സ്ത്രീകൾ

ആഭരണമായി ഉപയോഗിക്കുന്ന സ്വർണ്ണത്തിന് സക്കാത് നൽകേണ്ടതില്ല എന്നാണ് കേട്ടിട്ടുള്ളത്. വിവാഹ ദിവസം എനിക്ക് കിട്ടിയ സ്വരണാഭരണങ്ങൾ ഞാൻ അണിയാറില്ല. ഉപയോഗിക്കാതെ വെച്ചിട്ടുള്ള ആ ആഭരണങ്ങൾക്ക് ഞാൻ സകാത് നൽകണോ?


അനുവദനീയമായ ആഭരണത്തിന് സകാത്തില്ല എന്നത് ശരിയാണ്. അമിതമോ ആഭാസമോ ആവാത്തവിധം ഭംഗിയായി പരിഗണിക്കപ്പെടുന്ന ആഭരണം ധരിക്കൽ സ്ത്രീകൾക്ക് അനുവദനീയമാണ്. സ്ത്രീകളുടെ ഉപയോഗത്തിന് വേണ്ടി ഉണ്ടാക്കപ്പെട്ട ഇത്തരം ആഭരണങ്ങൾ ആവശ്യമായി വരുമ്പോൾ ഉപയോഗിക്കാം എന്ന നിലയിൽ മാറ്റി വെച്ചതാണെങ്കിൽ വർഷങ്ങളോളം ഉപയോഗിച്ചില്ലെങ്കിലും സകാത് നിർബന്ധമാവില്ല.

ആർത്തവ കാലങ്ങളിൽ ഹദ്ദാദ് ചൊല്ലൽ അനുവദനീയമാണോ? അല്ലെങ്കിൽ ഹദ്ദാദിലെ ദിക്റുകൾ മാത്രം പറഞ്ഞ് അതിലെ ഖുർആൻ ആയത്തുകൾ ഒഴിവാക്കുകയാണോ വേണ്ടത് ? മറുപടി പ്രതീക്ഷിക്കുന്നു.


ആർത്തവ കാലങ്ങളിൽ ഖുർആൻ പാരായണം എന്ന ഉദ്ദേശത്തിൽ അല്ലാതെ ഖുർആനിലെ വചനങ്ങൾ ഉച്ചരിക്കുന്നതുകൊണ്ട് വിരോധമില്ല. ആർത്തവ കാലങ്ങളിലും ഹദ്ദാദ് ചൊല്ലുമ്പോൾ ഹദ്ദാദ് എന്ന ദിക്റിന്റെ ഭാഗമായി അതിലുള്ള ഖുർആൻ വചനങ്ങൾ ചൊല്ലാവുന്നതാണെന്ന് മനസ്സിലാക്കാം. അതുകൊണ്ട് ഈ കാലത്ത് ഹദ്ദാദ് പൂർണ്ണമായും ചൊല്ലാവുന്നതാണ്.

ഇദ്ധയെക്കുറിച്ച് വിശദീകരിക്കുമോ?


ത്വലാഖ് കൊണ്ടോ മരണം കൊണ്ടോ ഭർത്താവ് വിട്ടുപിരിഞ്ഞാൽ ഭാര്യ നിശ്ചിത കാലം ഇദ്ധ: ഇരിക്കണം. വിവിധ ഇദ്ധ:കൾ. 1. ഭർത്താവ് മരണപ്പെട്ടതിന്റെ കാരണത്താലുള്ള ഇദ്ധ:

ഗർഭിണിയല്ലാത്ത സ്വതന്ത്ര സ്ത്രീകളുടെ ഇദ്ദഃ ഭർത്താവിന്റെ മരണം മുതൽ നാല് മാസവും പത്ത് ദിവസവുമാകുന്നു. ഏത് പ്രായത്തിലുള്ളവളാണെങ്കിലും (ആർത്തവം ആരംഭിച്ചിട്ടില്ലാത്തവളോ ആർത്തവാവസ്ഥയിലുള്ളവളോ ആർത്തവവിരാമം സംഭവിച്ചളോ ആരായാലും) ഗർഭിണിയല്ലെങ്കിൽ നാല് മാസവും പത്ത് ദിവ സവുമാണ് ഭർത്താവിന്റെ മരണം മൂലമുള്ള ഇദ്ദയുടെ കാലഘട്ടം. ഭർത്താവിന്റെ മരണസമയം ഭാര്യ ഗർഭിണിയാണെങ്കിൽ പ്രസവം വരേയാണ് ഇദ്ദയുടെ കാലാവധി. ഭർത്താവ് മരിച്ച ഉടനെ പ്ര സവിച്ചാൽ അപ്പോൾ തന്നെ ഇദ്ദ അവസാനിക്കുന്നതാണ്. മാസങ്ങൾക്കു ശേഷമാണ് പ്രസവമെങ്കിൽ അപ്പോഴേ ഇദ്ദ അവസാനിക്കുക യുള്ളൂ. ശരിഅത്ത് നിയമമനുസരിച്ച് ആ ഭർത്താവിലേക്ക് പിതൃത്വം ചേർക്കപ്പെടുന്ന ഗർഭമായിരിക്കണമെന്ന നിബന്ധനയുണ്ട്. 2. ത്വലാഖിന്റെ ഇദ്ധ:

