).
ഒരു സ്ഥലത്ത് ജമാഅത്തായി മയ്യിത്ത് നിസ്കാരം നടക്കുന്നുണ്ട്. അവിടെ വൈകിയെത്തിയവൻ ഉദാഹരണത്തിന് മൂന്നാമത്തെ തക്ബീറിലാണ് എത്തിയതെങ്കിൽ -എന്താണ് ചെയ്യേണ്ടത്?
മയ്യിത്ത് നിസ്കാരത്തിൽ പിന്തി തുടർന്നവൻ സ്വന്തം ക്രമമാണ് പാലിക്കേണ്ടത് . ഇമാമിനോടൊപ്പം അവന് ലഭിക്കുന്നത് അവന്റെ നിസ്കാരത്തിന്റെ ആദ്യ ഭാഗമായി കണക്കാക്കണം. ഉദാഹരണമായി, മൂന്നാം തക്ബീറിൽ ഇമാമിനെ തുടർന്നവൻ ഫാതിഹ ഓതുകയാണ് വേണ്ടത്. ഫാതിഹ തുടങ്ങുന്നതിന് അല്ലെങ്കിൽ പൂർത്തിയാകുന്നതിന് മുമ്പ് ഇമാം അടുത്ത തക്ബീർ ചൊല്ലിയാൽ അവനും തക്ബീർ ചൊല്ലണം. ഫാതിഹ പൂർത്തിയാക്കേണ്ടതില്ല. ഇമാമിന്റെ നാലാം തക്ബീർ അവന്റെ രണ്ടാം തക്ബീറായതിനാൽ അവൻ സ്വലാത്ത് ചൊല്ലണം. ഇമാമിന്റെ സലാമിന് ശേഷം ബാക്കിയുള്ളവ ക്രമ പ്രകാരം നിസ്കരിക്കണം. (തുഹ്ഫ 3 - 145)
ജുമുഅ നിസ്കാരത്തിനിടെ ഇമാം സൂറത് ഓതുമ്പോൾ ആദ്യ ഭാഗം ശബ്ദമില്ലാതെയും അവസാന ഭാഗം ശബ്ദം ഉയർത്തിയും ഓതുന്നതായി പല പള്ളികളിലും കാണാറുണ്ട്. ഇങ്ങനെ ചെയ്യൽ നല്ലതാണോ? ചിലർ ഫാതിഹക്ക് ശേഷം ബിസ്മി മാത്രം ഉറക്കെ ഓതാറുമുണ്ട്. മറ്റു ചിലർ ബിസ്മിയും പതുക്കെ തന്നെയാണ് ഓതാറുള്ളത്. ഇവിടെ നിർവ്വഹിക്കേണ്ട ശരിയായ രൂപം എന്താണ്?
ജുമുഅ നിസ്കാരങ്ങളിൽ വ്യത്യസ്ത നാടുകളിൽ നടക്കുന്ന വിവിധ രൂപങ്ങളെ കുറിച്ചാണ് ചോദ്യത്തിൽ പരാമർശിച്ചത്. ഇമാമിന്റെ ഫാതിഹക്ക് ശേഷം മഅ്മൂമിന് ഫാതിഹക്കാവശ്യമായ സമയം അടങ്ങൽ ഇമാമിന് സുന്നത്താണ്. ഈ സമയം ശബ്ദ മുയർത്താതെ ഇമാം ഖിറാഅത്ത് കൊണ്ടോ ദുആഅ് കൊണ്ടോ ജോലിയാവൽ സുന്നത്താണ്. ഖിറാത്താണ് ഏറ്റവും ഉത്തമം. ജുമുഅയുടെ ഇമാം തന്റെ ഫാതിഹക്ക് ശേഷം മഅ്മൂമുകൾ ഫാതിഹ ഓതാൻ വേണ്ടി ആവശ്യമയ സമയം അടങ്ങുകയും ആ അടക്ക ത്തിൽ ജുമുഅയിൽ പാരായണം ചെയ്യൽ സുന്നത്തുള്ള സൂറത്തിന്റെ ആദ്യ ഭാഗം ശബ്ദമുയർത്താതെ ഓതുകയും അടക്കത്തിന് ശേഷം സൂറത്തിൻറെ ബാക്കിഭാഗം ശബ്ദമുയർത്തി ഓതുകയും ചെയ്യുന്നു. ഇവിടെ ഇമാമിന് രണ്ട് സുന്നത്തുകൾ ലഭിക്കുന്നുണ്ട്. മഅ്മൂമുകൾക്ക് ഫാത്വിഹ ഓതാൻ ആവശ്യമായ സമയം അടങ്ങുക എന്നതും ആ സമയം ഇമാം പതുക്കെ ഖുർആൻ പാരായണം ചെയ്യുക എന്നതുമാണ് ആ രണ്ടു സുന്നത്തുകൾ. അതേസമയം ഫാതിഹ കഴിഞ്ഞ ഉടനെ ശബ്ദമുയർത്തി ബിസ്മി... ഓതിയതിനുശേഷം അടങ്ങിയതു കൊണ്ട് സുന്നത്ത് നഷ്ടപ്പെടും. കാരണം ഇമാമിൻറെ ഫാത്തിഹക്ക് ശേഷം സൂറതിന് മുമ്പാണ് സകത (അടക്കം) സുന്നത്തുള്ളത്. അതിനാൽ ബിസ്മി ഉറക്കെ ചൊല്ലി പിന്നെ ശബ്ദം ഉയർത്താതെ അടങ്ങുന്നതിനേക്കാൾ നല്ലത് ബിസ്മിയും ശബ്ദം ഉയർത്താതെ ചൊല്ലലാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. പക്ഷേ ഈ പറഞ്ഞ രണ്ട് രൂപങ്ങളിലും ജുമുഅയിൽ പ്രത്യേകം നിർദ്ദേശിക്കപ്പെട്ട സൂറതുകൾ പൂർണ്ണമായും ഉറക്കെ പാരായണം ചെയ്യുക എന്നത് നഷ്ടപ്പെടുന്നുണ്ട്. അതിനാൽ ഏറെ ഉത്തമം അടക്കത്തിന് ശേഷം നിശ്ചിത സൂറതുകൾ ആദ്യം മുതൽ തന്നെ ശബ്ദമുയർത്തി പാരായണം ചെയ്യലാണ്. സകത(അടക്കത്തിൻ്റെ) യുടെ സമയം പതുക്കെ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണ്. ഇങ്ങനെ ഖുർആന് പാരായണം ചെയ്യുമ്പോൾ പതുക്കെ പാരായണം ചെയ്യുന്നതും സകതയുടെ ശേഷം ഉറക്കെ പാരായണം ചെയ്യുന്നതും തമ്മിൽ മുസ്ഹഫിലെ ക്രമമവും തുടർച്ചയും ശ്രദ്ധിക്കലും നല്ലതാണ്. ഇതെല്ലാം പരിഗണിക്കുമ്പോൾ ഇവിടെ നാല് രൂപങ്ങളുണ്ട്. 1. ഇമാമിന്റെ ഫാതിഹക്ക് ശേഷം സൂറത്തിലെ ബിസ്മി ചൊല്ലുന്നതിന് മുമ്പ് ഇമാം അടങ്ങുകയും മഅ്മൂമുകൾ ഫാതിഹ ഓതാനാവശ്യമായ അടക്കത്തിന് ശേഷം നിശ്ചിത സൂറത്ത് ബിസ്മി മുതൽ അവസാനം വരെ പൂർണ്ണമായും ഉറക്കെ ഓതുകയും ചെയ്യുക. സകതയുടെ സമയം ശബ്ദമുയർത്താതെ ഖുർആൻ പാരായണമോ പ്രാർത്ഥനയോ നടത്തുക. ഖുർആൻ പാരായണമാണ് ഉത്തമം. സൂറത്തുൽ അഅ്ലാ, സൂറത്തുൽ ഗാശിയ/ സൂറത്തുൽ ജുമുഅ, മുനാഫിഖൂൻ എന്നീ സൂറത്തുകളാണ് ജുമുഅയിൽ പ്രത്യേക മായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഒന്നാം റക്അത്തിൽ സൂറത്തുൽ അഅ്ലാ ഓതുകയാണെങ്കിൽ ഒന്നാം റക്അത്തിലെ സകതയിൽ സൂറത്തുൽ അഅ്ലായുടെ തൊട്ട് മുകളിലുള്ള “അത്ത്വാരിഖിലെ ഭാഗങ്ങൾ പതുക്കെ ഓതുക. സക്തക്ക് ശേഷം സൂറത്തുൽ അഅ്ലാ ആദ്യാവസാനം ഉറക്കെ ഓതുക. രണ്ടാം റക്അത്തിൽ ഫാതിഹക്ക് ശേഷമുള്ള സക്തയിൽ “സൂറതുൽ ഗാശിയ' യിലെ തന്നെ ആദ്യ ഭാഗം പതുക്കെ ഓതുക. ഫാതിഹക്കാവശ്യമായ സകതയുടെ ശേഷം സൂറത്തുൽ ഗാശിയ ആദ്യം മുതൽ തന്നെ ഉറക്കെ ഓതുക. ജുമുഅയും മുനാഫിഖുനയും