നജസ്

നിസ്കരിച്ചു കൊണ്ടിരിക്കെ കൈ ഉണങ്ങിയ ഉറച്ച നജസിൽ തൊടുകയും ഉടൻ കൈ ഉയർത്തുകയും ചെയ്തു. എങ്കിൽ എന്റെ നിസ്കാരം സ്വഹീഹാകുമോ?


നിസ്കാരം സാധുവാകും. ദേഹത്തിൽ വീണ നജസ് ഉടനെ നീക്കം ചെയ്യുകയോ, കാറ്റു കാരണം വസ്ത്രം നീങ്ങി ഔറത്ത് വെളിവായപ്പോൾ ഉടനെ മറക്കുകയോ ചെയ്താൽ നിസ്കാരം ബാത്വിലാവാത്തത് പോലെയാണിത് എന്ന് ശൈഖ് മുഹമ്മദ് ഖതീബ് ശർബീനി അൽ അജ് വി ബതുൽ അജീബയിൽ (ചോദ്യം: 49)പറഞ്ഞിട്ടുണ്ട്.

നെയ്യിൽ എലി പോലോത്ത ജീവികൾ വീണു ചത്താൽ നെയ്യ് നജസാകുമോ ? അപ്പോൾ എന്താണ് ചെയ്യേണ്ടത്?


നെയ്യ് ഉറച്ച ഭക്ഷ്യവസ്തുക്കളിൽ പെട്ട വസ്തുവാണ്. നെയ്യ് പോലെ ഉറച്ച ഭക്ഷ്യവസ്തുക്കളിൽ എലി പോലോത്തവ വീണ് ചത്താൽ അവയെയും (എലിയേയും) അതുമായി തട്ടിചേർന്നു നിൽക്കുന്ന പരിസരത്തുള്ള വസ്തുവിനെയും ഒഴിവാക്കണം. തട്ടി നിൽക്കാത്ത ബാക്കിയുള്ള നെയ്യ് ശുദ്ധിയുള്ളതായി പരിഗണിക്കപ്പെടും. അവ ഉറച്ചതാണോ അല്ലേ എന്ന് തീരുമാനിക്കുന്നത്, അതിൽ നിന്നും അൽപം മുക്കി എടുത്താൽ ചുറ്റു ഭാഗത്തുനിന്നും പെട്ടെന്ന് ഒലിച്ചു വരുന്നുണ്ടോ എന്ന് നോക്കിയാണ്. വരുന്നില്ലെങ്കിൽ ഉറച്ചത് എന്ന് വിധി പറയാനാവും.

തറയിൽ നിന്നും മൂത്രം വൃത്തിയാക്കുന്നത് എങ്ങനെ?


ടൈൽസ് , മാർബിൾ തുടങ്ങിയ പ്രതലങ്ങളിൽ കുട്ടികൾ മൂത്രമൊഴിച്ചാൽ മൂത്രം താഴോട്ട് ആഴ്ന്നിറങ്ങാതെ മുകളിൽ തന്നെ കെട്ടിനിൽക്കാൻ സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ ഒരു ഉണങ്ങിയ തുണിക്കഷ്ണം കൊണ്ട് നിറം മണം രുചി തുടങ്ങിയ അടയാളങ്ങൾ മാറുന്നത് വരെ മൂത്രം തുടച്ചെടുക്കുക. അതോടെ അവിടെയുണ്ടായിരുന്ന മൂത്രം നീങ്ങി സ്ഥലം ഉണങ്ങിക്കിട്ടും(അപ്പോൾ അവിടെ ഉണ്ടായേക്കാൻ സാധ്യതയുള്ള വളരെ ചെറിയ നനവ് കാര്യമാക്കേണ്ടതില്ല).ഇനി അതിന്റെ മുകളിൽ ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുത്താൽ മാത്രം മതിയാകും. അതോടു കൂടി ആ സ്ഥലം ശുദ്ധിയാകുന്നതാണ്. അപ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നേരത്തെ നജസ് ഒപ്പിയെടുത്ത തുണിക്കഷണം കൊണ്ട് തന്നെ ഇനി അവിടെയുള്ള വെള്ളം ഒപ്പിയെടുക്കരുത് എന്നതാണത്. അങ്ങിനെയെങ്കിൽ ആ സ്ഥലം വീണ്ടും അശുദ്ധിയായി തീരും. പ്രതലത്തിലുള്ള മൂത്രം നേരത്തേ തന്നെ ഉണങ്ങിയിട്ടുണ്ടെങ്കിൽ ആ സ്ഥലത്ത് മികക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് വൃത്തിയാക്കിയാൽ മതിയാകും.