ലൈംഗിക ബന്ധത്തിന് മുമ്പ് ഭർതാവ് ത്വലാഖ് ചൊല്ലിയാൽ അവൾക്ക് ഇദ്ദഃ നിർബന്ധമില്ല. ത്വലാഖ് കാരണമായുള്ള ഇദ്ദ ലൈംഗിക ബന്ധമുണ്ടായിട്ടുണ്ടെങ്കിലേ നിർബന്ധമാവുകയുള്ളൂ. എന്നാൽ മരണം കാരണമായുള്ള ഇദ്ധ: ലൈംഗിക ബന്ധമുണ്ടായിട്ടില്ലെങ്കിലും നിർബന്ധമാണ്. അതുകൊണ്ട് ഭർത്താവ് മരിച്ചാൽ ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെങ്കിലും ഭാര്യ ഇദ്ധ: ഇരിക്കണം. ഗർഭിണിയല്ലാത്തവൾക്ക് ത്വലാഖിന്റെ ഇദ്ദ മൂന്ന് ശുദ്ധികൾ കഴിയുന്നത് വരേയാണ്. രണ്ടു ആർത്തവങ്ങൾക്കിടയിലോ ആർത്തവത്തിനും പ്രസവരക്തത്തിനും ഇടയിലോ ഉണ്ടാകുന്ന ഇടവേളകളെയാണ് ഇവിടെ ശുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശുദ്ധി സമയത്താണ് ത്വലാഖ് ചൊല്ലിയതെങ്കിൽ ആ ശുദ്ധിയിൽ ബാക്കിയുള്ള സമയം ഒന്നാം ശുദ്ധിയായി പരിഗണിക്കും. അതിനാൽ ത്വലാഖിനു ശേഷം മൂന്നാം ആർത്തവം ആരംഭിക്കു ന്നതോടെ ഇദ്ദ: അവസാനിക്കുന്നതാണ്. ആർത്തവ സമയത്താണ് ത്വലാഖ് എങ്കിൽ ത്വലാഖിന് ശേഷം മൂന്നാം ശുദ്ധി അവസാനിക്കുമ്പോഴേ ഇദ്ദഃ അവസാനിക്കുകയുള്ളൂ. ആർത്തവ വിരാമം സംഭവിച്ചവളുടെ ത്വലാഖിന്റെ ഇദ്ദഃ മൂന്ന് മാസക്കാലമാണ്. ഗർഭിണിയുടെ ത്വലാഖ് കാരണമായുള്ള ഇദ്ധ:യും പ്രസവം വരെയാണ്. ഇദ്ദകാലം ഇരുട്ടുമുറിയിൽ ശരീരം അനങ്ങാതെ അടച്ചിരിക്കണമെന്നില്ല. ഇദ്ദയുടെ സമയം വീട്ടു ജോലി ചെയ്യലും ഭക്ഷണം പാചകം ചെയ്യലും കുട്ടികളെ പരിചരിക്കലുമെല്ലാം അനുവദനീയമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വാ ങ്ങാനും മറ്റും പുറത്തു പോകാനും അനുവാദമുണ്ട്. ഇദ്ദ ആചരിച്ചാൽ മക്കളുടെ കാര്യം ശ്രദ്ധിക്കാൻ കഴിയില്ലെന്ന ധാരണ ശരിയല്ല.

സ്ത്രീകൾ മുടി കെട്ടിവെച്ചു കൊണ്ട് നിസ്കരിക്കുന്നത് കറാഹത്താണോ? മുടി കെട്ടാതെ നിസ്കരിക്കുമ്പോൾ എത്ര ശ്രദ്ധിച്ചാലും കുറഞ്ഞ മുടികൾ മുഖ മക്കനക്ക് പുറത്താവുന്നുണ്ട്. അപ്പോൾ എന്താണു ചെയ്യേണ്ടത്?


നിസ്കാരത്തിൽ വസ്ത്രവും മുടിയും മടക്കിയും ചുരുട്ടിയുമെല്ലാം വെക്കൽ കറാഹത്താണ്. അങ്ങിനെ ചെയ്യരുതെന്ന് എന്നോട് കൽപിക്കപ്പെട്ടിരിക്കുന്നുവെന്ന് നബി (സ്വ) പറഞ്ഞത് ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട്. അങ്ങനെ വെക്കുന്നത് ഭക്തിക്കും വിനയത്തിനും ചേർന്നതല്ല. എന്നാൽ മുടി ചുരുട്ടി വെക്കൽ കറാഹത്താകുന്നത് പുരുഷന്മാർക്ക് മാത്രമാണെന്നും സ്ത്രീകൾക്ക് കറാഹത്തില്ലെന്നും ഇമാംറംലി(റ) നിഹായയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ മുടി കെട്ടി വെച്ചില്ലെങ്കിൽ നിസ്കാരം ബാത്വിലാകുന്ന അവസ്ഥയാണെങ്കിൽ മുടി ഒതുക്കി കെട്ടിവെക്കൽ നിർബന്ധമായിത്തീരുമെന്ന് ഹാശിയത്തുൽ ഖൽയൂബിയിൽ (1/193) കാണാം.