പാരായണം ചെയ്യുമ്പോഴും ഇത് പോലെ ക്രമം ശ്രദ്ധിക്കുക. ഒന്നാം റക്അതിലെ സക്തയിൽ സബ്ബിഹിസ്മയുടെ / ജുമുഅയുടെ ആദ്യ ഭാഗം തന്നെ പതുക്കെ പാരായണം ചെയ്യുന്നതിനും വിരോധമില്ല. പക്ഷേ സക്തയുടെ ശേഷം സൂറത്ത് ആദ്യാവസാനം ഉറക്കെ പാരായണം ചെയ്യണം. ഈ ഒന്നാം രൂപത്തിൽ സക്ത, സക്തയുടെ സമയം ഖുർആൻ പാരായണം ചെയ്യൽ, നിശ്ചിത സൂറത്തുകൾ ആദ്യാവസാനം ഉറക്കെ പാരായണം ചെയ്യൽ എന്നീ സുന്നത്തുകളെല്ലാം ലഭിക്കുന്നുണ്ട്. അതിനാൽ ഇതാണ് ഏറെ ഉത്തമം. ഈ നിശ്ചിത സൂറത്തുകൾ പ്രത്യേകം നിർദ്ദേശിക്കപ്പെട്ടിട്ടു ള്ളതിനാൽ സമയ ദൈർഘ്യം പ്രശ്നമാക്കേണ്ടതില്ല. 2. ഇമാമിന്റെ ഫാതിഹയുടെ ഉടനെ ഇമാം നിശ്ചിത സൂറത്ത് ആദ്യം മുതൽ ഉറക്കെ ഓതുന്നു. ഇവിടെ നിശ്ചിത സൂറത്ത് പൂർണ്ണമായും ഉറക്കെ ഓതുന്ന പുണ്യം ലഭിക്കുന്നുണ്ടെങ്കിലും സകത: നഷ്ടപ്പെടുന്നു . 3. ഫാതിഹക്ക് ശേഷം നിശ്ചിത സൂറത്തിന്റെ ആദ്യ ഭാഗം പതുക്കെയും ബാക്കി ഭാഗം ഉറക്കെയും ഓതുന്നു. (ഇവിടെ സകത ലഭിക്കുന്നു. നിശ്ചിത സൂറത്ത് പൂർണ്ണമായും ഉറക്കെ ഓതൽ നഷ്ടപ്പെടുന്നു.) 4. ഇമാം ഫാതിഹക്ക് ശേഷം ബിസ്മി ഉറക്കെ ചൊല്ലുന്നു. പിന്നീട് സൂറത്തിന്റെ ആദ്യ ഭാഗം പതുക്കെ ഓതുന്നു. പിന്നീട് ബാക്കിയുള്ളത് ഉറക്കെയും ഓതുന്നു. (ഇവിടെ സകതയും നിശ്ചിത സൂറത്ത് പൂർണ്ണമായി ഉറക്കെ ഓതലും നഷ്ടപ്പെടുന്നു.) ഈ രൂപങ്ങളെല്ലാം അനുവദനീയമാണെന്നതും ഇതൊന്നും ജുമുഅയുടെ സാധുതയെ ബാധിക്കുകയില്ലെന്നതും വ്യക്തമാണ്.
ഉസ്താദേ, മദ്രസ്സ 10 വരെ പഠിച്ചു. പത്തിലും ഫസ്റ്റ് വാങ്ങിച്ചു. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ ഉമ്മയുമായി. അൽഹംദുലില്ലാഹ്. സ്നേഹമുള്ള നല്ലൊരു ഭർത്താവിനെയും കിട്ടി. ഒരൊറ്റ കാര്യത്തിൽ ഞാനും എന്റെ ഭർത്താവും വളരെ ദുഃഖത്തിലാണ്. ഞങ്ങൾ കൃത്യമായി നിസ്കരിക്കാറില്ല. സുബഹി പോലും. എല്ലാ അറിവും ഞങ്ങൾക്കുണ്ട്. പക്ഷേ, അതിന് മാത്രം സാധിക്കുന്നില്ല.പൂർണമായും 5വഖ്ത് നിസ്കരിക്കുന്ന ഒരു ഭാര്യയും ഭർത്താവും ആകാൻ എന്താണ് ചെയ്യേണ്ടത്. വുളു എടുത്താൽ ചിലപ്പോൾ തോന്നും പിന്നീട് നിസ്കരിക്കാമെന്ന്? പിന്നീട് ചെയ്യുകയുമില്ല! നിസ്കാരവും ഖുർആൻ പാരായണവും കൃത്യമായി നിർവഹിക്കാൻ എന്താണ് ചെയ്യുക. സ്വാലിഹായ ഒരു വ്യക്തിയാവണം നബിയുടെ ചര്യ പിന്തുടരണം. സന്തോഷകരമായ ജീവിതമാകണം. ഒരു പരിഹാരം?
ശാരീരിക ആരാധനകളിൽ ഏറ്റവും പുണ്യമുള്ള കർമ്മമാണ് നിസ്കാരം. അഞ്ചു നേരത്തെ നിസ്കാരങ്ങൾ മനുഷ്യനെ തെറ്റുകുറ്റങ്ങളിൽ നിന്ന് തടയുകയും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണങ്ങൾ നിലനിർത്തുകയും ചെയ്യും. ഇത് നൽകുന്ന ആനന്ദം ചെറുതല്ല. പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള മുസ്ലിമിന് അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാണ്. ഒഴിവാക്കൽ ഗുരുതരമായ പാപമാണ്. അവ ഒഴിവാക്കാൻ ഒരു വഴിയുമില്ല. നഷ്ടപ്പെട്ട നിസ്കാരങ്ങൾ ഖളാഅ് വീട്ടലും നിർബന്ധം തന്നെ. അല്ലാഹു തെറ്റു ചെയ്തവർക്ക് പൊറുത്ത് കൊടുക്കുന്നവനാണല്ലോ. അടിമയുടെ തൗബ അവൻ സ്വീകരിക്കുമെന്നതിൽ സംശയമില്ല. നഷ്ടപ്പെട്ട നിസ്കാരങ്ങൾ ഖളാഅ് വീട്ടി തൗബ ചെയ്ത് മടങ്ങുക.
ഒലിക്കുന്ന രക്തമില്ലാത്തവയുടെ ശവങ്ങൾ നജസ് അല്ലല്ലോ! എങ്കിൽ, നിസ്കരിച്ച് കഴിഞ്ഞതിന് ശേഷം ശരീരത്തിൽ ചത്ത ഉറുമ്പിനെ കണ്ടാൽ ആ നിസ്കാരം ബാത്വിലാണ് എന്ന് കേട്ടു. ഇത് ശരിയാണോ?
മനുഷ്യൻ, മത്സ്യം , വെട്ടുകിളി എന്നിവയുടേതല്ലാത്ത എല്ലാ ജീവികളുടെയും ശവം നജസാണ്. ഈച്ച പോലുള്ള നിസ്സാര ജീവികളുടെ ശവങ്ങളുടെ വിധിയിലും മാറ്റമില്ല. ഇമാം ഖഫാൽ (റ) അടക്കമുള്ള ശാഫിഈ മദ്ഹബിലെ പ്രമുഖരായ ചില പണ്ഡിതന്മാർ ഒലിക്കുന്ന രക്തം ഇല്ലാത്തതിനാൽ ഇത്തരം ചെറുജീവികളുടെ ശവം നജസല്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈച്ചയുടെ ശല്യമുള്ള സ്ഥലങ്ങളിൽ നിസ്കരിക്കുമ്പോൾ അവയുടെ ശവം ശരീരത്തിലുണ്ടായാലും നിസ്കാരം സ്വഹീഹാകുമെന്ന് അഭിപ്രായമുണ്ട് . ശല്യം വ്യാപകമായ സ്ഥലങ്ങളിൽ ഈ അഭിപ്രായ ഭിന്നത മറ്റുള്ള ചെറു ജീവികളുടെ കാര്യത്തിലും ബാധകമാണ്. അത്കൊണ്ട് നിസ്കാരം കഴിഞ്ഞതിന് ശേഷം ശരീരത്തിൽ ചത്ത ഉറുമ്പിനെ കണ്ടാൽ , അവയെ കൊണ്ട് പ്രയാസം വ്യാപകമാവുകയും സൂക്ഷിക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, നിസ്കാരം ബാത്വിലാവുകയില്ല എന്ന് മനസ്സിലാക്കാം.
40 ൽ കുറഞ്ഞ ആളുകൾക്ക് ജുമുഅ നിസ്കാരം നിർവ്വഹിക്കാമോ?
ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണമനുസരിച്ച് അനുവദനീയമല്ല. 12 പേരെ കൊണ്ട് ജുമുഅ നടത്താമെന്ന വീക്ഷണമാണ് മാലികീ മദ്ഹബിലുള്ളത്. നാലുപേരെ കൊണ്ട് നടത്താമെന്ന വീക്ഷണമാണ് ഹനഫീ മദ്ഹബിലുള്ളത്. ഒരു നാട്ടിൽ 40 പേർ തികയില്ലെങ്കിൽ അവർ ജുമുഅ നിസ്കരിക്കുകയാണോ അല്ല ളുഹ്ർ നിസ്കരിക്കുകയാണോ വേണ്ടത് എന്ന് ഇമാം ബുൽഖീനീ (റ) വിനോട് ഒരിക്കൽ ചോദിക്കപ്പെട്ടു. ശാഫിഈ മദ്ഹബ് അനുസരിച്ച് അവർ ളുഹ്റാണ് നിസ്കരിക്കേണ്ടത് എന്നായിരുന്നു അവരുടെ മറുപടി. എന്നാൽ അവർക്ക് ജുമുഅ നിസ്കരിക്കാമെന്ന് ഒരു കൂട്ടം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശക്തമായ അഭിപ്രായം തന്നെയാണ് ഇത്. അവരെല്ലാവരും ഈ അഭിപ്രായത്തെ തഖ്‌ലീദ് ചെയ്യുകയാണെങ്കിൽ അവർക്ക് ജുമുഅ നിർവഹിക്കാം. എന്നാൽ ആദ്യം ജുമുഅയും പിന്നീട് ളുഹ്റും സൂക്ഷ്മത എന്ന നിലക്ക് നിസ്കരിക്കുകയാണെങ്കിൽ അതാണ് നല്ലത്. وسئل البلقيني عن أهل قرية لا يبلغ عددهم أربعين هل يصلون الجمعة أو الظهر؟ فأجاب رحمه الله: يصلون الظهر على مذهب الشافعي. وقد أجاز جمع من العلماء أن يصلوا الجمعة وهو قوي فإذا قلدوا أي جميعهم من قال هذه المقالة فإنهم يصلون الجمعة وإن احتاطوا فصلوا الجمعة ثم الظهر كان حسنا. [زين الدين المعبري ,فتح المعين بشرح قرة العين بمهمات الدين ]
ഒരാൾ ആദ്യത്തെ അത്തഹിയ്യാതിലോ അവസാനത്തെ അത്തഹിയ്യാതിലോ ഇമാമിനെ തുടർന്നാൽ അയാൾ അത്തഹിയാത് പൂർത്തിയാക്കണോ?
പൂർത്തിയാക്കണമെന്നില്ല. ആദ്യത്തെ അത്തഹിയ്യാത്തിലാണെങ്കിൽ ഇമാം മൂന്നാം റക്അത്തിലേക്ക് എഴുന്നേൽക്കുമ്പോൾ ഇമാമിനോടൊപ്പം അവൻ എഴുന്നേൽക്കണം. അവസാനത്തെ അത്തഹിയാത്തിലാണെങ്കിൽ ഇമാം സലാം വീട്ടിയ ഉടനെ അവൻ ബാക്കി നിസ്കരിക്കാൻ വേണ്ടി എഴുന്നേൽക്കണം.
സലാം വീട്ടിയ ശേഷം അബ്ആളു സുന്നത്ത് ഉപേക്ഷിച്ചതായി ഒാർമ വന്നാൽ ഇമാം സഹ്വിന്റെ സുജൂദ് ചെയ്യാൻ വേണ്ടി നിസ്കാരത്തിലേക്ക് മടങ്ങണോ? അപ്പോൾ മഅ്മൂം എന്ത് ചെയ്യണം? ബാക്കി നിസ്കരിച്ച് കൊണ്ടിരിക്കുന്ന മഅ്മൂം എന്ത് ചെയ്യണം?
സമയം ദീർഘമായിട്ടില്ലെങ്കിൽ സഹ് വിന്റെ സുജൂദ് ചെയ്യാൻ വേണ്ടി ഇമാമിന് നിസ്കാരത്തിലേക്ക് മടങ്ങാവുന്നതാണ്. അപ്പോൾ നിർബന്ധമായും മഅ്മൂമും ബാക്കി നിസ്കരിച്ചു കൊണ്ടിരിക്കുന്ന മസ്ബൂകും ഇമാമിനോടൊപ്പം നിസ്കാരത്തിലേക്ക് മടങ്ങണം.
ജമാഅത്ത് നിസ്കരിക്കുമ്പോൾ ഇമാമിന് വുളൂ ഉണ്ടായിരുന്നില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടാൽ നിസ്കാരം മാറ്റി നിസ്കരിക്കണോ?
മാറ്റി നിസ്കരിക്കേണ്ടതില്ല. ഇത്തരം നിസ്കാരങ്ങളിൽ ഇമാമിന്റെ നിസ്കാരം നഷ്ടപ്പെട്ടാലും മഅമൂമിന്റെ നിസ്കാരം നഷ്ടപ്പെടുകയില്ല. നിസ്കാരത്തിന്റെ ആദ്യത്തിൽ മഅ്മൂമിന് ഇതിനെ പരിശോധിക്കാൻ പറ്റില്ല. അതുകൊണ്ട് അവനിൽ നിന്നുള്ള വീഴ്ചയായി ഇതിനെ കണക്കാക്കുന്നില്ല.
ഇമാമിന്റെ ശബ്ദം എത്തിച്ചുകൊടുക്കാൻ മുബല്ലിഗിനെ നിശ്ചയിക്കാൻ പറ്റുമോ?പറ്റുമെങ്കിൽ അയാൾ ഇന്ന സ്ഥലത്തു തന്നെ നിൽക്കണമെന്ന് നിബന്ധനയുണ്ടോ?
ഇമാമിന്റെ പോക്കുവരവുകൾ മഅ്മൂം അറിയൽ നിർബന്ധമാണ്. അറിയുന്നില്ലെങ്കിൽ ഒരാൾ ഇമാമിന്റെ തക്ബീറിനെ മറ്റുള്ളവരെ അറിയിക്കൽ സുന്നത്താണ്. അയാൾ നിശ്ചിത സ്ഥലത്തു നിൽക്കണമെന്ന് നിബന്ധനയൊന്നുമില്ല
മൂന്ന് പേർ പള്ളിയിൽ വന്നു, ആദ്യത്തെ രണ്ടു പേർ വുളൂ ചെയ്ത് ജമാഅത് നിസ്കരിക്കാൻ ഒരുങ്ങി. എന്നാൽ അവർ മൂന്നാമനെ കാത്തിരുന്ന് പിന്നിൽ സ്വഫായി നിൽക്കേണ്ടതുണ്ടോ?
നിൽക്കേണ്ടതില്ല. ആദ്യത്തെയാൾ ഇമാമിന്റെ വലതു ഭാഗത്താണ് നിൽക്കേണ്ടത്. അടുത്തയാളും വന്നതിനുശേഷമാണ് അവർ രണ്ടു പേരും പിന്നോട്ട് സ്വഫായി നിൽക്കേണ്ടത്.
ബസിൽ യാത്ര ചെയ്യുമ്പോൾ ഒരു പള്ളിയിൽ നിന്ന് ബാങ്ക് കേട്ടു. പക്ഷേ, ബാങ്ക് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ബസ് കുറച്ചധികം സഞ്ചരിച്ചതിനാൽ ബാങ്ക് പകുതിക്ക് ശേഷം കേട്ടില്ല. എങ്കിൽ ബാങ്കിൻ്റെ ജവാബ് പറയേണ്ടത് എങ്ങിനെയാണ്? പൂർണമായും പറയേണ്ടതുണ്ടോ?ഒരുപാട് ബാങ്കുകൾ ഒരുമിച്ച് കേട്ടാലോ?
വാങ്കിന്റെ അക്ഷരങ്ങൾ വേർതിരിച്ചറിയുന്ന രൂപത്തിൽ അൽപഭാഗം മാത്രം കേട്ടാൽ കേട്ടതിനും കേൾക്കാത്തതിനും ഉത്തരം ചെയ്യൽ സുന്നത്താണ്. ഒന്നിനു പിറകെ ഒന്നായി പലയിടത്തു നിന്നും വാങ്ക് കേട്ടുകൊണ്ടിരുന്നാൽ അവയ്ക്കെല്ലാം ജവാബ് പറയൽ സുന്നത്തുണ്ട്. അത് അവൻ്റെ നിസ്കാരം കഴിഞ്ഞ ശേഷമാണെങ്കിൽ പോലും സുന്നത്തു തന്നെ. ആദ്യം കേട്ടതിന് ഉത്തരം പറയാതിരിക്കൽ കറാഹ ത്തുമാണ്. വാങ്കിന് പ്രതികരിക്കാൻ വേണ്ടി ഖിറാഅത്ത്, ദിക്ർ ദുആ എന്നിവ നിർത്തിവെക്കണം.
സ്ത്രീകൾ മയ്യിത്ത് നിസ്കരിക്കുമ്പോൾ ഇമാം നിൽക്കേണ്ടത് പുരുഷനാണോ? സ്ത്രീകൾക്ക് ഇമാം നിൽക്കാമോ ?
