സകാത്

സകാത് മുൻകൂറായി നൽകാമോ?


വർഷം പൂർത്തിയാകുന്നതിന് മുമ്പെ സകാത്ത് കൊടുക്കാൻ ഉടമക്ക് അനുവാദമുണ്ട്. പക്ഷേ, വലിയ്യിന് പറ്റില്ല. കച്ചവടച്ചരക്കല്ലാത്തതിൽ നിശ്ചിത കണക്ക് പൂർത്തിയാകും മുമ്പ് സകാത് നൽകാൻ പറ്റില്ല. കച്ചവടത്തിന്റെ സകാത്ത് മുൻകൂർ നൽകാം. കൊല്ലം മാത്രമല്ല, നിശ്ചിത കണക്കും തികയണമെന്നില്ല.രണ്ടു വർഷത്തേക്ക് മുൻകൂർ നൽകാൻ പറ്റില്ലെന്നാണ് പ്രബലാഭിപ്രായം. ഫിത്ർ സകാത് റമളാനിന്റെ തുടക്കം മുതൽ നൽകാം. ഇത് ഞാൻ മുൻകൂർ നൽകുന്ന സകാതാണ് എന്നതുപോലെയുള്ള നിയ്യത്ത് മുൻകൂറായി നൽകുമ്പോൾ കരുതണം. (ഫത്ഹുൽ മുഈൻ) وجاز للمالك دون الولي تعجيلها أي الزكاة قبل تمام حول لا قبل تمام نصاب في غير التجارة. ولا تعجيلها لعامين في الأصح. وله تعجيل الفطرة من أول رمضان. أما في مال التجارة فيجزئ التعجيل وإن لم يملك نصابا وينوي عند التعجيل كهذه زكاتي المعجلة.

ആഭരണമായി ഉപയോഗിക്കുന്ന സ്വർണ്ണത്തിന് സക്കാത് നൽകേണ്ടതില്ല എന്നാണ് കേട്ടിട്ടുള്ളത്. വിവാഹ ദിവസം എനിക്ക് കിട്ടിയ സ്വരണാഭരണങ്ങൾ ഞാൻ അണിയാറില്ല. ഉപയോഗിക്കാതെ വെച്ചിട്ടുള്ള ആ ആഭരണങ്ങൾക്ക് ഞാൻ സകാത് നൽകണോ?


അനുവദനീയമായ ആഭരണത്തിന് സകാത്തില്ല എന്നത് ശരിയാണ്. അമിതമോ ആഭാസമോ ആവാത്തവിധം ഭംഗിയായി പരിഗണിക്കപ്പെടുന്ന ആഭരണം ധരിക്കൽ സ്ത്രീകൾക്ക് അനുവദനീയമാണ്. സ്ത്രീകളുടെ ഉപയോഗത്തിന് വേണ്ടി ഉണ്ടാക്കപ്പെട്ട ഇത്തരം ആഭരണങ്ങൾ ആവശ്യമായി വരുമ്പോൾ ഉപയോഗിക്കാം എന്ന നിലയിൽ മാറ്റി വെച്ചതാണെങ്കിൽ വർഷങ്ങളോളം ഉപയോഗിച്ചില്ലെങ്കിലും സകാത് നിർബന്ധമാവില്ല.

കുറിക്ക് സകാതുണ്ടോ?