അറിയാതെ ചാണകം ചവിട്ടിയാൽ വുളൂഹ് മുറിയുമോ?


ഇല്ല.ചാണകം പോലുള്ള നജസിനെ ചവിട്ടുകയോ സ്പർശിക്കുകയോ ചെയ്താൽ ,മന:പൂർവ്വമാണെങ്കിൽ പോലും, വുളൂ മുറിയുകയില്ല. വുളൂ മുറിയുന്ന കാര്യങ്ങളില്‍ അത്തരം ഒരു കാര്യം പരാമർശിക്കുന്നില്ല എന്നതു തന്നെ കാരണം.

വീടുകളിൽ കുട്ടികൾ മൂത്രം ഒഴിച്ചാൽ ശുദ്ധീകരണം നടത്തേണ്ട രൂപം?


ടൈൽസ് , മാർബിൾ തുടങ്ങിയ പ്രതലങ്ങളിൽ കുട്ടികൾ മൂത്രമൊഴിച്ചാൽ മൂത്രം താഴോട്ട് ആഴ്ന്നിറങ്ങാതെ മുകളിൽ തന്നെ കെട്ടിനിൽക്കാൻ സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ ഒരു ഉണങ്ങിയ തുണിക്കഷ്ണം കൊണ്ട് മൂത്രം തുടച്ചെടുക്കുക. അതോടെ അവിടെയുണ്ടായിരുന്ന മൂത്രം നീങ്ങി സ്ഥലം ഉണങ്ങിക്കിട്ടും(അപ്പോൾ അവിടെ ഉണ്ടായേക്കാൻ സാധ്യതയുള്ള വളരെ ചെറിയ നനവ് കാര്യമാക്കേണ്ടതില്ല).ഇനി അതിന്റെ മുകളിൽ ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുത്താൽ മാത്രം മതിയാകും. അതോടു കൂടി ആ സ്ഥലം ശുദ്ധിയാകുന്നതാണ്. അപ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നേരത്തെ നജസ് ഒപ്പിയെടുത്ത തുണിക്കഷണം കൊണ്ട് തന്നെ ഇനി അവിടെയുള്ള വെള്ളം ഒപ്പിയെടുക്കരുത് എന്നതാണത്. അങ്ങിനെയെങ്കിൽ ആ സ്ഥലം വീണ്ടും അശുദ്ധിയായി തീരും. പ്രതലത്തിലുള്ള മൂത്രം നേരത്തേ തന്നെ ഉണങ്ങിയിട്ടുണ്ടെങ്കിൽ ആ സ്ഥലത്ത് മികക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് വൃത്തിയാക്കിയാൽ മതിയാകും.

ഒലിക്കുന്ന രക്തമില്ലാത്തവയുടെ ശവങ്ങൾ നജസ് അല്ലല്ലോ! എങ്കിൽ, നിസ്കരിച്ച് കഴിഞ്ഞതിന് ശേഷം ശരീരത്തിൽ ചത്ത ഉറുമ്പിനെ കണ്ടാൽ ആ നിസ്കാരം ബാത്വിലാണ് എന്ന് കേട്ടു. ഇത് ശരിയാണോ?