ഒരു മുസ്ലിം മരിച്ചാൽ അവന്റെ മേൽ മയ്യിത്ത് നിസ്കരിക്കാനുള്ള ബാധ്യത പുരുഷന്മാർക്കാണുള്ളത്. പുരുഷൻ ഇല്ലെങ്കിൽ മാത്രമേ ഈ ബാധ്യത സ്ത്രീകളുടെ മേൽ വരുന്നുള്ളൂ. നിസ്കാരം നടക്കുന്ന നാടിന്റെ അതിർത്തിക്കുള്ളിലോ അതിനോടടുത്തുള്ള ഭാഗത്ത് നിന്ന് നിസ്കരിക്കുന്ന നാട്ടിലേക്ക് ചേർക്കപ്പെടുന്ന സ്ഥലത്തോ പുരുഷൻ ഉള്ളപ്പോൾ സ്ത്രീകൾ നിസ്കരിക്കാൻ നിർദ്ദേശിക്കപ്പെടുന്നില്ല. ഈ നിലക്ക് പുരുഷൻ ഇല്ലെങ്കിൽ മയ്യിത്ത് നിസ്കാരം സ്ത്രീകളുടെ മേൽ നിർബന്ധമാക്കുന്നതും അവരുടെ നിസ്കാരത്തോടെ ബാധ്യത വീടുന്നതുമാണ് .പുരുഷന്മാർ ഉണ്ടായിരിക്കെ സ്ത്രീകൾക്ക് മയ്യത്ത് നിസ്കാരം നിർബന്ധമായി നിർദ്ദേശിക്കപ്പെടുന്നില്ല എന്നതുപോലെ സുന്നത്തായും നിർദ്ദേശം ഇല്ല. പുരുഷന്മാർ ഉണ്ടായിരിക്കെ പുരുഷന്മാർക്ക് മുമ്പായി സ്ത്രീകൾ മാത്രം നിസ്കരിക്കുന്നത് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായമനുസരിച്ച് ഹറാമാണ്. ഇനി പുരുഷന്മാരുടെ നിസ്കാരത്തിനു ശേഷം സ്ത്രീകൾ മയ്യത്ത് നിസ്കരിക്കുകയാണെങ്കിൽ പുരുഷനോ സ്ത്രീക്കോ ഇമാമായി നിൽക്കാവുന്നതാണ്.
തറാവീഹിൽ ഒാരോ രണ്ട് റക്അതുകൾക്ക് ശേഷം സലാം വീട്ടലാണല്ലോ പതിവ്,എന്നാൽ രണ്ടിൽ സലാം വീട്ടാതെ നാലിൽ സലാം വീട്ടുന്ന രീതി(നാല് റക്അത്ത് ഒരുമിച്ച്) അനുവദനീയമാണോ?
തറാവീഹിന്റെ ഒാരോ ഇൗ രണ്ട് റക്അതുകളിലും സലാം വീട്ടൽ നിർബന്ധമാണ്. ഒരു സലാം കൊണ്ട് നാല് റക്അതുകൾ നിസ്കരിച്ചാൽ സ്വഹീഹാവില്ല എന്ന് ഫത്ഹുൽ മുഇൗനിലുണ്ട്.
സൂറത്ത് ഒാതികൊണ്ടിരിക്കുന്ന ഇമാമിനെ തുടർന്നവന് വജ്ജഹത്തു ഒാതൽ സുന്നത്തുണ്ടോ?
ഇമാം റുകൂഅ് ചെയ്യുന്നതിന് മുമ്പ് ഫാത്തിഹ പൂർത്തിയാകുമെന്ന് മികച്ച ഭാവനയുള്ളവനാണ് ദുആഉൽ ഇഫ്തിതാഹ് സുന്നത്തുള്ളത്. അതുകൊണ്ട്, ഫാതിഹ പൂർത്തിയാക്കാനാകുമെന്ന് മികച്ച ഭാവന ഇല്ലാത്തപക്ഷം അവൻ ഫാത്തിഹ ഒാതുകയാണ് വേണ്ടത്. ഇമാമിന്റെ നിർത്തത്തിൽ ഫാത്തിഹ ഒാതാൻ വിശാലമായത്ര സമയം ലഭിക്കില്ലെങ്കിൽ മഅ്മും ദുആഉൽ ഇഫ്തിതാഹിലേക്ക് പ്രവേശിക്കരുത്. പ്രവേശിച്ചാൽ തന്നെ , ആ സുന്നതിലായി എത്ര ഹർഫുകളുടെ സമയമാണോ ചെലവഴിച്ചത് , അത്രയും ഹർഫുകളുടെ കണക്കിൽ ഇമാം റുകൂഅ് ചെയ്തതിന് ശേഷം ഫാതിഹയിൽ നിന്ന് ബാക്കി പാരായണം ചെയ്ത ശേഷം മാത്രമേ അവൻ റുകൂഇലേക്ക് പ്രവേശിക്കാവൂ.
ഒരാൾ ജമാഅത്തിൽ പങ്കെടുക്കാൻ വരുന്നുണ്ടെന്ന് അറിഞ്ഞാൽ അത്തഹിയാത്ത് ഒാതിയതിനു ശേഷവും ഇമാം സലാം വീട്ടാതെ അയാളെ പ്രതീക്ഷിച്ചിരിക്കേണ്ടതുണ്ടോ?
ഒരാൾ ജമാഅത്തിൽ പങ്കെടുക്കാൻ വേണ്ടി വന്ന് നിസ്കാര സ്ഥലത്ത് സന്നിഹിതനായെന്ന് ബോധ്യപ്പെട്ടാൽ അയാൾക്കുവേണ്ടി റുകൂഇലോ അത്തഹിയാത്തിലോ കാത്തിരിക്കൽ ഇമാമിന് സുന്നത്താണ്.
ഇമാം സലാം വീട്ടിയതിനു ശേഷം നിസ്കാരം പൂർത്തിയാക്കാനുള്ള മഅ്മൂം ഇമാമിനോടൊപ്പം ഏത് ഇരുത്തമാണ് ഇരിക്കേണ്ടത്?
ഇമാമിന്റെ സലാമിനു ശേഷം നിസ്കാരം പൂർത്തിയാക്കാനുണ്ടെങ്കിൽ മഅ്മൂം ഇമാമിനോടൊപ്പം ഒന്നാമത്തെ അത്തഹിയ്യാത്തിൽ ഇരിക്കുന്നത് പോലെയാണ് ഇരിക്കേണ്ടത്. സലാം വീട്ടുന്ന ഇരുത്തത്തിൽ മാത്രമാണ് അവസാനത്തെ അത്തഹിയ്യാ തിലെ ഇരുത്തം ഇരിക്കേണ്ടത്.
ഇമാം ഇൻതിഖാലിന്റെ തക്ബീറുകൾ ഉച്ചത്തിൽ പറയുമ്പോൾ ദിക്റാണെന്ന് കരുതിയില്ലെങ്കിൽ നിസ്കാരം ബാത്വിലാണെന്ന് പഠിച്ചതായോർക്കുന്നു. കുറേ കാലം ഇമാമായി ജോലി ചെയ്ത ഞാൻ മറവി കാരണം അങ്ങനെ ചെയ്തിട്ടില്ല. ഇതിന് മാപ്പ് ലഭിക്കുമോ?
ഇമാം ഉച്ചത്തിൽ ദിഖ്‌ർ പറയുമ്പോൾ ദിഖ്‌ർ എന്നോ, അല്ലെങ്കിൽ ദിഖ്‌റിനേയും മഹ്മൂമീങ്ങളെ അറിയിക്കുന്നതിനേയും ഒരുമിച്ചോ കരുതേണ്ടതാണ്. അല്ലെങ്കിൽ നിസ്ക്കാരം ബാത്വിലാകും എന്നാണ് നിയമം. അതേസമയം, ഇൻതിഖാലിന്റെ തക്ബീറിൽ യാതൊന്നും കരുതിയില്ലങ്കിൽ നിസ്ക്കാരം ബാത്വിലാകും എന്നതാണ് പ്രബലമെങ്കിലും ബാത്വിലാവുകയില്ലെന്ന വീക്ഷണവും ഉണ്ട്. (ഇതനുസരിച്ചു പ്രവർത്തിക്കാവുന്നതാണ്) (وبنطق) عمدا ولو بإكراه (بحرفين) إن تواليا كما استظهره شيخنا - من غير قرآن وذكر أو دعاء لم يقصد بها مجرد التفهيم، كقوله لمن استأذنوه في الدخول: * (ادخلوها بسلام آمنين) * فإن قصد القراءة أو الذكر وحده أو مع التنبيه لم تبطل، وكذا إن أطلق. على ما قاله جمع متقدمون. لكن الذي في التحقيق والدقائق البطلان، وهو المعتمد. وتأتي هذه الصور الاربعة في الفتح على الامام بالقرآن أو الذكر، وفي الجهر بتكبير الانتقال من الامام والمبلغ. وتبطل بحرفين، (ولو) ظهرا (في [ فتح المعين، ] (ഫത്ത്ഹുൽ മുഈൻ )
തറാവീഹിലെ വിത്ർ നിസ്കാരത്തിൽ ഖുനൂത്ത് ഓതാതെ സുജൂദിൽ പോയാൽ നിറുത്തത്തിലേക് തിരിച്ചു വരേണ്ടതുണ്ടോ ? അല്ല സുജൂദ് ചെയ്‌താൽ മതിയോ? മറന്നതിന് സഹവിന്റെ സുജൂദ് ചെയ്യണോ?
ഒറ്റക്ക് നിസ്കരിക്കുന്നവനും ഇമാമും നിറുത്തത്തിലേക്ക് തിരിച്ചു വരരുത്. മടങ്ങിയാൽ നിസ്കാരം ബാത്വിലാണ്. പിന്നീട് സഹവിന്റെ സുജൂദ് ചെയ്ത് പരിഹരിക്കാം. മഅമൂമിന് മാത്രമാണ് മറവി സംഭവിച്ചതെങ്കിൽ, ഇമാമിനെ വിട്ടുപിരിയുന്ന നിയ്യത്ത് കരുതി വേർപിരിയാത്ത പക്ഷം ഇമാമിനെ തുടരുന്നതിന് വേണ്ടി ഖുനൂതിലേക്ക് മടങ്ങൽ നിർബന്ധമാണ്.