ഒരു വർഷത്തിലധികം ദൈർഘ്യമുള്ള കുറികളിൽ സകാത് നിർബന്ധമാകുന്ന സാഹചര്യം ഉണ്ടായേക്കാം. ഇത്തരം കുറികളിൽ ചേർന്നവരും അവ സംഘടിപ്പിക്കുന്നവരും നന്നായി മനസ്സിലാക്കിയിരിക്കേണ്ട ഒരു വസ്തുതയാണിത്. ഒരു ഉദാഹരണം നോക്കാം: അൻവർ എന്ന വ്യക്തി 20 മാസങ്ങൾ നീണ്ടു നിൽക്കുന്ന ഓരോ മാസവും 10,000 രൂപ വീതം അടക്കേണ്ട രണ്ടു ലക്ഷത്തിന്റെ കുറിയിൽ ചേരുന്നു. സകാത് നൽകേണ്ട മൂല്യമായ 595 ഗ്രാം വെള്ളിക്ക് 40,000 രൂപ വിലവരുമെന്ന് കരുതുക. നാലു മാസം 10,000 രൂപ അടക്കുന്നതോടെ അൻവർ 40,000 രൂപയുടെ ഉടമസ്ഥനായിത്തീരുന്നു. ഈ വർഷം മുഹറം 15 നാണ് അവൻ നാലാം തവണ തുക അടച്ച് അതിന്റെ ഉടമയായത് എന്നും കരുതുക. ആ ദിവസം മുതല്‍ ഒരു വര്‍ഷം തികയുന്ന അടുത്ത വർഷം മുഹറം 15 ന് അൻവറിന് കുറി ലഭിച്ചിട്ടില്ലെങ്കില്‍ അയാള്‍ ആ തുകയുടെ സകാത്ത് നൽകണം. സകാത് നര്‍ബന്ധമാവുന്ന കണക്കായ 595ഗ്രാം വെള്ളിയുടെ മൂല്യം എത്തിയ ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറി ലഭിയ്ക്കാതെയുള്ള എല്ലാവര്‍ക്കും ഇത് ബാധകമാകും. അവധിയിറങ്ങുമ്പോഴാണ് കിട്ടാനുള്ള കടത്തിന്റെ സകാത് വീട്ടൽ നിർബന്ധമാവുന്നത്. സകാത് നിർബന്ധമാവുന്ന സമയവും വീട്ടൽ നിർബന്ധമാവുന്ന സമയവും വ്യത്യാസപ്പെടുമെന്നർത്ഥം. അതിനാൽ കുറി തുക ലഭിച്ച ശേഷം സകാത് കണക്ക് കൂട്ടി വീട്ടിയാൽ മതി. തുടർന്ന് ഓരോ മാസവും ഒരു മാസ അടവിന്റെ 2.5% കൊടുക്കണം. സകാത് മുൻകൂട്ടി നൽകാനും പറ്റും. കുറി ലഭിയ്ക്കുകയും വര്‍ഷം പൂര്‍ത്തിയാവും മുമ്പേ അത് ചെലവഴിക്കുകയും ചെയ്താല്‍ അവിടെ സകാത്ത് വരില്ല. അത് കൊണ്ട് തന്നെ ആദ്യ മാസങ്ങളിൽ കുറി ലഭിക്കുന്നവർ ആ തുക സൂക്ഷിച്ച് വെക്കാത്ത പക്ഷം ഈയിനത്തിൽ സകാത് വരാനിടയില്ല.

പെരുന്നാൾ രാവിന്റെ മഗ്‌രിബിന്റെ സമയത്ത് എവി ടെയാണോ ഉള്ളത് അവിടെ തന്നെ ഫിത്വർ സകാത്ത് നൽകണമെന്നാണല്ലോ വിധി. ആ സമയം യാത്രയിലാണെങ്കിൽ എന്താണ് ചെയ്യേണ്ടത്?


വിശുദ്ധ റമളാനിലെ അവസാന ദിവസം സൂര്യാസ്തമയ സമയത്താണ് ഫിത്വർ സകാത് നിർബന്ധമാകുന്നത്. ആ സമയം വ്യക്തി എവിടെയാണോ ഉള്ളത് അവിടെയാണ് അദ്ദേഹത്തിന്റെ ഫിത്വർ സകാത് നൽകേണ്ടത്. അദ്ദേഹമുള്ളിടത്തോ സാധാരണ ഗതിയിൽ അതിന്റെ കൂടെ ഒറ്റ നാടായി കണക്കാക്കപ്പെടുന്ന സ്ഥലത്തോ നൽകണം. അവിടെ അവകാശികളുണ്ടെങ്കിൽ മറ്റു നാടുകളിലേക്ക് നൽകാൻ പാടില്ല. മറ്റു നാടുകളിൽ നൽകിയാൽ പ്രബലാഭിപ്രായം സകാത് വീടുന്നതല്ല. ആ നാട്ടിൽ അവകാശികളില്ലെങ്കിൽ അവകാശികളുള്ള ഏറ്റവും അടുത്ത നാട്ടിൽ നൽകുകയാണ് വേണ്ടത്. യാത്രക്കാരൻ പ്രസ്തുത സമയം ഏത് നാട്ടിലാണോ അവിടെയാണ് അദ്ദേഹത്തിന്റെ ഫിത്വർ സകാത്ത് നൽകേണ്ടത്. അവിടെ അവകാശികളില്ലെങ്കിൽ അവകാശികളുള്ള അടുത്ത നാട്ടിൽ നൽകണം. അവകാശികൾക്ക് നൽകുകയോ അവർക്ക് നൽകാൻ മറ്റൊരാളെ ഏൽപിക്കുകയോ ചെയ്യാവുന്നതാണ്. വ്യക്തിയുള്ള നാട്ടിൽ തന്നെ നൽകേണ്ടതില്ല. ഏത് നാട്ടിൽ നൽകിയാലും സകാത്ത് വീടുന്നതാണ് എന്ന് മദ്ഹബിൽ ഒരു രണ്ടാം അഭിപ്രായമുണ്ട്. ഇതനുസിരിച്ച് അമൽ ചെയ്യാവുന്നതാണെന്ന് കർമ്മശാസ്ത്ര ഇമാമുകൾ പറഞ്ഞിട്ടുണ്ട്.

ഫിത്റ് സകാത് ആരാണ് നൽകേണ്ടത്? ആർക്ക് നൽകണം ? എപ്പോൾ?