മനുഷ്യൻ, മത്സ്യം , വെട്ടുകിളി എന്നിവയുടേതല്ലാത്ത എല്ലാ ജീവികളുടെയും ശവം നജസാണ്. ഈച്ച പോലുള്ള നിസ്സാര ജീവികളുടെ ശവങ്ങളുടെ വിധിയിലും മാറ്റമില്ല. ഇമാം ഖഫാൽ (റ) അടക്കമുള്ള ശാഫിഈ മദ്ഹബിലെ പ്രമുഖരായ ചില പണ്ഡിതന്മാർ ഒലിക്കുന്ന രക്തം ഇല്ലാത്തതിനാൽ ഇത്തരം ചെറുജീവികളുടെ ശവം നജസല്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈച്ചയുടെ ശല്യമുള്ള സ്ഥലങ്ങളിൽ നിസ്കരിക്കുമ്പോൾ അവയുടെ ശവം ശരീരത്തിലുണ്ടായാലും നിസ്കാരം സ്വഹീഹാകുമെന്ന് അഭിപ്രായമുണ്ട് . ശല്യം വ്യാപകമായ സ്ഥലങ്ങളിൽ ഈ അഭിപ്രായ ഭിന്നത മറ്റുള്ള ചെറു ജീവികളുടെ കാര്യത്തിലും ബാധകമാണ്. അത്കൊണ്ട് നിസ്കാരം കഴിഞ്ഞതിന് ശേഷം ശരീരത്തിൽ ചത്ത ഉറുമ്പിനെ കണ്ടാൽ , അവയെ കൊണ്ട് പ്രയാസം വ്യാപകമാവുകയും സൂക്ഷിക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, നിസ്കാരം ബാത്വിലാവുകയില്ല എന്ന് മനസ്സിലാക്കാം.

പൂച്ച നജസാണോ? പൂച്ച വായയിട്ട പാത്രത്തിന്റെ വിധി എന്താണ് ?


ജീവനുള്ള പൂച്ച നജസല്ല. പൂച്ചയുടെ ശവം നജസായതിനാൽ ജീവനുള്ളപ്പോൾ വേർപെട്ട അവയവങ്ങളും നജസു തന്നെ. ഭക്ഷിക്കൽ നിഷിദ്ധമായ ജീവിയായതിനാൽ ജീവനുള്ള സമയത്ത് പൂച്ചയിൽ നിന്ന് വേർപെട്ട രോമവും നജസാണ്. പൂച്ച നജസല്ലാത്തതിനാൽ പൂച്ച വായയിട്ടു എന്നത് (പൂച്ചയുടെ വായയിൽ നജസ് ഇല്ലാത്ത നേരത്ത്) കൊണ്ട് മാത്രം പാത്രവും വെള്ളവും നജസാവൂല. എന്നാലും, പൂച്ചയുടെ രോമം വെള്ളത്തിൽ വീണാൽ രണ്ട് ഖുല്ലത്തിന് കുറവാണെങ്കിൽ വെള്ളം നജസാകും. പാത്രത്തിലാണ് വായയിട്ടതെങ്കിൽ അവിടെ രോമം വീണാൽ അവ നീക്കേണ്ടതാണ്. രോമം കൂടുതലുണ്ടെങ്കിലാണ് നീക്കം ചെയ്യൽ നിർബന്ധമാകുക. അൽപ്പമാണെങ്കിൽ വിട്ടു വീഴ്ച ചെയ്യപ്പെടുന്നതാണ്.

ബെഡിൽ കുട്ടികൾ മൂത്രമൊഴിച്ചാൽ ശുദ്ധിയാക്കേണ്ടത് എങ്ങനെ?