വീടുകളിൽ കുട്ടികൾ മൂത്രം ഒഴിച്ചാൽ ശുദ്ധീകരണം നടത്തേണ്ട രൂപം?


ടൈൽസ് , മാർബിൾ തുടങ്ങിയ പ്രതലങ്ങളിൽ കുട്ടികൾ മൂത്രമൊഴിച്ചാൽ മൂത്രം താഴോട്ട് ആഴ്ന്നിറങ്ങാതെ മുകളിൽ തന്നെ കെട്ടിനിൽക്കാൻ സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ ഒരു ഉണങ്ങിയ തുണിക്കഷ്ണം കൊണ്ട് മൂത്രം തുടച്ചെടുക്കുക. അതോടെ അവിടെയുണ്ടായിരുന്ന മൂത്രം നീങ്ങി സ്ഥലം ഉണങ്ങിക്കിട്ടും(അപ്പോൾ അവിടെ ഉണ്ടായേക്കാൻ സാധ്യതയുള്ള വളരെ ചെറിയ നനവ് കാര്യമാക്കേണ്ടതില്ല).ഇനി അതിന്റെ മുകളിൽ ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുത്താൽ മാത്രം മതിയാകും. അതോടു കൂടി ആ സ്ഥലം ശുദ്ധിയാകുന്നതാണ്. അപ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നേരത്തെ നജസ് ഒപ്പിയെടുത്ത തുണിക്കഷണം കൊണ്ട് തന്നെ ഇനി അവിടെയുള്ള വെള്ളം ഒപ്പിയെടുക്കരുത് എന്നതാണത്. അങ്ങിനെയെങ്കിൽ ആ സ്ഥലം വീണ്ടും അശുദ്ധിയായി തീരും. പ്രതലത്തിലുള്ള മൂത്രം നേരത്തേ തന്നെ ഉണങ്ങിയിട്ടുണ്ടെങ്കിൽ ആ സ്ഥലത്ത് മികക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് വൃത്തിയാക്കിയാൽ മതിയാകും.

സ്ത്രീകൾക്ക് വെള്ളിയാഴ്ച ജുമുഅ കുളി സുന്നത്തുണ്ടോ?


വെള്ളിയാഴ്ച ജുമുഅക്ക് പോകാൻ ഉദ്ദേശിക്കുന്നവർക്കാണ് കുളി സുന്നത്തുള്ളത്. സ്ത്രീകൾക്ക് ജുമുഅ നിർദേശിക്കപ്പെടാത്തതിനാൽ വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് ജുമുഅ കുളി സുന്നത്തില്ല.

സ്ത്രീകൾ മയ്യിത്ത് നിസ്കരിക്കുമ്പോൾ ഇമാം നിൽക്കേണ്ടത് പുരുഷനാണോ? സ്ത്രീകൾക്ക് ഇമാം നിൽക്കാമോ ?


ഒരു മുസ്ലിം മരിച്ചാൽ അവന്റെ മേൽ മയ്യിത്ത് നിസ്കരിക്കാനുള്ള ബാധ്യത പുരുഷന്മാർക്കാണുള്ളത്. പുരുഷൻ ഇല്ലെങ്കിൽ മാത്രമേ ഈ ബാധ്യത സ്ത്രീകളുടെ മേൽ വരുന്നുള്ളൂ. നിസ്കാരം നടക്കുന്ന നാടിന്റെ അതിർത്തിക്കുള്ളിലോ അതിനോടടുത്തുള്ള ഭാഗത്ത് നിന്ന് നിസ്കരിക്കുന്ന നാട്ടിലേക്ക് ചേർക്കപ്പെടുന്ന സ്ഥലത്തോ പുരുഷൻ ഉള്ളപ്പോൾ സ്ത്രീകൾ നിസ്കരിക്കാൻ നിർദ്ദേശിക്കപ്പെടുന്നില്ല. ഈ നിലക്ക് പുരുഷൻ ഇല്ലെങ്കിൽ മയ്യിത്ത് നിസ്കാരം സ്ത്രീകളുടെ മേൽ നിർബന്ധമാക്കുന്നതും അവരുടെ നിസ്കാരത്തോടെ ബാധ്യത വീടുന്നതുമാണ് .പുരുഷന്മാർ ഉണ്ടായിരിക്കെ സ്ത്രീകൾക്ക് മയ്യത്ത് നിസ്കാരം നിർബന്ധമായി നിർദ്ദേശിക്കപ്പെടുന്നില്ല എന്നതുപോലെ സുന്നത്തായും നിർദ്ദേശം ഇല്ല. പുരുഷന്മാർ ഉണ്ടായിരിക്കെ പുരുഷന്മാർക്ക് മുമ്പായി സ്ത്രീകൾ മാത്രം നിസ്കരിക്കുന്നത് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായമനുസരിച്ച് ഹറാമാണ്. ഇനി പുരുഷന്മാരുടെ നിസ്കാരത്തിനു ശേഷം സ്ത്രീകൾ മയ്യത്ത് നിസ്കരിക്കുകയാണെങ്കിൽ പുരുഷനോ സ്ത്രീക്കോ ഇമാമായി നിൽക്കാവുന്നതാണ്.