സൂറത്ത് മെല്ലെ ഓതേണ്ടുന്ന നിസ്കാരത്തിൽ ഇമാമിന് തിലാവത്തിന്റെ സുജൂദ് സുന്നത്തുണ്ടോ?ഉണ്ടെങ്കിൽ മഅ്മൂമുകൾക്ക് അത് പ്രയാസമാകൂലേ?
ഫാതിഹയും സൂറത്തും ശബ്ദമുയർത്താതെ ചൊല്ലുന്ന നിസ്കാരത്തിലും തിലാവത്തിന്റെ സുജൂദ് സുന്നത്തുണ്ട്. പക്ഷെ, മഅമൂമുകളെ ആശയക്കുഴപ്പത്തിലാക്കാതിരിക്കാൻ ആ സുജൂദ് നിസ്കാരത്തിൽ നിന്ന് വിരമിക്കുന്നതുവരെ പിന്തിക്കൽ ഇമാമിന് സുന്നത്താണ്. تسن سجدة التلاوة لقارئ وسامع جميع آية سجدة، ويسجد مصل لقراءته، إلا مأموما فيسجد هو لسجدة إمامه ..........ويسن للامام في السرية تأخير السجود إلى فراغه. بل بحث ندب تأخيره في الجهرية أيضا في الجوامع العظام، لانه يخلط على المأمومين. [ فتح المعين ]
സ്ത്രീകൾ മുടി ചുരുട്ടിവച്ച് നിസ്കരിക്കുന്നതിന്റെ വിധി എന്ത്? പുരുഷന്മാർക്കോ?
പുരുഷന്മാർക്ക് നിസ്കാരത്തിനിടക്ക് മുടിയും വസ്ത്രവും ചുരുട്ടി വെക്കൽ കറാഹത്താണ് . സ്ത്രീകൾക്ക് മുടി കെട്ടി വെക്കൽ കറാഹതില്ല. എന്നല്ല സ്ത്രീകളുടെ മുടി ഔറതായതിനാലും മറക്കൽ നിർബന്ധമായതിനാലും അവ കെട്ടി വെച്ചാൽ മാത്രമേ ഔറത് മറക്കാൻ പറ്റൂ എന്ന അവസ്ഥയാണുള്ളത് എങ്കിൽ കെട്ടിവെക്കൽ നിർബന്ധമാണ് എന്ന് ഇമാം ഖൽയൂബി (റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. (وَ) يُكْرَهُ (كَفُّ شَعْرِهِ أَوْ ثَوْبِهِ) لِخَبَرِ «أُمِرْت أَنْ لَا أَكْفِتَ الشَّعْرَ أَوْ الثِّيَابَ» وَالْكَفْتُ بِمُثَنَّاةٍ فِي آخِرِهِ هُوَ الْجَمْعُ قَالَ تَعَالَى {أَلَمْ نَجْعَلِ الأَرْضَ كِفَاتًا} [المرسلات: 25] {أَحْيَاءً وَأَمْوَاتًا} [المرسلات: 26] أَيْ جَامِعَةً لَهُمْ، وَمِنْهُ كَمَا فِي الْمَجْمُوعِ أَنْ يُصَلِّيَ وَشَعْرُهُ مَعْقُوصٌ أَوْ مَرْدُودٌ تَحْتَ عِمَامَتِهِ أَوْ ثَوْبُهُ أَوْ كُمُّهُ مُشَمَّرٌ، وَمِنْهُ شَدُّ الْوَسَطِ وَغَرْزُ الْعَذَبَةِ، وَالْمَعْنَى فِي النَّهْيِ عَنْ كَفِّ ذَلِكَ أَنَّهُ يَسْجُدُ مَعَهُ: أَيْ غَالِبًا، وَلِهَذَا نَصَّ الشَّافِعِيُّ عَلَى كَرَاهَةِ الصَّلَاةِ وَفِي إبْهَامِهِ الْجِلْدَةُ الَّتِي يَجُرُّ بِهَا الْقَوْسَ، قَالَ: لِأَنِّي آمُرُهُ أَنْ يُفْضِيَ بُطُونَ كَفَّيْهِ إلَى الْأَرْضِ، وَالظَّاهِرُ أَنَّ ذَلِكَ جَارٍ فِي صَلَاةِ الْجِنَازَةِ، وَإِنْ اقْتَضَى تَعْلِيلُهُمْ خِلَافَهُ، وَيَنْبَغِي كَمَا قَالَ الزَّرْكَشِيُّ تَخْصِيصُهُ فِي الشَّعْرِ بِالرَّجُلِ، أَمَّا الْمَرْأَةُ فَفِي الْأَمْرِ بِنَقْضِهَا الضَّفَائِرَ مَشَقَّةٌ وَتَغْيِيرٌ لِهَيْئَتِهَا الْمُنَافِيَةِ لِلتَّجَمُّلِ، وَبِذَلِكَ صَرَّحَ فِي الْإِحْيَاءِ، وَيَنْبَغِي إلْحَاقُ الْخُنْثَى بِهَا، [الرملي، شمس الدين، نهاية المحتاج إلى شرح المنهاج، ٥٨/٢] نَعَمْ يَجِبُ كَفُّ شَعْرِ امْرَأَةٍ، وَخُنْثَى تَوَقَّفَتْ صِحَّةُ الصَّلَاةِ عَلَيْهِ، وَلَا يُكْرَهُ بَقَاؤُهُ مَكْفُوفًا بِالضَّفْرِ فِيهِمَا [القليوبي، ، ٢٢٠/١]
മൂത്രവാർച്ച ഉള്ളവർ എങ്ങനെയാണ് നിസ്‌കരിക്കേണ്ടത് ?
നിസ്കാരത്തിന് സമയമായാൽ ലിംഗം കഴുകി വൃത്തിയാക്കി ഭദ്രമായി കെട്ടിയശേഷം വുളൂഅ് ചെയ്ത് വൈകിക്കാതെ നിസ്കരിക്കണം. എന്നാൽ മൂത്ര വാർച്ചക്കാരനെ പോലെ നിത്യ അശുദ്ധിക്കാരനായ ഒരു വ്യക്തിക്ക് അദ്ധേഹത്തിന്റെ പതിവനുസരിച്ച് നിസ്കാരത്തിന്റെ സമയത്തിനിടയിലെ ഒരു നിശ്ചിത സമയം മൂത്രമോ മറ്റോ വരില്ല എന്ന് ഉറപ്പുണ്ടാവുകയും ആ സമയം വുളൂഅ് ചെയ്യാനും നിസ്കരിക്കാനും മാത്രം വിശാലമായ സമയമാവുകയും ചെയ്താൽ നിസ്കാരം ആ നിശ്ചിത സമയത്ത് തന്നെ നിർവഹിക്കൽ നിർബന്ധമാണ്.
പ്രായം കൂടുതലുള്ള , അടുത്ത് മുസ്‌ലിമായ ഒരു വ്യക്തിക്ക് വാർധക്യ സഹജമായ രോഗ കാരണങ്ങളാൽ ചേലാകർമ്മം ചെയ്യാൻ സാധിക്കുന്നില്ല. അദ്ധേഹത്തിന്റെ നിസ്ക്കാരം ശരിയാവുമോ? എന്ത് ചെയ്യണം?
ലിംഗാഗ്രചർമ്മത്തിനടിയിലേക്ക് വെള്ളം ചേരുന്നതിന് തടസമല്ലെങ്കിൽ അയാളുടെ നിർബന്ധ കുളികൾ ശരിയാവുന്നതുകൊണ്ട് നിസ്കാരത്തിന് പ്രശ്നമില്ല. എന്നാൽ വെള്ളം ചേരുന്നതിന് അത് തടസമാണെങ്കിൽ ലിംഗാഗ്രത്തെ തൊട്ട് ചർമത്തെ മുകളിലേക്ക് നീക്കി അവിടെ വെള്ളമെത്തിക്കേണ്ടതാണ്. അതിന് പറ്റില്ലെങ്കിൽ വലിയ അശുദ്ധി നീങ്ങാൻ കുളിക്കു പുറമെ ആ ഭാഗത്തിന് വേണ്ടി തയമ്മും കൂടി ചെയ്യേണ്ടതാണ്
പല്ലു പറിച്ച ശേഷം രക്തം നിൽക്കുന്നില്ലെങ്കിൽ അതോടെ നിസ്കരിച്ചാൽ നിസ്കാരം ശരിയാകുമോ?
സ്വന്തം ശരീരത്തിൽ നിന്നുള്ള രക്തത്തിന് നിസ്കാരത്തിൽ മാപ്പു നൽകപ്പെടുമെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കാണാം. അത് കൊണ്ട് , തോണ്ടുക, നാവ് കൊണ്ട് ഇളക്കി രക്തം പുറപ്പെടീക്കുക പോലോത്ത സ്വന്തം പ്രവർത്തനം കൊണ്ട് ആവാതിരിക്കണം , വായയിൽ സ്വാഭാവികമായും പടരാൻ സാധ്യതയുള്ള സ്ഥലമല്ലാത്ത ഇടങ്ങളിലേക്ക് രക്തം എത്തരുത്, ധരിക്കുന്ന വസ്ത്രത്തിൽ ആവാതിരിക്കണം എന്നീ നിബന്ധനകളോടെ, പല്ല് പറിച്ചെടുത്താലുണ്ടാകുന്ന മുറിവിൽ നിന്നും വരുന്ന രക്തത്തിനും മാപ്പു നൽകപ്പെടുന്നതാണ്. രക്തം നിലക്കാതെ ഒലിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അവിടെ ശുദ്ധിയാക്കിയ ശേഷം തുണിക്കഷ്ണം, പരുത്തി പോലോത്ത വല്ല വസ്തുവും വച്ച് നിസ്കരിക്കേണ്ടതാണ്. ശേഷം വരുന്ന രക്തം നിസ്ക്കാരത്തിൽ മാപ്പ് നൽകപ്പെടുന്നതാ
സഹ് വിന്റെ സുജൂദ് ചെയ്യാൻ മറന്നാൽ എന്തു ചെയ്യണം? പായയിൽ നിന്ന് എഴുന്നേറ്റതിന് ശേഷമാണ് ഓർമ്മ വന്നതെങ്കിൽ ?