ബെഡ്, പ്ലാസ്റ്റിക് ഉറയോ മറ്റോ ഉള്ളത് കാരണം നജസ് ഊർന്നിറങ്ങാതെ അതിന്റെ തടി പ്രതലത്തിൽ ബാക്കിയുണ്ടെങ്കിൽ ഉണങ്ങിയ തുണിക്കഷ്ണമോ മറ്റോ ഉപയോഗിച്ച് നജസിന്റെ തടി ആദ്യം അവിടെ നിന്ന് നീക്കം ചെയ്യണം. തടി നീക്കിക്കഴിഞ്ഞതിന് ശേഷം അതിന് മുകളിൽ വെള്ളം ഒഴിച്ചാൽ മാത്രം മതിയാകും. അവിടെ ശുദ്ധിയാകുന്നതാണ്. നജസിന്റെ തടി നീക്കം ചെയ്യാതെ അതിന്റെ മുകളിൽ വെള്ളം ഒഴിച്ചാൽ നജസിന്റെ അംശം അവശേഷിക്കുന്ന പക്ഷം വെള്ളവും ആ വെള്ളം ചേരുന്ന സ്ഥലവും നജസാവുന്നതാണ്. ഇനി ബെഡ് നജസിനെ വലിച്ചെടുത്തിട്ടുണ്ടെങ്കിൽ നജസ് ഉള്ള ഭാഗത്ത് നജസിന്റെ നിറം, വാസന തുടങ്ങിയവ നീങ്ങി എന്ന മികച്ച ധാരണ ഉണ്ടാകുന്നത് വരെ നജസിനേക്കാൾ വ്യാപകമാകുന്ന വിധം വെള്ളം ഒഴിച്ച് കഴുകണം.

ചായയിൽ ചത്ത ഉറുമ്പിനെ കണ്ടാൽ അത് കുടിക്കാമോ?


ചത്ത ഉറുമ്പ് ചായയിൽ വീണത് ആരുടെയെങ്കിലും പ്രവർത്തനം മൂലമല്ലെങ്കിൽ ചായ നജസാവുന്നതല്ല. കാരണം ഒലിക്കുന്ന രക്തമില്ലാത്ത ഇത്തരം ചെറിയ ജീവികളുടെ ശവത്തിനെ തൊട്ട് ദ്രാവക വസ്തുക്കളിൽ മാപ്പു നൽകപ്പെടുന്നതാണ്. ചത്ത ഉറുമ്പിനെ പഞ്ചസാര ഇടുന്നതിനോടൊപ്പമോ മറ്റോ ഇട്ടതാണെങ്കിൽ അത് നജസാകുന്നതാണ്. നജസാകുന്ന പക്ഷം അത് കുടിക്കാൻ പാടില്ല. നജസില്ലെങ്കിൽ തന്നെ വീണ ജീവിയുടെ ശരീരത്തിൽ നിന്ന് പുറത്ത് വന്ന ദ്രവങ്ങൾ കൊണ്ടോ മറ്റോ ശരീരത്തിന് പ്രയാസം സൃഷ്ടിക്കുമെങ്കിൽ കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

നമ്മൾ ചിക്കൻ, ബീഫ് ഒക്കെ കഴുകുമ്പോൾ അതിന്റെ വെള്ളം ശരീരത്തിൽ തെറിക്കാറുണ്ട്. അപ്പോൾ വസ്ത്രം നജസാകുമോ? മാംസത്തിൽ ഉണ്ടാകുന്ന രക്തത്തിന്റെ വിധിയെന്താണ്?