ചെറിയ കുട്ടികളുള്ള വീട്ടിൽ മിക്ക സ്ഥലത്തും മൂത്രമുണ്ടാകുമല്ലൊ! ഉണങ്ങിയാൽ എവിടെയാണ് മൂത്രമെന്ന് അറിയുക പ്രയാസം. ഇത്തരം വീടുകളിൽ എങ്ങനെയാണ് നിസ്കരിക്കുക?


മൂത്രം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങൾ കഴുകി ശുദ്ദിയാക്കുക . ഇനി മൂത്രം ഉണങ്ങിയ നിലത്ത് (കശുകിയിട്ടില്ലെങ്കിലും) പായയിട്ട് നിസ്കരിക്കാവുന്നതാണ്.എങ്കിലും കറാഹതാണ്.

പ്രസവം കാരണം നിർബന്ധമാകുന്ന കുളി ഒാപ്പറേഷൻ വഴിയുള്ള പ്രസവത്തിന് ബാധകമാണോ? അശുദ്ധമായ രക്തവും മറ്റു മാലിന്യങ്ങളും ഒാപറേഷനിലൂടെ നീക്കം ചെയ്യപ്പെടുന്നതിനാൽ പ്രസവാനന്തരം പുറപ്പെടുന്ന രക്തം നിഫാസായി കണക്കാക്കുമോ?


പ്രസവിക്കലാണ് കുളി നിർബന്ധമാകാനുള്ള കാരണം. അതുകൊണ്ട് ഒാപ്പറേഷനിലൂടെ പ്രസവിച്ചതാണെങ്കിലും കുളി നിർബന്ധമാകും. ഒാപ്പറേഷനിലൂടെ രക്തം നീക്കപ്പെട്ടാലും ശേഷം വരുന്ന രക്തം നിഫാസ് തന്നെയാണ്. ചുരുങ്ങിയാൽ ഒരു സെക്കൻഡും അധികരിച്ചാൽ 60 ദിവസവും സാധാരണഗതിയിൽ 40 ദിവസവുമാണ് നിഫാസായി പരിഗണിക്കുക. നിഫാസുകാരിയുടെ വിധി ആർത്തവകാരിയുടേത് പോലെ തന്നെയാണ്.

നാലോ അഞ്ചോ പ്രായമുള്ള പെൺകുട്ടിയെ തൊട്ടാൽ വുളൂഅ് മുറിയുമോ?


സാധാരണ ഗതിയിൽ കണ്ടാൽ വികാരമുണ്ടാവുന്ന വളർച്ച കുട്ടിക്ക് എത്തിയിട്ടുണ്ടെങ്കിൽ വുളൂഅ് മുറിയും.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ആത്മീയ മജ്ലിസിൽ അന്യ പുരുഷന്മാരായ ഉസ്താദുമാരെ സ്ത്രീകൾ ഫോണിലൂടെ കാണുന്നുണ്ടല്ലോ? ഇത് അനുവദനീയമാണോ?


അന്യ സ്ത്രീ പുരുഷന്മാർ തമ്മിൽ പരസ്പരം കാണുന്നതും ഇടപഴകുന്നതും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. കണ്ണാടി പോലോത്ത പ്രതലങ്ങളിലൂടെ കാണുന്നതിൽ വൈകാരികമായ ആനന്ദം കണ്ടെത്തുകയോ ഫിത്ന ഭയപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ വിധിയിൽ വ്യത്യാസമില്ല. അല്ലാത്ത പക്ഷം, കണ്ണാടി പോലോത്ത പ്രതലങ്ങളിലൂടെ ഉസ്താദുമാരുടെ പ്രഭാഷണങ്ങളും മറ്റും കേൾക്കുന്നതിന് തടസ്സമില്ല.

ഗർഭിണിയായ പെണ്ണ് തന്റെ വയറ്റിലുള്ള കുട്ടിക്ക് വേണ്ടി പത്ത് നോമ്പ് ഉപേക്ഷിച്ചു. പിന്നീട് ആ നോമ്പ് ഖളാഅ് വീട്ടി. ഇനി മുദ്ധ് കൊടുക്കേണ്ടതുണ്ടോ?


ഗര്‍ഭിണിയും മുലയൂട്ടുന്നവളും അവരുടെ ശരീരത്തിന്റെ കാര്യത്തില്‍ പേടിച്ചാണ് നോമ്പ് ഉപേക്ഷിച്ചതെങ്കിൽ ഖളാഅ് വീട്ടിയാല്‍ മാത്രം മതിയാകും. സ്വന്തം ശരീരത്തിന്റെയും കുട്ടിയുെടെയും കാര്യത്തില്‍ ഭയമുണ്ടായതിനാലാണ് നോമ്പൊഴിവാക്കിയതെങ്കിലും ഖളാഅ് വീട്ടിയാല്‍ മാത്രം മതി. കുട്ടിയുടെ കാര്യത്തിൽ മാത്രം ഭയന്ന് ഒഴിവാക്കിയതാണെങ്കില്‍ നോമ്പ് ഖളാഅ് വീട്ടുകയും ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യ വസ്തു നല്‍കുകയും വേണം. ഇവിടെ ഇനി പത്ത് മുദ്ധ് നൽകണം.