ഒരാൾ സഹ് വിന്റെ സുജൂദ് മറന്ന് സലാം വീട്ടിയാൽ , സലാം വീട്ടി അധികസമയമാകും മുമ്പ് മറന്നത് ഓർമ്മ വന്നാൽ സഹ് വിന്റെ സുജൂദ് ചെയ്യൽ സുന്നത്തുണ്ട്. സഹ് വിന്റെ സുജൂദ് ചെയ്യൽ കൊണ്ട് നിസ്കാരത്തിലേക്ക് തന്നെ മടങ്ങുന്നതിനാൽ സുജൂദിന് ശേഷം നിസ്കാരത്തിന്റെ സലാം വീട്ടണം. സമയം ദീർഘിച്ച ശേഷമാണ് ഓർമ്മവന്ന തെങ്കിൽ സഹ് വിന്റെ സുജൂദിന്റെ സമയം നഷ്ടപ്പെട്ടു പോകുന്നതാണ്.
ധാരാളം ഫർള് നിസ്കാരങ്ങൾ ഖളാഅ് വീട്ടാനുണ്ട്. അവയുടെ എണ്ണം എത്രയാണെന്ന് അറിയുകയുമില്ല. എന്താണ് ചെയ്യേണ്ടത്?
നിസ്കരിച്ചു എന്ന് ഉറപ്പില്ലാത്ത മുഴുവൻ നിസ്കാരങ്ങളും അദ്ദേഹത്തിന് ഖളാഅ് വീട്ടൽ നിർബന്ധമാണ്. അതിനാൽ ഒരുപാട് നിസ്കാരങ്ങൾ ഖളാഅ് വീട്ടാനുള്ള വ്യക്തി സ്വന്തം തന്നെ ഒരു കണക്കെടുപ്പിന് തയ്യാറാവണം. തനിക്ക് പ്രായപൂർത്തിയായതു മുതൽ ഈ സമയം വരേ എത്ര വർഷം കഴിഞ്ഞുവെന്ന കണക്കെടുപ്പാണ് ആദ്യം വേണ്ടത്. ഇനി കിട്ടിയ വർഷങ്ങളെ ഒരു വർഷത്തിലെ ആകെ ദിവസങ്ങളുമായി ഗുണിച്ച് താൻ നിസ്കാരം ഖളാആക്കിയ ദിവസങ്ങളുടെ എണ്ണം കണ്ടെത്തുക. (ഉദാഹരണത്തിന് പ്രായപൂർത്തിയായതിന് ശേഷം 3 വർഷം കഴിഞ്ഞയാൾക്ക് (3 x 365 = 1095 ദിവസങ്ങൾ) 1095 ദിവസങ്ങൾ കിട്ടും. അപ്പോൾ 1095 സുബ്ഹ് , 1095 ളുഹ്റ്, 1095 അസ്റ്, 1095 മഗ്രിബ്, 1095 ഇശാഅ് എന്നിങ്ങനെയുളള നിസ്കാരക്കണക്കു കിട്ടും. ശേഷം ഇതുവരെയുള്ള തന്റെ പതിവനുസരിച്ച് താൻ നിസ്കരിച്ചു എന്ന് ഉറപ്പുള്ള നിസ്കാരങ്ങളുടെ കണക്കാണ് തയ്യാറാക്കേണ്ടത്. താൻ നിസ്കരിച്ചു എന്ന് ഉറപ്പുള്ള നിസ്കാരങ്ങളെ മേൽപ്പറഞ്ഞ കണക്കിൽ നിന്ന് ഒഴിവാക്കി ബാക്കിയുള്ള മുഴുവൻ നിസ്കാരങ്ങളും വളരെ വേഗം തന്നെ ഖളാഅ് വീട്ടണം.
നിസ്കാരം ബാത്വിലാകുന്ന കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു തരുമോ ?
നിസ്കാരത്തെ ബാത്വിലാക്കുന്ന കാര്യങ്ങളെ പണ്ഡിതന്മാർ മൂന്നായി തരംതിരിച്ചിരിക്കുന്നു ഒന്ന് :- മനപ്പൂർവ്വം ചെയ്താലും മറന്നു ചെയ്താലും നിസ്കാരത്തെ അസാധുവാക്കുന്ന കാര്യങ്ങൾ. അവകൾ ഇനി പറയുന്നവയാണ് 1) നിസ്കാരം മുറിക്കുന്നു എന്ന് കരുതുകയോ നിസ്കാരം പൂർത്തിയാക്കണോ മതിയാക്കണോ എന്ന് സംശയിക്കുകയോ ചെയ്യുക. ബുദ്ധിപരമായി അസംഭവ്യം അല്ലാത്ത ഏതെങ്കിലും കാര്യത്തോട് നിസ്കാരം മുറിക്കുന്നതിനെ ബന്ധിപ്പിച്ചാലും നിസ്കാരം അസാധുവാകുന്നതാണ്. പൈശാചിക ചിന്തയാലോ മറ്റോ അവിചാരിതമായി ഇത്തരം ചിന്തകൾ വരുന്നത് പ്രശ്നമാകില്ല എന്നോർക്കുക. 2) ചാട്ടം, ശക്തിയായ അടി പോലുള്ള അമിതമായ പ്രവർത്തനം . 3) നിസ്കാരത്തിൽ പെട്ടതല്ലാത്ത മൂന്നോ അതിൽ കൂടുതലോ പ്രവർത്തനങ്ങൾ തുടർച്ചയായുണ്ടാവുക. വിരൽ, കൺപോള, ചുണ്ട്, നാവ് തുടങ്ങിയ ലഘുവായ അവയവങ്ങൾ കൊണ്ട് വർദ്ധിച്ച പ്രവർത്തനം ഉണ്ടായാൽ ബാത്വിൽ ആവുകയില്ല.രോഗം കാരണം നിർബന്ധിതനായത് കൊണ്ടുണ്ടാകുന്ന വർധിച്ച ചലനത്തിനും വിരോധമില്ല. രണ്ട് : മനപ്പൂർവ്വം ചെയ്താൽ മാത്രം നിസ്കാരത്തെ അസാധുവാക്കുന്നവ. 1) റുകൂഅ്, സുജൂദ് തുടങ്ങിയ നിസ്കാരത്തിലെ പ്രവർത്തി അകാരണമായി വർദ്ധിപ്പിക്കുക. അത്തഹിയ്യാത്തിലോ മറ്റോ ഇരിക്കുന്നവൻ നെറ്റിത്തടം കാൽമുട്ടിന് മുൻ ഭാഗത്തോട് നേരിടും വിധം കുനിഞ്ഞാൽ നിസ്കാരം ബാതിലാകുന്നതാണ്. കാരണം ഇരുന്ന് നിസ്കരിക്കുന്നവന്റെ റുകൂഅ് അതായതിനാൽ അങ്ങിനെ ചെയ്തവൻ ഒരു റുകൂഅ് വർദ്ധിപ്പിച്ച വനായി. ഇരുത്തം ശരിയാക്കാനായി പലരും അപ്രകാരം ചെയ്യുന്നതായി കാണാം. സലാം, നിസ്കാരം തുടങ്ങുന്നു എന്ന ഉദ്ദേശത്തോടുകൂടി ഉള്ള തക്ബീറോ വർദ്ധിപ്പിച്ചാൽ നിസ്കാരം ബാത്വിലാകുന്നതാണ്. മൂന്ന് :- വിശദീകരണം ഉള്ളവ അവയെ പലതായി തിരിക്കാം. 1) നിസ്കാരത്തിലെ ഏതെങ്കിലും ഫർള് ഒഴിവാക്കുക.ഒഴിവാക്കിയത് നിയ്യത്തോ തക്ബീറത്തുൽ ഇഹ്റാമോ ആണെങ്കിൽ ഒഴിവാക്കിയത് മനപൂർവ്വം ആയാലും മറന്നുകൊണ്ടായാലും നിസ്കാരം ബാത്വിലാകും. മറ്റു വല്ല ഫർളുമാണെങ്കിൽ മനഃപ്പൂർവ്വം ഒഴിവാക്കിയാൽ നിസ്കാരം ബാത്വിലാകുന്നതും മറന്നുകൊണ്ട് ആണെങ്കിൽ അത് വീണ്ടെടുത്തില്ലെങ്കിൽ നിസ്കാരം ബാത്വിലാകുന്നതുമാണ്. 2)നിസ്കാരത്തിന്റെ ഏതെങ്കിലും നിബന്ധന പാലിക്കപ്പെടാതിരിക്കുക. നിസ്കാരത്തിനിടയിൽ അംഗശുദ്ധി നഷ്ടപ്പെടുകയോ ദേഹത്തോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ വിട്ടുവീഴ്ചയില്ലാത്ത നജസ് വീഴുകയോ കാറ്റടിച്ചോ മറ്റോ ഔറത്ത് വെളിവാകുകയോ ഖിബ് ലയുടെ ഭാഗത്തുനിന്ന് തെറ്റുകയോ ചെയ്താൽ നിസ്കാരം ബാത്വിലാകുന്നതാണ്.എന്നാൽ ഉണങ്ങിയ നജസ് വീണയുടനെ സ്പർശിക്കുകയോ വഹിക്കുകയോ ചെയ്യാതെ നീക്കം ചെയ്യുന്നപക്ഷം നിസ്കാരം ബാത്വിലാവുകയില്ല. ഈർപ്പമുള്ള നജസ് ദേഹത്ത് വീണാൽ നിസ്കാരം ബാത്വിലാകുന്നതാണ്. വസ്ത്രത്തിലാണ് വീണതെങ്കിൽ സ്പർശിക്കുകയോ വഹിക്കുകയോ ചെയ്യാതെ തുടർച്ചയായ മൂന്നനക്കം കൂടാതെ ഉടനെ അഴിച്ചുമാറ്റിയാൽ വിരോധമില്ല. മാറ്റാൻ വൈകിയാൽ ബാത്വിലാകും. കാറ്റടിച്ചോ മറ്റോ വെളിവായ ഔറത്ത് ഉടൻ മറച്ചാൽ നിസ്ക്കാരം ബാത്വിലാവുകയില്ല. 3) എന്തെങ്കിലും സാധനം ശരീരത്തിനുള്ളിൽ എത്തുക ഭക്ഷണാവശിഷ്ടം, കഫം തുടങ്ങിയ ഏതെങ്കിലും തടിയുള്ള സാധനം ഉള്ളിലെത്തിയാൽ നിസ്കാരം ബാത്വിലാകും. 4) നിയ്യത്ത് ചെയ്തോ ഇല്ലയോ എന്നോ തക്ബീറത്തുൽ ഇഹ്റാം ചൊല്ലിയോ ഇല്ലയോ എന്ന് സംശയിക്കുക.