ഭക്ഷ്യയോഗ്യമായ അറുക്കപ്പെട്ട ജീവിയുടെ മാംസം ശുദ്ധിയുള്ളതാണ്. എന്നാൽ അവയിലുളള രക്തം നജസാണ്. സാധിക്കുന്ന വിധം രക്തം കഴുകി വൃത്തിയാക്കേണ്ടതാണ്. ഇങ്ങനെ കഴുകി വൃത്തിയാക്കിയതിന് ശേഷവും മാംസത്തിൽ പറ്റിപ്പിടിച്ച് നിൽക്കുന്ന കുറഞ്ഞ രക്തത്തെ തൊട്ട് ഭക്ഷണത്തിൽ മാപ്പു നൽകപ്പെടുന്നതാണ്. മാംസത്തിലെ രക്തം കഴുകുന്ന സന്ദർഭത്തിൽ ഒലിച്ച് പോകുന്ന വെള്ളം രക്തത്തിന്റെ കാരണത്താലുള്ള നിറത്താലോ മറ്റോ ( മാംസത്തിന്റെ നിറം കാരണം പകർച്ചയായാൽ അല്ല.) പകർച്ചയായിട്ടില്ലെങ്കിലും അതോടൊപ്പം മാംസം കഴുകൽ കൊണ്ട് ശുദ്ധിയായിട്വുകയും ചെയ്താൽ (ആ വെള്ളം) ശുദ്ധിയുള്ളതാണ്, അതിനാൽ അത് തെറിച്ചതു കൊണ്ട് പ്രശ്നം വരുന്നില്ല . വെള്ളം പകർച്ചയായിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ മാംസത്തിൽ രക്തം വ്യക്തമായ രീതിയിൽ ബാക്കിയുണ്ടായാലും കഴുകിയ വെള്ളം നജസുമാണ്.അതിനാൽ അതിൽ നിന്ന് തെറിച്ചത് നജസാണ് കഴുകുമ്പോൾ മാംസത്തിൽ നിന്നും വെള്ളം ഒലിച്ച് പോകാൻ പറ്റുന്ന തരത്തിലുള്ള പാത്രങ്ങൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക, ശുദ്ധീകരണം പെട്ടന്നാവാൻ ഇത് സഹായിക്കും .

മദ്‌യ് വസ്ത്രത്തിലും ശരീരത്തിലും ആയാൽ എങ്ങനെയാണ് ശുദ്ധിയാക്കേണ്ടത് ? നിസ്കരിക്കുന്ന സമയത്ത് എന്ത് ചെയ്യണം?


മദ്‌യ് നജസായതിനാൽ നിസ്കരിക്കുന്ന സമയത്ത് വസ്ത്രത്തിലോ ശരീരത്തിലോ ഉണ്ടെങ്കിൽ അതിനെ നീക്കം ചെയ്ത് ശുദ്ധിയാക്കേണ്ടതാണ്. മറ്റു നജസുകൾ പുരണ്ട വസ്ത്രവും ശരീരവും ശുദ്ധിയാക്കുന്നതുപോലെ നജസിന്റെ അംശം പൂർണ്ണമായും നീങ്ങുന്നത് വരെ വെള്ളം അതിന്റെ മേൽ ഒഴിച്ച് ശുദ്ധിയാക്കാവുന്നതാണ്. രണ്ട് ഖുല്ലത്തിൽ കൂടുതലുളള വെള്ളത്തിൽ വസ്ത്രമിട്ടു ശുദ്ധിയാക്കാനാവും.

വീടിൻ്റെ സിറ്റൗട്ടിൽ ഏതോ ഒരു ജീവിയുടെ കാലടയാളം കണ്ടു. അത് നായയുടെയോ പൂച്ചയുടെയോ ആണെന്നാണ് എൻ്റെ സംശയം. പൂച്ചയുടെ ആയിരിക്കും എന്ന് കരുതി ഒരു വട്ടം കഴുകി വൃത്തിയാക്കി. പിന്നീട് നായയുടേതായിരിക്കുമോ എന്ന് ഒരു സംശയം. ഇനി ഞാൻ 7 പ്രാവശ്യം കഴുകണോ?