തനിക്കും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവർക്കും പെരുന്നാൾ രാത്രിയും പകലും ആവശ്യമായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയും കടവും കഴിച്ചു ബാക്കിയുള്ളവർക്ക് ഫിത്റ് സകാത്ത് നിർബന്ധമാണ്. ഭാര്യ, മക്കൾ, മാതാപിതാക്കൾ തുടങ്ങിയവരാണ് ചെലവ് കൊടുക്കൽ നിർബന്ധമായവർ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പ്രായപൂർത്തിയായ മക്കളുടെ ഫിത്റ് സകാത് പിതാവ് കൊടുക്കേണ്ടതില്ല. അവർക്ക് സമ്മതമുണ്ടെങ്കിൽ കൊടുത്താൽ സ്വീകാര്യമാവും. അതുപോലെ സാമ്പത്തിക ശേഷിയുള്ള ചെറിയ കുട്ടികളുടെ ഫിത്റ് സകാത് പിതാവു നൽകലും നിർബന്ധമില്ല. ഭാര്യ എത്ര സമ്പന്നയാണെങ്കിലും അവരുടെ ഫിത്റ് സകാത്ത് ഭർത്താവാണു കൊടുക്കേണ്ടത്. എന്നാൽ അത്തരം ഭാര്യമാരുടെ ഭർത്താക്കൾക്ക് കഴിവില്ലെങ്കിൽ അവളുടെ സകാത്ത് കൊടുക്കൽ അവൾക്ക് സുന്നത്താണ്. ശവ്വാൽ മാസപ്പിറവി ദൃശ്യമാകുന്നതോടെ, റമളാൻ വ്രതം അവസാനിക്കുന്നതോടെ ഫിത്റ് സകാത് നിർബന്ധമാവുന്നു. പെരുന്നാൾ ദിവസം വൈകുന്നേരം വരെ കൊടുക്കാം. എന്നാൽ പെരുന്നാൾ നിസ്കാരത്തിനു മുമ്പ് കൊടുക്കലാണ് ഉത്തമം. സക്കാത് കൊടുക്കുന്ന വ്യക്തി എവിടെയാണോ താമസം അവിടെ തന്നെ സകാത് കൊടുക്കണം. ഗൾഫുകാരൻ ഗൾഫിലും അവന്റെ ബന്ധപ്പെട്ടവർ നാട്ടിലാണെങ്കിൽ അവരുടേത് നാട്ടിലുമാണ് കൊടുക്കേണ്ടത്. ഖുർആനിൽ സകാത്തിന്റെ അവകാശികളായി എണ്ണിയ എട്ടു വിഭാഗം തന്നെയാണ് ഫിത് സകാത്തിന്റെയും അവകാശികൾ. ഫഖീർ, മിസ്കീൻ, മുസ്ലിം ഭരണമുള്ള നാട്ടിൽ സകാത്ത് പിരിക്കുന്ന ഉദ്യോഗസ്ഥന്മാർ (നമ്മുടെ ചില നാടുകളിൽ കാണുന്ന സക്കാത്ത് കമ്മിറ്റികൾക്കിതു ബാധകമല്ല. അവരുടെ പക്കൽ സക്കാത്ത് ഏൽപ്പിച്ചാൽ ബാധ്യത വീടുകയില്ല) നവമുസ്ലിം, മോചനപത്രം എഴുതപ്പെട്ട അടിമ, കടംകൊണ്ട് ഗതിമുട്ടിയ ആളുകൾ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവർ, യാത്രക്കാർ എന്നിവരാണ് ആ എട്ട് വിഭാഗം. റമളാൻ ആദ്യം മുതൽക്കേ ഫിത്റ് സകാത് കൊടുക്കാമെങ്കിലും പെരുന്നാൾ ദിവസമാകുമ്പോഴേ കൊടുത്തവനും വാങ്ങിയവനും അതിന് അർഹരായിത്തീരുന്നുള്ളൂ. ഉദാഹരണം: ഒരാൾ റമളാൻ ആദ്യത്തിൽ ഫിത്റ് കൊടുത്തു. ശവ്വാൽ മാസപ്പിറവി സമയത്ത് അയാൾ പൂർണ്ണമായും പാപ്പരാണ്. എങ്കിൽ നേരത്തെ കൊടുത്തത് ഫിത്റ് സകാത്തായി പരിഗണിക്കില്ല. ഇനി വാങ്ങിയ ആൾ അന്ന് സകാതിനർഹനായിരുന്നുവെങ്കിലും പിന്നീട് സമ്പന്നനായി. എങ്കിൽ നേരത്തെ കൊടുത്ത ആളുടെ സകാത്ത് വീടുകയുമില്ല. മാസപ്പിറവിയുടെ അൽപസമയം മുമ്പു പിറന്ന കുഞ്ഞിനും മാസം കണ്ട ഉടനെ മരിച്ച വ്യക്തിക്കും സകാത്ത് ബാധകമാണ്. ഭാര്യ പിണങ്ങിപ്പോയാൽ അവൾക്കു ചെലവിന് കൊടുക്കേണ്ടതില്ല. അതുകൊണ്ട് ഫിത്റും വേണ്ട. തിരിച്ചെടുക്കാവുന്ന വിധം ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയ പെണ്ണിന്റെ സകാത്ത് ഇദ്ധ കാലത്ത് ഭർത്താവ് കൊടുക്കണം.