വിവാഹം കഴിഞ്ഞവർക്കും അല്ലാത്തവർക്കും മൈലാഞ്ചി ഇടുന്നതിന്റെ വിധി? ഷോപ്പിൽ നിന്ന് വാങ്ങാൻ കിട്ടുന്ന മൈലാഞ്ചിയാണ് ഉദ്ദേശിച്ചത്?


ഇഹ്‌റാം ചെയ്തിരിക്കെ സ്ത്രീകൾക്ക് മൈലാഞ്ചിയിടൽ സുന്നത്തില്ല. ഭർത്താവിന്റെ വിയോഗം കാരണം ഇദ്ധയിലാണെങ്കിൽ ഹറാമാണ്. 3 ത്വലാഖ്, ഫസ്ഖ്, പ്രതിഫലത്തിനു പകരമായ ത്വലാഖ് (ഖുൽഅ) ഇവ കാരണം ഇദ്ധ ഇരിക്കുന്നവർ മൈലാഞ്ചി ഉപേക്ഷിക്കൽ സുന്നത്താണ് . ഈ വിധത്തിൽ ഒന്നും പെടാത്തവർ ഭർത്താവിന്റെ അധീനതയിൽ ഉള്ളവരാണെങ്കിൽ സുന്നത്തും അല്ലെങ്കിൽ കറാഹത്തുമാണ്. മൈലാഞ്ചിയിടൽ വുളൂഅ്, കുളി എന്നിവ സ്വഹീഹാകുന്നതിന് തടസ്സമാകുമോ എന്ന് നിരുപാധികം പറയാനാവില്ല. അവയവത്തിൽ വെള്ളം ചേരുന്നതിന് തടസ്സമാവാത്ത ചർമത്തിൽ നിറമല്ലാതെ മറ്റൊന്നും ബാക്കിയാവാത്ത വിധമുള്ള മൈലാഞ്ചി കുളി, വുളൂ എന്നിവയെ ബാധിക്കില്ല. അതേ സമയം, വെള്ളം ചേരുന്നതിനെ തടയുന്ന ഏതെങ്കിലും വസ്തു ചർമത്തിൽ പറ്റിപ്പിടിച്ചു നിൽക്കുമെങ്കിൽ അവ വുളൂഇന്റെയും കുളിയുടേയും സ്വീകാര്യതക്ക് തടസ്സമാകും. ചർമ്മത്തിൽ മാന്തിയെടുക്കാനോ പൊളിച്ചെടുക്കാനോ പറ്റുന്ന വിധത്തിലുള്ള ഒന്നും ഉണ്ടാവരുത്. ആധുനിക മൈലാഞ്ചി ട്യൂബുകൾ ഉപയോഗിക്കുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

ആർത്തവകാലത്ത് ബാങ്കിന് ഉത്തരം പറയുന്നതിൻ്റെ വിധി?


സുന്നത്താണ്. ഖുർആൻ ഓതുന്നത് നിഷിദ്ധമാണെങ്കിലും ദിക്റുകളും സ്വലാത്തുമൊക്കെ ആർത്തവകാരിക്ക് പറയാവുന്നതാണ്. (و) سن (لسامعهما) سماعا يميز الحروف، وإلا لم يعتد بسماعه - كما قال شيخنا -. آخرا (أن يقول ولو غير متوضئ) أو جنبا أو حائضا - خلافا للسبكي فيهما - أو مستنجيا فيما يظهر، (مثل قولهما إن لم يلحنا لحنا يغير المعنى). فيأتي بكل كلمة عقب فراغه منها، حتى في الترجيع وإن لم يسمعه. و [ فتح المعين]

സ്ത്രീകൾക്ക് ഹൈളുകാലത്തുള്ള നിസ്കാരവും നോമ്പും ഖളാ വീട്ടൽ നിർബന്ധമുണ്ടോ?


നിസ്കാരം ഖളാ വീട്ടേണ്ടതില്ല. എന്നല്ല ഖളാ വീട്ടൽ ഹറാമാണ്. എന്നാൽ നോമ്പ് ഖളാ വീട്ടണം. നിർബന്ധമാണ്. ويجب قضاؤه لا الصلاة، بل يحرم قضاؤها على الاوجه [ فتح المعين ]

ആർത്തവ സമയത്ത് ഗ്ലൗസ് ധരിച്ച് ഖുർആൻ തൊടാനും പാരായണം ചെയ്യാനും പഠിക്കാനും പറ്റും എന്ന് പറയുന്നതായി കേട്ടു . ഇതിന്റെ വിധി എന്താണ്?


ആർത്തവ സമയത്ത് ഖുർആൻ(ഖുർആനാണെന്ന ഉദ്ധേശത്തോടെ) പാരായണം ചെയ്യലും സ്പർശിക്കലും ചുമക്കലും നിഷിദ്ധമാണ്. ഗ്ലൗസ് ധരിച്ചത് കൊണ്ട് വിധിയിൽ മാറ്റമില്ല.

ജനാബതുകാരനായിരിക്കുമ്പോൾ മുടി നഖം എന്നിവ മുറിച്ചാൽ കുറ്റക്കാരൻ ആകുമോ ?