വെള്ളമുളള ഒരു പാത്രത്തിൽ നിന്ന് ഒരു നായ തല ഉയർത്തുന്നത് കണ്ടു. അതിൻ്റെ വായയിൽ നനവുണ്ടാകുകയും ചെയ്തു. എങ്കിലും അത് വെള്ളത്തിൽ തൊട്ടിട്ടുണ്ട് എന്ന് ഉറപ്പാവാത്ത കാലത്തോളം നജസല്ല(ഫത്ഹുൽ മുഈൻ) നായയുടെ കാലടയാളം നനവോടെ സ്പർശിച്ചിട്ടുണ്ട് എന്ന് ഉറപ്പില്ലാത്തതിനാൽ ഇവിടെ 7 പ്രാവശ്യം കഴുകേണ്ടതില്ല എന്ന് മേൽ ഉദ്ധരണിയിൽ നിന്നും മനസ്സിലാക്കാം.

പൂച്ച, നായ, ലവ് ബേർഡ്സ് തുടങ്ങിയ ജീവികളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിന്റെ വിധി?


നായ നജസ് ആയതിനാൽ വിൽക്കലും വാങ്ങലും നിഷിദ്ധമാണ്. പൂച്ച, ലവ് ബേർഡ്സ് എന്നിവ വിൽക്കുകയും വാങ്ങുകയും ചെയ്യാം

നായ വീടിന്റെ അകത്തു പ്രവേശിച്ചാൽ അവിടെ നജസാകുമോ? നജസായാൽ എന്ത് ചെയ്യണം?


വീടിന്റെ അകത്തു കയറിയെന്നതു കൊണ്ട് നജസാവുകയില്ല. നനവുള്ള സ്ഥലത്ത് നായ സ്പർശിക്കുകയോ നായയുടെ നനവുള്ള ഭാഗം ഏതെങ്കിലും ഭാഗത്ത് സ്പർശിക്കുകയോ ചെയ്താൽ അവിടം നജസായി തീരും.

പള്ളി, വീട്, മുറ്റം പോലെയുള്ള സ്ഥലങ്ങൾക്ക് ചാണകം തേക്കാൻ പാടുണ്ടോ?


പാടില്ല. ചാണകം നജസാണല്ലോ.

നായ തൊട്ട പാത്രം കൈ കൊണ്ട് തൊട്ടാൽ കൈ നജസാകുമോ?


നനവോടെ സ്പർശിച്ചാൽ നജസാകും.

ചെറിയ കുട്ടികളുള്ള വീട്ടിൽ മിക്ക സ്ഥലത്തും മൂത്രമുണ്ടാകുമല്ലൊ! ഉണങ്ങിയാൽ എവിടെയാണ് മൂത്രമെന്ന് അറിയുക പ്രയാസം. ഇത്തരം വീടുകളിൽ എങ്ങനെയാണ് നിസ്കരിക്കുക?


മൂത്രം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങൾ കഴുകി ശുദ്ദിയാക്കുക . ഇനി മൂത്രം ഉണങ്ങിയ നിലത്ത് (കശുകിയിട്ടില്ലെങ്കിലും) പായയിട്ട് നിസ്കരിക്കാവുന്നതാണ്.എങ്കിലും കറാഹതാണ്.

മൂത്രം ഒഴിക്കുമ്പോൾ സലാം കേട്ടാൽ മടക്കൽ നിർബന്ധം ഉണ്ടോ?


മൂത്രമൊഴിക്കുന്നവരോട് സലാം ചൊല്ലൽ സുന്നതില്ല. അവർ മടക്കൽ നിർബന്ധവുമില്ല. എന്നല്ല, അവർ സലാം മടക്കൽ കറാഹതുമാണ്.

നജസായ വസ്ത്രം കുറച്ചു വെളളമുള്ള ബക്കറ്റിലിട്ടു കഴുകിയാൽ ശുദ്ധിയാകുമോ?