ഫിത്‌റ് സകാത് എപ്പോഴാണ് കൊടുക്കേണ്ടത്?


റമളാൻ അവസാനദിനം സൂര്യാസ്തമയത്തോടെയാണ് ഫിത്ർ സകാത് നിർബന്ധമാവുന്നത്. റമളാനിന്റെ അവസാനഭാഗവും ശവ്വാലിന്റെ ആദ്യഭാഗവും സംഗമിക്കുന്ന വേളയാണിത്. അതിനാൽ അസ്തമയം കഴിഞ്ഞ ശേഷം ഉണ്ടായ കുഞ്ഞ്, ഭാര്യ, സാമ്പത്തിക ശേഷി, മുസ്ലിമാവൽ എന്നിവയൊന്നും സകാത് നിർബന്ധമാക്കില്ല. അസ്തമയ ശേഷമുണ്ടാവുന്ന മരണം, വിവാഹമോചനം, ഉടമസ്ഥതാ മാറ്റം എന്നിവകൊണ്ട് സകാത്ത് ഒഴിവാകുകയുമില്ല. നിർബന്ധമാവുന്ന സമയം മുതൽ ഈദുൽ ഫിത്ർ ദിനത്തിലെ സൂര്യൻ അസ്തമിക്കുന്നത് വരെയാണ് സകാത് നൽകാനുള്ള സമയം. അതിനാൽ പെരുന്നാൾ ദിനത്തിലെ സൂര്യൻ അസ്തമിക്കും മുമ്പേ തന്റെയും തന്റെ ആശ്രിതരായ ഭാര്യ, ബന്ധു എന്നിവരുടെയും സകാത് നൽകൽ നിർബന്ധമാണ്. ത്വലാഖ് ചൊല്ലിയ ഭാര്യ മടക്കിയെടുക്കാവുന്ന ഘട്ടത്തിലാണെങ്കിൽ, അല്ലെങ്കിൽ പൂർണ മോചിതയാണെങ്കിലും ഗർഭിണിയാണെങ്കിൽ അവരുടെ സകാത് കൂടി ഇവൻ നൽകണം. പിണങ്ങിക്കഴിയുന്ന ഭാര്യക്ക് ചെലവു നൽകൽ നിർബന്ധമില്ലാത്തത് പോലെ അവളുടെ സകാത് നൽകലും നിർബന്ധമില്ല. അവൾക്ക് കഴിവുണ്ടെങ്കിൽ അതു നൽകൽ അവളുടെ ബാധ്യതയാണ്. ഫിത്ർ സകാത് പെരുന്നാൾ പകൽ കഴിയുന്നത് വരെ പിന്തിക്കൽ ഹറാമാണ്. എന്നാൽ തന്റെ സമ്പത്തോ വാങ്ങാൻ അർഹതയുള്ള വ്യക്തിയോ സ്ഥലത്തില്ലാതിരിക്കുക പോലുള്ള കാരണങ്ങളുണ്ടെങ്കിൽ പിന്തിക്കാം. കാരണം കൂടാതെ പിന്തിച്ചാൽ അവൻ തെറ്റുകാരനാകുമെന്നതിനാൽ എത്രയും പെട്ടെന്ന് ഖളാഅ് വീട്ടൽ നിർബന്ധമാണ്. പെരുന്നാൾ നിസ്കാരത്തിനപ്പുറം പിന്തിക്കാതിരിക്കൽ സുന്നത്തും പിന്തിക്കൽ കറാഹത്തുമാണ്. എന്നാൽ ബന്ധുക്കളെയോ അയൽക്കാരെയോ പ്രതീക്ഷിച്ച് അസ്തമയത്തിന് മുമ്പുവരെ പിന്തിക്കൽ സുന്നത്തുണ്ട്. ഭക്ഷ്യധാന്യത്തിന് പകരം അതിന്റെ വിലകൊടുത്താൽ മതിയാവൂല.

ഗൾഫിലുള്ളവരുടെ ഫിത്റ് സകാത് ഇവിടെ നൽകിയാൽ മതിയാകുമോ?


വിദേശത്തുള്ളവരുടെ ഫിത്വർ സകാത്ത് അവരുള്ള നാട്ടിൽ തന്നെ നൽകണം. അവിടെ അവകാശികളില്ലെങ്കിൽ അവകാശികളുള്ള ഏറ്റവും അടുത്ത നാട്ടിൽ നൽകണം. മദ്ഹബിലെ രണ്ടാം അഭിപ്രായ മനുസരിച്ച് ഇവിടെ നൽകിയാലും സകാത്ത് വീടുന്നതാണ്.