വലിയ അശുദ്ധി ഉണ്ടായിരിക്കെ മുടി, നഖം എന്നിവ നീക്കൽ കുറ്റകരമല്ല. എങ്കിലും സുന്നതിന് എതിരാണ്.

മെൻസസ് ഉള്ള സമയം കുട്ടികൾക്ക് ഖുർആൻ ചൊല്ലി കൊടുക്കാൻ പറ്റുമോ?


ആർത്തവ സമയത്ത് ഖുർആൻ പാരായണം ചെയ്യൽ നിഷിദ്ധമാണ്. ഖുർആൻ എന്ന നിയ്യത്തോടെയല്ലെങ്കിൽ അനുവദനീയമാണ്.

ആർത്തവ സമയം ജനസമ്പർക്കം പാടില്ല എന്ന വിശ്വാസം ശരിയാണോ ?


ശരിയല്ല. അത് അന്ധവിശ്വാസമാണ്.

ഇസ്തിഹാളത്ത് ഉള്ളവൾ ഒരു വുളൂഅ് കൊണ്ട് അടുത്ത വ്ഖ്തിലെ നിസ്കാരം നിർവഹിക്കാമോ ?


നിർവ്വഹിക്കാൻ പറ്റില്ല.

ആർത്തവ സമയത്ത് നികാഹ് ചെയ്താൽ സ്വഹീഹാകുമോ?


ആർത്തവ സമയത്തുള്ള നികാഹ് സ്വീകാര്യമാണ്. എന്നാൽ ആർത്തവം നീങ്ങി കുളിച്ചതിനു ശേഷം മാത്രമേ മുട്ടു പൊക്കിളുകൾക്കിടയിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ പാടുള്ളൂ

ആർത്തവകാരി നേർച്ച വസ്തുക്കൾ തൊട്ടു കൂടാ എന്നും പാചകം ചെയ്തുകൂടാ എന്നും കേൾക്കുന്നു, ശരിയാണോ ?


ശരിയല്ല. ആർത്തവം, ജനാബത്ത് എന്നിവയുണ്ടെങ്കിൽ മുസ്ഹഫ് തൊടാൻ പാടില്ല എന്ന് മാത്രമേയുള്ളൂ. മറ്റെന്തും തൊടാം. എന്ത് ഭക്ഷണം പാകം ചെയ്യുന്നതിനും വിരോധമില്ല.

ആർത്തവക്കാരി തന്റെ ആർത്തവത്തിന്റെ തുടക്കത്തിലും അവസാനത്തിലും ചില നിസ്കാരങ്ങൾ ഖളാഅ് വീട്ടണമെന്ന് കേൾക്കുന്നു. എപ്പോഴാണ് അത് ?


ചുരുങ്ങിയ രീതിയിൽ ഫർള് നിർവഹിക്കാനുള്ള സാവകാശം കിട്ടിയിട്ടാണ് ആർത്തവം ആരംഭിച്ചത് എങ്കിൽ ആ നിസ്കാരവും ആർത്തവം അവസാനിച്ചശേഷം ആ വഖ്തിലെ നിസ്കാരത്തിന്റെ ഒരു തക്ബീർ ചൊല്ലാനുള്ള സാവകാശം കിട്ടിയെങ്കിൽ അതും ഖളാഅ് വീട്ടേണ്ടിവരും. അവസാനിക്കുന്നിടത്ത് അത് അസറിന്റ സമയമാണെങ്കിൽ ളുഹ്റും ഇഷാഇന്റെ സമയമാണെങ്കിൽ മഗ്രിബും കൂടി നിർവഹിക്കണം.

ആർത്തവസമയത്ത് ബാങ്കിൻറെ ഉത്തരം ചെയ്യൽ സുന്നത്തുണ്ടോ?


സുന്നത്തുണ്ട്. ദിക്റും സ്വലാത്തുമൊക്കെ ആർത്തവകാരിക്ക് ഉരുവിടാവുന്നതാണ്. ഖുർആൻ ഒാതലാണ് നിഷിദ്ധം

ഗർഭം ധരിച്ച് രണ്ടുമാസത്തിനുശേഷം ബ്ലീഡിങ് ആരംഭിച്ചു. പതിനഞ്ചു ദിവസത്തോളം നീണ്ടു നിന്നു. ഇൗ രക്തം ഏതു വിഭാഗത്തിൽ പെടുന്നതാണ്. നിസ്കാരത്തിന്റെ വിധിയെന്ത് ?


ഗർഭിണിയിൽ നിന്ന് പുറപ്പെടുന്ന രക്തം ആർത്തവമായി ഗണിക്കണം എന്നാണ്. ആ നിലക്ക് പ്രസ്തുത 15 ദിവസത്തെ രക്തം ആർത്തവമായി കണക്കാക്കപ്പെടും. ആർത്തവ സമയത്ത് നിസ്കാരം നിഷിദ്ധമാണ്.

ആർത്തവകാരിക്ക് മൈലാഞ്ചി ഇടാമോ ?


ആർത്തവകാരിക്ക് മൈലാഞ്ചി ഇടാം.