നിസ്കാരത്തിൽ അറബി പദങ്ങൾ ഉച്ചരിക്കുന്നതിന്റെ വിധിയെന്താണ് ? ഇത് കൊണ്ട് നിസ്കാരം ബാത്വിലാകുമോ?
നിസ്കാരത്തിൽ അർത്ഥമുള്ള ഒരക്ഷരമോ അർത്ഥമില്ലാത്ത രണ്ടക്ഷരം തുടർച്ചയായോ ഉച്ചരിക്കൽ കൊണ്ട് നിസ്കാരം ബാത്വിലാകും. എന്നാൽ അനുവദനീയമായ ദുആഅ് , ദിക്റ് എന്നിവ അറബിയിൽ പറയൽ കൊണ്ട് നിസ്കാരത്തിന് പ്രശ്നമില്ല. അറബിയല്ലാത്ത ഭാഷയിലാണെങ്കിൽ നിസ്കാരം ബാത്വിലാവും.
സ്വലാതുൽ ഇഷ്റാകിന്റെ സമയം എപ്പോഴാണ് തുടങ്ങുക ?എപ്പോൾ അവസാനിക്കും?
'ഇഷ്റാക്' നിസ്കാരവും 'ളുഹാ' നിസ്കാരവും ഒന്ന് തന്നെയെന്നാണ് ഷാഫിഈ മദ്ഹബിലെ പ്രബല ഗ്രന്ഥമായ 'നിഹായ' യിൽ ഇമാം റംലി (റ) വ്യക്തമാക്കിയത്. ഇതേ വീക്ഷണം ഫത്ഹുൽ മുഈനിൽ ഇബ്നു അബ്ബാസ് (റ) പറഞ്ഞുവെന്ന് വിവരിച്ചതായും കാണാം. ഇത് പ്രബലവുമാണ്. ഈ വീക്ഷണമനുസരിച്ച് ളുഹയുടെ സമയം തന്നെയാണ് ഇഷ്റാഖിന്റെയും സമയം. എന്നാൽ ഷാഫിഈ മദ്ഹബിൽ തന്നെ ഇശ്റാഖ് നിസ്കാരം ളുഹാ നിസ്കാരം അല്ല എന്ന വീക്ഷണവുമുണ്ട്. ഈ വീക്ഷണപ്രകാരം സൂര്യനുദിച്ച് കറാഹത്തായ സമയം കഴിയുന്ന അവസരത്തിലാണ് ഇഷ്റാഖിന്റെ സമയം.
റൂമിൽ കള്ള് കുടിക്കുന്നവർ ഉണ്ടായാൽ അവിടെ വച്ച് നിസ്കരിക്കുന്നതും സ്വലാത്ത്, മറ്റു അമലുകൾ ചെയ്യുന്നതും നല്ലതല്ലേ? എന്താണ് വിധി. ഇത് സ്വീകാര്യമാകുമോ.
കള്ള് കുടി, വ്യഭിചാരം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിസ്കരിക്കൽ കറാഹതാണ്. തെറ്റു ചെയ്തവർ അവിടെയുണ്ട് എന്ന കാരണത്താൽ നിസ്കാരം പാടില്ല എന്നൊന്നും ഇതിനർത്ഥമില്ല. റൂമിൽ കള്ള് കുടിക്കുന്നയാൾ ഉണ്ടെന്ന് കരുതി നിർബന്ധമായ നിസ്കാരത്തിന്റെ വിധി മാറുന്നില്ല.നിസ്കാരം, സ്വലാത് പോലോത്ത പുണ്യകർമ്മങ്ങൾ ഒഴിവാക്കേണ്ടതുമില്ല. അവ സ്വീകാര്യയോഗ്യമാണ്.
നിസ്കാരത്തിൽ തക്ബീറത്തുൽ ഇഹ്റാം ചൊല്ലി കഴിയുന്നത് വരെ ഒരാൾ കൈ ഉയർത്തി കെട്ടിയില്ല.എങ്കിൽ പിന്നെ ഉയർത്തി കെട്ടൽ സുന്നത്തുണ്ടോ? സുന്നത്തില്ലെങ്കിൽ അങ്ങനെ ചെയ്യൽ കൊണ്ട് നിസ്കാരം ബാത്വിലാകുമോ?രണ്ടു കൈകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുമ്പോൾ നാല് അനക്കമുണ്ടാകുമല്ലോ?
തകബീർ ചൊല്ലി കഴിഞ്ഞ ശേഷം രണ്ട് കൈ ചുമലിന് നേരെ ഉയർത്തൽ സുന്നത്തില്ല.അതിനാൽ തക്ബീറിന് ശേഷം രണ്ടു കൈ ഉയർത്തുന്നതും താഴ്ത്തുന്നതും നാല് അനക്കമായി പരിഗണികുന്നതും അത് തുടരെ യാണെങ്കിൽ നിസ്ക്കാരം ബാത്തിലാകുന്നതുമാണ്.
നിസ്ക്കരിക്കുന്നവന്റെ മുമ്പിൽ മറ വേണോ? വിശദീകരിക്കുക.
നിസ്ക്കരിക്കുന്നവന്റെ മുമ്പിൽ മറ വേണം.മുമ്പിലൂടെ ആളുകൾ നടന്നുകൊണ്ടിരുന്നാൽ ഏകാഗ്രത ലഭിക്കില്ല .അതിനാലാണ് നിസ്കരിക്കാൻ നിൽക്കുന്നത് തൂണിന്റെയോ മതിലിന്റെയോ ചുമരിന്റെയോ പിന്നിലായിരിക്കണമെന്ന് കൽപ്പിക്കപ്പെട്ടത്.മുന്നിൽ മതിൽ, തൂൺ ഇവ ഒന്നും ഇല്ലെങ്കിൽ ഒരു വടിയെങ്കിലും കുത്തിനിർത്തണം. അതുമല്ലെങ്കിൽ മുന്നിൽ മുസല്ല വിരിക്കുകയോ പുസ്തകങ്ങളോ മറ്റു സാധനങ്ങളോ വെക്കുകയോ വേണം.അതിനും സാധ്യമല്ലെങ്കിൽ മുമ്പിൽ ഒരു വരയെങ്കിലും വരയ്ക്കണമെന്നാണ് നിയമം.
സഹ്വിന്റെ സുജൂദ് ചെയ്യേണ്ട ഒരാൾ അത് ചെയ്യാതെ മറന്ന് സലാം വീട്ടിയാൽ നിസ്കാരത്തിന് കുഴപ്പമുണ്ടോ?
സഹ്വിന്റെ സുജൂദ് മറന്നു സലാം വീട്ടിയാൽ നിസ്കാരത്തിനു കുഴപ്പമൊന്നുമില്ല.മനഃപൂർവം ഒഴിവാക്കിയാലും കുഴപ്പമില്ല .സഹ്വിന്റെ സുജൂദ് സുന്നത് മാത്രമാണല്ലോ.അപ്പോൾ ആ സുജൂദ് ചെയ്യൽ പുണ്യകർമ്മമാണ്.മറന്നു സലാം വീട്ടിയാൽ സമയം ദീർഘിക്കുന്നതിനു മുൻപ് ഒാർമയായാൽ നിസ്കാരത്തിലേക്ക് മടങ്ങലും സുജൂദ് ചെയ്യലും സുന്നതാണ്.