ഫിത്വർ സകാത്ത് പെരുന്നാൾ ദിവസം കഴിഞ്ഞതിന് ശേഷം നൽകാൻ ഓപ്ഷനുണ്ടോ? ഉത്തമ സമയം ഏതാണ്?


ഫിത്ർ സകാത് ചെറിയ പെരുന്നാൾ ദിവസം പെരുന്നാൾ നിസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് തന്നെ നൽകലാണ് ഏറ്റവും ഉത്തമം. പെരുന്നാൾ നിസ്കാര ശേഷത്തേക്ക് പിന്തിച്ചു വെക്കൽ കറാഹത്താണ്. എന്നാൽ ബന്ധുവിനെയോ അയൽവാസിയെയോ പ്രതീക്ഷിക്കുന്നതിന് വേണ്ടി പിന്തിക്കുന്നതിൽ കറാഹത്തില്ല. ഇക്കാരണത്താൽ നിസ്കാരശേഷത്തേക്ക് പിന്തിക്കൽ സുന്നത്താണ്. അതേ സമയം ഫിത്വർ സകാത്ത് പെരുന്നാൾ ദിവസം തന്നെ നൽകൽ നിർബന്ധമാണ്. അഥവാ മഗ്രിബിന് മുമ്പ് തന്നെ അവകാശികൾക്ക് നൽകണം. പെരുന്നാൾ ദിവസത്തിലെ സൂര്യാസ്തമയത്തിന് അപ്പുറത്തേക്ക് പിന്തിക്കൽ നിഷിദ്ധമാണ്. ബന്ധുവിനേയോ അയൽവാസിയേയോ പ്രതീക്ഷിച്ചു കൊണ്ടാണെങ്കിൽ പോലും സൂര്യാസ്തമയത്തിനപ്പുറം പിന്തിക്കാൻ പാടില്ല. മഗ്‌രിബ് വരെ ഒരാൾ കൊടുത്തിട്ടില്ലെങ്കിൽ അത് വരെ പിന്തിച്ചത് കുറ്റകരമാണെങ്കിലും അതിന് ശേഷം സകാത്ത് നൽകുന്നത് കൊണ്ടും സകാത്ത് വീടുന്നതാണ്. അവൻ എത്രയും വേഗം തന്നെ കൊടുത്ത് വീട്ടേണ്ടതാണ്. എന്നാൽ സകാത്തിന്റെ അവകാശി നാട്ടിലെത്തിയിട്ടില്ലാത്തതിനാലോ കൊടുക്കാനുള്ള ധനം കയ്യിലില്ലാത്തതിനാലോ മഗ്‌രിബിനപ്പുറത്തേക്ക് പിന്തിക്കുന്നത് നിഷിദ്ധമല്ല. (തുഹ്ഫ: 3-308).

എത്ര പവൻ സ്വർണത്തിന് മുകളിൽ ഉണ്ടെങ്കിലാണ് സകാത് നിർബന്ധമാവുന്നത് ?


84 ഗ്രാമും 764 മില്ലിഗ്രാമും അഥവാ ഏകദേശം പത്തര പവൻ സ്വർണം ( 20 മിസ്ഖാൽ) ഒരു വർഷം തന്റെ പക്കലുണ്ടായാൽ അതിന്റെ രണ്ടര ശതമാനം ( നാൽപതിലൊന്ന് ഭാഗം ) സകാത് കൊടുക്കണം. അത് ആഭരണമായി ധരിക്കാൻ വേണ്ടി ഉണ്ടാക്കപ്പെട്ടതാണെങ്കിൽ സകാത് നൽകേണ്ടതില്ല. ഹലാലായ ഉപയോഗത്തിന്‌ വേണ്ടി സൂക്ഷിച്ച്‌ വെച്ച ഹലാലായ ആഭരണങ്ങള്‍ക്ക് സകാത്ത്‌ വേണ്ട.സാധാരണ ഗതിയില്‍ ധരിക്കുന്നതിനേക്കാള്‍ അമിതമായാല് അവിടെ സകാത്ത്‌ നല്‍കണം.ഇസ്‌റാഫിന്റെ (അമിതത്വം) പരിധിയെത്തിയാൽ സകാത് നൽകണമെന്ന് സാരം. പുരുഷന്‍മാർക്ക് സ്വർണ്ണം ധരിക്കല്‍ ഹറാമായതിനാൽ അവർ സ്വർണത്തെ ആഭരണമായി ഉപയോഗിക്കുന്ന പക്ഷം നിസാബെത്തിയാല്‍ (ഏകദേശം 85 ഗ്രാം) സകാത്ത്‌ നല്‍കല്‍ നിര്‍ബന്ധമാണ്‌. അവിടെ മിതം, അമിതം എന്നീ വ്യത്യാസങ്ങളില്ല.