ഭർത്താവുമായി ബന്ധപ്പെട്ടതിനു ശേഷമാണ് സ്ത്രീക്ക് ആർത്തവം തുടങ്ങിയത്. അങ്ങനെയാണെങ്കിൽ ആർത്തവ ശേഷമുള്ള കുളിക്ക് എന്ത് നിയ്യത്താണ് വെക്കേണ്ടത്. രണ്ടു കുളി കുളിക്കേണ്ടതുണ്ടോ?


നിർബന്ധമായ കുളി കുളിക്കുന്നുവെന്നോ വലിയ അശുദ്ധിയെ ഉയർത്തുന്നുവെന്നോ കരുതിയാൽ മതി. ഒരു നിയ്യത്ത് കൊണ്ടുതന്നെ കുളി ശരിയാകുന്നതാണ്. രണ്ടു കുളിയുടെ ആവശ്യമില്ല.

ആർത്തവസമയത്ത് കൊഴിഞ്ഞു പോകുന്ന മുടി, വെട്ടി നീക്കിയ നഖം എന്നിവ എന്താണ് ചെയ്യേണ്ടത് ?


കൊഴിഞ്ഞു പോകുന്നവ ഒന്നും ചെയ്യേണ്ടതില്ല. നീക്കുക ആണെങ്കിൽ കുളിച്ചു ശുദ്ധമായ ശേഷം ആയിരിക്കലാണ് ഉത്തമം. ഏത് സമയത്താണെങ്കിലും മുടി , നഖം എന്നിവ കുഴിച്ചിടലാണ് സുന്നത്ത്. പിന്നെ സ്ത്രീകളുടെ നഖം, മുടി പുരുഷ•ാരുടെ ഒൗറതിന്റെ ഭാഗത്തുള്ള രോമങ്ങൾ എന്നിവ ഒൗറതായത് കൊണ്ട് അന്യർ കാണുന്നതിനെ തൊട്ട് മറക്കൽ നിർബന്ധമാണ്.

ദൂരദേശത്ത് ജോലിയുള്ള ഭർത്താവ് നാട്ടിൽ വരുമ്പോൾ ഗുളിക കഴിച്ച് ആർത്തവം നിയന്ത്രിക്കാറുണ്ട്. അതിൽ കുഴപ്പമുണ്ടോ? ആ സമയത്ത് നിസ്കാരവും മറ്റു കർമങ്ങളും ചെയ്യേണ്ടതുണ്ടോ ?


കൃത്രിമമായ ഇത്തരം കാര്യങ്ങളിലൂടെ ആർത്തവം നിയന്ത്രിക്കുന്നത് ശരീരത്തിന് ഹാനീകരമായി തീരുമെങ്കിൽ അത് ഒഴിവാക്കേണ്ടതാണ്. ഗുളിക കഴിച്ച് ആർത്തവം നിയന്ത്രിച്ചവൾക്ക് ഭർത്താവുമായി ബന്ധപ്പെടുന്നതിൽ കുഴപ്പമില്ല. ഇൗ സമയത്ത് നിസ്കാരം തുടങ്ങി നിഷിദ്ധമായ എല്ലാകാര്യങ്ങളുടെയും തടസ്സം ഉണ്ടാവുന്നതല്ല.

ആർത്തവകാരിക്ക് എന്തെല്ലാം കാര്യമാണ് നിഷിദ്ധമായത് ?


നിസ്കാരം, നോമ്പ് , സുജൂദ് , കഅ്ബ പ്രദക്ഷിണം , ഖുർആൻ പാരായണം , ഖുർആൻ സ്പർശിക്കലും വഹിക്കലും , ലൈംഗികബന്ധം തുടങ്ങിയവ ആർത്തവകാരിക്ക് നിഷിദ്ധമാണ്.

ആർത്തവകാലത്ത് മനപ്പാഠമുള്ള സൂറത്തുകൾ ഒാതാമോ? ദിക്റും സ്വലാത്തും ചൊല്ലാമോ? ഏടുകൾ തൊടുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?


ആർത്തവകാലത്തെ ഖുർആൻ ഒാതലും തൊടലും ചുമക്കലും നിഷിദ്ധമാണ്. ഏടുകൾ ചുമക്കുന്നതിൽ വിരോധമില്ല. ഖുർആനിലെ ആയത്തുകൾ തന്നെ ദിക്ർ മാത്രം ഉദ്ദേശിച്ചു കൊണ്ട് ഉച്ചരിക്കുന്നതിലും കുഴപ്പമില്ല(ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലൽ പോലെ).ദിക്റും സ്വലാത്തും എത്ര വേണമെങ്കിലും ആർത്തവകാരിക്ക് ചൊല്ലാവുന്നതാണ്.

നോമ്പുകാരിയായിരിക്കെ ആർത്തവം ഉണ്ടായാൽ നോമ്പ് മുറിക്കണോ ?


ആർത്തവം ഉണ്ടാകൽ കൊണ്ട് തന്നെ നോമ്പ് മുറിയും. പിന്നെ പ്രത്യേകം മുറിക്കേണ്ടതില്ല. എന്നാൽ റമദാൻ മാസത്തിൽ പരസ്യമായി ഭക്ഷണം കഴിച്ച് റമദാനിന്റെ പവിത്രത നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്

ആർത്തവ സമയത്ത് നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടണമെന്നും നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല എന്നും പറയാനുള്ള കാരണം എന്ത് ?