ബക്കറ്റിലെ വെളളം രണ്ടു ഖുല്ലത്തിൽ കുറവാണെങ്കിൽ ശുദ്ധിയാകുന്നതല്ല.മറിച്ച് വെള്ളം തന്നെ നജസായി തീരും. ബക്കറ്റിലുള്ള വെളളം വസ്ത്രത്തിൻ മേൽ ഒഴിച്ചു കഴുകാവുന്നതാണ്. ( ഫത്ഹുൽ മുഇൗൻ 37)

പാൽ മാത്രം കഴിക്കുന്ന രണ്ടു വയസ്സ് പൂർത്തിയാവാത്ത ആൺകുട്ടികളുടെ മൂത്രം നജസല്ലേ! കുട്ടി അതിനിടയിൽ മരുന്ന് കഴിച്ചിട്ടുണ്ടെങ്കിലോ?


നജസ് തന്നെയാണ്. പക്ഷേ, ലഘുവായ നജസാണെന്ന് മാത്രം. ഇങ്ങനെ നജസായ സ്ഥലം അവിടെ വ്യാപകമാകുന്ന വിധം വെള്ളം കുടയൽ കൊണ്ട് ശുദ്ധിയാക്കാം. മരുന്ന് കഴിച്ചാലും ഇത് തന്നെയാണ് വിധി.

പാൽ പോലെ തന്നെയാണോ പാൽപൊടിയും?


പാൽപൊടി പാൽ പോലെയാണ് ( ഖൽയൂബി).എന്നാൽ പോഷകാഹാരങ്ങൾ ചേർത്ത പാൽപൊടിക്ക് ഇൗ വിധിയില്ല.

നായയെ തൊട്ടാൽ ഏഴ് പ്രാവശ്യം കഴുകണമല്ലോ.അതിൽ എത്ര പ്രാവശ്യമാണ് മണ്ണിട്ടു കഴുകേണ്ടത്. അത് എവിടെയാവലാണ് ഉത്തമം?


ഒരു തവണ ശുദ്ധിയുള്ള മണ്ണു കലക്കിയ വെളളം കൊണ്ടായിരിക്കണം. ആദ്യത്തെ തവണ മണ്ണുകലക്കിയ വെള്ളം കൊണ്ട് കഴുകലാണുത്തമം.

കുറഞ്ഞ വെള്ളത്തിൽ നജസ് ഇട്ടാൽ വെള്ളം നജസാകുമല്ലോ. എന്നൽ നജസായ ഒരു വസ്തുവിനെ ഒരു പാത്രത്തിലിട്ട് അതിലേക്ക് വെള്ളം ഒഴിച്ചാൽ വെള്ളം നജസാകുമോ?നജസാകൂല എന്ന് കേൾക്കുന്നു.ശരിയാണോ?


നജസായ വസ്തുവിൽ നിന്ന് നജസ്സിന്റെ തടിയും നിറവും മണവും രുചിയും നീക്കം ചെയ്യുന്നതിന് മുമ്പ് പാത്രത്തിലിട്ട് അതിന്മേൽ വെള്ളം ഒഴിച്ചാൽ ആ വെള്ളവും അശുദ്ധമാകുന്നതാണ്. മേൽപറഞ്ഞവ നീക്കം ചെയ്ത ശേഷമാണെങ്കിൽ വെള്ളം അശുദ്ധമാവില്ല.

വുളൂഅ് എടുത്തവന്റെ ശരീരത്തിൽ നജസായാൽ വിധി എന്താണ്? കഴുകിയാൽ മാത്രം മതിയോ? പുതിയ വുളൂഅ് ചെയ്യേണ്ടതുണ്ടോ?


ശരീരത്തിൽ നജസ് ആകുന്നത് വുളൂഇനെ ബാധിക്കാത്തത് കൊണ്ട് പുതിയ വുളൂഅ് ചെയ്യേണ്ടതില്ല. നിസ്കരിക്കണമെങ്കിൽ ആ ഭാഗം കഴുകി വൃത്തിയാക്കിയാൽ മതി.