പലചരക്ക് കച്ചവടം നടത്തുന്നയാൾ തന്റെ സാധനങ്ങൾ കടയിൽ വരുന്ന ആളുകളുടെ സാമ്പത്തിക സ്ഥിതി നോക്കി വ്യത്യസ്ത വിലയ്ക്ക് വിൽക്കുന്നത് അനുവദനീയമാണോ? അതായത് , ഒരേ സാധനം വ്യത്യസ്ത വിലയ്ക്ക് വിൽക്കുന്നതിന്റെ വിധി എന്താണ് ?


അനുവദനീയമാണ്. തന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ വില നിർണ്ണയിക്കാനുള്ള അധികാരം ഇസ്ലാമികമായി വിൽപ്പനക്കാരന്റെ അവകാശമാണ്. പക്ഷേ,വസ്തുവിന് ഇല്ലാത്ത ഗുണങ്ങൾ പറഞ്ഞ് വഞ്ചിക്കരുത് , നിലവാര വിലയെ കുറിച്ച് കളവ് പറയരുത്, വസ്തുവിലുള്ളതും നമുക്ക് അറിയാവുന്നതുമായ ന്യൂനതകൾ മറച്ചു വെക്കരുത് തുടങ്ങിയ മര്യാദകൾ ഇവിടെ പാലിച്ചിരിക്കണം. ഇമാം (ഭരണാധികാരി) കച്ചവട വസ്തുക്കൾക്ക് വില നിശ്ചയിക്കൽ നിഷിദ്ധമാണ്. എങ്കിലും ഭരണാധികാരി അങ്ങനെ നിശ്ചയിച്ചാൽ പരസ്യമായി അത് ലംഘിക്കൽ വ്യാപാരികൾക്ക് നിഷിദ്ധമാണ്.

ഉള്ള ജോലി ജീവിത ചെലവിന് മതിയാകുന്നുവെങ്കിലും സ്വന്തമായി ഒരു വീടില്ല. വീട് നിർമ്മാണം ഇപ്പോഴുള്ള വരുമാനം കൊണ്ട് സാധിക്കുന്നുമില്ല. അവനെ സകാതിന്റെ അവകാശികളായ ഫഖീർ, മിസ്കീൻ ഗണത്തിൽ പെടുത്താനാകുമോ?


ജീവിതാവശ്യങ്ങളിൽ പെട്ടതാണ് വീട് . നിത്യ ചെലവിന് മതിയാകുന്ന വരുമാനം ഉണ്ടെങ്കിലും തനിക്ക് യോജിച്ച വിധത്തിലുളള താമസ സൗകര്യത്തിന് ആ വരുമാനം മതിയാകുന്നില്ലെങ്കിൽ അവൻ ഫഖീർ മിസ്കീനിൽ പെടുന്നതാണ്.

കറൻസി സക്കാത്തിന്റെ കണക്ക് വിശദീകരിച്ചു തരുമോ?


595 ഗ്രാം വെള്ളിയുടെയോ 85 ഗ്രാം സ്വര്‍ണത്തിന്റെയോ വിലയ്ക്ക് തുല്യമോ അതില്‍ കൂടുതലോ ആയ തുക, ഒരു വര്‍ഷം പൂര്‍ണമായും ഒരാളുടെ ഉടമസ്ഥതയിലുണ്ടായാൽ കറൻസിയുടെ സകാത് നിര്‍ബന്ധമാവും. ഇന്ന് സ്വര്‍ണത്തിന്റെ വില വെള്ളിയുടെ വിലയേക്കാള്‍ വളരെ കൂടുതലാണല്ലോ. അപ്പോൾ വെള്ളിയുടെ കണക്കനുസരിച്ചാണ് ആദ്യം നാണയത്തിന്റെ നിസ്വാബ് എത്തുക. അതുകൊണ്ട്, ആദ്യം ആ വർഷത്തിലെ മാർക്കറ്റിലെ ഒരു ഗ്രാം വെള്ളിയുടെ ഏറ്റവും കൂടിയ വില കണ്ടെത്തുക. ഒരു ഗ്രാം വെള്ളിക്ക് മാര്‍ക്കറ്റ് ശരാശരി 50 രൂപയാണ് എന്ന് സങ്കൽപിക്കുക. എങ്കിൽ അതനുസരിച്ച് 29,750 (595 x 50 = 29, 750 ) രൂപയോ അതില്‍ കൂടുതലോ ആയ തുക ഒരു വര്‍ഷം മുഴുവനായും ഉടസ്ഥതയിലുണ്ടായാൽ ആ പണത്തിന് സകാത് നിര്‍ബന്ധമാവും. ആ തുകയുടെ 2.5 ശതമാനം അഥവാ അതിന്റെ 40 ൽ 1 തുക സകാത് കൊടുക്കണം. ഇവിടെ പറഞ്ഞ ഉദാഹരണത്തിൽ 29,750 ന്റെ രണ്ടര ശതമാനമായ 743 രൂപ 75 പൈസ (744 രൂപ) കൊടുക്കണം. കറൻസിയുടെ സകാത് സാധാരണയായി നമ്മൾ കൊടുത്ത കടം ,കുറി , പ്രൊവിഡന്റ് ഫണ്ട് , അഡ്വാൻസ് തുടങ്ങിയ ഇടപാടുകളിലും വരാൻ സാധ്യതയുണ്ട്.