നോമ്പ് ഖളാഅ് വീട്ടണമെന്നും നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല എന്നും കൽപ്പിച്ചത് അല്ലാഹുവാണ്. കർമാനുഷ്ഠാനങ്ങൾ കല്പിക്കുന്നത് അല്ലാഹുവാണ്. അതിലടങ്ങിയിരിക്കുന്ന രഹസ്യങ്ങൾ എന്തെന്ന് നമുക്ക് കൃത്യമായി മനസ്സിലാകണമെന്നില്ല. വർഷത്തിൽ ഒരു മാസമാണ് നോമ്പ് നിർബന്ധം. നിസ്കാരമാണെങ്കിൽ എല്ലാദിവസവും. സാധാരണ മിക്ക സ്ത്രീകൾക്കും മാസത്തിൽ ഏഴ് ദിവസം ആർത്തവം ഉണ്ടാകും. 11 മാസ കാലത്തിനിടയിൽ 7 നോമ്പ് വീട്ടുക എന്നത് വലിയ പ്രയാസമുള്ള വിഷയമല്ല. എന്നാൽ നിസ്കാരത്തിൻറെ കാര്യം അങ്ങനെയല്ലല്ലോ. അതുകൊണ്ടായിരിക്കാം ആർത്തവ കാലത്തെ നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല എന്ന് പറയാൻ കാരണം.

ഗുളിക കഴിച്ച് ആർത്തവം നിലച്ചാൽ അവൾ ശുദ്ധിയാകുമോ? അവളുടെ നിസ്കാരങ്ങളുടെയും മറ്റു കർമ്മങ്ങളുടെയും വിധി എന്ത്?


ഏതു നിലയിലാണെങ്കിലും ആർത്തവ രക്തം നിലച്ചാൽ അവൾ കുളിക്കണം. കുളിച്ചാൽ അവൾ ശുദ്ധിയുള്ളവളായി. ശേഷം നിസ്ക്കാരവും മറ്റു കർമങ്ങളും ചെയ്യൽ നിർബന്ധമാണ്. എന്നാൽ കൃത്രിമമായി രക്തം നിലപ്പിക്കുകയെന്നത് ശരീരത്തിന് ദോഷകരമാണെന്ന് ഒാർക്കുക.

ആർത്തവം നിലച്ച് കുളിക്കുന്നതിനു മുമ്പ് ഭർത്താവുമായി ബന്ധപ്പെടാമോ?


കുളിക്കുന്നതിനു മുമ്പ് ബന്ധപ്പെടൽ നിഷിദ്ധവും വൃത്തികേടുമാണ്.

ഹൈളുകാരി, രക്തം മുറിഞ്ഞാല് നാളെ ഞാൻ നോമ്പ് നോൽക്കും എന്ന് നിയ്യത് ചെയ്യുകയും സുബ്ഹിക്ക് മുമ്പായി രക്തം മുറിയുകയും ചെയ്തു. നോന്പ് ശരിയാവുമോ?


അവളുടെ ഹൈളിന്റെ സാധാരണ ദിവസങ്ങൾ പൂര്ത്തിയായ ശേഷമാണ് ഇങ്ങനെ നിയ്യത് ചെയ്യുന്നതെങ്കിൽ നിയ്യത് ശരിയാവുന്നതാണ്, നോമ്പ് സാധുവുമാണ്. അല്ലാത്ത പക്ഷം, നിയ്യത് ശരിയാവില്ല.

ഹൈളുകാരിയുടെ രക്തം ഉച്ചക്ക് നിന്നു,രോഗിയുടെ രോഗം ശിഫയായി.ഇവർ ശേഷിച്ച സമയം ഇംസാക്(നോമ്പ് മുറിയുന്ന കാര്യങ്ങളെത്തൊട്ട് പിടിച്ച് നിൽക്കൽ) നിർബന്ധമാണോ ?


നിർബന്ധമില്ല.എങ്കിലും സുന്നത്താണ്.

ജനാബത്തുകാരന് കുളിക്കുന്നതിന് മുമ്പ് നഖം മുറിക്കാനും മുടി വെട്ടാനും പറ്റുമോ?


പറ്റും. പക്ഷേ സുന്നത്ത് ലഭിക്കില്ല. കുളിക്കുന്നതിനു മുമ്പ് മുടിയും നഖവും വെട്ടാതിരിക്കൽ സുന്നത്താണ്.

വലിയ അശുദ്ധിയുള്ളവർക്ക് ഖുർആൻ ഒാതാൻ പറ്റുമോ?


ഖുർആൻ ഒാതൽ ഹറാമാണ്. ദിക്ർ എന്ന നിലക്ക് ഒാതുന്നതിന് പ്രശ്നമില്ല.

ജനാബതുളളവർ കുളിക്കുന്നതിന് മുമ്പ് മുടി, നഖം എന്നിവ നീക്കം ചെയ്യുന്നതിന്റെ വിധി ?


സുന്നത്തിന് എതിരാണ്