നിസ്ക്കാരത്തിന്റെ ഇടയിൽ സൂറത്തോ അത്തഹിയ്യാതോ ഒഴിവാക്കുകയോ മറക്കുകയോ ചെയ്താൽ സഹ്വിന്റെ സുജൂദ് ചെയ്യേണ്ടതുണ്ടോ?
ആദ്യത്തെ അത്തഹിയ്യാത് അബ്ആള് സുന്നതുകളിൽ പെട്ടതാണ്. ഒഴിവാക്കിയാൽ സുജൂദ് വേണം. എന്നാൽ സൂറത് ഒാതൽ ഹൈആത്ത് സുന്നത്തിൽ പെട്ടതാണ്. ഹൈആത് സുന്നത് ഒഴിവായതിന്റെ പേരിൽ സഹ്വിന്റെ സുജൂദ് സുന്നത്തില്ല.
ഫർള് നിസ്സ്കാരങ്ങളൊന്നും നിർവഹിക്കാതെ വെള്ളിയാഴ്ച്ച ജുമുഅ മാത്രം നിസ്കാരിച്ചാൽ ആ നിസ്ക്കാരം സ്വീകാര്യമോ?നിസ്ക്കരിക്കുന്നവന്റെ വിധി എന്താണ്?
നിസ്ക്കാരം ഉപേക്ഷിച്ചവൻ കടുത്ത പാപിയാണ്.ഉപേക്ഷിച്ച നിസ്ക്കാരം വേഗത്തിൽ ഖളാഅ് വീട്ടി പശ്ചാതപിച്ച് മടങ്ങുകയാണ് വേണ്ടത്. അതേ സമയം, ഇത് ജുമുഅ നിസ്കാരത്തിന്റെ സാധുതയെ ബാധിക്കുകയില്ല.ജുമുഅ നിസ്കാരം സ്വീകരിക്കപ്പെടുന്നതാണ്.
ആർത്തവക്കാരി തന്റെ ആർത്തവത്തിന്റെ തുടക്കത്തിലും അവസാനത്തിലും ചില നിസ്കാരങ്ങൾ ഖളാഅ് വീട്ടണമെന്ന് കേൾക്കുന്നു. എപ്പോഴാണ് അത് ?
ചുരുങ്ങിയ രീതിയിൽ ഫർള് നിർവഹിക്കാനുള്ള സാവകാശം കിട്ടിയിട്ടാണ് ആർത്തവം ആരംഭിച്ചത് എങ്കിൽ ആ നിസ്കാരവും ആർത്തവം അവസാനിച്ചശേഷം ആ വഖ്തിലെ നിസ്കാരത്തിന്റെ ഒരു തക്ബീർ ചൊല്ലാനുള്ള സാവകാശം കിട്ടിയെങ്കിൽ അതും ഖളാഅ് വീട്ടേണ്ടിവരും. അവസാനിക്കുന്നിടത്ത് അത് അസറിന്റ സമയമാണെങ്കിൽ ളുഹ്റും ഇഷാഇന്റെ സമയമാണെങ്കിൽ മഗ്രിബും കൂടി നിർവഹിക്കണം.
ഗർഭം ധരിച്ച് രണ്ടുമാസത്തിനുശേഷം ബ്ലീഡിങ് ആരംഭിച്ചു. പതിനഞ്ചു ദിവസത്തോളം നീണ്ടു നിന്നു. ഇൗ രക്തം ഏതു വിഭാഗത്തിൽ പെടുന്നതാണ്. നിസ്കാരത്തിന്റെ വിധിയെന്ത് ?
ഗർഭിണിയിൽ നിന്ന് പുറപ്പെടുന്ന രക്തം ആർത്തവമായി ഗണിക്കണം എന്നാണ്. ആ നിലക്ക് പ്രസ്തുത 15 ദിവസത്തെ രക്തം ആർത്തവമായി കണക്കാക്കപ്പെടും. ആർത്തവ സമയത്ത് നിസ്കാരം നിഷിദ്ധമാണ്.
ആർത്തവ സമയത്ത് നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടണമെന്നും നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല എന്നും പറയാനുള്ള കാരണം എന്ത് ?
നോമ്പ് ഖളാഅ് വീട്ടണമെന്നും നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല എന്നും കൽപ്പിച്ചത് അല്ലാഹുവാണ്. കർമാനുഷ്ഠാനങ്ങൾ കല്പിക്കുന്നത് അല്ലാഹുവാണ്. അതിലടങ്ങിയിരിക്കുന്ന രഹസ്യങ്ങൾ എന്തെന്ന് നമുക്ക് കൃത്യമായി മനസ്സിലാകണമെന്നില്ല. വർഷത്തിൽ ഒരു മാസമാണ് നോമ്പ് നിർബന്ധം. നിസ്കാരമാണെങ്കിൽ എല്ലാദിവസവും. സാധാരണ മിക്ക സ്ത്രീകൾക്കും മാസത്തിൽ ഏഴ് ദിവസം ആർത്തവം ഉണ്ടാകും. 11 മാസ കാലത്തിനിടയിൽ 7 നോമ്പ് വീട്ടുക എന്നത് വലിയ പ്രയാസമുള്ള വിഷയമല്ല. എന്നാൽ നിസ്കാരത്തിൻറെ കാര്യം അങ്ങനെയല്ലല്ലോ. അതുകൊണ്ടായിരിക്കാം ആർത്തവ കാലത്തെ നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല എന്ന് പറയാൻ കാരണം.
ഗുളിക കഴിച്ച് ആർത്തവം നിലച്ചാൽ അവൾ ശുദ്ധിയാകുമോ? അവളുടെ നിസ്കാരങ്ങളുടെയും മറ്റു കർമ്മങ്ങളുടെയും വിധി എന്ത്?
ഏതു നിലയിലാണെങ്കിലും ആർത്തവ രക്തം നിലച്ചാൽ അവൾ കുളിക്കണം. കുളിച്ചാൽ അവൾ ശുദ്ധിയുള്ളവളായി. ശേഷം നിസ്ക്കാരവും മറ്റു കർമങ്ങളും ചെയ്യൽ നിർബന്ധമാണ്. എന്നാൽ കൃത്രിമമായി രക്തം നിലപ്പിക്കുകയെന്നത് ശരീരത്തിന് ദോഷകരമാണെന്ന് ഒാർക്കുക.
തറാവീഹിലെ വിത്ർ നിസ്കാരത്തിൽ ഖുനൂത്ത് ഓതാതെ സുജൂദിൽ പോയാൽ നിറുത്തത്തിലേക് തിരിച്ചു വരേണ്ടതുണ്ടോ ? അല്ല സുജൂദ് ചെയ്‌താൽ മതിയോ? മറന്നതിന് സഹവിന്റെ സുജൂദ് ചെയ്യണോ?
ഒറ്റക്ക് നിസ്കരിക്കുന്നവനും ഇമാമും നിറുത്തത്തിലേക്ക് തിരിച്ചു വരരുത്. മടങ്ങിയാൽ നിസ്കാരം ബാത്വിലാണ്. പിന്നീട് സഹവിന്റെ സുജൂദ് ചെയ്ത് പരിഹരിക്കാം. മഅമൂമിന് മാത്രമാണ് മറവി സംഭവിച്ചതെങ്കിൽ, ഇമാമിനെ വിട്ടുപിരിയുന്ന നിയ്യത്ത് കരുതി വേർപിരിയാത്ത പക്ഷം ഇമാമിനെ തുടരുന്നതിന് വേണ്ടി ഖുനൂതിലേക്ക് മടങ്ങൽ നിർബന്ധമാണ്.
ഫർള് ഖളാഉള്ളവൻ അത്യാവശ്യ കാര്യങ്ങൾക്കുള്ള സമയമൊഴിച്ച് ബാക്കിയെല്ലാ സമയവും സുന്നത്ത് പോലും നിസ്കരിക്കാതെ ഖളാഅ് വീട്ടാൻ വിനിയോഗിക്കണമെന്നല്ലേ.അപ്പോൾ ഖളാഉള്ളവന് തറാവീഹ് നിസ്കരിക്കാമോ?
അതേ, അത് തന്നെയാണ് നമ്മുടെ മദ്ഹബിലെ പ്രബലം. ഖളാഉള്ളവൻ സുന്നത്ത് നിസ്കാരം പോലും മാറ്റി വെച്ച് ആ സമയവും നഷ്ടപ്പെട്ട ഫർള് നിസ്കാരം ഖളാഅ് വീട്ടുന്നതിന് വേണ്ടി ഉപയോഗിക്കുകയാണ് വേണ്ടത്. എന്നാൽ ഫർള് നിസ്കാരം ഖളാ: ഉള്ള വ്യക്തിയെ റമളാനിൽ തറാവീഹ് നിസ്കാരത്തിൽ നിന്ന് വിലക്കിയാൽ അയാൾ ഫർള് നിസ്കാരം ഖളാ: വീട്ടാൻ സന്നദ്ധനാകാതെ ഫർളിന്റെ ഖളാഉം തറാവീഹ് നിസ്കാരവും ഇല്ലാതെയായി പോകുന്നവനാണെങ്കിൽ അയാളെ തറാവീഹിൽ നിന്ന് വിലക്കാതിരിക്കണമെന്നും തറാവീഹ് നിസ്കരിക്കലാണ് അയാൾക്ക് ഉത്തമമെന്നും അതിനു കൂലി ലഭിക്കുമെന്നും ചില പണ്ഡിതർ പറഞ്ഞിട്ടുണ്ട്.