മൂത്രവാർച്ച ഉള്ളവർ എങ്ങനെയാണ് നിസ്‌കരിക്കേണ്ടത് ?


നിസ്കാരത്തിന് സമയമായാൽ ലിംഗം കഴുകി വൃത്തിയാക്കി ഭദ്രമായി കെട്ടിയശേഷം വുളൂഅ് ചെയ്ത് വൈകിക്കാതെ നിസ്കരിക്കണം. എന്നാൽ മൂത്ര വാർച്ചക്കാരനെ പോലെ നിത്യ അശുദ്ധിക്കാരനായ ഒരു വ്യക്തിക്ക് അദ്ധേഹത്തിന്റെ പതിവനുസരിച്ച് നിസ്കാരത്തിന്റെ സമയത്തിനിടയിലെ ഒരു നിശ്ചിത സമയം മൂത്രമോ മറ്റോ വരില്ല എന്ന് ഉറപ്പുണ്ടാവുകയും ആ സമയം വുളൂഅ് ചെയ്യാനും നിസ്കരിക്കാനും മാത്രം വിശാലമായ സമയമാവുകയും ചെയ്താൽ നിസ്കാരം ആ നിശ്ചിത സമയത്ത് തന്നെ നിർവഹിക്കൽ നിർബന്ധമാണ്.

പല്ലു പറിച്ച ശേഷം രക്തം നിൽക്കുന്നില്ലെങ്കിൽ അതോടെ നിസ്കരിച്ചാൽ നിസ്കാരം ശരിയാകുമോ?


സ്വന്തം ശരീരത്തിൽ നിന്നുള്ള രക്തത്തിന് നിസ്കാരത്തിൽ മാപ്പു നൽകപ്പെടുമെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കാണാം. അത് കൊണ്ട് , തോണ്ടുക, നാവ് കൊണ്ട് ഇളക്കി രക്തം പുറപ്പെടീക്കുക പോലോത്ത സ്വന്തം പ്രവർത്തനം കൊണ്ട് ആവാതിരിക്കണം , വായയിൽ സ്വാഭാവികമായും പടരാൻ സാധ്യതയുള്ള സ്ഥലമല്ലാത്ത ഇടങ്ങളിലേക്ക് രക്തം എത്തരുത്, ധരിക്കുന്ന വസ്ത്രത്തിൽ ആവാതിരിക്കണം എന്നീ നിബന്ധനകളോടെ, പല്ല് പറിച്ചെടുത്താലുണ്ടാകുന്ന മുറിവിൽ നിന്നും വരുന്ന രക്തത്തിനും മാപ്പു നൽകപ്പെടുന്നതാണ്. രക്തം നിലക്കാതെ ഒലിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അവിടെ ശുദ്ധിയാക്കിയ ശേഷം തുണിക്കഷ്ണം, പരുത്തി പോലോത്ത വല്ല വസ്തുവും വച്ച് നിസ്കരിക്കേണ്ടതാണ്. ശേഷം വരുന്ന രക്തം നിസ്ക്കാരത്തിൽ മാപ്പ് നൽകപ്പെടുന്നതാ

നിസ്കരിക്കുമ്പോൾ പള്ളിയിൽ നജസ് കണ്ടു. എന്ത് ചെയ്യണം?


നിസ്കരിച്ചു കഴിഞ്ഞ ഉടനെ എടുത്ത് മാറ്റണം.നിർബന്ധമാണ്

കുളി നിർബന്ധമായ ഒരാളെ നായ തൊട്ടാൽ എങ്ങനെ കുളിക്കണം?


നായ തൊട്ട സ്ഥലം ഏഴു പ്രാവശ്യം കഴുകുകയും അതിൽ ഒരു പ്രാവശ്യം മണ്ണു കലർത്തിയ വെള്ളം കൊണ്ടായിരിക്കുകയും വേണം. ജനാബത്തിനു വേണ്ടി പ്രത്യേകം കുളിക്കുകയും വേണം.