കറന്സിയുടെ സക്കാത്തിൽ വെള്ളിയുടെ നിസാബാണ് പരിഗണിക്കേണ്ടത് എന്നത് നിബന്ധനയാണോ,അതോ സൂക്ഷമതയാണോ?


കറൻസികൾ 'നഖ്ദ്' വർഗ്ഗത്തിൽ പെട്ടതാണ് എന്നാണ് ആധുനിക പണ്ഡിതരിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. സ്വർണ്ണം, വെള്ളി എന്നിവ സാർവത്രിക വിലയായതിനാലാണ് അവ 'നഖ്ദാ' യി പരിഗണിക്കപ്പെട്ടിട്ടുഉള്ളത്. സാർവത്രിക വിലയാവുക എന്ന വിശേഷണം ആധുനിക കറൻസികൾക്കുമുണ്ട്. അതിനാൽ കറൻസികളും നഖ്ദാണ് . സാർവത്രിക വില എന്ന വിശേഷണം മുൻകാലങ്ങളിൽ സ്വർണ്ണത്തിനും വെള്ളിക്കും മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിൽക്കാലത്ത് ആ വിശേഷണം കറൻസികൾ ക്കും ബാധകമായിരിക്കുന്നു എന്നാണ് വിശദീകരണം. ഇല്ലത്ത് ഖാസ്വിറ (അടിസ്ഥാന വസ്തുവിൽ പരിമിതമായ കാരണം) മറ്റൊന്നിലില്ലാത്തതിനാൽ അത് മുഖേന താരതമ്യം നടക്കുകയില്ല എന്നും എന്നാൽ പിൽക്കാലത്ത് പ്രസ്തുത കാരണത്തിൽ അടിസ്ഥാന വസ്തുവിനോട് പങ്കാകുന്ന മറ്റൊരു വസ്തു ഉണ്ടായേക്കാമെന്നും അപ്പോൾ അടിസ്ഥാന വസ്തുവിന്റെ വിധി അതിനും ബാധകമാകുമെന്നും കർമശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ഹാവി 5 - 92 ശറഹുൽ മുഅദ്ദബ് 9 -394 കാണുക) മേൽ വിശദീകരണ പ്രകാരം കറൻസി സ്വർണ്ണത്തിന്റെയോ വെള്ളിയുടെയോ സ്ഥാനത്തല്ല. മൂന്നാമതൊരിനം നഖ്ദാണ്. സ്വർണ്ണവും വെള്ളിയും കറൻസിയും നഖ്ദിൽ ഉൾപ്പെടുന്ന മൂന്നു വസ്തുക്കളണ്. എന്നാൽ നിസ്വാബ് ( സകാത്ത് നിർബന്ധമാകുന്ന മിനിമം സംഖ്യ ) ഖണ്ഡിതമായി സ്ഥിരപ്പെട്ടത് വെള്ളിയിലായതിനാൽ 200 ദിർഹം വെള്ളിയോട് തുല്യമായ സംഖ്യയാണ് കറൻസിയിൽ നിസ്വാബായി കണക്കാക്കപ്പെടുന്നത്. അതോടൊപ്പം രണ്ടു സാധ്യതകൾ ഉണ്ടാകുമ്പോൾ സാധുക്കൾക്ക് ഏറ്റവും ഉപകാരമുള്ളതാണ് പരിഗണിക്കേണ്ടത് എന്നാണ് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുള്ളത്. നോട്ടിന്റെ മൂല്യം വെള്ളിയായ് പരിഗണിക്കലാണ് ഉത്തമമെന്ന് ഇമാം തർമസി തന്റെ മൗഹിബത്തിൽ പറഞ്ഞിട്ടുമുണ്ട്.

കച്ചവടത്തിന്റെ സകാതിനെക്കുറിച്ച് വിശദീകരിക്കുമോ?


കച്ചവടം ആരംഭിച്ച് ഒരു വർഷം തികയുമ്പോൾ കയ്യിലുള്ള ചരക്കും വിറ്റുപിരിഞ്ഞു കിട്ടിയ കച്ചവടത്തിൽ നിന്നും മാറ്റി വയ്ക്കാത്ത പണവും 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സംഖ്യ ഉണ്ടെങ്കിൽ കച്ചവടത്തിന്റെ സകാത്ത് നൽകണം. കച്ചവടം ആരംഭിക്കുന്ന സമയത്തോ, ഒരുവർഷം പൂർത്തിയാവുന്നതിന് ഇടയ്ക്കോ പ്രസ്തുത സംഖ്യയില്ല , എന്നാൽ വർഷാവസാനത്തിൽ അത്രയും സംഖ്യയുണ്ട് താനും , എന്നാലും സകാത്ത് നിർബന്ധമാണ്. സ്റ്റോക്കുള്ള സ്വത്തും കച്ചവടത്തിൽ നിന്നും മാറ്റി വയ്ക്കാത്ത പണവും ഒരുമിച്ചുകൂട്ടി ലഭിക്കുന്ന സംഖ്യയുടെ രണ്ടര ശതമാനമാണ് സകാത്ത് കൊടുക്കേണ്ടത്. പകരം നൽകുന്ന ഇടപാടിലൂടെയും കച്ചവടം ഉദ്ദേശിച്ചുകൊണ്ടും നേടിയ സമ്പത്തിനു മാത്രമാണ് സക്കാത്തുള്ളത്. അപ്പോൾ അനന്തരാവകാശം, പാരിതോഷികം തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ലഭിച്ചതിനും സ്വന്തം ആവശ്യത്തിനുവേണ്ടി വാങ്ങിയതിനും സകാത്തില്ല. കച്ചവടോദ്ദേശ്യപ്രകാരം വാങ്ങിയതിനു സകാത് ഉണ്ടെന്ന് പറയുമ്പോൾ ഇന്നുള്ള മിക്ക വ്യവസായങ്ങൾക്കും സക്കാത് നൽകേണ്ടതുണ്ട് എന്ന് മനസ്സിലാക്കാം. നൂൽ വ്യവസായികൾ പരുത്തി വാങ്ങുന്നത് നൂലാക്കി കച്ചവടം നടത്താൻ വേണ്ടിയാണ്. അപ്പോൾ നൂൽവ്യവസായി തന്റെ സ്ഥാപനം തുടങ്ങിയ തീയതി മുതൽ ഒരു വർഷം പൂർത്തിയാകുമ്പോൾ സ്റ്റോക്കുള്ള നൂലും പരുത്തിയും കച്ചവടത്തിൽ ഉപയോഗിച്ചുകൊണ്ടിരക്കുന്ന പണവും ഉൾപ്പെടെയുള്ള സംഖ്യയുടെ രണ്ടര ശതമാനം സകാത്ത് കൊടുക്കുക തന്നെ വേണം. സക്കാത്ത് നിർബന്ധമാകുന്ന അത്രയും വിഹിതം സ്വർണ്ണം, വെള്ളി അല്ലെങ്കിൽ കറൻസി എന്നിവ നൽകി ഒരാൾ കച്ചവടച്ചരക്ക് വാങ്ങി. അപ്പോൾ മൂലധനം തൻ്റെ കയ്യിൽ വന്ന സമയം മുതൽക്കാണ് വർഷം കണക്കാക്കുന്നത്. ഉദാഹരണത്തിന് റബീഉൽഅവ്വൽ പത്തിന് ഒരു ലക്ഷം രൂപ കൈവശമുള്ളവൻ കച്ചവടം തുടങ്ങുന്നത് റജബ് 15-നാണ് എങ്കിൽ സകാത്ത് വർഷം റബീഉൽ അവ്വൽ 10നാണ് പൂർത്തിയാവുന്നത്. എന്നാൽ സകാത്ത് നിർബന്ധമാവാത്ത സംഖ്യക്ക് ചരക്ക് വാങ്ങിയാൽ കച്ചവട വർഷം കണക്കാക്കുന്നത് ചരക്ക് വിലക്കുവാങ്ങിയ ദിവസം മുതൽക്കാണ്. വർഷാവസാനം വിലകെട്ടുമ്പോൾ സകാത്തിന്റെ തുകയില്ലെങ്കിൽ രണ്ടാംവർഷത്തിലെ അവസാനം വീണ്ടും വിലകെട്ടണം. അപ്പോൾ നിശ്ചിത തുകയുണ്ടെങ്കിൽ ഒരു വർഷത്തെ സകാത്ത് നൽകണം. രണ്ടാം വർഷവും സക്കാത്ത് തുക തികഞ്ഞില്ലെങ്കിൽ സകാത്ത് നൽകേണ്ടതില്ല. വർഷത്തിനിടയിൽ കച്ചവട വസ്തുക്കൾ മുഴുവനും വിൽപ്പന നടത്തി ലാഭം നേടുകയും ആ തുക അവന്റെ കയ്യിൽ തന്നെ കിടക്കുകയും ചെയ്തു. എങ്കിൽ മൂലധനത്തിന് അതിന്റെ വർഷം തികയുമ്പോഴും ലാഭവിഹിതത്തിന് അതിന്റെ വർഷം തികയുമ്പോഴും സക്കാത്ത് നൽകേണ്ടതാണ്. കച്ചവടത്തിൽ ലാഭം കണ്ടതു മുതൽ വർഷം ആരംഭിക്കുന്നില്ല. പ്രത്യുത അത് നാണയമായി കയ്യിൽ വന്നത് മുതൽക്കാണ് വർഷം പരിഗണിക്കുക.